Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഭാവിയും പ്രതീക്ഷയും

ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി /പ്രസ്ഥാനം

നുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ശരീഅത്തിന്റെ ഉന്നതലക്ഷ്യങ്ങളും മുന്നില്‍ വെച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് എന്ത് റോളാണ് നിര്‍വഹിക്കാനുള്ളത് എന്ന വിഷയത്തെക്കുറിച്ച ചില ആലോചനകളാണിത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അധഃപതനത്തില്‍നിന്ന് അഭ്യുന്നതിയിലേക്കും, വിധേയത്വത്തില്‍നിന്ന് മേധാവിത്വത്തിലേക്കും നയിക്കാന്‍ കഴിഞ്ഞ ഇരുനൂറ് വര്‍ഷങ്ങളായി രംഗത്തുള്ള പ്രസ്ഥാനങ്ങളെയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്തു വഴി സ്വീകരിക്കണമെന്ന ഈ ചോദ്യം വരുംനാളുകളുമായി ബന്ധപ്പെട്ടതായതിനാല്‍, ഭാവി എങ്ങനെയുള്ളതായിരിക്കും എന്നാണ് നാം ആദ്യമായി പരിശോധിക്കുന്നത്. 

ഭാവി അവസ്ഥകള്‍

വരുംദിനങ്ങള്‍ കഴിഞ്ഞുപോയ ദിനങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും എന്ന ചിന്ത പൊതുവെയുള്ളതാണ്. ഇതെന്തുകൊണ്ടെന്നും ഏതറ്റം വരെയെന്നും നിങ്ങളുമായി ചേര്‍ന്ന് ചിന്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ നാം തുടര്‍ന്നുപോരുന്ന രീതികള്‍ക്കു പകരം, പുതിയ സാഹചര്യങ്ങളുടെ തേട്ടങ്ങള്‍ക്കനുസരിച്ച് പുതിയ വഴികള്‍ സ്വീകരിക്കാന്‍ സാധ്യമാവുക എന്നതാണ് ഇങ്ങനെ ചിന്തിക്കുന്നതിന്റെ ലക്ഷ്യം. വരുംനാളുകളില്‍ ലോകം ഇന്നത്തെ ലോകത്തില്‍നിന്ന് ഏതെല്ലാം കാര്യങ്ങളില്‍ വ്യത്യസ്തമായിരിക്കും എന്ന് നാമറിയണം. ഭാവിയില്‍ ജനസംഖ്യ കൂടും. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും. ആശയവിനിമയ സൗകര്യങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും കാര്യക്ഷമത വര്‍ധിക്കും. എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത നിറത്തിലും വംശത്തിലും പെട്ട ആളുകളും, വ്യത്യസ്ത മതക്കാരും ഒന്നിച്ച് കഴിയും. ദാരിദ്ര്യവും ഇല്ലായ്മയും കുറയും. പക്ഷേ, സമ്പത്തിലും വരുമാനത്തിലുമുള്ള അന്തരം കൂടിക്കൊണ്ടേയിരിക്കും. ഭരണകാര്യങ്ങളില്‍ സാധാരണക്കാരുടെ പങ്കാളിത്തം വര്‍ധിക്കും. പ്രാദേശിക ഭരണകൂടങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും റോള്‍ വര്‍ധിക്കും. ദേശീയ സര്‍ക്കാറുകളുടെ സ്വാധീനവും പങ്കും കുറഞ്ഞുവരും. കുടുംബത്തിന്റെ പിടുത്തം അയഞ്ഞുകൊണ്ടിരിക്കും. ശരാശരി മനുഷ്യായുസ്സില്‍ വര്‍ധനവുണ്ടാകും. ആളുകള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും. ആരോഗ്യം ആദ്യത്തേതിലും മെച്ചപ്പെടും. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഓരോരുത്തരും സ്വന്തത്തെക്കുറിച്ച ചിന്തയില്‍ കഴിഞ്ഞുകൂടും. സ്വാര്‍ഥത കൂടും. പരസ്പര സഹകരണത്തില്‍ കുറവു വരും. കൊടുക്കല്‍ വാങ്ങലുകള്‍ കൂടിയ അളവില്‍ ഇടനിലക്കാരില്ലാതെ നേരിട്ട് നടക്കും (ഉദാഹരണത്തിന് ഇന്റര്‍നെറ്റ് വഴി). 

കറന്‍സിയുടെ ഉപയോഗം വളരെ കുറയും. വലിയ കോര്‍പറേഷനുകള്‍ക്ക് ശക്തിക്ഷയം സംഭവിക്കും. ഫിനാന്‍സില്‍, ഇടനിലക്കാരായി വര്‍ത്തിക്കുന്ന വലിയ സ്ഥാപനങ്ങളുടെ സ്ഥാനത്ത്, നേരിട്ട് ഫിനാന്‍സ് ചെയ്യുന്നവരുടെയും ആവശ്യക്കാരുടെയും ഇടക്ക് ബന്ധങ്ങള്‍ വളര്‍ന്നു വരുന്ന സ്ഥിതി സംജാതമാകും. പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങള്‍ കാരണം പുരോഗതിയുടെ വ്യാപ്തി കുറയും. ഒരുപക്ഷേ ജീവിതനിലവാരത്തിലും ഇടിവ് സംഭവിച്ചേക്കാം. ലോകമേധാവിത്വത്തിനു വേണ്ടിയുള്ള മത്സരവും വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരവും ശക്തി പ്രാപിക്കുമോ അതോ ശക്തി കുറയുമോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. ഈ ചോദ്യത്തിനുത്തരം കാണാതെ ലോകസമാധാനത്തെക്കുറിച്ചെന്തെങ്കിലും പറയാന്‍ സാധ്യമല്ല. പിന്നെയുള്ളത് നീതിയുടെ കാര്യമാണ്. ഇക്കാര്യത്തില്‍ ഒന്നും തീര്‍ത്തുപറയാന്‍ സാധ്യമല്ല. അസമത്വം കുറയുകയും സാര്‍വത്രികവും പൂര്‍ണവുമായ സുരക്ഷ ഉറപ്പാവുകയും ചെയ്യുന്നതിനനുസരിച്ചാണ് സാമൂഹിക നീതി ലഭ്യമാകുന്നത്. ജനങ്ങള്‍ പരസ്പരം അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും, ഭരണകൂടം ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു പകരം അവരെ സേവിക്കുന്നതില്‍ ആത്മാര്‍ഥതയുള്ളതാവുകയും ചെയ്യുമ്പോഴാണ് വ്യവഹാരങ്ങളില്‍ നീതി സാധ്യമാകുന്നത്. ഈ രണ്ടു കാര്യങ്ങളുടെയും ബന്ധം സ്വഭാവ ഗുണങ്ങളുമായും ആത്മീയ സങ്കല്‍പങ്ങളുമായുമാണ് (ജീവിതം എന്തിന്, എവിടെ നിന്ന്, എങ്ങോട്ട്?). എന്നാല്‍ പരാമര്‍ശിക്കപ്പെട്ട മറ്റു കാര്യങ്ങളുടെ ബന്ധം സാങ്കേതികവിദ്യയുമായാണ്. ടെക്‌നോളജി മാറുന്നതുകൊണ്ട് സംഭവിക്കുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിന് എന്തു ചെയ്യാന്‍ കഴിയുമെന്നും, മറ്റുള്ളവരുമായി നീതിയിലും ന്യായത്തിലും വര്‍ത്തിക്കാന്‍ ജനങ്ങളെ എങ്ങനെ പ്രേരിപ്പിക്കാമെന്നുമാണ് പരിശോധിക്കാനുള്ളത്. ചൂഷക ഭരണകൂടത്തിന്റെ സ്ഥാനത്ത് സേവക ഭരണകൂടത്തെ കൊണ്ടുവരുന്ന പ്രശ്‌നം, ഭാവിയുടെ പശ്ചാത്തലത്തില്‍, വിശേഷമായ ചിന്തക്ക് പാത്രീഭവിക്കേണ്ടതുണ്ട്.

ഉന്നതലക്ഷ്യങ്ങളുടെ പ്രാപ്തിയും

ഭാവിയും

ഇസ്‌ലാം ജനങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ടെക്‌നോളജിയായാലും, അതില്‍ വരുന്ന മാറ്റങ്ങളാല്‍ ഉത്ഭൂതമാകുന്ന സാമൂഹിക വിഷയങ്ങളായാലും, അടിസ്ഥാനപരമായി തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ ജനങ്ങള്‍ സ്വതന്ത്രരാണ്. എന്നിരുന്നാലും മുന്നില്‍ വെക്കേണ്ട ചില ഉന്നതലക്ഷ്യങ്ങളും പാലിക്കേണ്ട ചില പരിധികളുമുണ്ട്. ഇവ മനുഷ്യരുടെ തന്നെ നന്മക്കു വേണ്ടിയാണ്. ഈ ലക്ഷ്യങ്ങളും പരിധികളും മനസ്സിലാക്കുന്നതിനു വേണ്ടി ഏതെല്ലാം സ്രോതസ്സുകളിലേക്കാണ് തിരിയേണ്ടത് എന്നതാണ് പ്രധാനമായ ചോദ്യം. ഈ പരിധികളും ലക്ഷ്യങ്ങളും സ്ഥായീഭാവമുള്ളതാണോ അതല്ല അവയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണോ എന്നതാണ് മുഖ്യമായ രണ്ടാമത്തെ ചോദ്യം. അവയില്‍ അയവ് ആകാമെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ്? ഉന്നതലക്ഷ്യങ്ങളുടെയും പരിധികളുടെയും റോളുകള്‍ ഒന്ന് മറ്റേതില്‍നിന്ന് വകതിരിച്ചു മനസ്സിലാക്കണം എന്നുള്ളതാണ് ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു കാര്യം.

ഉന്നതലക്ഷ്യങ്ങളും പരിധികളും

ആദ്യം അവസാന ചോദ്യമെടുക്കാം. ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പരിധികളേക്കാള്‍ പ്രധാനമാണ്. കാരണം, ലക്ഷ്യങ്ങളില്‍ പരസ്പര യോജിപ്പും സന്തുലിതത്വവും സംജാതമാക്കുന്നതിനും അവയെ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പരിധികള്‍ വെച്ചിട്ടുള്ളതുതന്നെ. ലക്ഷ്യങ്ങള്‍ സ്ഥായിയാണെന്നും എന്നാല്‍ പരിധികള്‍ അയവുള്ളതാണെന്നുമാണ് ഇതില്‍നിന്നും മനസ്സിലാകുന്നത്. ലക്ഷ്യങ്ങളില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടെങ്കില്‍ അത് പ്രാപ്തമാകേണ്ടതിന്റെ അളവുമായി ബന്ധപ്പെട്ടതായിരിക്കും. ഉന്നതലക്ഷ്യങ്ങള്‍ക്ക് മാറ്റമൊന്നും തന്നെ ഇല്ല. അതായത്, ഉന്നതലക്ഷ്യങ്ങള്‍ മാനദണ്ഡത്തിന്റെ സ്ഥാനത്താണുള്ളത് എന്നര്‍ഥം. ഉപാധികള്‍ കുറവാണെങ്കില്‍ പ്രാപ്തമാകുന്നതിന്റെ അളവ് കുറയും, ഉപാധികള്‍ യഥേഷ്ടമുണ്ടെങ്കില്‍ പ്രാപ്തമാകുന്നതിന്റെ അളവ് കൂടുകയും ചെയ്യും. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളില്‍ ഉന്നതലക്ഷ്യങ്ങള്‍ പ്രാപ്തമാകത്തക്ക വിധം, പരിധികളുടെ കാര്യത്തില്‍ അളവിലും (Quantitative) ഗുണത്തിലും (Qualitative) ഇലാസ്തികത ഉണ്ടാകും. നമുക്കിക്കാര്യം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. മുഴുവന്‍ മനുഷ്യര്‍ക്കും ഭക്ഷണവും വെള്ളവും വസ്ത്രവും തല ചായ്ക്കാനൊരിടവും ലഭ്യമാവണമെന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ജോലി ചെയ്യാന്‍ സാധിക്കുന്ന ആളുകളൊക്കെയും അധ്വാനിക്കേണ്ടതുണ്ട്. പ്രായക്കുറവോ വാര്‍ധക്യമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ മൂലമോ സ്വന്തം ആവശ്യങ്ങള്‍ സ്വയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുടെ ഉത്തരവാദിത്തം, ആദ്യപടിയെന്ന നിലക്ക്, അടുത്ത കുടുംബക്കാരില്‍പെട്ട കഴിവുള്ളവരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് കാര്യങ്ങള്‍ നടക്കാത്ത കുടുംബങ്ങളില്‍, അല്ലെങ്കില്‍ ഇന്ന് കാണപ്പെടുന്നതുപോലെ കുടുംബങ്ങള്‍ ഛിദ്രമായിടങ്ങളില്‍, ആ ദുര്‍ബലര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി സാമൂഹികമായ സംവിധാനങ്ങള്‍ ആവശ്യമായിവരും. മിക്കപ്പോഴും യതീംഖാനകള്‍ പോലുള്ള സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്നു. അവസാന ആശ്രയം രാഷ്ട്രതലത്തില്‍ ആവശ്യം പൂര്‍ത്തീകരിക്കുക എന്നതാണ്. ഏതവസ്ഥയിലും ആവശ്യപൂര്‍ത്തീകരണത്തിന്റെ തോത് ആ രാജ്യത്തിന്, അല്ലെങ്കില്‍ ജനവിഭാഗത്തിന് ലഭ്യമായ ഉപാധികളെ ആശ്രയിച്ചിരിക്കുന്നു. ഈ ഉത്തരവാദിത്തനിര്‍വഹണത്തിന് സകാത്ത് തികയാതെ വരുന്ന സാഹചര്യത്തില്‍ സമ്പന്നരില്‍നിന്ന് അധിക നികുതി ഈടാക്കാനുള്ള അധികാരം ഇസ്‌ലാം ഭരണാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട് (ഇത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്ന കാര്യമാണെങ്കില്‍, പതിനഞ്ച് നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ഇത് നിര്‍വഹിക്കപ്പെട്ടതിനും, അതിന്റെ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനുമുള്ള ഒരുപാടുദാഹരണങ്ങള്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നതാണ്). പ്രവാചകന്റെ (സ) ഭൂതദയ പ്രസിദ്ധമാണ്. ആവശ്യം നേരിട്ട സമയത്ത് അവിടുന്ന് മക്കാവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. ആ സമയം വരെ മക്കക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല എന്നോര്‍ക്കണം. രണ്ടാം ഖലീഫ ഉമര്‍(റ) വറുതിയുടെ കാലത്ത് മദീനയിലെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനമൊരുക്കിയിരുന്നു. ക്ഷേമരാഷ്ട്രസങ്കല്‍പം വേരുറച്ചതുമുതല്‍ വികസിത രാജ്യങ്ങളില്‍ ഇതിന്റെ ഒന്നിനൊന്ന് മികച്ച ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഇന്ന് പല രാജ്യങ്ങളിലും വിദ്യാഭ്യാസവും ചികിത്സയും ഗതാഗത സൗകര്യങ്ങളുമെല്ലാം സൗജന്യമായി ലഭ്യമാണ്. അഭിനവ ഇസ്‌ലാമിക സമൂഹത്തിന്, പ്രാദേശിക സാഹചര്യങ്ങളുടെയും ആഗോള സമ്പ്രദായങ്ങളുടെയും വെളിച്ചത്തില്‍ തങ്ങളുടെ നിലപാട് രൂപീകരിക്കേണ്ടതായിവരും. 

അഭിപ്രായ വ്യത്യാസത്തിന് അധികം സാധ്യതകളില്ലാത്ത ലളിതമായ ഒരുദാഹരണമാണ് ഈ പറഞ്ഞത്. ഇനി നമുക്ക് മറ്റൊരുദാഹരണത്തിലേക്ക് വരാം. അതില്‍ വിശദാംശങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് ധാരാളം സാധ്യതകളുണ്ട്. മനുഷ്യന്റെ അന്തസ്സും അഭിമാനവും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളില്‍ (മഖാസ്വിദുശ്ശരീഅ) പെടുന്ന ഒന്നാണ്. സാമൂഹിക വിഷയങ്ങള്‍ പരസ്പര കൂടിയാലോചനയിലൂടെ തീരുമാനിക്കണമെന്ന വിധി നല്‍കപ്പെട്ടിട്ടുള്ളത് ഇതിന്റെ ഒരു തേട്ടമെന്ന നിലക്കാണ്. മനുഷ്യനെ ആദരിക്കുകയെന്ന ലക്ഷ്യം, സ്വേഛാധിപത്യത്തെ നിഷേധിക്കുന്നു. കുറച്ചാളുകള്‍ മറ്റുള്ളവര്‍ക്കുമേല്‍ നിയമം നടത്തുന്നതും, തീരുമാനമെടുക്കുന്ന പ്രക്രിയകളില്‍നിന്ന് കുറച്ചാളുകള്‍ എന്നെന്നേക്കുമായി മാറ്റിനിര്‍ത്തപ്പെടുന്നതുമൊന്നും ഇസ്‌ലാമിന് സ്വീകാര്യമല്ല. ഈ മാതൃക പ്രാവര്‍ത്തികമാക്കിയതിന്റെ ഉദാഹരണങ്ങള്‍ പ്രവാചക കാലഘട്ടത്തിലും സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിലുമെല്ലാം നമുക്ക് കാണാന്‍ കഴിയും. 

നബി(സ) മക്കയില്‍നിന്ന് മദീനയില്‍ വന്നപ്പോള്‍, അവിടത്തെ നിവാസികളിലെ ഭിന്ന വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു ഭരണഘടനക്ക് രൂപം നല്‍കി. അതനുസരിച്ച് പ്രവാചകനായിരുന്നു ഭരണാധികാരിയെങ്കിലും മുസ്‌ലിംകളല്ലാത്തവരും ആ ഉടമ്പടിയില്‍ തുല്യ പങ്കാളികളായിരുന്നു. ഉമര്‍(റ) അഗ്‌നിയാരാധകരായ മജൂസികളുടെ വികാരം മാനിച്ച് അവരെ സംരക്ഷണ നികുതി, അഥവാ ജിസ്‌യയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയും പകരം മറ്റൊരു നികുതി ബാധകമാക്കുകയും ചെയ്തു. പഴയ കാലത്തെ സംഭവങ്ങളെ അക്കാലത്തെ സമ്പ്രദായങ്ങളും രീതികളും സാധ്യതകളും മുന്നില്‍ വെച്ചാണ് മനസ്സിലാക്കേണ്ടത്. ഇന്ന് അതേ ലക്ഷ്യങ്ങള്‍, ഇന്നത്തെ രീതികളും സമ്പ്രദായങ്ങളും സാധ്യതകളും മുന്നില്‍ വെച്ച് കൈവരിക്കേണ്ടതായിവരും. മുസ്‌ലിംകളല്ലാത്ത പൗരന്മാരുടെ പങ്കാളിത്തം സ്വാഗതം ചെയ്യുക, രാജ്യ തീരുമാനങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും പാലിക്കുക തുടങ്ങി നവീന ഇസ്‌ലാമിക ചിന്ത പിന്തുണക്കുന്ന വിഷയങ്ങളിലെ - ഭിന്നാഭിപ്രായം പുലര്‍ത്തുന്നവര്‍ കുറവല്ലെങ്കിലും - അഭിപ്രായ ഭിന്നതകള്‍ പരസ്പര കൂടിയാലോചനയിലൂടെ പരിഹരിക്കുകയല്ലാതെ മറ്റു വഴികളില്ല. യഥാര്‍ഥ ലക്ഷ്യം കൈമോശം വന്നുപോകരുത് എന്ന ഒരൊറ്റ നിബന്ധനയേയുള്ളൂ. അഥവാ മനുഷ്യരൊക്കെയും ഒരുപോലെ ആദരണീയരാണ്, ആ ആദരവ് അവര്‍ക്ക് ലഭിക്കുക തന്നെ വേണം. 

നാം ദൃഷ്ടിയൂന്നേണ്ടത് ലക്ഷ്യങ്ങളിലാണ്. പരിധികളെക്കുറിച്ച മുന്‍ധാരണകളില്‍ ശഠിച്ചുനില്‍ക്കുന്നതിലൂടെ ഉന്നതലക്ഷ്യങ്ങളുടെ പ്രാപ്തി അപകടത്തിലാവുകയോ, അവക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കാന്‍ സാധ്യത കാണുകയോ ചെയ്യുകയാണെങ്കില്‍ ആ പരിധികളില്‍ പരിഷ്‌കരണം ആവശ്യമായിവരും. നീതിയുടെ സംസ്ഥാപനത്തിനും സാമൂഹികമായി പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ ഭരണഘടനയില്‍, മുസ്‌ലിം-അമുസ്‌ലിം പൗരന്മാര്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുക എന്നത് ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ്. മുസ്‌ലിംകള്‍ക്ക് അവരുടെ നിലയനുസരിച്ചും ആചാരാനുഷ്ഠാനങ്ങള്‍ വെച്ചുപുലര്‍ത്തിയും ജീവിക്കാനുള്ള അവകാശം എല്ലാ രാജ്യത്തും ലഭിക്കണമെന്നാണ് നാമാഗ്രഹിക്കുന്നത് (അവര്‍ ഭൂരിപക്ഷമുള്ളിടങ്ങളിലും, ന്യൂനപക്ഷമാണെങ്കില്‍ അവിടെയും). ശരീഅത്തിന്റെ ഈ ലക്ഷ്യം കൈവരിക്കുന്നതിന്, എല്ലാ രാജ്യങ്ങളിലും അമുസ്‌ലിം പൗരന്മാര്‍ക്കും തുല്യഅവകാശങ്ങള്‍ നല്‍കേണ്ടതുണ്ട്. അത്തരമൊരു ഭരണഘടനയനുസരിച്ച്, ഏതു സ്ഥാനത്തേക്കും ആര്‍ക്കും മത്സരിച്ച് ജയിക്കാന്‍ കഴിയണം. 

ഉന്നതലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം

ലോകത്ത് എല്ലാ രാജ്യങ്ങളിലും ഓരോ വ്യക്തിക്കും ഒരുപോലെ അവകാശങ്ങളുള്ള ഒരവസ്ഥ എല്ലാ മനുഷ്യര്‍ക്കും നല്ലതായിരിക്കും. അവിടെ ഇഷ്ടപ്പെട്ട മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം, അല്ലെങ്കില്‍ ഒരു മതവും ആചരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം. അവിടെ ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ മുമ്പില്‍ തങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസ പ്രമാണങ്ങളും പ്രബോധനം ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണം. അവിടെ എല്ലാ മതവിഭാഗങ്ങള്‍ക്കും കുടുംബ ജീവിതം തങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് സംവിധാനിക്കാനുള്ള അവകാശമുണ്ടായിരിക്കണം. മതത്തിന്റെ വ്യക്തി നിയമങ്ങള്‍ പിന്തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക്, പകരമായി ആ മേഖലകളില്‍ സിവില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഭാഗഭാക്കാകാനുള്ള അവകാശമുണ്ടായിരിക്കണം. ഓരോ വ്യക്തിക്കും തന്റെ അഭിപ്രായങ്ങള്‍ തെളിവിന്റെ പിന്‍ബലത്തോടെ അവതരിപ്പിക്കാനും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുമുള്ള അവസരം ലഭിക്കത്തക്ക വിധമുള്ള ഒരു വേദി മുഖേനയാണ് ബാക്കി കാര്യങ്ങളിലുള്ള നിയമനിര്‍മാണം നടക്കേണ്ടത്. 

അതുപോലെ, ഒരു നിയമം നിലവില്‍വന്നതിനു ശേഷം അതില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരങ്ങളും ലഭ്യമായിരിക്കണം. ഒരു രാജ്യവും മറ്റൊരു രാജ്യത്തിനു മേല്‍ തങ്ങളുടെ മേധാവിത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്. സമാധാനം സംസ്ഥാപിക്കല്‍, പരസ്പര കലഹങ്ങള്‍ അവസാനിപ്പിക്കല്‍, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം-ഇവയെല്ലാം ശരീഅത്തിന്റെ ഉന്നത ലക്ഷ്യങ്ങളില്‍പെട്ടതാണ്. എല്ലാ വര്‍ണത്തിലും വംശത്തിലും പെട്ട, എല്ലാ മതങ്ങളിലും പെട്ട ആളുകള്‍ ഒന്നിച്ചു കഴിയുകയും പരസ്പരം കൊള്ളക്കൊടുക്കകള്‍ നടത്തുകയും കരാര്‍ ബന്ധങ്ങളുണ്ടാക്കുകയുമൊക്കെ ചെയ്യുന്ന, ലോകം മുഴുവന്‍ ഒരൊറ്റ സമൂഹമായി മാറിയ ഇന്നത്തെ പരിതഃസ്ഥിതിയില്‍, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത്തരമൊരന്തരീക്ഷം തന്നെയാണ് ആവശ്യമായിട്ടുള്ളത്. ഒരു രാജ്യത്ത് മുഖ്യമായും ഒരേ തരത്തിലുള്ള ആളുകള്‍ താമസിച്ചിരുന്ന, ഓരോ രാജ്യവും സ്വാതന്ത്ര്യവും സ്വയംഭരണവും അവകാശപ്പെടുന്നതോടൊപ്പം, രാജ്യത്തെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസൃതമായി ഒരു വ്യവസ്ഥ നടപ്പിലാക്കാനും അവശേഷിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ചില അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പു നല്‍കാനും തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന് സ്വയം കരുതുകയും ചെയ്തിരുന്ന, മറ്റൊരു രാജ്യത്തിനും ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് അനുവാദമില്ലാതിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ആ ലോകം ഇന്ന് പഴങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ബഹുവിധ അന്താരാഷ്ട്ര ഉടമ്പടികളാല്‍ ബന്ധിതമാണ്. ഏത് നാട്ടിലും ആരുടെ മേലും, അവര്‍ ന്യൂനപക്ഷമാണെങ്കില്‍ തന്നെയും, ഭൂരിപക്ഷത്തിന് തങ്ങളുടെ ഇഛ അടിച്ചേല്‍പിക്കാന്‍ സാധ്യമല്ല. പ്രായോഗിക രംഗത്ത് ഇതിനു വിപരീതമായി പലതും സംഭവിക്കുന്നതായി കാണുന്നുണ്ടെങ്കിലും ദീര്‍ഘകാലം ലോകത്തിന്റെ പ്രവണത ഇതു തന്നെയായിരിക്കുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്റെ വീക്ഷണത്തില്‍ ഈ സംവിധാനമാണ് സൃഷ്ടിപ്പിന്റെ ഉദ്ദേശ്യങ്ങളുമായി കൂടുതല്‍ യോജിക്കുന്നതും. ഇഹലോക ജീവിതം പരീക്ഷണമാണ് എന്ന ആശയം സാര്‍ഥകമാവുന്നത് ഓരോ വ്യക്തിക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാവുമ്പോഴാണ്. 

ഉന്നതലക്ഷ്യങ്ങളും അവയിലെ 

ഇലാസ്തികതയും

ഉന്നതലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഇലാസ്തികതക്ക് ഉദാഹരണമാണ് അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുന്നതില്‍ ഇസ്‌ലാം ദീക്ഷിച്ച ക്രമാനുഗതികത്വം. ഏഴാം നൂറ്റാണ്ടില്‍, പ്രത്യേകിച്ച് അറേബ്യന്‍ ഉപദ്വീപില്‍ യുദ്ധത്തടവുകാരെ അടിമകളാക്കിയിരുന്നു. ജയിച്ചടക്കപ്പെട്ടവരിലെ സ്ത്രീകളെയും അടിമകളാക്കിയിരുന്നു. മുഴുവന്‍ സമ്പദ്ഘടനയും അടിമത്ത സമ്പ്രദായത്തിനു മേലാണ് നിലകൊണ്ടിരുന്നത്. ഈ സമ്പ്രദായത്തെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിന് ഇസ്‌ലാം വിവിധങ്ങളായ ചുവടുവെപ്പുകള്‍ നടത്തി. സമാധാനാവസ്ഥയില്‍ സ്വതന്ത്ര മനുഷ്യരെ പിടികൂടി അടിമകളാക്കുന്നത് കര്‍ശനമായി നിരോധിച്ചു. അടിമകള്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യം വില കൊടുത്ത് വാങ്ങുന്നതിനുള്ള പ്രേരണയും പ്രചോദനവും നല്‍കി. വില വാങ്ങി അടിമകളെ സ്വതന്ത്രമാക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം സൃഷ്ടിച്ചു. ഉടമയില്‍ സന്താനമുള്ള അടിമസ്ത്രീകള്‍ ഉടമകളുടെ മരണശേഷം സ്വതന്ത്രരായിരിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങിയും അല്ലാതെയും (സൗമനസ്യമെന്ന നിലക്ക്) വിട്ടയക്കാനുള്ള നിര്‍ദേശം നല്‍കി. 

ഈ ചുവടുവെപ്പുകള്‍ക്കൊക്കെ ശേഷവും, പടിഞ്ഞാറന്‍ സമൂഹങ്ങള്‍ അതവസാനിപ്പിക്കാന്‍ മുന്നോട്ടു വരുന്നതു വരെ ഇസ്‌ലാമിക ലോകത്ത് അടിമത്തം നിലനിന്നുപോന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി അടിമത്ത സമ്പ്രദായം നിലനിര്‍ത്തിപ്പോന്ന മുസ്‌ലിം ഭരണാധികാരികളായിരുന്നു ഇതിന് ഉത്തരവാദികള്‍. അടിമത്തം നിലനില്‍ക്കണം എന്നതായിരുന്നില്ല ഒരിക്കലും ഇസ്‌ലാമിന്റെ ഉദ്ദേശ്യം. പ്രവാചകന്‍ അവിടുത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍, അടിമകളോട് നന്നായി വര്‍ത്തിക്കണമെന്നും അവരുടെ അവകാശങ്ങള്‍ നല്‍കണമെന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നു മാത്രമല്ല, ഇബ്‌നുമാജയുടെ റിപ്പോര്‍ട്ടനുസരിച്ച്, മരണശയ്യയിലെ വസ്വിയ്യത്തിലും ഇക്കാര്യം ഊന്നിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്ത് നിയമപരമായിത്തന്നെ അടിമത്തത്തിന് അന്ത്യം കുറിക്കപ്പെട്ടു. ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള നിയമങ്ങളനുസരിച്ച് ഒരവസ്ഥയിലും ആരെയും അടിമയാക്കാന്‍ സാധിക്കില്ല. മനുഷ്യന്‍ സ്വതന്ത്രനായിരിക്കണം എന്നതാണ് സൃഷ്ടിപ്പിന്റെ തേട്ടം എന്നും ഇഹലോക ജീവിതം പരീക്ഷണമാണെങ്കില്‍ അടിമത്തം അതുമായി യോജിച്ചുപോകുന്നില്ല എന്നും വ്യക്തമാണല്ലോ. മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഉന്നതലക്ഷ്യം; കാരണം, മനുഷ്യന്‍ സ്വതന്ത്രമായ അവസ്ഥയിലാണ് ഭൂമിയിലേക്കയക്കപ്പെട്ടത്. മനുഷ്യരെല്ലാം സ്വതന്ത്രരായാണ് ജനിക്കുന്നത്. അതുകൊണ്ട് അവന്/അവള്‍ക്ക് സ്വതന്ത്രരായിത്തന്നെ നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യ ചരിത്രത്തില്‍ ഒരു വിഭാഗം ആളുകള്‍ ദൈവഹിതത്തിനെതിരായി ചെയ്ത ഒരു കാര്യത്തിന് അന്ത്യപ്രവാചകനാല്‍ അന്ത്യം കുറിക്കപ്പെട്ടു. ഇത് ഉന്നതലക്ഷ്യങ്ങളിലുള്ള ഇലാസ്തികതക്ക് ഉദാഹരണമാണ്.

ഉന്നതലക്ഷ്യങ്ങളുടെ ഉറവിടം

ഉന്നതലക്ഷ്യങ്ങളുടെ സ്രോതസ്സ് ഏതായിരിക്കണം എന്ന ചോദ്യം മുകളില്‍ നാം ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന്റെ ഉത്തരം, ഖുര്‍ആനും സുന്നത്തും എന്നാണ്. ഒപ്പം തന്നെ, അവ തിരിച്ചറിയുന്നതിലും വ്യാഖ്യാനിക്കുന്നതിലും ബുദ്ധിക്കും സഹജാവബോധത്തിനും കൂടി പങ്കുണ്ട്. മനുഷ്യന്റെ യഥാര്‍ഥ ആവശ്യം സ്വാതന്ത്ര്യവും സ്വയംനിര്‍ണയാധികാരവും ഉള്ള അവസ്ഥയാണ്. ഇതു തന്നെയാണ് ഭൂമിയിലെ പ്രാതിനിധ്യവുമായും പരലോകത്തെ ഉത്തരവാദിത്തവുമായും യോജിച്ചു പോകുന്ന കാഴ്ചപ്പാട്. ഇനിയാരെങ്കിലും അടിമത്ത സമ്പ്രദായവുമായി ബന്ധപ്പെട്ട, ഖുര്‍ആനില്‍നിന്നോ സുന്നത്തില്‍നിന്നോ ഉള്ള ഏതെങ്കിലും ഭാഗമെടുത്ത് അടിമത്തത്തിന്റെ തുടര്‍ച്ചക്കോ പുനരുജ്ജീവനത്തിനോ വേണ്ടി വാദിക്കുകയാണെങ്കില്‍ അവരുടെ ആ വാദം അംഗീകരിക്കപ്പെടുകയില്ല. കാരണം, ഓരോ വ്യക്തിയും തന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കണമെന്ന ഉദ്ദിഷ്ട മാനദണ്ഡവുമായി അത് ഏറ്റുമുട്ടുന്നുണ്ട്. ബുദ്ധിയുടെ തേട്ടവും സഹജാവബോധത്തിന് നിരക്കുന്നതും ഇതുതന്നെയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും വാക്യങ്ങള്‍ ഉന്നതലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. 

സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം സ്പഷ്ടമായ സൂക്തങ്ങളില്‍ (മുഹ്കമാത്ത്) നിന്ന് വ്യക്തമാണ്. ശരീഅത്തിന്റെ ഉന്നതലക്ഷ്യങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും വാക്യങ്ങളുടെ സാകല്യത്തില്‍നിന്നാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ അവ രണ്ടിനെയും അവഗണിക്കുന്ന നിലപാട് ശരിയായിരിക്കുകയില്ല. ഇതേ തരത്തില്‍പെട്ട മറ്റൊരുദാഹരണം, യുദ്ധത്തിന്റെ ഫലമായി അധീനതയില്‍ വരുന്ന ഭൂമിയും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇക്കാര്യത്തിലും സമ്പ്രദായങ്ങള്‍ മാറിക്കൊണ്ടിരുന്നിട്ടുണ്ട്. അതിനനുസരിച്ച് ഇസ്‌ലാമിക രീതികളും മാറിയിട്ടുണ്ട്. ഇന്നിക്കാര്യങ്ങള്‍ മുഴുവന്‍ ജനീവാ കണ്‍വെന്‍ഷന്നും അതുമായി ബന്ധപ്പെട്ട മറ്റു കരാറുകള്‍ക്കും കീഴിലാണ് വരുന്നത്. എല്ലാ രാജ്യങ്ങളും ഇവ അംഗീകരിക്കാമെന്ന് കരാര്‍ ചെയ്തിട്ടുള്ളതുമാണ്. കഴിഞ്ഞ കാലത്തും ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില സ്വഹാബിമാര്‍ നിര്‍ബന്ധം പിടിച്ചിട്ടുപോലും ഇറാഖിലെയും സിറിയയിലെയും പിടിച്ചടക്കിയ ഭൂമി, ആ പ്രദേശങ്ങള്‍ ജയിച്ചടക്കിയ സൈന്യത്തിലെ പട്ടാളക്കാര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ ഉമര്‍ (റ) തയാറായില്ല. കാരണം, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഉന്നതലക്ഷ്യങ്ങള്‍ക്ക് അതുമൂലം കോട്ടം സംഭവിക്കുമായിരുന്നു. ഇന്നാരെങ്കിലും യുദ്ധമുതല്‍ വിതരണവുമായി ബന്ധപ്പെട്ട സൂക്തങ്ങളുദ്ധരിച്ച് പൊതുസമ്പ്രദായത്തിനും കരാറുകള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ ആ തീരുമാനം ശരിയായ ഒന്നായി കണക്കാക്കപ്പെടുകയില്ല.

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് ആവിര്‍ഭവിക്കുന്നത്. പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന്റെയും വളര്‍ച്ചയുടെയും ഘട്ടത്തില്‍ അവയുടെ മുമ്പില്‍ സവിശേഷമായ സാഹചര്യങ്ങളുണ്ടായിരുന്നു. രാജ്യനിവാസികള്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലാതിരുന്ന വിദേശ ഭരണത്തിന് അന്ത്യം കുറിച്ച ശേഷം രാജ്യത്ത് ഒരു പുതിയ രാഷ്ട്രത്തിന്റെ രൂപീകരണത്തില്‍ സ്വീകരിക്കേണ്ട അടിസ്ഥാനങ്ങള്‍ എന്തായിരിക്കണം എന്ന ചോദ്യം അവയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടായിരുന്നു. സ്വാഭാവികമായും ആ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്, അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഖുര്‍ആനിലും സുന്നത്തിലും നല്‍കപ്പെട്ട അടിസ്ഥാനങ്ങള്‍ക്കനുസൃതമായാണ് സ്വതന്ത്ര ദേശീയ ഭരണകൂടം രൂപീകരിക്കേണ്ടത് എന്നായിരുന്നു. ലോകത്ത് ഇന്ന് ആ ചുറ്റുപാടല്ല ഉള്ളത്. പരമാധികാരവുമായി (ഹാകിമിയ്യത്ത്) ബന്ധപ്പെട്ട ചര്‍ച്ച ഇന്ന് സജീവമല്ല. ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തുനിന്നു വന്ന ആളുകള്‍ ഭരണം നടത്തിയിരുന്ന കാലം അവസാനിച്ചതോടു കൂടി പരമാധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയും സജീവമല്ലാതായി. 

ഇന്ന് മറ്റു രാജ്യങ്ങളെ പോലെ തന്നെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ചില പ്രായോഗിക പ്രശ്‌നങ്ങളുടെ പരിഹാരം അന്വേഷിക്കുകയാണ്. അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ അവക്ക് പരിഹാരം നിര്‍ദേശിക്കേണ്ടതുണ്ട്. അമുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണെങ്കില്‍, അവിടത്തെ യഥാര്‍ഥ വിഷയം ഇസ്‌ലാമിനെ പരിചയപ്പെടുത്തലും, മനുഷ്യകുലത്തിന്റെ ഗുണകാംക്ഷി എന്ന നിലക്കുള്ള ദയാനിധിയായ പ്രവാചകന്റെ ചിത്രങ്ങള്‍ വീണ്ടെടുക്കലുമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യം വരെ സജീവമായിരുന്ന ചോദ്യങ്ങള്‍ ഇന്നെവിടെയും ഉയര്‍ന്നുകേള്‍ക്കുന്നില്ല. സൂക്ഷിച്ചുനോക്കിയാല്‍, ഈ നാടുകളില്‍ (മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും അവര്‍ ന്യൂനപക്ഷമായിടങ്ങളിലും) പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതികള്‍ക്ക് പ്രായോഗികമായി മാറ്റം സംഭവിച്ചിട്ടുണ്ട്. അവ മാറിയ സാഹചര്യങ്ങളില്‍ പുതിയ വഴികള്‍ സ്വീകരിക്കാന്‍ പഠിച്ചിട്ടുണ്ട്. ഇതും ഉന്നതലക്ഷ്യങ്ങളില്‍ ദൃഷ്ടിയുറപ്പിക്കേണ്ടതിന്റെയും മാര്‍ഗങ്ങളിലും പ്രവര്‍ത്തന സമ്പ്രദായങ്ങളിലും അയവു പുലര്‍ത്തുന്നതിന്റെയും ഉദാഹരണമാണ്. സമീപകാല ചരിത്രത്തില്‍ തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഇതിന് മാതൃക കാണിച്ചിട്ടുണ്ട്.

ചിന്തനീയമായ വിഷയം, ഈ ഗതിമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, അവയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന സന്ദര്‍ഭാനുസൃതമുള്ള പ്രസ്ഥാന സാഹിത്യങ്ങള്‍ തയാറാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. ഇതു നിമിത്തം, ഒരു ഭാഗത്ത്, ഭൂതകാലത്തിന്റെ സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടിയായ സാഹിത്യങ്ങള്‍, അവ കാലദേശങ്ങള്‍ക്കതീതമാണ് എന്ന തരത്തില്‍ ഇപ്പോഴും അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മറുഭാഗത്ത്, പ്രായോഗികതയുടെ പേരില്‍ നടത്തപ്പെടുന്ന ചുവടുവെപ്പുകള്‍ പഴയ സാഹിത്യങ്ങളില്‍ വളര്‍ത്തപ്പെട്ട മസ്തിഷ്‌കങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. ഇത് കാരണം രണ്ട് തരം ദോഷങ്ങള്‍ ജന്മമെടുക്കുന്നു: 

ഒന്ന്, സാഹചര്യങ്ങളുടെയും പൊതുജനാഭിപ്രായത്തിന്റെയും സമ്മര്‍ദത്തിനു വഴങ്ങി നിശ്ചയദാര്‍ഢ്യത്തിന്റെ വഴി ഉപേക്ഷിക്കുകയാണ് എന്ന തോന്നല്‍ ശക്തിപ്പെടുകയും അത് കുറ്റബോധമായി വളരുകയും ചെയ്യുന്നു. രണ്ട്,  ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് നിര്‍ബന്ധ ഉപാധിയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ബഹുജനങ്ങളെ കൂടെ കൂട്ടാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അപ്രധാനമാണെന്ന് ചില ഗ്രൂപ്പുകള്‍ ചിന്തിക്കുന്നു. എപ്പോള്‍ എവിടെ വെച്ച് അവസരം കിട്ടുന്നുവോ, ഇസ്‌ലാമിക നിയമം പ്രാബല്യത്തില്‍ വരുന്നതായി പ്രഖ്യാപിക്കുകയാണ് വേണ്ടത് എന്നാണ് അവരുടെ ചിന്താഗതി. ഇത്തരം ഗ്രൂപ്പുകള്‍ പ്രാബല്യത്തില്‍ വരുത്തുന്ന ഇസ്‌ലാമിക നിയമങ്ങള്‍ ചില കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ (ഹുദൂദ്) നടപ്പില്‍ വരുത്തുന്നതില്‍ പരിമിതമാണ്. ശരീഅത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ പോകുന്നില്ല. നീതിയുടെ സംസ്ഥാപനം, സാര്‍വത്രികവും പൂര്‍ണവുമായ സുരക്ഷ, സമ്പത്തിന്റെ യുക്തിസഹമായ വിതരണം, വരുമാനത്തില്‍ കാണപ്പെടുന്ന അന്തരം കുറക്കല്‍, മറ്റുള്ളവരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിന് രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തല്‍, അഴിമതിയുടെ നിര്‍മാര്‍ജനം, ഉയര്‍ന്ന കാര്യക്ഷമതയുള്ള കാര്യനിര്‍വഹണ വിഭാഗത്തിന്റെ പുനഃസ്ഥാപനം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അവര്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്തില്ല. ഇത്തരം തീവ്രനിലപാടുകാരുടെ ഉന്നം പലപ്പോഴും മറ്റു മുസ്‌ലിംകള്‍ തന്നെയാണ്. ഹുദൂദ് നടപ്പിലാക്കുന്നതില്‍ കേന്ദ്രീകരിച്ചുള്ള അവരുടെ കൃത്യങ്ങള്‍ പ്രാദേശികതലത്തിലും ആഗോള തലത്തിലും ഇസ്‌ലാമിനു നേര്‍ക്ക് ഭീതിയും വെറുപ്പും ജനിപ്പിക്കുന്നു. ഇസ്‌ലാമിന്റെ മുന്‍ഗണനകളെക്കുറിച്ച് ഭീമമായ തെറ്റിദ്ധാരണകള്‍ ജന്മമെടുക്കുന്നു. ബഹുവിധമായ ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നു. എന്നു മാത്രമല്ല, നിര്‍ബന്ധം ചെലുത്തി നേടിയെടുക്കുന്ന ലക്ഷ്യങ്ങളാകട്ടെ, സുസ്ഥിരമായി നിലനില്‍ക്കുന്നുമില്ല. ഇവരുടെ ഈ ചെയ്തികള്‍ കാരണം അമുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്‌ലാമിന് ചീത്തപ്പേരുണ്ടാവുകയും പ്രവാചകനെക്കുറിച്ച ചിത്രം വികൃതമാവുകയും മുസ്‌ലിം രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. 

ഇസ്‌ലാമിക പ്രസ്ഥാനം ഏതു കാലത്തും ഏതു നാട്ടിലും നേരത്തേ തീരുമാനിച്ചുറപ്പിച്ച ഒരു രീതി സ്വീകരിക്കാന്‍ ബാധ്യസ്ഥമാണ് എന്നാണ് നിഷ്‌കളങ്കരായ പലരും വിചാരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ അടിമകളെ അവരുടെ രക്ഷിതാവിന്റെ അടിമത്തത്തിലേക്ക് വിളിക്കുക എന്ന തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ രീതികള്‍ അവലംബിക്കാവുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഏതെങ്കിലും രീതി പിന്‍പറ്റാന്‍ ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിനും ബാധ്യതയില്ല. 

(തുടരും)

വിവ: ടി. അനീസ് അഹ്മദ്, രിയാദ്

aneeskerala@gmail.com

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍