Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന ഇസ്‌ലാമിക സാഹിത്യം

സയ്യിദ് സആദത്തുല്ല ഹുസൈനി

സ്‌ലാമിക പ്രസ്ഥാന നായകരുടെ ധൈഷണിക സംഭാവനകളെക്കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ (ലക്കം 2943) ചില സൂചനകള്‍ നല്‍കുകയുണ്ടായി. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ ബുദ്ധിയുടെയും ആധുനികയുക്തിയുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുക എന്നതാണ് ആ സംഭാവനകളില്‍ ഏറ്റവും സുപ്രധാനം. ആധുനിക വിദ്യാഭ്യാസം ലഭിച്ച ചിന്താശീലരായ മുസ്‌ലിംകളെ 'ബൗദ്ധിക മതപരിത്യാഗ'(ഫിഖ്‌രീ ഇര്‍തിദാദ്)ത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതില്‍ മൗലാനാ മൗദൂദിയുടെ രചനകള്‍ വഹിച്ച പങ്ക് ഇവിടെ പ്രത്യേകം സ്മരണീയമാണ്. അവരുടെ ഹൃദയ മസ്തിഷ്‌കങ്ങളില്‍ ഇസ്‌ലാം ദൃഢബോധ്യമായി വേരുപിടിക്കാനും ആ രചനകള്‍ നിമിത്തമായി. ദീനിയ്യാത്ത്, ഖുത്വ്ബാത്ത്, ഇസ്‌ലാമീ ഇബാദാത്ത് പര്‍ തഹ്ഖീഖീ നള്ര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളാണ് ഇസ്‌ലാമിനെ ആര്‍ക്കും മനസ്സിലാവുന്ന ശൈലിയില്‍ വളരെ യുക്തി ഭദ്രമായി അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ ജീവിത വ്യവസ്ഥ, അതിന്റെ അടിസ്ഥാന സങ്കല്‍പങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതികളും പ്രബന്ധങ്ങളും വേറെയുമുണ്ട്.

ഇതൊരു കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, കാലം ഇപ്പോള്‍ ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. പുതിയ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു; പുതിയ വെല്ലുവിളികളും. ഇതെല്ലാം മുന്നില്‍ വെച്ച് പുതിയൊരു ഇസ്‌ലാമിക വ്യവഹാര ശാസ്ത്രം (ഇസ്‌ലാമീ ഇല്‍മെ കലാം) രൂപപ്പെടുത്തിയെടുക്കേണ്ടണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഏകദൈവത്വം, നിരീശ്വരത്വം, സന്ദേഹവാദം

ഇസ്‌ലാമിക വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനം ഏകദൈവത്വമാണല്ലോ. അതായത് അല്ലാഹു എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമാണെന്നും സൃഷ്ടിപ്പിലോ പരിപാലനത്തിലോ അവന് വേറൊരു പങ്കാളിയുമില്ലെന്നുമുള്ള വിശ്വാസം. മതവാദികളും മതനിഷേധികളുമൊക്കെ ഈ വിഷയം ചര്‍ച്ചചെയ്യുകയും ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ വൈജ്ഞാനിക ലോകത്തും ഇതൊരു സജീവ ചര്‍ച്ചാവിഷയമാണ്. ഇസ്‌ലാമും പാശ്ചാത്യ സെക്യുലരിസവും തമ്മിലുള്ള അടിസ്ഥാന സൈദ്ധാന്തിക ഭിന്നത ഇക്കാര്യത്തിലാണു താനും. ദൈവാസ്തിക്യം ജനമനസ്സുകള്‍ക്ക് ബോധ്യം വരുന്ന വിധത്തില്‍ സമര്‍ഥിക്കപ്പെട്ടാല്‍ പ്രവാചകത്വത്തിലും പരലോകത്തിലുമുള്ള വിശ്വാസം അവര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.

ദൈവാസ്തിക്യം സാധാരണ വായനക്കാരില്‍ ഊട്ടിയുറപ്പിക്കാന്‍ ഇന്നും മൗലാനാ മൗദൂദിയുടെ കൃതികള്‍ മതിയാവും. ഈ വിഷയത്തില്‍ ഇമാം ഗസാലിയെപ്പോലുള്ള മധ്യകാല മുസ്‌ലിം ചിന്തകരുടെ വാദമുഖങ്ങളെയും തെളിവുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട് മൗലാനാ മൗദൂദി. ഇമാം ഗസാലി എതിരിട്ടത് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഗ്രീക്ക് ചിന്തകളെ ആയിരുന്നല്ലോ. ആ ചിന്താവ്യവഹാരങ്ങളെ പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയിലും സമകാലിക ജീവിതത്തില്‍നിന്നെടുത്ത ഉദാഹരണങ്ങള്‍ സഹിതം പുനഃസൃഷ്ടിക്കുകയാണ് മൗലാനാ മൗദൂദി ചെയ്തത്. ആ അവതരണത്തിന് വന്‍ സ്വീകാര്യത ലഭിക്കാനും കാരണമതാണ്. നമ്മുടെ കാലഘട്ടത്തിലെയും മികച്ച കൃതികളായി അവ നിലകൊള്ളുന്നു. എത്രയെത്ര മനസ്സുകളില്‍നിന്നാണ് ആ കൃതികള്‍ സംശയങ്ങളുടെ പുകമറകള്‍ നീക്കിക്കളഞ്ഞത്; എത്രയെത്ര മനുഷ്യരെയാണ് അവ സത്യപാതയിലേക്ക് വഴികാട്ടിയത്.

സാധാരണ വായനക്കാര്‍ക്ക് ഇപ്പോഴും ഇത്തരം കൃതികള്‍ മതിയാവുമെങ്കിലും, പുതിയ പുസ്തകങ്ങളുമായും ചിന്തകളുമായും നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നവരെ അവ വേണ്ടരീതിയില്‍ തൃപ്തിപ്പെടുത്തണമെന്നില്ല. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ യുക്തിവാദികളായ യൂറോപ്യന്‍ ചിന്തകര്‍ അത്തരം തെളിവുകളെ ഖണ്ഡിച്ചുകൊണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മൗലാനൗ മൗദൂദി തന്റെ കൃതിയില്‍ പരാമര്‍ശിക്കുന്ന ഘടികാരം, മെഷിന്‍ എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഉപമകള്‍ ക്രൈസ്തവ ദാര്‍ശനികനായ വില്യം പെലെ(William Pele 17431805)യുടെ കൃതികളിലാണ് നാമാദ്യമായി കാണുന്നത്. കഴിഞ്ഞ ഇരുനൂറ് വര്‍ഷത്തിനകം ഇത്തരം ഉദാഹരണങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചും നിശിതമായ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഡേവിഡ് ഹ്യൂം (1711-1776) മുതല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് (1961-) വരെയുള്ളവരുടെ കടുത്ത വിമര്‍ശനങ്ങള്‍. പെലെ മുന്നോട്ടുവെക്കുന്ന ഒരു തെളിവിനെ ഖണ്ഡിക്കാനായി മാത്രം ഡോക്കിന്‍സ് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ബട്രാന്റ് റസല്‍ (1872-1970) എഴുതിയ കൃതികള്‍ വിശ്വാസികളില്‍ വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യം നിഷേധിക്കേണ്ടതില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (1949-2011), വിക്ടര്‍ ജെ. സ്റ്റെഞ്ചര്‍ (1936-2014) തുടങ്ങിയ നമ്മുടെ കാലത്തെ എഴുത്തുകാര്‍ (അവരുടെ കൃതികളില്‍ പലതും ബെസ്റ്റ് സെല്ലറുകളാണ് -വിവ.) നിരീശ്വരത്വത്തിന് വലിയ സൈദ്ധാന്തിക കോട്ടകള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. ഇതൊക്കെ വൈജ്ഞാനിക വൃത്തങ്ങളില്‍ മതനിരാസപരവും ദൈവാസ്തിക്യവിരുദ്ധവുമായ പ്രവണതകളെ വളരെയേറെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പുതിയ ദര്‍ശനങ്ങളെയും പ്രവണതകളെയും അഭിമുഖീകരിക്കാന്‍ നമ്മുടെ നിലവിലുള്ള ഇസ്‌ലാമിക സാഹിത്യകൃതികള്‍ മതിയാവില്ല എന്നാണ് പറഞ്ഞുവരുന്നത്. ബട്രന്റ് റസലിനെയും ഇമ്മാനുല്‍ കാന്റി(1724-1804)നെയും വായിച്ച് ദൈവനിഷേധത്തോളമെത്തുന്ന സംശയക്കുരുക്കുകളില്‍ കുടുങ്ങിപ്പോയ നല്ല ദീനീബോധമുള്ള ചെറുപ്പക്കാരെ എനിക്ക് നേരില്‍ അറിയാം. അതിനാല്‍ ദൈവനിഷേധപരമായ ഇത്തരം ചിന്തകളെ ആര്‍ജവത്തോടെ നേരിടുകയും ഖണ്ഡിക്കുകയും ചെയ്യുന്ന കൃതികള്‍ കാലഘട്ടത്തിലെ ഇസ്‌ലാമിക പ്രബോധനത്തിന് ഏറ്റവും അത്യാവശ്യമായിരിക്കുന്നു. ഇതുപോലുള്ള ഒരു ദൗത്യമായിരുന്നു ഗ്രീക്ക് ചിന്തകളെ നേരിട്ട് ഇമാം ഗസാലി മധ്യകാലത്ത് നിര്‍വഹിച്ചത്.

ക്രൈസ്തവ ലോകത്ത് ഇത്തരം ചിന്തകളെ ഖണ്ഡിക്കുന്ന എടുത്തുപറയാവുന്ന പല കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയെ അവലംബിച്ചുകൊണ്ടും മുസ്‌ലിംകള്‍ക്ക് രചനകള്‍ നടത്താം. അത്തരം ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. തുര്‍ക്കി എഴുത്തുകാരനായ ഹാറൂന്‍ യഹ്‌യ(1956-)യുടെ കൃതികള്‍ ഉദാഹരണം. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ അവതരണം. പക്ഷേ, സാധാരണ വായനക്കാര്‍ക്ക് വേണ്ടിയുള്ള കൃതികള്‍ മാത്രമാണിവ. നാസ്തികതയുടെ സൈദ്ധാന്തിക വെല്ലുവിളികളെ അവ കാര്യമായി അഭിമുഖീകരിക്കുന്നില്ല. വഹീദുദ്ദീന്‍ ഖാന്‍ (1925-) ഈ രംഗത്ത് പ്രതീക്ഷാനിര്‍ഭരമായ തുടക്കം കുറിച്ചിരുന്നുവെങ്കിലും, പിന്നീട് ആ നിലയില്‍ മുന്നോട്ടുപോകാനായില്ല. കുറേകൂടി ശ്രദ്ധേയമായ രചനകള്‍ നടത്തിയ പണ്ഡിതനാണ് മൗലാനാ അബ്ദുല്‍ ബാരി നദ്‌വി (1886-1976). ബര്‍ക്‌ലിയും അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രവും, മതവും യുക്തിചിന്തയും, മതവും ശാസ്ത്രവും തുടങ്ങിയ അബ്ദുല്‍ ബാരിയുടെ കൃതികള്‍ വിഷയത്തില്‍ ലഭ്യമായ ആഴത്തിലുള്ള പഠനങ്ങളാണ്. ആപേക്ഷിക സിദ്ധാന്തത്തിനും ക്വാണ്ടം മെക്കാനിസത്തിനും ശേഷമുള്ള പാശ്ചാത്യ തത്ത്വചിന്തയെ ചില മേഖലകളിലെങ്കിലും അഭിമുഖീകരിക്കാന്‍ ഇവക്ക് കഴിയുന്നുണ്ട്.

അമേരിക്കയിലെ വില്യം ലേയ്ന്‍ ക്രെയ്ഗ് (1949-) എന്ന ചിന്തകന്‍ ഇസ്‌ലാമിക ദൈവശാസ്ത്ര വ്യവഹാരത്തെ ക്രൈസ്തവ വീക്ഷണത്തിലും പുതിയ ശാസ്ത്ര-തത്ത്വചിന്തകളുടെ വെളിച്ചത്തിലും വിജയകരമായി പുനരവതരിപ്പിച്ചിട്ടുണ്ട്. ദൈവാസ്തിക്യം തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കുന്നുണ്ട് അദ്ദേഹത്തിന്റെ മുപ്പതിലധികം കൃതികളില്‍. അവയില്‍ ശ്രദ്ധേയമായ കൃതിയാണ് The KCA എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Kalam Cosmological Arguement.

മറ്റൊരു ഗ്രന്ഥകാരനാണ് ബ്രിട്ടീഷ് തത്ത്വചിന്തകനായ ആന്റണി ഫ്‌ളൂ (Antony Flew 19232010). ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും നിരീശ്വരവാദിയായി കഴിഞ്ഞുകൂടുകയും ദൈവാസ്തിക്യത്തെ ഖണ്ഡിച്ചുകൊണ്ട് നിരവധി കൃതികള്‍ രചിക്കുകയും ചെയ്തയാളാണ് ആന്റണി. 'ലോകത്തെ ഏറ്റവും അപകടകാരിയായ നിരീശ്വരവാദി' എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷേ, മരിക്കുന്നതിന് രണ്ടു മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹത്തിന് മനംമാറ്റമുണ്ടായി. ദൈവാസ്തിക്യം സ്ഥാപിച്ചുകൊണ്ട് There is a God എന്ന പുസ്തകമെഴുതുകയും ചെയ്തു. ഇമ്മാനുവല്‍ കാന്റ്, ഡേവിഡ് ഹ്യൂം മുതല്‍ തന്റെ കാലത്തെ നാസ്തിക ചിന്തകര്‍ വരെയുള്ള സകലരുടെയും വാദമുഖങ്ങളെ ഈ പുസ്തകത്തില്‍ അദ്ദേഹം ഖണ്ഡിക്കുന്നു. നാസ്തിക ചിന്തകരുടെ നേതാവായിരുന്ന ഒരാള്‍ എഴുതിയ പുസ്തകം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതേസമയം, ആന്റണി ഫഌവും വില്യം ക്രെയ്ഗുമൊക്കെ മുന്നോട്ടുവെക്കുന്ന ദൈവസങ്കല്‍പവും ഇസ്‌ലാമിന്റെ ദൈവസങ്കല്‍പവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കണം. അത്തരം പുസ്തകങ്ങളെ അവലംബിക്കുന്നതില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് പരിമിതികളുണ്ട് എന്നര്‍ഥം. എന്നാലും അത്തരം കൃതികള്‍ ആഴത്തില്‍ പഠിച്ചുകൊണ്ട് ഇസ്‌ലാമികമായ ദൈവസങ്കല്‍പം ഉരുത്തിരിച്ചെടുക്കാന്‍ സാധ്യമാവുകയും ചെയ്യും. യുവ ഗവേഷകര്‍ അതിന് തയാറായി മുന്നോട്ടുവരണം.

ചിന്തയുടെ പുനരാവിഷ്‌കാരം

വ്യക്തതയും കൃത്യതയുമുള്ള ഒരു ചിന്താമാതൃക സമര്‍പ്പിച്ചു എന്നതാണ് മൗലാനാ മൗദൂദിയുടെ പ്രധാന സംഭാവനകളിലൊന്ന്. വിവിധ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളും നിലപാടുകളും വിവരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. സമ്പൂര്‍ണവും സമഗ്രവും വ്യവസ്ഥാപിതവുമായ ഒരു ജീവിത ദര്‍ശനം തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രാന്തദര്‍ശിയായ ഒരു ചിന്തകന്‍ സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ ഒരു ചിന്താ ചട്ടക്കൂട് രൂപപ്പെട്ടുവരും. അതുവെച്ച് മറ്റനവധി സംഭവങ്ങളെയും നമുക്ക് വിശകലനം ചെയ്യാന്‍ കഴിയും. ഭാവിയെക്കുറിച്ച് ചില നിഗമനങ്ങളിലെത്തിച്ചേരാനും അത് സഹായകമാകും. ഒരു തിയറി അവതരിപ്പിക്കുക, അതിനെ ചില സാങ്കേതിക സംജ്ഞകളില്‍ വിശദീകരിക്കുക എന്നൊരു രീതിയാണ് പൊതുവെ സ്വീകരിക്കാറുള്ളത്. ഉദാഹരണമായി മൗലാനാ മൗദൂദി, ഖിലാഫത്തുര്‍റാശിദയുടെയും ഉമവി ഭരണകൂടത്തിന്റെയും ചരിത്രം വിശകലനം ചെയ്തുകൊണ്ട് ഭരണം ഖിലാഫത്തില്‍നിന്ന് രാജഭരണത്തിലേക്ക് മാറുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച് ഒരു ദര്‍ശനം മുന്നോട്ടുവെച്ചു. ഈ മാറ്റം വിശദീകരിക്കാനാണ് ഖിലാഫത്ത്, മുലൂകിയ്യത്ത് പോലുള്ള സംജ്ഞകള്‍ അദ്ദേഹം പ്രയോഗിക്കുന്നത്. അല്ലെങ്കില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സംഭവങ്ങളെയും സ്ഥിതിവിശേഷങ്ങളെയും അവലോകനം ചെയ്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെയും ഭരണത്തെയും കുറിച്ച തന്റെ ദര്‍ശനം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം എന്നും പറയാം.

ഇബ്‌നുഖല്‍ദൂന്‍ 'സാമൂഹിക സംഘാടനം' (അസ്വബിയ്യ) എന്ന തിയറിയാണല്ലോ അവതരിപ്പിച്ചത്. ധാര്‍മികതയെക്കുറിച്ചാണ് ഇമാം ഗസാലിയുടെ തിയറി. 'ശഹ്‌വത്ത്', 'ഹിക്മത്ത്', 'ഗദബ്' തുടങ്ങിയ സംജ്ഞകളെ കൂട്ടുപിടിച്ച് അദ്ദേഹം ആ ദര്‍ശനം വിവരിക്കുന്നു. ഇങ്ങനെ ഒരു തിയറി ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ഭാരിച്ച പണിയാണ്. പക്ഷേ, തിയറി ഉണ്ടായിക്കഴിഞ്ഞാല്‍ വിശദാംശങ്ങള്‍ നല്‍കാനും അവ സ്ഥാപിച്ചെടുക്കാനും എളുപ്പമായിരിക്കും. കാള്‍ മാര്‍ക്‌സിന്റെ ലോക ദര്‍ശനത്തെക്കുറിച്ച് നമുക്കറിയാം. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 'വൈരുധ്യാത്മക ഭൗതികവാദം' എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഏതൊരു മാര്‍ക്‌സിസ്റ്റ് ചിന്തകന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലോക സംഭവങ്ങളെ നോക്കിക്കാണാന്‍ കഴിയും. അത് മുമ്പില്‍ വെച്ച് ഭാവിയെക്കുറിച്ച് ചില പ്രവചനങ്ങളും അയാള്‍ നടത്തിയെന്നിരിക്കും. എല്ലാറ്റിനെയും നിര്‍ണയിക്കുന്നത് സാമ്പത്തിക ഘടനയാണ് എന്ന നിര്‍ണയവാദം (Economic Determinism) മാര്‍ക്‌സ് മുന്നോട്ടുവെച്ച ഒരു ആശയമാണ്. നവ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികര്‍ ഇതില്‍ ചില വെട്ടലും തിരുത്തലുമൊക്കെ നടത്തിയിട്ടുണ്ട്. ഫ്രഞ്ച് നവ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ലൂയി അല്‍തൂസറി (1918-1990)ന്റെ 'നിര്‍ണയവാദപ്പെരുക്കം' (Overdeterminism), 'ആപേക്ഷിക സ്വയം നിര്‍ണയം' (Relative Autonomy) എന്നീ ആശയങ്ങള്‍ സാമ്പത്തിക നിര്‍ണയവാദത്തെ തിരുത്തുന്നതും പുതിയ സാമൂഹിക പരിപ്രേക്ഷ്യത്തെ മുന്നോട്ടു വെക്കുന്നതുമാണ്.

ഇസ്‌ലാമിക സാമൂഹികതയില്‍ രാഷ്ട്രീയത്തിന്റെ ഒരു സമ്പൂര്‍ണ ആശയഘടന സമര്‍പ്പിച്ചിട്ടുണ്ട് മൗലാനാ മൗദൂദി. ഹാകിമിയ്യത്ത് (ദൈവത്തിന്റെ പരമാധികാരം), ശാരിഇയ്യത്തെ ഇലാഹ് (ദൈവത്തിന്റെ നിയമനിര്‍മാണാധികാരം), ഖിലാഫത്തെ ജുംഹൂര്‍ (ജനപ്രാതിനിധ്യം), ആലംഗീര്‍ ഇന്‍സാനി ഉഖുവ്വത്ത് (സാര്‍വദേശീയ മനുഷ്യസാഹോദര്യം), ഹുകൂമത്തെ ഇലാഹിയ്യ (ദൈവരാജ്യം), ഇഖാമത്തുദ്ദീന്‍ (ദീന്‍ സംസ്ഥാപനം) തുടങ്ങിയ സംജ്ഞകള്‍ അതിന്റെ ചില പ്രധാന തലക്കെട്ടുകളാണ്. വിദ്യാഭ്യാസം, സംസ്‌കാരം, ചരിത്രം, ധനതത്ത്വശാസ്ത്രം തുടങ്ങി മൗലാനാ മൗദൂദിയുടെ ധിഷണ വ്യാപരിച്ച മറ്റു മേഖലകളിലും ഇതുപോലുള്ള പൂര്‍ണമായ ഒരു ആശയഘടന അദ്ദേഹം സമര്‍പ്പിക്കുന്നുണ്ട്.

ഈ ആശയനിര്‍മാണം (Theory Construction) മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് നമുക്ക് മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി. ഇസ്‌ലാമിക ധനതത്ത്വശാസ്ത്രത്തില്‍ മൗലാനാ മൗദൂദി, ഡോ. നജാത്തുല്ലാ സിദ്ദീഖി, പ്രഫ. ഖുര്‍ശിദ് അഹ്മദ്, ഡോ. മുഹമ്മദ് ഉമര്‍ ചാപ്ര, ഡോ. മുഹമ്മദ് അനസ് സര്‍ഖ, മുഹമ്മദ് അക്‌റം ഖാന്‍, അബുല്‍ ഹസന്‍ ബനീസ്വദ്ര്‍, ബാഖിര്‍ സ്വദ്ര്‍ എന്നിവരുടെ സംഭാവനകള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. പക്ഷേ, ഇസ്‌ലാമിക ധനശാസ്ത്ര പഠനമേഖല ഇപ്പോഴും ഒട്ടുവളരെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. അവക്ക് പരിഹാര നിര്‍ദേശങ്ങളുമായി പുതിയൊരു തലമുറ വളര്‍ന്നുവരികയേ രക്ഷയുള്ളൂ. വിദ്യാഭ്യാസ മേഖലയില്‍ ഫലസ്ത്വീനീ ചിന്തകന്‍ ഡോ. ഇസ്മാഈല്‍ റാജീ ഫാറൂഖി (1921-1986), സയ്യിദ് മുഹമ്മദ് നഖീബ് അല്‍ അത്വാസ് (1931-) തുടങ്ങിയവരുടെ സംഭാവനകളെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, സുബദ്ധമായ ആശയനിര്‍മിതി ഇനിയും വിദ്യാഭ്യാസ മേഖലയില്‍ നടക്കേണ്ടതായിട്ടാണിരിക്കുന്നത്. അധ്യാപകനെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക പഠനരീതിയായ Educational Essentialism, വിമര്‍ശനാത്മക ബോധനവിദ്യ (Critical Pedegogy), മോണ്ടിസോറി തുടങ്ങിയ ബോധന രീതികള്‍ക്ക് ബദലായി എന്താണ് നമുക്ക് സമര്‍പ്പിക്കാനുള്ളത്? ചരിത്ര-സംസ്‌കാര പഠനങ്ങളിലും ഈ അപൂര്‍ണത വ്യക്തമായി കാണാം. പ്രശസ്ത സുഡാനിയന്‍ മനശ്ശാസ്ത്ര പണ്ഡിതന്‍ ഡോ. മാലിക് ബദ്‌രി(1932-)യുടെ രചനകള്‍ വലിയൊരു ആശ്വാസമാണെങ്കിലും, സിഗ്മണ്ട് ഫ്രോയ്ഡി(1856-1939)ന്റെ വഴിതെറ്റിയ ചിന്തകളെ തിരുത്താന്‍ കെല്‍പുള്ള ഒരു മനശ്ശാസ്ത്ര വിശകലനരീതി ഇനിയും രൂപപ്പെട്ടുവന്നിട്ടില്ല.

സാമൂഹിക പഠനമേഖലകളിലും ഒരു ദര്‍ശനം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്നില്ല. അമേരിക്കന്‍-ഇറാനിയന്‍ ചിന്തകന്‍ സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ (1933-), തുര്‍ക്കി ഗ്രന്ഥകാരന്‍ ഫത്ഹുല്ല ഗുലന്‍ (1961-), അറബ് വംശജനായ താരിഖ് റമദാന്‍ (1962-), ഇറാനിലെ മുര്‍തദ മുത്വഹരി (1919-1979), ഡോ. അലി ശരീഅത്തി (1933-1979) തുടങ്ങിയവരെല്ലാം സവിശേഷമായ സാമൂഹിക സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചവരാണെങ്കിലും, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അത്തരം ചിന്തകളെ മാത്രം ആശ്രയിച്ചാല്‍ മതിയാവുകയില്ല.

ഇബ്‌നു ഖല്‍ദൂന്‍, ഇമാം ഗസാലി, മൗലാനാ മൗദൂദി, കാള്‍ മാര്‍ക്‌സ് തുടങ്ങിയവരെല്ലാം മഹാ ദര്‍ശനങ്ങള്‍ (Grand Theories) അവതരിപ്പിച്ചവരാണ്. പ്രതിഭാശാലികള്‍ക്കേ അതിന് കഴിയൂ. പ്രതിഭാശാലികളാവട്ടെ അപൂര്‍വമായേ ജന്മം കൊള്ളാറുള്ളൂ. എങ്കിലും അവര്‍ നല്‍കിയ സൂചകങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുമ്പില്‍ വെച്ച് അവര്‍ തുടങ്ങിവെച്ച ദൗത്യം പില്‍ക്കാലക്കാര്‍ക്ക് പൂര്‍ത്തിയാക്കാവുന്നതാണ്. അത് താരതമ്യേന എളുപ്പവുമാണ്. ഉദാഹരണത്തിന്, 'നവ മാര്‍ക്‌സിസ'ത്തില്‍ 'ഫ്രാങ്ക്ഫര്‍ട്ട് ചിന്താധാര'യുണ്ട്; 'നിയോ ലിബറലിസ'ത്തില്‍ 'ചിക്കാഗോ ചിന്താധാര'യുണ്ട്. ഇതൊന്നും ഏതെങ്കിലും വ്യക്തി ഒറ്റക്ക് ചെയ്യുന്നതല്ല. ഒരു സംഘം ചിന്തകര്‍ ചേര്‍ന്ന് ആ ചിന്താധാരകളെ മുന്നോട്ടു നയിക്കുകയാണ്. ഇസ്‌ലാമിക സമ്പദ്ഘടനയെക്കുറിച്ച ആലോചനകളും ഇപ്പോള്‍ ഏറക്കുറെ കൂട്ടായാണ് നടക്കുന്നത്. ഇസ്‌ലാമിക ചിന്തയിലേക്കും കടമെടുക്കാവുന്ന ഒരു രീതിയാണിത്.

നമ്മുടെ സ്വപ്‌നത്തിലെയും ഭാവനയിലെയും ലോകം, അതെന്താണെന്ന് നമുക്ക് വ്യക്തമായും കൃത്യമായും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ആ മേഖലയില്‍ കടുത്ത അവ്യക്തതയും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ടെന്നുതന്നെ പറയണം. പരസ്പരം പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളാണ് അതിന് മുഖ്യ കാരണം. അവരില്‍ ചിലര്‍ ലോകത്തെ 1400 വര്‍ഷം മുമ്പുള്ള നാഗരികതയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ചിലര്‍ക്ക് ബിന്‍ലാദന്റെയും താലിബാന്റെയും അഫ്ഗാനിസ്താന്‍ മതി. മറ്റു ചിലര്‍ക്ക് ആയത്തുല്ല ഖുമൈനിയുടെ ഇറാനും. ഇത്തരം വിഭാവനകളൊന്നും ഇസ്‌ലാമിക പ്രസ്ഥാന ചിന്തകളുമായി ഒത്തുപോവുകയില്ലെന്നു മാത്രമല്ല, അവ അത്യന്തം പ്രതിലോമപരവുമാണ്. അതിനാല്‍ ഒരു ചിന്താ പ്രസ്ഥാനത്തിന് എപ്പോഴും, തങ്ങള്‍ വിഭാവനം ചെയ്യുന്ന ലോകത്തിന്റെ വ്യക്തമായ രേഖാചിത്രം സമര്‍പ്പിക്കാന്‍ കഴിയണം. വിവിധ ചിന്താ- കലാ- സാംസ്‌കാരിക മേഖലകളെ ചേര്‍ത്തുനിര്‍ത്തി (Multi-Disciplinary) മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കമ്യൂണിസ്റ്റുകാര്‍ ഇക്കാര്യം വളരെ വ്യവസ്ഥാപിതമായ രീതിയില്‍ ചെയ്തിരുന്നു. അവര്‍ ചിന്തകളില്‍ മാത്രം വ്യാപരിക്കുകയായിരുന്നില്ല. ഗാനം, നൃത്തം, സിനിമ, തിയേറ്റര്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും അവര്‍ കടന്നുചെന്നു. തത്ത്വശാസ്ത്രം, ധനതത്ത്വശാസ്ത്രം, സാഹിത്യം തുടങ്ങി സകല മാനവിക വിഷയങ്ങളിലും അവര്‍ സ്വന്തമായ കാഴ്ചപ്പാടുകള്‍ വികസിപ്പിച്ചെടുത്തു. പ്രശ്‌നങ്ങളില്‍ അവര്‍ക്ക് വ്യക്തമായ നയങ്ങളും നിലപാടുകളുമുണ്ടായിരുന്നു. അതിന് ശക്തിപകരുന്ന നോവലുകളും ചെറുകഥകളും സിനിമകളും സുകുമാര കലകളും പിന്നീട് രൂപം കൊണ്ടു. സാക്ഷരരും നിരക്ഷരരുമായ സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ആ ലോകദര്‍ശനത്തിന്റെ ഒരു രേഖാചിത്രം മനസ്സില്‍ സൂക്ഷിച്ചു. ഉര്‍ദു സാഹിത്യത്തില്‍ ഫൈദ് അഹ്മദ് ഫൈദ്, ഇസ്‌റാറുല്‍ ഹഖ് മജാസ്, സാഹിര്‍ ലുധിയാനവി പോലുള്ള കവികള്‍ 'തൊഴിലാളി ആധിപത്യം' സ്വപ്‌നം കണ്ടവരാണ്.

കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ പലതും അര്‍ഥം നഷ്ടപ്പെട്ട കേവല മുദ്രാവാക്യങ്ങളായി പരിണമിക്കുകയാണുണ്ടായത്. അത്തരമൊരു നിലയിലേക്ക് താഴാതെ, നീതിയുടെയും സത്യത്തിന്റെയും പരലോക ബോധത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയൊരു ലോകക്രമത്തിന്റെ രേഖാചിത്രം മുന്നോട്ടുവെക്കേണ്ട ബാധ്യത ഇസ്‌ലാമിസ്റ്റുകള്‍ക്കുണ്ട്. അങ്ങനെ ആശയങ്ങളുടെ നിര്‍മിതി നടക്കട്ടെ. ആ ആശയങ്ങള്‍ക്ക് പ്രതികരണങ്ങളും മറു പ്രതികരണങ്ങളും ഉണ്ടാവട്ടെ. ആശയങ്ങള്‍ ജനമനസ്സുകളിലെത്തിക്കാന്‍ സഹായകമായ നോവലുകളും സിനിമകളും മറ്റു കലാരൂപങ്ങളും ഉണ്ടായിവരട്ടെ. അതോടൊപ്പം, ഭാവിയില്‍ മുഖ്യ ചര്‍ച്ചയാകാനിടയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യണം. ഈ തയാറെടുപ്പുകള്‍ ദേശീയ തലത്തിലും ആഗോളതലത്തിലും ഒരുപോലെ നടക്കേണ്ടതുണ്ട്.

പുതിയ ദര്‍ശനങ്ങളുടെ അപഗ്രഥനം

രാഷ്ട്രമീമാംസയിലും ധനതത്ത്വശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലുമെല്ലാം ലോകത്ത് പുതിയ പല ദര്‍ശനങ്ങളും ഉദയം കൊള്ളുന്നുണ്ട്. വായനാശീലരായ പല മുസ്‌ലിം ചെറുപ്പക്കാരെയും ആ ദര്‍ശനങ്ങള്‍ സ്വാധീനിക്കുന്നുമുണ്ട്. ഈ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിച്ച് അപഗ്രഥിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. നവീന ദര്‍ശനങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവക്കു മുമ്പില്‍ മൗനം പൂണ്ടുനില്‍ക്കാനോ ഒരു ആഗോള ദൗത്യം കൈയേറ്റ സംഘത്തിന് സാധ്യമല്ല. അതൊരു പ്രബോധന ബാധ്യത കൂടിയാണ്. രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ഇന്ന് ശക്തമായി പിടിമുറുക്കുന്നത് 'നവ മുതലാളിത്ത'മാണ്. ഈ നവ മുതലാളിത്തത്തിന് മുതലാളിത്ത ഘടനയുടെ തിന്മകള്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്നത് പഠനമര്‍ഹിക്കുന്ന ചോദ്യമാണ്. വിഷയത്തില്‍ നമ്മുടെ കാഴ്ചപ്പാട് എന്ത് എന്ന ചോദ്യം തുടര്‍ന്നുവരും. ഇതുപോലെ മാര്‍ക്‌സിസത്തിനുമുണ്ട് പുതിയ അവതാരങ്ങള്‍. 'നവ മാര്‍ക്‌സിസം' എന്നാണ് അവ അറിയപ്പെടുന്നത്. നാം മാര്‍ക്‌സിസത്തിന്റെ ന്യൂനതകളായി എടുത്തുകാട്ടിയ പലതും നവ മാര്‍ക്‌സിസ്റ്റുകള്‍ എന്നേ കൈയൊഴിച്ചിരിക്കുന്നു. അപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു മാര്‍ക്‌സിസമാണ് നമ്മുടെ മുമ്പിലുള്ളത്. അതിനോടുള്ള നമ്മുടെ നിലപാടെന്ത്? ഏതൊക്കെ കാര്യങ്ങളിലാണ് നവ മാര്‍ക്‌സിസവുമായി നമുക്ക് യോജിപ്പുള്ളത്, ഏതൊക്കെ കാര്യങ്ങളിലാണ് ഭിന്നതയുള്ളത്?

വ്യക്തിസ്വാതന്ത്ര്യവാദ(Libertarianism)ത്തിന്റെ പലതരം മുഖങ്ങള്‍ നാമിപ്പോള്‍ കാണുന്നുണ്ട്. അനാര്‍ക്കിസം, നിയോ അനാര്‍ക്കിസം, മ്യൂച്ചലിസം എന്നിങ്ങനെ. വായനാലോകത്ത് സജീവമായ പലരെയും ഇത്തരം ചിന്താഗതികള്‍ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. നോം ചോംസ്‌കി (1928-), അരുന്ധതി റോയ് (1961-) തുടങ്ങിയ പ്രശസ്തരുടെ രചനകളില്‍ ഇത്തരം ആശയങ്ങള്‍ കടന്നുവരുന്നുണ്ട്. അതുപോലെ, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ (Ecology Movements) നമ്മുടെ കാലത്തെ ഒരു സവിശേഷ പ്രവണതയാണ്. അവയില്‍ 'എര്‍ത്ത് ലിബറേഷന്‍ ഫ്രണ്ട്' പോലുള്ള തീവ്ര ഗ്രൂപ്പുകള്‍ വരെയുണ്ട്. ഡിസ്‌കൂളിംഗ്, ഫെമിനിസം, ഇസ്‌ലാമിക് ഫെമിനിസം തുടങ്ങി നിരവധി ചിന്താധാരകള്‍ വേറെയും. ഇവയൊന്നും ശരിയായ രീതിയില്‍ ഇസ്‌ലാമികമായി അപഗ്രഥിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ പുതിയ പഠനങ്ങളും രചനകളും ഉണ്ടാവേണ്ട വൈജ്ഞാനിക-ചിന്താ മേഖലകള്‍ നിരവധിയാണ്.

ജനകീയ സാഹിത്യം

പുതിയ വിജ്ഞാനങ്ങളിലും ചിന്തകളിലും വ്യാപരിക്കുമ്പോള്‍തന്നെ ജനകീയ സാഹിത്യ(Popular Literature)ത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്. സാമാന്യ ജനം ധാരാളമായി വായിക്കുന്ന കൃതികള്‍ ഉണ്ടാവണം. ഈ ഉത്തരാധുനിക കാലത്ത് വളരെയേറെ വികാസമുണ്ടായിട്ടുണ്ട് ജനകീയ സാഹിത്യത്തിന്. എത്ര വലിയ തത്ത്വചിന്തയായാലും അത് കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും ലളിതമായി അവതരിപ്പിക്കാന്‍ കഴിയും. തത്ത്വചിന്തയിലും ആത്മീയതയിലും ഓഷോ രജനീഷിന്റെ കൃതികള്‍ ആ ഇനത്തില്‍ പെടുത്താം. വ്യക്തിത്വ വികാസത്തില്‍ ഡേല്‍ കാര്‍നീഗിന്റെയും സ്റ്റീഫന്‍ കോവയുടെയും രചനകള്‍, സാമ്പത്തിക ശാസ്ത്രത്തില്‍ ഫ്രൈഡ്മാന്റെ കൃതികള്‍- ഇതൊക്കെ ലോകവ്യാപകമായി ധാരാളം പേര്‍ വളരെ താല്‍പര്യത്തോടെ വായിക്കുന്ന പുസ്തകങ്ങളാണ്.

ഒരു ബുക് സ്റ്റാളില്‍ കയറി 'നോണ്‍ ഫിക്ഷന്‍' വിഭാഗത്തിലേക്ക് ചെന്നാല്‍ പ്രധാനമായും മൂന്ന് ഇനങ്ങള്‍ അവിടെ കാണാം. ഒന്ന്: വ്യക്തിത്വ വികാസം, ജീവിത ചിട്ടകള്‍ എന്നിവയുമായി ബന്ധപ്പെട്ട കൃതികള്‍. രണ്ട്: കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്ന പുസ്തകങ്ങള്‍. മൂന്ന്: ആരോഗ്യം, ഭക്ഷണം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കു വേണ്ടി എഴുതപ്പെട്ടവ.

ജനകീയ സാഹിത്യത്തിന്റെ ഈ മൂന്ന് ഇനങ്ങളിലും ഇസ്‌ലാമിസ്റ്റുകളുടെ സംഭാവന ശുഷ്‌കമാണ്. ഒരുകാലത്ത് ലാഹോറില്‍നിന്ന് സ്ത്രീകള്‍ക്കു വേണ്ടി 'ബത്തൂല്‍' എന്ന മാസിക ഇറങ്ങിയിരുന്നു. സ്ത്രീകളെ ആകര്‍ഷിക്കുന്ന രചനകളാണ് അതില്‍ ഉണ്ടായിരുന്നത്. ഹമീദ ബീഗം, പ്രഫ. ബിന്‍തുല്‍ ഇസ്‌ലാം, നയ്യിര്‍ ബാനു എന്നീ വനിതാ എഴുത്തുകാരുടെ സംഭാവനകള്‍ പ്രത്യേകം പരാമര്‍ശിക്കണം. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന മേഖലയാണ് ബാലസാഹിത്യവും. പണ്ടത്തെ കുട്ടികളല്ല ഇന്നത്തെ കുട്ടികള്‍. ആറേഴ് വയസ്സാകുമ്പോഴേക്ക് തന്നെ കുട്ടികള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കും. അവരെ തൃപ്തിപ്പെടുത്തുന്ന കൃതികള്‍ ഉണ്ടാകണം. എല്ലാ മതവിഭാഗങ്ങളും ഭൗതിക ദര്‍ശനങ്ങളും കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം പുസ്തകങ്ങള്‍ തയാറാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയില്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നുണ്ട് സാനി ഇസ്‌നൈന്‍ ഖാന്റെ 'ഗുഡ്‌വേഡ് പബ്ലിക്കേഷന്‍സ്.' ആഗോളതലത്തില്‍ ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ മലിക് മുജാഹിദി(1951-)ന്റെ 'സൗണ്ട് വിഷന്‍' പ്രസാധനാലയവും കുട്ടികള്‍ക്കു വേണ്ടി കുറേയേറെ നല്ല രചനകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അമ്പതുകളില്‍ മാഇല്‍ ഖൈറാബാദി, ബിന്‍തുല്‍ ഇസ്‌ലാം, ത്വാലിബുല്‍ ഹാശ്മി എന്നിവര്‍ ഉര്‍ദുവിലും എഴുപതുകളില്‍ ഖുര്‍റം മുറാദ് (1932-1996) ഇംഗ്ലീഷിലും ബാലസാഹിത്യ രചനയില്‍ കുറേയൊക്കെ മുന്നോട്ടുപോവുകയുണ്ടായി. ബ്രിട്ടനിലെ 'ഇസ്‌ലാമിക് ഫൗണ്ടേഷന്‍' ഈ മേഖലയില്‍ ശ്രദ്ധ ചെലുത്തിയ പ്രസാധനാലയമായിരുന്നു. പിന്നെ കാര്യമായ ചുവടുവെപ്പുകളൊന്നും ഉണ്ടായില്ല.

സ്വയം എങ്ങനെ കഴിവുകള്‍ വികസിപ്പിക്കാം (Self Improvement) എന്നത് സവിശേഷ പഠന മേഖലയായിത്തീര്‍ന്നിട്ടുണ്ട് ഇന്ന്. ധാരാളം പുസ്തകങ്ങളും ആ വിഷയത്തില്‍ ഇറങ്ങുന്നു. കഥകളും ഉപമകളും ജീവിതാനുഭവങ്ങളും പറഞ്ഞുകൊണ്ട് തങ്ങളുടെ തത്ത്വചിന്തകളെ വളരെ സരസമായി അവതരിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് കഴിയുന്നു. ഓഷോ രജനീഷിന്റേത് ഈ ഇനത്തില്‍ പെടുന്ന, ധാരാളം വായിക്കപ്പെടുന്ന കൃതികളാണെന്ന് നാം പറഞ്ഞു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും വായനക്കാരെ നന്നായി സ്വാധീനിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ സഅ്ദ് ശീറാസി (1210-1292)യും മൗലാനാ ജലാലുദ്ദീന്‍ റൂമി(1207-1273)യും കഥകളും ഉപമകളും പറഞ്ഞ് ജീവിത തത്ത്വചിന്തകള്‍ സരളമായി ജനസാമാന്യത്തെ പഠിപ്പിച്ചവരാണ്. എന്തുകൊണ്ട് ആ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാവുന്നില്ല?

ഇത്തരം വിഷയങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനകളില്‍ എവിടെയാണുള്ളത്? കേന്ദ്ര സ്ഥാനത്തോ, അതോ പ്രാന്തങ്ങളിലെവിടെയെങ്കിലുമാണോ? അല്ലെങ്കില്‍, അത്തരം വിഷയങ്ങള്‍ പരിഗണനയിലേ വരുന്നില്ല എന്നുണ്ടോ? ഇതാണ് നാം ചോദിക്കേണ്ട ചോദ്യം.

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍