Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

'ഇഖ്ബാല്‍ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ ആയിരുന്നില്ല'

ജാവേദ് ഇഖ്ബാല്‍

2015 ഒക്‌ടോബര്‍ 3-ന് ലാഹോറില്‍ നിര്യാതനായ, വിശ്വകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ മകന്‍ ജാവേദ് ഇഖ്ബാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ ദഅ്‌വത്ത് ഉര്‍ദു പത്രം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗം.

താങ്കളുടെ കുടുംബം, കുട്ടിക്കാലം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് പറഞ്ഞുതുടങ്ങാം.

ഒരു പ്രശസ്ത കശ്മീരീ പണ്ഡിറ്റ് കുടുംബമാണ് ഞങ്ങളുടെ പൂര്‍വികര്‍.  സുല്‍ത്താന്‍ സൈനുല്‍ ആബിദീന്റെ കാലത്ത് 1473-ല്‍ ഇസ്‌ലാം സ്വീകരിച്ചു. കുടുംബത്തിന്റെ ഒരു ശാഖ ഇപ്പോഴും കശ്മീരിലുണ്ട്.

1924-ല്‍ ലാഹോറിലാണ് ഞാന്‍ ജനിച്ചത്. എന്നെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പിതാവ് ഏര്‍പ്പെടുത്തിയത് അറബ് വംശജനായ ഒരധ്യാപകനെയായിരുന്നു. ഖുര്‍ആനോട് വല്ലാതെ അടുപ്പമായിരുന്നു പിതാവിന്. അദ്ദേഹത്തിന്റെ പിതാവ് ഖുര്‍ആന്‍ പഠിക്കുന്നത് തനിക്ക് അവതരിക്കുന്നുവെന്ന മനസ്സോടെയാവണമെന്ന് ഉപദേശിച്ചിരുന്നു. അതുള്‍ക്കൊണ്ട് ഏതു പ്രശ്‌നത്തിനും പരിഹാരം ഖുര്‍ആനില്‍ തേടുന്ന പ്രകൃതക്കാരനായി മാറി എന്റെ വന്ദ്യപിതാവ്. 

പിതാവിന്റെ സുഹൃത്തുക്കളില്‍ ഹിജാസുകാരനായ ഒരറബിയുണ്ടായിരുന്നു. നല്ല ശബ്ദത്തിന്റെ ഉടമയായിരുന്ന അദ്ദേഹം എന്നെ കൂടെയിരുത്തി ഖുര്‍ആന്‍ പാരായണം ചെയ്യിക്കുമായിരുന്നു. ഒരിക്കല്‍ സൂറഃ മുസ്സമ്മില്‍ പാരായണം ചെയ്യവെ, പിതാവ് ഏങ്ങലടിച്ചു കരഞ്ഞു. ഖുര്‍ആന്‍ പാരായണ സന്ദര്‍ഭങ്ങളിലും പ്രവാചകകീര്‍ത്തനം (നഅത്ത്) ആലപിക്കുമ്പോഴും അദ്ദേഹം കണ്ണീര്‍ പൊഴിക്കുമായിരുന്നു. ഒരിക്കല്‍ അല്‍ത്വാഫ് ഹുസൈന്‍ ഹാലിയുടെ 'വോ നബിയോം മേം റഹ്മത് ലഖബ് പാനേ വാലാ...' എന്ന മുസദ്ദസിലെ വരികള്‍ ഞാന്‍ പാടിയപ്പോള്‍ അതു കേട്ടുനിന്ന പിതാവ് കണ്ണു തുടക്കുന്നത് കാണാനായി. ഇംഗ്ലീഷ് പഠനത്തിനായി ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്നു. അവിടെയായിരുന്നു 

പിതാവും പഠിച്ചത്. ഫിലോസഫിയിലും ഇംഗ്ലീഷിലും എം.എ പാസ്സായി. 1954-ല്‍ പി.എച്ച്.ഡിക്കായി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ചേര്‍ന്നു. ഇസ്‌ലാമിക് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 1956-ല്‍ ലണ്ടനില്‍ തന്നെ വക്കീല്‍ പരീക്ഷയും പാസ്സായി. ഏതാണ്ട് പത്തു വര്‍ഷത്തോളം അവിടെ കഴിഞ്ഞു. പിന്നീട് ലാഹോറില്‍ അഭിഭാഷക വൃത്തിയും കോളേജുകളില്‍ ഗസ്റ്റ് അധ്യാപനവുമായി കഴിഞ്ഞു. 1971-ല്‍ ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നീട് പാകിസ്താന്‍ സുപ്രീം കോടതിയില്‍നിന്ന് സീനിയര്‍ ജഡ്ജിയായി വിരമിച്ചു.

ഇഖ്ബാലിന്റെ തത്ത്വശാസ്ത്രത്തെപ്പറ്റിയും മറ്റും നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യു.എന്‍.ഒയില്‍ പാകിസ്താനെ പ്രതിനിധീകരിച്ച് അഞ്ചുതവണ പ്രസംഗിച്ചു. ഭാര്യ നാസിറ ലാഹോറില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു.

താങ്കളുടെ പ്രധാന കൃതികള്‍?

ഇംഗ്ലീഷിലും ഉര്‍ദുവിലുമായി ഒട്ടേറെ രചനകള്‍ പുറത്തിറക്കിയിട്ടുണ്ട്. Ideology of Pakistan, The Legacy of Qaide Azam, Notebook of Allama Iqbal എന്നീ ഇംഗ്ലീഷ് കൃതികള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. Notebook of Allama Iqbal പിതാവിന്റെ ഡയറിക്കുറിപ്പുകളാണ്. നേരത്തേ ആ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലായിരുന്നു. ഇഖ്ബാല്‍ ചിന്തകളെ കമ്യൂണിസത്തോട് സമീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിര്‍ദേശപ്രകാരം ഞാനതിനെ ഖണ്ഡിച്ചുകൊണ്ട് എഴുതുകയുണ്ടായി.

പിതാവെന്ന നിലയില്‍ അല്ലാമയുടെ പെരുമാറ്റം എവ്വിധമായിരുന്നു?

കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നെങ്കിലും ക്രിക്കറ്റ് കളിക്കാനും പട്ടം പറത്താനുമൊക്കെ പലപ്പോഴും എനിക്കൊപ്പം കൂടുമായിരുന്നു. ആരെങ്കിലുമായി സംസാരിക്കുമ്പോള്‍ കേട്ടിരിക്കാനാവശ്യപ്പെടും. കുട്ടിക്കാലത്ത് അതൊന്നും ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും നിര്‍ദേശം പാലിച്ച് തത്ത്വചിന്താപരമായ സംസാരം കേട്ടുകൊണ്ടിരിക്കും. ആദ്യം പാശ്ചാത്യ വേഷത്തോട് പ്രതിപത്തിയുണ്ടായിരുന്നെങ്കിലും പിന്നീട് തികഞ്ഞ ഇന്ത്യന്‍ വേഷവിധാനം സ്വീകരിക്കുകയും എന്നെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഞങ്ങളെയും സരള ജീവിതം നയിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ നല്ല പ്രസംഗകനാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്വന്തം കവിതകള്‍ ചൊല്ലിക്കും. ഒരിക്കല്‍ 'കഭീ ഏ ഹഖീഖത്ത് മുന്‍തസര്‍...' എന്ന ഗസല്‍ ചൊല്ലാന്‍ പറഞ്ഞു. ഞാനത് ഈണരഹിതമായി ചൊല്ലിയപ്പോള്‍ നല്ല ഈണത്തില്‍ ചൊല്ലാന്‍ പറഞ്ഞു. കവിതകളും ഗസലുകളുമൊക്കെ ഈണത്തില്‍ ചൊല്ലണ മെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. വസ്ത്രധാരണത്തില്‍ ഒരിക്കലും പാശ്ചാത്യരെ അനുകരിക്കാനനുവദിച്ചിരുന്നില്ല. പാശ്ചാത്യ സംസ്‌കാരത്തിനെതിരില്‍ നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടല്ലോ.

എനിക്ക് 11 വയസ്സുള്ളപ്പോഴാണ് ഉമ്മ മരിച്ചത്. ഞാനും സഹോദരിയും വല്ലാതെ കരഞ്ഞപ്പോള്‍ ഉപ്പ പറഞ്ഞു, ആണ്‍കുട്ടികള്‍ ഇങ്ങനെ കരയാന്‍ പാടില്ല. 

'മെരാ തരീഖ് അമീരി നഹീ, ഫഖീരി ഹെ' (എന്റെ വഴി രാജാവിന്റേതല്ല, ഫഖീറിന്റേതാണ്) എന്ന ഗസലിനൊരു പശ്ചാത്തലമുണ്ടല്ലോ?

1931-ല്‍ പിതാവ് വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഞാനൊരു കത്തെഴുതി. എന്റെ ആദ്യത്തെ ആ കത്തില്‍ ഞാനൊരു ഗ്രാമഫോണ്‍ കൊണ്ടുവരാനാവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയായി അയച്ചത് ഈ ഗസലായിരുന്നു. എനിക്കൊരു ഗ്രാമഫോണ്‍ തന്നിരുന്നെങ്കില്‍ അല്‍പകാലത്തിനകം അത് നശിച്ചുപോയേനെ. ഈ ഗസലില്‍ മുസ്‌ലിം യുവാക്കള്‍ക്ക് അവരുടെ ജീവിതലക്ഷ്യം നിര്‍ണയിക്കാനുതകുന്ന ഒരു സന്ദേശമാണ് എല്ലാവര്‍ക്കുമുള്ള സമ്മാനമായി ലഭിച്ചത്. ഈയൊരു പശ്ചാത്തലത്തില്‍ ആ കവിതയൊന്നു വായിച്ചുനോക്കുക. അപ്പോഴാണ് അതിന്റെ മഹത്വം കൂടുക.

അല്ലാമയുടെ തസ്വവ്വുഫ് ദര്‍ശനത്തെക്കുറിച്ച്?

എന്റെ പിതാമഹന്‍ വലിയ സ്വൂഫിയായിരുന്നു. ഖാദിരിയ്യാ ത്വരീഖത്തിന് ബൈഅത്ത് ചെയ്തിരുന്നതിനാല്‍ സ്വന്തം മകനെയും അതിന് പ്രേരിപ്പിച്ചു. എന്നാല്‍ യൂറോപ്പില്‍ പോയപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തകളിലും ദര്‍ശനങ്ങളിലും വലിയ മാറ്റമുണ്ടായത്. ഇത്തരം സ്വൂഫീ ചിന്തകള്‍ ഇസ്‌ലാമിന്റെ ആത്മാവിന് ചേര്‍ന്നതല്ലെന്നും ജീവിതത്തിന് ഇതിലേറെ മഹത്തായ ലക്ഷ്യമുണ്ടെന്നും സാമൂഹിക ജീവിതത്തില്‍നിന്ന് അകറ്റുന്ന തസ്വവ്വുഫ് യഥാര്‍ഥ ജീവിതലക്ഷ്യം വിസ്മരിപ്പിക്കുന്ന അവീനാണെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അദ്ദേഹം പറയുമായിരുന്നു; 'യുവാക്കളെ അടിമത്തത്തില്‍നിന്ന് രക്ഷിക്കുക. അവരെ പീറുമാരുടെ ഉസ്താദാക്കി മാറ്റുക.'

'കര്‍ഷകന് അന്നം ലഭിക്കാത്ത കൃഷിയിടങ്ങളിലെ ഓരോ കതിര്‍മണിയും കത്തിച്ചുകളയണം' എന്ന ഇഖ്ബാലിന്റെ കവിത വായിച്ച പലരും അദ്ദേഹം കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ ആണെന്ന് പറയുന്നുണ്ടല്ലോ?

മൂലധനത്തിനും അധ്വാനത്തിനുമിടയില്‍ സന്തുലനം വേണമെന്നും അധ്വാനിക്കുന്ന വര്‍ഗത്തെ ചൂഷണം ചെയ്യുന്ന സമ്പന്ന വര്‍ഗത്തെ നിരാകരിക്കണമെന്നുമുള്ള ചിന്ത യഥാര്‍ഥ ഇസ്‌ലാമിന്റേതാണ്; കമ്യൂണിസത്തിന്റേതോ കാള്‍ മാര്‍ക്‌സിന്റെതോ അല്ല. 1923-ല്‍ സമീന്ദാര്‍ പത്രാധിപര്‍ക്കെഴുതിയ കത്തില്‍ ഖുര്‍ആനിക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന യഥാര്‍ഥ മുസ്‌ലിമിന് സോഷ്യലിസവും കമ്യൂണിസവും ബോള്‍ഷെവിക് ആശയവും അംഗീകരിക്കാനാവില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളുടെ പരിഹാരം വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യയിലുമാണ് തേടേണ്ടതെന്നും അദ്ദേഹം വ്യക്തമായി എഴുതിയിട്ടുണ്ട്. പ്രവാചകചര്യ പിന്‍പറ്റുമ്പോള്‍ ആധുനിക സാമ്പത്തിക ചൂഷണങ്ങള്‍ക്ക് സാധ്യതയില്ലാതാവുന്ന ഒരു സാമ്പത്തിക ക്രമം നിലവില്‍വരും. ആ നിലക്കുള്ള ഒരു ക്ഷേമ രാഷ്ട്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണെന്ന് മനസ്സിലാക്കി ഖുര്‍ആന്‍ പഠിക്കണമെന്ന് അദ്ദേഹം യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. ജീവിതത്തിന്റെ ഓരോ മണ്ഡലത്തിലും ഇസ്‌ലാമിന് സ്വാധീനവും പങ്കാളിത്തവുമുണ്ട്. എല്ലാ വിഷയങ്ങളിലുമെന്നപോലെ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും ഖുര്‍ആനില്‍ വ്യക്തമായ പാഠങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് പലിശാധിഷ്ഠിത ഇടപാടുകളുടെ അന്യായവും സകാത്ത്-സ്വദഖകളുടെ മഹത്വവും അദ്ദേഹം വിവരിച്ചിട്ടുണ്ട് പ്രസ്തുത കത്തില്‍.

ഈ കത്തിന്റെ മറുപടിയായി ഇന്‍ഖിലാബ് പത്രാധിപര്‍ ശംസുദ്ദീന്‍ ഹസന്‍ എഴുതിയ കുറിപ്പിലാണ് ഇഖ്ബാല്‍ കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമൊക്കെയാണെന്ന് എഴുതിയത്. പിന്നീട് അല്ലാമയുടെ മരണശേഷം ചിലര്‍ അദ്ദേഹത്തിന്റെ കവിതകളില്‍നിന്ന് ചില വരികള്‍ അടര്‍ത്തിയെടുത്ത് ഈ ആക്ഷേപം ഉന്നയിക്കാന്‍ തുടങ്ങി. ഇഖ്ബാലിനെ തങ്ങളുടെ സിദ്ധാന്തക്കാരനാക്കുന്ന ഈ രീതി, അദ്ദേഹത്തെ യഥാതഥമായി മനസ്സിലാക്കുന്നതില്‍ അങ്കലാപ്പുണ്ടാക്കിയെന്നത് തീര്‍ച്ചയാണ്.

അല്ലാമയുടെ ഖുദീ തത്ത്വചിന്തയെക്കുറിച്ച്?

വിശുദ്ധ ഖുര്‍ആന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ രൂപം കൊടുക്കുന്ന തികവുറ്റ മനുഷ്യന്‍ എന്നതായിരുന്നു അല്ലാമാ ഇഖ്ബാലിന്റെ സങ്കല്‍പം. 'നിങ്ങള്‍ സ്വത്വത്തെ തിരിച്ചറിയുക, ലോകത്ത് സൃഷ്ടിക്കപ്പെട്ടതൊക്കെയും നിങ്ങള്‍ക്ക് വേണ്ടിയാണ്.' 'ഭയത്തിന് മനസ്സില്‍ സ്ഥാനം കൊടുക്കരുത്. കടലില്‍ ചാടേണ്ടിവന്നാല്‍ ചാടുക തന്നെ വേണം. പിന്നെ തിരയോട് മല്ലടിച്ച് നീന്തുക. ജീവിതം ഒരു പുഷ്പഹാരമല്ല, യുദ്ധ മൈതാനമാണ്' -അല്ലാമ പറയുന്നു.

എന്താണ് യഥാര്‍ഥ സ്വത്വം? ദൈവിക കല്‍പനകള്‍ ശിരസ്സാ വഹിക്കുമ്പോഴുള്ള അവാച്യമായ അനുഭൂതിയാണ് ഒരാളുടെ യഥാര്‍ഥ സ്വത്വത്തെ നിര്‍മിക്കുന്നത്. മനുഷ്യന്‍ ദൈവത്തിന്റെ സത്തയില്‍ വിലയം പ്രാപിക്കുകയെന്ന സാമ്പ്രദായിക തസ്വവ്വുഫിനെ അല്ലാമ നേരത്തേതന്നെ കൈയൊഴിച്ചിരുന്നു. അദ്ദേഹത്തിന്റെ തസ്വവ്വുഫ് ദര്‍ശനത്തില്‍ തുള്ളിയുടെ ധര്‍മം സാഗരത്തില്‍ ലയിക്കുക എന്നതല്ല, മറിച്ച്, ചിപ്പിയില്‍ പ്രവേശിച്ച് മുത്താവുക എന്നതാണ്. അനശ്വരത (ബഖാ)ക്ക് വിരഹം അനിവാര്യമാണെങ്കില്‍, വിലയത്തിന് പകരം വിരഹം സ്വീകരിക്കണമന്നാണ് അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രം.

ദൈവിക ഗുണങ്ങളുടെ പ്രതിബിംബം മനുഷ്യന്റെ അന്തരാളത്തില്‍ പ്രതിഷ്ഠിക്കപ്പെടണം. അപ്പോള്‍ സഹവര്‍ത്തിത്വം സാധ്യമാകുന്നു. പ്രപഞ്ചത്തിന്റെ അതിജീവനത്തിനും ലോക വ്യവസ്ഥിതി നന്നാക്കുന്നതിനുമുള്ള ദൈവിക മിഷന്റെ ഭാഗമായി അവന്‍ പരിണമിക്കുന്നു. ഖുദിയുടെ ശാക്തീകരണത്തിനായി ചില ഗുണങ്ങള്‍ അവന് സ്വാംശീകരിക്കേണ്ടിവരും. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമുള്ള അഗാധമായ സ്‌നേഹമാണ് നേടേണ്ട ആദ്യത്തെ ഗുണം. അക്കാര്യം പലവുരു വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം.

'സ്‌നേഹത്തിന്റെ തീയണഞ്ഞാല്‍ കൂരിരുട്ടാകും

പിന്നെ മുസല്‍മാനില്ല, ചാരക്കൂമ്പാരം മാത്രം'.

രണ്ടാമതായി ആര്‍ജിക്കേണ്ടത് അരിഷ്ടതയിലും താന്‍ ധന്യനാണ് എന്ന ബോധമാണ്. 

'ആധുനിക സംസ്‌കൃതിയുടെ ശോഭയില്‍ നീയത് അന്വേഷിക്കേണ്ട, മുസല്‍മാന്റെ ഉത്തുംഗത ധന്യതയില്‍ ഞാന്‍ കണ്ടിട്ടുണ്ട്.'

സ്വത്വദര്‍ശനത്തിലെ മൂന്നാമത്തെ ഗുണം ധീരതയും നാലാമത്തേത് ആത്മാഭിമാനവുമാണ് ഇഖ്ബാലിന്റെ വീക്ഷണത്തില്‍. ഈ തത്ത്വശാസ്ത്രം നിരവധി കവിതകളില്‍ കടന്നുവരുന്നുണ്ട്.

മുസ്‌ലിംകളുടെ നാശഹേതുവായി ഇഖ്ബാല്‍ കണ്ടത്, അവരെ ഗ്രസിച്ച ഭയവും അന്ധമായ അനുകരണവും ഉദ്ദേശ്യശുദ്ധിയുടെ നഷ്ടവുമാണ്. യുവതലമുറയെ ധിഷണാപരമായ അടിമത്തത്തില്‍നിന്നും തെറ്റായ അനുകരണഭ്രമത്തില്‍നിന്നും മോചിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.

അല്ലാമാ ഇഖ്ബാലിനെ ജര്‍മന്‍ തത്ത്വചിന്തകന്‍ നീഷെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അതിമാനുഷന്‍ (Superman) ആണ് ഇഖ്ബാലിന്റെ 'ശാഹീന്‍' എന്നും ചിലര്‍ പറയുന്നുണ്ടല്ലോ?

ഇത് തികച്ചും അിടസ്ഥാനരഹിതമാണ്. നീഷെയുടെ അതിമാനുഷനും (ഫൗഖല്‍ ബശര്‍) അല്ലാമയുടെ 'മര്‍ദെ മുഅ്മിനും' തമ്മില്‍ അജഗജാന്തരമുണ്ട്. ജര്‍മന്‍ സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ട നീഷെ തന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ ബഹിര്‍സ്ഫുരണമെന്ന നിലക്ക് എഴുതിവിട്ടതാണ് 'അതിമാനുഷനും' മറ്റു ദര്‍ശനങ്ങളും. അദ്ദേഹം ദൈവാസ്തിക്യം അംഗീകരിക്കുന്നതിരിക്കട്ടെ, ജനാധിപത്യവാദി പോലുമായിരുന്നില്ല. നെപ്പോളിയനും മുസ്സോളിനിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ അതിമാനുഷ വ്യക്തിത്വങ്ങള്‍. ഇഖ്ബാലിന്റെ 'മര്‍ദെ മുഅ്മിന്‍', ദൈവികാസ്തിത്വത്തെ അംഗീകരിക്കുക മാത്രമല്ല ദൈവിക ഗുണങ്ങള്‍ സ്വാംശീകരിക്കുക കൂടി ചെയ്തിട്ടുണ്ട്. അതീവ പരിശുദ്ധിയും വിട്ടുവീഴ്ച ചെയ്യാനുള്ള മനസ്സും ആത്മാഭിമാനവുമാണ് ഒരു വിശ്വാസിയെ നിര്‍മിക്കുന്നത് എന്ന് ഇഖ്ബാല്‍ എഴുതിയിട്ടുണ്ട്.

അല്ലാമാ ഇഖ്ബാലിന്റെ 'ജാവേദ് നാമ' താങ്കളെയാണോ അഭിസംബോധന ചെയ്യുന്നത്?

തന്റെ ഗുരുവായി സങ്കല്‍പിക്കുന്ന റൂമിയോടൊപ്പം ആകാശയാത്ര നടത്തി ദൈവസാമീപ്യം നേടി ആകാശങ്ങളിലെ അത്യുന്നത വ്യക്തിത്വങ്ങളുമായി സംവദിച്ച് സങ്കീര്‍ണ പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുകയാണതില്‍. പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന കവിതകള്‍ക്കൊടുവില്‍ എന്നെ സംബോധന ചെയ്യുന്നുണ്ടെങ്കിലും, അതിന്റെ സന്ദേശം മുസ്‌ലിം യുവതയോടാണ്. 

(ദല്‍ഹി ആംഗ്ലോ അറബിക് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. ജാവേദ് ഇഖ്ബാലാണ് അഭിമുഖം നടത്തിയത്).

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍