Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

കേരള യുക്തിവാദത്തിന്റെ പോയകാലം

അബൂബക്കര്‍ മാടാശ്ശേരി, ദോഹ

'ജാതിവിരുദ്ധ മുന്നേറ്റങ്ങളെ തളര്‍ത്തിയ യുക്തിവാദ പ്രസ്ഥാനങ്ങള്‍' എന്ന മുഹമ്മദ് ബിലാല്‍ ബിന്‍ ജമാലിന്റെ ലേഖനം (2016 മാര്‍ച്ച് 11) വായിച്ചു.

യുക്തിവാദി സംഘത്തിന്റെ പൊതുയോഗങ്ങളില്‍ ഏതാണ്ട് കാല്‍നൂറ്റാണ്ടു മുമ്പ്  ഇസ്‌ലാംവിമര്‍ശം പതിവായിരുന്നു. യു. കലാനാഥനും അറബിക് അധ്യാപകന്‍ അബ്ദുല്‍ അലിയുമാണ് തിരുവള്ളൂരിലും ആയഞ്ചേരിയിലും അന്ന് പ്രസംഗിച്ചത്. തിരുവള്ളൂരില്‍ യുക്തിവാദ വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ആദ്യ പ്രഭാഷകന്‍ കെ.പി കമാലുദ്ദീന്‍. ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇറാന്‍ വിപ്ലവം ചൂണ്ടിയാണ് കമാലുദ്ദീന്‍ സാഹിബ് സോവിയറ്റ് യൂനിയനെയും ചൈനയെയും കൊറിയയെയും ക്യൂബയെയും എടുത്തുകാട്ടി അഭിമാനം കൊണ്ടിരുന്ന യുക്തിവാദികള്‍ക്ക് മറുപടി പറഞ്ഞത്. ആയഞ്ചേരിയില്‍ ടി.കെ അബ്ദുല്ല സാഹിബും ഒ. അബ്ദുര്‍റഹ്മാനും മറുപടി പറഞ്ഞു. പാവപ്പെട്ടവരും സാധാരണക്കാരുമായ ആദ്യകാല വിശ്വാസികള്‍, ബിലാലും ഖബ്ബാബും യാസിര്‍ കുടുംബവും സഹിച്ച ത്യാഗങ്ങള്‍ ടി.കെ ആവേശകരമായി ഉദ്ധരിച്ചു. പ്രപഞ്ചോല്‍പത്തിയെപ്പറ്റിയുള്ള ശാസ്ത്ര നിഗമനങ്ങളിലെ യുക്തിരാഹിത്യം വിശദീകരിച്ചുകൊണ്ടായിരുന്നു ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് സംസാരിച്ചത്.

ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ പ്രഫ. ശാഹുല്‍ ഹമീദ് സാര്‍, പ്രപഞ്ചോല്‍പ്പത്തിയെ പറ്റിയുള്ള ബിഗ് ബാംഗ് തിയറി ഉദ്ധരിച്ചപ്പോള്‍ യുക്തിവാദികളുടെ നിലപാടുകളിലെ നിരര്‍ഥകത വീണ്ടും ബോധ്യപ്പെട്ടു. 

ജോസഫ് ഇടമറുകിന്റെ 'ഖുറാന്‍ ഒരു വിമര്‍ശന പഠന'ത്തിനു മറുപടിയായി, ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ് എഴുതിയ 'യുക്തിവാദികളും ഇസ്‌ലാമും' കനപ്പെട്ട ഗ്രന്ഥമാണ്. ഇടമറുക് വീണ്ടും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കൂടി നല്‍കിയാണ് പ്രസ്തുത പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്. പിന്നീട് ജോസഫ് ഇടമറുക് ഇസ്‌ലാംവിമര്‍ശന പുസ്തകങ്ങള്‍ എഴുതിയിട്ടില്ലെന്നാണ് അറിവ്.

സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടും യുക്തിവാദികളും തമ്മില്‍ ഉണ്ടായ തര്‍ക്കം, യുക്തിവാദികളുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു. എങ്കിലും മലപ്പുറം ജില്ലയിലെ മുസ്‌ലിംനാമധാരികളടങ്ങുന്ന ഇന്നത്തെ യുക്തിവാദി നേതൃത്വം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കാന്‍ സംഘ്പരിവാറുമായി കൂട്ടുകൂടുക പോലും ചെയ്യുന്നു. മദ്‌റസകളെ വിമര്‍ശിച്ച് ഹമീദ് ചേന്ദമംഗല്ലൂര്‍ ലേഖനമെഴുതിയത് കേസരിയിലാണ്. ഇതേ ഹമീദിന് മുജാഹിദ്, മുസ്‌ലിം ലീഗ് വേദികളില്‍ ജമാഅത്ത് വിമര്‍ശകന്‍ എന്ന പരിഗണനയില്‍ ഇടക്കാലത്ത് അവസരം ലഭിക്കുകയും ചെയ്തു.

ഡോ. ഉസ്മാന്‍ സാഹിബ് മുതല്‍ ഇ.വി ഉസ്മാന്‍ കോയ വരെയുള്ള യുക്തിവാദികള്‍ ഇസ്‌ലാമിക വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. 'ടിറ്റ് ഫോര്‍ ടാറ്റി'ല്‍ ഒരുകാലത്ത് റഹ്മാന്‍ മധുരക്കുഴി എഴുതിയ ലേഖനങ്ങള്‍ യുക്തിവാദികള്‍ക്ക് നല്ല മറുപടിയായിരുന്നു. ഡോ. സാകിര്‍ നായിക്, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.എം അക്ബര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പുസ്തകങ്ങളും നിരീശ്വരവാദ ചിന്തകളെ മുസ്‌ലിം സമുദായത്തില്‍നിന്ന് അകറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

കേരളത്തിലെ ഭൂരിപക്ഷ ഹൈന്ദവ സമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും യുക്തിവാദികള്‍ മുമ്പ് ശക്തമായി എതിര്‍ത്തിരുന്നു. വാസ്തുവിദ്യാ ശാസ്ത്രപ്രകാരം വീടുണ്ടാക്കാന്‍ പാടില്ലാത്ത സ്ഥലത്ത് ഗൃഹം നിര്‍മിച്ച് അവിടെ ദീര്‍ഘായുസ്സോടെ ജീവിച്ച യുക്തിവാദി നേതാവ് എം.സി ജോസഫ് അടക്കമുള്ള പ്രമുഖരുടെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു.

 

അനാഥശാലകള്‍ ഇല്ലാതായാല്‍....?

ജുവൈനല്‍ ജസ്റ്റിസ് ആക്ടിനെ സംബന്ധിച്ച് മുജീബ് ചാലിക്കര എഴുതിയ കത്ത് (2016 മാര്‍ച്ച് 18) വായിച്ചു. ഈ വിഷയം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കേരളത്തിലെ യതീംഖാനകളെയും അവിടങ്ങളിലെ ആയിരക്കണക്കിന് കുട്ടികളെയും ആശങ്കപ്പെടുത്തുന്നതാണ് പുതിയ നിയമം. അനാഥ കുട്ടികളെ സനാഥരാക്കി വളര്‍ത്തുന്ന മഹത്തായ സാമൂഹിക ദൗത്യമാണ് ഓര്‍ഫനേജുകള്‍ നിര്‍വഹിച്ചുവരുന്നത്. ഐ.എ.എസ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിച്ചുവരുന്നവരില്‍ ധാരാളം പേര്‍ അനാഥശാലകളുടെ സംഭാവനകളാണ്. അനാഥ സംരക്ഷണം പുണ്യകര്‍മമായി കാണുന്ന എല്ലാവരും 

പുതിയ ആക്ടിനെതിരെ പ്രതികരിക്കേണ്ടതുണ്ട്.

യു. ഇസ്മാഈല്‍ പേരാമ്പ്ര

 

ആ ഓര്‍മകള്‍ പുസ്തകമാവട്ടെ

റ് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച  പി.കെ റഹീം സാഹിബിന്റെ സംഭവ ബഹുലമായ ജീവിതാനുഭവങ്ങള്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. ആ ഓര്‍മകള്‍ സമാഹരിക്കുന്നത് ഉചിതമായിരിക്കും.

എം.സി മുഹമ്മദ് മണ്ണാര്‍ക്കാട്

 

മാധ്യസ്ഥ്യം ഉദാസീന വിഷയമല്ല

വാരികയില്‍ ടി. മുഹമ്മദ് വേളം എഴുതിയ 'പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരുടെ ശ്രദ്ധക്ക്' എന്ന കുറിപ്പ് (മാര്‍ച്ച് 4) ശ്രദ്ധേയമായി. എന്നാല്‍ മാധ്യസ്ഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട സാമാന്യവും പ്രാഥമികവുമായ ചില വശങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കുകയായിരുന്നു ലേഖകന്‍. ഇസ്‌ലാമിക വീക്ഷണത്തില്‍ ഏറെ ഗൗരവതരവും പുണ്യകരവും മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ ഭദ്രതക്കുള്ള ഉപാധിയായി ഖുര്‍ആനും സുന്നത്തും ചൂണ്ടിക്കാട്ടിയതുമായ വിഷയമാണ് മാധ്യസ്ഥ്യം.

മധ്യസ്ഥത വഹിക്കുന്നതിലും മധ്യസ്ഥനെ തെരഞ്ഞെടുക്കുന്നതിലും നീതിബോധം, ഭയഭക്തി, വിജ്ഞാനഗരിമ, വിശുദ്ധി, നിസ്വാര്‍ഥത എന്നിങ്ങനെയുള്ള ഉന്നത വൈയക്തിക ഗുണങ്ങള്‍ മാനദണ്ഡങ്ങളായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കേവല വാചാലതക്കും ശരീരഭാഷയിലെയും പെരുമാറ്റങ്ങളിലെയും ചടുലതക്കും ഉപരി മധ്യസ്ഥത വഹിക്കുന്ന വ്യക്തിയുടെ ഗുണങ്ങള്‍ക്കാണ് ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നത്. നന്മയിലേക്ക് വഴിതുറക്കേണ്ട ഒരു പ്രവൃത്തിയില്‍ ഉപരിപ്ലവ ഗുണങ്ങള്‍ക്കല്ല, ആത്യന്തിക നന്മകള്‍ക്കാണ് ദീന്‍ പരിഗണന നല്‍കുന്നത്.

നമുക്ക് ചുറ്റുമുള്ള അനുഭവങ്ങളില്‍നിന്ന് മനസ്സിലാകുന്നത് ചില മധ്യസ്ഥന്മാര്‍ തങ്ങള്‍ ഇടപെട്ട വിഷയങ്ങളെ പരമാവധി വഷളാക്കി കൈയില്‍ കൊടുക്കുന്നു എന്നാണ്. മധ്യസ്ഥരുടെ വ്യക്തിത്വത്തിലെ മ്ലേഛതകളും വഷളത്തങ്ങളും അവരുടെ നാവിന്‍തുമ്പിലൂടെയും പ്രവൃത്തികളിലൂടെയും ബന്ധപ്പെട്ട വിഷയത്തിലേക്ക് കൂടിക്കലരുമ്പോള്‍ പ്രശ്‌നം കൂടുതല്‍ മലീമസമാകുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ മാധ്യസ്ഥ്യം പരിഗണിക്കുമ്പോള്‍, പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമെങ്കില്‍ മധ്യസ്ഥനെ സൂക്ഷ്മമായി വിലയിരുത്തി നിര്‍ണയിക്കേണ്ടതാവശ്യമാണ്.

മധ്യസ്ഥന്മാര്‍ മൂന്നു തരമുണ്ട്: ഒന്ന്, വിഷയം മനസ്സിലാക്കാതെയും വേണ്ടത്ര പഠിച്ചറിയാതെയും ഇടപെടുന്നവര്‍. അവര്‍ വാചാലതയിലൂടെ ആളാകാന്‍ ശ്രമിക്കും. രണ്ട്, വിഷയങ്ങളില്‍ ഗ്രാഹ്യതയുണ്ടെങ്കില്‍ തന്നെയും തര്‍ക്കമുള്ള കക്ഷികളില്‍ ഒരു ഭാഗത്തിന്റെ പക്ഷം പിടിച്ച് നീതിക്കെതിരെ നീങ്ങുന്നവര്‍. മൂന്ന്, വിഷയ ഗ്രാഹ്യതയും നീതിബോധവും ഉണ്ടായിരിക്കുകയും നീതിയുടെയും ന്യായത്തിന്റെയും ധാര്‍മികതയുടെയും പക്ഷത്തു നില്‍ക്കുകയും ചെയ്യുന്നവര്‍. ഇവരില്‍ മൂന്നാമത്തെ വിഭാഗം മാത്രമാണ് മസ്വ്‌ലഹത്തിന്റെ വിഷയത്തില്‍ പ്രതിഫലാര്‍ഹരായി വരുന്നത്.

വി. റസൂല്‍ ഗഫൂര്‍, കോഴിക്കോട്

 

ശൈഖ് ജീലാനിയും 'ജീലാനി പ്രേമികളും'

ക്കം 36-ലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെക്കുറിച്ച ലേഖനം അവസരോചിതമായി. അദ്ദേഹം കാണിച്ചുതന്ന ജീവിതദര്‍ശനത്തെ തള്ളിക്കളഞ്ഞ് ജീലാനി സ്‌നേഹത്തിന്റെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാര്‍ക്കറ്റ് ചെയ്യുകയാണ് ചിലര്‍. മഹാനായ ആ സാമൂഹിക പരിഷ്‌കര്‍ത്താവിനെ വാഴ്ത്തുപാട്ടുകളിലൊതുക്കി, അദ്ദേഹം പ്രതിനിധീകരിക്കുകയും പ്രബോധനം നടത്തുകയും ചെയ്ത മഹദ് സന്ദേശത്തെ നിരാകരിക്കുന്ന സമൂഹത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇത്തരം 'ജീലാനി പ്രേമികളില്‍'നിന്ന് ശൈഖിനെ മോചിപ്പിക്കേണ്ടതുണ്ട്.

സുമയ്യ സത്താര്‍ കട്ടച്ചിറ

 

വര്‍ഗീയ ധ്രുവീകരണം ചെറുക്കണം

യിടെയായി കേരളത്തില്‍  ഏതു വിഷയങ്ങളിലെയും സാമുദായിക വശം ചികഞ്ഞെടുത്ത് ചര്‍ച്ചചെയ്ത് ഇവിടത്തെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുകയാണ്. ഏറ്റവുമൊടുവില്‍ ദുര്‍ഗാദേവിയെ അപമാനിച്ചു എന്നാണ് പ്രചാരണം. പല ആരോപണങ്ങളും ഉന്നയിക്കുമ്പോള്‍ സാധാരണ അതിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ പ്രചരിപ്പിക്കാറുണ്ട.് ദുര്‍ഗാദേവി വിഷയത്തില്‍ വീഡിയോ ക്ലിപ്പിംഗുകള്‍ പ്രചരിപ്പിക്കാത്തത് ആരോപണത്തില്‍ വസ്തുതയില്ലാത്തതുകൊണ്ടാണ്. ഗുജറാത്തും മുസഫര്‍നഗറുമൊക്കെ കലാപങ്ങള്‍ കൊണ്ട് ഉഴുതുമറിച്ച് വിളവെടുത്തവര്‍ ദല്‍ഹിയിലിരുന്ന് കേരളത്തിലും അത്തരമൊരു വിളവെടുപ്പിനുള്ള ആലോചനയിലാണ്. ഈ നിര്‍ണായക ഘട്ടത്തെ  ഒറ്റക്കെട്ടായി നേരിടാന്‍ കേരള ജനത തയാറാകണം.

അന്‍വര്‍ സാദത്ത് കുന്ദമംഗലം

 

നാമെന്ത് ചെയ്യാന്‍ പോകുന്നു?

വിയോജിക്കുന്നവരെയും ഭിന്നവീക്ഷണങ്ങളുള്ളവരെയും വിഴുങ്ങാന്‍ കരാള ദംഷ്ട്രങ്ങളുമായി കൊമ്പു കുലുക്കി വരുന്ന ഫാഷിസത്തെ തളയ്ക്കാന്‍, സര്‍വം മറന്ന് സര്‍വായുധസജ്ജരായി രംഗത്തു വരേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നു 'ഫാഷിസം മുഖംമൂടിയില്ലാതെ' എന്ന മുഖവാക്ക് (മാര്‍ച്ച് 4). അരുന്ധതി റോയി എഴുതി: ''കുറിച്ചുവെക്കുക- വസന്തം 2002. ഫാഷിസം ഇന്ത്യയില്‍ അതിന്റെ ദൃഢമായ കാല്‍പ്പാട് പതിപ്പിച്ചുകഴിഞ്ഞു. 1984 ദല്‍ഹി, 1992 അയോധ്യ, 1998 പൊഖ്‌റാന്‍, 2002 ഗുജറാത്ത്. മുന്നറിയിപ്പ് നല്‍കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതൊരു തുടക്കം മാത്രം. അവരതാ കാക്കി ട്രൗസറിട്ട്, കാവിക്കൊടിയുയര്‍ത്തി, മാര്‍ച്ച് ചെയ്തുവരികയാണ്. എങ്ങോട്ട്? എന്തിന്? നാമെന്ത് ചെയ്യാന്‍ പോകുന്നു? നമുക്കെന്ത് ചെയ്യാന്‍ കഴിയും?'' (ഇന്ത്യാ ടുഡേ 29-5-2002).

റഹ്മാന്‍ മധുരക്കുഴി

 

മാലിന്യക്കുട്ടയിലെ കോടികള്‍

സിംഗപ്പൂരിലെ ഹോട്ടലുകളില്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി എടുത്തുകൊണ്ടുപോയി വീണ്ടും ഉപയോഗിക്കുന്നതും നവജാത ശിശുക്കളുടെ കുഞ്ഞുടുപ്പുകള്‍ ആവശ്യക്കാര്‍ക്ക് വീണ്ടും ഉപയോഗിക്കാന്‍ അവസരമുണ്ടാക്കുന്നതും ('സിസ്റ്റം സുരക്ഷിതവും സുഭിക്ഷവുമാക്കിയ സിംഗപ്പൂര്‍' - ഫെബ്രുവരി 26) മറ്റും, ഇസ്‌ലാമിക സംസ്‌കാരവും ലാളിത്യവുമൊക്കെ മണിക്കൂറുകള്‍ പ്രസംഗിക്കുന്നവര്‍ക്കു പോലും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാകണമല്ലോ നമ്മില്‍ പലരും വരന്റെ/വധുവിന്റെ വീട്ടുകാരുടെ വിലയും നിലയും നോക്കി മുന്തിയതും വൈവിധ്യമാര്‍ന്നതുമായ വിഭവങ്ങളൊരുക്കി വിവാഹ സദ്യകള്‍ 'ലളിത ഗംഭീര'മാക്കുന്നത്.

ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ചില മുസ്‌ലിം രാഷ്ട്രങ്ങളിലെ മാലിന്യക്കുട്ടകളില്‍ 60 ശതമാനവും ഭക്ഷ്യസാധനങ്ങളാണെന്ന റിപ്പോര്‍ട്ട് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ആരെയും ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യേണ്ടതാണ്. പാഴാക്കിക്കളയുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രം വര്‍ഷം 500 കോടി രിയാലിനു മുകളില്‍ വില വരുമെന്നാണ് കണക്ക്. ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരന്മാരാണെന്ന ഖുര്‍ആനികാധ്യാപനം വിശ്വാസിക്ക് പാഠമായെങ്കില്‍! 

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍