Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

ചോറുണ്ണുന്ന നാള്‍

അബൂബക്കര്‍ മുള്ളുങ്ങല്‍

പെരുമഴ 
പകലിനെ ഇരുട്ടിലാക്കി 
ഉപ്പ പനിച്ചു
പുതച്ചു കിടപ്പിലാണ്
എരിവയര്‍ കത്തിക്കിടാങ്ങള്‍ 
കരയവെ പുരയില്‍ 
പുകയുവാനൊരുവകയില്ല
ആകെയുള്ളൊരു 
ഓലക്കുടയുമായ്
കളപറിക്കാനുമ്മ പോകുന്നു
സന്ധ്യക്കുമുമ്പുമ്മ വന്നാല്‍
വെള്ളം കോരിക്കൊണ്ടുവരണം,
വിറകു കണ്ടെത്തണം,
നാലായി കഷ്ണിച്ച നാളികേരം
നാലണയ്ക്കു വാങ്ങണം,
പയറില പറിച്ചരിയണം,
വേവിച്ച് മക്കള്‍ക്ക് നല്‍കണം, 
ഉപ്പയെ നനച്ചുതുടയ്ക്കണം,
വെളുപ്പിനുമുമ്പേ പണിക്കിറങ്ങണം..
ചോറുണ്ണുന്ന നാള്‍
രണ്ടുപെരുന്നാള്‍, 
പുരകെട്ട് കല്യാണം..!
അരനൂറ്റാണ്ടു മുന്നോട്ട് കുതിച്ച
കാലത്തിന്‍ കടവിലിരുന്നു ഞാന്‍ 
കണ്ണീര്‍ക്കഥകളോര്‍ക്കുമ്പോള്‍
കണ്ടവരധികവും മണ്ണിന്റെ മാറിലോ..? 

 

കാക്ക

കറുപ്പിന്റെ ഏഴഴകൊന്നും
എനിക്കാരും വകവെച്ചുതരാറില്ല.
അന്യനെ സംഗീതം പോലെ 
കേള്‍ക്കുക എന്നത്
ഏതായാലും എന്റെ 
കാര്യത്തിലാര്‍ക്കും സമ്മതമല്ല.
ബലിച്ചോറും 
വലിച്ചെറിഞ്ഞ ചോറും
തമ്മിലുള്ള 
വ്യത്യാസമെനിക്കറിയില്ല.
ഞാനറിഞ്ഞിട്ടോ
ഞാന്‍ വിളിച്ചിട്ടോ
ആരും വിരുന്നു വന്നിട്ടുമില്ല.
എന്നിട്ടും ഞാനെപ്പഴാണ്
ത്രികാലജ്ഞാനിയായത്!
പാടുപെട്ടു ഞാന്‍ കെട്ടിയ കൂട്ടില്‍
കള്ളിക്കുയില്‍ കേറി
മുട്ടയിട്ട് പോകുന്നതും
ഞാനറിയാറില്ല.
എന്നിട്ടും 
അതെന്തേയെന്നാരും 
ചോദിക്കാറുമില്ല.
വിശ്വാസകാര്യമായതു
കൊണ്ടാവാം! 

കെ.ടി അസീസ്‌

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍