Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

സൗഹൃദത്തിന്റെ പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുത്തണം

പി. സുരേന്ദ്രന്‍/ ശൈഖ് മുഹമ്മദ് കാരകുന്ന്

സൗഹൃദ സംവാദം-2

സുരേന്ദ്രന്‍: സാമ്രാജ്യത്വത്തിന്റെ മുഖ്യലക്ഷ്യം ആയുധക്കച്ചവടമാണ്. അഫ്ഗാനിസ്താനിലും പാകിസ്താനിലുമെല്ലാം ഗോത്രങ്ങള്‍ക്ക് ആയുധം നല്‍കുന്നത് സാമ്രാജ്യത്വമാണ്. അവരിവിടെ ഹിന്ദുത്വ ശക്തികള്‍ക്കും ഫണ്ട് നല്‍കുന്നുണ്ടാകണം. 

ശൈഖ്: ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യക്ക് ഇസ്രയേലുമായാണല്ലോ ഇപ്പോള്‍ അടുത്ത ബന്ധം. യഥാര്‍ഥത്തില്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം തന്നെ സ്ഥാപിതമായത് ഗാന്ധിജിയുടെ അഭിപ്രായംപോലെ മറ്റൊരു രാജ്യത്തെ വെട്ടിമുറിച്ചുകൊണ്ടാണല്ലോ. ഇസ്രയേല്‍ ഇന്ത്യയുമായി ഇന്ന് ആയുധ കച്ചവടം നടത്തുന്നുണ്ട്. അവര്‍ക്കിതില്‍ വലിയ സാമ്പത്തിക വരുമാനമുണ്ട്. ഇതിലൂടെ സാമ്രാജ്യത്വ തന്ത്രമാണ് വിജയിക്കുന്നത്. നേരത്തെ സാമ്രാജ്യത്വ ശക്തികള്‍ അധിനിവിഷ്ട രാജ്യങ്ങളില്‍ നിന്ന് പിന്തിരിയുമ്പോള്‍ അതിര്‍ത്തികളില്‍ വിഷബീജങ്ങള്‍ വിതച്ചിട്ടുണ്ടായിരുന്നു. തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇടപെടാന്‍ കഴിയുംവിധം ആ രാജ്യങ്ങളില്‍ അതിര്‍ത്തിത്തര്‍ക്കങ്ങളായി അത് മുളച്ചുവരും എന്നവര്‍ കണക്കുകൂട്ടി. സുഊദിയും യമനും തമ്മില്‍, ഉത്തര യമനും ദക്ഷിണ യമനും തമ്മില്‍, ഇറാഖും കുവൈത്തും തമ്മില്‍, യു.എ.ഇയും ഇറാനും തമ്മില്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അവസാനിക്കാത്ത അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി പോലും വരച്ച സര്‍ റാഡ് ക്ലിഫ് യഥാര്‍ഥത്തില്‍ ബംഗാളോ പഞ്ചാബോ കണ്ടിരുന്നില്ല. 1947 ജനുവരി 13 നാണ് അദ്ദേഹം ഡല്‍ഹിയില്‍ വരുന്നത്. ശേഷം ഭൂപടം നോക്കിയും 1941-ലെ സെന്‍സസ് നോക്കിയും അതിര്‍ത്തി വരക്കുകയായിരുന്നു. പിന്നീട് സംഭവിച്ചതെന്താണെന്ന് നമുക്കറിയാം. ഇന്ത്യക്കും പാകിസ്താനുമിടയില്‍ അവസാനിക്കാത്ത ശത്രുതയും അതിര്‍ത്തി തര്‍ക്കവും ഇതിലൂടെ രൂപപ്പെട്ടു. ഇതിന്റെ പേരില്‍ അമേരിക്കയില്‍ നിന്ന് എത്ര തോതില്‍ ആയുധം നമ്മള്‍ വാങ്ങുകയുണ്ടായി! എത്ര പണമാണ് ഇരുരാജ്യങ്ങളും തങ്ങളുടെ ദേശ സുരക്ഷയുടെ പേരില്‍ ചെലവഴിച്ചത്! ഈ പണമുണ്ടായിരുന്നെങ്കില്‍ ഇരു രാജ്യങ്ങളിലും സ്വര്‍ണ മതില്‍ കെട്ടാമായിരുന്നു. അപ്പോള്‍ ശത്രുവിനെ സാങ്കല്‍പ്പികമായി വളര്‍ത്തിയെടുക്കുക എന്നത് ആയുധ കച്ചവടക്കാരുടെ താല്‍പര്യമാണ്.

സുരേന്ദ്രന്‍: ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആ രാജ്യങ്ങളില്‍ ക്രിമിനലിസം എന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്രയേറെ വിഭവസമൃദ്ധമായ രാഷ്ട്രങ്ങള്‍ എങ്ങനെ ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും വലിച്ചെറിയപ്പെട്ടു എന്ന് നോക്കിയാല്‍ അതിന്റെ കാരണം സാമ്രാജ്യത്വമാണ്. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ അവര്‍ കൊണ്ടുപോകും. ജനത നിരാശരായി മാറുകയും ചെയ്യും.

ശൈഖ്: അതിവിടെ ഇന്ത്യയിലുമുണ്ടല്ലോ. ഇപ്പോഴിതാ എണ്ണക്കമ്പനികള്‍ മുഴുവന്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇങ്ങനെ പൊതു മേഖല മുഴുവന്‍ അന്യാധീനപ്പെടുന്നു. 

സുരേന്ദ്രന്‍: ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മരവിപ്പ് വളരെ പ്രധാനമാണ് എന്നാണ് ഞാന്‍ കരുതുന്നത്. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരിലോ സാമ്രാജ്യത്വത്തിനെതിരിലോ നടക്കുന്ന സമരങ്ങളിലും മറ്റു ദൈനംദിന പ്രശ്‌നങ്ങളിലുമൊന്നിലും ജനത ഇടപെടുന്നില്ല. ഒരുതരം ആലസ്യം അവരെ പിടികൂടിയിരിക്കുന്നു. കൗതുകകരമെന്ന് തോന്നിപ്പോകും, ചില ജനകീയ സമരങ്ങളില്‍ അവിടത്തെ പുരുഷന്‍മാര്‍ അതിലൊന്നും ഭാഗഭാക്കാവുന്നില്ല. അവരെ ബാധിക്കുന്ന പ്രശ്‌നമാണ്. എന്നിട്ടും അവരോട് ചോദിച്ചാല്‍ പറയുക സമയമില്ലെന്നാണ്. ഇതേ പുരുഷന്‍മാര്‍ തന്നെ വിദേശ മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതും കാണാം. ഒരു ജനതയുടെ ഏറ്റവും വലിയ മരവിപ്പിന്റെ ലക്ഷണമാണ് ബിവെറേജിന്റെ മുമ്പിലുള്ള ഈ നീണ്ട ക്യൂ. അപ്പത്തിനുവേണ്ടിയുള്ള ക്യൂവില്‍ പോലും ഗോത്രത്തിന്റെ പേരില്‍ വലിയ സംഘട്ടനമുണ്ടായി എന്ന് ഇറാനിയന്‍ സംവിധായകന്‍ മഖ്ബൂല്‍ ബഫ് പറയുന്നുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയെടുക്കാന്‍ അഫ്ഗാനില്‍ പോയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇത് പറയുന്നത്. എന്നാല്‍, മദ്യഷാപ്പുകള്‍ക്കു മുമ്പില്‍ ഈ സംഘട്ടനമൊന്നുമില്ല. അത്രമാത്രം ഒരുമയോടുകൂടിയാണ് അവിടെ ക്യൂ നില്‍ക്കുന്നത്. 

ശൈഖ്: കേരളത്തില്‍ സമുദായികമായ വിഭജനങ്ങളും വര്‍ഗീയമായ ധ്രുവീകരണങ്ങളും പല കാരണങ്ങളാല്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരായ ഒരു കൂട്ടായ്മ അനിവാര്യമായും ഉയര്‍ന്നുവരേണ്ടതാണ്. പാലക്കാട് കലാപ കലുഷിതമായ സന്ദര്‍ഭത്തില്‍, സിറാജുന്നീസ വധത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ പ്രാദേശിക കൂട്ടായ്മ രൂപം കൊള്ളുകയുണ്ടായി. ദൈവാനുഗ്രഹത്താല്‍ ആ സൗഹൃദ വേദിക്ക് ശേഷം അവിടെ ഒരു കലാപവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപ നാളുകളിലായി അവിടെ പ്രശ്‌നങ്ങള്‍ പൊന്തിവന്നപ്പോള്‍ ഈ സമിതി തന്നെ ഇടപെടുകയും അത് ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. ഇത്തരം സൗഹൃദ കൂട്ടായ്മകളുടെ പ്രസക്തിയാണല്ലോ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്. 

സുരേന്ദ്രന്‍: പുതിയ പ്ലാറ്റ്‌ഫോമുകള്‍ അനിവാര്യമായും നമ്മള്‍ രൂപപ്പെടുത്തിയെടുക്കണം. അതില്‍ എഴുത്തുകാര്‍ വിമുഖത കാട്ടുന്നതിന്റെ കാരണം എഴുത്തുകാരുടെ ശബ്ദം കേള്‍ക്കുന്ന ഒരു ജനത ഇല്ലാതാകുന്നു എന്ന തോന്നലാണ്. ഇപ്പോള്‍ ചാനലുകളിലെല്ലാം എഴുത്തുകാര്‍ക്ക് എന്ത് റോളാണുള്ളത്? തത്ത്വജ്ഞാനികളും ദാര്‍ശനികരും പരിഗണിക്കപ്പെടുന്നില്ല. ചരിത്രകാരന്‍മാരും അക്കാദമിഷ്യന്മാരും ഇതുപോലെ മാറിനില്‍ക്കുന്നു. ഇവരെയെല്ലാം ഉള്‍പ്പെടുത്തി കൂടുതല്‍ വിശാലമായ കൂട്ടായ്മക്ക് രൂപംകൊടുത്ത് തെരുവുകള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഒരുകാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇതില്‍ മുന്നോട്ടുപോകാന്‍ സാധിച്ചിരുന്നു. എന്നാല്‍, അവരും ഇന്ന് അസഹിഷ്ണുക്കളാണ്. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ അവരും സന്നദ്ധരല്ല.

ശൈഖ്: ഇന്ത്യയില്‍ മതസംഘട്ടനങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആളുകള്‍ കൊല ചെയ്യപ്പെടാനും ഇത്തരം രാഷ്ട്രീയ സംഘട്ടനങ്ങള്‍ കാരണമാകുന്നുണ്ട്. എന്നാല്‍, അതിനെ സമൂഹം വിപത്തായി കാണുകയോ അതിനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നടന്ന പതിനായിരത്തിലേറെ വര്‍ഗീയ കലാപങ്ങളില്‍ ഒന്നില്‍പോലും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പങ്കാളികളല്ല. എന്നിട്ടും പറയപ്പെടുന്നത് അവരുടെ ആശയം അപകടകരമാണെന്നാണ്. ഏതെങ്കിലും സംഘത്തിന്റെ ആശയം അപകടകരമാണെങ്കില്‍ അവര്‍ക്ക് ഇവ്വിധം സമാധാന കാംക്ഷികളാകാന്‍ കഴിയുമോ?

സുരേന്ദ്രന്‍: ജമാഅത്തെ ഇസ്‌ലാമിയെ നിരീക്ഷിച്ചപ്പോള്‍ എനിക്ക് തോന്നിയ സവിശേഷത കൊലപാതകത്തിലോ ക്രിമിനല്‍ ആക്ഷനുകളിലോ അവര്‍ പങ്കെടുത്തിട്ടില്ലായെന്നതാണ്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ശൈഖ്: സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമകാലീന കേരളത്തില്‍ വേണ്ടത്ര പ്രസക്തിയുണ്ടല്ലോ?

സുരേന്ദ്രന്‍: ഞാനിത് നാദാപുരം കലാപ സന്ദര്‍ഭത്തില്‍ പറഞ്ഞിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോല്‍ത്സവം സംഘടിപ്പിക്കുക. അവിടെ നാടകം, സംഗീതം ഒക്കെ നടത്താം. ഇതിലൂടെ ജനങ്ങളുടെ ഭീതി മാറ്റിയെടുക്കാം. പക്ഷേ, അത്തരത്തിലുള്ള ശ്രമങ്ങളൊന്നും എന്തുകൊണ്ടോ നമുക്കിടയില്‍ നടക്കുന്നില്ല. ഏത് കലാപപ്രദേശങ്ങളിലും ഇത്തരം സാംസ്‌കാരികോത്സവങ്ങള്‍ വലിയ ഗുണം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എം.എന്‍. വിജയന്‍ പറഞ്ഞിരുന്ന വാക്യമുണ്ട്. ഫാഷിസം ജനതക്കുമേല്‍ വിതച്ചിടുന്നത് പേടിയുടെ പുതപ്പാണ്. അതിനെ പൊട്ടിച്ചുകളഞ്ഞുകൊണ്ട് സംവാദങ്ങള്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ ജനതക്ക് മുന്നോട്ടുപോകാനാകില്ല. ആദ്യഘട്ടത്തില്‍ നമ്മള്‍ ചില പ്രയാസങ്ങള്‍ സഹിക്കേണ്ടിവരും. എന്നാല്‍, തിരിച്ചടികളെ ഭയക്കാതെ മുന്നോട്ടുപോകാന്‍ കഴിയണം. അതിനുള്ള സംവിധാനങ്ങള്‍ നാമൊരുക്കണം. ഇതില്‍ ജമാഅത്തെ ഇസ്്‌ലാമിക്ക് വലിയ പ്രസക്തിയുണ്ട്. അവരുടെ മീഡിയ വളരെ ശക്തമാണ്. പൊതു സമ്മതി നേടിയെടുത്ത ഈ മാധ്യമ സംവിധാനങ്ങളുപയോഗിച്ച്  പ്രചാരണം നടത്തണം. കഴിയുമെങ്കില്‍ കേരളത്തിലെ മുഴുവന്‍ എഴുത്തുകാരെയും പാട്ടുകാരെയുമെല്ലാം സംഘടിപ്പിച്ച് സാംസ്‌കാരിക യാത്ര തന്നെ നടത്താവുന്നതാണ്.

ശൈഖ്: അക്ഷരങ്ങളെ നേരിടേണ്ടത് അക്ഷരങ്ങള്‍ കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ നോക്കൂ. എസ്.എഫ്.ഐക്ക് മേധാവിത്വമുള്ള കാമ്പസുകളില്‍ മറ്റൊരു സംഘടനക്കും അവര്‍ ഇടമനുവദിക്കുന്നില്ല.

സുരേന്ദ്രന്‍: ബംഗാളിലും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണല്ലോ. അവര്‍ക്കാധിപത്യമുള്ള പ്രദേശങ്ങളില്‍ മറ്റൊരു പാര്‍ട്ടിക്കാരനെ പോളിംഗ് ബൂത്തിലിരിക്കാന്‍ പോലും അവരനുവദിക്കില്ല. പാര്‍ട്ടിയാണ് വലുത് എന്ന കാഴ്ചപ്പാടിനോടും എനിക്ക് വിയോജിപ്പുണ്ട്. പാര്‍ട്ടിയേക്കാളും വലുത് മനുഷ്യനാണ്. മനുഷ്യന്റെ എല്ലാ ചിന്തകളും അവനെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളിലും വരുമല്ലോ. വ്യക്തിെയ സമ്പൂര്‍ണമായി കളഞ്ഞുകൊണ്ട് ഒരു പ്രസ്ഥാനത്തിലും ലയിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഉറൂബിനെ ഇടതുപക്ഷക്കാര്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കാന്‍ കാരണം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഹ്യൂമനിസമായിരുന്നു.

ശൈഖ്: ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെങ്കില്‍ സംഘടന ഒരിക്കലും ഭദ്രമാകുകയില്ല. മാത്രമല്ല ഏകശിലാ രൂപത്തില്‍ നില്‍ക്കുമ്പോഴുള്ള എല്ലാ പൊട്ടിത്തെറികളും അതിനകത്തുണ്ടാവുകയും ചെയ്യും.

സുരേന്ദ്രന്‍: ജനാധിപത്യമുണ്ടെന്ന് പറയപ്പെടുന്ന പ്രസ്ഥാനങ്ങളില്‍ പോലും അത് കുറവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അവരുടെ അഴിമതിയോടും കോര്‍പ്പറേറ്റ് വിധേയത്വത്തോടും എല്ലാ വിമര്‍ശനവും ഉന്നയിക്കുമ്പോള്‍ തന്നെ പാര്‍ട്ടി ഘടനയെന്ന നിലയില്‍ എനിക്കിഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണ്. ഗ്രൂപ്പിസം എന്നൊക്കെ പറയുന്നത് അവരുടെ ജനാധിപത്യ സ്വഭാവമാണ്. പാര്‍ട്ടി ശക്തമല്ലാത്തതുകൊണ്ട് എതിരഭിപ്രായങ്ങള്‍ പറയാന്‍ തെരുവ് ഉപയോഗപ്പെടുത്തുകയല്ലാതെ വഴിയില്ലല്ലോ. എന്നാല്‍ ഇടതുപക്ഷത്തിനകത്തതില്ല. അവരുടെ നിലപാടെല്ലാം ഇന്ന് ഭയപ്പെടുത്തുന്നതാണ്. ഞാനൊരു ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ വളരെ നീണ്ട ബ്ലോക്കില്‍ കുടുങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ വേരുകളുള്ള പ്രദേശമായതിനാല്‍ അവരുടെ പാര്‍ട്ടി പരിപാടിയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അത് ഗണേഷോല്‍സവവുമായി ബന്ധപ്പെട്ട ബ്ലോക്കായിരുന്നു. തെരുവുകളിലെല്ലാം വലിയ ഗണേഷ വിഗ്രഹങ്ങള്‍ ഞാന്‍ കണ്ടു. ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. കേരളത്തിലൊരിക്കലും ഇത്തരത്തിലുള്ള ഗണേഷോല്‍സവങ്ങളുണ്ടായിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് ബാലഗോകുലത്തിന്റെ കൃഷ്ണാഷ്ടമിയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത്തരം സംസ്‌കാരങ്ങളെ സ്വാംശീകരിക്കുന്നേടത്തേക്ക് ഇടതുപക്ഷം എത്തിയിരിക്കുന്നു.

ശൈഖ്: മതം മനുഷ്യനെ സംസ്‌കരിക്കാനുള്ളതാണ്. പക്ഷേ, എനിക്ക് തോന്നുന്നു; ഇവിടെ മതമെന്നത് തെരുവില്‍ ശക്തി പ്രകടിപ്പിക്കാനുള്ളതായിരിക്കുന്നു എന്ന്. ഒച്ചയിട്ടും ബഹളംവെച്ചും മതത്തെ 'ശക്തിപ്പെടുത്തുക' എന്നതിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍. പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി ഉച്ചഭാഷിണി ഒഴിവാക്കിക്കൊണ്ടാവുക എന്നതിനോട് ഞാനിവിടെയാണ് യോജിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ച് ഒരു പള്ളിയില്‍ ബാങ്ക് കൊടുത്താല്‍ മതി. പ്രസംഗങ്ങളും ഖുര്‍ആന്‍ പാരായണങ്ങളും വലിയ ശബ്ദത്തില്‍ പുറത്തേക്ക് വിടേണ്ടതില്ല. എല്ലാ മതങ്ങളിലുമുണ്ട്് ഈ പ്രശ്‌നം. മുസ്്‌ലിം സമൂഹം ഇതില്‍ മാതൃക കാട്ടുകയാണ് വേണ്ടത്. ആരാധനാലയങ്ങള്‍ ഇന്ന് ശാന്തികേന്ദ്രങ്ങള്‍ എന്നതിനുപകരം ഭീതി കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മറുഭാഗത്ത് മതം തെരുവുകളില്‍ ശക്തി പ്രകടിപ്പിക്കുകയാണ്. 

സുരേന്ദ്രന്‍: മതപരമായ ചിഹ്നങ്ങളെല്ലാം ഇത്തരത്തില്‍ എടുത്തുപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി ഇടതുപക്ഷം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ പരിഹാസ്യമാവുകയേ ഉള്ളൂ. ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാല്‍ തന്നെ ഹരേ കൃഷ്ണ, ഹരേ രാമ എന്ന് ആത്മാര്‍ഥമായി പറയാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കഴിയുമോ? കഴിയില്ല. കാരണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാനം ഭൗതികവാദമാണല്ലോ. 

ശൈഖ്: ഇന്ത്യയില്‍ ഫാഷിസത്തെ നേരിടാന്‍ കഴിയുമായിരുന്ന ഒരു മൂവ്‌മെന്റായിരുന്നു അത്. എന്നാല്‍, അവര്‍ക്കിന്നതിനുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. 

സുരേന്ദ്രന്‍: ഇടതുപക്ഷം തകര്‍ന്നുകൂടാ, തകര്‍ക്കപ്പെടാന്‍ വിട്ടുകൂടാ എന്നെല്ലാം എന്നോടു പലരും പറയാറുണ്ട്. ഞാന്‍ അവരോട് പറഞ്ഞത്, അതിന്റെ തകര്‍ച്ചയില്‍ നിന്ന് അതിനെ കരകയറ്റാന്‍ നമുക്ക് സാധിക്കില്ലയെന്നാണ്. വിജയന്‍മാഷ് പറഞ്ഞ കാര്യമുണ്ട്. കെസി. ഉമേഷ്ബാബുവിനെതിരെ പാര്‍ട്ടി നടപടിയുണ്ടായപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിയെ ഒരിക്കലും ഒരു കവിക്ക് തകര്‍ക്കാനാവില്ല. എന്നാല്‍ തീര്‍ച്ചയായും പാര്‍ട്ടി സെക്രട്ടറിക്ക് സാധ്യമാകും. അതുകൊണ്ട് സി.പി.എം തകരുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം പാര്‍ട്ടി നേതാക്കള്‍ക്ക് തന്നെയായിരിക്കും.

വി.എസ് അച്ചുതാനന്ദനെക്കുറിച്ചുള്ള എന്റെ പില്‍ക്കാല വിലയിരുത്തല്‍, അദ്ദേഹത്തില്‍ എവിടെയോ ഒരു മുസ്്‌ലിം വിരുദ്ധ സമീപനവും പ്രോ ഹിന്ദു സമീപനവുമുണ്ട് എന്നതാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് മലപ്പുറത്ത് മുസ്്‌ലിം പെണ്‍കുട്ടികളുടെ പഠനമികവിനെക്കുറിച്ച് അദ്ദേഹം വംശീയമായ അധിക്ഷേപം നടത്തിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇടതുപക്ഷം നടത്തുമ്പോള്‍ അതിനെതിരായി അദ്ദേഹം മൗനം പാലിക്കുന്നതും അതുകൊണ്ടാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

ശൈഖ്:  സുരേന്ദ്രന്‍ മുന്‍പ് നടത്തിയ പ്രസ്താവനയുണ്ടല്ലോ; 'സോളിഡാരിറ്റിയുടെ സമരഭൂമികയില്‍ ഞാന്‍ പ്രവാചകനെ കാണുന്നു' എന്ന നിരീക്ഷണം. ഞാന്‍ മനസ്സിലാക്കുന്നു, ഇസ്്‌ലാമിന്റെ വിമോചന സങ്കല്‍പ്പത്തെയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന്; വിശിഷ്യ, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ കഴിയുന്ന ഇസ്‌ലാമിന്റെ വിമോചന ശേഷിയെക്കുറിച്ച്്. ഇസ്്‌ലാമിന്റെ ഈ വിമോചന മൂല്യത്തെയാണല്ലോ ഇതര മുസ്‌ലിം സംഘടനകളില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ വ്യത്യസ്തമാക്കുന്നത്.

സുരേന്ദ്രന്‍: പ്രവാചക ജീവിതത്തില്‍ പല മുഖങ്ങളുമുണ്ട് എന്നതാണ് എന്റെ സ്വയംബോധ്യം. ധ്യാനത്തിന്റെ, പോരാട്ടത്തിന്റെ, സംസ്‌കാരത്തിന്റെ, രാഷ്ട്രീയത്തിന്റെ പലവിധ ഭാവങ്ങള്‍. ബ്ലാക്കിനോടൊപ്പം നില്‍ക്കാനുള്ള മനസ്സുണ്ട്്. ബിലാലിന്റെ അതിമനോഹരമായ ബാങ്കുവിളി, അതിനെ ഉള്‍ക്കൊള്ളാനുള്ള പ്രവാചകന്റെ മനസ്സ് അത് സംഗീതവുമായി  ബന്ധപ്പെടുന്നതാണ്. പ്രവാചകനില്‍ അടിസ്ഥാനപരമായി ഒരു കവിത്വം കുടികൊള്ളുന്നുണ്ട്. സര്‍ഗാത്മകമായി ഭാവിയെ കാണാന്‍ കഴിയുന്നവരാണല്ലോ കവികള്‍. അവര്‍ തന്നെയാണ് മനീഷികള്‍. അതുപോലെ അടിമകളോടുള്ള അടുപ്പം. ഖദീജയുമായുള്ള വിവാഹത്തോടുകൂടി അടിമകളെല്ലാം പ്രവാചകനില്‍ വന്നുചേരുന്നുണ്ട്. ഖദീജ കൊണ്ടുനടന്നിരുന്ന അടിമകളില്‍ പ്രവാചകന് അധികാരാവകാശങ്ങള്‍ ലഭ്യമായപ്പോള്‍ അവരെയെല്ലാം മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഇത്തരമൊരു വിമോചന വിപ്ലവത്തിന്റെ തുടര്‍ച്ച ഇസ്‌ലാമിനുണ്ട്. പക്ഷേ, അതിലുള്ള ഒരു പ്രശ്‌നം എന്നോട് പലരും ചോദിക്കാറുള്ളതാണ്. ഇസ്്‌ലാമിക രാഷ്ട്രം ഹിന്ദുത്വ രാഷ്ട്രത്തിന് സമാനമായ മറ്റൊരു മതരാഷ്ട്രമല്ലേ എന്നതാണ് അവരുടെ സംശയം. 

ശൈഖ്: ഈ സമീകരണമാണ് പ്രശ്‌നം. ഇസ്്‌ലാമിക രാഷ്ട്രം യഥാര്‍ഥത്തില്‍ മത രാഷ്ട്രമല്ല, ആദര്‍ശാധിഷ്ഠിതമായ മാനവിക രാഷ്ട്രമാണ്. മുഴുവന്‍ മനുഷ്യര്‍ക്കും സാമൂഹിക നീതി ഉറപ്പു വരുത്തുന്ന ഇസ്‌ലാമിന് വ്യക്തവും സ്വതന്ത്രവുമായ സാമ്പത്തിക സാമൂഹിക, രാഷ്ട്രീയ, ഭരണ വ്യവസ്ഥയുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും നല്ല ഭരണാധികാരിയായി അറിയപ്പെടുന്നത് ഉമറുല്‍ ഫാറൂഖാണ്. അദ്ദേഹത്തിന്റെ കാലത്ത് അവിടത്തെ ജനസംഖ്യയില്‍ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു മുസ്‌ലിംകള്‍. അദ്ദേഹത്തിന്റെ ഭരണം അറിയപ്പെടുന്നത് നീതിയുടെ പേരിലാണ്. ആ നീതിയുടെ പ്രധാന ഗുണഭോക്താവായി ചരിത്രത്തില്‍ ഇടംനേടിയത് മുസ്‌ലിമല്ല, കോപ്റ്റ് ക്രിസ്ത്യാനിയാണ്. ഉമറിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്വിന്റെ പുത്രന്‍ കോപ്റ്റ് ക്രിസ്്ത്യാനിയുമായി വഴക്ക് കൂടിയപ്പോള്‍ ചാട്ടകൊണ്ട് അടിക്കുകയുണ്ടായി. കോപ്റ്റ് ക്രിസ്ത്യാനി ഉമറിനോട് പരാതി പറഞ്ഞു. പരാതി ശരിയാണെന്ന് ബോധ്യമായ ഉമര്‍ ചാട്ട കോപ്റ്റ് വംശജന്റെ കൈയില്‍ കൊടുത്തു. ഗവര്‍ണറുടെ മകനെ അടിക്കാന്‍ പറഞ്ഞു. ഗവര്‍ണറുടെ പുത്രനെ അടിച്ച് കഴിഞ്ഞപ്പോള്‍ ഉമര്‍ പറഞ്ഞു, 'വേണമെങ്കില്‍ ഇനി ഗവര്‍ണറെയും അടിക്കാം, അദ്ദേഹത്തിന്റെ അധികാരത്തിന്റെ ബലത്തിലാണ് മകന്‍ നിന്നെ അടിച്ചത്', എന്ന്. എന്നാല്‍ ക്രിസ്ത്യാനിയായ ആ മനുഷ്യന്‍ പറഞ്ഞു: വേണ്ട, ഞാനിതില്‍ തന്നെ സംതൃപ്തനാണ്. അപ്പോള്‍ തന്റെ ഗവര്‍ണറായ അംറുബ്‌നുല്‍ ആസ്വിനോട് ഉമറിന്റെ ഒരു ചോദ്യമുണ്ട്: 'എന്നാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായല്ലേ പ്രസവിച്ചത്?' സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന രാമരാഷ്ട്രം ഇത്തരത്തിലുള്ളതാണെങ്കില്‍ ഏറ്റവും കൂടുതല്‍ നീതി കിട്ടുക ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്കാണ്. അത്തരമൊരു രാമരാജ്യം വരുന്നതില്‍ ആര്‍ക്കും ഒരെതിര്‍പ്പുമുണ്ടാകില്ല. എന്നാല്‍, ഹിന്ദുത്വം അത്തരമൊരു സാമൂഹിക  രാഷ്ട്രീയ വ്യവസ്ഥ സമര്‍പ്പിക്കുന്നേയില്ല. യഥാര്‍ഥത്തില്‍ ഇവിടെയുള്ളത് വംശീയ രാഷ്ട്രമാണ്. സവര്‍ണമായ ഏക സംസ്‌കാരത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍