Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയെ ഓര്‍ക്കുമ്പോള്‍

ശൈഖ് അഹ്മദ് കുട്ടി

1935 ല്‍ ഇറാഖിലാണ് ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയുടെ ജനനം. ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1953 ല്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിച്ചു. ശരീഅ കോളേജില്‍നിന്ന് 1959 ല്‍ ബിരുദം. 1968 ല്‍ ബിരുദാനന്തര ബിരുദം. 1973 ല്‍ ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഡോക്ടറേറ്റ്. പഠനശേഷം ഇറാഖിലേക്ക് തന്നെ മടങ്ങി. പി.എച്ച്.ഡി എടുത്ത ശേഷം പത്ത് വര്‍ഷം സുഊദിയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി. 1983 ല്‍ യു.എസിലേക്ക് താമസം മാറി. യു.എസിലും മിഡില്‍ ഈസ്റ്റിലുമൊക്കെ ഒട്ടേറെ ഇന്റര്‍ഫെയ്ത് പ്രൊജക്ടുകളില്‍ അദ്ദേഹം പങ്കാളിയായി. അതുവഴി വ്യത്യസ്ത മത പണ്ഡിതരുമായി അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫിഖ്ഹ് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകനും ചെയര്‍മാനും ആയിരുന്നു ഡോ. അല്‍വാനി. 2016 മാര്‍ച്ച് 4-ന് അന്തരിച്ചു. 

ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാനോര്‍ത്തത് 'ഔന്നത്യമുള്ള ഓരോ പണ്ഡിതന്റെ മരണവും നികത്തല്‍ അസാധ്യമായ ഒരു ശൂന്യത അവശേഷിപ്പിക്കുന്നു' എന്ന ഹസനുല്‍ ബസ്വരിയുടെ വാക്കുകളാണ്. ഒരു സാധാരണ പണ്ഡിതനായിരുന്നില്ല ഡോ. അല്‍വാനി. എല്ലാ വിഷയങ്ങളിലും കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന, ഇസ്‌ലാമിക ചിന്തക്ക് തന്നെ വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ മരണം വിദ്യാര്‍ഥികള്‍ക്കും പണ്ഡിതര്‍ക്കുമെല്ലാം വലിയ നഷ്ടമാണ്. 

നോര്‍ത്ത് അമേരിക്ക ഫിഖ്ഹ് കൗണ്‍സിലില്‍ ഉണ്ടായിരുന്ന കാലത്താണ് ഞാന്‍ ഡോ. അല്‍വാനിയെ പരിചയപ്പെടുന്നത്. 'ഇസ്‌ന'(ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ കണ്‍വെന്‍ഷനുകളില്‍ വെച്ചാണ് പലപ്പോഴും കാണുക. ടൊറന്റോയിലെ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിനായുള്ള ഒരു കണ്‍വെന്‍ഷനിലാണ് ഡോ. അല്‍വാനിയെ അവസാനമായി കണ്ടണ്ടത്. ടൊറന്റോയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചതിന്റെ പേരില്‍ അദ്ദേഹം എന്നെ അഭിനന്ദിക്കുകയും സംരംഭത്തിന് പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിനയവും നിസ്വാര്‍ഥതയും കളങ്കമറ്റ പ്രതിബദ്ധതയുമെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. 

ആധുനിക ചിന്തയിലും കാലിക വിഷയങ്ങളിലും ആഴത്തില്‍ അറിവുള്ളതോടൊപ്പം ഇസ്‌ലാമിക് സയന്‍സിലും അവഗാഹമുണ്ടായിരുന്നു ഡോ. അല്‍വാനിക്ക്. ഉസ്വൂലുല്‍ ഫിഖ്ഹിനെ അധികരിച്ച് എഴുതിയ പ്രബന്ധത്തിന് ഈജിപ്തിലെ അല്‍ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. സുഊദി അറേബ്യയിലും മറ്റുമൊക്കെയായി വിവിധ യൂനിവേഴ്‌സിറ്റികളില്‍ പ്രഫസറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. യു.എസ്.എയിലെ പ്രസിദ്ധമായ ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടി (IIIT) ന്റെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ഇസ്മാഈല്‍ റാജി  ഫാറൂഖിയുമായി ചേര്‍ന്ന് അദ്ദേഹം നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ് പ്രമാണങ്ങളെ പുനര്‍വായിക്കുന്നതിലും ഇസ്‌ലാമിക ചിന്തക്ക് പുതുജീവന്‍ നല്‍കുന്നതിലും നവീന പാതകള്‍ വെട്ടിത്തെളിച്ചത്. 

വിമര്‍ശനാത്മക ചിന്തക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പുസ്തകങ്ങള്‍ ഡോ. അല്‍വാനി രചിച്ചിട്ടുണ്ട്. ഇജ്തിഹാദിന് പുതുജീവന്‍ നല്‍കുന്നതായിരുന്നു ആ യത്‌നങ്ങളെല്ലാം. അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളില്‍ ഒന്നായിരുന്നു അത്. ഇസ്‌ലാമിക പാരമ്പര്യത്തില്‍നിന്ന് മാറിനിന്നുകൊണ്ടുള്ള അന്വേഷണമായിരുന്നില്ല അദ്ദേഹത്തിന്റേത്. പൊതു സ്വീകാര്യമായ മെത്തഡോളജികളും ടൂളുകളും ഉപയോഗിച്ച് പാരമ്പര്യത്തെ പരിഷ്‌കരിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ അടിയുറച്ചുതന്നെ എങ്ങനെ നിര്‍മാണാത്മകമാവാം എന്ന് പുതിയ തലമുറയിലെ പണ്ഡിതര്‍ക്ക് തന്റെ പുസ്തകങ്ങളിലൂടെയും ഫത്‌വകളിലൂടെയും അദ്ദേഹം ഉദാഹരിച്ചുകൊടുത്തു. ഇസ്‌ലാമിക ചിന്തയെ നവീകരിക്കാന്‍ അജ്ഞേയവാദികളുടെ രീതിശാസ്ത്രങ്ങള്‍ പകര്‍ത്തേണ്ട ആവശ്യം മുസ്‌ലിം ചിന്തകര്‍ക്കില്ലെന്നും അദ്ദേഹം തെളിയിച്ചു. 

'മതഭ്രഷ്ടര്‍ക്കുള്ള ശിക്ഷ', 'മുസ്‌ലിംകള്‍ക്ക് യു.എസ് സേനയില്‍ സേവനം ചെയ്യാമോ' പോലുള്ള വിഷയങ്ങളില്‍ വന്ന ഫത്‌വകളില്‍ പുനഃപരിശോധന  വേണമെന്ന അഭിപ്രായക്കാരനായിരുന്നു. പുസ്തകങ്ങളിലെ വരികള്‍ അങ്ങനെത്തന്നെ ഉദ്ധരിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ഉദ്ധരണികളെ വായിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. 

പടച്ചവന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ശാന്തിയും സാമാധാനവും നല്‍കട്ടെ. 

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍