Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

റഹീം സാഹിബിനെ ഓര്‍ക്കുമ്പോള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

കെ.എം അബ്ദുര്‍റഹീം സാഹിബിനെക്കുറിച്ച അനുസ്മരണങ്ങള്‍ പലതും വന്നുകഴിഞ്ഞു. ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ. അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത് എന്റെ വന്ദ്യ പിതാവ് വി.സി അഹ്മദ് കുട്ടി ആയിരുന്നു. എന്നെ പ്രസ്ഥാന സാഹിത്യം വായിക്കാന്‍ പ്രേരിപ്പിച്ചതും പ്രസ്ഥാനത്തെക്കുറിച്ച് എന്റെ മനസ്സില്‍ മതിപ്പ് ഉണ്ടാക്കിയതും മുഖ്യമായും പിതാവ് തന്നെ. തദവസരത്തില്‍ പലപ്പോഴും അദ്ദേഹം റഹീം സാഹിബിനെ ഉദാഹരിച്ചു.
അബ്ദുര്‍റഹീം സാഹിബ് 1964-ല്‍ കോഴിക്കോട്ട് നടന്ന ഇസ്‌ലാമിക് സെമിനാറില്‍ പങ്കെടുത്തിരുന്നു.  പ്രസ്തുത സെമിനാറില്‍ പിതാവ് സജീവമായി പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. അങ്ങനെയായിരിക്കാം അവരിരുവരും കൂടുതല്‍ പരിചയപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന റഹീം സാഹിബ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ നിഷേധിക്കപ്പെട്ടു. ജമാഅത്ത് ബന്ധമാണ് അതിന് കാരണമായി മനസ്സിലാക്കപ്പെട്ടത്. അന്ന് മദ്രാസിലായിരുന്നു പാസ്‌പോര്‍ട്ട് ഓഫീസ്. ഇന്നത്തെ പോലെ വ്യാപകമായി പാസ്‌പോര്‍ട്ട് ആവശ്യമുള്ള കാലമായിരുന്നില്ല. തലശ്ശേരിയിലെ ഗാന്ധിയന്‍ പ്രവര്‍ത്തക രേവതിയമ്മ, വിജയക്ഷ്മി പണ്ഡിറ്റിന് ഒരെഴുത്തു നല്‍കി; അങ്ങനെ അവരുടെ ശിപാര്‍ശയുടെ ഫലമായാണ് പാസ്‌പോര്‍ട്ട് ലഭിച്ചത്.
1980-ലാണ് ആദ്യമായി റഹീം സാഹിബിനെ നേില്‍ കണ്ടത് (കുവൈത്തിലെ സാമ്പത്തിക ചുറ്റുപാട് അത്ര മെച്ചമല്ലാ തിരുന്നതിനാലാകാം ദീര്‍ഘകാലം അദ്ദേഹം നാട്ടില്‍ വന്നിരുന്നില്ല). അന്നുമുതല്‍  മൂന്നര ദശകക്കാലം ഞങ്ങള്‍ അടുത്തിടപഴകി. അദ്ദേഹത്തിന്റെ ബുക് സ്റ്റാളിലായിരുന്നു എന്റെ ജോലി. മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ നിര്‍ദേശം മാനിച്ച്, വളരെ ജോറായും ലാഭകരമായും നടന്നിരുന്ന ഗാന കാസറ്റുകളുടെ കച്ചവടം വേണ്ടെന്നുവെച്ച കഥ അദ്ദേഹം പങ്കുവെച്ചത് ഇത്തിരി അഭിമാനത്തോടെയായിരുന്നു. അതിലൂടെ ജമാഅത്തെ ഇസ്‌ലാമിയെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഒരു ഇസ്‌ലാമിക  പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകരെ എവ്വിധമാണ് നേര്‍വഴിക്ക് നയിക്കുന്നതെന്ന് എന്നെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ബുക് സ്റ്റാള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയിലേക്കും എന്നെ ഉണര്‍ത്തുകയായിരുന്നു. ഈയൊരു സംഭവത്തിന്റെ വെളിച്ചത്തില്‍ പൈങ്കിളി സാഹിത്യം എന്ന് ആക്ഷേപിക്കപ്പെടുന്ന 'മ' പ്രസിദ്ധീകരണങ്ങളും മറ്റും വില്‍ക്കുന്നതിലുള്ള മനഃപ്രയാസം തൊഴിലുടമ കൂടിയായ അദ്ദേഹത്തോട് പങ്കുവെച്ചപ്പോള്‍ അതിനെ അദ്ദേഹം ഗൗരവപൂര്‍വം ഉള്‍ക്കൊള്ളുകയും പ്രായോഗികമായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വേണമെങ്കില്‍ സ്ഥാപനം കൈയൊഴിയാം. മറ്റൊരു കൂട്ടര്‍ക്ക് ഇത് കിട്ടിയാല്‍ കൂടുതല്‍ അശ്ലീലമായതായിരിക്കും അവര്‍ വില്‍ക്കുക. പ്രാസ്ഥാനികമായ ബഹുജനബന്ധം അടക്കം പലതിനും ഉപകരിക്കുന്ന ഒരു സംഗതിയാണ്, സ്ഥലമാണിത്. വളരെ മോശമായത് (വള്‍ഗര്‍)  ഉപേക്ഷിക്കുക. മറ്റു ചിലത് സമ്മിശ്ര സ്വഭാവമുള്ളതാണ്. അത്  നമ്മുടെ നിലനില്‍പിന് നാം വില്‍ക്കണം. എന്നാല്‍, അതിനെ പ്രമോട്ട് ചെയ്യേണ്ടതുമില്ല. മറ്റു ചില പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും നാം നന്നായി പ്രമോട്ട് ചെയ്യുകയും വേണം. സാധ്യമായ ചില പ്രായശ്ചിത്തം നമുക്ക് വേറെയും ചെയ്യാം. ഇതായിരുന്നു റഹീം സാഹിബ് അന്ന് (1983) നല്‍കിയ ഉപദേശത്തിന്റെ ആകത്തുക. ഒരുപക്ഷേ, ഇന്ന് മാധ്യമം, മീഡിയവണ്‍ തുടങ്ങിയവയിലേക്ക് പോലും പ്രായോഗികമായ നിലപാടാണ് അന്ന് റഹീം സാഹിബ് നല്‍കിയതെന്ന് തോന്നുന്നു. യു.എം.ഒ ഉള്‍പ്പെടെയുള്ള വേദികളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം വളരെ സൂക്ഷ്മതയോടെയായിരുന്നു. ബഹുസ്വരസമൂഹത്തില്‍ ഇടകലര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്നതിലേക്കുള്ളള മാതൃക കൂടിയായിരുന്നു അത്.
ദഅ്‌വത്ത്, റേഡിയന്‍സ്, സന്മാര്‍ഗ, ഗീതുറായ്, സമരസം തുടങ്ങിയവയും ബംഗ്ലാദേശില്‍നിന്നുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും ആദ്യമായി കുവൈത്തില്‍ വരുത്തിയത് 'അല്‍ യഖ്‌ള ബുക് സ്റ്റാളായിരുന്നു. അവിടെ നിന്നാണ് കുവൈത്തിലെ പല ഭാഗങ്ങളിലേക്കും ഇവ പ്രചരിച്ചത് (പിന്നീട് അതിന്റെ കമ്പോള സാധ്യത മനസ്സിലാക്കിയ പലരും അവ വരുത്താനും വില്‍ക്കാനും നിമിത്തമായതും 'അല്‍ യഖ്‌ള' തന്നെ).  അദ്ദേഹത്തിന്റെ മുഖ്യപങ്കാളികളായ കെ.എം രിയാലു, പി.ബശീറുദ്ദീന്‍ (മാള), എ.എ അഹ്മദ് (വാടാനപ്പള്ളി), കെ.സി മുഹമ്മദ് (കൈപ്പുറം), കെ.എം അബൂബക്കര്‍ തുടങ്ങിയവരൊക്കെ റഹീം സാഹിബിനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്തു (ആദ്യം പറഞ്ഞ മൂന്നുപേര്‍ ജമാഅത്ത് അംഗങ്ങളായിരുന്നു).  ബുക് സ്റ്റാള്‍ കെ.ഐ.ജിക്കും ഉര്‍ദു വിഭാഗക്കാരുടെ ഐ.എം.എക്കും തണലായി നിലകൊള്ളുകയും ചെയ്തു. പ്രസ്ഥാന പ്രസിദ്ധീകരണങ്ങള്‍ പല ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നവര്‍ അതിന്റെ വില കൃത്യമായി നല്‍കാതെ കുടിശ്ശിക വരുത്തിയപ്പോള്‍ റഹീം സാഹിബ് പറഞ്ഞു: 'സാരമില്ല. അതായിരിക്കും നമ്മുടെ കഫ്ഫാറ, പ്രായശ്ചിത്തം.' അല്‍ മുജ്തമഅ് വാരിക ചിലര്‍ക്കൊക്കെ അയച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശിക്കാറുണ്ടായിരുന്നു. വായനാശീലത്തിന്റെ കാര്യത്തില്‍ അദ്ദേഹം വലിയൊരു മാതൃകയാണ്. ഒരു മുലാഖാത്ത് വേളയില്‍ മര്‍ഹൂം ഹാജി സാഹിബ്, റഹീം സാഹിബിനോട്  വിക്ടര്‍ യൂഗോവിന്റെ പാവങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ചത് ഒരിക്കല്‍ അദ്ദേഹം അനുസ്മരിക്കുകയുണ്ടായി.
ഇസ്‌ലാമിസ്റ്റുകളുടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക കൂട്ടായ്മകളുടെയും ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകവും പരസ്പര സഹായകവുമാകാനും ഒരിക്കലും പരസ്പര വിരുദ്ധമാകാതിരിക്കാനും ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണമെന്ന് അദ്ദേഹം പലപ്പോഴും ഉണര്‍ത്തിയിരുന്നു.  മാഹി (പെരിങ്ങാടി) മുസ്‌ലിംകളിലെ ഉല്‍പതിഷ്ണുക്കളുടെ പരമ്പരാഗത കേന്ദ്രമായ സിദ്ദീഖ് പള്ളിയില്‍ തിക്താനുഭവങ്ങളുണ്ടാവുകയും പരിശുദ്ധ റമദാനില്‍ റഹീം സാഹിബിനെ പോലീസ് സ്വാധീനമുപയോഗിച്ച് അറസ്റ്റ് ചെയ്യിക്കുകയും മറ്റും ചെയ്ത സാഹചര്യത്തില്‍ മറ്റൊരു പള്ളി നിര്‍മിക്കാനുള്ള ആശയം പലരും ശക്തമായി ഉന്നയിക്കുകയുണ്ടായി. തദവസരത്തില്‍ പ്രതികാര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കരുതെന്നും പകരം രചനാത്മകമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നുമുള്ള അഭിപ്രായമായിരുന്നു അദ്ദേഹത്തിന്.
അതിന്റെ ഫലമാണ് മൂന്നര ദശകമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ ഫലാഹ് സ്ഥാപനങ്ങള്‍. അല്‍ ഫലാഹ് അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെയായിരുന്നു. അല്‍ ഫലാഹിന് അംഗീകാരം ലഭിക്കാതിരിക്കാനും അതിന് തലവേദന സൃഷ്ടിക്കാനും സമുദായത്തിലെ ചിലര്‍ നാനാ മാര്‍ഗേണ ശ്രമിച്ചപ്പോഴും അദ്ദേഹം പറയാറുള്ളത് നാം അവരോട് പ്രതികാരം ചെയ്യരുത് എന്നായിരുന്നു. സത്യത്തില്‍ അല്‍ ഫലാഹിന്റെ പ്രയോജനം ഏറെയും അനുഭവിച്ചത് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ലാത്ത സമുദായത്തിലെ വിവിധ വിഭാഗങ്ങളായിരുന്നു. വിശാല സമുദായ ഐക്യത്തിന്റെ വേദിയും നിമിത്തവുമായി അല്‍ ഫലാഹ് മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതോടൊപ്പം കേവല  ഭൗതികതക്കപ്പുറം ദീനിന്റെ ഉള്ളടക്കം വിദ്യാഭ്യാസത്തിലും സ്ഥാപനത്തിലും പരമാവധി നിലനിര്‍ത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം വളരെ ശക്തമായി ഉണര്‍ത്തി. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ''ഭൗതികതയില്‍ നമ്മള്‍ മറ്റുള്ളവരോട് മത്സരിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ പോകുന്നേടം വരെ പോകാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല.  അത് അനര്‍ഥഹേതുകവുമാണ്. അവരിലെ നല്ല അംശം മാത്രം സ്വാംശീകരിച്ചാല്‍ മതി. അതാകട്ടെ, യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റേതു തന്നെയാണ്. എന്നാല്‍, നമ്മള്‍ മുറുകെപ്പിടിക്കേണ്ട മൂല്യം ദീനിയായ ഉള്ളടക്കം നമ്മള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കണം. അതിന് നമ്മളേ ഉള്ളൂ. നമ്മള്‍ക്കേ സാധിക്കൂ. നമ്മുടെ സ്ഥാപനം ബ്രാന്റ് ചെയ്യപ്പെടേണ്ടത് അതിന്റെ പേരിലായിരിക്കണം. നമ്മള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടതും അതിനെയാണ്. ആത്മീയത തീരെയില്ലാത്ത മിസ്റ്റര്‍മാരും ദുന്‍യാവ് തിരിയാത്ത മൗലവിമാരും തമ്മിലിടയുകയും തമ്മിലടിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍  മിസ്റ്റര്‍ - മൗലവി കോമ്പിനേഷന്‍ ഉത്തമരീതിയില്‍ സുസാധ്യമാക്കണം. അങ്ങനെയുള്ളവര്‍ അപകര്‍ഷബോധം ഏതുമില്ലാതെ പരിശുദ്ധ ദീനിനെ അഭിമാനബോധത്തോടെ ഉയര്‍ത്തിപ്പിടിക്കണം.''
ഓര്‍മക്കുറിപ്പുകള്‍ എഴുതിക്കൂടേ എന്ന് പലകുറി ചോദിച്ചപ്പോള്‍  പറഞ്ഞത് ഇങ്ങനെ: ''അതു വേണ്ട. എഴുതുമ്പോള്‍ 'ഞാന്‍' കടന്നുകൂടും.'' ഉള്‍വലിയാനുള്ള പ്രവണത പലപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്.  അല്‍ ഫലാഹിന്റെ സ്ഥാപകാംഗങ്ങളായ അഹ്മദ് ഇസ്മാഈല്‍,  അനുജന്‍ ഖാലിദ് ഇസ്മാഈല്‍ എന്നിവര്‍ മരിച്ചപ്പോള്‍ പഴയകാല സ്മരണകള്‍ പങ്കുവെക്കാന്‍ അദ്ദേഹം വളരെ പ്രയാസപ്പെട്ടു. അത്രയേറെ സങ്കടമുണ്ടായിരുന്നു. അവരെപ്പറ്റി വല്ലതും എഴുതണമെന്ന് അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു.
പരോപകാരം, ദാനധര്‍മങ്ങള്‍, ദീനീനിഷ്ഠ തുടങ്ങിയ കാര്യങ്ങളില്‍ മാതൃകായോഗ്യമായ നിലപാട് പുലര്‍ത്തിയതിനൊപ്പം തന്റെ വായനാനുഭവങ്ങള്‍ ഉള്‍പ്പെടെ എല്ലാം ദീനീപരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു റഹീം സാഹിബ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍