Prabodhanm Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

വിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപരിപാടികളാവിഷ്‌കരിക്കുക

നകാര്യം, ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് മനുഷ്യ വിഭവശേഷി എന്ന് ഇപ്പോള്‍ പറയുന്ന വിദ്യാഭ്യാസ വകുപ്പ്. ജനതയുടെയും രാഷ്ട്രത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അത് മറ്റെല്ലാ വകുപ്പുകളുടെയും മുന്നില്‍വരികയും ചെയ്യും. ഭരണകക്ഷി എം.പിമാരില്‍ സാമാന്യം പ്രഗത്ഭരായവരാണ് പൊതുവെ ഈ വകുപ്പ് കൈകാര്യം ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ നരേന്ദ്ര മോദി മനുഷ്യ വിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിയെ ഏല്‍പിച്ചപ്പോള്‍ വിദ്യാഭ്യാസ മേഖലയെ ശരിക്കും അത് ഞെട്ടിച്ചുകളഞ്ഞു. സ്മൃതി ഇറാനിയുടെ പരിചയസമ്പന്നതയെക്കുറിച്ച് മാത്രമല്ല, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നു. ആര്‍.എസ്.എസ്സിന് നേരിട്ട് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാനാണ് വേണ്ടത്ര യോഗ്യതയോ പരിചയമോ ഇല്ലാത്ത ഒരാളെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചത് എന്ന ആരോപണവും ശക്തമായി. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യുവിലെയും സമീപകാല സംഭവ വികാസങ്ങള്‍ അതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു.

വളരെ സങ്കീര്‍ണമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല. നേട്ടങ്ങളുടെ കണക്കുകള്‍ എത്ര വേണമെങ്കിലും നമുക്ക് എടുത്തുദ്ധരിക്കാന്‍ പറ്റും. പക്ഷേ, നമ്മെ ചതിയില്‍പെടുത്തുന്ന കണക്കുകളാണവ. കോടാനുകോടി വരുന്ന ഇന്ത്യക്കാരില്‍ ഒരു ചെറിയ ശതമാനത്തിന് മാത്രമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ആ വിദ്യാഭ്യാസ പുരോഗതി ഉണ്ടായിട്ടുള്ളത്. നമ്മുടെ വിദ്യാഭ്യാസ ആസൂത്രണം മികച്ചതായിരുന്നു. അത് താഴെ തട്ടിലുള്ള പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍ എത്തിക്കുന്നതിലാണ് നാം പരാജയപ്പെട്ടത്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1968-ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ മുഖഛായ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പിന്നെയൊരു വിദ്യാഭ്യാസ നയപ്രഖ്യാപനമുണ്ടാകുന്നത് രാജീവ് ഗാന്ധിയുടെ കാലത്താണ്, 1986-ല്‍. 'ഓപറേഷന്‍ ബ്ലാക്‌ബോര്‍ഡ്' അതിന്റെ ഭാഗമാണ്. എല്ലാ പ്രാഥമിക വിദ്യാലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനായിരുന്നു ഈ പദ്ധതി. 1992-ല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൂടി ഉള്‍പ്പെടുത്തി ഈ പദ്ധതി വികസിപ്പിച്ചു. ഇതിന്റെയൊക്കെ ഫലമായി 6-14 പ്രായത്തിലുള്ള 95 ശതമാനം കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞു.

പക്ഷേ, ഈ കണക്കുകളുടെ മറുവശമാണ് നമ്മെ ഭീതിപ്പെടുത്തുന്നത്. സ്‌കൂളില്‍ ചേര്‍ത്ത കുട്ടികളില്‍ വലിയൊരു വിഭാഗം ഇടക്കുവെച്ച് കൊഴിഞ്ഞുപോകുന്നു. എസ്.സി/എസ്.ടി, മുസ്‌ലിം വിഭാഗങ്ങളിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍. ഇവരില്‍ മൂന്ന് ശതമാനം മാത്രമേ ബിരുദമെടുക്കുന്നുള്ളൂ. ഈ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂള്‍ എന്റോള്‍മെന്റ് ലോകത്തിലെതന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. മുസ്‌ലിംകളുടെ നിലയാണ് വളരെ പരിതാപകരം. ഇന്ത്യയിലെ സാക്ഷരത പൊതുവെ 81 ശതമാനമാണെങ്കില്‍, മുസ്‌ലിംകളില്‍ അത് 76 ശതമാനം മാത്രമാണ്. മൊത്തം ഹിന്ദുക്കളില്‍ സാക്ഷരത 80 ശതമാനവും മറ്റു മത വിഭാഗങ്ങളില്‍ 89 ശതമാനവുമാണ്.

മുസ്‌ലിം വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് സച്ചാര്‍ കമീഷന്‍ പുറത്തുവിട്ടത്. അവരില്‍ സെക്കന്ററി -ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ യഥാക്രമം 27 ശതമാനവും 15 ശതമാനവും മാത്രമാണ്. 2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയെങ്കിലും കാര്യങ്ങള്‍ പഴയപടി തുടരുകയാണ്. 'പ്രഥം' വിദ്യാഭ്യാസ സര്‍വെ പറയുന്നത്, ഏഴാം തരക്കാരന് രണ്ടാം ക്ലാസ്സിലെ പുസ്തകങ്ങള്‍ വരെ വായിക്കാനറിയില്ലെന്നും മൂന്നക്ക സംഖ്യകള്‍ കൂട്ടാന്‍ അറിയില്ലെന്നുമാണ്. കൊഴിഞ്ഞുപോകുന്നവരും പോകാത്തവരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല എന്നര്‍ഥം.

ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള യു.പി, ബിഹാര്‍, അസം സംസ്ഥാനങ്ങളില്‍ സമുദായത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നവര്‍ (ജനറല്‍ എന്റോള്‍മെന്റ് റേഷ്യോ) അഞ്ചു ശതമാനത്തില്‍ താഴെയാണ്. അതായത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതില്‍ ഉണ്ടായ മാറ്റം ഉന്നത വിദ്യാഭ്യാസത്തില്‍ തീരെ പ്രതിഫലിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല ഇത്. 1950-ല്‍ 20 യൂനിവേഴ്‌സിറ്റികളാണ് രാജ്യത്തുണ്ടായിരുന്നത്. 2014-ല്‍ അത് 677 ആയി ഉയര്‍ന്നു. മുപ്പത്തിനാല് ഇരട്ടി വളര്‍ച്ച. ഇപ്പോള്‍ നമുക്ക് 45 കേന്ദ്ര സര്‍വകലാശാലകളും 318 സ്റ്റേറ്റ് സര്‍വകലാശാലകളും 185 സ്റ്റേറ്റ് പ്രൈവറ്റ് സര്‍വകലാശാലകളും 129 കല്‍പിത സര്‍വകലാശാലകളുമുണ്ട്.

ഈ കലാശാലകളുടെ പ്രയോജനം ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും കാര്യമായി ലഭിക്കുന്നില്ല. ഈ വിഭാഗങ്ങളില്‍നിന്ന് സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് തന്നെ ജാതിവിവേചനം കൊടികുത്തിവാഴുന്ന കാമ്പസുകളില്‍ പഠനം തുടരാനാവുന്നില്ല. രോഹിത് വെമുല ഉള്‍പ്പെടെയുള്ള ദലിത് വിദ്യാര്‍ഥികളുടെ ആത്മഹത്യ നല്‍കുന്ന സന്ദേശം അതാണ്. മതകീയവും ഭാഷാപരവുമായ വിവേചനങ്ങള്‍ ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടുമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഉര്‍ദു പഠനമാധ്യമമായ സ്‌കൂളുകള്‍ കടുത്ത വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

സംഘ്പരിവാര്‍ ശക്തികള്‍ കേവല ഭൂരിപക്ഷം നേടിയത് മറ്റു രംഗങ്ങളിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും മുസ്‌ലിം-ദലിത് വിരുദ്ധത ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നത് നേരാണ്. അതിനെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ കൂട്ടായി നേരിടുകയും വേണം. അതേസമയം, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി എങ്ങനെ ശാക്തീകരിക്കാമെന്ന് സമുദായ നേതാക്കള്‍ കൂട്ടായി ആലോചിക്കുകയും ഉടനടി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍