Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

ആനന്ദത്തിന്റെ അടരുകള്‍; ആപേക്ഷികതയും

പി.വി. സഈദ് മുഹമ്മദ്

ചിലപ്പോള്‍ അങ്ങിനെയൊന്നു സംഭവിക്കാറുണ്ടല്ലോ: സന്ദര്‍ഭവുമായി ബന്ധമൊന്നുമില്ലാത്ത കാര്യങ്ങളോ  വര്‍ത്തമാനമോ ഒരിടത്ത് വെച്ച് നടക്കും. പക്ഷേ  അതോര്‍ക്കുന്നത് ആ പശ്ചാത്തലവുമായി ബന്ധിപ്പിച്ചാവും; ചില ഗാനങ്ങള്‍ ഓര്‍ക്കുന്നത് പോലെ. കുറച്ചു കാലം മുമ്പ് ബോസ്‌ഫോറസ് കടലിടുക്കിലെ ഒരു ബോട്ട് ക്രൂയ്‌സിന്നിടയില്‍ നടന്ന ഒരു സംഭാഷണം ഈ ലേഖകന്‍ ഓര്‍ക്കുന്നതും അതില്‍പെടും. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിമനോഹരമായ ഒരനുഭവമാണത് ആര്‍ക്കും.  ഏഷ്യയെയും യൂറോപ്പിനെയും വേര്‍തിരിക്കുന്ന, രണ്ട് ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന, ഇസ്തംബൂളിനെ ഇരുപാര്‍ശ്വങ്ങളിലായി തഴുകിയൊഴുകുന്ന ബോസ്‌ഫോറസിന്റെ തിരകളിലും ഇളങ്കാറ്റിലും നഗര സൗകുമാര്യത്തിന്റെ നിശാദൃശ്യങ്ങളിലും കണ്ണും മനസ്സും മയങ്ങിപ്പോകും.

പക്ഷേ അതിനിടയില്‍ ബോട്ടില്‍ അരങ്ങേറും അല്‍പം പാട്ടും ആട്ടവും. കൂട്ടത്തില്‍ ആഭാസം നിറഞ്ഞ ഒന്ന് വന്നാല്‍ ഇത്തിരി 'ഹറാം' ഭയത്തിന്റെ അസ്‌ക്യത ഉള്ളവര്‍ക്ക് താവളം ബോട്ടിന്റെ പുറത്തെ അരികുകള്‍ മാത്രം. നാല് മണിക്കൂറിനുള്ളില്‍ പതിനഞ്ച് മിനിറ്റ് മാത്രമുള്ള ഇത് ഒഴിവാക്കാന്‍ മൊത്തം യാത്ര തന്നെ വേണ്ടെന്നു വെക്കുന്ന അരസികത്വം തീണ്ടാത്ത എളിയ ധര്‍മബോധത്തിന്റെ ഏതാനും ഉട(ലു)മകള്‍ വേറെയും ഉണ്ടെന്ന് കൈവരിയുടെ അരികിലെത്തിയപ്പോള്‍ കണ്ട മുഖത്തില്‍നിന്ന് ബോധ്യമായി. 

മുഖത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചിഹ്നങ്ങള്‍ കണ്ടപ്പോള്‍ ഒന്ന് ചിരിച്ച് അയാളുമായി സംഭാഷണത്തിലായി. ഇസ്തംബൂള്‍ സര്‍വകലാശാലയിലെ ഒരു സാമ്പത്തിക ശാസ്ത്ര സെമിനാറില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു, കറാച്ചി സര്‍വകലാശാലയിലെ ആ പ്രഫസര്‍.

പിന്നെയുണ്ടായ സംഭാഷണം അതിനിടയില്‍ നഷ്ടപ്പെട്ട ദൃശ്യാനുഭവത്തെക്കാള്‍ മൂല്യവത്തായിരുന്നു എന്നു പറയാം. എന്തായിരുന്നു സെമിനാറിലെ താങ്കളുടെ പ്രബന്ധത്തിലെ പ്രമേയം എന്ന എന്റെ ചോദ്യത്തിനു അല്‍പം വിസ്തരിച്ചായിരുന്നു മറുപടി.  അത് മതങ്ങളും സാമ്പത്തിക വ്യവസ്ഥകളും സംബന്ധമായുള്ളതാണ്;  മത വിശ്വാസങ്ങള്‍ എങ്ങനെ സമ്പദ് വ്യവസ്ഥകളെ നിര്‍ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്നതിനെ അധികരിച്ച്. പക്ഷേ ലോകത്ത് ഇപ്പോള്‍ ഒരു രാജ്യത്തും മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥകള്‍ നിലനില്‍ക്കുകയോ, വിശ്വാസങ്ങള്‍ സാമ്പത്തിക കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലല്ലോ എന്നായി ഞാന്‍. മാത്രമല്ല, ഇസ്‌ലാം ഒഴികെ മറ്റു മതങ്ങളൊന്നും അങ്ങനെ നേരിട്ടു സാമ്പത്തിക കാര്യങ്ങളില്‍ അധ്യാപനങ്ങള്‍ പോലും നല്‍കുന്നില്ല.  ഉദാഹരണമായി, ഏതെങ്കിലും ഒരു ക്രൈസ്തവ രാജ്യമോ ഇസ്രയേല്‍ എന്ന ജൂത രാജ്യമോ വിശ്വാസത്തിന്റെ പേരില്‍ പ്രത്യേക സാമ്പത്തിക നയങ്ങളോ ഇടപാടുകളോ സ്വീകരിക്കാറില്ലല്ലോ. നന്നെക്കവിഞ്ഞാല്‍ ഉല്‍സവങ്ങളും തീര്‍ഥാടനങ്ങളും മതകര്‍മങ്ങള്‍ക്കുള്ള ഉരുപ്പടികളും വിനോദ സഞ്ചാരവും ആരാധനാ മൂര്‍ത്തികളുടെ വില്‍പനയും ഉണ്ടാകുമെന്നല്ലാതെ പിന്നെന്താണ് സ്വാധീനം?

അതല്ല വിഷയം എന്നായി അദ്ദേഹം. മത വിശ്വാസങ്ങളും മൂല്യങ്ങളുമനുസരിച്ച് ജീവിത രീതിയും  ഉല്ലാസ രൂപങ്ങളും ഉപഭോഗ ശീലങ്ങളും ഊന്നലുകളും മാറുകയും അതിലൂടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാവുകയും വ്യയശീലങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് വിഷയത്തിന്റെ മര്‍മം. ഈ ബോട്ടിനകത്ത് നടക്കുന്ന ഒരിനം പരിപാടി കാണാന്‍ നില്‍ക്കാതെ ആ സമയത്ത് നല്ലത് പുറത്ത് ഈ കാറ്റില്‍ പുറംകാഴ്ച കാണലാണെന്ന് തീരുമാനിച്ച എന്നെയും നിങ്ങളെയും ഇവിടെ എത്തിച്ചത് ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള പൊതുവായ മൂല്യവിചാരമാണ്. ആ പരിപാടിക്ക് പ്രത്യേകമായ ഒരു ഫീസുണ്ടെങ്കില്‍ നമ്മളത് കൊടുത്തിരിക്കില്ല. അതല്ല, ഇവിടെ നില്‍ക്കാന്‍ ഫീസ് വേണമെങ്കില്‍ നമ്മളത് അടയ്ക്കുകയും ചെയ്യും. ധനം സമ്പാദിക്കുന്ന കാര്യത്തിലും ഈ മൂല്യ വിചാരം കടന്നുവരും. അതനുസരിച്ച് സംരംഭങ്ങളുടെ രൂപവും ചലനവും മാറും.

അക്കാദമിക താല്‍പര്യത്തിന്റെ ലാഞ്ഛന കണ്ടപ്പോള്‍ അദ്ദേഹം  അല്‍പം കൂടി വാചാലനായി. ഉദാഹരണത്തിന്, ടൂറിസത്തിന്റെ കാര്യം എടുത്ത് നോക്കൂ. നിഷിദ്ധങ്ങളെന്നു ഒരു വിഭാഗം കരുതുന്ന ഭക്ഷണ പാനീയങ്ങള്‍ക്കും പരിപാടികള്‍ക്കും ആ സമൂഹത്തില്‍ മാര്‍ക്കറ്റുമുണ്ടാകില്ല. എന്താണ് ആനന്ദമെന്നും ഉല്ലാസമെന്നും തീരുമാനിക്കുന്നിടത്ത് മതവും വിശ്വാസവും കടന്നുവരും. പിന്നെ ഉല്‍പാദനവും ലഭ്യതയും അതനുസരിച്ചാവും. ഇത് ചിലപ്പോള്‍ ഉല്‍പാദനത്തിന്റെ കുറവില്‍ ആവാം കലാശിക്കുന്നത്. വേറെ ചിലതില്‍ വര്‍ധനവിലും. എങ്ങനെയായാലും അതൊരു പ്രതിഫലനമാണ്. ഇതിന്റെ പ്രായോഗിക തലങ്ങള്‍ ധാരാളം സ്ഥിതിവിവരങ്ങളും വിശകലനങ്ങളും ഉള്‍ക്കൊള്ളുന്ന മേഖലയാണ്. വ്യത്യസ്ത രാജ്യങ്ങളില്‍, അവയില്‍ തന്നെ വിവിധ മതവിഭാഗങ്ങള്‍ കഴിയുന്ന വ്യത്യസ്ത പ്രദേശങ്ങളില്‍, ഇങ്ങനെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ കാണാം. പറഞ്ഞല്ലോ ഞാനും നിങ്ങളും കുടുംബവും ഇവിടെ നില്‍ക്കുന്നത് അകത്ത് നടക്കുന്നതിനോടുള്ള വിരക്തി കൊണ്ടാണ് എന്ന്. ഇവിടെ ഞങ്ങള്‍ കൊടുത്തത് ഒരു പാക്കേജായത് കൊണ്ട് അതിനെ ബാധിച്ചിട്ടില്ലായിരിക്കാം. ഇതിനു പകരം ആനന്ദിക്കാനുള്ള ഏര്‍പ്പാടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ അഭിരുചിയനുസരിച്ച് നാം ചിലപ്പോള്‍ വലിയ ചെലവുള്ളതാവും തെരഞ്ഞെടുക്കുക. ഉയര്‍ന്ന വിലയുള്ള പഞ്ചനക്ഷത്ര അത്താഴം, കൂടെ അല്‍പം പാട്ടും കൂത്തും. മറ്റു ചിലര്‍ക്ക് മിതമായ വിലയ്ക്കുള്ള ഭക്ഷണവും, ഉല്ലാസം തരുന്ന ഒരു പുല്‍ത്തകിടിയും മതി. ഇല്ലെങ്കില്‍ ദൈവം സൗജന്യമായി നല്‍കിയ കടല്‍ത്തീരം.  നമുക്ക് ആനന്ദം തരുന്ന ഒരു തുറസ്സില്‍ ഇരുന്നാല്‍ തന്നെ, അല്ലെങ്കില്‍ എക്‌സോട്ടിക് ആയ ഒരു പുഴക്കര തന്നെ നമുക്ക് തൃപ്തികരമാവുമെങ്കില്‍ നാം വേറെ കാശ് ചെലവിടാന്‍ പോകുന്നില്ല, ചിലപ്പോള്‍ അവിടേക്ക് പോകാന്‍ വേണ്ട യാത്രാ ചെലവ്  മാത്രമായിരിക്കും അതിലെ ഏക സാമ്പത്തിക ഇടപാട്. ഇതൊക്കെ മനസ്സില്‍ നാമ്പെടുക്കുന്ന ചോദനയനുസരിച്ച് നടക്കുന്നതാണ്. ആനന്ദം മുഴുവന്‍ കാശ് ചെലവാക്കി മാത്രമല്ല ഉണ്ടാകുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം; ടൂറിസ്റ്റുകള്‍ക്കും അത് അപ്പോലെ തന്നെ. 

ബന്ധപ്പെട്ട മറ്റൊരു ഉദാഹരണം മനസ്സില്‍ വരുന്നു. കണ്ണൂര്‍  ജില്ലയില്‍ കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ ഒരു സ്ഥലമുണ്ട്, പേര് ഏഴര. ഇടയില്‍ എന്ന് പറഞ്ഞാല്‍ പോര, ഏതാണ്ട് മധ്യത്തിലായി; കിലോമീറ്റര്‍ വരുന്നതിനു മുമ്പ് മൈലില്‍ ദൂരം പറയുമ്പോള്‍  പതിനഞ്ച് മൈലാണ് രണ്ട് നഗരങ്ങള്‍ക്കിടയിലെ ദൂരം; അതുകൊണ്ട് സ്ഥലത്തിന്റെ പേര് ഏഴര. അവിടെ ഒരു കടല്‍ത്തീരമുണ്ട്; ചെറിയ കുറച്ച് പാറക്കെട്ടുകളൊക്കെയായി ശകലം പ്രത്യേകതകളുള്ള ഒരു കൊച്ചു മുനമ്പ്. എന്റെ കുടുംബബന്ധത്തില്‍ പെട്ട ചിലര്‍ അവിടെ ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്നു. നേരത്തെ അവിടെ ഉണ്ടായിരുന്ന വീടുകള്‍ പുതുക്കിപ്പണിതതാണ്. ഒരു നക്ഷത്ര ഹോട്ടല്‍ വിലാസവുമില്ല, സ്റ്റാര്‍ ഭക്ഷണവുമില്ല. തൊട്ടടുത്ത് താമസിക്കുന്ന തനി നാടന്‍ കേയര്‍ടെയ്കറുടെ വീട്ടില്‍ നിന്ന് തന്നെ പാകം ചെയ്യുന്ന ഒറിജിനല്‍ മലബാരി ഭക്ഷണം കിട്ടും. മദ്യം വിളമ്പില്ല.  

അവിടെയും വരുന്നു കുറെ വെള്ളക്കാര്‍ ടൂറിസ്റ്റുകളായി.  ഇടിച്ചു കയറി വരാന്‍ മാത്രം കൂട്ടംകൂട്ടമായൊന്നുമല്ല, എന്നാല്‍ ആവശ്യത്തിനുണ്ട് താനും. വരുന്നവര്‍ ഏതുതരം  അതിഥികളാണെന്ന് തിരക്കിയപ്പോള്‍ ആത്മശാന്തി തേടി വരുന്നവരും സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ മാത്രം വരുന്ന ദമ്പതികളുമാണ് കൂടുതലും. രണ്ട് ദിവസം മുതല്‍ രണ്ട് വാരം വരെ അവര്‍ അവിടെ കഴിച്ചുകൂട്ടുന്നു. എല്ലാവരും കേട്ടറിഞ്ഞ് വരുന്നവര്‍.  അവിടെ എന്താണ് ഒരു ടൂറിസ്റ്റ് അട്രാക്ഷന്‍ എന്ന് ചോദിച്ചാല്‍ ആ ചെറിയ കടല്‍ത്തീരവും പാറക്കൂട്ടവും അല്ലാതെ ഒന്നുമില്ല.  എന്നാല്‍ സ്വസ്ഥത വേണ്ടുവോളം കാണും. കയറൂഞ്ഞാലിലും ചാരുകസേരയിലുമിരുന്ന് പുസ്തകം വായിച്ചും സല്ലപിച്ചും കഴിയുന്നു അവരൊക്കെ. അവര്‍ തേടുന്ന തികഞ്ഞ സ്വസ്ഥതയും മനസ്സിന്റെ പൂര്‍ണ വിശ്രമവും; കടല്‍ത്തീരത്ത് ഇരുന്നാല്‍ വൃക്ഷയിലകള്‍ പോലും ഇളകാത്ത ആ നിശ്ശബ്ദതയില്‍ തിരമാലകള്‍ പാറക്കെട്ടുകളില്‍ ഇടിക്കുന്ന ശബ്ദം മാത്രം കേള്‍ക്കുന്ന ഒരു അന്തരീക്ഷമുണ്ടല്ലോ-പ്രകൃതിയുടെ ഒരു താരാട്ട്-അതിനാണവര്‍ കടലുകളും ദൂരവും താണ്ടി സ്വന്തം ഇടങ്ങളില്‍ നിന്ന് മാറി അവിടെ എത്തുന്നത്. ആ സ്ഥലത്ത് എത്തിപ്പെടണമെങ്കില്‍ ദേശീയ പാതയില്‍ നിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റര്‍ താണ്ടണം; അതും വളവും തിരിവുമുള്ള ഇടുങ്ങിയ വീതി കുറഞ്ഞ റോഡിലൂടെ സ്വകാര്യ വാഹനത്തില്‍ തന്നെ പോകണം.

കെയര്‍ടെയ്കറോട് വഴിയെക്കുറിച്ച് വേവലാതിയോടെ 'ഈ ദുര്‍ഘടം പിടിച്ച റോഡ് കൂടി ഒന്ന് വീതി കൂട്ടി നേരെയാക്കിയെങ്കില്‍ നന്നായിരുന്നു' എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെ: ''അയ്യോ വേണ്ട, ഇത് മതി; റോഡ് വീതിയായാല്‍ പിന്നെ ഇവിടെ ബഹളമായിരിക്കും. നമുക്ക് ഇത്തരം ആളുകള്‍ ഇത്രയും എണ്ണം മതി.'' പഞ്ചനക്ഷത്ര ഹോട്ടലും മദ്യവും നഗരമോടിയും മാത്രമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്ന് കരുതുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട കാര്യങ്ങള്‍.  അവരുടെ ആനന്ദം അങ്ങനെ. എങ്ങ് നിന്നോ വരുന്നു, തീരെ കാശ് ചെലവാക്കാതെയല്ല, എന്നാല്‍ താമസത്തിനും ഭക്ഷണത്തിനും അത്രയൊന്നും ചെലവാക്കാതെ.  ബാക്കി മനസ്സില്‍ നിന്നുണ്ടാകുന്ന ഒരു സന്നദ്ധതയും താല്‍പര്യവും കൊണ്ടുണ്ടാക്കുന്നു. ആനന്ദത്തിന്റെ കാര്യം പോലെ തന്നെയാണ് സന്തുഷ്ടിയുടെയും (ആനന്ദം പ്രത്യേകം അനുഭവങ്ങളുടെ അവസരത്തിലും സന്തുഷ്ടി കുറേക്കൂടി നീണ്ടുനില്‍ക്കുന്ന ഒരു മാനസികാവസ്ഥയിലും  ഉണ്ടാകുന്നവയെന്നു തല്‍ക്കാലം വ്യവഛേദിച്ച് പറയാം).  

ഈയിടെ സന്തുഷ്ടി സംബന്ധമായ ഒരു പ്രസിദ്ധീകരണത്തെ കുറിച്ചു വായിച്ചു. ലോകത്തിലെ ഏത് രാജ്യക്കാരാവും സന്തുഷ്ടിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍? അമേരിക്ക അല്ല. കാനഡ അല്ല. ആസ്‌തേലിയ അല്ല. ഗള്‍ഫ് രാജ്യങ്ങള്‍  ഒന്നുമല്ലത്രെ. ആരെന്നു പറയാം. അതിനു മുമ്പ് ഇതിനെവിടെയാണ് വിവര സ്രോതസ്സ്? 'ആഗോള സന്തുഷ്ടി റിപ്പോര്‍ട്ട്' എന്ന അല്‍പം ചിരിയുണര്‍ത്തുന്ന പേരില്‍ അതിബൃഹത്തായ ഒരു പഠനഫലം ചില പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയാറാക്കുന്നുണ്ട് (2012 മുതല്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്). കൊളംബിയ സര്‍വകലാശാലയിലെ ജെഫ്രിസാക്‌സ്,  ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ റിച്ചഡ് ലേയാഡ്, ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയിലെ ജോണ്‍ ഹെലിവെല്‍ എന്നിവരാണവര്‍.  

2015 ലെ ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ ശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്റ്, ഐസ്‌ലന്റ്, ഡെന്‍മാര്‍ക്ക്,  നോര്‍വെ എന്നിവയാണത്രെ. ഇതില്‍ പറഞ്ഞ രാജ്യങ്ങളില്‍ മൂന്നെണ്ണം യൂറോപ്പിലാണെങ്കിലും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളല്ല. ഏത് കാര്യത്തിലാണ് ഇവര്‍ ശിഷ്ട രാജ്യങ്ങളേക്കാള്‍ മുന്‍ പന്തിയില്‍? ഈ റിപ്പോര്‍ട്ട് പുറത്ത് വിടുന്ന മൂന്നു വിദഗ്ധരും അതുകൊണ്ടുദ്ദേശിക്കുന്നത് തന്നെ, ജനതയെ സന്തുഷ്ടരാക്കാന്‍ നയരൂപീകരണതലത്തില്‍ ഭരണകൂടങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് അവരെ ബോധവത്കരിക്കുക എന്നതാണ്. കൂട്ടത്തില്‍ രാഷ്ട്രങ്ങളുടെ വിജയം എന്നതൊരു വെറും സാമ്പത്തിക വളര്‍ച്ചയും അതുപോലുള്ള മറ്റു സ്ഥിതിവിവരക്കണക്കും മാത്രമല്ല എന്ന് തെര്യപ്പെടുത്തലും.

ഒറ്റപ്പെട്ടുണ്ടാവുന്ന വ്യക്തിഗതമായ ജീവിതാനുഭവങ്ങള്‍ ഉണ്ടായോ ഇല്ലയോ എന്നതല്ല ഇതില്‍ വിഷയം. മറിച്ച് ജനസംഖ്യയില്‍ പൊതുവായ നിലയില്‍ വ്യക്തിനിഷ്ഠമായ കാര്യങ്ങളില്‍ അവരുടെ സന്തുഷ്ടി എത്രയുണ്ട് എന്നതാണ്. അതെങ്ങനെയാണ് അളക്കുക എന്ന ചോദ്യം വരും. ഈ പഠനത്തില്‍ അളന്നു നോക്കിയ കാര്യം, അഥവാ സന്തുഷ്ടി നിലവാരത്തില്‍ മുക്കാല്‍ ഭാഗവും നിര്‍ണയിക്കുന്നതായി കണ്ടെത്തിയ കാര്യം ആറ് തലങ്ങളിലാണത്രെ. അവ ഏതാണെന്നല്ലേ?  മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ആളോഹരി വിഹിതം, സമൂഹം നല്‍കുന്ന തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിമുക്തമായ അവസ്ഥ എന്നിവയാണവ. ശ്രദ്ധിക്കേണ്ട കാര്യം രണ്ടെണ്ണം. അതായത്, സമൂഹത്തിന്റെ പിന്തുണയും ഉദാരതയും. സാമ്പത്തിക വികസനത്തെയോ രാഷ്ട്രീയ വ്യവസ്ഥയെയോ ആശ്രയിക്കാത്ത സ്വതന്ത്ര ഘടകങ്ങളാണവ. അതുകൊണ്ട് തന്നെ, താരതമ്യേന ദരിദ്രവും ഘടനാപരമായി കൂടുതല്‍ ദുര്‍ബലവുമായ ചില ജനത കൂടുതല്‍ ശക്തരായ പാശ്ചാത്യ ജനാധിപത്യങ്ങളേക്കാള്‍ സന്തുഷ്ടരായി കഴിയുന്നതായും കാണാം.  ഉദാഹരണമായി അമേരിക്കക്കാരെക്കാള്‍ സന്തുഷ്ടരാണത്രെ മെക്‌സിക്കോക്കാര്‍. അതുപോലെത്തന്നെ അത്ര ധനികരോ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരോ അത്ര വ്യവസ്ഥാപിതരോ അല്ലാത്ത ബ്രസീലുകാര്‍ തങ്ങളേക്കാള്‍ സമ്പത്തും സ്വാതന്ത്ര്യവുമുള്ള ലക്‌സംബര്‍ഗുകാരേക്കാളും വെനിസ്വേലക്കാര്‍ സിംഗപ്പൂരുകാരേക്കാളും തങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടരാണത്രെ.

എന്നാല്‍, സന്തുഷ്ടിയുടെ കാര്യത്തില്‍ എല്ലാ നിലക്കും വിജയിച്ചു നില്‍ക്കുന്നവര്‍ ഏതുതരം ജനങ്ങളാണെന്നോ? സമ്പന്നരായിരിക്കുമ്പോള്‍ തന്നെ ഒപ്പം ആരോഗ്യവാന്മാരും സ്വതന്ത്രരും, പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം പിന്‍ബലം നല്‍കുന്നവരും ആണവര്‍. 

ഈ വിഷയത്തിലും കൗതുകകരമായ കാര്യങ്ങള്‍ വേറെയുമുണ്ട്. ഉത്തരധ്രുവത്തോടടുത്ത് കിടക്കുന്ന ഐസ്‌ലന്റില്‍ കഴിഞ്ഞ വര്‍ഷം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിവന്നു.  അവരില്‍നിന്ന് കാശ് കിട്ടാനുണ്ടായിരുന്നവരൊക്കെ സംഘടിച്ചു എന്തു വേണമെന്ന് ആലോചിച്ച പരുവത്തില്‍ രാജ്യത്തിന്റെ ആപ്പീസ് പൂട്ടിപ്പോയ ഘട്ടം. ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ചാ വിഷയമായിരുന്നുവല്ലോ അത്. എന്നാല്‍, പ്രതിസന്ധിഘട്ടങ്ങളില്‍ തങ്ങള്‍ക്ക് തുണയായി ആരെങ്കിലും ഉണ്ട് എന്ന് ഉറപ്പിച്ചുപറഞ്ഞതില്‍ ഐസ്‌ലന്റ്കാരായിരുന്നു ഒന്നാം സ്ഥാനത്ത്.  പ്രതിസന്ധി വന്നപ്പോള്‍ അതിശയിപ്പിക്കുന്ന ഈ പ്രതിരോധശേഷി നേടിയതിനു പിന്നില്‍ വേറെയും ഒരു ഘടകം അനുമാനിക്കപ്പെടുന്നുണ്ട്. ഉത്തര യൂറോപ്പില്‍ പൊതുവെ മാനിക്കപ്പെടുകയും യാന്റി നിയമം (Law of Jante) എന്നറിയപ്പെടുകയും ചെയ്യുന്ന ഒരു ജീവിതമൂല്യം ആണത്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരാളേക്കാള്‍ മറ്റൊരാള്‍ വിജയം നേടി മേന്മ കൈവരിക്കുന്നതും അയാള്‍ തന്നെക്കാള്‍ വിജയം കുറഞ്ഞ ആളായി കാണുന്നതും നന്നല്ല എന്നു കരുതുന്ന ഒരു വീക്ഷണം. അവര്‍ക്ക് കൂട്ടായ നേട്ടവും നന്മയും മാത്രമേ സന്തുഷ്ടി ഏകുകയുള്ളൂ.

ഇത് കൈമുതലായുള്ളവര്‍ സമ്പത്തില്ലെങ്കിലും കൂടുതല്‍ സന്തുഷ്ടരാണെന്നോ? എന്നു വേണം കരുതാന്‍. കാരണം ഈ നിയമത്തിന്റെ സ്വാധീനം കൂടുതലുള്ള സ്‌കാന്റിനേവിയന്‍ (ഡെന്മാര്‍ക്ക്,  നോര്‍വെ, സ്വീഡന്‍), നോര്‍ഡിക് (ഫിന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്) മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് സന്തുഷ്ടിമാപിനിയിലെ ആദ്യത്തെ പത്തില്‍ ഇടം കിട്ടുന്നത് നാം കാണുന്നു.   സ്‌കാന്റിനേവിയന്‍ രാജ്യങ്ങളില്‍ പരസ്പര ബന്ധങ്ങള്‍ കൂടുതലാണെന്നും (ഉദാഹരണമായി മനസ്സംതൃപ്തി തരുന്ന പ്രവര്‍ത്തനങ്ങള്‍ കൂട്ടായി നിര്‍വഹിക്കല്‍) അതിനാല്‍ തന്നെ ആദാന പ്രദാനങ്ങളും തത്സമയ കൂട്ടായ്മകളും കൂടുതല്‍ ദൃശ്യമാണെന്നും നിരീക്ഷിക്കപ്പെടുന്നു.

ഏറ്റവും സന്തുഷ്ടരായ ജനത പരസ്പര പങ്കാളിത്തമുള്ളവരത്രെ  (പരസ്പര പങ്കാളിത്തം എന്നത് സഹകരണത്തില്‍ നിന്ന് വ്യത്യസ്തമാണ്). സ്വിറ്റ്‌സര്‍ലന്റില്‍ ശ്രദ്ധിക്കപ്പെട്ടത് അതാണ്. അവിടെ നേരിട്ടുള്ള ജനാധിപത്യവും വളരെ ഇഴയടുപ്പമുള്ള പ്രാദേശിക സമൂഹങ്ങളും ചേര്‍ന്നുനില്‍ക്കുന്ന സാമാജിക ഘടനയാണ്. ഏറ്റവും വലിയ 'മൂലധന'മായി കല്‍പ്പിക്കപ്പെടുന്നതും ഈ മൂല്യമാണ്. ഈ ബോധമുള്ളവര്‍ കൂടുതല്‍ നികുതിയടക്കാന്‍ താല്‍പര്യമുള്ളവരും അഴിമതിയോട് വിപ്രതിപത്തി പുലര്‍ത്തുന്നവരുമാണ്.

ഇതൊക്കെ സമൂഹമെന്ന നിലയില്‍ പൊതുവെ ആനന്ദം ഉണ്ടാക്കുന്ന ഘടകങ്ങളുടെ കാര്യമാണെങ്കില്‍, വ്യക്തിതലത്തില്‍ ആനന്ദം നല്‍കുന്ന (നഷ്ടപ്പെടുത്തുകയും ചെയ്യുന്ന) ഘടകങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് രസാവഹമായിരിക്കും. ഉപഭോഗമോഹങ്ങള്‍ ജനിപ്പിച്ചു അതനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുക എന്നത് ആധുനിക സമ്പദ് വ്യവസ്ഥകളില്‍ വിശിഷ്യ മുതലാളിത്ത നീതി വ്യവസ്ഥകളില്‍ സാധാരണമാണ്. ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഡെനിസ്ഡിഡെരോ (Denis Didero) എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ അതു സംബന്ധമായി എഴുതിയ ഒരു ഉപന്യാസത്തിന്റെ പേരില്‍ 'ഡിഡെറോ ഇഫക്റ്റ്' എന്നറിയപ്പെടുന്ന ഒരു മനശ്ശാസ്ത്ര പ്രതിഭാസമുണ്ട്. ഇതനുസരിച്ച് ഒരാള്‍ ഒരു പുതിയ സാധനം വാങ്ങിയാല്‍ പിന്നെ അതുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു പലതും അയാള്‍ക്ക് പഴഞ്ചനായി തോന്നിത്തുടങ്ങും. അങ്ങനെ അവയൊക്കെയോരോന്നായി മാറ്റും. 1769ല്‍ ഡിഡെറോ എഴുതിയ 'എന്റെ പഴയ മേലങ്കിയെച്ചൊല്ലിയുള്ള ഖേദം' എന്ന ഉപന്യാസത്തില്‍ ആ മേലങ്കിക്കു പകരം അദ്ദേഹത്തിനു കിട്ടിയ ആഡംബരപൂര്‍ണമായ ഒരു മേലങ്കിയെപ്പറ്റി വര്‍ണിക്കുന്നു. പക്ഷേ അത് കിട്ടിയമുതല്‍ അദ്ദേഹത്തിനു സ്വസ്ഥത ഇല്ലാതായി. പഴയ ഫര്‍ണിച്ചറും ചിത്രങ്ങളും ഒന്നും പിടിക്കാതായി. എല്ലാം മാറ്റേണ്ടിവന്നുവത്രെ. 'ഞാന്‍ എന്റെ പഴയ മേലങ്കിയുടെ മേധാവിയായിരുന്നു; ഇന്ന് ഞാന്‍ പുതിയ മേലങ്കിയുടെ അടിമയായിരിക്കുന്നു.' 

ഉപഭോഗ സംസ്‌കാരം നമ്മെക്കൊണ്ട് പല അനാവശ്യ സാധനങ്ങളും വാങ്ങിപ്പിക്കുന്നുവെന്നത് സുവിദിതമാണല്ലോ. അങ്ങനെ തീരാത്ത മോഹങ്ങള്‍ നമ്മെ അസന്തുഷ്ടരും അതൃപ്തരുമാക്കും. ഇവിടെ ബോധം വസ്തുവെ ഭരിക്കുന്നതിന് പകരം വസ്തു ബോധത്തെ കീഴടക്കി നിയന്ത്രിക്കുന്നു. നമ്മുടെ കൈയിലുള്ള വസ്തുക്കളെക്കുറിച്ച് നാം തന്നെ ഉണ്ടാക്കുന്ന സങ്കല്‍പങ്ങളാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്. മഹാകവി മില്‍റ്റന്റെ 'നഷ്ടപ്പെട്ട സ്വര്‍ഗം' (പാരഡൈസ് ലോസ്റ്റ്) എന്ന ഇതിഹാസ കാവ്യത്തില്‍ ഇഛാശക്തിയുടെ കരുത്തന്‍ ഭാവങ്ങളുള്ള സാത്താന്‍ പറയുന്ന ഒരു വാചകമുണ്ടല്ലോ 'മനസ്സ് അതിന്റെ തന്നെ ഇടമാണ്; അതില്‍ത്തന്നെ അതിനു സ്വര്‍ഗത്തെ മാറ്റി നരകം നിര്‍മിക്കാനും നരകത്തെ മാറ്റി സ്വര്‍ഗം നിര്‍മിക്കാനും കഴിയും.' മനസ്സിനെ പാകപ്പെടുത്തുകയാണ് എല്ലാ പ്രതികരണങ്ങളുടെയും ആവിര്‍ഭാവ ബിന്ദു എന്ന് പഠിപ്പിക്കാന്‍ സാത്താന്‍ തന്നെ വേണമെന്നില്ല.

ഇപ്പറഞ്ഞ പഠനങ്ങള്‍ ബാഹ്യഘടകങ്ങള്‍ മനസ്സിനെ സ്വാധീനിച്ചു സന്തുഷ്ടി നല്‍കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിനെക്കുറിച്ച ആലോചനകളാണ്. എന്നാല്‍ അന്തിമമായ സന്തുഷ്ടിയും അനുഭൂതിയും മനസ്സിന്റെ ഉള്ളില്‍ വരുന്ന, ആത്മീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന, അനുഭവമാണ് (ആത്മീയതയെ തിരസ്‌കരിക്കുന്നെങ്കിലും സാമൂഹിക ഇടപെടലുകളിലൂടെ സായൂജ്യം കണ്ടെത്തുന്നവര്‍ക്കും ഉണ്ടാകും ആനന്ദം. അതൊന്നും സമൂഹം നിര്‍ണയിക്കുന്ന ആനന്ദത്തിന്റെ സ്രോതസ്സുകളല്ല). അത് ഇതിനെയെല്ലാം അതിജീവിക്കുന്ന ഘടകമാണ്. ഒരാള്‍ ജീവിതത്തിന്റെ അന്തിമമായ അര്‍ഥം കണ്ടെത്തുകയും അതിനു കീഴെ വരുന്ന എന്തിനെയും താരതമ്യേനയുള്ള നിസ്സംഗതയോടെ നോക്കിക്കാണുകയും ചെയ്യുമ്പോള്‍ കര്‍മങ്ങളില്‍നിന്ന് നുകരുന്ന ആനന്ദം ആനന്ദമാവുകയും സന്താപം ക്ഷണികമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണത്. മാപിനികള്‍ക്ക് വഴങ്ങാത്ത അതിനെ സംഘടിത തലത്തില്‍ അളക്കുക ദുഷ്‌ക്കരമാവും. സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സഹവര്‍ത്തിത്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചുള്ള സന്തുഷ്ടിയുടെയും ആനന്ദത്തിന്റെയും നിമ്‌നോന്നതികളും ആപേക്ഷികതയും മാത്രമാണിവിടെ ചര്‍ച്ച ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍