Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

കാരുണ്യത്തിന്റെ പന്ത്രണ്ട് പരിണയങ്ങള്‍

ജമീലാ അബ്ദുല്‍ ഖാദര്‍

പന്ത്രണ്ട് പുണ്യവതികളെ മുഹമ്മദ് നബി(സ) വിവാഹം കഴിച്ചു. ഇവരില്‍ ആഇശ(റ) ഉള്‍പ്പെടെ പത്ത് പത്‌നിമാര്‍ക്കും നബിയുടെ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അവസരമുണ്ടായില്ലെങ്കിലും, അവര്‍ എല്ലാവരും വിശ്വാസികളുടെ മാതാക്കള്‍ (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍) എന്ന ഉത്തുംഗ പദവി അലങ്കരിച്ചു. കേവലം പുരുഷന്‍ എന്ന നിലയില്‍ ഒരുപക്ഷേ ഖദീജ(റ)യെ മാത്രമാണ് നബി വിവാഹം ചെയ്തത്. ബാക്കി എല്ലാ വിവാഹങ്ങളും ഒരു പ്രവാചകന്‍ എന്ന നിലയിലാണ് ആ ലോകാനുഗ്രഹി വിശുദ്ധീകരിച്ചത്. ഓരോ വിവാഹത്തിനും വ്യത്യസ്ത സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ആ സാഹചര്യങ്ങളുടെ അവലോകനം നബിയുടെ അപാരമായ കാരുണ്യത്തെയും യുക്തിജ്ഞാനത്തെയും അനാവരണം ചെയ്യുന്നു.

ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബിക്കെതിരെ അഴിച്ചുവിട്ട ആരോപണങ്ങള്‍ പക്ഷപാതപരവും മുന്‍വിധിയാല്‍ പ്രേരിതവും സത്യത്തിനു നിരക്കാത്തതുമാണെന്ന്, നബിയുടെ വിവാഹങ്ങളെക്കുറിച്ച സത്യസന്ധമായ ഏതു പഠനവും തെളിയിക്കും. ഈ ലേഖനം ചരിത്രത്തിലേക്കുള്ള ഹ്രസ്വമായ ഒരെത്തിനോട്ടമാണ്.

സ്ത്രീ രത്‌നങ്ങള്‍

നബി വിവാഹം ചെയ്ത പന്ത്രണ്ട് സ്ത്രീ രത്‌നങ്ങള്‍ ഇവരാണ്: ഖദീജ ബിന്‍ത് ഖുവൈലിദ്, സൗദ ബിന്‍ത് സംഅ, ആഇശ ബിന്‍ത് അബൂബക്ര്‍, ഹഫ്‌സ ബിന്‍ത് ഉമര്‍, സൈനബ് ബിന്‍ത് ഖുസൈമ, ഉമ്മു സലമ, സൈനബ് ബിന്‍ത് ജഹ്ശ്, ജുവൈരിയ ബിന്‍ത് അല്‍ഹാരിസ്, സ്വഫിയ്യ ബിന്‍ത് ഹുയയ്യുബ്‌നു അഖ്തബ്, റംല ബിന്‍ത് അബീ സുഫ്‌യാന്‍, മാരിയ ബിന്‍ത് ശംഊന്‍ അല്‍ ഖിബ്തിയ്യ, മൈമൂന ബിന്‍ത് അല്‍ഹാരിസ്.

ഖദീജ(റ)

പ്രവാചകത്വലബ്ധിക്കു മുമ്പ് ഇരുപത്തഞ്ചാം വയസ്സിലാണ് നബി നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെ വിവാഹം കഴിച്ചത്. മക്കയിലെ ധനികയും വ്യാപാര പ്രമുഖയുമായിരുന്നു അവര്‍. നബിയെ വിവാഹം ചെയ്യുന്നതിനുമുമ്പ് രണ്ട് പ്രാവശ്യം വിവാഹിതയാവുകയും അതില്‍ കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു അവര്‍ക്ക്. നബിയുടെ സത്യസന്ധതയെക്കുറിച്ചറിഞ്ഞ ഖദീജ വാണിജ്യ വിഭവങ്ങളുമായി അദ്ദേഹത്തെ, അന്ന് റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന സിറിയയിലേക്ക് അയച്ചു. മൈസറ എന്ന ഒരു ഭൃത്യനെ നബിക്ക് കൂട്ടിനായി അവര്‍ അയച്ചിരുന്നു.

കച്ചവട സംഘം ഖദീജക്ക് പതിവിലേറെ ലാഭവും കൊണ്ടാണ് തിരിച്ചെത്തിയത്. കൂട്ടിനു പോയ മൈസറയില്‍നിന്ന് മുഹമ്മദിന്റെ സ്വഭാവ വിശേഷങ്ങള്‍ ഖദീജ കൗതുകപൂര്‍വം ശ്രവിച്ചു. മുഹമ്മദിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അവര്‍ തന്റെ തോഴി വഴി അബൂത്വാലിബിനെ അറിയിക്കുകയും അദ്ദേഹം അത് നബിക്ക് കൈമാറുകയും നബി അത് സ്വീകരിക്കുകയും ചെയ്തതോടെ ആ വിവാഹം നടന്നു. അനുഗൃഹീതമായ ദാമ്പത്യമായിരുന്നു അത്. സന്തോഷവും സമാധാനവും വാത്സല്യവും കാരുണ്യവും ആ ദാമ്പത്യ ജീവിതത്തില്‍ ഓരോ നിമിഷവും കളിയാടിനിന്നു.

തിരുമേനിക്ക് പ്രവാചകത്വം ലഭിച്ചതോടെ ഒട്ടധികം ത്യാഗങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. മനുഷ്യരാശിക്ക് ദൈവം അയച്ച പ്രവാചകനാണ് തന്റെ പ്രിയതമനെന്ന് അറിഞ്ഞതോടെ അവരത് സര്‍വാത്മനാ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു. സമൂഹത്തില്‍നിന്ന് ശത്രുത നേരിടേണ്ടിവന്ന ഭര്‍ത്താവിന്റെ താങ്ങും തണലുമായി വര്‍ത്തിച്ചു. ഖദീജ(റ) തന്റെ പ്രിയതമന് മാനസികവും ശാരീരികവും സാമ്പത്തികവുമായ തുണയായി നിന്നു. വാണിജ്യത്തില്‍ സമ്പാദിച്ച സര്‍വ സ്വത്തും അവര്‍ സത്യപ്രബോധനത്തിനായി ചെലവഴിച്ചു. നബിയുടെ ആറു മക്കളെ അവര്‍ പ്രസവിച്ചു.

ഭൂമിയിലെയും സ്വര്‍ഗത്തിലെയും ഏറ്റവും ഉത്തമയായ വനിത എന്ന് നബി വിശേഷിപ്പിച്ച ആ ഇണയും തണലും അല്ലാഹുവിങ്കലേക്ക് തിരികെ യാത്രയായപ്പോഴായിരുന്നു നബി ഏറ്റവും ദുഃഖമനുഭവിച്ചത്. ഇസ്‌ലാമിക പ്രബോധനത്തിന് നബിക്ക് സര്‍വ പിന്തുണയും നല്‍കാനും തന്റെ സമ്പത്ത് ആ മാര്‍ഗത്തില്‍ ചെലവഴിക്കാനും മാത്രമേ അവര്‍ക്ക് സമയമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാവാം ഖദീജയില്‍നിന്ന് ഹദീസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണുന്നില്ല. അവരോടുള്ള അളവറ്റ സ്‌നേഹം കാരണം ഖദീജ ജീവിച്ചിരിക്കെ നബി വേറെ വിവാഹം ചെയ്തില്ല.

സൗദ(റ)

ഇസ്‌ലാമിന്റെ ആവിര്‍ഭാവ സമയത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു സൗദയും ഭര്‍ത്താവും. ഖുറൈശികളുടെയും സ്വന്തം വീട്ടുകാരുടെയും പീഡനങ്ങളില്‍നിന്ന് അഭയം തേടി അവര്‍ ഭര്‍ത്താവിനോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അതോടെ വീട്ടുകാര്‍ അവരുമായുള്ള ബന്ധം മുറിച്ചു. അബ്‌സീനിയയില്‍നിന്ന് തിരിച്ചുവന്ന ശേഷം സൗദയുടെ ഭര്‍ത്താവ് രോഗിയാവുകയും പിന്നീട് മരണമടയുകയും ചെയ്തു. ഇതോടെ എണ്‍പത് വയസ്സുകാരിയായ സൗദ ജീവിതത്തില്‍ ഒറ്റപ്പെട്ടു. ഇസ്‌ലാമിലെ ആദ്യത്തെ വിധവയായിരുന്നു അവര്‍. നബി അവരെ ഭാര്യയായി സ്വീകരിച്ചു. പ്രവാചകന്റെ കാരുണ്യത്തിന്റെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു ഇത്. ഒരു വിധവ ഇങ്ങനെ ആദരിക്കപ്പെട്ടു. ലോകത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആ വന്ദ്യവയോധികക്ക് ശേഷിച്ച ജീവിതത്തില്‍ ഏറ്റവും ഉത്തമനായ ഇണയെ ലഭിച്ചു.

ആഇശ(റ)

വൃദ്ധയായ സൗദക്കു ശേഷം നബി വിവാഹം ചെയ്തത് തന്റെ ഉറ്റ മിത്രമായ അബൂബക്‌റിന്റെ മകള്‍ ആഇശയെ ആയിരുന്നു. പ്രായത്തിലുള്ള വ്യത്യാസം അവരുടെ ജീവിതത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ആഇശയുടെ മടിയില്‍ കിടന്നായിരുന്നു നബി പരലോകം പൂകിയത്.

ആഇശയുമായുള്ള നബിയുടെ വിവാഹത്തില്‍ ഒരുപക്ഷേ ദൈവപ്രേരിതമായ യുക്തിയുണ്ടായിരുന്നു. നബി വീട്ടില്‍ കഴിച്ചുകൂട്ടുന്ന സമയങ്ങളില്‍ അദ്ദേഹത്തിന്റെ ദിനചര്യകളെ കുറിച്ചും ആരാധനാ രീതികളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ മുസ്‌ലിം സമുദായത്തിന് എത്തിച്ചുകൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ആഇശയാകട്ടെ അതീവ ബുദ്ധികൂര്‍മതയും ഓര്‍മശക്തിയുമുള്ള പെണ്‍കുട്ടിയായിരുന്നു.

നബിയുമായുള്ള അവരുടെ ദാമ്പത്യം ഇസ്‌ലാമിക ജീവിതവ്യവസ്ഥക്ക് അനുപേക്ഷണീയമായ ഒട്ടനവധി അറിവുകള്‍ മനുഷ്യ സമുദായത്തിന് ലഭിക്കാന്‍ കാരണമായി. നിരവധി ഹദീസുകള്‍ അവരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നബിക്കു ശേഷം 42 വര്‍ഷക്കാലം ജീവിച്ച അവര്‍ അക്കാലമത്രയും സമുദായത്തിന് നബിയുടെ ജീവിതചര്യ അധ്യാപനം ചെയ്തുകൊണ്ടിരുന്നു.

ഹഫ്‌സ(റ)

പ്രവാചകനും അബൂബക്‌റും ഉമറും ഉറ്റ മിത്രങ്ങളായിരുന്നുവല്ലോ. ജീവിതവേളയില്‍ ഒരുമിച്ചായിരുന്ന അവര്‍ മരണശേഷവും അടുത്തടുത്ത ഖബ്‌റുകളില്‍ സംസ്‌കരിക്കപ്പെട്ടു. പ്രവാചകന്റെ ദ്വിതീയ തോഴന്‍ ഉമറിന്റെ മകളാണ് ഹഫ്‌സ. അവരുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്, ഉമര്‍ തന്റെ മകളെ പ്രവാചകന്റെ പിതൃ സഹോദരപുത്രനായ അലി വിവാഹം ചെയ്‌തെങ്കില്‍ എന്നാഗ്രഹിച്ചു. എന്നാല്‍ അലി അത് നിരസിച്ചു. ഹഫ്‌സയെ വിവാഹം ചെയ്യാന്‍ അലി വിസമ്മതിച്ചെന്ന പരാതിയുമായി ഉമര്‍ നബിയുടെ അരികില്‍ ചെന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ''ഹഫ്‌സയെ അലിയേക്കാള്‍ ഉത്തമനായ ഒരാളും, അലി ഹഫ്‌സയേക്കാള്‍ ഉത്തമയായ ഒരു സ്ത്രീയെയും വിവാഹം ചെയ്യും.'' അങ്ങനെ പ്രവാചകന്‍ ഹഫ്‌സയെ വിവാഹം ചെയ്തു. തന്റെ പുത്രി ഫാത്വിമയെ പ്രവാചകന്‍ അലിക്ക് വിവാഹം ചെയ്തു കൊടുത്തു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഉമറിന്റെ അര്‍പ്പണങ്ങളെ വിലമതിച്ചുകൊണ്ടും വീണ്ടും ഒരു വിധവയെ ആദരിച്ചുകൊണ്ടുമുള്ള വിവാഹമായിരുന്നു അത്.

പിതാവിന്റെ സ്വഭാവ ഗുണങ്ങള്‍ ഏറക്കുറെ ഹഫ്‌സയിലും ഉണ്ടായിരുന്നു. സത്യത്തിനു മുമ്പില്‍ ആരെയും കൂസാത്ത അതീവ ധൈര്യശാലിയായിരുന്നു അവര്‍. പിതാവിനെ പോലെ അവരുടെ ഹൃദയവും നിറയെ കാരുണ്യമായിരുന്നു. എല്ലാ യുദ്ധ യാത്രകളിലും പങ്കെടുക്കാറുണ്ടായിരുന്ന ഹഫ്‌സ യുദ്ധക്കളത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ മുന്‍പന്തിയിലുണ്ടാകുമായിരുന്നു.

സൈനബ് ബിന്‍ത് ഖുസൈമ(റ)

നബി ഒരു ദിവസം തന്റെ സഹധര്‍മിണിമാരോട് ഇപ്രകാരം പറഞ്ഞു: ''എന്റെ മരണശേഷം നിങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈനീളം ഉള്ളവളായിരിക്കും എന്നിലേക്ക് ആദ്യം വന്നുചേരുക.''ഇതു കേട്ട പ്രവാചക പത്‌നിമാര്‍ അവരവരുടെ കൈകളുടെ നീളം അളക്കാന്‍ തുടങ്ങി. എന്നാല്‍ നബിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ പത്‌നിമാരില്‍ ആദ്യം മരണം പുല്‍കിയത് സൈനബ് ആയിരുന്നു. അപ്പോഴാണ് നബി പറഞ്ഞതിന്റെ പൊരുള്‍ അവര്‍ക്ക് മനസ്സിലായത്.

സൈനബ് അതീവ ധര്‍മിഷ്ഠയായിരുന്നു. അവരുടെ ദാനധര്‍മങ്ങള്‍ കാരണം അവര്‍ 'പാവങ്ങളുടെ മാതാവ്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. അബ്ദുല്‍ മുത്ത്വലിബിന്റെ പേരക്കുട്ടികളില്‍ ഒരാളായിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്. വിധവയായപ്പോള്‍ സ്വന്തം കുടുംബത്തിലെ വിധവയെ ആദരിച്ചുകൊണ്ട് നബി അവരെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഉമ്മു സലമ(റ)

ഇസ്‌ലാമിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍തന്നെ തന്റെ ഭര്‍ത്താവായ അബൂസലമയോടൊപ്പം ഉമ്മുസലമ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിന്റെ ശത്രുക്കളുടെ പീഡനങ്ങളില്‍നിന്ന് അഭയം തേടി നബിയുടെ കല്‍പന പ്രകാരം അബ്‌സീനിയയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ആ ദമ്പതികള്‍ക്ക് നാല് മക്കളുണ്ടായിരുന്നു.

പിന്നീട് നബിയുടെ ഹിജ്‌റക്കു ശേഷം ഉഹുദ് യുദ്ധത്തില്‍ വെച്ച് അബൂസലമക്ക് വലിയ മുറിവേറ്റു. തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഉമ്മുസലമയുടെ ജീവിതം നന്നായി അറിയാമായിരുന്ന നബി അവരെ ആശ്വസിപ്പിക്കാനും അനാഥകളായ അവരുടെ നാല് മക്കളെ സംരക്ഷിക്കാനും ആഗ്രഹിച്ചു. അങ്ങനെ നബി ഉമ്മുസലമയെ വിവാഹം ചെയ്തു.

അഭിപ്രായ സുബദ്ധതയും ചിന്താശക്തിയുമുള്ള ഉമ്മുസലമയുടെ പല അഭിപ്രായങ്ങളും സുപ്രധാന സന്ദര്‍ഭങ്ങളില്‍ നബി സ്വീകരിക്കാറുണ്ടായിരുന്നു. ഈ ഗണത്തിലുള്ള ഒരു സന്ദര്‍ഭമായിരുന്നു ഹുദൈബിയാ സന്ധി. നബിയും സ്വഹാബിമാരും ഇസ്‌ലാമിന്റെ ചരിത്രത്തിലെ ആദ്യ ഉംറ നിര്‍വഹിക്കാന്‍ മദീനയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. മക്കയുടെ അതിര്‍ത്തിയില്‍ വെച്ച് ഖുറൈശികള്‍ അവരെ തടഞ്ഞു. മക്കാ നിവാസികളുമായി അതിര്‍ത്തിയില്‍ വെച്ച് നടന്ന ഹുദൈബിയാ ഉടമ്പടിയില്‍, ആ വര്‍ഷം മുസ്‌ലിംകള്‍ ഉംറ നിര്‍വഹിക്കാതെ തിരിച്ചുപോകണമെന്നും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. നബി അത് സ്വീകരിച്ചു. എന്നാല്‍, ഉംറക്ക് നിയ്യത്ത് ചെയ്തുവന്ന സ്വഹാബിമാര്‍ക്ക് അത് പ്രയാസമുണ്ടാക്കി. ഇത് നബിയെ വിഷമിപ്പിച്ചു.

ഈ യാത്രയില്‍ നബിയുടെ പത്‌നിമാരില്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് ഉമ്മുസലമയായിരുന്നു. അവര്‍ നബിയുടെ മുമ്പില്‍ ഒരഭിപ്രായം സമര്‍പ്പിച്ചു. താങ്കള്‍ തല മുണ്ഡനം ചെയ്യുക, അത് കണ്ടാല്‍ എല്ലാവരും അത് പിന്തുടര്‍ന്നുകൊള്ളും എന്നായിരുന്നു ആ അഭിപ്രായം. നബിക്കിത് ഇഷ്ടപ്പെട്ടു. അദ്ദേഹം ഉടനെ തല മുണ്ഡനം ചെയ്തു. ഇതുകണ്ട സ്വഹാബിമാര്‍ അത് സസന്തോഷം പിന്തുടരുകയും ചെയ്തു.

സൈനബ് ബിന്‍ത് ജഹ്ശ്(റ)

നബിയുടെ അമ്മായി സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബിന്റെ മകളാണ് സൈനബ്. നബിയുടെ വളര്‍ത്തുപുത്രന്‍ സൈദുബ്‌നു ഹാരിസയെ ക്കൊണ്ട് അദ്ദേഹം തന്നെയാണ് സൈനബിനെ വിവാഹം കഴിപ്പിച്ചത്. എന്നാല്‍, ആ ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ടുനീങ്ങിയില്ല. സമാധാനരഹിതമായ ഏതാനും നാളുകള്‍ക്കുശേഷം അവര്‍ വേര്‍ പിരിഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടായി, നബി അവരെ വിവാഹം ചെയ്യണമെന്ന്.

വളര്‍ത്തുപുത്രന്മാര്‍ക്ക് സ്വന്തം പുത്രന്മാരുടെ പദവി നല്‍കുക അറേബ്യയിലെ അന്നത്തെ സമ്പ്രദായമായിരുന്നു. ഇത് തിരുത്താന്‍ വേണ്ടിയാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി ഈ വിവാഹം ചെയ്തത്. വളര്‍ത്തുപുത്രന്മാര്‍ സ്വന്തം പുത്രന്മാരല്ലെന്നും ഇസ്‌ലാമിന്റെ കുടുംബ വ്യവസ്ഥയില്‍ അതിനു സാധുത ഇല്ലെന്നും സമര്‍ഥിക്കാനായിരുന്നു ദൈവ കല്‍പന പ്രകാരമുള്ള ഈ വിവാഹം.

ജുവൈരിയ(റ)

ബനുല്‍ മുസ്ത്വലഖ് ഗോത്ര തലവന്‍ ഹാരിസിന്റെ മകളായ ബര്‍റക്ക് നബിയോടും ഇസ്‌ലാമിനോടും തീരാത്ത പകയും ശത്രുതയുമായിരുന്നു. ബര്‍റയുടെ ഭര്‍ത്താവ് ഈ ശാത്രവത്തിനു നേതൃത്വം കൊടുത്തു. ബനുല്‍ മുസ്ത്വലഖ് യുദ്ധത്തില്‍ മുസ്‌ലിം പക്ഷം വിജയം വരിച്ചു. ഈ യുദ്ധത്തില്‍ ബര്‍റയുടെ ഭര്‍ത്താവ് വധിക്കപ്പെട്ടു. നേതാക്കന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഗോത്രത്തിലെ അധികപേരും യുദ്ധത്തടവുകാരായി. അവരില്‍ ബര്‍റ എന്ന സ്ത്രീ സാബിതുബ്‌നു ഖൈസ് എന്ന സ്വഹാബിയുടെ തടവുകാരിയായി രേഖപ്പെടുത്തപ്പെട്ടു.

സ്വന്തം ഗോത്രത്തിലെ രാജകുമാരി ആയിരുന്ന അവര്‍ക്ക് തടവുജീവിതം അസഹ്യമായിരുന്നു. ഒരു ദിവസം അവര്‍ നബിയോട് സഹായം തേടി ഇപ്രകാരം പറഞ്ഞു: ''ഞാന്‍ എന്റെ ഗോത്രത്തലവന്റെ മകളാണ്. ഒരു തടവുകാരിയായുള്ള ജീവിതം എനിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. അവിടുന്ന് കല്‍പിച്ചാല്‍ തീര്‍ച്ചയായും സാബിത് എന്നെ മോചിതയാക്കില്ലേ?''

അപ്പോള്‍ നബി തിരിച്ചു ചോദിച്ചു: ''അതിനേക്കാള്‍ ഉത്തമമായ ഒരു പദവി ഞാന്‍ നിങ്ങള്‍ക്ക് തരട്ടെയോ? ഞാന്‍ നിങ്ങളെ വിവാഹം കഴിക്കട്ടെയോ?''

ഇതുകേട്ട ബര്‍റ അത്യധികം സന്തോഷിച്ചു. നബി അവരെ വിവാഹം ചെയ്യുകയും അവരുടെ പേര് ജുവൈരിയ എന്നാക്കി മാറ്റുകയും ചെയ്തു. ഈ വിവാഹ വാര്‍ത്ത അറിഞ്ഞ ബനുല്‍ മുസ്ത്വലഖ് ഗോത്രം ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചു. പതിറ്റാണ്ടുകളോളം നീണ്ടുപോയേക്കാമായിരുന്ന ശാത്രവവും യുദ്ധവും ഒരു ദിവസം കൊണ്ട് അങ്ങനെ അവസാനിച്ചു.

ഉമ്മു ഹബീബ(റ)

ഖുറൈശി പ്രമുഖയായ അബൂസുഫ്‌യാന്റെ മകളാണ് റംല എന്ന ഉമ്മു ഹബീബ. അവര്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍തന്നെ ഭര്‍ത്താവിനോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. നാടും വീടും ഉപേക്ഷിച്ച് അബ്‌സീനിയയില്‍ അഭയാര്‍ഥിയായി ജീവിച്ചുകൊണ്ടിരിക്കെ റംലയുടെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചു. അവരുടെ ഭര്‍ത്താവ് ഇസ്‌ലാം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കുകയും ഗര്‍ഭിണിയായിരുന്ന റംലയെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഈ സംഭവം റംലയെ പിടിച്ചുകുലുക്കിയെങ്കിലും അവര്‍ പതറാതെ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ഒട്ടേറെ യാതനകളും കഷ്ടപ്പാടുകളും ഈ അഭയാര്‍ഥി ജീവിതത്തിനിടെ അവര്‍ സഹിച്ചു. നിത്യജീവിതത്തിനു പോലും ആ ഗര്‍ഭിണി വഴിമുട്ടി. തുണയായി ആരുമില്ലെങ്കിലും അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസം അവര്‍ക്ക് സമാധാനം നല്‍കി.

ഈ മഹാ ത്യാഗിവര്യയുടെ വിവരങ്ങളറിയാന്‍ ഇടയായ നബി, അന്നത്തെ അബ്‌സീനിയാ രാജാവായ നജ്ജാശിക്ക് ഒരു കത്തെഴുതി. നബി റംലയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അതിലെ സന്ദേശം. കത്ത് വായിച്ച രാജാവ് ഉടനെ റംലയെ വിളിപ്പിക്കുകയും നബിയുടെ സന്ദേശം അവരെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. കത്തുമായി വന്ന സ്വഹാബി ശുറഹ്ബീലിന്റെ കൂടെ രാജാവ് അവരെ മക്കയിലേക്ക് യാത്രയാക്കി. ജീവിതത്തെത്തന്നെ അട്ടിമറിക്കുന്ന ദുരന്തത്തില്‍ അകപ്പെട്ടപ്പോഴും വിശ്വാസപാതയില്‍ അടിയുറച്ചുനിന്ന അബൂ സുഫ്‌യാന്റെ മകള്‍ക്ക് അല്ലാഹുവിന്റെ സമ്മാനമായിരുന്നു നബിയുമായുള്ള അവരുടെ വിവാഹം.

സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)

ഖൈബര്‍ യുദ്ധത്തില്‍ തടവുകാരിയായി പിടിക്കപ്പെട്ടതായിരുന്നു സ്വഫിയ്യ. ജൂത ഗോത്രങ്ങളില്‍ ഒന്നായ ബനൂ ഖുറൈളക്കാരിയും ഗോത്രത്തലവന്‍ ഹുയയ്യിന്റെ മകളുമായിരുന്നു അവര്‍.

ഖൈബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയം വരിക്കുകയും അനവധി പേരെ തടവുകാരാക്കുകയും ചെയ്തു. പിന്നീട് തടവുകാരെ ഓരോരുത്തരുടെ ചുമതലയില്‍ വിഭജിച്ചപ്പോള്‍ സ്വഫിയ്യ നബിയുടെ ചുമതലയില്‍ വന്നുപെട്ടു. നബി ഉടനെ തന്നെ അവരെ മോചിപ്പിച്ചു. സത്യമതം സ്വീകരിച്ചതിന്റെ പേരില്‍ അപമാനിക്കപ്പെട്ട സ്വഫിയ്യയുടെ പിതാവിനെ ആദരിക്കാന്‍ റസൂല്‍ ഈ അവസരം ഉപയോഗപ്പെടുത്തി. സ്വഫിയ്യയെ പ്രവാചകന്‍ വിവാഹം ചെയ്തു.

മാരിയ അല്‍ ഖിബ്തിയ്യ(റ)

മക്കാ വിജയത്തിനു ശേഷം നബി ഭൂമിയുടെ നാനാ ഭാഗങ്ങളിലേക്കും ഇസ്‌ലാമിന്റെ സന്ദേശവുമായി ദൂതന്മാരെ അയച്ചിരുന്നു. അവരില്‍ ഒരാള്‍ ഈജിപ്തിലെ അലക്‌സാണ്ട്രിയയിലേക്കായിരുന്നു നിയോഗിക്കപ്പെട്ടത്. ഈജിപ്ത് അന്ന് റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. റോമിന്റെ പ്രതിനിധിയായി മുഖൗഖസ് എന്ന രാജാവായിരുന്നു ഈജിപ്ത് ഭരിച്ചിരുന്നത്. ഈജിപ്തിലെത്തിയ ദൂതന്‍ നബിയുടെ കത്ത് മുഖൗഖസിനെ ഏല്‍പിച്ചു. അദ്ദേഹം ആ കത്ത് വായിച്ചു. ഇസ്‌ലാമിന്റെ സന്ദേശം സത്യമാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നാല്‍, റോമക്കാര്‍ തന്നെ വധിക്കുമെന്ന ഭയത്താല്‍ രാജാവ് ഇസ്‌ലാം സ്വീകരിച്ചില്ല.

ആയിരം വര്‍ഷങ്ങള്‍ക്കിടെ ഒട്ടനവധി രാജാക്കന്മാരെയും ദൈവദൂതന്മാരെയും യഥേഷ്ടം കൊന്നൊടുക്കിയ ചരിത്ര പാരമ്പര്യമായിരുന്നല്ലോ റോമിന്. യഹൂദ മതവും ക്രിസ്തുമതവും തമ്മില്‍ റോമില്‍ അരങ്ങേറിയ നീണ്ട യുദ്ധങ്ങളുടെ അഗ്നിയില്‍ ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ ആഹൂതി ചെയ്യപ്പെട്ടിരുന്നു.

ധീരനായ മുഖൗഖസ് പക്ഷേ ആദരവോടെ ഒരു നല്ല മറുപടി എഴുതുകയും നബിക്ക് അനേകം സമ്മാനങ്ങളുമായി ദൂതനെ തിരിച്ചയക്കുകയും ചെയ്തു. ആ സമ്മാനങ്ങളുടെ കൂട്ടത്തില്‍ രണ്ട് അടിമ സ്ത്രീകളും ഉണ്ടായിരുന്നു. കോപ്റ്റിക് വംശജരായ മാരിയയും സഹോദരി ഷെരിനും. യാത്രാ മധ്യേ അവര്‍ രണ്ടു പേരും നബിയുടെ ദൂതനില്‍നിന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

മദീനയിലെത്തിയപ്പോള്‍ മുഖൗഖസിന്റെ കത്തും സമ്മാനങ്ങളും ദൂതന്‍ നബിയെ ഏല്‍പിച്ചു. ഈജിപ്ത് രാജാവിന്റെ വിനയാന്വിതമായ മറുപടി വായിക്കവെ നബി ചിന്തിച്ചുകൊണ്ടിരുന്നത്, ഭൂമിയുടെ രണ്ടു ഭാഗങ്ങളിലായി കിടക്കുന്ന അറേബ്യയെയും ഈജിപ്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചായിരുന്നു. ഈ മഹാ പദ്ധതിക്ക് മുന്‍കൈയെടുത്തുകൊണ്ട് പ്രവാചകന്‍ തുടക്കമെന്ന നിലയില്‍ മാരിയയെ വിവാഹം ചെയ്തു.

ഖദീജാ ബീവി കഴിഞ്ഞാല്‍ മാരിയ മാത്രമാണ് നബിയുടെ സന്താനത്തെ പ്രസവിച്ചത്. ഇബ്‌റാഹീം എന്നായിരുന്നു ആ മകന്റെ പേര്. മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും യഹൂദരുടെയും പൊതു പൂര്‍വികന്റെ അതേ നാമം!

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. രണ്ടാം ഖലീഫയായ ഉമറിന്റെ കാലത്ത് അംറുബ്‌നുല്‍ ആസ്വിന്റെ സേനാധിപത്യത്തില്‍ മുസ്‌ലിംകള്‍ ഈജിപ്ത് കീഴടക്കാനായി പുറപ്പെട്ടു. അന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ റോമാ സാമ്രാജ്യത്തില്‍നിന്ന് കടുത്ത പ്രതിരോധമാണ് മുസ്‌ലിംകള്‍ക്ക് നേരിടേണ്ടിവന്നത്.

എന്നാല്‍, റോമക്കാരാല്‍ നിരന്തരം പീഡിപ്പിക്കപ്പട്ടുകൊണ്ടിരുന്ന ഈജിപ്ത് ജനതക്ക് മുസ്‌ലിം സൈന്യത്തോട് അനുഭാവമായിരുന്നു. ദൈവത്തിന്റെ ഒടുവിലത്തെ പ്രവാചകനായ മുഹമ്മദിനെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും അവര്‍ കേട്ടറിഞ്ഞിരുന്നു. ഈജിപ്ഷ്യന്‍ വംശജയായ മാരിയയുമായുള്ള നബിയുടെ വിവാഹം ഈജിപ്തുകാരുടെ വീടുകളില്‍ സ്‌നേഹപൂര്‍വം അനുസ്മരിക്കപ്പെടാറുണ്ടായിരുന്നു.

ഈജിപ്തിലെത്തിയ മുസ്‌ലിം സൈന്യം അവരോട് പറഞ്ഞു: ''കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദിന്റെ അനുയായികളാണ് ഞങ്ങള്‍. നിങ്ങള്‍ ഞങ്ങളില്‍നിന്ന് കാരുണ്യം മാത്രമേ അനുഭവിക്കുകയുള്ളൂ.'' ഈ പ്രഖ്യാപനം ശ്രവിച്ചതോടെ, ക്രൂരന്മാരായ റോമാക്കാരില്‍നിന്ന് രക്ഷപ്പെടാനുള്ള ഈജിപ്തുകാരുടെ ആഗ്രഹത്തിന് ആക്കം കൂടി.

ഈജിപ്തുകാരുടെ കാലുകള്‍ ഇരുമ്പുചങ്ങലകളാല്‍ പരസ്പരം ബന്ധിച്ചായിരുന്നു ഈ യുദ്ധത്തില്‍ റോമക്കാര്‍ പ്രതിരോധ നിര സൃഷ്ടിച്ചിരുന്നത്. യുദ്ധക്കളത്തില്‍നിന്ന് ഈജിപ്തുകാര്‍ ഓടിപ്പോകാതിരിക്കാനും കൊല്ലപ്പെടുന്നത് മുഴുവന്‍ ഈജിപ്തുകാരാകാനുമായിരുന്നു റോമക്കാരുടെ നീചമായ ഈ യുദ്ധ തന്ത്രം. എന്നാല്‍, യുദ്ധം ശക്തമായപ്പോള്‍ ചങ്ങലകളാല്‍ ബന്ധിതരായ ഈജിപ്തുകാര്‍ മുസ്‌ലിം സൈന്യത്തോടൊപ്പം ചേരുകയും റോമക്കാരെ തുരത്തുകയും ചെയ്തു.

ഈജിപ്ത് മോചിതമായി. ക്രമേണ ഈജിപ്ത് മുഴുവന്‍ ഇസ്‌ലാമിന്റെ കീഴില്‍ വരികയും ഖുര്‍ആന്റെ ഭാഷയായ അറബി ഈജിപ്തിന്റെ മാതൃഭാഷയായി മാറുകയും ചെയ്തു.

ഈജിപ്തിനെയും അറേബ്യയെയും ബന്ധിപ്പിക്കാനുള്ള നബിയുടെ ആഗ്രഹം അല്ലാഹു ഇങ്ങനെ നിറവേറ്റി.

മൈമൂന(റ)

സൈന്യാധിപനായിരുന്ന ഖാലിദുബ്‌നു വലീദിന്റെ മാതൃ സഹോദരി  ബര്‍റ വിധവയായി. നബി അവരെ വിവാഹം കഴിക്കുകയും അവര്‍ക്ക് മൈമൂന എന്ന പേര്‍ നല്‍കുകയും ചെയ്തു.

യുദ്ധക്കളങ്ങളില്‍ വിശ്രമമില്ലാതെ ഓടിനടന്ന് മുറിവേറ്റ സൈനികര്‍ക്ക് ചികിത്സയും സഹായങ്ങളും എത്തിക്കുക അവരുടെ ശീലമായിരുന്നു. ഖാലിദുബ്‌നുല്‍ വലീദ് മുസ്‌ലിംകളുടെ ശത്രുപക്ഷത്തു നിന്ന് യുദ്ധം നയിക്കുമ്പോഴും മൈമൂന ഇസ്‌ലാമിന്റെ സൈനിക നിരയിലായിരുന്നു. പിന്നീട് ഖാലിദ് ഇസ്‌ലാം സ്വീകരിച്ചു.

യുദ്ധക്കളത്തില്‍ ആദ്യത്തെ എമര്‍ജന്‍സി വനിതാ വിംഗ് രൂപീകരിച്ചത് മൈമൂനയായിരുന്നു.

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍