Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

ഹാഷിം അന്‍സാരിയെ ഓര്‍ക്കുമ്പോള്‍

ഇഹ്‌സാന്‍

ഹാഷിം അന്‍സാരിയെ എന്നാണ് ആദ്യം കണ്ടതെന്ന് ഓര്‍മയില്ല. ബാബരി മസ്ജിദ് വിഷയം കത്തിനിന്ന '90കളിലും പിന്നീട് എന്‍.ഡി.എ ദല്‍ഹിയില്‍ ഭരണത്തിലേറിയ വാജ്‌പേയി കാലത്തുമൊക്കെ പലതവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ബാബരി മസ്ജിദിനെ നോക്കിയാല്‍ കാണുന്ന ദൂരത്ത് കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടില്‍ തന്നെ കാണാനെത്തുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയും ഇടക്കിടെ അനുരഞ്ജനം എന്ന പേരിട്ട് നടക്കുന്ന നാടകങ്ങള്‍ക്ക് മൂകസാക്ഷിയായും വല്ലപ്പോഴുമൊക്കെ സര്‍ക്കാറുകളോട് പൊട്ടിത്തെറിച്ചും കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഹാഷിം അന്‍സാരി നിറസാന്നിധ്യമായിരുന്നു. 1947-ല്‍ രാംചന്ദര്‍ പരമഹംസും ഗോപാല്‍സിംഗ് വിശാരദുമൊക്കെ ചേര്‍ന്ന് ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കൊണ്ടുപോയി ഇട്ട് തര്‍ക്കം ഉണ്ടാക്കിയെടുക്കുന്നതിനു തൊട്ടുമുമ്പെ അവസാനമായി ഇശാ നമസ്‌കരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് അന്‍സാരി. നമസ്‌കാരം നടക്കുന്ന മസ്ജിദായിരുന്നില്ല, വിഗ്രഹം സ്വയംഭൂവായ ക്ഷേത്രമായിരുന്നു അതെന്ന സംഘ്പരിവാര്‍ വാദത്തിനെതിരെ കോടതിയില്‍ ഹാജരായ ആറ് സാക്ഷികളില്‍ അവസാനത്തെയാളും കൂടിയാണ് അന്‍സാരി. ഇതെഴുതുമ്പോള്‍ 96 വയസ്സുള്ള അന്‍സാരി ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. അസാധാരണമായ പോരാട്ടവീര്യമുള്ള ഈ വയോധികന്‍ കേസിന്റെ മാത്രമല്ല ചരിത്രത്തിന്റെ കൂടി അപൂര്‍വമായ സാക്ഷിയായിരുന്നു. 

1950-ലാണ് ഗോപാല്‍ സിംഗ് വിശാരദ് കേസുമായി കോടതിയിലെത്തുന്നത്. അന്ന് മസ്ജിദിനു പുറത്തെ ചബൂത്രക്കു വേണ്ടിയായിരുന്നു തര്‍ക്കം. വിശാരദിന്റെ എതിര്‍കക്ഷികളില്‍ ഒരാളായിരുന്നു ഹാഷിം അന്‍സാരി. ആ അര്‍ഥത്തില്‍ അതൊരു പ്രാദേശിക തര്‍ക്കവുമായിരുന്നു. ഫൈസാബാദിലെ അന്നത്തെ മജിസ്‌ട്രേറ്റും മലയാളിയുമായിരുന്ന കെ.കെ നായര്‍ പള്ളി പൂട്ടിയിടാന്‍ ഉത്തരവ് നല്‍കുകയും, അത് ലംഘിച്ച് പള്ളിയില്‍ കയറി ബാങ്കു വിളിച്ച ഹാഷിം അന്‍സാരിയെ പിന്നിട് രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. പിന്നെയും പതിനൊന്ന് വര്‍ഷം കഴിഞ്ഞാണ് ഉടമസ്ഥാവകാശ തര്‍ക്കം ആരംഭിക്കുന്നത്. അന്ന് സുന്നി വഖ്ഫ് ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച് കേസില്‍ കക്ഷി ചേര്‍ന്ന അന്‍സാരി പിന്നീടുള്ള കാലം മുഴുവന്‍ കേസിനൊപ്പമാണ് ജീവിച്ചത്. അലഹാബാദ് ഹൈക്കോടതി വിധി പുറത്തു വന്നതിനു ശേഷം അന്‍സാരി വലിയൊരളവില്‍ ദുഃഖിതനായിരുന്നു.

ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും നെറികെട്ട കുതന്ത്രങ്ങളിലൊന്നായിരുന്നു അയോധ്യാ കേസ്. ബാബരി മസ്ജിദ് വളപ്പില്‍ ഉദ്ഖനനം നടത്തുന്നതിന് മുന്നോടിയായി എ.എസ്.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഡോ. കസ്തൂരി ഗുപ്തയെ രാത്രിക്കുരാത്രി കൈത്തറി മന്ത്രാലയത്തിലേക്കു സ്ഥലം മാറ്റിയാണ് ആര്‍ക്കിയോളജിയുമായി ഒരു ബന്ധവുമില്ലാത്ത അന്നത്തെ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗൗരി ചാറ്റര്‍ജിയെ ഈ ഉദ്ഖനനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുരളീ മനോഹര്‍ ജോഷി അയോധ്യയിലേക്ക് പറഞ്ഞയക്കുന്നത്. മസ്ജിദ് നിലനിന്ന ഭൂപാളിയുടെ എത്രയോ നൂറ്റാണ്ടുകള്‍ താഴെ നിന്നുള്ള മണ്ണടരില്‍ നിന്നു ലഭിച്ച ചില ഇഷ്ടികക്കഷ്ണങ്ങളെയും ക്ഷേത്രാവശിഷ്ടങ്ങളെയും വ്യാഖ്യാനിച്ചും, ഈ മണ്ണടരിനും മസ്ജിദിനുമിടയില്‍ നിന്ന് ലഭിച്ച എല്ലാ പുരാവസ്തുക്കളെയും വിട്ടു കളഞ്ഞുമാണ് എ.എസ്.ഐ കോടതിയിലെത്തിയത്. ക്ഷേത്രോപകരണങ്ങള്‍ ലഭിച്ചത് ഒരു കണക്കിന് വി.എച്ച്.പിയുടെ അവകാശവാദത്തെ ശരിവെക്കുകയല്ലേ ചെയ്യുന്നതെന്ന സംശയം ന്യായമായും തോന്നാം. എന്നാല്‍ അവരുടെ പൊള്ളത്തരമാണ് ഇത് തുറന്നു കാട്ടിയത്. ക്ഷേത്രത്തിന്റെ തെളിവുകളല്ല കപോടപാലി, അമാലിക, കൃത്രിമ ലതാപുഷ്പങ്ങള്‍ എന്നീ ഉപകരണങ്ങള്‍  ബാബരി മസ്ജിദിന്റെ താഴെ നിന്ന് കണ്ടെടുത്തു എന്നത് ഉദ്ഖനനത്തില്‍ പങ്കെടുത്ത എല്ലാ സാക്ഷികളും ഒപ്പുവെച്ച വസ്തുതകളിലുണ്ട്. പക്ഷേ അവ ബാബരി മസ്ജിദിനു ആറ് മീറ്റര്‍ താഴ്ചയില്‍ പടിഞ്ഞാറു ദിശയിലേക്ക് തിരിഞ്ഞു നിന്ന ഒരു പഴയ കെട്ടിടത്തിന്റെ മതിലില്‍ പതിച്ചുവെച്ച നിലയിലായിരുന്നു ലഭിച്ചത്.  ഈ രണ്ട് നിര്‍മിതികള്‍ക്കുമിടയില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരുന്നു. മറ്റൊരു ക്ഷേത്രം പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍- അതും പരസ്പര ബന്ധമില്ലാത്ത രീതിയില്‍- ഉപയോഗിച്ച് ഹിന്ദുക്കള്‍ പുതിയ ക്ഷ്രേതം നിര്‍മിച്ചതിന് ഇന്ത്യാ ചരിത്രത്തില്‍ തന്നെ തെളിവുണ്ടായിരുന്നില്ല. ഇത് മറ്റൊരു പള്ളിയാണെന്നും അതല്ല 12-ാം നൂറ്റാണ്ടിലെ സുല്‍ത്തനത്ത് കാലഘട്ടത്തില്‍ നിര്‍മിച്ച ഈദ്ഗാഹ് ആണെന്നും രണ്ട് വാദങ്ങളുണ്ട്. ഡോ. സൂരജ്ഭാന്‍ വാദിക്കുന്നത് ഇത് ഈദ്ഗാഹ് ആയിരിക്കാമെന്നാണ്.

പച്ചയായ ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. എന്നിട്ടും അന്‍സാരി സുപ്രീംകോടതിയിലെ ഒടുവിലത്തെ ഹരജിയിലും കക്ഷി ചേര്‍ന്നു. കേസിനെ ഇത്രയും കാലം ജീവിപ്പിച്ചു നിര്‍ത്തിയ സ്ഥിതിക്ക് ചടങ്ങു പൂര്‍ത്തിയാക്കലായിരുന്നു അത്. അക്കാലത്ത് ഒരിക്കല്‍ അന്‍സാരിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് മുസ്‌ലിംകള്‍ ഈ കേസില്‍ അവകാശവാദം ഉപേക്ഷിക്കുകയാണ് നല്ലത് എന്നാണ്.  രാഷ്ട്രീയക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതിനെ ഭയപ്പാടോടെയാണ് അയോധ്യാവാസികള്‍ നോക്കിക്കണ്ടത്. എന്നല്ല ഈ കേസുമായി കോടതി കയറിയിറങ്ങി നടന്ന കാലത്ത് ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാനുള്ള സൂക്ഷ്മത ഇരുപക്ഷത്തെയും നേതാക്കള്‍ കാണിക്കുകയും ചെയ്തു. രാം ചന്ദര്‍ പരമഹംസും മഹന്ത് ഭാസ്‌കര്‍ ദാസുമൊക്കെ അന്‍സാരിയൂടെ സുഹൃത്തുക്കളായിരുന്നു. പരമഹംസിന്റെ ടോങ്കയില്‍ ഈ കേസിനു വേണ്ടി പലതവണ അന്‍സാരി ലഖ്‌നൗ കോടതിയിലേക്ക് പോയിട്ടുണ്ട്. പക്ഷേ ഒടുവിലൊടുവിലായി തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസ്സമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. നീതി നിഷേധിക്കപ്പെടുന്നവന്റെ വേദനയായിരുന്നു അതെന്ന് പക്ഷേ ആരും തിരിച്ചറിഞ്ഞില്ല എന്നു മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം