Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

നിത്യതയുടെ ഖുര്‍ആനിക പാത

ഖുര്‍റം മുറാദ്

ല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്‍കിയ മഹദ്ഗ്രന്ഥം. ഇതുവഴി മുസ്‌ലിംകളും എത്രയധികം അനുഗൃഹീതരായി! അവര്‍ മുഖേനയാണല്ലോ ലോകത്തിന് ഇത് ലഭിച്ചത്. ഇതിന് സമാനമായ മറ്റൊരു ഭാഗ്യവും മുസ്‌ലിംകള്‍ക്കിനി ലഭിക്കാനില്ല. അല്ലാഹു തന്നെ പറഞ്ഞല്ലോ: ''മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നിങ്ങള്‍ക്ക് സദുപദേശവും മനസ്സുകളിലെ രോഗത്തിന് ശമനവും വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് കാരുണ്യവും മാര്‍ഗദര്‍ശനവുമത്രെ ഇത്,'' ''പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണിത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ, അവര്‍ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമം'' (10: 57,58). 

സമുദായത്തിന്റെ മുഴുവന്‍ ജീവിതവും ബന്ധപ്പെടുത്തിയിരിക്കുന്നത് വിശുദ്ധ ഖുര്‍ആനുമായാണ്. സമുദായത്തിന്റെ അസ്തിത്വം, വ്യക്തിത്വം, ഉത്ഭവം, ഉത്ഥാന പതനങ്ങള്‍, ക്ഷാമ-ക്ഷേമങ്ങള്‍ എല്ലാം ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിന്റെ പതിനാല് നൂറ്റാണ്ടിന്റെ ചരിത്രമിതാണ്. ഇതൊരു യാഥാര്‍ഥ്യമാണ്; ഭാവനയല്ല. 

എപ്പോള്‍ മുസ്‌ലിം ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ട് ജീവിച്ചോ, അപ്പോള്‍ ഇഹലോകത്ത് പ്രതാപവും തലയെടുപ്പും സുഭിക്ഷതയും സുരക്ഷയുമെല്ലാം ലഭിച്ചിട്ടുണ്ട്. എപ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശം കൈയൊഴിച്ചോ അപ്പോഴെല്ലാം നിന്ദ്യതയും പതിത്വവും അരാജകത്വവും അവരെ വേട്ടയാടിയിട്ടുമുണ്ട്. 

ലോകത്തിന്റെ കടിഞ്ഞാണ്‍ അറബികളില്‍ വരണമെന്നോ തുര്‍ക്കികളുടെ കരങ്ങളിലമരണമെന്നോ അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല. അബ്ബാസികള്‍ ഭരിക്കട്ടെ, ഉസ്മാനികള്‍ ഭരിക്കട്ടെ, സല്‍ജൂക്കികള്‍ നയിക്കട്ടെ, അല്ലെങ്കില്‍ മുഗളന്മാര്‍ വാഴട്ടെ, അതില്‍ കാര്യമില്ല. ഖുര്‍ആന്‍ ഇറങ്ങിയ സന്ദര്‍ഭത്തില്‍ അധികാരം ലഭിക്കുന്നതിന്റെയും നഷ്ടപ്പെടുന്നതിന്റെയും ദൈവിക നടപടിക്രമമെന്തോ അതുതന്നെയാണ് പില്‍ക്കാലങ്ങളിലും പ്രാവര്‍ത്തികമാവുന്നത്. അല്ലാഹു ഖുര്‍ആന്റെ തണലില്‍ ഒരു സമുദായത്തെ രംഗത്തുകൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവര്‍ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹുവിന്റെ സന്ദേശം ഏറ്റെടുത്തവരും ആ മാര്‍ഗത്തില്‍ ചലിക്കുന്നവരുമായിരിക്കണം. ആ അമാനത്തിന്റെ ഭാരം അവര്‍ വഹിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കണം. ലോകത്തിന് മുമ്പാകെ സത്യസാക്ഷികളായി വര്‍ത്തിക്കണം. 

സത്യസന്ദേശം

ഈ സമുദായത്തിനുമേല്‍ മര്‍മപ്രധാനമായ ഉത്തരവാദിത്തം വന്നുചേരുന്നത് പ്രവാചകന് ആദ്യ ദൈവിക സന്ദേശം ലഭിച്ചതു മുതല്‍ തന്നെയാണ്. പിന്നീട് തുടരെത്തുടരെ ദൈവിക സന്ദേശം ഇറങ്ങിക്കൊണ്ടേയിരുന്നു. ഈ സന്ദേശം ഒരേയൊരു വ്യക്തിയിലൂടെയാണ് അന്ന് ലോകം കേട്ടുകൊണ്ടിരുന്നത്. അത് ഏറ്റുപിടിച്ചതോ മണ്ണിന്റെ മക്കളും. അതായത് അടിമകള്‍, അരികുവല്‍ക്കരിക്കപ്പെട്ട മറ്റു അധഃസ്ഥിത വിഭാഗങ്ങള്‍. അറബികളിലെ പ്രശസ്തരോ പണക്കാരോ നേതാക്കളോ അക്ഷരജ്ഞാനികളോ ഒന്നുമായിരുന്നില്ല ആദ്യകാല വിശ്വാസികള്‍. പണമോ പ്രതാപമോ ഒന്നുമില്ലാത്ത പാവങ്ങളേ തുടക്കത്തില്‍ ദൈവിക സന്ദേശത്തെ പിന്തുണക്കാനുണ്ടായിരുന്നുള്ളൂ. സാധുക്കളും സാധാരണക്കാരും ചേര്‍ന്ന ഒരു കൂട്ടായ്മ. ഹിറയില്‍ കേട്ട  ഈ ശബ്ദവീചി ലോകത്തെ അതിജയിക്കുമെന്നും അതിജീവിക്കുമെന്നും ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നോ? കുറഞ്ഞ വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിന്റെ സര്‍വകോണിലും ഖുര്‍ആന്റെ സന്ദേശം എത്തി. ഈ സന്ദേശത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ലോകത്തെങ്ങും ജേതാക്കളും നേതാക്കളുമായി കടന്നുചെന്നതും ചരിത്രം. 

സത്യസന്ദേശവും പരീക്ഷണങ്ങളും

മക്കാ ജീവിതത്തിന്റെ ആദ്യഘട്ടത്തിലെ ഒരു സംഭവം. ഖബ്ബാബ് നിസ്സഹായനായ ഒരടിമയായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ യജമാനന് സഹിച്ചില്ല. അയാള്‍ ഖബ്ബാബിനെ കയര്‍ കൊണ്ട് ബന്ധിച്ച് പൊള്ളലേല്‍പിക്കുകയും തൊലിയുരിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ അദ്ദേഹം നബി(സ)യുടെ അടുക്കലെത്തി: ''തിരുദൂതരേ, അക്രമം അതിരുവിട്ടിരിക്കുന്നു. താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.''

നബി (സ) ഈ സമയം ഒരു പുതപ്പ് പുതച്ച് കഅ്ബയുടെ ചുമരില്‍ ചാരിയിരിക്കുകയായിരുന്നു. ഖബ്ബാബിന്റെ സ്ഥിതികേട്ട് മുമ്പെങ്ങുമില്ലാത്ത വിധം അദ്ദേഹത്തിന്റെ മുഖം ചുവന്നു. നബി(സ) എഴുന്നേറ്റിരുന്നു. തുടര്‍ന്ന് ഖബ്ബാബിനെ നോക്കി പറഞ്ഞു: ''ഖബ്ബാബ്! നിങ്ങള്‍ക്കു മുമ്പുള്ള സമൂഹത്തിലെ ആളുകള്‍ക്കും ഈ ദൗത്യം നല്‍കിയിരുന്നു. അവര്‍ ഏതെല്ലാം വിധത്തിലുള്ള പീഡനങ്ങളാണ് സഹിച്ചതെന്നോ! ഇരുമ്പുചീര്‍പ്പിന്റെ പല്ലുകള്‍ കൊണ്ട് അവരുടെ എല്ലില്‍നിന്ന് മാംസം വാര്‍ന്നെടുത്തിരുന്നു. അവരെ തീക്കിടങ്ങുകളില്‍ എറിഞ്ഞിരുന്നു. ഈര്‍ച്ച വാള്‍ കൊണ്ട് ഈര്‍ന്ന് ശരീരം രണ്ടു ഭാഗമാക്കി പിളര്‍ത്തിയിരുന്നു. എന്നിട്ടും അവര്‍ തങ്ങളുടെ ആദര്‍ശത്തില്‍ ഉറച്ചുനിന്നു. അല്ലാഹുവാണ, ഈ ദൗത്യം വിജയിക്കുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍, ഒരു സ്ത്രീ ഏകാകിനിയായി അറേബ്യയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ ആരെയും ഭയപ്പെടാതെ യാത്രചെയ്യുന്ന ഒരു കാലം വരും. അന്ന് ആരും അവളെ നോക്കുക പോലും ചെയ്യില്ല. അത്രക്കും സുരക്ഷിതമായ ഒരു കാലം!''

ഖുര്‍ആനും ഭൗതികാനുഗ്രഹവും

ഹാതിമുത്ത്വാഈ അറേബ്യയിലെ സുപ്രസിദ്ധമായ ത്വയ് ഗോത്രത്തിന്റെ തലവനാണ്. പുകള്‍പെറ്റ ധര്‍മിഷ്ഠന്‍. അദ്ദേഹം ക്രൈസ്തവ വിശ്വാസിയാണ്. അദ്ദേഹത്തിന്റെ മകനായിരുന്നു അദിയ്യുബ്‌നു ഹാതിം. അദിയ്യ് പറയുകയാണ്: ''ഭൂമിയില്‍ എനിക്ക് ഏറ്റവും വെറുക്കപ്പെട്ട ഒരു കാര്യമുണ്ടെങ്കില്‍ അത് മുഹമ്മദ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സന്ദേശവുമായിരുന്നു. അദ്ദേഹം എന്റെ ഗോത്രത്തിനുമേല്‍ അധികാരം സ്ഥാപിച്ചപ്പോള്‍ ഞാന്‍ നാടു വിട്ടു. പിന്നെ ഞാന്‍ വിചാരിച്ചു; അദ്ദേഹം പറയുന്നതെന്തെന്ന് കേട്ടുനോക്കാം. അത് നല്ലതെങ്കില്‍ എനിക്ക് ഉപകാരപ്പെടും. മോശമാണെങ്കില്‍ എനിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ. അങ്ങനെ ഞാന്‍ തിരുസന്നിധിയിലെത്തി. ഞാന്‍ മദീനയിലെത്തിയതോടെ ആളുകള്‍ക്ക് വലിയ ആവേശമായി, അത്ഭുതവും. ഇയാളിതെങ്ങനെ ഇവിടെയെത്തി? അദിയ്യ് പറയുന്നു: റസൂല്‍(സ) എന്റെ കൈ പിടിച്ച് ഒപ്പം കൊണ്ടുപോയി. തന്റെ ഒട്ടകപ്പുറത്തിരുത്തി സഹയാത്രികരായി യാത്രചെയ്യവെ അവിടുന്ന് ചോദിച്ചു:  അദിയ്യ്, ഇസ്‌ലാം അംഗീകരിച്ചാലെന്താ? താങ്കള്‍ അംഗീകരിക്കാത്തതെന്താണെന്ന് എനിക്കറിയാം. താങ്കള്‍ ചിന്തിക്കുന്നതിതാണ്-ഈ മണ്ണ് പുരണ്ടുകിടക്കുന്ന ആളുകളെ നാലു ഭാഗത്തുനിന്നും ശത്രുക്കള്‍ വളഞ്ഞിരിക്കുകയാണ്. ഭയം വലയം തീര്‍ത്ത ഇവര്‍ എന്നും യുദ്ധമുഖത്താണ്. ഈ അംഗുലീപരിമിതരായ ആളുകള്‍ മദീനക്കപ്പുറം ഇല്ല. ഇവര്‍ ലോകത്ത് എന്ത് നേടാനാണ്. എന്നാല്‍ അദിയ്യ്! കേട്ടോളൂ. ഞാന്‍ താങ്കള്‍ക്ക് ഉറപ്പുതരാം. സ്വന്‍ആ മുതല്‍ മക്ക വരെ ഒരു സ്ത്രീക്ക് ഒറ്റക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം വരാനിരിക്കുന്നു. കിസ്‌റയുടെയും കൈസറിന്റെയും വലിയ വലിയ കോട്ടകൊത്തളങ്ങളെയും അവരുടെ ഖജനാവുകളെയും കുറിച്ച് കേട്ടിരിക്കുമല്ലോ. ഇതെല്ലാം തന്നെ എന്റെ സമുദായത്തിന്റെ കൈകളിലമരും. ഒന്നു ഞാന്‍ പറഞ്ഞേക്കാം; ഒരു ദിനം വരാനിരിക്കുന്നു. അന്ന് മനുഷ്യന്‍ കൈനിറയെ സ്വര്‍ണവുമായി ഇറങ്ങിനടക്കും, ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്നറിയാന്‍. ആരും അത് സ്വീകരിക്കാനുണ്ടാവില്ല.'' അദിയ്യ് പറയുന്നു: ''ഈ മൂന്ന് കാര്യങ്ങളും ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കണ്ടു-അതേ, ആ പ്രവചനങ്ങളത്രയും പുലര്‍ന്നത് ഞാന്‍ നേരിട്ടനുഭവിച്ചു.''

പാവങ്ങളായ മക്കയിലെ മുസ്‌ലിംകള്‍ മര്‍ദന പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന നിലത്തുകിടത്തി വലിയ പാറക്കല്ലുകള്‍ കൊണ്ട് ഇടിച്ചു പീഡിപ്പിച്ചു. ഈ സമയമൊക്കെ നബി(സ) പറഞ്ഞുകൊണ്ടിരുന്നു; ''ലാഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കുക, അറബികളും അനറബികളും നിങ്ങളുടെ കാല്‍ചുവട്ടില്‍ വരും.''

നബി (സ)യും അബൂബക്ര്‍ സിദ്ദീഖും (റ) ഒന്നിച്ച് മദീനയിലേക്ക് പലായനം ചെയ്യവെ, സുറാഖ അവരെ പിടികൂടാനായി ഏതാനും വാര അടുത്തെത്തി. ഈ സമയം റസൂല്‍ (സ) സുറാഖയോട് പറഞ്ഞു: ''സുറാഖ, ഒരു നാള്‍ വരാനിരിക്കുന്നു. അന്ന് കിസ്‌റയുടെ കൈവളകള്‍ താങ്കളെ അണിയിക്കും.'' ഭൗതികതയുടെ ഏതളവുകോല്‍ വെച്ചളന്നാലും കണക്ക് കൂട്ടാവുന്നതിലപ്പുറമായിരുന്നു നബി(സ)യുടെ ഈ പ്രവചനം. തന്റെ കൂടെയുള്ള പാവങ്ങളും പരമ ദരിദ്രരുമായ ഒരുപിടി ആളുകളെ വെച്ച് കിസ്‌റയുടെയും കൈസറിന്റെയും ഭരണയന്ത്രം തന്റെ കാല്‍ക്കീഴില്‍ വന്നണയുമെന്ന് പറയാന്‍ ഈ പ്രവാചകനു കഴിഞ്ഞതെങ്ങനെ? ഒരുദാഹരണത്തിന്, അമേരിക്കയും റഷ്യയും ബ്രിട്ടനുമെല്ലാം ഏറെ വൈകാതെ തങ്ങളുടെ കാല്‍ചുവട്ടില്‍ വന്ന് മുട്ടുകുത്തുന്ന കാലം അനതിവിദൂരമല്ല എന്നൊരാള്‍ ഇന്ന് പറയുകയാണെങ്കില്‍ അതെത്രമാത്രം വങ്കത്തമായി കണക്കാക്കില്ല?! ഇയാള്‍ക്ക് ഭ്രാന്താണ് എന്നേ ആരും ഈ പ്രസ്താവന കേട്ട് അഭിപ്രായപ്പെടുകയുള്ളൂ. പക്ഷേ, അന്ന് ആ പ്രവചനം നടത്തിയത് അല്ലാഹുവിന്റെ റസൂല്‍ ആയതുകൊണ്ടും വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപിത നയമായതുകൊണ്ടും അതു കേട്ടുനിന്നവര്‍ക്കൊന്നും ഒരു സംശയവുമുണ്ടായില്ല, അത് സംഭവിക്കാനുള്ളതായിരുന്നു. ഈ സന്ദേശം വിജയിക്കുമെന്നും ആ അസുലഭ നിമിഷം വന്നണയുമെന്നുമുള്ള പ്രവാചകന്റെ വാക്കുകള്‍ അവര്‍ മുഖവിലക്കെടുത്തു. 

വിശുദ്ധ ഖുര്‍ആനോടുള്ള ഈ ബന്ധവും കടപ്പാടും കാരണം മുസ്‌ലിം സമുദായത്തിന് ആത്മീയ പുരോഗതിയും സ്വഭാവ പരിശുദ്ധിയും കൈവന്നു. കിസ്‌റയും കൈസറും ഭരിച്ചപ്പോള്‍ ആ തരത്തിലുള്ള ഒരു മേന്മയും മാനുഷിക ഭാവങ്ങളും ഉണ്ടായിരുന്നില്ല. ലോകത്ത് മറ്റൊരു ഭരണകൂടത്തിനും അതുണ്ടാക്കിയെടുക്കാനായിട്ടില്ല. അവസാനം കിസ്‌റക്കും കൈസറിനും ഇസ്‌ലാമിനുമുമ്പില്‍ തലകുനിക്കേണ്ടിവന്നു. ഇതെല്ലാം വിശുദ്ധഖുര്‍ആന്‍ ഉണ്ടാക്കിയെടുത്ത മാറ്റമാണ്. ഇതാകട്ടെ ലോകത്ത് മറ്റെന്തിനേക്കാളും നന്മയും മേന്മയും അവകാശപ്പെടാനാവുന്നതുമായിരുന്നു. 

മനുഷ്യന്‍ സമ്പത്ത് വാരിക്കൂട്ടി, രാജ്യം വെട്ടിപ്പിടിച്ചു, കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ചു, സാങ്കേതിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി, കമ്പനികള്‍ ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ പരന്നുകിടന്നു. പക്ഷേ അതൊന്നും അവര്‍ക്ക് മനശ്ശാന്തി നല്‍കിയില്ല. പരലോകത്ത് വിജയിക്കാനുള്ള ജാമ്യവുമല്ല ഇതൊന്നും. ഇക്കാര്യത്തില്‍ വിശ്വസിക്കാവുന്ന ഏക അവലംബം ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആന്‍ മുഖേന വന്നുചേര്‍ന്ന അനുഗ്രഹവും ആനുകൂല്യങ്ങളും ഒരിക്കലും വാലറ്റുപോവുകയില്ല. അതിനൊരിക്കലും അറ്റമില്ല, അതിരും. ആരും അത് തട്ടിയെടുക്കുകയുമില്ല. 

വന്‍കിട ഫാക്ടറികള്‍, വന്‍ ഭൂസ്വത്തുക്കള്‍, വനമേഖലകള്‍, വിശാലമായ വയലേലകള്‍, എണ്ണമറ്റ സമ്പത്ത് ഇതെല്ലാമായുള്ള ബന്ധം ശ്വാസം അകത്തേക്ക് പോയി പുറത്തേക്ക് വരുമ്പോള്‍ മാത്രമേയുള്ളൂ. ശ്വാസത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് എപ്പോള്‍ നിലക്കുന്നുവോ, അപ്പോള്‍ ഇവയുമായുള്ള നമ്മുടെ എല്ലാ പിടിയും വിടും. ഏത് വസ്തുവാണ് എന്നെന്നും നിലനില്‍ക്കുക? പത്ത് കോടിയുടെ ബാങ്ക് ബാലന്‍സ് ഒരാള്‍ക്കുണ്ടെന്നിരിക്കട്ടെ, അയാളുടെ ശരീരത്തില്‍ ജീവനില്ലെങ്കില്‍, ഒരു ചെക്ക് ഒപ്പിടാന്‍ പോലും അദ്ദേഹത്തിന്റെ വിരല്‍തുമ്പുകള്‍ക്ക് കഴിയില്ലെന്നുറപ്പാണല്ലോ. മരിച്ചുകഴിഞ്ഞാല്‍ കൊട്ടാരം പോലുള്ള വീട്ടില്‍ നൂറ് മുറികളുണ്ടെങ്കിലും അതിലൊന്നില്‍ പോലും ആ ശരീരത്തിന് കിടക്കാനാവില്ലല്ലോ. അലമാരയില്‍ 50 ജോഡി വസ്ത്രമുണ്ടെങ്കിലും ചലനമറ്റ ശരീരത്തിന് കേവലം മൂന്ന് കഷ്ണം വെള്ളത്തുണി മാത്രമേ ആവശ്യമുള്ളൂ. ഒരാള്‍ സ്വത്തും മറ്റ് വസ്തുവകകളും സ്വരുക്കൂട്ടുമ്പോള്‍ ഓര്‍ക്കണം, ഇതെല്ലാം താല്‍ക്കാലികമാണ്, നശിക്കാനുള്ളതാണ്. 

എന്നാല്‍, ഖുര്‍ആന്‍ തുറന്നുവെച്ച വഴിയിലൂടെ സഞ്ചരിച്ചുനോക്കൂ. അത് നിത്യതയുടെ നിതാന്ത സരണിയാണ്. അനുഗൃഹീതമായ സ്വര്‍ഗീയപാത. അതൊരിക്കലും തീരില്ല. അവിടെ മനുഷ്യനു മരണമില്ല. ദൈവമാര്‍ഗത്തിലെ എല്ലാം അനവരതം, അനുസ്യൂതം തുടരും. അനുഗ്രഹം എന്നെന്നും ബാക്കിയാവും. ആരതില്‍ എത്തിപ്പെടുന്നുവോ, ''അവരതില്‍ ശാശ്വത വാസം നയിക്കും'' (ഹും ഫീഹാ ഖാലിദൂന്‍).

വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍