Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 25

2944

1437 ജമാദുല്‍ ആഖിര്‍ 16

മാധ്യമ പ്രവര്‍ത്തനം ആത്മാവ് പണയം വെച്ചവരുടെ അതിജീവന കല

എ. റശീദുദ്ദീന്‍

മാധ്യമങ്ങളുടെയും സെലിബ്രിറ്റികളുടെയും ടി.ആര്‍.പി വര്‍ധിപ്പിക്കുന്ന പുതിയ സൂത്രവാക്യമായി ഇന്ന് ദേശീയത രൂപംമാറുകയാണ്. 'ദേശീയത' എന്ന പദത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉപയോഗവും വ്യാഖ്യാനവും ന്യൂസ് മാര്‍ക്കറ്റിലെ ചത്ത കുതിരയായിരുന്ന 'സീ ന്യൂസി'നെ പോലും ഉയിര്‍പ്പിച്ച് പന്തയത്തിനിറക്കുമ്പോള്‍ കച്ചവടം കൊടുമ്പിരികൊണ്ട ഭരണസിരാകേന്ദ്രങ്ങള്‍ക്കു ചുറ്റും പുകമറ ഉണ്ടാക്കിക്കൊടുക്കാനും ഈ വാക്ക് വഴിയൊരുക്കുന്നുണ്ട്. ദേശീയതയെ അപകടകരമായ സങ്കുചിതത്വത്തിലേക്കും മതചിഹ്നങ്ങളിലേക്കും സംക്രമിപ്പിക്കുന്ന ധൃതിയിലാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്ന് പറയാതിരിക്കാനാവില്ല. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആരംഭിച്ച രാഷ്ട്രീയ തിരിച്ചറിവിന്റെ മറുപക്ഷത്ത് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമുണ്ടാക്കുന്ന സവര്‍ണ പൊതുബോധം സൃഷ്ടിക്കുന്ന ആഘാതങ്ങളിലുടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
സവര്‍ണ ബോധങ്ങളുമായി ദേശീയതയെ ചേര്‍ത്തുവെച്ച സമീപകാല സംഭവങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു സ്മൃതി ഇറാനി ലോക്‌സഭയിലും രാജ്യസഭയിലും മഹിഷാസുരനെ കുറിച്ച് നടത്തിയ പ്രസംഗവും അതിനോടുള്ള മാധ്യമ പ്രതികരണവും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചില വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ നോട്ടീസിലെ ഭാഗങ്ങള്‍ 'ദൈവങ്ങള്‍ തന്നോടു പൊറുക്കട്ടെ' എന്ന പ്രാര്‍ഥനയോടെയാണ് സ്മൃതി സഭയില്‍ വായിച്ചത്. ആര്യന്മാര്‍ പറഞ്ഞയച്ച ദുര്‍ഗാ ദേവി അസുര രാജാവും അഭിമാനിയുമായ മഹിഷാസുരനെ ഒമ്പതു ദിവസം രമിപ്പിച്ചതിനു ശേഷം ഉറക്കത്തില്‍ ചതിയിലൂടെ വധിച്ചു എന്ന വരികള്‍ വായിച്ചുകൊണ്ട് ശേഷം സ്മൃതി പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ. 'എന്തൊരു അധഃപതിച്ച മനഃസ്ഥിതിയാണിത്?' അര്‍ധോക്തിയില്‍ നിര്‍ത്തിയ സ്മൃതിയുടെ പ്രസംഗത്തെ എങ്ങനെയും വ്യാഖ്യാനിക്കാമായിരുന്നു. അധഃപതിച്ച മനഃസ്ഥിതി എന്ന് മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി ഉദ്ദേശിച്ചത് മഹിഷാസുരനെ ആരാധിക്കുന്നവരുടെ വിശ്വാസങ്ങളെയാണെന്ന് മറുപക്ഷത്തിന് വ്യാഖ്യാനിക്കാന്‍ എളുപ്പമുണ്ടായിരുന്നു. അതല്ല ദുര്‍ഗാ ദേവിയുടെ ധാര്‍മികത ചോദ്യംചെയ്യുന്ന വാചകങ്ങളെ ചൊല്ലിയാണെന്നും 'ആര്യന്മാര്‍ എന്ന കടന്നുകയറ്റക്കാരുടെ ദൈവം ചതി നടത്തി' എന്ന പരാമര്‍ശത്തെയാണെന്നും സ്മൃതിയെ അനുകൂലിക്കുന്നവര്‍ക്കും വാദിക്കാമായിരുന്നു. എന്നാല്‍, സ്വന്തം പാര്‍ട്ടിയുടെ ദല്‍ഹിയില്‍നിന്നുള്ള ദലിത് എം.പി ഉദിത്‌രാജ് പോലും മഹിഷാസുര വിഷയത്തില്‍ സ്മൃതി പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടായിരുന്നില്ല. അതേസമയം പിറ്റേ ദിവസം പുറത്തിറങ്ങിയ മാധ്യമങ്ങളില്‍ ഒന്നുപോലും നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, വിശിഷ്യാ ദലിത്, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മഹിഷാസുരപൂജകരെ മന്ത്രി അപമാനിച്ചതായി ഒരു വാക്കു പോലും എഴുതിയില്ല.
ഹൈദരാബാദ് സംഭവത്തിനു ശേഷം ഇന്ത്യയിലെ ദലിത് സമൂഹത്തില്‍ ശക്തമാകാന്‍ തുടങ്ങിയ സ്വത്വബോധത്തെ തികച്ചും പ്രതിലോമകരമായ രീതിയിലാണ് മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരുന്നത്. രോഹിത് വെമുല ദലിതനാണോ അല്ലേ എന്ന ചര്‍ച്ചയെ സജീവമാക്കി നിര്‍ത്തുമ്പോഴും, ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായ രീതിയില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ നടത്തിയ ഇടപെടലുകളോ അതേക്കുറിച്ച് സ്മൃതി ഇറാനി സഭയില്‍ നടത്തിയ തെറ്റായ പ്രസ്താവനയോ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നുണ്ടായിരുന്നില്ല. മറ്റേതെങ്കിലും ഭരണകാലത്ത് ഒരു മന്ത്രിക്ക് താന്‍ കാരണമായി നടന്ന ഇത്തരമൊരു ആത്മഹത്യയെ കുറിച്ച ആരോപണത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. പാര്‍ലമെന്റില്‍ നുണ പറയുന്നതും നാടകം നടത്തുന്നതും പിന്നെയേ വരുന്നുള്ളൂ. ദാദ്രി സംഭവത്തിനു ശേഷം അഖ്‌ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഇറച്ചി പശുവിന്റേതാണോ എന്നറിയാന്‍ ലാബ് പരിശോധനക്കയച്ച വാര്‍ത്തക്ക് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യത്തിന്റെ പിന്നിലും പരിശോധനാഫലം ശരിയാണങ്കില്‍ കൊന്നത് കുഴപ്പമല്ലെന്ന  ധ്വനിയാണുണ്ടായിരുന്നത്. നരഹത്യയേക്കാള്‍ പ്രധാനമായിരുന്നു ആ ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് കണ്ടെത്തുന്നത്!  ഏറ്റവുമൊടുവില്‍ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ടവരുടെ ലശ്കര്‍ ബന്ധത്തെ കുറിച്ച വാര്‍ത്തകള്‍ക്കാണ് അമിത പ്രാധാന്യം കൈവരുന്നത്. അവര്‍ ലശ്കറിന്റെ ആളുകളായിരുന്നുവെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെയും കസ്റ്റഡിയിലെടുത്തതിനു ശേഷം 'ഏറ്റുമുട്ടി വധിക്കാന്‍' പോലീസിന് അധികാരം ലഭിക്കുന്നതിന്റെ നൈതികതയല്ല ചര്‍ച്ചയായത്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഉന്മാദത്തിന്റെ ചിറകിലേറി ഈ കേസ് തന്നെ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുവോളം കാര്യങ്ങളെത്തി. 
അഫ്‌സല്‍ ഗുരുവിനെ സ്‌നേഹിക്കുന്നവര്‍ക്കും നരേന്ദ്ര മോദിയെ സ്‌നേഹിക്കുന്നവര്‍ക്കുമിടയിലെ അതിര്‍വരമ്പായി ദേശീയബോധത്തെ ചുരുട്ടിക്കെട്ടുകയാണ് മാധ്യമങ്ങള്‍. കൊല്‍ക്കത്തയില്‍ 'ടെലിഗ്രാഫ്' പത്രം സംഘടിപ്പിച്ച സെമിനാറിനിടെ അഫ്‌സല്‍ ഗുരുവിനെ കുറിച്ച് മുന്‍ ജഡ്ജ് ഗാംഗുലി നടത്തിയ പ്രസംഗവും അതിന് സിനിമാ നടന്‍ അനുപം ഖേര്‍ നല്‍കിയ മറുപടിയും വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളില്‍ വന്നത്. ഫെബ്രുവരി 9-ന് നടന്ന റാലിക്കു ശേഷം ഇത്രയേറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് കനയ്യയും കൂട്ടരും  ആണെന്നും അദ്ദേഹത്തെ ജഡ്ജി പിന്തുണച്ചതില്‍ തനിക്ക് അപമാനം തോന്നുന്നുവെന്നും ഖേര്‍ പറഞ്ഞു. ഗാംഗുലിക്കെതിരെ ഒരു കാലത്ത് മാധ്യമങ്ങള്‍ തിരിഞ്ഞതുമായി ഇതിനെ ചേര്‍ത്തുവെക്കാനും ഖേര്‍ മറന്നില്ല. തികച്ചും വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ സമീകരണമത്രയും. താന്‍ ബി.ജെ.പിക്കു വേണ്ടിയല്ല സംസാരിക്കുന്നതെന്ന് ആമുഖത്തില്‍ പറയുന്നുണ്ടെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പതിവ് യുക്തിയില്ലായ്മകള്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു പ്രസംഗം. ഖേറിന് വായടച്ച മറുപടിയുമായി തൊട്ടു പിന്നാലെ പ്രസംഗിച്ച എന്‍.ഡി.ടി.വി എഡിറ്റര്‍ ബര്‍ഖാ ദത്തിന്റെ പ്രസംഗത്തിന് അത്ര വലിയ പ്രാധാന്യം സ്വാഭാവികമായും കിട്ടിയില്ല. മാധ്യമങ്ങള്‍ പറയാനാഗ്രഹിച്ചത് ആര് പറഞ്ഞു എന്നതു മാത്രമായിരുന്നു റിപ്പോര്‍ട്ടിംഗ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് കത്തെഴുതിയ ജയലളിതയെയും കൊടും ഭീകരരായ ഭുള്ളറെയും രജോണയെയും തൂക്കരുതെന്ന് എഴുതിയ  പ്രകാശ്‌സിംഗ് ബാദലിനെയും അഫ്‌സലിനെ തൂക്കിക്കൊന്നത് കശ്മീരിന്റെ വേദനാപൂര്‍ണമായ അധ്യായത്തിലെ മറ്റൊരു ധൃതിമൂത്ത നീക്കമായിരുന്നുവെന്ന് കത്തെഴുതിയ മുഫ്തി മുഹമ്മദ് സഈദിനെയും അംഗീകരിക്കുന്ന ബി.ജെ.പി ഏഴ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിലെ കാപട്യമാണ് ബര്‍ഖ ചോദ്യം ചെയ്തത്. അത്തരം യുക്തിവിചാരങ്ങള്‍ക്ക് മാധ്യമങ്ങളില്‍ ഇടം ആവശ്യമുണ്ടായിരുന്നില്ല.
യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെയും കര്‍ഷകന്റെയും അധ്യാപകന്റെയും തൊഴിലാളിയുടെയുമൊക്കെ രാജ്യസ്‌നേഹത്തേക്കാള്‍ വലുതായി മാറുകയാണ് പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടാളക്കാരുടെയും രാജ്യസ്‌നേഹം. കശ്മീരിലെയോ മണിപ്പൂരിലേയോ പട്ടാളക്കാര്‍ നടത്തിയ ബലാത്സംഗങ്ങളെ കുറിച്ച് പ്രസംഗിക്കുന്നത് രാജ്യദ്രോഹമാണെന്ന സിദ്ധാന്തം പോലും ഈ മാധ്യമ വിചാരണയുടെ തുടര്‍ച്ചായി പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടു. പക്ഷേ ഇതാദ്യമായി രാജ്യത്തിന്റെ നിലപാടുകള്‍ മാറുന്നതും കാണാനുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അവര്‍ നടത്തിയ ഏറ്റവും ബുദ്ധിശൂന്യമായ രാഷ്ട്രീയ നീക്കങ്ങളിലൊന്നായി ജെ.എന്‍.യുവിലെ പോലീസ് ഇടപെടല്‍ മാറി. വിട്ടയച്ച കനയ്യ കുമാറിനെ, അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുപോലും വീണ്ടുമൊരിക്കല്‍ കൂടി ജെ.എന്‍.യു കാമ്പസില്‍ കയറി പിടികൂടാന്‍ പോലീസിന് ധൈര്യം വന്നില്ല. ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്യുമ്പോള്‍ പാകിസ്താനെ കുറിച്ചും ലശ്കറെ ത്വയ്യിബയെ കുറിച്ചും 'കിട്ടിയ' വിവരങ്ങള്‍ പതിവുപോലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി ഓളം വെപ്പിക്കാനും പോലീസിനായില്ല. 
കനയ്യ കുമാറും ഉമര്‍ ഖാലിദും ഉയര്‍ത്തിയ വിഷയങ്ങളും അതിന് ലഭിച്ച വാര്‍ത്താപ്രാധാന്യവും ജനപിന്തുണയുമൊക്കെ ഉണ്ടായിരിക്കെത്തന്നെ രാജ്യദ്രോഹ കേസില്‍ പിടിയിലകപ്പെട്ട ഏതാനും യുവാക്കള്‍ക്കു വേണ്ടി ഒരു രാജ്യം ഇതുപോലെ ഒപ്പം നിന്ന മറ്റൊരു സമീപകാല ഉദാഹരണമില്ല. ഒരുപക്ഷേ സ്വാതന്ത്ര്യസമര കാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് രാജ്യദ്രോഹ കേസിന് രാജ്യവാസികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാവുന്നത്. അതുവരെ പൊതുസമൂഹത്തില്‍ ഈ വിഷയകമായി നിലനിന്ന ഉന്മാദത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ രാജ്യം കണ്ടതും മാധ്യമപ്രവര്‍ത്തകരെ അടക്കം കോടതിവളപ്പില്‍ തല്ലിച്ചതച്ചതുമൊക്കെ. എന്നിട്ടും ഏതാനും ദിവസങ്ങള്‍ക്കകം കനയ്യ കുമാറിന്റെയും ഖാലിദിന്റെയുമൊക്കെ പ്രഭാഷണങ്ങള്‍ രാജ്യം മുഴുക്കെയുള്ള പ്രേക്ഷകര്‍ തല്‍സമയം ആകാംക്ഷയോടെ കേള്‍ക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടു.  രാജ്യദ്രോഹിയാണെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കാനുള്ള നേരിയ അവസരം പോലും മാധ്യമങ്ങള്‍ നല്‍കാറുണ്ടായിരുന്നില്ല. ആ പ്രസംഗങ്ങള്‍ യൂനിവേഴ്‌സിറ്റികളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ശ്രവിച്ചത്. രാജ്യദ്രോഹ കേസില്‍ പിടിയിലകപ്പെടുന്നവന്റെ ജാള്യതക്കു പകരം അവരുടെ വാക്കിലും നോക്കിലും ഭാഷയിലും നിറഞ്ഞുനിന്ന ആര്‍ജവം അനിതരസാധാരണമായിരുന്നു. പരമ്പരാഗത മാധ്യമവിചാരണയെ മറികടക്കുന്ന സോഷ്യല്‍ മാധ്യമങ്ങളുടെ കാലത്തെ ഈ പ്രതിഭാസം  സര്‍ക്കാറിന്റെ കൂലിത്തൊഴിലാളികളായി മാറുന്ന പുതിയ കാലത്തിന്റെ മാധ്യമപ്രവര്‍ത്തകന് ഒരു പാഠം കൂടിയായിരുന്നു. 
ജെ.എന്‍.യുവില്‍ നടന്ന ഒരു സെമിനാറിനെ ചുറ്റിപ്പറ്റിയാണ് കനയ്യക്കും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള രാജ്യദ്രോഹ കേസ് രൂപംകൊണ്ടത്. 'പോസ്റ്റ്മാന്‍ ഇല്ലാത്ത രാജ്യം' എന്ന തലക്കെട്ടില്‍ അഫ്‌സല്‍ ഗുരു വധശിക്ഷയെ ചര്‍ച്ചക്കുവെച്ച വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് മുഖം തുണികൊണ്ടു മറച്ച ഏതാനും പേര്‍ കടന്നുവരികയും പാകിസ്താന്‍ അനുകൂലവും ഇന്ത്യാവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മുഖംമൂടി സംഘം വിളിച്ച മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നതായി പിന്നീട് പുറത്തുവന്ന ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ ചില പ്രവര്‍ത്തകരെ തിരിച്ചറിയാനും കഴിഞ്ഞു. അതേസമയം കനയ്യ കുമാറും മറ്റുമാണ് ഈ മുദ്രാവാക്യം വിളിച്ചതെന്നാണ് സീ ടിവി, ടൈംസ് നൗ, എക്‌സ് ന്യൂസ്, ആജ്തക് മുതലായ ചാനലുകള്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുന്‍ സെക്രട്ടറി ശില്‍പ്പി തിവാരിയാണ് രണ്ട് വ്യത്യസ്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് കനയ്യയെയും മറ്റും കുറ്റവാളികളാക്കുന്ന രീതിയില്‍ കൃത്രിമ വീഡിയോ എഡിറ്റ് ചെയ്തതെന്ന ആരോപണമുയര്‍ന്നു. ടെലിവിഷന്‍ മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും മോശം എഡിറ്റര്‍മാരിലൊരാളായ സുധീര്‍ ചൗധരിയാണ് സീ ടിവിയില്‍ ഈ കൃത്രിമത്തിന് കൂട്ടുനിന്നതെന്ന കുറ്റപ്പെടുത്തല്‍ പിറകെയെത്തി. സീ ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട വിശ്വദീപക് തനിക്ക് വാടകക്കൊലയാളിയുടെ ജോലി ചെയ്യാനാവില്ലെന്ന തുറന്ന പ്രഖ്യാപനവുമായി രാജിവെച്ചു. മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്കു ചുറ്റുമുള്ള എല്ലാറ്റിനെയും വിമര്‍ശിക്കുന്നവരാണ്. പക്ഷേ, അവര്‍ ഒരിക്കലും സ്വന്തത്തിലേക്ക് വിരല്‍ചൂണ്ടില്ലെന്നും കനയ്യ കുമാര്‍ ദേശദ്രോഹിയായി ചിത്രീകരിക്കപ്പെട്ട ആ മാധ്യമ വിചാരണ വളരെ മോശപ്പെട്ട ഒരു പ്രവണതയുടെ തുടക്കമാവുമെന്ന് താന്‍ ഭയക്കുന്നതായും വിശ്വദീപക് ചൂണ്ടിക്കാട്ടി. 'രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ദേശീയതയെ കുറിച്ച വിഷം പരന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദവി ഏറ്റെടുത്ത 2014 മെയ് മാസത്തിനു ശേഷം രാജ്യത്തിന്റെ ഓരോ ന്യൂസ് ഡസ്‌കുകളും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അങ്ങേയറ്റം ബീഭല്‍സമാണ്. മോദിയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് എല്ലാ വാര്‍ത്തകളും എഴുതപ്പെടുന്നത്. പ്രതിപക്ഷത്തെ നിരന്തരമായി അക്രമിച്ചുകൊണ്ടേയിരിക്കുന്നു. കെജ്
രിവാളിനെ കുറിച്ച് ഒരിക്കലും നല്ലതൊന്നും എഴുതുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഉച്ചഭാഷിണികളാണോ? മോദിയെ കുറിച്ചെഴുതുമ്പോള്‍ സൂക്ഷ്മത പാലിക്കുന്നത് മനസ്സിലാക്കാനാവും. പക്ഷേ എ.ബി.വി.പിയെയും ഒ.പി ശര്‍മയെയും കുറിച്ച് എഴുതണമെങ്കില്‍ പോലും ഭയപ്പെടേണ്ട അവസ്ഥയിലാണ് മാധ്യമ പ്രവര്‍ത്തകര്‍' - തന്റെ സുദീര്‍ഘമായ രാജിക്കത്തില്‍ വിശ്വദീപക് ചൂണ്ടിക്കാട്ടി. എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍മാരായ രവീഷ് കുമാറും ബര്‍ഖാ ദത്തുമൊക്കെ വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തി. രാജ്ദീപ് സര്‍ദേശായി പിന്നീട് കനയ്യ കുമാറിനെ മുഴുനീള അഭിമുഖം നടത്തി ചര്‍ച്ചകളെ കുറേക്കൂടി കരുത്തുറ്റതാക്കി. 
ഇത്തരത്തില്‍ ഒറ്റപ്പെട്ട ആശ്വാസങ്ങളായിരുന്നു ബര്‍ഖയുടെ കൊല്‍ക്കത്തയിലെ പ്രസംഗവും രവീഷ് കുമാര്‍ സിന്ധു സൂര്യകുമാറിന് അയച്ച എഴുത്തും രാജ്ദീപ് സര്‍ദേശായിയുടെ ലേഖനവുമൊക്കെ. പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കുന്നതില്‍ രാജ്യദ്രോഹം ഇല്ലെന്നാണ് സര്‍ദേശായി തുറന്നടിച്ചത്. അഫ്‌സലിനെ കുടുക്കിയതാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരെ നിയമപരമായും രാഷ്ട്രീയമായുമുള്ള സംവാദത്തിന് ക്ഷണിക്കുകയാണ് വേണ്ടത്. മറുഭാഗത്ത് വിദ്വേഷം പ്രചരിപ്പിക്കാത്തിടത്തോളം ഒരു മുദ്രാവാക്യം വിളിയും ദേശദ്രോഹമാകുന്നില്ല. അങ്ങനെയെങ്കില്‍ രാഷ്ട്രപിതാവിനെ കൊന്ന കേസില്‍ തൂക്കുകയര്‍ ഏറ്റുവാങ്ങിയ നാഥുറാം വിനായക് ഗോഡ്‌സെക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ഹിന്ദു മഹാസഭക്കാരും രാജ്യദ്രോഹികളാവണമല്ലോ. അംബേദ്കര്‍ കൊണ്ടുവന്ന ഈ റിപ്പബഌക്കിന്റെ ഭരണഘടനയില്‍ വിശ്വസിക്കുകയും പൗരനെയും നിയമത്തെയും മറ്റെന്തിനേക്കാളും മഹത്തരമെന്ന് കരുതുകയും ചെയ്യുന്നതുകൊണ്ട് താന്‍ രാജ്യദ്രോഹിയാവുമെങ്കില്‍ ആയിക്കൊള്ളട്ടെ. അതില്‍ അഭിമാനിക്കുന്നു. ഒരാള്‍ക്കും തന്നെ അവരുടെ സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനും ഒറ്റ രാജ്യം, ഒരു മതം, ഒരു സംസ്‌കാരം എന്ന വാദമുന്നയിക്കാനും ഇന്ത്യയില്‍ അവകാശമില്ലെന്നും സര്‍ദേശായി 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.  ഇവയൊക്കെയും പക്ഷേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമായിരുന്നു.
ഇതെല്ലാം പൊതുവെ മാധ്യമ രംഗത്ത് സംഭവിക്കാറില്ലായിരുന്നു; രാജ്യദ്രോഹ കേസുകളില്‍ പ്രത്യേകിച്ചും. നിശ്ചിതമായ അതിര്‍ത്തിക്കുള്ളില്‍ മാത്രമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടാറുള്ളത്. അതേസമയം പ്രൈം ടൈം ചര്‍ച്ചാസമയത്ത് ടെലിവിഷന്‍ ചാനലിനെ കറുത്ത നിറത്തില്‍ നിര്‍ത്തി ഞങ്ങള്‍ നിങ്ങളെ ഇരുട്ടിലാക്കുകയാണ് ചെയ്യുന്നതെന്നും ഇത് സാങ്കേതിക തകരാറല്ലെന്നുമുള്ള രവീഷിന്റെ തുറന്നുപറച്ചില്‍ ടെലിവിഷന്‍ ചാനലുകളെ മൊത്തത്തില്‍ പ്രതിക്കൂട്ടിലാക്കി. ഉത്തരങ്ങള്‍ നല്‍കുകയോ ഉത്തരങ്ങളിലേക്കെത്താന്‍ സഹായിക്കുകയോ അല്ല മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും, കുറ്റപ്പെടുത്താനും വിരല്‍ചൂണ്ടി ആക്രോശിക്കാനുമാണ് ചാനലുകള്‍ പഠിപ്പിക്കുന്നതെന്നും, ആളുകളെ ചാപ്പയടിക്കുന്നതും ഇളക്കിവിടുന്നതും പ്രകോപിപ്പിക്കുന്നതും മാധ്യമങ്ങളുടെ പണിയല്ലെന്നും രവീഷ് അഭിപ്രായപ്പെട്ടു. ഒരുപക്ഷേ അടിയന്തരാവസ്ഥ കാലത്ത് എഡിറ്റോറിയല്‍ കോളങ്ങള്‍ ഒഴിച്ചിട്ട 'ഇന്ത്യന്‍ എക്‌സ്പ്രസി'ന്റെ മാതൃകയെ ആയിരുന്നു രവീഷ് അനുസ്മരിപ്പിച്ചത്.
ഫെബ്രുവരി 10-ന് 'അഫ്‌സല്‍ വിഷയത്തില്‍ ജെ.എന്‍.യു എല്ലാ അതിരും ലംഘിച്ചുവോ' എന്ന 'ടൈംസ് നൗ' ചാനല്‍ ചര്‍ച്ച ആ തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ തികച്ചും ഏകപക്ഷീയമായിരുന്നു. ചോദ്യത്തിന് ഇല്ല എന്ന ഉത്തരം പറയാന്‍ ഒരാള്‍ക്കും അവസരം നല്‍കാന്‍ അര്‍ണബ് ഗോസ്വാമി തയാറായതേയില്ല. ചര്‍ച്ചയുടെ ഏതാണ്ട് 85 ശതമാനം സമയത്തും അര്‍ണബ് മറ്റുള്ളവരോട് കുരച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എന്നല്ല കൂടുതല്‍ അപകടകരമായി മാറുന്നത് ഈ ചര്‍ച്ചയുടെ പിന്നീട് നടക്കുന്ന യൂട്യൂബ് പോസ്റ്റ്‌മോര്‍ട്ടമാണ്. 9806 കമന്റുകളാണ് ഈ ലേഖനം എഴുതുന്നതു വരെയുള്ള ദിവസം ഈ ചര്‍ച്ചയുടെ ലിങ്കിനു താഴെയുള്ളത്. 1,548,218 പേര്‍ ഇത് കണ്ടിട്ടുമുണ്ട്. പക്ഷേ കമന്റുകളുടെ മഹാഭൂരിപക്ഷവും ഇസ്‌ലാമിനെതിരെയാണ്. മലയാളത്തിലെ ഒരു പത്രം എടുത്തു പ്രസിദ്ധീകരിച്ചതിനേക്കാള്‍ നിലവാരശൂന്യമായ, വായിക്കുന്നവനില്‍ ഓക്കാനമുണ്ടാക്കുന്ന തരം മതവിദ്വേഷം. എന്താണ് ഈ ചാനല്‍ പൊതു സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വികാരമെന്ന് വ്യക്തം. മതവൈരം വളര്‍ത്തുന്ന രീതിയില്‍ അലറിവിളിച്ച് ടി.ആര്‍.പി റേറ്റിംഗ് കൂട്ടുമ്പോള്‍ ഈ പരാമര്‍ശങ്ങള്‍ നിയമവാഴ്ചയുടെ ഒരു തത്ത്വത്തെയും ലംഘിക്കുന്നതായി ഭരണകൂടത്തിന് തോന്നുന്നുമില്ല.
എന്നിട്ടും കനയ്യക്കെതിരെ രണ്ടാമതൊരു രാജ്യദ്രോഹ കേസിന് കോപ്പുണ്ടോ എന്നന്വേഷിക്കുന്ന ചാനലുകളെയും അവരുടെ പുതിയ ക്ലിപ്പുകളില്‍ 124 എ വകുപ്പിന്റെ സാധ്യതകള്‍ തെരയുന്ന പോലീസിനെയുമാണ് ഇന്ത്യ കണ്ടത്. കനയ്യയെ കുറിച്ച് ലേഖനമെഴുതിയ വാര്‍ത്താ ലേഖകരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്ന സംഘികളുടെ ബഹളം ഒരു ഭാഗത്ത്. മഹിഷാസുര വധം ചര്‍ച്ചക്കുവെച്ച വനിതാ റിപ്പോര്‍ട്ടറെ  രാജ്യസ്‌നേഹിയാക്കി മാറ്റാനായി ബലാത്സംഗം മുതല്‍ മുഖത്ത് തുപ്പല്‍ വരെ നീളുന്ന പലതരം 'ദുര്‍ഗുണപരിഹാര' പദ്ധതികളുമായി ഇക്കൂട്ടര്‍ അരങ്ങുവാഴുന്നു. സുധീര്‍ ചൗധരി ഇന്ത്യയിലെ പേരുകേട്ട ഒരു യൂനിവേഴ്‌സിറ്റിയോടും ആ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച് ലോകത്തുടനീളം രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന അധ്യാപകരോടും പ്രഫഷനലുകളോടും തെറ്റ് ചെയ്തിട്ടും അദ്ദേഹം പോലീസ് അകമ്പടിയോടെ സസുഖം ദല്‍ഹിയില്‍ വാഴുന്നു. മാര്‍ച്ച് 9-ന് സീ ടിവി എഡിറ്റര്‍ സുധീര്‍ ചൗധരിയുടെ പരിപാടിയായ ഡി.എന്‍.എയില്‍ 'അഫ്‌സല്‍ പ്രേമി ഗ്യാംഗ്' എന്ന വിശേഷണത്തോടെയാണ് ദല്‍ഹിയില്‍ നടന്ന ഒരു കവിയരങ്ങിനെ കുറിച്ച വാര്‍ത്ത അവതരിപ്പിച്ചത് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഗൗഹര്‍ റാസയെ ആണ് ഇത്തവണ ചൗധരി ഉന്നം വെച്ചത്. ഗുജറാത്ത് കലാപത്തെ കുറിച്ച് റാസ ഡോക്യുമെന്ററി പോലും നിര്‍മിച്ചിട്ടുണ്ട് എന്ന പരിഹാസത്തോടെയായിരുന്നു ഈ ഷോയില്‍ പരാമര്‍ശിക്കപ്പെട്ടത്. ഈ കവിയരങ്ങില്‍ പങ്കെടുത്തവര്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ നടക്കുന്നവരാണെന്ന് തെളിയിക്കാന്‍ ഏതാനും കവിതകളെ തലയും വാലും വെട്ടിമുറിച്ച് തന്റെ ഷോയില്‍ ചൗധരി കാണിക്കുന്നുണ്ടായിരുന്നു.
ഷെയറുകള്‍ വാങ്ങിക്കൂട്ടിയ മാധ്യമ മുതലാളിക്ക് എന്താണോ വേണ്ടത് അത് ഉണ്ടാക്കിക്കൊടുക്കാന്‍ ബാധ്യതപ്പെട്ട 'തൊഴിലാളി ജേര്‍ണലിസ്റ്റി'ന്റെ കാലത്ത് സാമൂഹിക ബോധം നഷ്ടപ്പെട്ടവരുടെ അതിജീവനകലയായാണ് മാധ്യമ പ്രവര്‍ത്തനം മാറുന്നത്. ഗവണ്‍മെന്റിനെ വാഴിക്കാന്‍ കൂടി പണം വാരിയെറിഞ്ഞ ഈ മുതലാളിമാരാണ് ഇന്ന് രാജ്യത്തെ നിര്‍വചിക്കുന്നത്. വാടകക്കൊലയാളിയുടെ അവസ്ഥയാണ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റിന്റേതെന്ന് പറയാതെ വയ്യ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /2
എ.വൈ.ആര്‍