Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

കൊട്ടാരങ്ങളിലേക്കുള്ള സൂഫിവഴികള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ധികാരകേന്ദ്രങ്ങളുമായി ഒരു വിഭാഗം 'സൂഫികള്‍' പുലര്‍ത്തുന്ന അവിശുദ്ധ ബാന്ധവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവര്‍ ഭരണാധികാരികളെ 'ആശ്രയിച്ചും' ഭരണാധികാരികള്‍ അവരെ 'ഉപയോഗിച്ചും' പരസ്പര 'സഹായ'ത്തിന്റെയും 'സംരക്ഷണ'ത്തിന്റെയും പാലങ്ങള്‍ പണിതതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷി. സാമ്പത്തിക നേട്ടങ്ങളും പദവിമോഹങ്ങളും എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെയുള്ള വ്യാപന സാധ്യതകളെക്കുറിച്ച വ്യാമോഹങ്ങളുമാണ് ഈ വിഭാഗം സൂഫികളെ 'കൊട്ടാര പുരോഹിതന്മാരാ'ക്കിയത്. ഒരു നിരീക്ഷണമനുസരിച്ച് 11-ാം നൂറ്റാണ്ടിലാണ് ഈ പ്രവണതയുടെ തുടക്കം. 17-ാം നൂറ്റാണ്ടില്‍ ഉസ്മാനിയാ ഖിലാഫത്തില്‍ ഇത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. കോളനിയനന്തരകാലത്ത് ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ സ്വേഛാധിപതികള്‍ക്ക് വിധേയരാകാനും അവര്‍ക്ക് പിന്തുണ നല്‍കാനും ചില സൂഫി ത്വരീഖത്തുകള്‍ രംഗത്തുവന്നു. ഭരണാധികാരികള്‍ സന്ദര്‍ഭം നന്നായി പ്രയോജനപ്പെടുത്തി. അധികാരത്തിന്റെ നെറികേടുകള്‍ക്കെതിരായ ജനരോഷത്തെ തണുപ്പിക്കാനും രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കമുള്ള യഥാര്‍ഥ ഇസ്‌ലാമിന്റെ വിമോചനാത്മകതക്ക് തടയിടാനുമുള്ള മികച്ച പരിചയായി അവര്‍ക്ക് 'സൂഫി ആത്മീയത!' ഇതേവഴിയില്‍ പിന്നീട് മുതലാളിത്ത സാമ്രാജ്യത്വത്തിനും ഇന്നിപ്പോള്‍ നമ്മുടെ നാട്ടിലെ വര്‍ഗീയ ഫാഷിസത്തിനും ഒരു വിഭാഗം 'സൂഫികളു'ടെ സഹായസഹകരണങ്ങള്‍ ലഭിക്കുന്നു. ഈജിപ്തില്‍ സീസിയെയും ഇന്ത്യയില്‍ മോദിയെയും 'സൂഫി ആത്മീയാചാര്യന്മാര്‍' ആശീര്‍വദിച്ചിരിക്കുന്നു. തസ്വവ്വുഫിന്റെ പ്രഖ്യാപിത പാഠങ്ങളുടെ നേര്‍വിരുദ്ധ ദിശയിലാണ് ഇത്തരം സൂഫികളുടെ സഞ്ചാരം. അങ്ങനെ, ഐഹികവിരക്തിയില്‍നിന്ന് ഭൗതികാസക്തിയിലേക്ക്, ലാളിത്യത്തില്‍നിന്ന് ആഡംബരത്തിലേക്ക്, പാണ്ഡിത്യത്തില്‍നിന്ന് പൗരോഹിത്യത്തിലേക്ക് സൂഫിസം വളരുക തന്നെയാണ്! 

തസ്‌കിയത്തിന്റെ വഴി

ഇസ്‌ലാമിലെ ആത്മസംസ്‌കരണ പാതയായ തസ്‌കിയത്തിന്റെ മൂല്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് തസ്വവ്വുഫ് രൂപംകൊണ്ടത്. ഭൗതിക വിരക്തിയായിരുന്നു അതിന്റെ മുഖ്യമായൊരു അടിസ്ഥാനം. ഒരു ഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തില്‍ പടര്‍ന്ന ഭൗതികാസക്തിയും മുസ്‌ലിം ഭരണകേന്ദ്രങ്ങളില്‍ ഉടലെടുത്ത അധികാരോന്മത്തതയും അതിന്റെ പേരിലുള്ള വടംവലികളും സംഘര്‍ഷങ്ങളും രാഷ്ട്രീയ അരാജകത്വവുമൊക്കെയാണ് തസ്വവ്വുഫിന്റെ ഉത്ഭവത്തിനും വളര്‍ച്ചക്കും കാരണമായി വര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ ഭൗതികാസക്തിയുടെ തിന്മകള്‍ക്കെതിരായി, വിരക്തിയുടെ രാഷ്ട്രീയം കൊണ്ടുള്ള സമരപ്രഖ്യാപനത്തിന്റെ ഒരു മുഖവും തസ്വവ്വുഫിന്റെ ആദ്യകാല വക്താക്കള്‍ മുന്നോട്ടുവെച്ചു. രാജാക്കന്മാരോടും അധികാര കേന്ദ്രങ്ങളോടുമുള്ള അകല്‍ച്ച അതിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഭരണകൂട തിന്മകള്‍ക്കെതിരായ, രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കത്തോടെയുള്ള പ്രത്യക്ഷ സമരമുഖങ്ങളില്‍നിന്നുള്ള ഒരു പിന്മടക്കത്തിന്റെ സ്വഭാവം കൂടി ഉള്‍വഹിച്ചിരുന്നുവെന്നത് ഈ സമീപനത്തിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും വിരക്തിയുടെയും വിട്ടുനില്‍ക്കലിന്റെയും വഴിയിലൂടെയുള്ള തസ്വവ്വുഫിന്റെ സംഭാവനകള്‍ക്ക് ചരിത്രമൂല്യമുണ്ട്. ഇമാം അബൂഹാമിദില്‍ ഗസാലി മുതല്‍ ബക്തിയാര്‍ കാകി വരെയുള്ളവര്‍ ഭരണാധികാരികളുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ, 'കൊട്ടാര പുരോഹിതരാ'കാന്‍ വിസമ്മതിച്ച പണ്ഡിതശ്രേഷ്ഠരായിരുന്നു. അധികാരികളുടെയും പ്രമാണിമാരുടെയും പണക്കിഴികള്‍ക്കു മുമ്പില്‍ പണയമായിത്തീരാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. 

അധീശ ശക്തികള്‍ക്കെതിരായ ജിഹാദ് നിര്‍വഹിച്ചവരും സൂഫികളിലുണ്ടായിരുന്നു. ഒരു വിഭാഗം 'സൂഫികള്‍' കൊളോണിയല്‍ ശക്തികള്‍ക്ക് അരുനിന്നപ്പോള്‍ മറ്റൊരു വിഭാഗം അതിനെതിരായി രംഗത്തുവന്നുവെന്നത് ചരിത്രം. ഈജിപ്തിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നിലകൊണ്ട അസ്മിയ ത്വരീഖത്ത്, ലിബിയയില്‍ ഇറ്റലിക്കെതിരെ സധീരം പൊരുതിയ ഉമര്‍ മുഖ്താറിന്റെ സനൂസി സരണി, അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ജിഹാദ് ചെയ്ത ഖാദിരിയ്യ ത്വരീഖത്തിന്റെ അമീര്‍ അബ്ദുല്‍ ഖാദിര്‍, സുഡാനിലെ മഹ്ദവിയ്യ ത്വരീഖത്ത് തുടങ്ങിയവ ഉദാഹരണം. ഇന്ത്യയില്‍ ശൈഖ് അഹ്മദ് സര്‍ഹിന്ദി ഉള്‍പ്പെടെയുള്ളവര്‍ ഭരണകൂട തിന്മകള്‍ക്കെതിരെ സ്വീകരിച്ച നിലപാടുകളും പ്രസിദ്ധമാണ്. തുര്‍ക്കിയില്‍ നജ്മുദ്ദീന്‍ അര്‍ബകാന്നും റജബ് ത്വയ്യിബ് ഉര്‍ദുഗാന്നും നഖ്ശബന്ദിയ്യ ത്വരീഖത്തുകാരില്‍ ചിലരുടെ പിന്തുണ ലഭിച്ചത് സമീപകാലാനുഭവമാണ്. 

ഭരണകൂട ഭക്തി

എന്നാല്‍, മറുവശത്ത് സ്വേഛാധിപതികളും അധാര്‍മികരുമായ തദ്ദേശീയ അധികാരികളോടും കൊളോണിയല്‍ അധിനിവേശ ശക്തികളോടുപോലും ചേര്‍ന്നുനിന്നും പിന്തുണ നല്‍കിയും 'ആത്മീയ' സായൂജ്യമടഞ്ഞ 'സൂഫി' ആചാര്യന്മാരും ത്വരീഖത്തുകളും നിരവധിയാണ്. ഉസ്മാനിയാ ഖിലാഫത്തിനെ നിലംപരിശാക്കാന്‍ ഫത്‌വയിലൂടെ പിന്തുണ നല്‍കിയ മുഹമ്മദ് ദ്വിയാഉദ്ദീന്റെ പിന്മുറക്കാന്‍, ഇന്ന് ഏകാധിപതികളുടെ കൊടും ക്രൂരതകള്‍ക്ക് 'ഫത്‌വ'കളിലൂടെ അനുമതിപത്രങ്ങള്‍ നല്‍കുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. ആ വിഭാഗം സൂഫി ത്വരീഖത്തുകളുടെ ചരിത്രവും വര്‍ത്തമാനവും ഇവിടെ സമന്വയിക്കുന്നതു കാണാം. ലിബിയയില്‍ അധിനിവേശ ഭീകരരായ ഇറ്റലിയോടൊപ്പമായിരുന്നു എല്ലാ ത്വരീഖത്തുകളും; ഉമര്‍ മുഖ്താറിന്റെ സനൂസി സരണിയൊഴികെ. ഈജിപ്തില്‍ ബ്രിട്ടീഷുകാരെ പിന്തുണച്ച അഹ്മദിയ്യ ത്വരീഖത്ത്, സാമ്രാജ്യത്വത്തെ അനുകൂലിച്ച സുഡാനിലെ മീര്‍ഗനിയ്യ ത്വരീഖത്ത്, അള്‍ജീരിയയില്‍ ഫ്രഞ്ച് കൊളോണിയലിസത്തെ അനുകൂലിച്ച തീജാനിയ്യ ത്വരീഖത്ത് എന്നിവ ഈ ഗണത്തില്‍പെടുന്നു. ലിബിയന്‍ സ്വേഛാധിപതിയായിരുന്ന മുഅമ്മറുല്‍ ഖദ്ദാഫിയുടെ സംരക്ഷണം സൂഫി ത്വരീഖത്തുകള്‍ക്ക് ധാരാളമായി ലഭിച്ചിരുന്നു. ജനകീയ വിപ്ലവത്തിനെതിരെ ഖദ്ദാഫിയെ പിന്തുണക്കുകയായിരുന്നു ഈ  ത്വരീഖത്തുകള്‍ ലിബിയയില്‍. തുനീഷ്യയില്‍ 'അന്നഹ്ദ'ക്കെതിരെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പക്ഷത്തായിരുന്നു സൂഫികള്‍. ഖാദിരിയ്യാ ത്വരീഖത്തിന്റെ ശക്തമായ പിന്തുണ അള്‍ജീരിയയിലെ അധികാര കേന്ദ്രങ്ങള്‍ക്ക് പലപ്പോഴും തുണയായിട്ടുണ്ട്. അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ 1999-ലും 2004-ലും വിജയിച്ചത് സൂഫികളുടെ പിന്തുണയോടെയായിരുന്നു. സൂഫികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ ഭരണകൂടം പ്രതിശബ്ദങ്ങളെ നേരിടാന്‍ അവരെ ഉപയോഗിക്കുകയും ചെയ്യുന്നു. 

ഈജിപ്തിന്റെ അനുഭവം

സൂഫികളും അധികാരികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അപകടകരവും അശ്ലീലവുമായ പ്രകടനമാണ് ഈജിപ്തില്‍ കാണുന്നത്. സീസിയും 'സൂഫികളും' അവിടെ സഖ്യത്തിലാണ്. നേരത്തേ മുഹമ്മദ് മുര്‍സി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നപ്പോള്‍, 'രാഷ്ട്രീയ പങ്കാളിത്തം നിരാകരിച്ച്' 45 ഓളം ത്വരീഖത്തുകള്‍ അദ്ദേഹത്തോട് 

നിസ്സഹകരിക്കുകയുണ്ടായി. അതേസമയം, ചില ത്വരീഖത്തുകള്‍ മുര്‍സിയെ സമീപിച്ച് ത്വരീഖത്തുകളുടെ 'ശൈഖുല്‍ മശാഇഖി'നെ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈജി

പ്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കി സൈനിക അട്ടിമറിയിലൂടെ സീസി അധികാരം പിടിച്ചപ്പോള്‍ ഒട്ടുമിക്ക ത്വരീഖത്തുകാരും സീസിയുടെ പക്ഷം ചേര്‍ന്നു. 'അല്ലാഹു അല്ലാതെ ഇലാഹില്ല, സീസി അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണ്' (ലാഇലാഹ ഇല്ലല്ലാഹ്, അസ്സീസി ഹബീബുല്ലാഹ്) എന്ന് പ്രഖ്യാപിച്ച സൂഫികളുണ്ട് ഈജിപ്തില്‍. 'ഈജിപ്തുകാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പൂര്‍ത്തിയാക്കുന്ന ഒരു പുതിയ നേതാവിനെയാണ് ഞങ്ങള്‍ സീസിയില്‍ കാണുന്നത്' എന്നാണ് ബയൂമിയ്യ ത്വരീഖത്തിന്റെ നേതാക്കളിലൊരാളായ അശ്‌റഫ് അബ്ദുല്‍ അസീസ് പറഞ്ഞത്. നേരത്തേ ഹുസ്‌നി മുബാറകിനെയും പിന്തുണച്ചിരുന്നു ഈജിപ്തിലെ പല സൂഫികളും. അയ്യൂബികളുടെയും ഉസ്മാനികളുടെയും കാലം മുതല്‍ തന്നെ ഇത്തരമൊരു സമീപനമാണ് ഈജിപ്തില്‍ ഭരണകൂടവും ത്വരീഖത്തുകളും തമ്മിലുണ്ടായിരുന്നത്. 1895-ല്‍ സൂഫി ത്വരീഖത്തുകളുടെ ഉന്നതാധികാര സഭക്ക് രൂപം നല്‍കിയത് ഇതിനുവേണ്ടി കൂടിയായിരുന്നു. ഹുസ്‌നി മുബാറകിന്റെ കാലത്ത് സൂഫികള്‍ ഭരണകൂട സംരക്ഷണവും സുഖസൗകര്യങ്ങളും നിര്‍ലോഭം അനുഭവിക്കുകയുണ്ടായി. 

രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കമുള്ള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെതിരെ ചില മുസ്‌ലിം ഭരണകൂടങ്ങള്‍ സൂഫി ത്വരീഖത്തുകളെ ചട്ടുകമാക്കിയെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. 'ഭരണകൂടങ്ങള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നത് ഇസ്‌ലാമികമല്ല' എന്ന് ഫത്‌വ നല്‍കി അറബ് വസന്തത്തെ തകര്‍ക്കാനാണ് സൂഫികള്‍ ശ്രമിച്ചതെന്ന് ഡോ. യൂസുഫുല്‍ ഖറദാവി പറയുകയുണ്ടായി. ഫോളിയ അതാജാന്‍ എഴുതിയ 'അധികാരത്തോടുള്ള സൂഫിബന്ധം തുര്‍ക്കിയിലും ഈജിപ്തിലും' എന്ന പഠനം ഇതുസംബന്ധിച്ച മികച്ച റഫറന്‍സാണ്. 

സാമ്രാജ്യത്വ തന്ത്രങ്ങള്‍

ആചാരപ്രധാനമായ 'സാംസ്‌കാരിക ഇസ്‌ലാമി'നെ ഉയര്‍ത്തിക്കൊണ്ടുവന്ന്, വിമോചന പോരാട്ടങ്ങള്‍ക്ക് കരുത്തുള്ള, രാഷ്ട്രീയ-സാമൂഹിക മാനങ്ങളുള്ള യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിരോധിക്കുകയെന്ന തന്ത്രം ആസൂത്രിതമായി നടപ്പിലാക്കുന്നുണ്ട് സാമ്രാജ്യത്വശക്തികള്‍. ഒരു വിഭാഗം മുസ്‌ലിംകളെ അരാഷ്ട്രീയവല്‍ക്കരിച്ച് ഷണ്ഡീകരിക്കാനും മുസ്‌ലിം സമൂഹത്തിനകത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ഒരേസമയം സാധിക്കുന്നുവെന്നതാണ് ഇതിന്റെ നേട്ടമായി അവര്‍ കാണുന്നത്. സമീപകാലത്ത് സൂഫി ത്വരീഖത്തുകള്‍ക്ക് അമേരിക്കന്‍-യൂറോപ്യന്‍ ഭരണകൂടങ്ങളില്‍നിന്ന് വര്‍ധിച്ച പിന്തുണ ലഭിക്കുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സൂഫിസത്തെ പ്രമോട്ട് ചെയ്യുന്ന ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുക, പ്രസംഗ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുക, ത്വരീഖത്ത് ഖാന്‍ഗാഹുകള്‍ പണിയുക, ഇതിനെല്ലാം ആവശ്യമായ ഫണ്ടുകളൊഴുക്കുക തുടങ്ങിയവയാണ് അവര്‍ ചെയ്യുന്നത്. ഗവേഷകനായ ഡോ. അബ്ദുല്‍ വഹാബ് മസീരി പറയുന്നു: ''ഇസ്‌ലാമിനെതിരെ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ ലോകം സൂഫി പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവുകളുണ്ട്. പാശ്ചാത്യ നാടുകളില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെടുന്നത് മുഹിയിദ്ദീനുല്‍ അറബിയുടെ കൃതികളും ജലാലുദ്ദീന്‍ റൂമിയുടെ കവിതകളുമാണ്. മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രത്യേക കോണ്‍ഗ്രസ് സൂഫി ത്വരീഖത്തുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ അറബ് രാഷ്ട്രങ്ങളെ ഉപദേശിക്കുകയുണ്ടായി. 'ദുന്‍യാവിലുള്ള വിരക്തി'യും രാഷ്ട്രീയ മേഖലകളില്‍നിന്നുള്ള പിന്മടക്കവും പാശ്ചാത്യ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ കരുത്ത് ചോര്‍ത്തിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.'' 2001-ല്‍ ജര്‍മനിയില്‍ സംഘടിപ്പിക്കപ്പെട്ട 'മധ്യപൗരസ്ത്യ ദേശത്തെക്കുറിച്ച പഠനങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നാം ലോക സമ്മേളന'ത്തില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഒന്ന്, ആധുനിക ഇസ്‌ലാം, നഖ്ശബന്ദിയ്യാ ത്വരീഖത്ത്, സൂഫി നവോത്ഥാനം. രണ്ട്, സൂഫി ഔലിയാക്കളും സൂഫികളല്ലാത്തവരും. വടക്കേ അമേരിക്കയിലെ 'മധ്യ പൗരസ്ത്യ ദേശ പഠനവേദി'യാണ് ഇത് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ നാടുകളിലൊക്കെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവര്‍ പദ്ധതിയിട്ടിരിക്കുന്നു (അല്‍ അഹ്‌റാം, ഏപ്രില്‍ 8, 2002). മുസ്‌ലിം ലോകത്തെ വിവിധ ചിന്താധാരകളെ ദുര്‍ബലപ്പെടുത്താനുള്ള വഴി സൂഫിസത്തെ ശക്തിപ്പെടുത്തലും അതിലേക്ക് ആളുകളെ ആകര്‍ഷിക്കലുമാണെന്ന് സമര്‍ഥിക്കുന്നുണ്ട് ഗവേഷകയായ ഷാരിന്‍ ബൈനാര്‍ഡ് എഴുതിയ ഒരു ലേഖനത്തില്‍. അവര്‍ വിവാഹം ചെയ്തിരിക്കുന്നത് യു.എസ് പ്രസിഡന്റായിരുന്ന ബുഷിന്റെ പ്രത്യേക ഉപദേഷ്ടാവും അറബ് ഏഷ്യന്‍ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതിയിലെ അംഗവുമായ സല്‍മായ് ഖലീല്‍ സാദയെയാണ്. ഇറാഖിലെ അമേരിക്കന്‍ അംബാസിഡറായും അദ്ദേഹം മുമ്പ് നിയോഗിക്കപ്പെട്ടിരിക്കുന്നു (മജല്ലത്തുല്‍ ഹവാദിസില്‍ ഉസ്ബൂഇയ്യ, ലക്കം-2495). യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു: ''ലോകത്തെങ്ങുമുള്ള സൂഫി ത്വരീഖത്തുകളെ മികച്ച ഒരായുധമായാണ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കാണുന്നത്. പക്ഷേ, അമേരിക്കന്‍ ഭരണഘടന മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വിലക്കിയതു കാരണം പരസ്യമായി ഇത് അംഗീകരിക്കാന്‍ ഔദ്യോഗിക വേദിക്ക് സാധിക്കുന്നില്ല. സൂഫി മഠങ്ങള്‍ സ്ഥാപിക്കാനും മധ്യ നൂറ്റാണ്ടിലെ ക്ലാസിക്കല്‍ സൂഫി രചനകളും വിവര്‍ത്തനങ്ങളും സംരക്ഷിക്കാനും അമേരിക്കയുടെ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പല രാജ്യങ്ങളിലും സൂഫി നവജാഗരണത്തിനും ശ്രമങ്ങള്‍ നടക്കുന്നു'' (യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് 24/4/2005, അല്‍ അറബുല്‍ യൗം 25/4/2005). ജര്‍മനിയില്‍ നടന്ന ഒരു ഓറിയന്റലിസ്റ്റ് സമ്മേളനത്തില്‍ നഖ്ശബന്ദിയ്യ-തീജാനിയ്യ ത്വരീഖത്തുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രാലയങ്ങള്‍ പലയിടങ്ങളിലായി നിരവധി സൂഫി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. അധിനിവിഷ്ട ഇറാഖില്‍ സൂഫി പഠനകേന്ദ്രങ്ങളും ത്വരീഖത്ത് ഖാന്‍ഗാഹുകളും പണിതുയര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലണ്ടനില്‍നിന്ന് പുറത്തിറങ്ങുന്ന അല്‍ബയാന്‍ മാസികയില്‍ മുഹമ്മദ് അബ്ദുല്ല അല്‍ മഖ്ദി എഴുതിയ  ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രതിപാദിച്ചിരുന്നു. ഇത്തരം ആഗോള സൂഫി പ്രചാരണങ്ങളുടെ ഭാഗമായിവേണം ദല്‍ഹിയില്‍ നടന്ന 'ലോക സൂഫി സമ്മേളന'ത്തെയും മനസ്സിലാക്കാന്‍. 

റഫറന്‍സ്

1. അസ്സ്വൂഫിയ്യ: അദാത്തുസ്സ്വുല്‍ത്വ ഫീ മുവാജഹതി ഖുസ്വൂമിഹാ-മുസ്ത്വഫാ മഹ്മൂദ്, www.alsoufia.com

2. അസ്സ്വൂഫിയ്യ വസ്സുല്‍ത്വ മിന്‍ നൂരില്‍ ഇര്‍ഫാന്‍ ഇലാ ളുല്‍മതിസ്സിയാസ വസ്സുല്‍ത്ത്വാന്‍-ഹസന്‍ അബൂഹനിയ്യ, islamion.com

3. നഖ്ദുല്‍ ഉറാ, മുഹമ്മദുബ്‌നു അബ്ദുല്ല അല്‍ മഖ്ദി, അല്‍ ബയാന്‍, ലണ്ടന്‍-2006 മാര്‍ച്ച്, ലക്കം 223

4. അത്ത്വുറൂഖുസ്സ്വൂഫിയ്യ ഫീ ഹദ്‌റസ്സീസി, arabi21.com

5. കൈഫ യസ്തഖ്ദിമു അന്നിളാമുല്‍ മിസ്വരി അത്ത്വറാഇഖസ്സ്വൂുഫിയ്യ- 22.11.2015

6. അത്ത്വസ്വവ്വുഫു വസ്സുല്‍ത്വ ഫില്‍ ഹിന്ദ്, സാഹിബ് ആലിം അഅ്‌ളമി അന്നദ്‌വി-tawaseen.com

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍