Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

നല്ല ദിനങ്ങളല്ല, ഫാഷിസം തരുന്നത് കരിദിനങ്ങള്‍

ന്ത്യക്ക് മീതെ ഫാഷിസം കറുപ്പ് കലര്‍ത്താത്ത ദിനങ്ങള്‍ കുറഞ്ഞുവരികയാണ്. ഓരോ ദിവസവും ഓരോ ദുരന്തങ്ങളാണ് പത്രങ്ങളില്‍ നിറയുന്നത്. ഝാര്‍ഖണ്ഡിലെ ലാത്തേഹാര്‍ ജില്ലയില്‍ ചന്തയിലേക്ക് പോത്തുകളുമായി പോവുകയായിരുന്ന രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവുമൊടുവിലത്തേത്. കൊല്ലപ്പെട്ടവരിലൊരാളായ പന്ത്രണ്ടുകാരന്‍ ഇംതിയാസ് ഖാന്‍ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ഏഴു പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രക്കപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടതാണ് പിതാവ് ആസാദ് ഖാന്. മജ്‌ലൂം അന്‍സാരിയുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ഇംതിയാസ്. മജ്‌ലൂം അന്‍സാരിയെയും ഗോ രക്ഷാ സമിതിക്കാര്‍ കൊന്ന് കെട്ടിത്തൂക്കി. ഭാര്യയും ഒരാണ്‍കുട്ടിയും നാല് പെണ്‍കുട്ടികളുമുള്ള മജ്‌ലൂമിന്റെ അവസ്ഥയും ദുരിതം നിറഞ്ഞതാണ്. വല്യുപ്പ മുഹമ്മദ് ഇബ്‌റാഹീമാണ് ഇനി കുടുംബത്തിന്റെ ആശ്രയം. മാര്‍ച്ച് 19-നാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്.

 

കപട ദേശീയവാദികളുടെ കാലം

'യൂറോപ്യന്‍ ദേശീയത മറ്റു രാജ്യങ്ങള്‍ക്കെതിരെയായിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയത പക്ഷേ ഇന്ത്യയിലെ തന്നെ ജനങ്ങള്‍ക്കെതിരിലാണ്' - എഴുതുന്നത് ആകാര്‍ പട്ടേല്‍. ഇന്ത്യയിലെ കപട ദേശീയ വാദികള്‍ മറ്റു രാജ്യങ്ങള്‍ക്കെതിരിലല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ മതം പറഞ്ഞാണ് പോരിനിറങ്ങുന്നത്. മഹാരാഷ്ട്രയിലെ ഒരു മുസ്‌ലിം നിയമസഭാ സമാജികന്‍ 'ഭാരത് മാതാ കീ ജയ്' എന്ന് ഉച്ചരിക്കില്ല, ജയ് ഹിന്ദ് എന്ന് പറയാമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ ഗവണ്‍മെന്റിനെതിരെ എഴുതരുതെന്ന് ഉര്‍ദു എഴുത്തുകാര്‍ക്ക് താക്കീത് കിട്ടുന്നു. ഇന്ത്യയുടെ പ്രതിഛായക്ക് ഇവരേല്‍പ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വെറുപ്പ് ആദര്‍ശമാക്കിയ കപട ദേശീയവാദികളുടെ മാത്രം 'അഛാ ദിന്‍' ആണ് വന്നിരിക്കുന്നതെന്നും എഴുതുന്നു ആകാര്‍ പട്ടേല്‍ ഔട്ട്‌ലുക്ക് വെബില്‍. 

 

വ്യക്തിസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യരുത്

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം. 'നിര്‍ബന്ധിത ആധാര്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുമോ എന്ന് ഭയക്കണം. ഗവണ്‍മെന്റ് ഈ ഭയാശങ്കകള്‍ അവഗണിക്കരുത്. ആദ്യം ആധാര്‍ കാര്‍ഡിന് ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് പറയുകയും പിന്നീട് നിയമപരമായി ആധാര്‍ കാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിക്കുകയുമാണ് ഗവണ്‍മെന്റ്.' ആശങ്കകള്‍ ദൂരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍