Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

വിശിഷ്ട നാമങ്ങളുടെ സാംസ്‌കാരിക പരിസരം

അന്‍ഷാദ് അടിമാലി

വ്യക്തികള്‍ തങ്ങളുടെ പെരുമാറ്റവും സംസ്‌കാരവും സ്വഭാവമഹിമയും കൊണ്ട് സമൂഹത്തില്‍ ആദരിക്കപ്പെടാറുണ്ട്. ഈ ആദരപ്രകടനങ്ങള്‍ ചില വിശേഷനാമങ്ങളില്‍ പ്രതിഫലിക്കപ്പെടാറുണ്ട്. മാന്യതയുടെയും ആദരവിന്റെയും മുഖമുദ്രയായിരുന്നു അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന വിശേഷ നാമങ്ങള്‍. ഖുര്‍ആന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ പ്രവാചകന്മാര്‍ക്കു സവിശേഷമായ നാമങ്ങളുണ്ടായിരുന്നതായി കാണാം. അതിന് ഉദാഹരണങ്ങള്‍ ഖുര്‍ആനിക വചനങ്ങളിലുണ്ട്: ''അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചു'' (അന്നിസാഅ്: 25). അങ്ങനെയാണ് ഇബ്‌റാഹീം നബി(അ)യുടെ ത്യാഗത്തെയും സമര്‍പ്പണത്തെയും ആദരിച്ചുകൊണ്ട് 'ഖലീലുല്ലാഹി' എന്ന വിശിഷ്ട നാമം നല്‍കപ്പെടുന്നത്. പര്‍വതശിരസ്സില്‍ തന്റെ നാഥനെ ദര്‍ശിക്കണമെന്നും സംസാരിക്കണമെന്നും ആഗ്രഹിച്ച മൂസാ(അ)യോട് അല്ലാഹു സംസാരിച്ചതിന്റെയും സംവദിച്ചതിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് 'കലീമുല്ലാഹി' എന്ന സ്ഥാനപ്പേരും ലഭിച്ചു. എന്തിനേറെ, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) പ്രവാചകത്വത്തിനു മുമ്പുതന്നെ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് 'അല്‍അമീന്‍' എന്ന പേരിലാണല്ലോ.  

സമീപനങ്ങളുടെയും സംസ്‌കാരത്തിന്റെയും പിന്‍ബലത്താലും, തങ്ങളുടെ സ്വഭാവമഹിമയുടെയും പെരുമാറ്റത്തിന്റെയുമൊക്കെ കാരണത്താലും ഖുര്‍ആനിലും ചരിത്രത്തിലും പരാമര്‍ശിക്കപ്പെട്ട ധാരാളം വ്യക്തിത്വങ്ങള്‍ വിശിഷ്ട സ്ഥാനപ്പേരുകള്‍ക്ക് ഉടമകളായിട്ടുണ്ട്. പ്രവാചകന്റെ സന്തത സഹചാരിയും കളിക്കൂട്ടുകാരനും ഒന്നാം ഖലീഫയുമായിരുന്ന അബൂബക്ര്‍ (റ), 'സ്വിദ്ദീഖ്' എന്ന അപരനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. പ്രവാചക നിയോഗത്തിന്റെ സുപ്രധാന അടയാളങ്ങളിലൊന്നായിരുന്ന ഇസ്രാഅ് മിഅ്‌റാജ് യാത്രകളെ സംശയലേശമന്യേ അംഗീകരിച്ചതിന്റെ വെളിച്ചത്തിലാണ് 'സ്വിദ്ദീഖ്' (സത്യപ്പെടുത്തിയവന്‍) എന്ന സ്ഥാനപ്പേരില്‍ അദ്ദേഹം പ്രസിദ്ധനായത്. പ്രവാചകനെ ഏത് സന്ദിഗ്ധാവസ്ഥയിലും പിന്തുടര്‍ന്നതിന്റെയും ത്യാഗപരിശ്രമങ്ങള്‍ നടത്തിയതിന്റെയും പേരില്‍  'അതീഖ്' (നരകമോചിതന്‍) എന്ന സ്ഥാനപ്പേരിനര്‍ഹനായിത്തീരാനും അബൂബക്‌റി(റ)ന് കഴിഞ്ഞിരുന്നു. ഒട്ടേറെ സ്വഹാബിമാര്‍ ഇത്തരത്തില്‍ തങ്ങള്‍ വഹിച്ച ഉത്തരവാദിത്തത്തിന്റെയും അനുഷ്ഠിച്ച ത്യഗത്തിന്റെയുമൊക്കെ കാരണത്താല്‍ വിശിഷ്ടമായ സ്ഥാനപ്പേരുകള്‍ക്ക് അര്‍ഹരായിട്ടുണ്ട്. നാലാം ഖലീഫ അലി(റ) ഖന്‍ദഖ് യുദ്ധ സന്ദര്‍ഭത്തില്‍ കിടങ്ങില്‍നിന്ന് മണ്ണെടുത്തു മാറ്റുന്ന കാഴ്ച കണ്ട പ്രവാചകന്‍ (സ) അദ്ദേഹത്തെ സംബോധന ചെയ്തത് 'അബൂതുറാബ്' എന്ന പേരിലായിരുന്നു. അമ്പെയ്ത്തുവിദ്യയില്‍ നിപുണനായിരുന്ന സഅ്ദുബ്‌നു അബീവഖാസ് 'ഫാരിസുല്‍ ഇസ്‌ലാം' എന്ന പേരിലാണ് പ്രസിദ്ധനായത്. 

സ്വഹാബി വനിതകളില്‍ വിശിഷ്ട നാമങ്ങള്‍ക്ക് അര്‍ഹരായവര്‍  ധാരാളമുണ്ട്. സത്യവിശ്വാസം പുല്‍കിയവര്‍ കഠിന പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പ്രവാചകന്‍ ഹബ്ശ(എത്യോപ്യ)യിലേക്ക് ഹിജ്‌റ ചെയ്യാന്‍ ആദ്യകാല മുസ്‌ലിംകള്‍ക്ക് അനുമതി കൊടുത്തത്. ഈ പീഡനപര്‍വങ്ങളൊക്കെയും മറികടന്ന് കടല്‍മാര്‍ഗം ഹിജ്‌റ നിര്‍വഹിച്ച മഹിളാ രത്‌നം അസ്മാഅ് ബിന്‍ത് അമീസ് രണ്ട് ഹിജ്‌റകള്‍ ചെയ്തത് കാരണം പിന്‍തലമുറക്കാരില്‍ അറിയപ്പെട്ടത് 'സ്വാഹിബത്തുല്‍ ഹിജ്‌റതൈന്‍' എന്ന പേരിലാണ്. പ്രവാചകപത്‌നിമാരെല്ലാം അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും 'ഉമ്മഹാത്തുല്‍ മുഅ്മിനീന്‍' എന്ന സ്ഥാനപ്പേരിലാണല്ലോ.  

ഇപ്പറഞ്ഞ വ്യക്തിത്വങ്ങളെല്ലാം തന്നെയും തങ്ങളുടെ ധാര്‍മിക സാംസ്‌കാരിക മികവുകളുടെ വെളിച്ചത്തിലാണ് വിശിഷ്ട സ്ഥാനപ്പേരുകള്‍ക്ക് അര്‍ഹരായിത്തീര്‍ന്നതെങ്കില്‍, നീച കൃത്യങ്ങളുടെയും മ്ലേഛസംസ്‌കാരങ്ങളുടെയുമൊക്കെ പേരില്‍ സമൂഹത്തില്‍ ഒരു വിഭാഗം നിന്ദ്യനാമങ്ങളില്‍ വിളിക്കപ്പെട്ടതിനും ചരിത്രം സാക്ഷി. അവരില്‍ ചിലരുടെ യഥാര്‍ഥ പേരു പോലും സമൂഹം തിരിച്ചറിയാത്ത വിധം അവര്‍ കുപ്രസിദ്ധരാവുകയും ചെയ്തു. ഇസ്‌ലാമിന്റെ വ്യാപനത്തിന് വിലങ്ങുതടിയായിരുന്ന പ്രമുഖനായിരുന്നുവല്ലോ അബൂജഹ്ല്‍. അബുല്‍ ഹകം അംറുബ്‌നു ഹിശാം അല്‍ മഅ്‌സൂമി എന്ന യഥാര്‍ഥ നാമം സ്വന്തം സമൂഹം പോലും മറന്നുപോവുകയും ധിക്കാരസ്വഭാവം  മൂലം 'അബൂജഹ്ല്‍' എന്ന നിന്ദ്യനാമത്തില്‍ വിളിക്കപ്പെടുകയും ചെയ്തു. പ്രവാചകന്‍ തന്റെ സമൂഹത്തിലെ ഫിര്‍ഔന്‍ എന്നാണ് അബൂജഹ്‌ലിനെ വിശേഷിപ്പിച്ചത്.  മറ്റൊരു മക്കാപ്രമാണി ഉമയ്യത്തുബ്‌നു ഖലഫ് 'റഅ്‌സുല്‍ കുഫ്ര്‍' എന്നും, അബൂ ആമിര്‍ 'അല്‍ഫാസിഖ്' എന്നും വിളിക്കപ്പെട്ടു. നബി(സ)യുടെ കാലത്തുതന്നെ പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമത്തുല്‍ ഹനഫി പില്‍ക്കാലത്ത് 'മുസൈലമത്തുല്‍ കദ്ദാബ്' ആയിത്തീര്‍ന്നു. സ്ത്രീകളില്‍ 'ഹമ്മാലത്തുല്‍ ഹത്വബ്' എന്ന് ഖുര്‍ആന്‍ തന്നെ വിളിപ്പേര് നല്‍കിയ അബൂലഹബിന്റെ ഭാര്യയും പ്രവാചക വിരോധിയുമായിരുന്ന ഉമ്മുജമീല്‍ ചരിത്രത്തില്‍ ഇന്നും തന്റെ മോശം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഹംസ(റ)യുടെ കബന്ധം വെട്ടിക്കീറി കരള്‍ പറിച്ചെടുത്ത് ചവച്ചുതുപ്പിയ, അബൂസുഫ്‌യാനുബ്‌നു ഹര്‍ബിന്റെ ഭാര്യ ഹിന്ദിനെ ചരിത്രം വിശേഷിപ്പിച്ചത് 'ആകിലത്തുല്‍ കബദ്' (കരള്‍ തീനി) എന്നാണ്. അവരുടെ പിന്‍തലമുറ പോലും 'ഇബ്‌നു ആകിലത്തില്‍ കബദ്' എന്ന ദുഷ്‌പേരിന് ഉടമകളായി. 

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശിഷ്ട മാതൃകയാണ് സ്വഹാബിമാരുടെ ജീവിതം. അതിന്റെ സാക്ഷ്യമാണ് അവരുടെ ഇത്തരം വിശിഷ്ട നാമങ്ങള്‍. ദീനിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കും അവര്‍ സമ്പാദിച്ച ദുഷ്‌പേരുകളില്‍നിന്ന് ലോകാവസാനം വരെ മോചനമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍