Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

മാതാപിതാക്കളെ എങ്ങനെ സന്തോഷഭരിതരാക്കാം?

ഡോ. ജാസിമുല്‍ മുത്വവ്വ

ങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ എന്തിനും ഏതിനും മാതാപിതാക്കളെ വിമര്‍ശിക്കുകയും അവരുടെ നടപടികളിലും ചെയ്തികളിലും കുറ്റവും കുറവും കണ്ടെത്തുകയും ചെയ്യുമായിരുന്നു. മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു അവര്‍ ശരിയായിരുന്നു എന്ന്. എന്റെ ഉമ്മ എന്നോട് അനുസ്മരിച്ച ഒരു സംഭവം കുറിക്കട്ടെ. അവര്‍ ചെറുപ്പമായിരുന്നപ്പോള്‍, അവരുടെ ഉമ്മയുടെ പെരുമാറ്റത്തിലും സമീപനത്തിലും അസ്വസ്ഥയായിരുന്നു അവര്‍. അന്നേരം അവര്‍ ഉമ്മയോട് പറയുമായിരുന്നുവത്രേ: ''ഞാന്‍ നിങ്ങളെ പോലെ ഒരുമ്മയാവട്ടെ. അപ്പോള്‍ കാണിച്ചുതരാം എങ്ങനെ പെരുമാറണമെന്ന്.'' അവര്‍ മുതിര്‍ന്ന് ഉമ്മയായപ്പോള്‍ അവര്‍ തന്റെ ഉമ്മയെ പോലെത്തന്നെ പെരുമാറിത്തുടങ്ങി. 

മാതാപിതാക്കളോടുള്ള മഹിതമായ പെരുമാറ്റവും അവരോടുള്ള സ്‌നേഹവും സമര്‍പ്പണവുമെല്ലാം കുഞ്ഞുനാളിലേ ശീലിക്കേണ്ടതാണ്. അതിനാലാവണം ഈസാ നബി(സ)യുടെ വാക്കുകള്‍ പരിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചത്: ''എന്റെ മാതാവിനോട് പുണ്യപൂര്‍ണമായി, സ്‌നേഹമസൃണമായി പെരുമാറാനും അവന്‍ ഉപദേശിച്ചിരിക്കുന്നു. അവന്‍ എന്നെ തന്നിഷ്ടക്കാരനോ നിര്‍ഭാഗ്യവാനോ ആക്കിത്തീര്‍ത്തിട്ടില്ല.'' 

മാതാപിതാക്കന്മാരുടെ ജീവിതം ആനന്ദഭരിതവും സന്തോഷപൂര്‍ണവുമാക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍ ഞാന്‍ തരാം: 

1. ഗതകാല സ്മരണകള്‍: കുഞ്ഞുനാളിലേ അവരുടെ സമീപനങ്ങളും ഇടപെടലുകളും അരോചകമായിക്കണ്ട തങ്ങള്‍ മുതിര്‍ന്നപ്പോള്‍ അവരുടെ നിലപാടുകള്‍ പൂര്‍ണമായും ശരിയെന്ന് ബോധ്യപ്പെട്ടെന്ന് തുറന്നു പറയുക. ഇത് അവരെ സന്തോഷിപ്പിക്കും. 

2. വികാരങ്ങള്‍ പങ്കിടുക: മാതാപിതാക്കള്‍ നിങ്ങള്‍ക്ക് ദാനമോ ഉപഹാരമോ തന്നെന്നിരിക്കട്ടെ, അതെനിക്ക് ഏറെ ഉപകാരപ്പെട്ടെന്നും സഹായമായി എന്നുമുള്ള സന്തോഷവും കൃതജ്ഞതയും പ്രകടിപ്പിക്കുക. 

3. സമ്മാനങ്ങള്‍: സമ്മാനങ്ങളും ഉപഹാരങ്ങളും വാങ്ങി അവര്‍ക്ക് നല്‍കുക. ഇത് നിങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹത്തിന്റെ ബഹിഃസ്ഫുരണമാണ്. സമ്മാനങ്ങള്‍ വളരെ വിലകൂടിയതാവണം എന്നില്ല. അത് അവര്‍ മറ്റാര്‍ക്കെങ്കിലും എടുത്തുകൊടുത്തെന്നിരിക്കട്ടെ, ഒരു അലോസരവും പ്രകടിപ്പിക്കരുത്. 

4. വര്‍ത്തമാനം പറഞ്ഞിരിക്കുക: മാതാപിതാക്കളോടും അവരുടെ സഹോദരി സഹോദരങ്ങളോടും വര്‍ത്തമാനം പറഞ്ഞിരിക്കുക. അവരില്‍ നിന്നും നിങ്ങള്‍ക്കുണ്ടായ നല്ല അനുഭവങ്ങള്‍ അവരുടെ മുമ്പാകെ അനുസ്മരിക്കുക. 

5. കൂടിയാലോചിക്കുക: നിങ്ങള്‍ കാറോ വീടോ മറ്റു വിലപിടിച്ചതെന്തെങ്കിലുമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നിരിക്കട്ടെ. അവരുമായി കൂടിയാലോചിച്ച ശേഷം വാങ്ങിയാല്‍, നിങ്ങള്‍ ഉപദേശം തേടിയത് അവരുടെ പ്രാധാന്യം നിങ്ങള്‍ അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയായി അവര്‍ ഗണിക്കും. 

6. നര്‍മം പങ്കിടുക: അവരുമായി ഒന്നിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമുണ്ടായ, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ തോന്നുന്ന പഴങ്കഥകളും നര്‍മങ്ങളും പങ്കിടുക. 

7. നവീന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുക: അവരുടെ വാക്കുകളോ ചിത്രങ്ങളോ, ഉമ്മ പാചകം ചെയ്ത വിഭവത്തിന്റെ ഫോട്ടോയോ സമൂഹമാധ്യമങ്ങളില്‍ ഇടുക. അതിനെക്കുറിച്ച് വരുന്ന കമന്റുകള്‍ അവരെ കാണിച്ചു കൊടുക്കുക. 

8. സന്ദര്‍ശനം, ആതിഥ്യം: അവരെ സന്ദര്‍ശിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിച്ച് അതില്‍ നിഷ്ഠപുലര്‍ത്തുക. അവരുമായി കുറച്ച് സമയം ചെലവഴിക്കുക. അല്ലെങ്കില്‍ വീട്ടിന് പുറത്തെവിടെയെങ്കിലും കൊണ്ടുപോയി സല്‍ക്കരിക്കുക. 

9. സ്‌നേഹവും കനിവും: കനിവോടും സ്‌നേഹത്തോടും കൂടി പെരുമാറുക. പ്രത്യേകിച്ച് അവര്‍ വൃദ്ധരാണെങ്കില്‍ കരുണയും ആര്‍ദ്രതയുമാണ് അവര്‍ തേടുന്നത് എന്നറിയുക. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അവര്‍ക്ക് അരോചകമോ അഹിതകരമോ ആയ പെരുമാറ്റം നിങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടനെ അത് പൊരുത്തപ്പെടീക്കുക. 

10. സുഹൃദ്ബന്ധങ്ങള്‍: അവരുടെ സ്‌നേഹിതന്മാരെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊണ്ടുവന്ന് അവരോടൊപ്പം ഇരുത്തുക. അവര്‍ ഒന്നിച്ചുള്ള സഹവാസം അവരെ ഏറെ സന്തോഷിപ്പിക്കും. 

എന്റെ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്ന പത്ത് നിര്‍ദേശങ്ങളുടെ ഉപഹാരമാണിത്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ വീടകം സ്വര്‍ഗമാവും. നമ്മുടെ നബി(സ)യെ അനാഥനാക്കിയത് അല്ലാഹുവിന്റെ കാരുണ്യമാണ്. അവര്‍ ജീവിച്ചിരുന്നുവെങ്കില്‍ നബി (സ)യുടെ അവരോടുള്ള പുണ്യപൂര്‍ണ പെരുമാറ്റം പിന്‍പറ്റുന്നത് നമുക്ക് ഏറെ പ്രയാസകരമായേനേ. മാതാപിതാക്കളോടുള്ള പെരുമാറ്റത്തെക്കുറിച്ച് വ്യക്തമായ അധ്യാപനങ്ങള്‍ നല്‍കി വിടവാങ്ങിയ നബി (സ) അവ പ്രാവര്‍ത്തികമാക്കുന്ന രീതി നമുക്ക് വിട്ടുതന്നിരിക്കുന്നു. 

ഈ പറഞ്ഞതെല്ലാം അവര്‍ ജീവിച്ചിരിക്കുമ്പോള്‍ വേണ്ടതാണ്. അവര്‍ മരണമടഞ്ഞാലും അവരുടെ ജീവിതം നിങ്ങള്‍ക്ക് സന്തോഷഭരിതമാക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന സന്തോഷം അവരുടെ ഖബറകങ്ങളില്‍ എത്തും. അവര്‍ക്ക് വേണ്ടി ദാനധര്‍മങ്ങള്‍ ചെയ്യുക. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക, അവരുടെ സുഹൃത്തുക്കളെയും സ്‌നേഹിതന്മാരെയും ആദരിക്കുക, അവരുടെ പേരില്‍ ചാരിറ്റി ഫണ്ട് സ്ഥാപിച്ചോ, അവരുടേതായി ഒരു വഖ്ഫ് ഏര്‍പ്പെടുത്തിയോ അവരുടെ പരലോക ജീവിതം നിങ്ങള്‍ക്ക് ധന്യമാക്കാം. ''നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് സ്‌നേഹവും സേവനവും സമര്‍പ്പിക്കൂ. എങ്കില്‍ നിങ്ങളുടെ മക്കള്‍ അപ്രകാരം നിങ്ങളോടും പെരുമാറും.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം