Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 26

2940

1437 ജമാദുല്‍ അവ്വല്‍ 17

സംഘ്പരിവാര്‍ ന്യൂനപക്ഷ പദവിക്കെതിരെയും

ന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചഉടനെ തന്നെ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ എന്നീ ഉന്നത കലാലയങ്ങളുടെ സ്വയം ഭരണം, ന്യൂനപക്ഷ പദവി എന്നിവയെച്ചൊല്ലി പലതരം വിവാദങ്ങള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതുസംബന്ധമായ ചില കോടതി വ്യവഹാരങ്ങള്‍ ഇപ്പോഴും നടന്നുവരുന്നുമുണ്ട്. അതിലൊന്നും പുതുമയോ അത്ഭുതമോ ഇല്ല. പക്ഷേ, ഈ രണ്ട് സ്ഥാപനങ്ങളുടെയും ന്യൂനപക്ഷപദവിയെ സംബന്ധിച്ച് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന പുതിയ നിലപാടിനെ അത്ര നിസ്സാരമായി തള്ളാനാവില്ല. ഇവ രണ്ടും ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളല്ല എന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതു സബന്ധമായി സുപ്രീം കോടതിയുടെ നിരീക്ഷണം വരാനിരിക്കുന്നു. 

അറ്റോര്‍ണി ജനറലിനെ മുമ്പില്‍ നിര്‍ത്തിയുള്ള ഈ നീക്കത്തിനു പിന്നില്‍ രണ്ട് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. നീക്കം ഈ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമായിരിക്കില്ല എന്നതാണ് ഒന്ന്. മാനവ വിഭവശേഷി വകുപ്പും നിയമകാര്യവകുപ്പും അറ്റോര്‍ണി ജനറലുമൊക്കെ ഒരേ ഭാഷയില്‍ സംസാരിക്കുന്നതുകൊണ്ട് അത് വളരെ ആസൂത്രിതമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അതിന് ചുക്കാന്‍ പിടിക്കുന്നുണ്ടെന്നും സംശയിക്കണം. മുഴുവന്‍ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള നീക്കത്തിന്റെ തുടക്കമായി അതിനെ കാണേണ്ടിവരും. ഗ്രാന്റ് ലഭിക്കുന്ന മദ്‌റസകളും അതുപോലുള്ള സ്ഥാപനങ്ങളുമാവാം അടുത്ത ഉന്നം. അധഃസ്ഥിതരും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവരുന്നതും അങ്ങനെ ശാക്തീകരിക്കപ്പെടുന്നതും തടയുക എന്ന ഹിഡന്‍ അജണ്ടയാണ് രണ്ടാമത്തെ  അപകടം. പ്രതിപക്ഷ കക്ഷികള്‍ ഇത് തിരിച്ചറിയുകയും ശക്തമായ നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട് എന്നത് ആശാവഹമാണ്. പലപ്പോഴും അലീഗഢ്-ജാമിഅ വിഷയങ്ങള്‍ സാമുദായിക പ്രശ്‌നമായി ചുരുങ്ങിപ്പോവാറുണ്ട്. സാമുദായിക ധ്രുവീകരണമുണ്ടാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് വരാനിരിക്കുന്ന യു.പി, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് തീര്‍ത്തും അനവസരത്തില്‍ ഈ വിവാദം കുത്തിപ്പൊക്കിയതും. പക്ഷേ അതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം വിജയിച്ചുവെന്ന് പറയാം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി (യു), ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.എം, ആപ് തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. തൊണ്ണൂറുകളില്‍ കേന്ദ്രം ഭരിച്ച ഐക്യമുന്നണി ഗവണ്‍മെന്റില്‍ പങ്കാളികളായിരുന്ന, ഇപ്പോള്‍ ബി.ജെ.പി പാളയത്തിലുളള അകാലിദള്‍, ടി.ഡി.പി പോലുള്ള കക്ഷികളെയും തങ്ങളോടൊപ്പം അണിനിരത്താന്‍ ശ്രമിക്കുമെന്ന് ജെ.ഡി(യു)വിന്റെ മുതിര്‍ന്ന നേതാവ് കെ.സി ത്യാഗി പറയുകയുണ്ടായി. 

അലീഗഢ്-ജാമിഅ വിഷയങ്ങള്‍ ഒറ്റക്കൊറ്റക്കെടുത്തായിരിക്കില്ല പ്രതിപക്ഷത്തിന്റെ വിമര്‍ശനം എന്ന് മനസ്സിലാക്കാം. സാമുദായിക ധ്രുവീകരണം ഉണ്ടാകാതിരിക്കാന്‍ അതാണ് നല്ലതും. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയായാലും ജെ.എന്‍.യുവിലെ പോലീസ് അതിക്രമങ്ങളായാലും ജാമിഅ-അലീഗഢ് യൂനിവേഴ്‌സിറ്റികളുടെ ന്യൂനപക്ഷപദവി സംബന്ധമായ ചര്‍ച്ചയായാലും പുതുതായി നിയമിക്കപ്പെടുന്ന വൈസ് ചാന്‍സ്‌ലര്‍മാരുടെ കാര്യമായാലും കേന്ദ്രഗവണ്‍മെന്റിന് ഒരേ നിലപാടാണ്; സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കുക എന്നതാണത്. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നവരെയാണ് കേന്ദ്രം സ്ഥാപനമേധാവികളായി നിയമിക്കുന്നത്. ഉന്നത ചിന്തയോ അക്കാദമിക യോഗ്യതകളോ അല്ല, സംഘ്പരിവാര്‍ വിധേയത്വം മാത്രമാണ് ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെടാനുള്ള മാനദണ്ഡം എന്നുവരുന്നത് എല്ലാ അര്‍ഥത്തിലും രാഷ്ട്രത്തെ പിറകോട്ടടിപ്പിക്കുകയാണ് ചെയ്യുക. അക്കാദമിക രംഗം മൊത്തമായി നേരിടുന്ന ഭീഷണികളിലൊന്നായി അലീഗഢ്-ജാമിഅ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയലിനെ കാണുന്നതായിരിക്കും ബുദ്ധിപൂര്‍വകമായ നിലപാട്. പ്രശ്‌നത്തെ സാമുദായികവല്‍ക്കരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതേസമയം, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇരുസ്ഥാപനങ്ങളിലെയും അക്കാദമികവും ഭരണപരവുമായ കെടുകാര്യസ്ഥതകളും കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കണം. അത്തരം പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി ഉണ്ടാവണം. 

പ്രശ്‌നം അനവസരത്തില്‍ എടുത്തിട്ടത് ശരിയായില്ല എന്ന് തോന്നിയതുകൊണ്ടുതന്നെയാവണം, ന്യൂനപക്ഷ പദവി സംബന്ധമായ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല എന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണത്രെ. നിയമത്തെ വഴിതടയാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് എങ്ങനെ കഴിയും! ഇവിടെയാണ് ജെ.ഡി (യു) നേതാവ് കെ.സി ത്യാഗിയുടെ ചോദ്യം പ്രസക്തമാകുന്നത്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നവും നിയമത്തിന്റെ വഴിയില്‍ തന്നെയാണല്ലോ ഉളളത്; കൃത്യമായി പറഞ്ഞാല്‍ സുപ്രീം കോടതിയില്‍. എന്നിട്ടിപ്പോള്‍ ക്ഷേത്രം പണിയാനായി വിശ്വഹിന്ദു പരിഷത്ത് അവിടെ കല്ല് വരെ കൊണ്ടിട്ടിരിക്കുന്നു. ബിജെപി മന്ത്രിമാര്‍ വരെ രാമക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിക്കുന്നു. ഇവിടെയൊന്നും നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ സംഘ്പരിവാര്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തത്?  

Comments

Other Post

ഹദീസ്‌

പണച്ചെലവില്ലാത്ത ദാനധര്‍മങ്ങള്‍
കെ.പി മുഹമ്മദ് സനീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /101-111
എ.വൈ.ആര്‍