Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

'നിങ്ങള്‍ അശ്രദ്ധരാണ്, ഖബ്‌റിടങ്ങള്‍ സന്ദര്‍ശിക്കും വരെ'

അബൂനുഐം

'പരസ്പരം പെരുമ നടിക്കുന്നത് നിങ്ങളെ (മറ്റു നന്മകളില്‍നിന്ന്) അശ്രദ്ധരാക്കിയിരിക്കുന്നു; നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും' എന്ന ആക്ഷേപത്തോടെയാണ് വിശുദ്ധ ഖുര്‍ആനിലെ 102 ാം അധ്യായം അത്തകാസുര്‍ ആരംഭിക്കുന്നത്. കുലങ്ങളും ഗോത്രങ്ങളും തമ്മില്‍ 'ആള്‍ബലം കൊണ്ട് ഞങ്ങളാണ് കേമന്മാര്‍' എന്ന് പെരുമ നടിക്കുന്ന സ്വഭാവം അവരെ ശവക്കുഴിയിലേക്ക് എടുത്തുവെക്കും വരെ തുടര്‍ന്നുപോന്നിരുന്ന ഒരു സമൂഹത്തിലേക്കാണ് ഈ സൂക്തങ്ങള്‍ അവതരിക്കുന്നത്. ഭൗതികവും നശ്വരവുമായ വിഭവങ്ങളുടെ വര്‍ധനവില്‍ അഹങ്കരിക്കുന്ന ഏത് വിഭാഗത്തെയും ഈ പരാമര്‍ശം ചിന്തിപ്പിക്കേണ്ടതാണ്. 

സ്വന്തം ഗോത്രത്തിലെ ജീവിച്ചിരിക്കുന്നവരെ എണ്ണിക്കഴിഞ്ഞ് ഒടുവില്‍ എതിര്‍ഗോത്രങ്ങളോട് എണ്ണത്തില്‍ തോറ്റുപോകുമെന്ന ഘട്ടം വരുമ്പോള്‍ ശവപ്പറമ്പില്‍ ചെന്ന് അവിടെ മറമാടിയ സ്വന്തം ഗോത്രത്തില്‍പെട്ടവരുടെ കൂടി കണക്കെടുക്കുന്ന സ്വഭാവവും ആ സമൂഹത്തിലുണ്ടായിരുന്നു എന്ന വശം കൂടി ഇതിലെ രണ്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ത്വുബി, ജലാലൈനി, സമഖ്ശരി തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കുന്നുണ്ട്. ഖബ്ര്‍ നീണ്ടുവെന്നു പ്രചരിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യങ്ങള്‍ (നിയ്യത്ത്) പലതാണ്. 'ഞങ്ങളാണ് കേമന്മാര്‍' എന്നു വാദിച്ച് എതിര്‍ ശബ്ദങ്ങളെ തോല്‍പിക്കാനായി ഇത്തരം വേലകളിലേര്‍പ്പെടുന്നവര്‍ക്ക് ചേരുന്നതാണ് ഈ ഖുര്‍ആന്‍ സൂക്തം. 'ഉസ്താദിന്റെ ഖബ്ര്‍ വളര്‍ന്നിട്ടുണ്ടെ'ന്ന് പൊലിമ പറയുന്നവര്‍ തങ്ങള്‍ ഏത് ലക്ഷ്യത്തിനു വേണ്ടിയാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ആലോചിക്കുന്നത് നന്ന്.

ഇതേ സൂറയുടെ വിശദീകരണത്തില്‍ ഖബ്ര്‍ സന്ദര്‍ശിക്കേണ്ടത് എന്തിനെന്നും വിവരിക്കുന്നുണ്ട്. 'ഖബ്ര്‍ സന്ദര്‍ശിക്കുന്നത് നിങ്ങള്‍ക്ക് ഞാന്‍ വിരോധിച്ചിരുന്നു, എന്നാല്‍ നിങ്ങള്‍ ഇനി സന്ദര്‍ശിച്ചുകൊള്ളുക. അത് പരലോകത്തെ ഓര്‍മിപ്പിക്കും' (മുസ്‌ലിം, നസാഈ, ഇബ്‌നുമാജ, അഹ്മദ്) എന്ന റസൂലിന്റെ (സ) വചനം ഉദ്ധരിച്ചുകൊണ്ടാണത്. ഖബ്ര്‍ സന്ദര്‍ശനം മുമ്പ് നിരോധിക്കപ്പെട്ടിരുന്നുവെന്നും, മരണത്തെയും പരലോക ജീവിതത്തെയും കുറിച്ച ഓര്‍മ നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നതിനാല്‍ പിന്നീടത് അനുവദിക്കപ്പെട്ടതാണെന്നും ഈ നബിവചനത്തില്‍നിന്ന് വ്യക്തം. 

പാരത്രിക ജീവിതബോധം ഉണര്‍ത്തുക എന്നതിനപ്പുറം ഭൗതികമായ യാതൊരുവിധ കാട്ടിക്കൂട്ടലും ഖബ്‌റുമായി ബന്ധപ്പെട്ട് നടന്നുകൂടാ എന്ന ഉറച്ച ബോധ്യം സമൂഹത്തിനു നല്‍കാന്‍ തന്റെ അന്ത്യനിമിഷങ്ങളില്‍ വരെ റസൂല്‍ (സ) ജാഗ്രത പുലര്‍ത്തിയിരുന്നു. ആഇശ(റ)യില്‍നിന്നും ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ ഇങ്ങനെ കാണാം:

''പ്രവാചകന് (സ) മരണം ആസന്നമായ വേളയില്‍ ധരിച്ചിരുന്ന വസ്ത്രം മുഖത്തിട്ടിരുന്നു. വളരെയധികം പ്രയാസം നേരിടുന്ന സന്ദര്‍ഭത്തില്‍ മുഖം വെളിവാക്കിയിട്ട് ഇങ്ങനെ പറഞ്ഞു: ജൂത ക്രൈസ്തവരില്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റിടങ്ങളെ ആരാധനാലയങ്ങളാക്കിയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

ഇത് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: 'ഈ രോഗത്തില്‍ താന്‍ മരിക്കുമെന്ന് പ്രവാചകന്‍ (സ) മനസ്സിലാക്കിയിരിക്കാം. മുന്‍കഴിഞ്ഞ സമൂഹം ചെയ്തതുപോലെ തന്റെ ഖബ്‌റിനെ മഹത്വപ്പെടുത്തുന്നതില്‍ അതിരുകവിയുന്നത് പ്രവാചകന്‍ (സ) ഭയപ്പെട്ടിരുന്നു. അതുകൊണ്ട്, അപ്രകാരം ചെയ്യുന്നവരെ ആക്ഷേപിക്കാനായി അങ്ങനെ പ്രവര്‍ത്തിച്ച ജൂത ക്രൈസ്തവരെ പ്രവാചകന്‍ (സ) ശപിക്കുകയാണുണ്ടായത്.' ഖബ്‌റിനെ മഹത്വപ്പെടുത്തുന്നതില്‍ അതിരു കവിയുന്നതിനെ തന്നെയാണ് റസൂല്‍ (സ) തടഞ്ഞതെന്ന് ഇബ്‌നു ഹജര്‍ നിരീക്ഷിച്ചു. 

ഇമാം മാലിക് (റ) 'മുവത്വ'യിലും ഇമാം അഹ്മദ് (റ) 'മുസ്‌നദി'ലും ഉദ്ധരിക്കുന്ന ഹദീസില്‍ റസൂല്‍ (സ) 'അല്ലാഹുവേ, എന്റെ ഖബ്‌റിനെ (ആരാധിക്കപ്പെടുന്ന) ബിംബമാക്കരുതേ' എന്ന് പ്രാര്‍ഥിച്ചതായി പറയുന്നുണ്ട്. ബിംബാരാധന എന്നാല്‍ മഹാന്മാരുടെയും പ്രവാചകന്മാരുടെയും രൂപങ്ങളെയും പ്രതിഷ്ഠകളെയും ആരാധിക്കല്‍ മാത്രമാണെന്ന ധാരണ തിരുത്തുകയാണ് ഈ വചനം. 

'നിങ്ങളുടെ വീടുകളെ ഖബ്ര്‍ പോലെയാക്കരുത്; എന്റെ ഖബ്ര്‍ നിങ്ങള്‍ ആഘോഷമാക്കുകയും അരുത്' (അബൂ ദാവൂദ്) എന്ന പ്രവാചക നിര്‍ദേശം ഇന്ന് ഖബ്‌റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ ആഘോഷങ്ങളെയും തിരസ്‌കരിക്കുന്നതാണ്. വര്‍ണവെളിച്ചങ്ങളും ദഫ്‌മേളങ്ങളും കൊടിതോരണങ്ങളുമായി കെങ്കേമമായി ആഘോഷിക്കപ്പെടുന്ന ഉറൂസ് നേര്‍ച്ചകള്‍ ഏത് പരലോകമാണ് നമ്മെയോര്‍മിപ്പിക്കുന്നത്?

'വളരുന്ന ഖബ്ര്‍' എന്ന പ്രചാരണത്തിലേക്ക് തിരിച്ചുവരാം. ആറടി മണ്ണിലേക്ക് ഭൗതിക ശരീരം ഇറക്കിവെച്ചാല്‍ പിന്നെ, പടച്ചവനു മാത്രമറിയാവുന്ന പരലോകജീവിതത്തിന്റെ ആദ്യഘട്ടമായ ബര്‍സഖിലേക്കാണ് അയാളുടെ ആത്മാവ് പോകുന്നത്. ആ ലോകത്തെക്കുറിച്ച് നമുക്കൊന്നും അറിയില്ല. പുറമേ നാം കാണുന്ന കല്ലും നെയിം ബോര്‍ഡുമെല്ലാം ഭൗതികവും അചേതനങ്ങളുമായ കേവല വസ്തുക്കളാണ്. മരിച്ചു മണ്‍മറഞ്ഞ മനുഷ്യന്‍ ഉദാത്ത ജീവിതം നയിച്ച ആളായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നന്മകള്‍ സമൂഹത്തില്‍ ജീവിക്കും. അതിനെയാണ് പ്രവാചകന്‍ (സ) 'നിലക്കാത്ത ദാനങ്ങള്‍' എന്ന് പരിചയപ്പെടുത്തിയത്. അതിനപ്പുറം, കല്ലുകളിലും സിമന്റ് സ്ലാബുകളിലും കറാമത്ത് ദൃശ്യമാകുന്നു എന്ന് വാദിക്കുന്നത് തികഞ്ഞ വിവരക്കേടും മൗഢ്യവുമാണ്. ജീവിച്ചിരിക്കുമ്പോള്‍ കിടന്ന കട്ടിലോ വീടോ ഒന്നും വികസിക്കുന്നില്ല; മരിച്ചു കിടക്കുന്ന ഖബ്ര്‍ മാത്രം വികസിക്കുന്നു! 

നിരന്തരം ആവര്‍ത്തിച്ച് വ്യാജങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനാണ് ശ്രമം. എന്നാല്‍, നന്മയെ ഉള്‍ക്കൊള്ളാനും തിന്മയെ തുടച്ചുനീക്കാനും ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹം എന്നും ഇവിടെയുണ്ട്. അന്തിമ വിജയം സൂക്ഷ്മതയുള്ളവര്‍ക്ക് തന്നെയായിരിക്കും. 

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍