Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ദാമ്പത്യം പരാജയമെന്ന് പുരുഷന് തോന്നിത്തുടങ്ങുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ

ങ്ങളുടെ ദാമ്പത്യജീവിതം പരാജയമെന്ന് സ്ത്രീക്ക് തോന്നിത്തുടങ്ങുന്ന ചില സന്ദര്‍ഭങ്ങളെക്കുറിച്ച് ഞാനെഴുതിയത് ശ്രദ്ധയില്‍പെട്ട ചില പുരുഷന്മാര്‍ എന്നെ വിളിച്ച് പറഞ്ഞു, തങ്ങള്‍ക്കുമുണ്ട് ചിലത് പറയാന്‍. ദാമ്പത്യ പരാജയത്തെക്കുറിച്ച് പുരുഷന്‍ വിചാരപ്പെടുന്ന ചില സന്ദര്‍ഭങ്ങളുമുണ്ടെന്ന് എന്നെ ഉണര്‍ത്താന്‍ മുതിര്‍ന്ന ആളോട് ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ക്കെപ്പോഴാണ് ദാമ്പത്യ പരാജയത്തെക്കുറിച്ച് തോന്നിത്തുടങ്ങിയത്?'' അയാള്‍ തന്റെ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി. മറ്റൊരാള്‍ താന്‍ ഇപ്പോള്‍ കടന്നുപോകുന്ന ദുരവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. തന്റെ ബോധ്യങ്ങള്‍ ന്യായീകരിച്ചു. 

തങ്ങളുടെ ദാമ്പത്യജീവിതം പരാജയമാണെന്ന് ധരിച്ചു തുടങ്ങിയ ചില ഭര്‍ത്താക്കന്മാരുടെ വിശദീകരണത്തില്‍നിന്ന് ഞാന്‍ സംക്ഷേപിച്ച ഏഴ് കാരണങ്ങള്‍ എഴുതാം. 

ഒന്നാമന്‍: 'ഞാന്‍ ധരിച്ചത് എന്റെ ഭാര്യ ജീവിതത്തില്‍ ഉടനീളം എല്ലാ കാര്യങ്ങള്‍ക്കും എന്നെ ആശ്രയിക്കുമെന്നാണ്. അവള്‍ ആവശ്യമുള്ളതെല്ലാം എന്നോട് ചോദിച്ചുവാങ്ങും എന്നായിരുന്നു കരുതിയത്. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കഴിയുമ്പോള്‍ എനിക്കെന്റെ പൗരുഷവും ഭര്‍തൃപദവിയും അംഗീകരിച്ചു കിട്ടുമല്ലോ. പക്ഷേ പിന്നീടെനിക്ക് മനസ്സിലായി, എന്റെ ഭാര്യ എന്നേക്കാള്‍ ശക്തയാണെന്ന്. അവള്‍ സ്വന്തം കാലില്‍ നില്‍പ്പുറപ്പിക്കാന്‍ പഠിച്ച കേമിയാണ്. ഒരു കാര്യത്തിനും എന്നെ ആശ്രയിക്കേണ്ടതില്ല. അതോടെ എനിക്ക് നിരാശയായി. പിന്നെ അവളുടെ അടുത്ത് എനിക്കെന്ത് വില? അവള്‍ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിച്ചുകൊടുക്കാന്‍ അവളുടെ പിതാവുണ്ടു താനും. പിന്നെ എന്റെ റോള്‍ എന്താണ്?''

രണ്ടാമന്‍: 'വിവാഹത്തിന്റെ അഞ്ചാം വര്‍ഷം മുതലാണ് ദാമ്പത്യ പരാജയത്തെക്കുറിച്ച് ഞാന്‍ ആകുലപ്പെട്ടുതുടങ്ങിയത്. ഭാര്യയുടെ ഉമ്മ ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടുതുടങ്ങുകയും മകളുടെ നിയന്ത്രണം ഉമ്മ ഏറ്റെടുത്തു തുടങ്ങുകയും ചെയ്‌തെന്ന് കണ്ടപ്പോഴാണ് ഇത്തരമൊരു തോന്നല്‍ എനിക്കുണ്ടായത്. ഭാര്യയോട് ഈ വിഷയം ഞാന്‍ പലതവണ സംസാരിക്കുകയുണ്ടായിട്ടുണ്ട്. 'ഉമ്മയുടെ ഇടപെടല്‍ കാണുമ്പോള്‍ നിന്റെ ഉമ്മയെയാണ് ഞാന്‍ വിവാഹം കഴിച്ചതെന്ന് തോന്നുന്നുവല്ലോ' എന്നുവരെ എനിക്ക് പറയേണ്ടിവന്നു. തന്റെ ഉമ്മയെ കൂടാതെ എന്റെ ഭാര്യക്ക് ഒരു ജീവിതം ആലോചിക്കാനേ വയ്യ എന്നു വന്നതോടെ എന്റെ വിവാഹജീവിതം വമ്പന്‍ പരാജയമാണെന്ന ചിന്ത എന്നില്‍ ശക്തമായി.'' 

മൂന്നാമന്‍: 'ഞാന്‍ മതനിഷ്ഠയുള്ള വ്യക്തിയാണ്. നോമ്പും നമസ്‌കാരവുമെല്ലാം കൃത്യമായിട്ടുണ്ട്. ഇതേപോലെ മതനിഷ്ഠയും ആരാധനാകാര്യങ്ങളില്‍ തല്‍പരയുമായ ഒരു പെണ്‍കുട്ടിയെ വേള്‍ക്കണമെന്നായിരുന്നു എന്റെ സ്വപ്നം. മതനിഷ്ഠയുള്ള കുടുംബത്തില്‍നിന്ന് ഞാന്‍ എന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്തു. അവളുടെ പിതാവ് യൂനിവേഴ്‌സിറ്റിയില്‍ ഖുര്‍ആന്‍ പ്രഫസര്‍. ഉമ്മ ഖുര്‍ആന്‍ അധ്യാപിക. അവരുടെ മകള്‍ ഹിജാബൊക്കെ ധരിച്ച് നല്ല അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി. കല്യാണം കഴിഞ്ഞതോടെ എനിക്ക് ഒറ്റക്ക് ഉറങ്ങേണ്ടിവന്നു. അവള്‍ എന്നും രാവേറെ ചെല്ലുവോളം ടി.വിയില്‍ സീരിയലുകളും സിനിമകളും കണ്ടിരിക്കും. പ്രഭാത നമസ്‌കാരത്തിന് ഉണര്‍ത്തിയാല്‍ എഴുന്നേല്‍ക്കില്ല. എട്ടു മണിവരെ കിടന്നുറങ്ങും. അപ്പോഴാണ് സ്വുബ്ഹ് നമസ്‌കാരം. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുക, മക്കളെ നോക്കുക തുടങ്ങിയ കാര്യങ്ങളേക്കാള്‍ അവള്‍ക്ക് മുന്‍ഗണന അവളുടെ ഉദ്യോഗവും ഓഫീസ് കാര്യങ്ങളുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായപ്പോള്‍ എനിക്ക് മോഹഭംഗമായി. ഇത്തരമൊരു ജീവിതം ഞാന്‍ അവളില്‍നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല.''

നാലാമന്‍: 'വിവാഹം കഴിക്കുമ്പോള്‍ എന്റെ ഭാര്യയെ കുറിച്ച എന്റെ പ്രതീക്ഷ ഊഷ്മളമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കും അവള്‍ എന്നാണ്. ഞാന്‍ വീട്ടില്‍ ചെന്നുകയറുമ്പോഴും യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോഴും എന്നെ അതിശയിപ്പിക്കുന്ന സ്വീകരണവും വരവേല്‍പും അവളില്‍നിന്നുണ്ടാകുമെന്നാണ് ഞാന്‍ ആശിച്ചത്. ഞാനാണെങ്കില്‍ പ്രത്യേക പരിഗണനയും കരുതലും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അവളുടെ ജീവിതത്തില്‍ എനിക്ക് പ്രത്യേക സ്ഥാനമുണ്ടാവുമെന്നും കിടപ്പറയില്‍ മധുരോദാരമായ അനുഭവങ്ങള്‍ നല്‍കി എന്നെ ആനന്ദസാഗരത്തില്‍ ആറാടിക്കുമെന്നും ഞാന്‍ മോഹിച്ചു. അവളെന്നെ വേണ്ടത്ര സ്‌നേഹിക്കുന്നില്ലെന്നും സ്‌നേഹിക്കാന്‍ അറിഞ്ഞുകൂടെന്നും എന്റെ ലൈംഗിക മോഹങ്ങള്‍ കണ്ടറിഞ്ഞ് തൃപ്തി പകരാന്‍ അവള്‍ക്കാവുന്നില്ലെന്നും ബോധ്യമായതോടെ ഞാന്‍ നിരാശനായി. ഇതൊക്കെ ഞാന്‍ അവളോട് പലവുരു പറഞ്ഞെങ്കിലും അവയെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്.''

അഞ്ചാമന്‍: 'എന്റെ ഭാര്യക്ക് അവളുടെ ഒരു ബന്ധുവിന്റെ പുത്രനുമായി ചില അവിഹിത ബന്ധങ്ങളുണ്ടെന്ന് അറിഞ്ഞതോടെയാണ് എന്റെ വിവാഹജീവിതം പരാജയമാണെന്ന് തോന്നിത്തുടങ്ങിയത്. വിവാഹത്തിനു മുമ്പേ അവള്‍ക്ക് അവനെ ഇഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷം പിന്നിട്ടപ്പോഴാണ് എനിക്കിത് മനസ്സിലായത്. ഇനിയെന്ത് ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. ഇതറിഞ്ഞതോടെ ഞാന്‍ ആകെ തകര്‍ന്നു.'' 

ആറാമന്‍: ''രണ്ടാമതൊരുവളെ കൂടി വിവാഹം കഴിക്കാന്‍ ഞാന്‍ എന്റെ ഭാര്യയുമായി യോജിപ്പിലെത്തി. രണ്ടാമെത്തവള്‍ വന്ന് കയറിയതോടെ ഒന്നാമത്തെവളെ അവള്‍ ചവിട്ടിമെതിക്കുകയായി. ആ പാവത്തെ ഭരിക്കുകയായി. പിന്നെ എന്റെ കാര്യം 'കട്ടപ്പുക' എന്ന് പറയേണ്ടതില്ലല്ലോ.''

ഏഴാമന്‍: 'സ്വന്തത്തെ അറിയുക, ആത്മസ്‌നേഹം വളര്‍ത്തുക' എന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുമായിരുന്നു എന്റെ ഭാര്യ. എന്തിനു പറയുന്നു, പരിശീലനത്തിനും ട്രെയ്‌നിംഗ് കോഴ്‌സിനും പോയിപ്പോയി അവള്‍ അവളെത്തന്നെ വല്ലാതെ സ്‌നേഹിച്ചുതുടങ്ങി. എന്നെക്കുറിച്ച ശ്രദ്ധയില്ലാതായി. ജോലിയില്‍ താല്‍പര്യമില്ലാതെയായി. പല കമ്പനികളുടെയും വസ്ത്രങ്ങള്‍ അണിഞ്ഞ് മോഡലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി അവള്‍. അതോടെ അവളുടെ വരുമാനം വര്‍ധിച്ചു. നല്ല കാശല്ലേ? ഉദ്യോഗം ഉപേക്ഷിച്ചു. ഇന്‍സ്റ്റന്റ്ഗ്രാമില്‍ മുഴുസമയ പരസ്യമോഡലായി. കുറേ ഉപദേശിച്ചുനോക്കി. എന്നെയും മക്കളെയും അവഗണിക്കുന്ന അവളുടെ രീതി ഒന്നുകൂടി ശക്തമായതേയുള്ളൂ. നിരാശനായ ഞാന്‍ ഒടുവില്‍ അവളെ മൊഴിചൊല്ലി.''

ഇങ്ങനെ പല കഥകള്‍. അതില്‍ രസകരമായത് ഒരു സ്ത്രീ പറഞ്ഞ കഥയാണ്: 'ഒരു പുരുഷന് എപ്പോഴാണ് ദാമ്പത്യപരാജയം തോന്നിത്തുടങ്ങുക എന്ന് ഞാന്‍ പറഞ്ഞുതരാം. ഭര്‍ത്താവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ പല വിദ്യകളും പയറ്റുന്ന സ്ത്രീ. അയാള്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിച്ചുകൊണ്ട് അയാളോട് ആവത് അടുക്കാന്‍ ആ സ്ത്രീ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അയാള്‍ വീട്ടില്‍ വരുമ്പോഴേക്ക് അയാളെ ഹൃദ്യമായി എതിരേല്‍ക്കും. അയാള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിനല്‍കും. ഇതൊക്കെയായിട്ടും അയാള്‍ക്ക് ഇതിനോട് ഒരു പ്രതികരണവുമില്ല. സന്തോഷം പ്രകടിപ്പിക്കുന്ന ഒരു വാക്കോ നോക്കോ അയാളില്‍നിന്ന് ഉണ്ടാവില്ല. ഇങ്ങനെ കുറേ വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ ഒരു തീരുമാനമെടുത്തു. ഇനി ഈ രീതിയും വരവേല്‍പ്പും സമ്മാനം നല്‍കലുമൊക്കെ അങ്ങ് നിര്‍ത്തിവെക്കാം. അവള്‍ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോഴാണ് അയാള്‍ വിരല്‍കടിച്ചത്. അവള്‍ മുമ്പത്തെപ്പോലെ തന്നോട് പെരുമാറണമെന്നും തനിക്ക് സമ്മാനങ്ങളും ഉപഹാരങ്ങളുമൊക്കെ നല്‍കി തന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ശീലം നിര്‍ത്തരുതെന്നും അയാള്‍ മോഹിച്ചുപോയി. നടക്കില്ലെന്ന് ബോധ്യമായപ്പോള്‍ അയാള്‍ നിരാശനായി.'' ഞാന്‍ പറഞ്ഞു: ''നിങ്ങളുടെ നിരാശയില്‍നിന്നാണ് അയാളുടെ നിരാശ ഉടലെടുത്തത്.'' 

ദാമ്പത്യജീവിതത്തില്‍ ഈ വിധത്തിലുള്ള പരാജയങ്ങള്‍ സംഭവിക്കരുതേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍