Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

മത - വംശ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയിലൂടെ

മുനീര്‍ മുഹമ്മദ് റഫീഖ്

യാത്രാപ്രേമിയായ ഒരു മലേഷ്യന്‍ സുഹൃത്തിന്റെ പ്രേരണയാലാണ് തായ്‌ലന്റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മലേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, ദക്ഷിണ തായ് പ്രദേശങ്ങളില്‍ താമസക്കാരില്‍ അധികവും മുസ്‌ലിംകളാണ്. അയല്‍ രാജ്യമായ തായ്‌ലന്റിന്റെ അതിര്‍ത്തിയിലേക്ക് ക്വാലാലമ്പൂരില്‍നിന്ന് ഏകദേശം അഞ്ഞൂറ് കിലോമീറ്റര്‍ ദൂരമുണ്ട്. ദക്ഷിണ തായ്‌ലന്റിലെ പ്രധാന നഗരമായ ഹാത് യായിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. തീരെ തിരക്കില്ലാത്ത ഹാത്  യായ് വിമാനത്താവളത്തില്‍ അയല്‍നാടുകളുമായി ബന്ധിപ്പിക്കുന്ന ഏതാനും രാജ്യാന്തര സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളും മാത്രമേയുള്ളൂ. വിമാനത്താവളം മുതല്‍തന്നെ മുസ്‌ലിം സാംസ്‌കാരിക മുദ്രകള്‍ ദൃശ്യമായിത്തുടങ്ങി. വിമാനത്താവളത്തില്‍ അധികം തിരക്കൊന്നുമില്ല. ഹിജാബ് ധരിച്ച ഇമിഗ്രേഷന്‍ യൂനിറ്റിലെ മുസ്‌ലിംസ്ത്രീ, മലേഷ്യക്കാരിയെ പോലെ തോന്നിച്ചു. 

തേര്‍വാദ ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള തായ്‌ലന്റില്‍ ഇസ്‌ലാമാണ് രണ്ടാമത്തെ മതം. 7.5 മില്യന്‍ വരുന്ന മുസ്‌ലിംകള്‍ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 12 ശതമാനത്തോളമുണ്ടണ്ട്. തായ് മുസ്‌ലിംകളില്‍ എണ്‍പത് ശതമാനവും മലായ് വംശജരാണ്. തായ്, പാക്-ഇന്ത്യന്‍ വംശജരില്‍പെട്ടവരാണ് മറ്റുള്ളവര്‍. ആകെ മുസ്‌ലിംകളുടെ അമ്പതു ശതമാനവും ദക്ഷിണ തായ്‌ലന്റിലാണ്. ബാക്കി അമ്പതു ശതമാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നു. ദക്ഷിണ തായ് മുസ്‌ലിംകള്‍ സംസ്‌കാരത്തിലും ജീവിതരീതിയിലും വ്യതിരിക്തത പുലര്‍ത്തുന്ന 'ദീനീ' മുസ്‌ലിംകളാണ്. ഭാഷയിലും സംസ്‌കാരത്തിലും ജീവിതരീതിയിലും മലേഷ്യന്‍ മുസ്‌ലിംകളുമായി ഏറെ സമാനതകളുണ്ട് അവര്‍ക്ക്. എന്നാല്‍, തായ്‌ലന്റിലെ ഇതര ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ തായ് സംസ്‌കാരത്തോടും ജീവിത രീതികളോടും ഏറെ ചേര്‍ന്നുനില്‍ക്കുന്നവരാണ്. ബുദ്ധമത സ്വാധീനം ആചാരങ്ങളിലും ജീവിത രീതികളിലും ഇക്കൂട്ടരില്‍ ഏറെ പ്രതിഫലിച്ചുകാണാം. 

തായ്‌ലന്റില്‍ ഇസ്‌ലാമിന്റെ ആഗമനത്തിന് ഏഴു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലേഷ്യയിലെത്തിയ ഇന്ത്യന്‍ മുസ്‌ലിം വണിക്കുകള്‍ വഴിയാണ് തായ്‌ലന്റിലേക്കും ഇസ്‌ലാം വ്യാപിക്കുന്നത്. ക്രി. 1387-ല്‍ തായ്‌ലന്റിലെ പട്ടാണിയില്‍ ഇസ്‌ലാം എത്തിയിരുന്നതായി രേഖകളുണ്ട്. എന്നാല്‍ അതിനു മുമ്പേ തന്നെ ദക്ഷിണ തായ് പ്രദേശങ്ങളില്‍ ഇസ്‌ലാം എത്തിയിരുന്നതായും പറയപ്പെടുന്നു. അറേബ്യയിലെ സാംസ്‌കാരിക-നാഗരിക പശ്ചാത്തലത്തില്‍നിന്നും ഏറെ വിഭിന്നമാണ് ഇവിടത്തെ മുസ്‌ലിം ജീവിതം. മതത്തിന്റെ അടിസ്ഥാനാദര്‍ശങ്ങളും അനുഷ്ഠാനങ്ങളും മാറ്റമില്ലാതെ നിലനില്‍ക്കുമ്പോള്‍ തന്നെ, ആചാരങ്ങളിലും ജീവിതരീതികളിലും ബുദ്ധമത സ്വാധീനം ഏറെയുണ്ട്. ഇന്ത്യയിലെ ഹിന്ദു-ബുദ്ധ-ജൈന മതവിഭാഗങ്ങളിലൂടെ കയറിയിറങ്ങിയാണ് ഇസ്‌ലാം തായ്‌ലന്റില്‍ എത്തുന്നത്. അതിനാല്‍ ആ മതങ്ങളുടെ സ്വാധീനം തായ് മുസ്‌ലിംകളിലുമുണ്ട്. ഇന്നു കാണുന്ന ഏകീകൃത തായ്‌ലന്റ് ആകുന്നതിനുമുമ്പ് തായ്‌ലന്റില്‍ മുസ്‌ലിംകള്‍ക്ക് സ്വന്തമായ ഒരു രാജ്യമുണ്ടായിരുന്നു. 1350-ല്‍ സ്ഥാപിതമായ അയുത്വയ മുസ്‌ലിം രാജവംശം 1767 വരെ നിലനിന്നു. ദക്ഷിണ തായ്‌ലന്റില്‍ ഇന്നുള്ള സാതൂണ്‍, യാല, പട്ടാണി, നരാതിവാത് എന്നീ പ്രവിശ്യകള്‍ ചേര്‍ന്നതായിരുന്നു ആ രാജ്യം. 1902-ലാണ് ഈ പ്രദേശങ്ങള്‍ തായ്‌ലന്റിന്റെ ഭാഗമായത്. 

രാജഭരണം നിലനില്‍ക്കുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നാണ് തായ്‌ലന്റ്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പും പാര്‍ലമെന്റുമെല്ലാമുണ്ടെങ്കിലും ഭരണം കൈയാളുന്നത് ആത്യന്തികമായി രാജാവാണ്. രാജ്യത്തോടും ഭരിക്കുന്ന രാജാവിനോടും കൂറുള്ള പ്രജകളായിരിക്കണം എല്ലാ പൗരന്മാരും. മുസ്‌ലിംകളോടുള്ള തായ് ഭരണകൂടത്തിന്റെ സമീപനം, പല നിലക്കും ശ്ലാഘനീയമാണ്. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ രാജ്യങ്ങള്‍ക്കു ചില കാര്യങ്ങളിലെങ്കിലും തായ്‌ലന്റ് മാതൃകയാണ്. വിശ്വാസപരവും സ്വത്വപരവുമായ വ്യതിരിക്തത നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് തായ്‌ലന്റില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ദക്ഷിണ തായ് മുസ്‌ലിംകളില്‍ ഒരു വിഭാഗം സംഘടിച്ച് മുമ്പ് സ്വതന്ത്ര രാജ്യത്തിനു വേണ്ടി സായുധവിപ്ലവത്തിന് ശ്രമിച്ച ചരിത്രമുണ്ട്. എങ്കിലും തായ്‌ലന്റ് പൊതുവെ സമാധാനപരമാണ്. തേര്‍വാദ ബുദ്ധമതക്കാര്‍ ഭൂരിപക്ഷമുള്ള മ്യാന്‍മറിലെയും ശ്രീലങ്കയിലെയും പോലെ മുസ്‌ലിംകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തായ്‌ലന്റില്‍നിന്നും കേള്‍ക്കാന്‍ കഴിയില്ല. 

പടിഞ്ഞാറു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇസ്‌ലാമോഫോബിയ ചില മുസ്‌ലിം ഭരണകൂടങ്ങളെപോലും ആ വഴിയില്‍ സഞ്ചരിക്കാന്‍ പ്രേരിക്കുമ്പോഴും തായ് ഭരണകൂടവും ജനതയും പൊതുവെ മുസ്‌ലിംകളുമായി സൗഹൃദത്തില്‍ വര്‍ത്തിച്ചുപോരുന്നു. ഭരണകൂടത്തോടും രാജ്യത്തോടുമുള്ള പൗരന്മാരുടെ കൂറും പ്രതിബദ്ധതയും വളര്‍ത്താന്‍ ഭരണകൂടം പല തരം പദ്ധതികള്‍ നടപ്പാക്കിപ്പോരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍ തുടങ്ങി മുസ്‌ലിംകളുടെ ഭൗതിക പുരോഗതിക്കു വേണ്ടി സാമ്പത്തിക സഹായമടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ചെയ്തുപോരുന്നു. എന്നാല്‍ മുസ്‌ലിം ഉന്നമനത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ മുഴുവന്‍ സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ തയാറല്ല. ചില കാര്യങ്ങളെങ്കിലും അവരുടെ മതവിശ്വാസത്തിനെതിരായി വരുന്നുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. എല്ലാ സ്‌കൂളുകളിലും ബുദ്ധമതവുമായി ബന്ധപ്പെട്ട ചിഹ്നം ഉല്ലേഖനം ചെയ്യണമെന്ന സര്‍ക്കാര്‍ നിയമം ഒരുദാഹരണം. തായ്‌ലന്റിലെ ഏറ്റവും വലിയ പള്ളി പട്ടാണിയില്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ചതാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രപരമായ ചില കാരണങ്ങളാല്‍  ദക്ഷിണ തായ് മുസ്‌ലിംകള്‍ പിന്നാക്കമാണ്. മുസ്‌ലിം പിന്നാക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ-മത രംഗങ്ങളില്‍ മലേഷ്യയിലെ സര്‍ക്കാരിതര സന്നദ്ധ സംഘങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്.    

സോങ്ക്‌ളാ പ്രവിശ്യയും മുസ്‌ലിംകളും

ദക്ഷിണ തായ്‌ലന്റിലെ ഏറ്റവും വലിയ നഗരമായ ഹാത് യായ് സോങ്കഌ പ്രവിശ്യയിലെ പ്രധാന കച്ചവടകേന്ദ്രം കൂടിയാണ്. ഇവിടെ മുസ്‌ലിംകള്‍ ഏറെയുണ്ടെങ്കിലും മറ്റു മതസ്ഥരും വംശജരുമടങ്ങുന്നതാണ് ഹാത് യായ് നിവാസികള്‍. മുസ്‌ലിംകള്‍ തായ്-ചൈനീസ് വംശജരേക്കാള്‍ കൂടുതലുള്ള ഏക പ്രദേശമാണിത്.

ചൈനീസ്, പാക്, തായ്, മലായ് വംശജരടങ്ങുന്നതാണ് ദക്ഷിണ തായ്‌ലന്റ് ജനത. അതിനാല്‍തന്നെ വൈവിധ്യമാര്‍ന്ന മത-വംശ-സംസ്‌കാരങ്ങളുടെ ഒരു സംഗമ ഭൂമിയാണ് ഹാത് യായ്.

വിമാനത്താവളത്തില്‍നിന്ന് ഹാത് യായ് നഗരത്തിലേക്ക് അര മണിക്കൂറിലേറെ യാത്രചെയ്യണം. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നമ്മുടെ നാട്ടിലേതുപോലുള്ള ബസുകളിലല്ല. പിക് അപ് കാരിയറില്‍ പിറകില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയും വിധം സജ്ജീകരിച്ച ഒരു പ്രത്യേക തരം വാഹനമാണ് തായ് വീഥികളിലെ പ്രധാന യാത്രാവലംബം. നമ്മുടെ നാട്ടില്‍ ബസ് റൂട്ടുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്ര ഒരുക്കുന്ന ജീപ്പുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാഹനം. വേണ്ടത്ര ആളുകള്‍ കയറിയെങ്കില്‍ മാത്രമേ വാഹനം പുറപ്പെടൂ. വാഹനമോടിക്കുന്ന വൃദ്ധന്‍ മുസ്‌ലിമാണ്. ഹിജാബ്ധാരിണിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് പണം വാങ്ങുന്നത്. ഇറങ്ങേണ്ട യാത്രക്കാര്‍ വാഹനമിറങ്ങിയ ശേഷം മുന്‍ സീറ്റില്‍ ഡ്രൈവറോടൊപ്പമിരിക്കുന്ന അവര്‍ക്ക് പണം നല്‍കുകയാണ്. വാഹനത്തില്‍ വേറെയുമുണ്ട് മുസ്‌ലിം സ്ത്രീകള്‍. മലേഷ്യയിലേതുപോലെത്തന്നെ തായ്‌ലന്റിലും സ്ത്രീസാന്നിധ്യം എല്ലായിടത്തുമുണ്ട്. 

മലായ് തായ് സമൂഹങ്ങളില്‍ പൊതു ഇടങ്ങളിലെ സ്ത്രീപങ്കാളിത്തം എടുത്തുപറയേണ്ട പ്രത്യേകതയാണ്. റെസ്റ്റോറന്റുകളിലും ടാക്‌സികളിലുമൊക്കെ സ്ത്രീകളും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജോലിചെയ്യുന്നു. മലേഷ്യയില്‍ അത് ഹിജാബ്ധാരിണികളായ മുസ്‌ലിം സ്ത്രീകളാണെങ്കില്‍ ദക്ഷിണ തായ്‌ലന്റില്‍ മുസ്‌ലിം സ്ത്രീസാന്നിധ്യം അത്രയേറെ ഇല്ല. ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ മികവു പുലര്‍ത്തുന്ന തായ്‌ലന്റില്‍ പക്ഷേ തദ്ദേശീയരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനക്കുറവ് തായ് ഭാഷ അറിയാത്ത സഞ്ചാരികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. രാജ്യം മാതൃഭാഷക്കു നല്‍കുന്ന പ്രാധാന്യം കാരണമത്രെ ഇത്. ഔദ്യോഗിക ബോധനഭാഷ മാതൃഭാഷയായ തായ് ആണ്. ബസിന്റെ ബോര്‍ഡുകള്‍ മുതല്‍ കടകളുടെ നാമങ്ങളും ടെലഫോണ്‍ മെസേജുകളും മൊബൈല്‍ യൂസര്‍ ഭാഷ വരെ എല്ലാം തായ് ഭാഷയിലാണ്.  

ഹാത് യായ് നഗരത്തിലെ റെസ്റ്റോറന്റുകളില്‍ അധികവും ചൈനക്കാരുടേതാണ്. ബീഫും കോഴിയും പോലെ, പന്നിമാംസവും ഹോട്ടലുകളില്‍ പല രീതിയില്‍ ഫ്രൈ ചെയ്തു പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മുസ്‌ലിം ഹോട്ടലുകള്‍ക്കു മുമ്പില്‍ വലിയ അക്ഷരത്തില്‍ ഫാതിഹയോ, കുറഞ്ഞപക്ഷം ബിസ്മിയോ എഴുതിവെച്ചിട്ടുണ്ടാകും. മുസ്‌ലിം ഹോട്ടലുകളാണെന്ന് എളുപ്പം തിരിച്ചറിയാനുള്ള മാര്‍ഗമാണത്. മുസ്‌ലിം ഹോട്ടലുകളിലെ നടത്തിപ്പുകാരില്‍ സ്ത്രീകളുമുണ്ട്. മുസ്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളെ സഗൗരവം പരിഗണിക്കുന്നതാണ് തായ് സര്‍ക്കാര്‍ സമീപനം. ദക്ഷിണ തായ്‌ലന്റിലെ ഹാത് യായ്, ക്രാബി, ഫുക്കറ്റ് പോലുള്ള പ്രദേശങ്ങളിലെല്ലാം മുസ്‌ലിം യാത്രക്കാര്‍ക്കു വേണ്ടി ബസ് സ്റ്റാന്റുകളില്‍ പ്രാര്‍ഥനാ ഹാളുകളുണ്ട്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരുന്നിട്ടും മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയോട് കിടപിടിക്കുന്നതാണ് മുസ്‌ലിംകള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍. നഗരത്തില്‍ അങ്ങിങ്ങായി മുസ്‌ലിം പള്ളികള്‍ ഉണ്ട്. അടുത്തുള്ള ഒരു പള്ളിയില്‍ ഞങ്ങള്‍ ളുഹ്‌റും അസ്വ്‌റും ജംഅായി നമസ്‌കരിച്ചു. പാക് വേരുകളുള്ള തായ് മുസ്‌ലിംകള്‍ നിര്‍മിച്ച പള്ളിയാണത്. പള്ളിയുടെ എഞ്ചിനീയറിംഗ്, അത് പഴയകാല പള്ളിയാണെന്നു വിളിച്ചറിയിക്കുന്നതായിരുന്നു. പള്ളിയില്‍നിന്നിറങ്ങിയ ഞങ്ങള്‍ക്കു ചുറ്റും ബൈക്കില്‍ റോന്തുചുറ്റി എത്തുന്ന ചിലരെ കണ്ട് ഞാന്‍ പരിഭ്രാന്തനായി. പിന്നീടാണ് മനസ്സിലായത്; അവര്‍ ബൈക്ക് ടാക്‌സിക്കാരാണെന്ന്. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകള്‍ പോലെ ഇവിടെ ബൈക്ക് ടാക്‌സിയാണ് അധികവും. സഞ്ചാരികളാണെന്നു മനസ്സിലാക്കി അവര്‍ ഒരു സവാരി തരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സ്ത്രീകളടക്കമുള്ള ഈ ടാക്‌സിക്കാര്‍ തങ്ങളുടെ ബൈക്കിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരെ ഇരുത്തി സാഹസികമായി ഓടിച്ചുപോകുന്നതു കണ്ടാല്‍ അതിശയം തോന്നും.

നഗരത്തില്‍ പള്ളികളേക്കാള്‍ കൂടുതല്‍ ബുദ്ധ ക്ഷേത്രങ്ങളുണ്ടെന്നു തോന്നി. തായ് ബുദ്ധ ക്ഷേത്രവും ചൈനീസ് ബുദ്ധക്ഷേത്രവും തമ്മില്‍ രൂപത്തില്‍ വലിയ അന്തരമുണ്ട്. നഗരത്തിലെ ചൈനീസ് ബുദ്ധ ക്ഷേത്രങ്ങളിലൊന്ന് ഞാനും സുഹൃത്തും സന്ദര്‍ശിച്ചു. ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലെ മനോഹരമായ ശില്‍പ-ചിത്രപ്പണികളാല്‍ അലംകൃതമാണ് ബുദ്ധക്ഷേത്രം. ചൈനീസ് മിത്തിലെ തീതുപ്പുന്ന വ്യാളിയുടെയും മറ്റു പല ജീവികളുടെയും കടുംചായത്തിലുള്ള ശില്‍പങ്ങളും ചിത്രങ്ങളും ഒരുവേള നമ്മെപ്പോലുള്ള സന്ദര്‍ശകരുടെ മനസ്സില്‍ ഭീതി നിറക്കും. ഇവിടങ്ങളില്‍ ആര്‍ക്കും പ്രവേശിക്കാമെന്നു തോന്നുന്നു. അനുവാദം ചോദിക്കാന്‍ ക്ഷേത്രപരിസരത്ത് ആരെയും കണ്ടില്ല. ഞാനും സുഹൃത്തും ക്ഷേത്രത്തിനകത്തു കയറി. ഒരു സ്ത്രീ അകത്ത് പ്രാര്‍ഥനാനിരതയാണ്. സാമ്പ്രാണി പോലെ എന്തോ ഒന്ന് കത്തിച്ച് പ്രാര്‍ഥനാ മുറിയുടെ അങ്ങിങ്ങായി ചില കര്‍മങ്ങള്‍ ചെയ്യുകയാണവര്‍. മുസ്‌ലിം പള്ളികള്‍ പോലെ വിശാലമല്ല ബുദ്ധക്ഷേത്രങ്ങള്‍. കൂട്ടമായി അവിടെ ആരെങ്കിലും പ്രാര്‍ഥനക്കു വരുന്നതായി കണ്ടില്ല. കൂട്ടമായി പ്രാര്‍ഥിക്കുന്ന ശീലം ബുദ്ധമതക്കാര്‍ക്കില്ലാത്തതാകാം കാരണം. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളപ്പോള്‍ കയറിവന്നു പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനാ ഹാളിനകത്ത് ഇടതുവശത്തായി പൂജക്കെന്നപോലെ കുറേ പാത്രങ്ങളില്‍  ഭക്ഷണ പദാര്‍ഥങ്ങള്‍ വെച്ചിട്ടുണ്ട്. 

തായ്‌ലന്റിലെ തെക്കുകിഴക്കന്‍ തീരദേശ നഗരമായ സോങ്കഌ നഗരം സോങ്ക്‌ളാ പ്രവിശ്യയുടെ ആസ്ഥാനം കൂടിയാണ്. ഹാത് യായില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് സോങ്കഌ നഗരത്തിലേക്ക്. മുസ്‌ലിംകള്‍ ഏറെയുണ്ടെങ്കിലും ബുദ്ധക്ഷേത്രങ്ങളും മറ്റുമാണ് നഗരത്തില്‍ കൂടുതല്‍. മലായ് മുസ്‌ലിംകളെയും തായ് മുസ്‌ലിംകളെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയായിരുന്നു ഒരു കാലത്ത് സോങ്ക്‌ളാ നഗരം. നഗരത്തിന് വടക്കു ഭാഗത്തുള്ള മുസ്‌ലിംകള്‍ തായ് ഭാഷ സംസാരിക്കുന്നവരും കിഴക്കന്‍ പ്രദേശങ്ങളിലേക്കു മാറുമ്പോള്‍ മലായ് ഭാഷ സംസാരിക്കുന്നവരുമാണ്. ഭാഷയിലും സംസ്‌കാരത്തിലും മലായ് സ്വാധീനം ഏറെയുള്ള പ്രദേശമാണിത്. സോങ്കഌ നഗരം ഒരര്‍ഥത്തില്‍ മത-വംശ-ഭാഷാ സങ്കലനങ്ങളുടെ നാടാണ്. നഗരത്തില്‍ ബീച്ചിനോട് ചേര്‍ന്ന കുന്നിന്‍മുകളിലുള്ള റോയല്‍ പഗോഡ സോംങ്ക്‌ളായിലെ പ്രധാന ആകര്‍ഷണമാണ്. വിശ്വാസികളേക്കാള്‍ ആ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വിനോദസഞ്ചാരികളാണെന്നു തോന്നുന്നു. ആദ്യം കണ്ട ചൈനീസ് ബുദ്ധക്ഷേത്രവും ഈ തായ് ബുദ്ധക്ഷേത്രവും തമ്മില്‍ വലിയ അന്തരമുണ്ട്. ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കുകളൊന്നുമില്ല. നഗരവും ബീച്ചും കടലിലെ ചെറു ദ്വീപുകളും മനോഹരമായി വിഗഹവീക്ഷണം നടത്താന്‍ കഴിയുംവിധം ഒരു കുന്നിന്‍പുറത്താണ് പഗോഡ സ്ഥിതിചെയ്യുന്നത്.

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍