Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

മുഹമ്മദ് നബി മലയാള കവിതയില്‍

ഡോ. എം.എ കരീം

പ്രശസ്തരും അപ്രശസ്തരുമായ അനേകം മലയാള കവികള്‍ മുഹമ്മദ് നബി (സ)യെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്. 

ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്‌കര്‍ത്താവ് മാത്രമല്ല, നല്ലൊരു കവി കൂടിയായിരുന്നു. അദ്ദേഹം രചിച്ച 'അനുകമ്പാദശക'ത്തില്‍ പ്രാധാന്യമേറിയ കാര്യങ്ങള്‍ സൂചിപ്പിക്കുന്ന പത്ത് ശ്ലോകങ്ങളാണുള്ളത്. അവയില്‍ ഏഴാമത്തെ ശ്ലോകത്തില്‍ നബിയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്:

പുരുഷാകൃതിപൂണ്ട ദൈവമോ
നരദിവ്യാകൃതിപൂണ്ട ധര്‍മമോ
പരമേശ പവിത്ര പുത്രനോ
കരുണാവാന്‍ നബി മുത്തു രത്‌നമോ

ഹൈന്ദവ വീക്ഷണത്തില്‍ നബിയെ ചിത്രീകരിച്ചതുകാരണം പുരുഷാകൃതിപൂണ്ട ദൈവമോ, 'പരമേശപവിത്ര പുത്രനോ' എന്നീ വരികള്‍ ഇസ്‌ലാമിക ദര്‍ശനത്തിന് നിരക്കുന്നതല്ലെങ്കിലും നബിയെ ദിവ്യാകൃതിപൂണ്ട ധര്‍മമായും മുത്തുരത്‌നമായും വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയം തന്നെയാണ്. ലോകമതനേതാക്കളില്‍ ശ്രീനാരായണഗുരുവിനെ സ്വാധീനിച്ചിട്ടുള്ളത് മുഹമ്മദ് നബിയാണെന്ന് 'അനുകമ്പാദശക'ത്തിലെ വരികള്‍ സൂചിപ്പിക്കുന്നു. 

മഹാകവിത്രയത്തില്‍ വള്ളത്തോളിന്റെ നാമധേയം പ്രസിദ്ധമാണ്. അദ്ദേഹം 'എന്റെ ഗുരുനാഥന്‍' എന്ന കവിതയില്‍ മുഹമ്മദിന്റെ സ്ഥൈര്യത്തെ പ്രശംസിച്ചിട്ടുണ്ട്. 'അല്ലാഹ്''എന്ന കവിതയില്‍ വള്ളത്തോള്‍ മുഹമ്മദ് നബിയെ,

ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍
ധരയിലേക്കീശന്‍ നിയോഗിച്ച സൂര്യന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

മുഹമ്മദ് നബി ഒരിക്കല്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ വഴിക്കുവെച്ച് നടന്ന സംഭവത്തെയാണ് ഈ കവിതയില്‍ വര്‍ണിക്കുന്നത്. ഇസ്‌ലാം പ്രചരിപ്പിച്ചുകൊണ്ടിരുന്ന മുഹമ്മദ് നബിയെ എങ്ങനെയെങ്കിലും വധിക്കണമെന്നായിരുന്നു ശത്രുക്കളുടെ തീരുമാനം:

മുഹമ്മദിന്റെ തൃക്കഴുത്തുവെട്ടണം
മഹാമതത്തിന്റെ മുരടറുക്കണം.' 

ഇതായിരുന്നു അവരുടെ തീരുമാനം. അവസാനം ഈ കൃത്യം ചെയ്യാന്‍ ഒരു യൂദാസിനെ അവര്‍ക്ക് കിട്ടി. അയാള്‍ നബിയുടെ അടുത്തുവന്നു ചോദിച്ചു:

എടാ മഹമ്മതേ
ഇതാ, നിന്‍ വാള്‍ താന്‍ നിന്‍ നിണം കുടിക്കയായ്
ഇതില്‍ നിന്നു നിന്നെയേവന്‍ സംരക്ഷിക്കും?'

നബി ഉടനെ ഒരു ചെറിയ വാക്കുമാത്രം പറഞ്ഞു: 'അല്ലാഹ്'. ഈ രംഗം കവി ഇങ്ങനെ വര്‍ണിക്കുന്നു:

പ്രജകള്‍ തന്‍ കുറ്റം പൊറുത്തരുളുവാന്‍
ത്രി ജഗതി പിതാവൊട് പലപ്പോഴും 
നിബിഡ പ്രേമത്താലപേക്ഷിച്ചു പോന്ന
നബിത്തിരുനാവിന്‍ തലയ്ക്കല്‍ നിന്നപ്പോള്‍
ഗുരുവധ ക്രിയയ്ക്കുഴറി നില്‍ക്കുമാ
ക്കരാളനും കൈവാള്‍ വഴുതിപ്പോംവണ്ണം
അതിസ്‌നിഗ്ധ ഭക്തിരസമൊഴിക്കിനി-
ഷ്പതിച്ചത, 'ല്ലാഹെ'ന്നൊരു ചെറുപദം

'ജാതകം തിരുത്തി' എന്ന കവിതയില്‍ വള്ളത്തോള്‍ മുഹമ്മദ് 'അഹര്‍മ്മുഖ' പൊന്‍ കതിരാണെന്നും ആ പേരിനെ നമിക്കുന്നതായും പറയുന്നു: 

അഹര്‍മ്മുഖ പൊന്‍കതിര്‍ പോലെ പോന്നവന്‍
മുഹമ്മദപ്പേരിനിതാ നമശ്ശതം!

മഹാകാവ്യരംഗത്ത് ശ്രദ്ധേയനായ, ജ്ഞാനപീഠ അവാര്‍ഡ് കേരളത്തില്‍ കൊണ്ടുവന്ന കവിയാണല്ലോ ജി. ശങ്കരക്കുറുപ്പ്. അദ്ദേഹം രചിച്ച 'ദിവ്യപുഷ്പം'' എന്ന കവിത മുഹമ്മദ് നബി(സ)യെക്കുറിച്ചാണ്. സഹൃദയരുടെ മനസ്സില്‍ ആനന്ദം ചൊരിയുന്നതാണീ കവിത. ഇസ്‌ലാമിന്റെ ഉദയത്തെയാണ് കവി പരാമര്‍ശിക്കുന്നത്. ഇസ്‌ലാമാകുന്ന പൂവിന്റെ സുഗന്ധം ലോകമെങ്ങും പരിമളം വീശുന്നു. അല്ലയോ മനസ്സാകുന്ന വണ്ടേ, നീ ഉണര്‍ന്ന് ചിറകുവിടര്‍ത്തി പറന്നുയരുക. വല്ലാത്തൊരു സുഗന്ധം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു. ഏതോ ദിവ്യമായ പനിനീര്‍മലരിന്റെ സുഗന്ധമായിരിക്കാം അത്. ഭൂമിയെ സമാധാനത്തിന്റെ രേണുവാല്‍ പൊതിയാന്‍ വന്നിരിക്കുന്ന ആ പുഷ്പം ഏതാണ്? വാനത്തില്‍ നില്‍ക്കുന്ന നക്ഷത്രം പോലും ഭൂമിയിലേക്ക് കുനിഞ്ഞു ചുംബനം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ആ പുഷ്പം ഏതാണ്? നൂറ്റാണ്ടുകള്‍ക്ക് കോള്‍മയിര്‍ ചാര്‍ത്തുന്ന ആ പുഷ്പം എങ്ങനെയാണ് കുരുത്തത്? മനുഷ്യന്റെ വഴിത്താരയില്‍ തേന്‍ ചൊരിഞ്ഞിടുന്ന ആ പുഷ്പം എങ്ങനെയാണ് വിടര്‍ന്നത്? മുഹമ്മദ് നബിയുടെ അനുഭവത്തിന്റെ തടത്തിലാണ് ആ നറുമലര്‍ വിരിഞ്ഞതെന്ന് കേള്‍ക്കുന്നു. ഈ കവിതയില്‍ മഹാകവി ജി ഇസ്‌ലാമിന്റെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും പ്രാധാന്യമാണ് വിവരിക്കുന്നത്. 

മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍ കുടിലില്‍നിന്ന്  കൊട്ടാരം വരെ ഉയര്‍ന്ന ഒരു അനുഗൃഹീത കവിയാണ് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍. അവശജനങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി പോരാടിയ വ്യക്തിയാണ് അദ്ദേഹം. ഇസ്‌ലാമിനെയും നബിയെയും കുറിച്ച് അദ്ദേഹം ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല. കറുപ്പന്‍ രചിച്ച 'പ്രവാചകന്റെ മരണം' എന്ന കവിതയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അഘേതരശീലനാകും മുഹമ്മദിനെ 'ദീര്‍ഘദശീന്ദ്രനാമമ്മഹാത്മാവേ' എന്നാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്. മനസ്സാ വാചാ കര്‍മണാ നേര്‍വഴിയില്‍ നടന്ന ആളാണ് മുഹമ്മദ് നബി. എല്ലാവരാലും വിശ്വസ്തന്‍ എന്ന് വാഴ്ത്തപ്പെട്ട അദ്ദേഹം 'അല്‍അമീന്‍' എന്ന അപരനാമധേയത്തിലാണ് അറിയപ്പെട്ടത്. സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. പ്രവാചകനായ മുഹമ്മദ് നബിക്കുപോലും മരണത്തെ പുല്‍കേണ്ടിവന്നുവെന്ന് കവി പറയുന്നു. എല്ലാ പ്രവാചകന്മാരും കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ ജനിച്ചാല്‍ മരണം നിശ്ചയമാണല്ലോയെന്ന് കവി സമാധാനിക്കുന്നു.

'ജാതന്മാര്‍ക്കുണ്ടല്ലോ മൃത്യു, മുഹമ്മദും
ജാതനാണാവഴിക്കന്തമേറ്റു.' 

നബി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അവിടുത്തെ സന്ദേശം നമുക്കെന്നും ഉണര്‍വു നല്‍കും. കരുണാവാരിധിയായ അല്ലാഹു എങ്ങനെയാണ് ഈ പ്രപഞ്ചത്തെ പരിപാലിക്കുന്നതെന്ന് കവി സമാധാനിക്കുന്നു. നിര്‍ണിതമായ ദിശയില്‍ ഒട്ടും തെറ്റാതെ നീങ്ങിക്കൊണ്ടിരിക്കുന്ന ഗോളങ്ങളും താഴെ പച്ചവിരിച്ച ഭൂമിയും മുകളിലാകാശവും നമുക്ക് ഇന്നും അത്ഭുതം തന്നെയാണ്. 

ഓതിയാല്‍ ഒട്ടുമൊടുങ്ങാത്ത ശക്തിയില്‍ 
ജ്യോതിര്‍ഗണത്തിന്റെ ഗോളങ്ങളും
മാറ്റിത്തമില്ലാതെ തന്മണ്ഡലങ്ങളില്‍
ചുറ്റിച്ചുഴലം തിരിഞ്ഞിടുന്നു
കീഴിലായ് പച്ചച്ചെടിനിര തിങ്ങുമീ
യൂഴിയും കണ്‍കുളിരേകിടുന്നു
ആളുകള്‍ക്കെപ്പോഴുമത്ഭുതവും നല്‍കി
മോളില്‍ ആകാശവുമുല്ലസിപ്പൂ
എല്ലാറ്റിനെയും ഭരിക്കുന്ന സ്രഷ്ടാവാ
മല്‍ല്ലാ കനിവും കഴിവും ഉള്ളോന്‍
ചേലെഴുമോരോ നിയതിനിയമങ്ങള്‍
പോലെ മുഹമ്മദിന്നാദര്‍ശങ്ങള്‍
തന്നാല്‍ പ്രകാശിത ദൈവത്തിന്‍
കാരുണ്യത്താല്‍ മന്നുള്ള കാലം വിളങ്ങുമെന്നും.

പന്മന രാമചന്ദ്രന്‍ നായര്‍ ഗദ്യകാരനായാണ് അറിയപ്പെടുന്നതെങ്കിലും കാവ്യരംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം മുഹമ്മദ് നബിയെക്കുറിച്ചെഴുതിയ കവിതയാണ് 'കനിവിന്റെ ഉറവ'. അശരണരുടെ ആശാകേന്ദ്രമായിരുന്നു മുഹമ്മദ് നബി. അനാഥ സംരക്ഷണത്തിന്റെ മതമാണ് ഇസ്‌ലാം. അനാഥരെ സംരക്ഷിക്കുന്നവര്‍ക്ക് പുണ്യം ലഭിക്കുമെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. അനാഥരുടെ കണ്ണീരൊപ്പിയ പല സംഭവങ്ങളും നബിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിലൊരു സംഭവമാണ് 'കനിവിന്റെ ഉറവ്' എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. പെരുന്നാള്‍ ദിവസം പള്ളിയിലേക്ക് പുറപ്പെട്ട മുഹമ്മദ് നബി വഴിയില്‍ ഒറ്റയ്ക്ക് ഒരു കുട്ടി കരഞ്ഞുകൊണ്ടു നില്‍ക്കുന്നത് കണ്ടു. എല്ലാ കുട്ടികളും ഉത്സാഹത്തോടെ തുള്ളിച്ചാടി നടക്കുന്ന ദിവസമാണ് പെരുന്നാള്‍. കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയുടെ അടുത്തുചെന്നുനിന്ന് പ്രവാചകന്‍ ചോദിച്ചു: 

എന്തിനായേവം മാഴ്കി-
വാഴ്‌വു നീയൊരു കോണില്‍
തോഴരോടൊത്തെന്തേ നീയി
പ്പെരുന്നാള്‍ ആഘോഷിക്കാത്തു?

പ്രവാചകനെ എതിര്‍ത്തവരുമായി യുദ്ധം ചെയ്താണ് കുട്ടിയുടെ പിതാവ് രക്തസാക്ഷിയായത്. കുട്ടി കരഞ്ഞുകൊണ്ട് നബിയോട് പറഞ്ഞത് കവിയുടെ ഭാഷയില്‍;

നബിയെയെതിര്‍ത്തൊരു 
പ്പോരിലെന്‍ പിതാവയ്യോ
മരിച്ചു; തുണയറ്റു
ഞാനിതാ വലയുന്നു

കുട്ടിയുടെ ദുര്യോഗത്തില്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ കുട്ടിയെ തോളിലേറ്റി നബി വീട്ടിലേക്ക് തിരിച്ചു. യഥാര്‍ഥത്തില്‍ നബിയുടെ പെരുന്നാളിന് അര്‍ഥം വന്നത് അന്നാണ്. സ്‌നേഹത്തോടെ നബിയെ എതിരേറ്റ സഹധര്‍മിണിയുടെ കൈയിലേക്ക് കുട്ടിയെ കൊടുത്തുകൊണ്ട് നബി പറഞ്ഞതിനെ കവി ഇപ്രകാരം ആവിഷ്‌കരിച്ചിരിക്കുന്നു:

പുത്രനൊന്നിതാ തരു-
ന്നിന്നു ഞാന്‍ നിനക്കായി
ട്ടാ, മനം കുളിര്‍ത്തെന്നാ
ലെനിക്കും പെരുന്നാളായ്

അനാഥക്കുട്ടിയെ സ്വന്തം മകനെപ്പോലെ പോറ്റാന്‍ തയാറായ പ്രവാചകന്റെ ജീവിതം മാതൃകായോഗ്യമാണ്. ഇതുപോലെ അനുകരണയോഗ്യമായ പല കാര്യങ്ങളും നബിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മാനവസംസ്‌കാരം അജ്ഞതയുടെ അന്ധകാരത്തില്‍ ആണ്ടുകിടന്നപ്പോള്‍ സത്യത്തിന്റെയും ദയാവായ്പിന്റെയും പവിത്രപ്രഭയാല്‍ ലോകത്തെ പ്രകാശമാനമാക്കിയ പ്രവാചക ശ്രേഷ്ഠന് നമോവാകം നേര്‍ന്നുകൊണ്ട് പന്മന കവിത ഇങ്ങനെ അവസാനിപ്പിക്കുന്നു:

മര്‍ത്ത്യസംസ്‌കാരത്തിനു
മങ്ങലാര്‍ന്ന ജ്ഞാനത്തില്‍
മൂടലില്‍ മുങ്ങിപ്പാര
മിരുളില്‍ മറയവേ
സത്യത്തിന്റെ ദയാവായ്പില്‍
പാവനപ്രഭാദീപ-
നാളവും പേറിപ്പാരി
ലെത്തിയ ജഗല്‍പ്രഭോ!
മംഗളാത്മാവേ! ഭവല്‍
പാദതാരുകള്‍ ഞങ്ങള്‍
ക്കരുളീടട്ടേ മാര്‍ഗ!!
മെങ്ങള്‍തന്‍ നമോവാകം

ഇവിടെ പരാമര്‍ശിക്കപ്പെട്ട കവിതകളെല്ലാം എഴുതിയിരിക്കുന്നത് മുസ്‌ലിംകളല്ല, സഹോദരസമുദായത്തില്‍പെട്ടവരാണ്. മുഹമ്മദ് നബിയുടെ ജീവിതവും അനുപമ വ്യക്തിത്വവും സ്വാധീനിച്ചതാണ് ഇത്തരം കവിതകള്‍ രചിക്കാന്‍ അവര്‍ തയാറായതിന്റെ കാരണം. ഇസ്‌ലാമിനോടും മുഹമ്മദ് നബിയോടും കാണിക്കുന്ന ആദരവിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ കവിതകള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍