Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ലളിതമായിരുന്നു ആ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ പരമോന്നത നേതാക്കളിലൊരാളും പ്രശസ്ത പണ്ഡിതനുമായ വ്യക്തി കൊണ്ടോട്ടി അങ്ങാടിയിലൂടെ അരിയും പച്ചക്കറിയും മത്സ്യവുമായി നടന്നുപോവുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ പലര്‍ക്കും വിസ്മയകരമായി തോന്നിയേക്കാം. ആയിരക്കണക്കിനു ശിഷ്യരും ലക്ഷക്കണക്കിന് അനുയായികളും എന്ത് സേവനവും ചെയ്യാന്‍ സന്നദ്ധരായി ഉണ്ടായിരിക്കെ വിശേഷിച്ചും. എന്നാല്‍ അതായിരുന്നു ഈയിടെ അന്തരിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം സാധാരണക്കാരെപ്പോലെ ജീവിച്ചു. അവര്‍ക്കിടയിലൂടെ നടന്നുനീങ്ങി. പാണ്ഡിത്യഗരിമ പുലര്‍ത്തിക്കൊണ്ടുതന്നെ വളരെ വിനീതനായി നിലകൊണ്ടു.

മുസ്‌ലിം ലീഗ് സംഘടിപ്പിക്കാറുള്ള ഇഫ്ത്വാര്‍ സംഗമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സൈനുദ്ദീന്‍ മുസ്‌ലിയാര്‍. നിര്‍ണായക ഘട്ടങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ കൂട്ടായ്മകളിലും സൗഹൃദവേദിയുടെ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുക പതിവായിരുന്നു. അപ്പോഴൊക്കെയും ചുരുങ്ങിയ വാക്കുകളില്‍, വളരെ സൗമ്യമായാണ് അദ്ദേഹം സംസാരിച്ചിരുന്നത്.

പണ്ഡിത കുടുംബം

1937 സെപ്റ്റംബര്‍ 25-ന് മൊറയൂരില്‍, അറിയപ്പെടുന്ന പണ്ഡിത കുടുംബത്തിലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ജനിച്ചത്. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരും പിതാമഹന്‍ സൈനുദ്ദീന്‍ മുസ്‌ലിയാരും അറിയപ്പെടുന്ന പണ്ഡിതന്മാരായിരുന്നു. പിതാമഹന്റെ സഹോദരന്‍ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ വാഴക്കാട്ടെ തന്‍മിയത്തുല്‍ ഇസ്‌ലാം മദ്‌റസയെ ദാറുല്‍ ഉലൂമാക്കി വളര്‍ത്തിയെടുക്കുന്നതിലും അവിടത്തെ സിലബസ് പരിഷ്‌കരിക്കുന്നതിലും ചാലിലകത്ത് കുഞ്ഞഹമ്മദാജിയോടൊപ്പം നിര്‍ണായകമായ പങ്കുവഹിച്ച മഹദ് വ്യക്തിയാണ്. പ്രപിതാമഹന്‍ കുഞ്ഞാമുട്ടി മുസ്‌ലിയാരും പ്രദേശത്തെ പേരുകേട്ട മതപണ്ഡിതനായിരുന്നു.

അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രഗത്ഭ പണ്ഡിതനും മുഫ്തിയും എഴുത്തുകാരനും പ്രഭാഷകനുമെന്നതോടൊപ്പം സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്നു. സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പിതാവ് മുഹമ്മദ് മുസ്‌ലിയാര്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ സഹപാഠിയായിരുന്നു. അദ്ദേഹം അരനൂറ്റാണ്ടോളം കൊണ്ടോട്ടി ഖാദിയാരകം പള്ളിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രസ്തുത പള്ളിയില്‍ ബൃഹത്തായ ഗ്രന്ഥശേഖരമുള്ള ലൈബ്രറി സ്ഥാപിച്ചത് ചെറുശ്ശേരി കുടുംബമാണ്. സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മാതാവ് ബംഗാളത്ത് പാത്തുമുണ്ണിയാണ്.

കൊണ്ടോട്ടി സ്‌കൂളില്‍ പഠിച്ച സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പ്രധാന മതാധ്യാപകന്‍ പിതാവ് മുഹമ്മദ് മുസ്‌ലിയാര്‍ തന്നെയാണ്. ഏഴു വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ച ശേഷം രണ്ടു കൊല്ലം മഞ്ചേരിയിലും ഒരു വര്‍ഷം ചാലിയത്ത് ഓടക്കലും മതപഠനം നടത്തി. മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും ഓടക്കല്‍ സൈനുദ്ദീന്‍ മുസ്്‌ലിയാരുമായിരുന്നു ഗുരുവര്യന്മാര്‍.

അധ്യാപന രംഗത്ത്

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം അധ്യാപനമാരംഭിച്ചു. കൊണ്ടോട്ടിക്കടുത്ത കോടങ്ങാട് പള്ളിദര്‍സില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചു, 1977-ല്‍ ചെമ്മാട് ജുമുഅത്ത് പള്ളിയിലേക്കു മാറി. നീണ്ട പതിനെട്ട് കൊല്ലം അവിടത്തെ പള്ളി ദര്‍സില്‍ അധ്യാപനം നടത്തി. തുടര്‍ന്ന് 1996-ല്‍ ചെമ്മാട് ദാറുല്‍ ഹുദായിലേക്ക് മാറി. എം.എം ബശീര്‍ മുസ്‌ലിയാരുടെ മരണത്തെത്തുടര്‍ന്ന് അവിടെ പ്രിന്‍സിപ്പലായി. 2009-ല്‍ ദാറുല്‍ ഹുദ യൂനിവേഴ്‌സിറ്റിയായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രോ ചാന്‍സ്‌ലര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്ങനെ ഇരുപതു വര്‍ഷം നീണ്ട സേവനത്തിലൂടെ ആയിരക്കണക്കിന് ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും വാര്‍ത്തെടുക്കാന്‍ ദാറുല്‍ ഹുദായിലൂടെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് സാധിച്ചു.

സംഘടനാ നേതൃത്വത്തില്‍

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ 1980-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ അംഗമായി. 1981-ല്‍ ഫത്‌വാ കമ്മിറ്റി അംഗമായി. 1994 ജൂണ്‍ മുതല്‍ സമസ്തയുടെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായി. 1996-ല്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മരണപ്പെട്ടതോടെ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. സൈനുല്‍ ഉലമാ (പണ്ഡിതരിലെ ശോഭ) എന്ന പേരിലാണ് അനുയായികള്‍ക്കിടയിലും ശിഷ്യര്‍ക്കിടയിലും അറിയപ്പെട്ടിരുന്നത്.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബി കോളേജ് മാനേജര്‍ എന്നീ പദവികളും അലങ്കരിച്ചിരുന്നു.

കര്‍മശാസ്ത്ര പണ്ഡിതന്‍, മുഫ്തി എന്നീ നിലകളിലാണ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ശ്രദ്ധേയനായത്. ആധുനിക വിഷയങ്ങളില്‍ ശ്രദ്ധാപൂര്‍വം ഫത്‌വ നല്‍കുമായിരുന്നു. അവയവദാനം, കൃത്രിമ ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളെല്ലാം അവയിലുള്‍പ്പെടുന്നു. അതോടൊപ്പം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴും ഫത്‌വ നല്‍കുമ്പോഴും തനിക്കു ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചു.

നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു സൈനുദ്ദീന്‍ മുസ്‌ലിയാര്‍. നല്ല ഭാഷയിലും ശൈലിയിലുമാണ് സംസാരിച്ചിരുന്നത്. എക്കാലവും മുസ്‌ലിം സംഘടനാ കൂട്ടായ്മകളില്‍ സഹകരണാത്മക സമീപനം സ്വീകരിച്ചു അദ്ദേഹം.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍