Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

നാടുകടത്തപ്പെട്ടവര്‍ നിര്‍മിച്ച നാടിന്റെ കഥ

കാക്കപ്പാറ മുഹമ്മദ്/ സദ്‌റുദ്ദീന്‍ വാഴക്കാട്

കാക്കപ്പാറ മുഹമ്മദ് ആന്തമാന്‍ കഥ പറയുന്നു-2

ജപ്പാന്‍കാര്‍ ആന്തമാനില്‍ മൂന്നു വര്‍ഷത്തോളം ഉണ്ടായിരുന്നല്ലോ. ആ കാലം?

ഇവിടെ ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ബ്രിട്ടീഷുകാരുടെ ഭരണകാലമാണ്. ജനങ്ങള്‍ക്ക് വളരെ സുഖമുള്ളതായിരുന്നു ആ കാലം. ജപ്പാന്‍ ആധിപത്യം വളരെ ക്രൂരമായ കാലഘട്ടമായാണ് ജനങ്ങള്‍ കാണുന്നത്. ജപ്പാന്‍കാര്‍ ഇവിടെ നിന്ന് വിമാനമാര്‍ഗം ഇന്ത്യാ വന്‍കരയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെ ബ്രിട്ടീഷ് നിര്‍മിത എയര്‍പോര്‍ട്ടുണ്ട്, പോര്‍ട്ട് ബ്ലെയറില്‍.

സംശയത്തിന്റെ പേരില്‍ ജപ്പാന്‍കാര്‍ ജനങ്ങളെ വളരെയധികം ശിക്ഷിക്കുമായിരുന്നു. ജപ്പാന്‍കാരുടെ ഭരണകാലത്ത് ഞാന്‍ ജോലിചെയ്തിരുന്നത് ഹാഡോയിലാണ്. വെള്ളത്തില്‍ ഇറങ്ങുന്ന വിമാന ശാഖയിലായിരുന്നു എന്റെ ഡ്യൂട്ടി. അവിടെ നിന്ന് ഒരു വണ്ടിയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഭക്ഷണം കൊണ്ടുപോകുമായിരുന്നു. ആ വാഹനത്തിലാണ് ഞാന്‍ ഇങ്ങോട്ട് തിരിച്ചുവന്നിരുന്നത്. ജപ്പാന്‍ ഭരണകാലത്ത് ജോലിക്കാര്‍ നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ട ബാഡ്ജ് വാങ്ങി കഴുത്തിലിടാന്‍ അതിന്റെ ഡ്രൈവര്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ബാഡ്ജ് ഇല്ലെങ്കില്‍ ജപ്പാന്‍ പട്ടാളം ജോലിക്കാരെ എങ്ങോട്ടെന്നില്ലാതെ പിടിച്ചുകൊണ്ടുപോവുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഓഫീസില്‍ അപേക്ഷിച്ച് ബാഡ്ജ് വാങ്ങി ധരിക്കാം എന്നു തീരുമാനിച്ച്  ഞാന്‍ വീട്ടിലേക്ക് മടങ്ങി.

പിറ്റേ ദിവസം പതിവു പോലെ ഭക്ഷണ വണ്ടി കിട്ടാത്തതിനാല്‍ ഞാന്‍ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ബിലാനിപൂര്‍ എത്തിയപ്പോള്‍ അവിടെ നിറയെ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടു. പണിയില്ലാത്തവര്‍, പണിയെടുക്കാന്‍ സാധിക്കാത്തവര്‍, വൃദ്ധര്‍ തുടങ്ങിയവരെ പിടികൂടി ജപ്പാന്‍കാര്‍ ഒരു സ്ഥലത്ത് കൂട്ടമായി നിര്‍ത്തിയിരിക്കുകയാണ്. ബാഡ്ജില്ലാത്തതിന്റെ പേരില്‍ എന്നെയും പിടികൂടുമെന്ന ഭയത്താല്‍ ഞാന്‍ മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക്  പോയി. പിറ്റേന്ന് രാവിലെ ഓഫീസില്‍ പോയി, ബാഡ്ജ് വാങ്ങി ധരിച്ചു. അന്ന് ജപ്പാന്‍  പട്ടാളം പിടിച്ചവരെയെല്ലാം കൂട്ടത്തോടെ കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.  ഹാബ് ലോക്ക് കടലില്‍ ഇറക്കി കൂട്ടത്തോടെ വെടിയുതിര്‍ക്കുകയായിരുന്നു. ചിലര്‍ നീന്തി ഐലന്റില്‍ കയറി രക്ഷപ്പെട്ടു. സമുദ്രത്തിലേക്ക് ചാടിയവരില്‍ ചിലര്‍ കരയ്‌ക്കെത്താന്‍ ദിവസങ്ങളെടുത്തു. ഐലന്റില്‍ എത്തിപ്പെട്ടവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ പരസ്പരം കടിച്ചുതിന്നു. അങ്ങനെ നീന്തി രക്ഷപ്പെട്ടവരില്‍ ഐനല്ലിപ്പോക്കര്‍, സെയ്താലിക്കുട്ടി മൊല്ലാക്ക, സൗദാഗര്‍ തുടങ്ങിയവരുണ്ടായിരുന്നു. സൗദാഗറാണ് ഞങ്ങള്‍ക്ക് ആ സംഭവത്തെക്കുറിച്ച് വിവരിച്ചുതന്നത്. മനുഷ്യമാംസം തിന്ന കഥയൊക്കെ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. 

ജപ്പാന്‍കാര്‍ റേഷന്‍ തന്നിരുന്നു. പണിയെടുക്കാത്തവര്‍ക്കൊക്കെ റേഷന്‍ കൊടുക്കേണ്ടിവരുമെന്നതിനാലാണ് അവരെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്തിരുന്നത്. ഒരു വീട്ടിലേക്ക് ഒരു കാര്‍ഡാണ്. അതിലെ അംഗസംഖ്യയനുസരിച്ച് ഒരാഴ്ചത്തേക്ക് നിശ്ചിത വിഹിതം അരി നല്‍കിയിരുന്നു. 

സത്യത്തില്‍ ജപ്പാന്‍കാരുടെ പദ്ധതി ഇവിടെയുള്ള ഇന്ത്യക്കാരെ മുഴുവന്‍ കൊല്ലുക എന്നതായിരുന്നു. അതിനായി ആദ്യഘട്ടത്തില്‍  പണിയില്ലാത്തവര്‍, പണിയെടുക്കാന്‍ സാധിക്കാത്തവര്‍, വൃദ്ധര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തുവെന്ന് മാത്രം. പിന്നീട് സാധാരണക്കാരെയും കൊല്ലാനായിരുന്നു പദ്ധതി. പക്ഷേ ആദ്യഘട്ട കുരുതിക്ക് ശേഷം പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. അപ്പോഴേക്കും ബര്‍മയില്‍ ജപ്പാന്‍കാര്‍ക്ക് ബ്രിട്ടീഷുകാരില്‍നിന്ന് തിരിച്ചടി കിട്ടാന്‍ തുടങ്ങിയിരുന്നു. 

അക്കാലത്ത് നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?

ജപ്പാന്‍ ഭരണകാലത്ത് 1944 നവംബര്‍ 6-ന് 54-ാം വയസ്സിലാണ് വാപ്പ മരണപ്പെടുന്നത്. 5-6 മാസം രോഗശയ്യയിലായിരുന്നു. അര്‍ശസ്സ് ബാധിച്ച് ചികിത്സയില്ലാതെയാണ് മരണം.  ജപ്പാന്‍ ഭരണം കഴിയുന്നതുവരെ ഞാന്‍ അവരുടെ കീഴില്‍ ജോലിചെയ്തു. ജപ്പാന്‍ ഭാഷ മൂന്നുമാസം കൊണ്ടാണ് ഞാന്‍ പഠിച്ചത്. ശമ്പളമില്ലെങ്കിലും അവര്‍ ഭക്ഷണം തന്നിരുന്നു. ജപ്പാന്‍-ബ്രിട്ടന്‍ യുദ്ധം മുറുകിയതില്‍പിന്നെ ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഒഴിവാക്കിക്കൊടുക്കണമെന്ന് പറഞ്ഞു. ആ സമയത്ത് ബ്രിട്ടീഷുകാരുമായി പൊരുതി ജപ്പാന്‍കാര്‍ തോറ്റുകൊണ്ടിരിക്കുന്നതൊന്നും ഞങ്ങള്‍ അറിയുന്നില്ലായിരുന്നു. ജപ്പാന്‍ തോറ്റതോടെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക് തിരിച്ചുവരുമെന്നായി. 1945-ലായിരുന്നു ഇത്. ഞങ്ങളുടെ വീടിന്റെ മേല്‍ക്കൂരകള്‍ നിര്‍മിച്ചിരുന്നത് ടിന്‍ഷീറ്റുകള്‍ കൊണ്ടായിരുന്നു. ജപ്പാന്‍കാര്‍ ഞങ്ങളെ വീടൊഴിപ്പിച്ചതിനു ശേഷം ടിന്‍ഷീറ്റുകള്‍ ശേഖരിച്ചു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ വലിയ ടെന്റുകള്‍ പണിത് ബ്രിട്ടീഷുകാരെത്തും മുമ്പ് ജപ്പാന്‍കാരെ താമസിപ്പിക്കാനായിരുന്നു അത്. താമസിക്കാന്‍ സ്ഥലമില്ലാതെ ഞങ്ങള്‍ ഇവിടെ, കാലിക്കറ്റില്‍ പോയി. എന്റെ ഉമ്മയുടെ ഉമ്മ അവിടെയായിരുന്നു. 'ഖേതി മസ്ത'യുടെ കീഴില്‍ പോയി പണിയെടുത്തു. കൃഷിക്കാരുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു 'മസ്ത' ഉണ്ട്. 'മസ്ത' എന്നാല്‍ ആദരണീയനായ ജനാബ് എന്നൊക്കെയാണ് അര്‍ഥം. ബഹുമാനാര്‍ഥം അവര്‍ ഉപയോഗിച്ചിരുന്ന വാക്കാണത്. വൈകുന്നേരം വരെ പണിയെടുത്താല്‍ 'ചക്കരക്കിഴങ്ങ്' തരും. ഇവിടെ ദുര്‍ലഭമായി ചക്കരക്കിഴങ്ങ് കൃഷിചെയ്തിരുന്നു. ജപ്പാന്‍കാര്‍ കൃഷിപ്പണിയില്‍ പ്രഗത്ഭരായിരുന്നു. ഇവിടെ ഇല്ലാതിരുന്ന വിളകള്‍ കൊണ്ടുവന്ന് അവര്‍ കൃഷി ചെയ്തിരുന്നു. 

ജപ്പാന്‍കാരെ കൊണ്ട് വലിയ മെച്ചമൊന്നുമുണ്ടായില്ല. അതേസമയം ബ്രിട്ടീഷുകാരെക്കൊണ്ട് ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാരാണ് റോഡുകള്‍ നിര്‍മിച്ചത്. അവര്‍ നിര്‍മാണക്കമ്പമുള്ളവരാണ്. മലമ്പനി വരാതിരിക്കാന്‍ കടലോരത്ത് ബണ്ടുകള്‍ ഉണ്ടാക്കി സമുദ്രജലം വേര്‍തിരിച്ച് കൊതുകുകളെ പ്രതിരോധിച്ചിരുന്നു. പിന്നീട്  ആ ഭൂമി തന്നെ അവര്‍ കൃഷിയോഗ്യമാക്കിത്തീര്‍ത്തു. അങ്ങനെ ഒരുപാട് പ്രയോജനങ്ങള്‍ ഈ നാടിന് ബ്രിട്ടീഷുകാരെക്കൊണ്ട് ഉണ്ടായിട്ടുണ്ട്. 

ജപ്പാന്‍കാര്‍ തോറ്റതില്‍ പിന്നെ ബ്രിട്ടീഷുകാര്‍ അവര്‍ക്കെതിരെ കേസ് നടത്തി, വിചാരണയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. കുറ്റം ചെയ്ത ജപ്പാന്‍കാരെ തൂക്കിലേറ്റി. ഇന്ത്യക്കാരില്‍ ചിലരെ ഇവിടെ നിന്ന് ജപ്പാന്‍കാര്‍ക്കെതിരെ സാക്ഷിപറയാന്‍ കൊണ്ടുപോയിരുന്നു. മൂന്ന് വര്‍ഷത്തെ ഭരണത്തിനിടെ ജപ്പാന്‍കാര്‍ പല കൊലകളും ഇവിടെ നടത്തിയിരുന്നു. ഇതിനെതിരെ പരാതി സമര്‍പ്പിക്കാന്‍ അതത് വീട്ടുകാര്‍ക്ക്  ബ്രിട്ടീഷുകാര്‍ അവസരം നല്‍കുകയുണ്ടായി. അങ്ങനെ കേസ് വിസ്താരത്തിനായി സിംഗപ്പൂരിലേക്ക് ആളുകളെ കൊണ്ടുപോവുകയും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ തൂക്കിലേറ്റുകയും ചെയ്തു. ഏത് വലിയ ഉദ്യോഗസ്ഥനായിരുന്നെങ്കിലും ശിക്ഷ നടപ്പാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിയമാനുസൃതമായിരുന്നു. തെറ്റിദ്ധാരണയാല്‍ സാക്ഷി പറയാന്‍ സിംഗപ്പൂരിലേക്ക് പോവാതിരുന്നവര്‍ പിന്നീട് ഖേദിക്കുകയുണ്ടായി. സാക്ഷി പറയാന്‍ പോകുന്നവരുടെ എല്ലാ ചെലവുകളും ബ്രിട്ടീഷ് ഭരണകൂടം വഹിച്ചിരുന്നു. എന്റെ ഓര്‍മയില്‍ സാക്ഷിപറയാന്‍ പോയത്, മാപ്പിളമാരില്‍ നിന്ന് ഒരാള്‍ -അബൂബക്കര്‍ സാഹിബ്- മാത്രമാണ്. കൊലപാതക സാക്ഷിയായിരുന്നു അദ്ദേഹം. 

ജപ്പാന്‍കാര്‍ കൊടുംക്രൂരതകള്‍ ചെയ്തിരുന്നു. അവരില്‍ പ്രധാനിയായിരുന്നു പോര്‍ട്ട്ബ്ലയറില്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് മേലധികാരിയായിരുന്ന 'ഹഷീത'. പെട്ടെന്ന് പ്രകോപിതനായി ജനങ്ങളെ വെടിവെച്ചുകൊന്നിരുന്നു അയാള്‍. ആരെ കൊല്ലുമ്പോഴും ചോദ്യവും വിചാരണയും ഒന്നും ഇല്ലായിരുന്നു. അയാളെ പേടിച്ച് ആ പരിസരത്തൊന്നും ആരും പോവാറില്ലായിരുന്നു. കുറ്റകൃത്യം തെളിഞ്ഞപ്പോള്‍ ഹഷീതയെയും തൂക്കിലേറ്റി. 

യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാര്‍ വീണ്ടും കപ്പല്‍ മാര്‍ഗം ആന്തമാനിലെത്തി.  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ത്തുകൊണ്ടാണ് അവര്‍ ഇവിടേക്ക് തിരിച്ചുവരുന്നത്. ഒരു കപ്പല്‍ നിറയെ ജനങ്ങള്‍ക്കുള്ള റേഷനുമായാണ് അവര്‍ വന്നത്. മറ്റൊരു കപ്പല്‍ നിറയെ ഉദ്യോഗസ്ഥരും മറ്റൊരു കപ്പലില്‍ 'ടിന്‍ റേഷനും'. അവശ്യ സാധനങ്ങള്‍ മുഴുവന്‍ ഒരു ടിന്നിലാക്കിയതാണ് ടിന്‍ റേഷന്‍. എല്ലാവര്‍ക്കും മൂന്നു ടിന്‍ വീതം റേഷന്‍ വിതരണം ചെയ്തു. ജനങ്ങള്‍ ആഹ്ലാദപൂര്‍വമാണ് ബ്രിട്ടീഷുകാരെ വരവേറ്റത്. ജപ്പാന്‍ ഭരണത്തിനുശേഷം ജനങ്ങള്‍ക്കു ബോധ്യമായി, ഇതിലും ഭേദം ബ്രിട്ടീഷ് ഭരണം തന്നെയാണെന്ന്. ബ്രിട്ടീഷുകാര്‍ അധികം അക്രമാസക്തരായിരുന്നില്ല. 

ബ്രിട്ടീഷുകാര്‍ ജനങ്ങളെ ജയിലില്‍ വല്ലാതെ പീഡിപ്പിച്ചിരുന്നില്ലേ? 

സാധാരണക്കാരെ ബ്രിട്ടീഷുകാര്‍  അത്രയധികം ഉപദ്രവിച്ചിട്ടില്ല. അതൊക്കെ ജപ്പാന്‍കാരുടെ രീതിയാണ്. ജപ്പാന്‍കാര്‍ 44 പേരെ കൂട്ടമായി വെടിവെച്ചുകൊന്ന സംഭവമുണ്ടായിരുന്നു. ആന്തമാനിലെ വണ്ടൂരിനടുത്ത് ശഹീദ് ബേദി എന്ന ഒരു സ്മാരകമുണ്ട്. 'ജാസൂസി കേസി'ന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായാണ് അതുണ്ടാക്കിയത്. ബ്രിട്ടീഷ് ചാരന്മാര്‍ ആണെന്ന് സംശയിച്ച് പതിനൊന്ന് മുസ്‌ലിംകളടങ്ങുന്ന 44 പേരെ വെടിവെച്ചുകൊന്നു. ആ കൂട്ടക്കൊലക്ക് സാക്ഷിയാണ് എന്റെ വാപ്പ. അവരെ കൊണ്ടുപോയ വണ്ടിയുടെ ഡ്രൈവര്‍ വാപ്പ ആയിരുന്നു. വണ്ടി നിര്‍ത്തി അകലെ കൊണ്ടുപോയാണ് കൂട്ടക്കൊല ചെയ്തത്.

1943-ല്‍ സുഭാഷ് ചന്ദ്രബോസ് ആന്തമാനില്‍ വന്നിരുന്നു. അദ്ദേഹത്തെ കാണാന്‍ വാപ്പയാണ് എന്നെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയത്. വാപ്പയുടെ തോളിലിരുന്നാണ് അദ്ദേഹത്തെ ഞാന്‍ കണ്ടത്. ഹിന്ദിയിലായിരുന്നു നേതാജി പ്രസംഗിച്ചത്. ജനങ്ങള്‍ അദ്ദേഹത്തിന്റെ വരവില്‍ ആവേശഭരിതരായിരുന്നു. ജപ്പാന്‍കാര്‍ അദ്ദേഹത്തെ നല്ല രീതിയില്‍ വരവേല്‍ക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ജപ്പാന്‍കാരുടെ ക്രൂരതകളൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ജനങ്ങളുമായി സംവദിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഇന്ത്യക്കാരോടുള്ള ജപ്പാന്‍കാരുടെ പെരുമാറ്റം സുഭാഷ്ജി അറിയാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സംശയാസ്പദമായി കാണുന്നവരെയൊക്കെ പിടിച്ചുകൊണ്ടുപോയി. അതിനൊക്കെ ജപ്പാന്‍കാര്‍ മിടുക്കന്മാരാണ്. ഇന്ത്യക്കാരോടുള്ള ജപ്പാന്‍കാരുടെ സമീപനം അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിക്കാത്ത വിധമായിരുന്നു അവരുടെ പ്രവര്‍ത്തനം.

തൊഴില്‍ എന്ന നിലക്ക് ടൈലറിംഗ് ആണോ പഠിച്ചിരുന്നത്?

ഞാന്‍ ടൈലറിംഗ് പഠിക്കുന്നത് വളരെ യാദൃഛികമായാണ്. വാപ്പ പോകാന്‍ പറഞ്ഞത് ബീഡി തെറുക്കാനാണ്. എനിക്കതില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇവിടെയുണ്ടായിരുന്ന ബാലകൃഷ്ണന്‍ മാഷിന്റെടുത്ത് തുന്നല്‍ പഠിക്കാന്‍ പോയി. ബ്രിട്ടീഷ് കാലത്തായിരുന്നു അത്. ബട്ടണൊക്കെ വെക്കാന്‍ പഠിച്ചു. അങ്ങനെയിരിക്കെയാണ് ജപ്പാന്‍കാര്‍ വരുന്നത്. പണിയൊന്നും ഇല്ലാതായി. വീണ്ടും തുന്നല്‍ പഠിക്കാന്‍ പോകാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. പി.ഡബ്ലു.ഡിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയിരുന്ന പഞ്ചാബുകാരന്‍ അബ്ദുല്‍കരീമിന്റെ കീഴിലായിരുന്നു വാപ്പ ഡ്രൈവറായി ജോലി നോക്കിയിരുന്നത്. അബ്ദുല്‍കരീം സാറെ കണ്ട് ജോലി അന്വേഷിച്ചു. 18 വയസ്സ് തികയാത്തതിനാല്‍ ജോലി തരാതെ എന്നെ തിരിച്ചയച്ചു. വീണ്ടും ചെന്നപ്പോള്‍ ഓഫീസിലെ പ്യൂണ്‍ തസ്തികയില്‍ നിയമിച്ചു. 18 വയസ്സ് തികയാത്തതിനാല്‍ 'പക്ക' (സ്ഥിര നിയമനം) ആയിരുന്നില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹം ട്രാന്‍സ്ഫര്‍ ആയി. അതിനുശേഷം എന്നെ ഓഫീസില്‍നിന്ന് പുറത്താക്കി. പിന്നെ ആശാരിയുടെ കൂടെ കൂടി ആശാരിപ്പണി പഠിക്കാന്‍ തുടങ്ങി. ഭാരിച്ച പണികളായിരുന്നു. ഒരു മാസം തികയും മുമ്പെ പെരുന്നാളടുത്തു. എന്റെ ഭാര്യയും മക്കളും കാലിക്കറ്റില്‍ ആണ്, ഞാന്‍ ബസാറിലും. രണ്ടിനുമിടയില്‍ ഏഴ് മൈല്‍ ദൂരമുണ്ട്. ദിവസേന പോയിവരാന്‍ കഴിയില്ലായിരുന്നു. ഹോട്ടലില്‍നിന്ന് വല്ലതും വാങ്ങിക്കഴിച്ച് എവിടെയെങ്കിലും കിടന്നുറങ്ങാറാണ് പതിവ്. സ്വന്തമായി റൂമൊന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളില്‍ ഞാന്‍ ബാലകൃഷ്ണന്‍ മാഷിന്റെ അടുത്ത് ചെന്നിരിക്കും. പെരുന്നാളായതുകൊണ്ട് നല്ല തിരക്കായിരുന്നു കടയില്‍. ചെറിയ സഹായങ്ങളൊക്കെ ഞാന്‍ ചെയ്തുകൊടുത്തു. മാഷ് ഭക്ഷണവും കാശും തരും. പെരുന്നാളിന് ഇടാന്‍ ഡ്രസ്സ് തയ്ച്ചുതന്നു. പെരുന്നാളിന് കാലിക്കറ്റില്‍ പോയിവന്നതിനു ശേഷം കടയില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ അവിടത്തേക്കാള്‍ കൂടുതല്‍ ശമ്പളം തരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, കൂടെ പണിയും പഠിക്കാം. ആന്തമാനില്‍ ടൈലര്‍മാര്‍ കുറവായിരുന്നു അന്ന്. പണിയാണെങ്കില്‍ ധാരാളം ഉണ്ടായിരുന്നു. അങ്ങനെ ഞാന്‍ ടൈലറായി. 

1950-ല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ സ്വന്തമായി മെഷീനൊക്കെ വാങ്ങി ഫോനിക്‌സ് ബേയില്‍ ടൈലറിംഗ് ജോലി തുടങ്ങി. 1961 വരെ അത് തുടര്‍ന്നു. പിന്നീട് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി കിട്ടി. അഭിമുഖവും മറ്റു ടെസ്റ്റുകളും കഴിഞ്ഞാണ് ജോലി കിട്ടിയത്. ഏഴ് ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നതില്‍ ഞാന്‍ ഒന്നാമതെത്തി. മൂന്ന് വര്‍ഷം ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്തു. ജോലി കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകുന്നേരമാവും. അതുകഴിഞ്ഞ് കടയില്‍ പോയി ഒന്നും ചെയ്യാന്‍ പറ്റാതായി. ശമ്പളം തികയാതെയും വന്നു. ഭാരം കൊണ്ട് ട്രാന്‍സ്‌പോര്‍ട്ടിലെ തയ്യല്‍ ജോലി ഒഴിവാക്കി ഞാന്‍ കടയില്‍ തുടര്‍ന്നു. 

പിന്നീട് ഞാന്‍ റംഗത്ത് പോയി. അവിടെ ബേക്കറി നടത്തിയിരുന്ന ഇപ്പായിയില്‍നിന്ന് ആ സ്ഥലത്ത് ടൈലറിംഗിന് സ്‌കോപ്പുണ്ടെന്ന് മനസ്സിലാക്കി. മെഷീനൊക്കെ കൊണ്ടുപോയി. രണ്ടു വര്‍ഷത്തോളം അവിടെ പണിയെടുത്തു. അനുജന്‍ ജോലി ട്രാന്‍സ്ഫറായി പോയപ്പോള്‍ ഉമ്മ ഒറ്റക്കായി. അങ്ങനെ റംഗത്തുനിന്ന് ആന്തമാനിലേക്ക് തിരിച്ചുവന്ന് ടൈലറിംഗ് തന്നെ തുടര്‍ന്നു. റംഗത്തുനിന്ന് തിരിച്ചുവരാനുള്ള മറ്റൊരു  കാരണം അവിടത്തെ സാമ്പത്തിക സ്ഥിതിയാണ്. പണിയെടുക്കുന്നതിന് തുല്യമായ വരുമാനം ഇല്ലായിരുന്നു. കിട്ടുന്നത് മുഴുവനും മുറി വാടകയ്ക്കും ഭക്ഷണത്തിനും പലവക ചെലവുകള്‍ക്കും മാത്രമേ തികഞ്ഞുള്ളൂ.

ആന്തമാനിലെ ആദ്യകാല മുസ്‌ലിം ജീവിതം എങ്ങനെയായിരുന്നു?

ചെറിയ ചെറിയ പള്ളികള്‍ ബ്രിട്ടീഷുകാര്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. സ്റ്റുവര്‍ട്ഗഞ്ച്, കാലിക്കറ്റ്, നയാപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മാപ്പിളമാര്‍ക്കു വേണ്ടിയുള്ള ഇത്തരം പള്ളികള്‍ ഉണ്ടായിരുന്നു. ബസാറില്‍ (പോര്‍ട്ട്ബ്ലയറില്‍) ഹനഫി മസ്ജിദാണ് ഉണ്ടായിരുന്നത്. പഞ്ചാബുകാര്‍ക്ക് പള്ളിയുണ്ടായിരുന്നത് മിലന്‍പൂരിലാണ്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവും കുട്ടികളുമൊക്കെ ആയ ശേഷമാണ് മദ്‌റസയെ കുറിച്ചൊക്കെ ചിന്തിച്ചത്, 1930കള്‍ക്ക് ശേഷമാണത്. തുടക്കത്തില്‍ ചില ഓത്തുപള്ളികളൊക്കെ ഉണ്ടായി. 1936-നു ശേഷമാണ് സെയ്തു മൗലവി വന്നത്. പുരോഗമന ആശയക്കാരെ അന്ന് 'ഉല്‍പതിഷ്ണുക്കള്‍' എന്നാണ് പറയുക. സെയ്തു മൗലവി ഉല്‍പതിഷ്ണുവായിരുന്നു. 

ദീനിനെ കുറിച്ച് വിവരമൊന്നുമില്ലാത്തവരാണ് നാടുകടത്തപ്പെട്ട് ഇവിടേക്ക് വന്നവരില്‍ പലരും. അവര്‍ക്ക് ദീനീകാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും ഇവിടെ ആരുമുണ്ടായിരുന്നില്ല. നമസ്‌കാരം അറിയുന്ന കുറച്ചാളുകളൊക്കെ പള്ളിയില്‍ പോവും, അതിനപ്പുറം ദീനൊന്നുമില്ല. ഇവിടെ വെള്ളിയാഴ്ചകളില്‍ ജുമുഅ ഉണ്ടായിരുന്നില്ല. ഒരു പള്ളിയില്‍ 40 ആള്‍ ഇല്ല എന്നതായിരുന്നു അതിന്റെ ഒരു കാരണം. സെയ്തു മൗലവി വന്നപ്പോള്‍ 12 ആളുകള്‍ ഉള്ള ഒരു പള്ളിയില്‍ ജുമുഅ നമസ്‌കാരം നടത്താന്‍ തീരുമാനിച്ചു. അതിന് ഇവിടത്തുകാര്‍ സമ്മതിച്ചില്ല. അദ്ദേഹം നാട്ടിലേക്ക്, കെ.എം മൗലവിക്ക് കത്തെഴുതി. 12 ആളുകള്‍ക്ക് ജുമുഅ ശരിയാകും എന്ന് കെ.എം മൗലവിയുടെ ഫത്‌വ വന്നശേഷം, സ്റ്റുവര്‍ട്ട്ഗഞ്ചിലാണ് ആന്തമാനിലെ ആദ്യത്തെ ജുമുഅ തുടങ്ങിയത്. മറ്റെവിടെയും അന്ന് മാപ്പിളമാര്‍ക്ക് ജുമുഅയില്ല, ഹനഫികള്‍ക്ക് ഉണ്ട്. സെയ്തു മൗലവിയിലൂടെയാണ് ഇതിനു മാറ്റം വന്നുതുടങ്ങിയത്. സെയ്തു മൗലവി കുടുംബത്തെ കാണാന്‍ ഇടക്കിടെ നാട്ടില്‍നിന്ന് ആന്തമാനില്‍ വരാറായിരുന്നു പതിവ്. അദ്ദേഹം ഇവിടെ സ്ഥിര താമസക്കാരനായിരുന്നില്ല. ഇപ്പോള്‍ ആന്തമാന്‍ മുസ്‌ലിംകള്‍ക്ക് പൊതുവെ നല്ല അവസ്ഥയാണ്, പള്ളിയും മദ്‌റസയുമൊക്കെ സജീവമാണ്. എല്ലാ വിഭാഗക്കാരും ദീനിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കള്‍ക്കൊക്കെ പൊതുവെ ദീനീബോധമുണ്ട്. വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ വഴക്കും വക്കാണവുമൊന്നുമില്ല.എല്ലാവരും അവരവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. മുമ്പ് എല്ലാവര്‍ക്കും കൂടി ഒരു പള്ളിയും മദ്‌റസയുമൊക്കെയാണ് പലയിടങ്ങളിലും ഉണ്ടായിരുന്നത്. അതിന്റെ പേരില്‍ വഴക്കും അടിയുമൊക്കെ നടന്നിരുന്നു. ഇപ്പോള്‍ അതില്ല. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പള്ളിയാണ്. ദീനീവളര്‍ച്ചയുമുണ്ട്. ഇതുകൊണ്ടൊക്കെ ഞാന്‍ ഇപ്പോള്‍ സംതൃപ്തനാണ്.

 മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ തുടക്കം?

കരുവാരക്കുണ്ട് സ്വദേശിയായ  മുഹമ്മദ് ഷെഡു മൗലവി ഇവിടെ ക്ലാസെടുക്കാറുണ്ടായിരുന്നു. അദ്ദേഹം ആന്തമാനിലെത്തുന്നത് നാട്ടില്‍/കേരളത്തില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പഠനത്തിനു ശേഷം 'ഐക്യസംഘക്കാരനാ'യി മുദ്രകുത്തപ്പെടുകയായിരുന്നു അദ്ദേഹം. 'ഐക്യസംഘക്കാരന്‍' എന്നാല്‍ വഴിപിഴച്ചവനായിട്ടാണ് കണക്കാക്കിയിരുന്നത്. 1939-ല്‍ ഞങ്ങള്‍ ആന്തമാനിലേക്ക് വന്ന അതേ കപ്പലില്‍ തന്നെയാണ് അദ്ദേഹവും വന്നത്. 

അദ്ദേഹം ഇവിടെ എത്തുംമുമ്പ് കരുവാരക്കുണ്ട് സ്വദേശി മാട്ടുമ്മല്‍ മരക്കാറിന്റെ അനുജന്‍ അയമൂട്ടി ഹാജിക്ക്  നാട്ടില്‍നിന്ന് ഒരു കത്ത് വന്നു. 'ഷെഡുമൗലവി' എന്ന ഒരാള്‍ ആന്തമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്, അവനെ സൂക്ഷിക്കണം, സഹായിക്കരുത്, അവിടെ നില്‍ക്കാന്‍ അനുവദിക്കരുത് എന്നൊക്കെ അതില്‍ എഴുതിയിരുന്നു. സത്യസന്ധനായ ഒരു കച്ചവടക്കാരനായിരുന്നു അയമുട്ടി ഹാജി. രണ്ടുപേരും ഒരേ ദേശക്കാരായിരുന്നെങ്കിലും അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അയമൂട്ടിക്ക ഷെഡു മൗലവിയെ വിളിച്ച് സല്‍ക്കരിച്ചു. ആളെങ്ങനെയാണെന്ന് പഠിച്ചു മനസ്സിലാക്കലായിരുന്നു ലക്ഷ്യം. ആള്‍ ഉഷാറാണെന്ന് മനസ്സിലായി. എന്ത് ചോദിച്ചാലും അതിനെല്ലാം ഉത്തരമുണ്ടായിരുന്നു. ദീനില്‍ യാതൊരു വിധ എതിര്‍പ്പുമില്ലാത്തവന്‍. പരിചയപ്പെട്ടപ്പോള്‍ നല്ലൊരു വ്യക്തി. അങ്ങനെ ഷെഡു മൗലവി പിന്നീട് അയമുട്ടി ഹാജിയുടെ മൂത്ത മകളെ വിവാഹം ചെയ്തു.

ഷെഡു മൗലവി, കോയക്കുട്ടി, സോഡക്കാരന്‍ അബൂബക്കര്‍, ഏനു മൗലവി, പി.എം കോയ എന്നിവര്‍ ചേര്‍ന്ന് പോര്‍ട്ട്ബ്ലയറില്‍ 'മലബാര്‍ മുസ്‌ലിം ജമാഅത്ത്' രൂപീകരിച്ചു. മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം ചെറിയൊരു മദ്‌റസ തുടങ്ങിക്കൊണ്ടായിരുന്നു. പരിസരത്തുള്ള കുട്ടികള്‍ക്ക് അവിടെ ദീന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കി. നാട്ടില്‍നിന്ന് വരുന്നവര്‍ക്ക് മൂന്ന് നാലു ദിവസം സൗജന്യതാമസം, രോഗികള്‍ക്ക് ആശ്വാസം, ശുശ്രൂഷ, അനാഥ മയ്യിത്തിന്റെ സംസ്‌കരണം-അതിനു വേണ്ടി ഖബ്ര്‍സ്ഥാന്‍ ഉണ്ടായിരുന്നു-പിന്നെ നാട്ടിലേക്ക് പോകുന്നവര്‍ക്ക് സാമ്പത്തിക സഹായം എന്നിവയൊക്കെയായിരുന്നു മുസ്‌ലിം ജമാഅത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍. അവിടെ ഷെഡു മൗലവിയുടെ ക്ലാസുകള്‍ നടക്കാറുണ്ടായിരുന്നു. മഗ്‌രിബിനും ഇശാക്കുമിടയിലാണ് ക്ലാസ്. ദീനീ പഠനം തന്നെയായിരുന്നു ലക്ഷ്യം. പ്രത്യേകിച്ച് ഖുര്‍ആന്‍ അര്‍ഥസഹിതമുള്ള പഠനം. ഷെഡു മൗലവിയുടെ ക്ലാസില്‍ പങ്കെടുത്തിരുന്നവരെ മറ്റു ചിലര്‍ ബഹിഷ്‌കരിച്ചു. അവരോട് കൂട്ടുകൂടരുതെന്ന് വിലക്കി. എന്നെ ഖുര്‍ആന്‍  ക്ലാസില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കുറേ ശ്രമങ്ങള്‍ നടന്നു. മകന്‍ വഴിപിഴച്ചുപോയെന്ന് എന്റെ ഉമ്മയോട് ചിലര്‍ പറഞ്ഞു. അതിന്റെ ഫലമായി എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന പതിവ് തെറ്റിച്ച് ഉമ്മ എനിക്ക് വേറെ പാത്രത്തില്‍ ചോറ് വിളമ്പിത്തന്നു. ഉമ്മയുടെ എതിര്‍പ്പൊക്കെ ക്രമേണ ഇല്ലാതായി. 

ആന്തമാനിലെ ആദ്യത്തെ മുസ്‌ലിം കൂട്ടായ്മയാണ് മലബാര്‍  മുസ്‌ലിം ജമാഅത്ത്. അതിന്റെ സ്ഥാപനത്തില്‍ പങ്കുവഹിച്ച കുട്ടികളുടെ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ ആദ്യത്തെ യോഗം പോര്‍ട്ട്ബ്ലയറിലെ മൗലാനാ ഹോട്ടലില്‍ വെച്ചായിരുന്നു. കാസര്‍കോട് മമ്മുണ്ണി മുസ്‌ലിയാരായിരുന്നു അധ്യക്ഷന്‍. ഏനു മൗലവി, ഷെഡു മൗലവി, കോയാക്കുട്ടിക്ക, പി.എം കോയ, പിന്നെ ഞങ്ങള്‍ കുറച്ചു കുട്ടികളും പങ്കെടുത്തു. ഹോട്ടല്‍ അടച്ച ശേഷം രാത്രിയിലാണ് സാധാരണ മീറ്റിംഗ് നടന്നിരുന്നത്. 

മൗലാനാ ഹോട്ടലിന് നേരെ താഴെ ഗഫൂര്‍ മാസ്റ്ററുടെ വീടാണ്. അവിടെ ഒരു റൂമിലാണ് താമ്പാളക്കാരന്‍ കുഞ്ഞയമ്മദ്ക്ക താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഉമ്മയാണ് മായിന്‍ക്കയുടെ മൂത്ത സഹോദരി ആഇശ. ജപ്പാന്‍കാര്‍ ഉപേക്ഷിച്ചുപോയ ഒരു കുതിര, ബിദാദിന്‍ എന്നു പേരുള്ള ആളുടെ കൈയിലുണ്ടായിരുന്നു. മായിന്‍ക്ക ആ കുതിരയെ വരുത്തിച്ച് അതിന്റെ മേല്‍ ഇരുന്നു. ഞങ്ങള്‍ പപ്പായത്തണ്ടില്‍ മണ്ണെണ്ണ ഒഴിച്ച് അറ്റത്ത് തിരികൊളുത്തി പുറകില്‍ നടന്നു.  മായിന്‍ക്ക കുതിരപ്പുറത്ത് വരുന്നുണ്ടെന്ന് അറിഞ്ഞ് ആഇശ വീടിന്റെ പുറത്ത് ഒരു കസേരയിട്ട് ഇരിക്കുകയാണ്. ഞങ്ങള്‍ ബെയ്ത്ത് ചൊല്ലി വരുകയായിരുന്നു. അടുത്തെത്തിയതും അവര്‍ വിളിച്ചുചോദിച്ചു: 'മക്കളേ... ഏതാണാ കുതിരപ്പുറത്തൊരു കുതിരാ...?!!' 

എതിര്‍പ്പുണ്ടായിരുന്നവര്‍  കാസര്‍കോട് മമ്മുണ്ണി മുസ്‌ലിയാരെയൊക്കെ പിന്നീട് തങ്ങളുടെ സംഘത്തില്‍ ചേര്‍ത്തു. അതില്‍ പിന്നെ കാസര്‍കോട് മുസ്‌ലിം  ജമാഅത്തിനോട് എതിര്‍പ്പായി. ഇങ്ങനെ പ്രതികൂലിക്കുന്നവര്‍ ജനങ്ങളോട് മുസ്‌ലിം ജമാഅത്തിന് പിരിവ് കൊടുക്കരുതെന്ന് പറഞ്ഞു പ്രചരിപ്പിച്ചു. കാസര്‍കോട് മമ്മുണ്ണി മുസ്‌ലിയാര്‍ ബസാറില്‍ കച്ചവടക്കാരനായിരുന്നു. അന്ന് അദ്ദേഹത്തിന് മാത്രമാണ് സ്വന്തമായി വീടുണ്ടായിരുന്നത്. 1962-ല്‍ മലബാര്‍ മുസ്‌ലിം ജമാഅത്തിന്റെ വാര്‍ഷിക യോഗം കൂടിയപ്പോള്‍ വോട്ടിംഗില്‍ പരിഷ്‌കരണ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു. മുസ്‌ലിം ജമാഅത്ത് ആ സംഘത്തിന്റെ കൈയിലായി. ഇപ്പോള്‍ അവിടെ ഒരു മദ്‌റസ നടക്കുന്നുണ്ട്, പള്ളിയുമുണ്ട്.

1939-ലാണ് ഷെഡു മൗലവി ഇവിടെ വരുന്നത്. ദീനീപ്രവര്‍ത്തനമല്ല, കച്ചവടമാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. പോര്‍ട്ട്ബ്ലയറില്‍ തുണിക്കച്ചവടമായിരുന്നു. അതിനിടയിലാണ് ജപ്പാന്റെ ആക്രമണമുണ്ടായത്. അതോടെ അദ്ദേഹത്തിന്റെ കച്ചവടമൊക്കെ മുടങ്ങി. പിന്നെ സ്റ്റുവര്‍ട്ട്ഗഞ്ചിലേക്ക് താമസം മാറ്റി. അദ്ദേഹം കുന്നത്തെ സ്‌കൂളില്‍ അധ്യാപകനായി. ജപ്പാന്‍കാര്‍ പോയതിനുശേഷം ഫൊനിക്‌സ് ബേയിലേക്ക് മാറി, വീണ്ടും കച്ചവടം തുടങ്ങി. അതിനു ശേഷമാണ് കെ.വി മുഹമ്മദ് മുസ്‌ലിയാരും കുട്ടിഹസന്‍ ഹാജിയും വന്ന് ഇവിടെ 'ദീനീ തെരക്ക്' (ബഹളവും തര്‍ക്കവും)  ഉണ്ടാക്കിയത്. വഹാബികള്‍ ദീനില്‍നിന്ന് പുറത്തായവരാണെന്നായിരുന്നു അവരുടെ പ്രചാരണം. അതാണ് 'തെരക്കിന്' കാരണമായത്. അതിന്റെ മറുവശം പറയാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് സ്റ്റുവര്‍ട്ട് ഗഞ്ചിലെ തോരക്കാടന്‍ കുഞ്ഞഹമ്മദ്ക്ക പോലുള്ളവര്‍ ചേര്‍ന്ന് നാട്ടില്‍നിന്ന് സെയ്തു മൗലവിയെയും കെ.കെ.എം ജമാലുദ്ദീന്‍ മൗലവിയെയും ക്ഷണിച്ചുവരുത്തിയത്. അതോടെ മറുപടി പ്രസംഗങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ സജീവമായി. പരിഷ്‌കരണ പ്രവര്‍ത്തനങ്ങളൊക്കെ സംഘടിത രൂപത്തില്‍ നടക്കാന്‍ തുടങ്ങി. ആദ്യം 'വഹാബികളും' പിന്നെ 'മുജാഹിദു'കളും സജീവമായി. എന്റെ ചെറുപ്പത്തില്‍ 'ഐക്യ സംഘക്കാര്‍' എന്നാണ് കേട്ടിരുന്നത്. പി.കെ ഇബ്‌റാഹീം സാഹിബാണ് ആന്തമാനില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് തുടക്കം കുറിച്ചത്.  

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍