Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

മാറുന്ന കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനം

സയ്യിദ് സആദത്തുല്ല ഹുസൈനി /പ്രസ്ഥാനം

സ്‌ലാമിക പ്രസ്ഥാനത്തിന്റെ യഥാര്‍ഥ മൂലധനം അതിന്റെ ചിന്താപരവും ദാര്‍ശനികവും ബൗദ്ധികവുമായ കരുത്താണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ദീര്‍ഘകാലമായി ബൗദ്ധിക പോരാട്ടം നടത്തിവരികയാണ് ഇസ്‌ലാമിക പ്രസ്ഥാനം. മൗലാനാ മൗദൂദി തുടക്കത്തില്‍തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ''ഇസ്‌ലാം ലോകത്തിന് വഴികാട്ടിയാവണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍, മുസ്‌ലിംകളില്‍നിന്ന് കരുത്തരായ ചിന്തകരും ഗവേഷകരും ദാര്‍ശനികരും വളര്‍ന്നുവരണം. പാശ്ചാത്യ സംസ്‌കൃതി ഏതൊന്നിലാണോ കെട്ടിപ്പൊക്കിയിരിക്കുന്നത് ആ അടിത്തറ തകര്‍ക്കാന്‍ പര്യാപ്തമായ വൈജ്ഞാനികവും ധൈഷണികവുമായ കഴിവ് അവര്‍ ആര്‍ജിക്കണം. ഖുര്‍ആന്‍ കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ചും ലോകത്ത് പ്രചാരത്തിലുള്ള ചിന്താധാരകളുമായി സംവദിച്ചും ഒരു പുതിയ തത്ത്വശാസ്ത്രം അവര്‍ വികസിപ്പിച്ചെടുക്കണം. അത് ശുദ്ധ ഇസ്‌ലാമിക ചിന്തയുടെ ഉല്‍പന്നവുമാവണം.''

അപ്പോള്‍, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആത്മാവ് എന്ന് പറയുന്നത് അന്വേഷണവും ചിന്തയും ഗവേഷണവുമാണ്. ധൈഷണിക ചേരിയിലാണത് എപ്പോഴും നിലയുറപ്പിക്കുക. ഈ ദാര്‍ശനികത അതിന്റെ ജീവനാഡി(ലൈഫ് ലൈന്‍) ആണെന്നു പറയാം. പ്രസ്ഥാനത്തിന്റെ സുപ്രധാന ഇനങ്ങളില്‍ ഒന്നായി ഇതിനെ കണ്ടാല്‍ പോരാ. പ്രസ്ഥാനത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അതിന്റെ ചിന്താമണ്ഡലം എങ്ങനെ എന്ന് നോക്കിയാണ്. പ്രസ്ഥാനം മരിച്ചോ അതോ ജീവിച്ചിരിക്കുന്നോ എന്ന് ആ നോട്ടത്തില്‍ അറിയാം. വിഭവങ്ങള്‍ കുറഞ്ഞുപോയതുകൊണ്ടോ സമുദായത്തില്‍നിന്ന് ആളുകളെ കിട്ടാത്തതുകൊണ്ടോ പ്രതിയോഗികളുടെ അടിച്ചമര്‍ത്തല്‍ കൊണ്ടോ ഒന്നും ഒരു ചിന്താ പ്രസ്ഥാനം തളരുകയോ തകരുകയോ ഇല്ല. ചിന്ത ഇല്ലാതാവുകയോ മുരടിക്കുകയോ ചെയ്യുമ്പോഴാണ് അത്തരം പ്രസ്ഥാനങ്ങള്‍ തകരുന്നത്. അതിനാലാണ് പ്രസ്ഥാന വിപുലനത്തിനും പോഷക സംഘടനകളുടെ ശാക്തീകരണത്തിനും എത്ര ശ്രദ്ധയും ഊന്നലും കൊടുക്കുന്നുവോ, ചുരുങ്ങിയത് അത്രതന്നെ പ്രാധാന്യമെങ്കിലും ചിന്താ വികാസത്തിനും പോഷണത്തിനും നാം നല്‍കണം എന്ന് പറയുന്നത്.

നമുക്കറിയാം, ലോകം വലിയ തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെപ്പറഞ്ഞാലും ഇന്ന് ഇസ്‌ലാം ലോകത്തിന് മുമ്പില്‍ ഗൗരവ പഠനം അര്‍ഹിക്കുന്ന ഒരു രാഷ്ട്രീയ ദര്‍ശനമായി ഉയര്‍ന്നുവന്നിരിക്കുന്നു. അതിന്റെ വിവിധ വൈജ്ഞാനിക ശാഖകളെക്കുറിച്ച പഠനവും സജീവമായി നടന്നുവരുന്നു. 'ഇസ്‌ലാം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്' എന്ന മുദ്രാവാക്യം ഏതോ തലതെറിച്ചവരുടെ ജല്‍പനമായി എഴുതിത്തള്ളാന്‍ ഇന്ന് ലോകത്തിന് കഴിയില്ല. ലോകത്തെ പ്രമുഖ ബൗദ്ധിക കേന്ദ്രങ്ങളിലും ഗവേഷണാലയങ്ങളിലും രാജ്യാന്തര ചര്‍ച്ചാ വേദികളിലുമെല്ലാം ഈ വിഷയം ഗൗരവപൂര്‍വം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച ചര്‍ച്ചകളെല്ലാം മുസ്‌ലിം സമുദായത്തിനകത്തായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ വരെ നേരിട്ടത് സമുദായത്തില്‍നിന്നുതന്നെ. ഇസ്‌ലാമിക പ്രസ്ഥാനത്തെ മുസ്‌ലിം സമുദായത്തിനു പുറത്തുള്ളവര്‍ നോക്കിക്കണ്ടത് പലപ്പോഴും തീവ്ര ആശയങ്ങളുള്ള ഒരു സംഘം എന്ന നിലക്കായിരുന്നു. ലോക വൈജ്ഞാനിക മണ്ഡലത്തെ അഭിമുഖീകരിക്കാനും മുഖാമുഖം കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ത്രാണി ഉണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. പാശ്ചാത്യരുടേത് ഉള്‍പ്പെടെയുള്ള ഇസ്‌ലാംവിരുദ്ധ ദര്‍ശനങ്ങളെ നാം വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, ആ വിമര്‍ശനങ്ങളുടെ അഭിസംബോധിതരും മുസ്‌ലിംകള്‍ തന്നെയായിരുന്നു. അതിന്റെ ലക്ഷ്യം ഇത്രയുമായിരുന്നു: 'മുസ്‌ലിംകളുടെ വിശ്വാസ ചട്ടക്കൂടിന് സംരക്ഷണമൊരുക്കുക. ഇസ്‌ലാമില്‍ അവര്‍ക്ക് ദൃഢതയും ആത്മവിശ്വാസവും നല്‍കുക.'

ഇപ്പോള്‍ ചിത്രം പാടേ മാറിയിരിക്കുന്നു. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മുഴുലോകത്തെയും അഭിസംബോധന ചെയ്യുകയല്ലാതെ നിങ്ങള്‍ക്ക് നിവൃത്തിയില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ലോകസമൂഹം അതിന്റെ വൈജ്ഞാനിക മാനദണ്ഡങ്ങള്‍ വെച്ച് വിലയിരുത്തും, ചിലപ്പോള്‍ വിമര്‍ശിക്കും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനം, മുസ്‌ലിംകള്‍ക്കിടയില്‍ അതിന്റെ സ്വീകാര്യത തുടങ്ങിയ കാര്യങ്ങളൊന്നുമല്ല ഗവേഷണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാടുകള്‍, ചിന്തകള്‍, അത് മുന്നോട്ടുവെക്കുന്ന വിഷന്‍, പരിഹാര മാര്‍ഗങ്ങള്‍ ഇതൊക്കെയാണ് ചര്‍ച്ചയാവുന്നത്. ഈ മാറ്റം വളരെ പ്രതീക്ഷാ നിര്‍ഭരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അത് നമ്മുടെ ചുമലില്‍ വെച്ചിരിക്കുന്നത് ഭാരിച്ച ഒരുത്തരവാദിത്തമാണ് എന്ന കാര്യം മറക്കരുത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലെ സംഭവങ്ങളെ ഒരു 'സെമിനാര്‍' ആയി സങ്കല്‍പിച്ചാല്‍, മൂന്ന് നൂറ്റാണ്ടായി നാം നമ്മുടെ ഊഴം കാത്തിരിക്കുകയായിരുന്നു. നമുക്ക് പറയാനുള്ളത് പറയാനായി 'സെമിനാര്‍' അധ്യക്ഷന്‍ നമ്മുടെ പേര് വിളിച്ചിരിക്കുന്നു. ലോകത്തോട് പറയാനുള്ളതൊക്കെ ഇപ്പോള്‍ പറയാം. പക്ഷേ, ചോദ്യം ഇതാണ്: എന്തെങ്കിലും പറയാനുള്ള വല്ല തയാറെടുപ്പും നാം നടത്തിയിട്ടുണ്ടോ? ആ 'സെമിനാറി'ല്‍ ഫ്രാന്‍സിസ് ഫുകുയാമയും നോം ചോംസ്‌കിയുമൊക്കെ വിഷയം അവതരിപ്പിച്ച് ഇപ്പോള്‍ ഇരുന്നതേയുള്ളൂ. നമുക്കെന്തെങ്കിലും അവതരിപ്പിക്കാന്‍ കഴിയുമോ?

ഈ ചോദ്യത്തിന് എങ്ങനെ മറുപടി കാണാം എന്ന് അന്വേഷിക്കുകയാണ് ഈ കുറിപ്പില്‍. അല്‍പം പിറകോട്ട് സഞ്ചരിക്കാം. ചരിത്രം തിരുത്തിക്കുറിച്ച ഹൈദരാബാദിലെ ഒരു പ്രദേശം. അവിടെ ചെറിയൊരു പള്ളി. പള്ളിയോട് ചേര്‍ന്ന ഒരു മുറിയില്‍നിന്ന് തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന മാസിക പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. എഴുപത് വര്‍ഷം മുമ്പാണ്. ആ മുറിയില്‍നിന്ന് ഒരാള്‍ സമ്പൂര്‍ണ ബോധ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകത്തെ വെല്ലുവിളിച്ചു. മറ്റാരുമല്ല, മൗലാനാ മൗദൂദി. മഹാ പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന കാലം കൂടിയാണത്. അബുല്‍ കലാം ആസാദ്, സയ്യിദ് സുലൈമാന്‍ നദ്‌വി, മൗലാനാ അശ്‌റഫ് അലി സാനവി ഇങ്ങനെ എത്ര വേണമെങ്കിലും പേരെടുത്ത് പറയാം. പക്ഷേ, അവരില്‍നിന്ന് മൗലാനാ മൗദൂദിയെ വ്യത്യസ്തനാക്കുന്നത്, അദ്ദേഹം അഭിസംബോധന ചെയ്തത് മുസ്‌ലിംകളെ മാത്രമല്ല, തന്റെ കാലഘട്ടത്തെ ആയിരുന്നു എന്നതാണ്. തന്റെ കാലത്തെ മുഴുവന്‍ വൈജ്ഞാനിക മണ്ഡലത്തെയുമാണ് അദ്ദേഹം മുഖാമുഖം നിര്‍ത്തിയത്.

അതുകൊണ്ടാണ് പരമ്പരാഗത ആശയവിനിമയ ശൈലികള്‍ അദ്ദേഹം ഉപേക്ഷിച്ചത്; കാലഘട്ടത്തിന്റെ സത്തും കാതലും ചേര്‍ത്ത ഒരു ഭാഷയും ശൈലിയും അദ്ദേഹം വികസിപ്പിച്ചെടുത്തത്. ദൈവശാസ്ത്ര-കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിരമിച്ചിരുന്ന മുസ്‌ലിം വൈജ്ഞാനിക വൃത്തങ്ങളില്‍നിന്ന് മാറിനിന്ന്, സമകാലിക ലോകം ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇസ്‌ലാമിക പ്രസ്ഥാനവും. ചരിത്രത്തിന്റെ ഒരു നിര്‍ണായക ദശാസന്ധിയില്‍ ആ പൈതൃകം നാം കൈയേറ്റിരിക്കുകയാണ്. ഇന്ന് പ്രാസ്ഥാനിക ചിന്തക്ക് പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്നത് സത്യമാണ്. പ്രാസ്ഥാനിക കര്‍മമണ്ഡലം വികസിതമായിക്കൊണ്ടിരിക്കുന്നു. ആശയവിനിമയ മാധ്യമങ്ങളുടെ വൈവിധ്യം സമൂഹത്തെ പലനിലയില്‍ സ്വാധീനിക്കാന്‍ അവസരമൊരുക്കുന്നു. പുതിയ പ്രവര്‍ത്തന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. പക്ഷേ, ഈ പ്രവര്‍ത്തന വൈപുല്യത്തിനനുസരിച്ച് പ്രാസ്ഥാനിക ചിന്ത വികസിക്കുന്നില്ല. അണികളില്‍ ചിന്താശൈഥില്യത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല എന്നര്‍ഥം.

നവീനവും സവിശേഷവുമായ ആശയങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് ചിന്താപരമായി നാം നേരിടുന്ന പ്രതിസന്ധി. പ്രസ്ഥാനത്തിന്റെ ആദ്യകാല ചിന്തകര്‍ക്കും ദാര്‍ശനികര്‍ക്കും അത്തരം മികവുറ്റ ആശയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നു. അവയുടെ പിന്‍ബലത്തില്‍ തന്നെയാണ് നാമിപ്പോഴും നമ്മുടെ ചിന്താപരമായ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. പക്ഷേ, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്ത് ഈ പഴയ മൂലധനം വെച്ച് മാത്രം പയറ്റിയാല്‍ മതിയാവുകയില്ല. ലോകം കേള്‍ക്കാന്‍ തയാറാണ്. പക്ഷേ, എന്തു പറയും, എങ്ങനെ പറയും? ഇതാണ് നമ്മുടെ പരിഭ്രാന്തി. ഈ പ്രശ്‌നത്തെ നിസ്സാരമായി കാണരുത്. നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളുടെയും മാതാവാണിത്. ജീവിക്കുന്ന ഒരു ചിന്താപ്രസ്ഥാനമായി നിലനില്‍ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍, നമ്മുടെ കൈയിലുള്ള വിഭവങ്ങളും ശേഷികളും ഈ മാര്‍ഗത്തിലും കാര്യമായി വിനിയോഗിച്ചേ മതിയാവൂ.

എന്താണിപ്പോള്‍ നമ്മുടെ ബൗദ്ധിക പ്രവര്‍ത്തനം? കുറച്ച് ലേഖനങ്ങള്‍, അല്ലെങ്കില്‍ പരിഭാഷകള്‍ തയാറാക്കുന്നു. അല്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്‍ കുറിപ്പുകള്‍ എഴുതുന്നു. ഇതൊക്കെ എല്ലാ സംഘടനകളും കൂട്ടായ്മകളും ചെയ്യുന്നതാണ്. ഒരു ചിന്താ പ്രസ്ഥാനം ഇത്രയും മതിയെന്ന് വെച്ചാല്‍ അതിന്റെ നിലനില്‍പിന് ന്യായമില്ലാതായിത്തീരും. 'മുസ്‌ലിംകളും നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും' (മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ്) എന്ന രാഷ്ട്രീയ കൃതി മൗലാനാ മൗദൂദി ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് രചിച്ചതാണ്. നമ്മുടെ ചിന്ത അതിനപ്പുറത്തേക്ക് വികസിക്കേണ്ടതായിരുന്നില്ലേ? സ്വാതന്ത്ര്യാനന്തരം രാഷ്ട്രത്തിന് ദിശാബോധം നല്‍കുന്ന വിധം ഒരു രാഷ്ട്രീയ തത്ത്വചിന്ത മുന്നോട്ടുവെക്കാന്‍ എന്തുകൊണ്ട് നമുക്കായില്ല? 'കശ്മകശി'ന്റെ ഒരു ചിന്താ തുടര്‍ച്ചയും വികാസവും ആകുമായിരുന്നില്ലേ അത്?

മൗലാനാ മൗദൂദി ആധുനികതയുടെ മുഖ്യ സമസ്യകളെയാണ് പ്രശ്‌നവത്കരിച്ചത്. അദ്ദേഹം പാശ്ചാത്യ ലോകത്തിന്റെയും മുസ്‌ലിം ലോകത്തിന്റെയും അനുഭവങ്ങള്‍ മുന്നില്‍വെച്ചുകൊണ്ട്, ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഒരു ചിന്താസരണിയുടെ പിന്‍ബലത്തില്‍ തീര്‍ത്തും അന്യാദൃശമായ ഒരു മെത്തഡോളജി ആവിഷ്‌കരിക്കുകയായിരുന്നു. ആഴമാര്‍ന്ന ചിന്ത, സര്‍വതലസ്പര്‍ശിയായ വിജ്ഞാനം, ഖുര്‍ആന്‍-ഹദീസ് പരാമര്‍ശങ്ങള്‍ സ്വാംശീകരിച്ചുള്ള ആലോചനകള്‍, പാശ്ചാത്യ ചരിത്രത്തെയും ദര്‍ശനങ്ങളെയും വിമര്‍ശനാത്മകമായി അപഗ്രഥിക്കല്‍ ഇതെല്ലാം അദ്ദേഹത്തിന്റെ രചനകളിലുണ്ട്. പ്രശ്‌നങ്ങളെ എങ്ങനെ സമീപിക്കണമെന്ന ഉള്‍ക്കാഴ്ച മുസ്‌ലിം ലോകത്തിന് പകര്‍ന്നുനല്‍കാന്‍ ആ രചനകള്‍ക്ക് സാധിച്ചു. ആ ചിന്തകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതും അതുകൊണ്ടാണ്. ഏതെങ്കിലും സംഘടനകളിലോ ദേശാതിര്‍ത്തികളിലോ ആ സ്വാധീനം ഒതുങ്ങിനില്‍ക്കുന്നില്ല. മുസ്‌ലിം ലോകത്തിന്റെ ധൈഷണിക പിതൃത്വം എന്ന നിലയോളം അത് വളര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.

തന്റെ കാലഘട്ടത്തെ സധൈര്യം അഭിമുഖീകരിച്ച മൗലാനാ മൗദൂദിയുടെ ശൈലി എന്തുകൊണ്ട് പില്‍ക്കാലത്ത് തുടരാനായില്ല എന്നതാണ് ചോദ്യം. മൗലാനാ മൗദൂദിയോളം തലയെടുപ്പുള്ളവര്‍ എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ചോദിക്കുന്നതിന് അര്‍ഥമില്ല. കാരണം അത്തരക്കാര്‍ അപൂര്‍വമായേ ജന്മം കൊള്ളാറുള്ളൂ. പക്ഷേ, കാലഘട്ടത്തിലെ എല്ലാ മനുഷ്യര്‍ക്കും മനസ്സിലാവുന്ന ആ ഭാഷയും ശൈലിയും നമുക്കും സ്വീകരിക്കാമായിരുന്നല്ലോ. ദീന്‍ പഠിച്ചവര്‍ക്ക് മാത്രം മനസ്സിലാവുന്ന ശൈലിയിലല്ലേ നമ്മില്‍ മിക്കവരും ആശയപ്രകാശനം നടത്തുന്നത്? വൈജ്ഞാനിക വൃത്തങ്ങള്‍ നമ്മുടെ കൃതികള്‍ അവഗണിച്ചുതള്ളാന്‍ അതാണ് കാരണം. ഇന്ത്യയില്‍ പ്രസ്ഥാന വൃത്തത്തിനകത്ത് രചിക്കപ്പെട്ട കൃതികളില്‍ പുറംലോകത്ത് ശ്രദ്ധിക്കപ്പെട്ടവ ഒരുപക്ഷേ സാമ്പത്തികശാസ്ത്രത്തില്‍ ഡോ. നജാത്തുല്ലാ സിദ്ദീഖിയുടെ പുസ്തകങ്ങളായിരിക്കും. പാകിസ്താനില്‍ ഖുര്‍റം മുറാദും ഖുര്‍ശിദ് അഹ്മദും എഴുതിയ കൃതികളും ഒരു പരിധിവരെ പുറംലോകത്തെ യൂനിവേഴ്‌സിറ്റികളിലും വൈജ്ഞാനിക വൃത്തങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഏതാനും രചനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നാം എഴുതുന്ന കൃതികള്‍ മുസ്‌ലിം സമൂഹത്തില്‍, അല്ലെങ്കില്‍ പ്രാസ്ഥാനിക വൃത്തങ്ങളില്‍ മാത്രമല്ലേ വായിക്കപ്പെടുന്നത്?

നമ്മള്‍ തന്നെ എഴുതുക, നമ്മള്‍ തന്നെ വായിക്കുക. ഇത് പുറംലോകവുമായി ബന്ധമില്ലാത്ത ഒരു അടഞ്ഞ സമൂഹത്തിന് ഗുണപ്രദമായേക്കാം; പക്ഷേ, ഒരു ആഗോള ദൗത്യം കൈയേറ്റിരിക്കുന്ന പ്രസ്ഥാനത്തിന് ഒട്ടും ഗുണകരമായിരിക്കില്ല, തീര്‍ച്ച. ഒരു ആഗോള മിഷന്റെ വക്താക്കളെന്ന നിലയില്‍ നാം സംസാരിക്കേണ്ടത് ഇമാം ഗസാലിയും ഇബ്‌നു ഖല്‍ദൂനും ഇബ്‌നുതൈമിയ്യയും ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയും സംസാരിച്ച രീതിയിലാണ്; അല്ലെങ്കില്‍ കാള്‍ മാര്‍ക്‌സും സിഗ്മണ്ട് ഫ്രോയ്ഡും മിഷല്‍ ഫൂക്കോയും ഴാക്ക് ദറിദയും സംസാരിച്ചതുപോലെ. അവര്‍ സംസാരിച്ചപ്പോള്‍ ലോകം മുഴുവന്‍ അവര്‍ക്ക് ചെവി കൊടുക്കുന്നതാണ് നമ്മള്‍ കണ്ടത്. എന്തുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക് അങ്ങനെ സംസാരിക്കാന്‍ കഴിയാതെ പോകുന്നത്? മൊത്തം ലോകത്തെയും അഭിമുഖീകരിക്കുന്ന ഒരു ശൈലി വളര്‍ത്തിയെടുക്കേണ്ടത് ഇന്ന് വളരെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ലോകം ഇന്ന് പ്രത്യയശാസ്ത്രപരമായി വലിയൊരു ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു പ്രത്യയശാസ്ത്രത്തിന്റെ ആശയങ്ങള്‍ ലോകം തേടിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ കൈവശം ഇന്നൊരു 'ആഗോള വീക്ഷണം' (വേള്‍ഡ് വ്യൂ) ഇല്ല; അതില്‍നിന്നാണല്ലോ ഒരു കര്‍മപദ്ധതി രൂപപ്പെട്ടുവരേണ്ടത്. നമ്മുടെ പ്രശ്‌നം നമുക്ക് വേള്‍ഡ് വ്യൂ ഉണ്ടെങ്കിലും, ആശയങ്ങള്‍(Ideas) ഇല്ല എന്നതാണ്.

ഉപരിപ്ലവമായി എന്തെങ്കിലും കാട്ടിക്കൂട്ടിയതുകൊണ്ട് ഈ ആവശ്യം നിറവേറ്റപ്പെടുകയില്ല. ഇതര ദര്‍ശനങ്ങളെ പിടിച്ചുകുലുക്കും വിധമുള്ള ആശയങ്ങളാണ് രൂപപ്പെടേണ്ടത്. അത്തരമൊരു ചിന്താ വിപ്ലവം സൃഷ്ടിക്കാനുള്ള വിഭവശേഷി പ്രസ്ഥാനത്തിന് നിലവില്‍ ഇല്ല എന്നതും വസ്തുതയാണ്. പക്ഷേ, നമുക്ക് അങ്ങനെയൊരു വിഷന്‍, സ്വപ്‌നം ഉണ്ടായിരിക്കണം. എങ്കില്‍ അടുത്ത തലമുറകളിലെങ്കിലും ആ ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തരായ ചെറുപ്പക്കാര്‍ വളര്‍ന്നുവരാം.

പുതിയ പുസ്തകങ്ങളല്ല വേണ്ടത്, പുതിയ ദര്‍ശനങ്ങളും ചിന്തകളുമാണ്, പുതിയ ചിന്താ മാതൃകകള്‍ (Paradigms) ആണ്. അന്യാദൃശമായ നൂതന ആശയങ്ങള്‍ ഉണ്ടായിവരട്ടെ. അത് എങ്ങനെ സാക്ഷാത്കരിക്കാനാവും എന്നും ചിന്തിക്കണം. ഇതൊന്നും പെട്ടെന്ന് സാധിക്കുന്ന കാര്യങ്ങളല്ല. ഘട്ടം ഘട്ടമായി, ക്രമപ്രവൃദ്ധമായി മാത്രമേ ലക്ഷ്യത്തിലെത്തിച്ചേരാനാവുകയുള്ളൂ. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാം:

ഒന്ന്: പ്രസ്ഥാനത്തിനകത്ത് ചിന്താ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക. കുറച്ച് പേരെ, പ്രത്യേകിച്ച് പ്രതിഭയുള്ള യുവാക്കളെ ഈ രംഗത്തേക്ക് തിരിച്ചുവിടണം. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. അത്തരക്കാരെ കണ്ടെത്താന്‍ രാജ്യവ്യാപകമായി അന്വേഷണങ്ങളും നടക്കണം.

രണ്ട്: ഇതൊരു അനിവാര്യതയാണെന്ന ബോധം ഉണ്ടാവണം. ഇതു സംബന്ധമായി ചില വര്‍ത്തമാനങ്ങളൊക്കെ ഇടക്കിടെ പറഞ്ഞുകേള്‍ക്കാറുണ്ട് എന്നതല്ലാതെ, കൃത്യമായ ദിശാബോധമൊന്നും അത്തരം ചര്‍ച്ചകള്‍ക്കില്ല. ചര്‍ച്ചകള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു രൂപരേഖയുണ്ടാക്കാന്‍ ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവ് മതിയാകും. വിശദാംശങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്. ഒരു വിശാല പരിപ്രേക്ഷ്യം (Broad Picture) ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്.

മൂന്ന്:  ആദര്‍ശപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ഒട്ടേറെ നീക്കങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനം നടത്തുന്നുണ്ട്. ഇവക്ക് നല്‍കുന്ന പ്രാധാന്യം വൈജ്ഞാനിക-ചിന്താ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കണം. അതിന് അനുയോജ്യമായ ഒരു സാഹചര്യം പ്രസ്ഥാന ഘടനയില്‍ ഉണ്ടായിത്തീരണം. രാജ്യവ്യാപകമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും മറ്റും സംഘടിപ്പിച്ച് അത്തരമൊരു ചിന്താപരവും വൈജ്ഞാനികവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.

അറിവും വൈജ്ഞാനിക ശേഷിയുമുള്ള പ്രഗത്ഭര്‍ ഇന്ന് സാമൂഹികവും മതപരവും മറ്റുമായ പലതരം പ്രവൃത്തികളില്‍ വ്യാപൃതരാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അത്തരമൊരു നിര്‍ബന്ധിതാവസ്ഥ ചിന്താ-വൈജ്ഞാനിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ എന്തുകൊണ്ടാണ് ഉണ്ടാവാത്തത്? ചിന്താ-വൈജ്ഞാനിക വികാസമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്ന സമ്മര്‍ദം പ്രസ്ഥാനത്തിനകത്ത് രൂപപ്പെടുമ്പോഴേ ഇതിനൊരു മാറ്റം വരികയുള്ളൂ.

ആദ്യ ചുവടുവെപ്പെന്ന നിലയില്‍ നാം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. ഏതൊക്കെ മേഖലകളില്‍ എന്തൊക്കെയാണ് പ്രാസ്ഥാനിക സാഹിത്യമായി ഉള്‍പ്പെടുത്തേണ്ടത്? കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ വൈജ്ഞാനികവും മറ്റുമായ പുരോഗതിയും മാറ്റങ്ങളും കണക്കിലെടുക്കുമ്പോള്‍ അതിനനുസരിച്ച് പ്രാസ്ഥാനിക സാഹിത്യം വളര്‍ന്നിട്ടുണ്ടോ? ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ മുമ്പില്‍ വെച്ച് ഏതൊക്കെ പ്രശ്‌നങ്ങളിലാണ് പ്രാസ്ഥാനിക സാഹിത്യം വേണ്ടത്ര വളര്‍ച്ച കൈവരിച്ചിട്ടില്ല എന്ന തോന്നലുണ്ടാകുന്നത്? ഏതൊക്കെ വിഷയങ്ങളിലാണ് പുനരാലോചനകള്‍ വേണം എന്ന് തോന്നുന്നത്? പുതിയ കാലത്തെ മാറ്റങ്ങള്‍ മുന്നില്‍ വെച്ച് താങ്കള്‍ക്ക് നിര്‍ദേശിക്കാനുള്ളത് എന്താണ്? അതിന്റെ ഒരു പ്രായോഗിക കര്‍മപദ്ധതി സമര്‍പ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?

Comments

Other Post

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍