Prabodhanm Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

മാനവികത എത്രയകലെ?

ഡോ. ടി.വി മുഹമ്മദലി

ധുനിക സമൂഹത്തിന് മാനവികതയിലേക്ക് നടന്നടുക്കാനുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും ലോകത്ത് പട്ടിണിഗ്രാമങ്ങളില്‍ 22,000 കുട്ടികള്‍ വിശന്നു പൊരിഞ്ഞ് മരിച്ചുവീഴുമ്പോള്‍, 100 മില്യന്‍ ജനങ്ങള്‍ തല ചായ്ക്കാനിടമില്ലാതെ തെരുവുകളിലലയുമ്പോള്‍ മാനവികതയെന്ന മധുര മന്ത്രണം അസംബന്ധമാവുകയല്ലേ? യു.എന്‍, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്  എന്നിവയുടെ റിപ്പോര്‍ട്ടുകളും മറ്റു പഠനങ്ങളും വെളിപ്പെടുത്തുന്ന വസ്തുതകള്‍ മുന്നില്‍വെച്ച് ചിന്തിക്കുമ്പോള്‍ മനുഷ്യാവകാശങ്ങളെപ്പറ്റി പറയുന്നതൊക്കെയും പൊയ്‌വാക്കുകളല്ലേ എന്ന ചോദ്യമുയരും. 

ലോകത്ത് 7.3 ബില്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേര്‍ക്ക് കുടിനീര്‍ ലഭ്യമല്ല. 795 മില്യന്‍ ജനങ്ങള്‍, അതായത് ലോകജനസംഖ്യയുടെ ഒമ്പതില്‍ ഒന്ന് പോഷകാഹാരക്കുറവിനാല്‍ നിത്യരോഗികളാണ്. ഇവരില്‍ 789 മില്യന്‍ വികസ്വര രാജ്യങ്ങളിലാണ്. ഓരോ ദിവസവും 102 കോടി ജനങ്ങള്‍ ലോകത്ത് പട്ടിണി കടിച്ചിറക്കിയാണ് അന്തിയുറങ്ങുന്നത്. വികസ്വര രാജ്യങ്ങളില്‍ തന്നെയാണ് പട്ടിണിക്കാരായ 780 മില്യന്‍ ജനങ്ങളും. ലോക ജനതയില്‍ പകുതിയും രണ്ടര ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. 

ലോകത്ത് 2.2 ബില്യന്‍ കുട്ടികളുണ്ട്. ഇവരില്‍ ഒരു ബില്യന്‍ മുഴുപട്ടിണിക്കാരാണ്. 640 മില്യന്‍ കുട്ടികള്‍ക്ക് അന്തിയുറങ്ങാന്‍ പാകത്തില്‍ വീടുകളില്ല. അതേസമയം സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ 14 മില്യന്‍ കുട്ടികള്‍ യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലമുള്ള ദുരിതങ്ങള്‍ക്കിരകളായിക്കൊണ്ടുമിരിക്കുന്നു. 60 മില്യന്‍ കുട്ടികള്‍ ലോകത്ത് വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. ദാരിദ്ര്യമാണ് കാരണം. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ പട്ടാളച്ചെലവുകള്‍ക്ക് വിനിയോഗിക്കുന്ന അഞ്ച് ദിവസത്തെ തുക മതി ലോകത്തെ മുഴുവന്‍ കുട്ടികളുടെയും ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ചെലവുകള്‍ക്കെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മൗലികാവകാശങ്ങള്‍ പോലും ജനകോടികള്‍ക്ക് ലഭ്യമല്ല. മുഖ്യകാരണം ദാരിദ്ര്യമാണെന്ന് പറയുന്നു. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ ഒരു വര്‍ഷം പട്ടാളച്ചെലവുകള്‍ക്കായി ഉപയോഗിക്കുന്നത് 1.5 ട്രില്യന്‍ (ഒന്നര ലക്ഷം കോടി) ഡോളറാ

ണ്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളേക്കാള്‍ പ്രാധാന്യം യുദ്ധാവശ്യങ്ങള്‍ക്കാണ്. യുദ്ധമില്ലാതാക്കാനും ലോക സമാധാനത്തിനും വേണ്ടിയാണല്ലോ ഐക്യരാഷ്ട്ര സഭ രൂപീകൃതമായത്. പക്ഷേ ഇപ്പോഴത് യുദ്ധങ്ങളുടെ കണക്കെടുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന വേദിയായി മാറിയിരിക്കുന്നു! 

മാനവികതാവാദം പ്രത്യേകം സിദ്ധാന്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് യൂറോപ്പാണ്. അവിടെത്തന്നെയാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നത്. യൂറോപ്പിന്റെ മാനവികതാവാദം മതനിരാസത്തില്‍ (സെക്യുലര്‍ ഹ്യൂമനിസം) ഊന്നിയായിരുന്നു. യേശു ക്രിസ്തുവിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായി ചര്‍ച്ച് ചെയ്തുകൂട്ടിയ മനുഷ്യത്വവിരുദ്ധവും പ്രതിലോമപരവുമായ ചെയ്തികളുടെ പ്രതിപ്രവര്‍ത്തനമായിട്ടായിരുന്നു അവിടെ മാനവികതാവാദ പ്രസ്ഥാനം ഉദയംകൊണ്ടത്. ചിന്താസ്വാതന്ത്ര്യം തടയുന്ന, ശാസ്ത്രജ്ഞരെ ചുട്ടുകൊല്ലുന്ന, ജനങ്ങള്‍ക്ക് മേല്‍ കനത്ത നികുതിഭാരം അടിച്ചേല്‍പിക്കുന്ന ഭരണാധികാരികളുമായി കൂട്ടുചേര്‍ന്ന മതപൗരോഹിത്യത്തിന് എതിരായിട്ടായിരുന്നു അത്. പ്രയോഗത്തില്‍ മതം ജനവിരുദ്ധമായപ്പോള്‍ മനുഷ്യസ്‌നേഹികള്‍ മതവിരുദ്ധരായി മാറി. അപ്പോള്‍ സംഭവിച്ചത്, മതം പുരോഹിതന്മാരാല്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്നതും മതത്തിന്റെ മാനവികത (റിലീജ്യസ് ഹ്യൂമനിസം) മനുഷ്യസ്‌നേഹികള്‍ തിരിച്ചറിഞ്ഞില്ല എന്നതുമാണ്. രണ്ടും ഫലത്തില്‍ മതനിരാസം തന്നെ. മാനവികതാവാദികളുടെ മതനിരാസത്തിന്റെ അനന്തര ഫലമായി സംഭവിച്ചത്, ദൈവികാശയ മണ്ഡലത്തിലാണ് മാനവികാശയം പൂര്‍ണമാവുകയെന്ന യാഥാര്‍ഥ്യം തിരസ്‌കരിക്കപ്പെട്ടു എന്നതാണ്. അങ്ങനെയാണ് ആശയങ്ങള്‍ വരട്ടുതത്ത്വവാദങ്ങളായി മാറുന്നത്; ആശയലോകവും കര്‍മലോകവും വൈരുധ്യാത്മകമാവുന്നത്. അതാണ് യൂറോപ്പില്‍ സംഭവിക്കുന്നത്. അവര്‍ അഭയാര്‍ഥികളെ പുറത്താക്കുന്നു. അവര്‍ക്ക് നേരെ അതിര്‍ത്തി കവാടങ്ങള്‍ കൊട്ടിയടക്കുന്നു. അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുന്നില്ല. അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് 10,000 കുട്ടികളെ കാണാനില്ലെന്ന വാര്‍ത്ത വന്നിരിക്കുന്നു. അവര്‍ മനുഷ്യക്കടത്തുകാരുടെ കൈകളില്‍പെട്ടതാവാമെന്നും അവര്‍ ലൈംഗിക ചൂഷണത്തിന് ഇരകളാക്കപ്പെടാമെന്നും ലോകം ഭയപ്പെടുന്നു. 

അമേരിക്കന്‍ ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ അതിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികളിലേക്ക് ലോകപ്രതിനിധികളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഐക്യരാഷ്ട്ര സഭ ലോക മനുഷ്യാവകാശ ദിനം ഇപ്പോള്‍ ആചരിച്ചുകഴിഞ്ഞതേയുള്ളൂ. അതേസമയം, ലോകജനതക്കും ഭരണാധികാരികള്‍ക്കും മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അറിവും അവബോധവും നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ജനകോടികള്‍ക്ക് മൗലികാവകാശങ്ങള്‍ പോലും അനുവദിച്ചുകിട്ടുന്നില്ല. അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഭരണാധികാരികള്‍ക്കും നേടിയെടുക്കാന്‍ ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങളെപ്പറ്റി അറിവുണ്ടാകണമല്ലോ. മനുഷ്യാവകാശം വിദ്യാഭ്യാസ പദ്ധതികളില്‍ ഇടം പിടിച്ചിട്ടില്ല. ചില സന്നദ്ധ സംഘടനകള്‍ മാത്രമാണ് ഈ രംഗത്ത് ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ക്കാകട്ടെ എമ്പാടും പരിമിതികളുണ്ടുതാനും. 

ലോകത്ത് 49 ശതമാനം ആളുകളും നിരക്ഷരരാണെന്നാണ് കണക്ക്. ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലാത്ത 98 ശതമാനം പേരും വികസ്വര രാജ്യങ്ങളിലുമാണ്. ശുദ്ധജലം ലഭിക്കാത്തവര്‍, കിടപ്പാടമില്ലാത്തവര്‍, ദരിദ്രര്‍, പട്ടിണിക്കാര്‍, പോഷകഹാരക്കുറവിനാല്‍ നിത്യരോഗികളായവര്‍ തുടങ്ങി അവശരും അശരണരുമായ ജനവിഭാഗങ്ങള്‍ മഹാഭൂരിപക്ഷവും വികസ്വര രാജ്യങ്ങളില്‍ തന്നെ. വിഭവങ്ങളിലും അക്ഷര ജ്ഞാനത്തിലുമുള്ള വികസിത-വികസ്വര രാജ്യങ്ങള്‍ തമ്മിലെ അന്തരം ഭീമമാണെന്ന് ആരും പറഞ്ഞുതരേണ്ടതില്ല.  ഈ അവസ്ഥക്ക് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്, ഉള്ളവന്‍ പിന്നെയും തടിച്ചുകൊഴുക്കുകയും ഇല്ലാത്തവന്‍ മെലിഞ്ഞൊട്ടുകയും ചെയ്യുന്ന പലിശ വ്യവസ്ഥയിലധിഷ്ഠിതമായ ലോക സമ്പദ്ഘടന. പലിശയെന്ന ചൂഷണ വ്യവസ്ഥ ഇങ്ങനെയാണ്; താഴെ നിന്ന് കല്ലും മണ്ണും വാരിക്കൂട്ടി വാരിക്കൂട്ടി കുന്നിന്‍മുകളിലിട്ട് അതിനെ പര്‍വതസമാനമാക്കുന്നു. നേരെ മറിച്ച്, സകാത്തിലധിഷ്ഠിതമായ പലിശരഹിത സമ്പദ് വ്യവസ്ഥ ഇങ്ങനെയും: കുന്നിന്‍മുകളില്‍നിന്ന് കല്ലും മണ്ണും താഴേക്ക് ഒഴുകിയെത്തി ഒഴുകിയെത്തി ഭൂമിയുമായി അത് സന്തുലിതത്വം പാലിക്കുന്നു. സമ്പത്ത് ഉള്ളവരില്‍നിന്ന് ഇല്ലാത്തവരിലേക്കെത്തുന്നുവെന്ന് ചുരുക്കം. സെക്യുലര്‍ ഹ്യൂമനിസ്റ്റുകള്‍ക്ക് ആദ്യം പറഞ്ഞ പലിശസമ്പ്രദായമേ സ്വീകരിക്കാനാവൂ. റിലീജ്യസ് ഹ്യൂമനിസത്തിന്റേതാണ് രണ്ടാമത് പറഞ്ഞ വ്യവസ്ഥ. പലിശയിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ പൊളിച്ചെഴുതാതെ സാമ്പത്തിക നീതിയും മാനവികതയുമൊക്കെ സ്വപ്നം കാണുന്നത് വെറുതെ. 

വികസിത-വികസ്വര രാജ്യങ്ങളുടെ ഭീമമായ അന്തരങ്ങളുടെ രണ്ടാമത്തെ കാരണം, സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിയാണ്. വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ദുര്‍ബല രാഷ്ട്രങ്ങളില്‍ വന്‍രാഷ്ട്രങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നു. ജനങ്ങള്‍ മരിച്ചുവീഴുകയും രാഷ്ട്രങ്ങള്‍ തകരുകയും ചെയ്യുന്നു. വന്‍ശക്തികളും ദുര്‍ബലരാഷ്ട്രങ്ങളും തമ്മിലെ അന്തരം വീണ്ടും വര്‍ധിക്കുന്നു. ഈ യുദ്ധക്കുറ്റവാളികള്‍ തന്നെയാണ് മാനവികത വിളിച്ചുകൂവാന്‍ മുമ്പിലുള്ളതും. 

'ചേലാകര്‍മം ശാസ്ത്രവിരുദ്ധമോ?'
- ഒരനുബന്ധം

'ചേലാകര്‍മം ശാസ്ത്രവിരുദ്ധമോ' (ഫെബ്രുവരി 12 ലക്കം) വായിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു: 

ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം, ലിംഗത്തിലുള്ള കാന്‍സര്‍ (Carcinoma Penis) ചേലാകര്‍മം ചെയ്തവരില്‍ തുലോം വിരളമാണ്; ഇല്ല എന്നുതന്നെ പറയാം. 

മാരകമായ എയിഡ്‌സ് അഗ്രചര്‍മം ഛേദിച്ചവരില്‍ വളരെ കുറവാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ ജനപ്രതിനിധികള്‍ (മന്ത്രിമാര്‍ ഉള്‍പ്പെടെ) ചേലാകര്‍മത്തിനു വിധേയമായതായി വായിച്ചുകാണുമല്ലോ. എയിഡ്‌സ് പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. 

സ്ത്രീകളില്‍ കണ്ടുവരുന്ന ഗുഹ്യസ്ഥാനത്തുള്ള കാന്‍സര്‍ (Carcinoma Cervix) ചേലാകര്‍മം ചെയ്യപ്പെട്ടവരുടെ ഭാര്യമാരില്‍ വളരെ കുറവാണ്. 

പ്രമേഹ രോഗികളില്‍ വലിയൊരു വിഭാഗത്തിനുണ്ടാകുന്ന, അഗ്രചര്‍മത്തിനുള്ളില്‍ കാണപ്പെടുന്ന വ്രണങ്ങള്‍ (Balanoprosthitis) ചേലാകര്‍മം മൂലം ഒഴിവാക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പല പ്രമേഹരോഗികളിലെയും ആദ്യ രോഗലക്ഷണം ഈ അസുഖമാണ്. ഗുഹ്യരോഗമെന്ന് പലരും തെറ്റിദ്ധരിച്ച് പുറത്തുപറയാന്‍ മടിക്കുന്നു. 

ശീഘ്രസ്ഖലനത്തിന്റെ (Premature Ejaculation) അസ്വസ്ഥതയില്‍നിന്ന് രക്ഷപ്പെടാന്‍ ചേലാകര്‍മം തുണയ്ക്കുന്നു. 

മൂത്രാശയത്തിലുണ്ടാകുന്ന അണുബാധ (Urinary Tract Infections) പുരുഷന്മാരിലും, അവരുടെ ഇണകളിലും ചേലാകര്‍മം മൂലം വളരെ കുറയുന്നു. അഗ്രചര്‍മത്തിനും ലിംഗാഗ്രത്തിനുമിടയിലുള്ള ഭാഗങ്ങളില്‍ ബാക്ടീരിയ, വൈറസുകള്‍, പൂപ്പുകള്‍ (Fungus) എന്നിവ കുടുങ്ങിക്കിടന്ന് പഴുപ്പുണ്ടാകാന്‍ സാഹചര്യമൊരുങ്ങുന്നു. ഈ ഭാഗം എപ്പോഴും നനഞ്ഞിരിക്കുന്നത് അണുക്കള്‍ വളരാന്‍ കാരണമാണ്. ഹെര്‍പിസ് (Herpes), പറങ്കിപ്പുണ്ണ് (Syphilis) മുതലായവ തടയാന്‍ ഒരു പരിധിവരെ ചേലാകര്‍മം സഹായിക്കുന്നു. 

അഗ്രചര്‍മം മൂടി മൂത്രം പോവാന്‍ ബുദ്ധിമുട്ടുന്ന (Phimosis) കുട്ടികള്‍ക്ക് ചികിത്സ ചേലാകര്‍മം തന്നെ. 

ഒരു കാര്യം ശ്രദ്ധിക്കുക; ചേലാകര്‍മംകൊണ്ട് പുരുഷന്മാര്‍ക്ക് മാത്രമല്ല, അവരുടെ ഇണകള്‍ക്കും പ്രയോജനം ലഭിക്കുന്നു. ഇതിനെല്ലാമുപരി, ലിംഗം നൂറു ശതമാനം വൃത്തിയായി സൂക്ഷിക്കാന്‍ ഈ ചെറുശസ്ത്രക്രിയ സഹായിക്കുന്നു. 

ക്രൂരതയാണെങ്കില്‍, പെണ്‍കുട്ടികള്‍ക്ക് കാതുകുത്തുന്നതും പ്രതിരോധ കുത്തിവെപ്പെടുക്കുന്നതും, എന്തിനേറെ പ്രസവവേദന അനുഭവിപ്പിക്കുന്നതും ക്രൂരതയല്ലേ? 

ഡോ. എം. ഹനീഫ്, കോട്ടയം

ഞങ്ങളെയും 
പരിഗണിക്കുക

ഞാന്‍ ഒരു വിദ്യാര്‍ഥിനിയാണ്. പ്രബോധനം മുഴുവനായി വായിക്കാറില്ലെങ്കിലും ഇടക്ക് ചില ചെറുലേഖനങ്ങളെല്ലാം വായിക്കാന്‍ ശ്രമിക്കാറുണ്ട്. പഠനഭാരവും വായനയോടുള്ള താല്‍പര്യക്കുറവിന് ഒരു കാരണമാണ്. മറ്റൊരു കാരണം എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രബോധനത്തിലെ മിക്ക ലേഖനങ്ങളും ഒരാവൃത്തി വായിച്ചാല്‍ മനസ്സിലാവുന്നില്ല എന്നതാണ്. വായിക്കുമ്പോള്‍ ആശയം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ തുടര്‍ന്നുള്ള വായനാശ്രമം ഞാന്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഓരോ ആഴ്ചയും പ്രബോധനം താല്‍പര്യത്തോടെ വായിക്കാന്‍ ശ്രമിക്കുമെങ്കിലും ചില ലേഖനങ്ങളിലെ വാക്കുകളും ആശയങ്ങളും ഗ്രഹിക്കാനുള്ള ശേഷിയില്ലായ്മ വായനയെ പ്രയാസകരമാക്കുന്നു. ഹദീസ് പംക്തിയും ചോദ്യോത്തരവും ചെറിയ കുറിപ്പുകളും മാത്രമാണിപ്പോള്‍ സ്ഥിരമായി വായിക്കാറുള്ളത്. എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും ഗ്രഹിക്കാന്‍ കഴിയുന്ന രീതിയിലുള്ള ലേഖനങ്ങളും കുറിപ്പുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. 

എം.എച്ച് ഹസ്‌ന, 

നോര്‍ത്ത് പറവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍