Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

ഖുര്‍ആന്റെ പൊരുളറിയാതെ

ഖുര്‍റം മുറാദ്

പ്രവാചകന്റെ കാലത്തുള്ള മനുഷ്യരുടെ ജീവിതം അപ്പാടെ മാറ്റിമറിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഒരാള്‍ക്കും സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന മാറ്റം. ഈ മാറ്റം എങ്ങനെയുണ്ടായി എന്ന് പഠിക്കണം. നമ്മെയാകട്ടെ ഈ ഖുര്‍ആന്‍ മാറ്റുന്നുമില്ല.
പവിത്ര മാസമായ റമദാന്‍ വരുന്നു; അതങ്ങനെ കടന്നുപോകുന്നു. റമദാന് മുമ്പ് എങ്ങനെയുള്ള മനുഷ്യരായിരുന്നോ നാം, മുപ്പത് ദിവസത്തിനു ശേഷവും അതേപോലെ. ഒരു മാറ്റവുമില്ലാതെ നാം ജീവിതം തുടരുന്നു. ഒരു മാസം മുഴുവന്‍ ഖുര്‍ആന്‍ പാരായണം ധാരാളമായി കേട്ടു. ഈ ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍ക്കും മുമ്പ് നാം എങ്ങനെയായിരുന്നോ, അതു കേട്ട ശേഷവും നമ്മുടെ നിലയില്‍ മാറ്റമൊന്നുമില്ല. എന്നാല്‍, പൂര്‍വസൂരികള്‍ ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ മാറ്റം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ''അല്ലാഹുവിനെക്കുറിച്ച് ഓര്‍മിപ്പിച്ചാല്‍ അവരുടെ ഹൃദയം പ്രകമ്പനം കൊള്ളുന്നു'' (22:35), ''സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീരൊഴുകുന്നതായി നിനക്ക് കാണാം'' (5:83).
ശരീരവും ഹൃദയവും വിറകൊള്ളുക, കണ്ണുകളില്‍നിന്ന് കണ്ണുനീരൊഴുകുക ഇതൊക്കെ ഖുര്‍ആന്‍ അര്‍ഥമറിഞ്ഞും അതിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടും വായിക്കുമ്പോള്‍ മാത്രമേ സംഭവിക്കുകയുള്ളൂ. അതിനു മാത്രം അതുമായി ബന്ധവും അടുപ്പവും വേണമെന്നര്‍ഥം. ഖുര്‍ആന്‍ ഇന്നും നാമൊക്കെ വായിക്കുന്നു. നാമതിന്റെ പേജുകള്‍ മറിച്ചിടുന്നു. അതിവേഗം 'ഖത്തം' തീര്‍ക്കാന്‍ വെമ്പുന്നു. ഖുര്‍ആന്‍ 'ഖത്തം' തീര്‍ത്തതിന്റെ ആഘോഷം തിമിര്‍ക്കുന്നു. എന്നാല്‍ ആരുടെയെങ്കിലും ഹൃദയം തരളിതമാകുന്നുണ്ടോ? കണ്ണ് നനയുന്നുണ്ടോ? രോമാഞ്ചമണിഞ്ഞോ ആരെങ്കിലും? നാമീ വായിക്കുന്നത് 'ആകാശഭൂമികളുടെ രക്ഷിതാവിന്റെ വചന'മാണെന്ന വിചാരമുണ്ടായോ? ഇല്ല, ഒരിക്കലുമില്ല. നാം ആലോചിച്ചത്, വേഗത്തില്‍ ഈ പേജ് അല്ലെങ്കില്‍ ഈ പാരഗ്രാഫ് അതുമല്ലെങ്കില്‍ ഒരു ഭാഗം ഓതി 'ഖത്തം' തീര്‍ക്കാനാണ്. തറാവീഹ് രണ്ട് മിനിറ്റ് നീണ്ടുപോയാല്‍ ഇമാമിനോട് നമുക്ക് കലിയാണ്. അല്‍പം ചുരുക്കി നമസ്‌കരിക്കുക, വേഗത കൂട്ടുക തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയരും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ ആരെങ്കിലും നമ്മെ ക്ഷണിച്ചാല്‍ അവിടെ അലക്ഷ്യരായാണോ നാം എത്തുക? ഇനി എത്തിയാല്‍തന്നെ വേഗം അവിടെ നിന്ന് ഓടിരക്ഷപ്പെടണമെന്ന് കരുതുമോ? ഇല്ല. മറിച്ച്, അത്തരം സദസ്സുകളില്‍ മണിക്കൂറുകള്‍ മുമ്പേ നാം സ്ഥാനം പിടിക്കും. വസ്ത്രം ഭംഗിയായും ആകര്‍ഷകമായും ധരിക്കും. ഷെര്‍വാനിയോ പാന്റ്‌സോ കുര്‍ത്തയോ ഏത് ധരിക്കണം എന്നൊക്കെ തീരുമാനിച്ച് നിശ്ചിത സമയത്തിനും നേരത്തേ നിര്‍ണിത സ്ഥലത്തെത്തി കാത്തിരിക്കും. പ്രൈവറ്റ് സെക്രട്ടറിയോട് കൂടെക്കൂടെ ചോദിക്കും; സമയമായോ, 'ബഹുമാനപ്പെട്ടവര്‍' എപ്പോള്‍ എത്തും, എപ്പോഴാണ് അകത്ത് കടക്കുക? ഇതല്ലേ സ്ഥിതി? എന്നാല്‍ ഈ മനുഷ്യര്‍ അവര്‍ എത്രതന്നെ ഉയര്‍ന്ന പദവികളിലാണെങ്കിലും അവരുടെ കൈയില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ഒരു കോപ്പുമില്ല. അതേയവസരം പ്രപഞ്ചത്തെ മുഴുവന്‍ അടക്കിവാഴുന്ന, കഴിവിന്റെ സാകല്യമായ അല്ലാഹുവിനെ നാം ശരിയായി മനസ്സിലാക്കുന്നുമില്ല.
അല്ലാഹുവിന്റെ വചനങ്ങളോട് നമ്മുടെ കൂസലില്ലായ്മ അത്ഭുതകരം തന്നെ! ആ വചനങ്ങള്‍ കേള്‍ക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ നാം ശ്രമിക്കുന്നില്ല. അല്ലാഹുവിനെ അറിയാനാഗ്രഹിക്കുന്നില്ല. അവനെക്കുറിച്ച് ചിന്തിക്കാനും സമയമില്ല!
ഖുര്‍ആന്‍ കേള്‍ക്കുകയും ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്ത പൂര്‍വസൂരികളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഖുര്‍ആന്റെ ഒരു ഭാഗം അവതരിച്ചാല്‍ പ്രവാചകന്‍ അത് സദസ്സുകളെ കേള്‍പ്പിക്കും. അതിലെ ആശയം കര്‍മപഥത്തില്‍ കൊണ്ടുവരാനുള്ളതാണെന്ന് അവര്‍ തിരിച്ചറിയും. ഇത് കേവലം കേള്‍ക്കാനോ കേട്ട് പരിസരം മറന്ന് കരയാനോ ഉള്ളതല്ല എന്നും അവര്‍ മനസ്സിലാക്കും. അതിനാല്‍ അതിന്റെ മനോഹാരിത ആസ്വദിക്കുമ്പോള്‍തന്നെ, ആ ആശയത്തിന്റെ ജീവിക്കുന്ന മാതൃകകളായി അവര്‍ മാറി. അവരുടെ ജീവിതം ഖുര്‍ആന്റെ വിശദീകരണം (തഫ്‌സീര്‍) തന്നെ ആയിരുന്നു. പ്രവാചകന്റെ അനുചരന്മാര്‍ പറഞ്ഞല്ലോ; 'ഞങ്ങള്‍ അല്‍ബഖറ അധ്യായം പത്ത് വര്‍ഷമെടുത്താണ് പഠിച്ചിരുന്നത്.' ഇന്ന് ആളുകള്‍ വിചാരിക്കുന്നതോ, ഒരൊറ്റ രാത്രി ഖുര്‍ആന്‍ മുഴുവന്‍ (ഖത്തം) ഓതിത്തീര്‍ക്കണമെന്നും!
സ്വഹാബിമാര്‍ പറയാറുണ്ടായിരുന്നു: ''ഞങ്ങള്‍ എട്ട് സൂക്തങ്ങള്‍ വീതം പഠിക്കും. അവ നന്നായി മനസ്സിലാക്കും. അതനുസരിച്ച് പ്രവര്‍ത്തിക്കും, മനഃപാഠമാക്കും. തുടര്‍ന്ന് എട്ട് സൂക്തങ്ങള്‍ പഠിക്കും. ആ രീതിയില്‍ അല്‍ബഖറ അധ്യായം മുഴുവന്‍ ഞങ്ങള്‍ പഠിക്കുകയുണ്ടായി.''
ഖുര്‍ആന്‍ നമ്മുടെ പൂര്‍വികരുടെ ആവേശമായിരുന്നു. അവര്‍ക്ക് എന്തെല്ലാം അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കി! പാരത്രിക ലോകത്താകട്ടെ അവര്‍ക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടു. അതായത് ഇഹപര സൗഖ്യങ്ങള്‍ ഈ ഗ്രന്ഥം മുഖേനയാണ് ലഭ്യമാകുന്നത്.
ഇഹലോകത്തിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ പറഞ്ഞത് നോക്കുക: ''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു'' (7:96).
ദാരിദ്ര്യം, പതിത്വം, പിന്നാക്കാവസ്ഥ തുടങ്ങിയ എല്ലാറ്റില്‍നിന്നും കരകയറാന്‍ ഈ ഖുര്‍ആന്‍ മുഖേന കഴിയുമെന്നര്‍ഥം. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അതിമഹത്തും അനുപമവുമായ ദൈവികോപഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അപ്പോള്‍ ഈ ഖുര്‍ആനോട് നമ്മുടെ കടമയും കടപ്പാടും എന്തായിരിക്കണം?
ഖുര്‍ആനോടുള്ള നമ്മുടെ പ്രഥമ ബാധ്യത എന്താണ്? നാമത് സ്വയം പഠിക്കുക, പകര്‍ത്തുക. രണ്ടാമതായി ലോകത്തിനു മുമ്പില്‍ അതിന്റെ സന്ദേശം എത്തിക്കുക, പ്രകാശം കടന്നുവരുന്നതിനെ തടയാതിരിക്കുക. പ്രകാശം കടന്നുചെല്ലുന്ന ചുറ്റുപാടും പ്രകാശപൂരിതമാണല്ലോ. ജനസാകല്യത്തിന് അതിന്റെ സദ്ഫലം ലഭിക്കണം. ദൈവിക ഗ്രന്ഥം അവതരിച്ചത് മനുഷ്യന് ശരിയായ വഴി കാണിക്കുന്നതിനാണ്. അത് കെട്ടിപ്പൂട്ടിവെക്കാനോ ഡ്രോയിംഗ് റൂമിലെ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിക്കാനോ ഉള്ളതല്ല. ചിലപ്പോഴെല്ലാം എടുത്തോതുന്നു എന്നത് ശരി. ഇതിനപ്പുറം ഖുര്‍ആനിന് ഒരു റോളും നിര്‍വഹിക്കാനില്ലെന്നോ?
റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു: ''മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായ, സത്യാസത്യങ്ങളെ വിവേചിക്കുന്ന, സന്മാര്‍ഗം കാണിച്ചുതരുന്ന സുവ്യക്തമായ നിര്‍ദേശങ്ങളടങ്ങിയ ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍'' (2:185). ഖുര്‍ആന്‍ നിങ്ങളുടെ കൈകളിലേല്‍പിച്ചത് മനുഷ്യകുലത്തിന് വെളിച്ചം കാട്ടാനാണെന്ന് വ്യക്തമാക്കുകയാണ് അല്ലാഹു. ഇത് നിങ്ങള്‍ക്ക് മാത്രമുള്ളതല്ല. മുസ്‌ലിം സമുദായം അവര്‍ക്കു വേണ്ടി മാത്രം ജീവിക്കാന്‍ വേണ്ടിയല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സകല മനുഷ്യര്‍ക്കുമായാണ് അവരെ കൊണ്ടുവന്നിട്ടുള്ളത്. ഖുര്‍ആനുമായി അവര്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കണം. കാരണം അവരുടെ അടുക്കല്‍ സന്മാര്‍ഗമുണ്ട്. മനുഷ്യകുലത്തിന് വഴിവെളിച്ചമായി പരിലസിക്കേണ്ട ഖുര്‍ആനാകുന്ന വിളക്ക് അവരുടെ കൈയിലാണുള്ളത്. ''നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുത്തതിനു ശേഷം മറച്ചുവെക്കുന്നതാരോ, അവരെ അല്ലാഹു ശപിക്കുന്നതാണ്; ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്'' (2:159).
ജനങ്ങള്‍ക്ക് വഴികാട്ടിയായ ഈ വേദഗ്രന്ഥം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെങ്കില്‍, അത് കൈയിലുള്ളവര്‍ മറച്ചുവെക്കുമ്പോള്‍ അല്ലാഹു അവരെ ശപിക്കുന്നു. അല്ല, ശപിക്കുന്നവരൊക്കെ അവരെ ശപിക്കുന്നു. ഇത്ര വലിയ ഒരനുഗ്രഹം നല്‍കിയിട്ട് അശ്രദ്ധയാല്‍ അതിനെ അഗണ്യകോടിയില്‍ തള്ളുന്നുവെന്നതാണ് അല്ലാഹു ശപിക്കാനുള്ള കാരണം. അന്ധകാരത്തില്‍ തപ്പിത്തടയുകയാണ് മനുഷ്യര്‍, അനേകം മാരക രോഗങ്ങള്‍ അവരെ പിടികൂടിയിട്ടുണ്ട്. ചികിത്സിക്കാനുള്ള മരുന്ന് കൈവശമുള്ളവര്‍ ശീട്ട് കീശയിലിട്ട് നടക്കുന്നു. ഇരുട്ടില്‍ തപ്പുന്നവന് നല്‍കാനുള്ള വെളിച്ചവും അവരുടെ കൈവശമുണ്ട്. അത് നല്‍കാത്തതിനാലാണ് മനുഷ്യര്‍ അവരെ ശപിക്കുന്നത്. വെളിച്ചം മറച്ചുപിടിച്ച് ഇരുട്ടില്‍ തപ്പുകയും മരുന്ന് കൈയില്‍ വെച്ച് രോഗിയായി നടക്കുകയും ചെയ്യുമ്പോള്‍ ആരും ആക്ഷേപിച്ചുപോകില്ലേ? ഇതൊരു അത്ഭുത മനുഷ്യന്‍ തന്നെ, മരുന്നു ശീട്ട് കീശയിലിട്ട് നടക്കുകയാണ്. വിളക്കിനു മുമ്പില്‍ മറയിട്ടിരിക്കുന്നു, വെളിച്ചം കാണാതിരിക്കാന്‍. പിന്നെ അവരെ ശപിച്ചാല്‍ മതിയോ? അല്ലാഹു വീണ്ടും പറയുന്നു: ''എന്നാല്‍, പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും സത്യം ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമല്ലോ ഞാന്‍'' (2:160). ''സത്യം നിഷേധിക്കുകയും നിഷേധികളായി മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റെ മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കും'' (2:161).
അല്ലാഹുവിന്റെ വിവരണശൈലി കണ്ടില്ലേ? അതിന്റെ കാഠിന്യം നോക്കൂ. അതില്‍ അതൃപ്തിയും ഈര്‍ഷ്യയും ജ്വലിക്കുന്നതായി കാണാം. അവര്‍ക്കെതിരെ അല്ലാഹുവിന്റെ ശാപം-അവനാണല്ലോ വേദം അവതരിപ്പിച്ചത്. അവര്‍ക്കെതിരെ മലക്കുകളുടെ ശാപം- അവരാണല്ലോ വേദഗ്രന്ഥം ആകാശത്തുനിന്നെത്തിച്ചത്. മനുഷ്യരുടെ ശാപം- അവര്‍ക്കാണല്ലോ അത് ലഭിക്കേണ്ടത്. അത് യഥാവിധി ബന്ധപ്പെട്ടവര്‍ അവര്‍ക്ക് എത്തിക്കുന്നില്ല.
ഈ ഗ്രന്ഥം ഒരു അനുഗ്രഹം (നിഅ്മത്ത്) ആയതോടൊപ്പം അമാനത്ത് (ഉത്തരവാദിത്തത്തോടെ കൈയാളേണ്ടത്) കൂടിയാണ്. അപ്പോള്‍ ഈ നിഅ്മത്തും അമാനത്തും നാം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ?
നമുക്ക് മുമ്പുള്ളവര്‍ ഭംഗിയായി അവരുടെ ഉത്തരവാദിത്തം നിറവേറ്റി. അവര്‍ അവരുടെ ജീവിതം സംസ്‌കരിച്ചു. എങ്ങനെയാണ് മാറേണ്ടത്? ഖുര്‍ആനോടുള്ള നമ്മുടെ നിലപാട് എന്താണ്? ആലോചിക്കേണ്ട സമയമാണിത്.
വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍