Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

ചന്ദനക്കുടം നിര്‍ത്തുന്നു

പി.കെ റഹീം

ഓര്‍മ-3

1962 കാലത്ത് തൃശൂരില്‍ സുന്നി യുവജന സംഘത്തി(എസ്.വൈ.എസ്)ന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടുവരികയായിരുന്നു. സംഘടനയുടെ ഉദ്ഘാടനം കൊക്കാലെ മദ്‌റസയില്‍ കുട്ടിഹസന്‍ ഹാജിയാണ് നിര്‍വഹിച്ചത്. ജമാഅത്തിനെതിരെയുള്ള വേദി എന്ന നിലയില്‍ മഹല്ലിലെ പ്രമുഖരെല്ലാം അതില്‍ പങ്കെടുത്തിരുന്നു. എന്നെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. ആജാനുബാഹുവായ കുട്ടിഹസ്സന്‍ ഹാജിയുടെ മുന്നില്‍ ഞാന്‍ വിനീതനായി നിന്നു. എന്റെ തലയില്‍ കൈവെച്ച് 'ഹിദായത്തി'നും ദീനീപ്രവര്‍ത്തനങ്ങളില്‍ എനിക്ക് കൂടുതല്‍ താല്‍പര്യമുണ്ടാകുന്നതിനും വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. ജനം ഉറക്കെ ആമീന്‍ പറഞ്ഞു. നേര്‍മാര്‍ഗത്തിലുള്ള എന്റെ സഞ്ചാരത്തിന് കൂടുതല്‍ വെളിച്ചം നല്‍കാനുള്ളതായിരുന്നു ദീര്‍ഘമായ അദ്ദേഹത്തിന്റെ പ്രാര്‍ഥന. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. എന്നെ എസ്.വൈ.എസിന്റെ ജോയിന്റ് സെക്രട്ടറിയാക്കി. പി.വി പരീത് മാസ്റ്റര്‍ (ലക്ചറര്‍, എം.ടി.എ) പ്രസിഡന്റും സുലൈമാന്‍ സെക്രട്ടറിയുമായിരുന്നു. എന്നെ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് 'രക്ഷപ്പെടുത്തി' തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമമായിരുന്നു അത്. എന്നാല്‍ എന്റെ വഴി മറ്റൊന്നായിരുന്നു. 

വി.എം.വി ഫ്രൂട്ട് സ്റ്റാളും കാജാ സ്റ്റോറും

1963-ല്‍ ഞാന്‍ വി.എം.വി ഫ്രൂട്ട് സ്റ്റാളില്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. തൃശൂരിലെ ഹോള്‍സെയില്‍ വ്യാപാരിയായിരുന്നു വി.എം വീരാവു. ഓറഞ്ചും പൈനാപ്പിളും മാങ്ങയുമടങ്ങുന്ന പഴവര്‍ഗങ്ങള്‍ ശേഖരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും  ഹോള്‍സെയിലായി കയറ്റി അയക്കുന്ന ബിസിനസ്സായിരുന്നു അദ്ദേഹത്തിന്. ധാരാളം ജോലിക്കാര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കാര്യമായ കണക്കുപുസ്തകങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിന്റെ ആവശ്യവും ഇല്ലായിരുന്നു. അക്ഷരാഭ്യാസമില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ കണക്കുകളെല്ലാം സുരക്ഷിതമായിരുന്നു. ഒരു നോട്ട്ബുക്കില്‍ അദ്ദേഹം പറയുന്ന സ്ഥലത്ത് കണക്കുകളും മറ്റും എഴുതി വെക്കലായിരുന്നു എന്റെ ഉത്തരവാദിത്തം. പലരും പല പ്രാവശ്യം അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ അനവധി. ബാധ്യത ഉള്ളവര്‍ തന്നെ അദ്ദേഹത്തെ പല തവണ ചൂഷണം ചെയ്തു. വലിയ സംഖ്യകള്‍ കളക്റ്റ് ചെയ്ത് ഒരു കണക്കും നല്‍കാതെ മുങ്ങിയവരുമുണ്ട്. അതിനെ കുറിച്ച് ആരെങ്കിലും ഉണര്‍ത്തിയാല്‍ ഒറ്റ മറുപടിയേ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകൂ: ''അല്ലാഹു നല്‍കിയ രിസ്ഖ് അവനുദ്ദേശിച്ചവര്‍ക്ക് കിട്ടുന്നു.'' കുടുംബത്തിലെ സാമ്പത്തിക ശേഷിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മറ്റു നിര്‍ധനര്‍ക്കും അദ്ദേഹം വാരിക്കോരി കൊടുത്തു. സഹോദര പുത്രന്മാരെയും സഹോദരീ സന്തതികളെയും നിര്‍ലോഭം സഹായിച്ചു. 

1964-ല്‍ ഞാന്‍ തൃശൂര്‍ കാജാ സ്റ്റോറില്‍ അക്കൗണ്ടന്റായി. കാജാ അബ്ദുക്ക എന്ന പേരില്‍ അറിയപ്പെടുന്ന സി.എ അബ്ദു ആയിരുന്നു എന്റെ ബോസ്. അദ്ദേഹത്തിന്റെ അനുജന്‍ കരീം, മക്കളായ സലീം, സമാന്‍, സ്വാലിഹ് എന്നിവരാണ് വിവിധ സ്ഥാപനങ്ങളുടെ ചുമതല നോക്കിയിരുന്നത്. രണ്ട് ഷീറ്റ്‌ഫെഡ് ഓഫ്‌സെറ്റ് പ്രസ്സുകളും കാജാ ഐസ് ഫാക്ടറിയും സലീം കമ്പനിയും കാജയുടെ അനുബന്ധ സ്ഥാപനങ്ങളായിരുന്നു. കേരളത്തില്‍ കാജാ ബീഡി ഹോള്‍സെയിലായി വില്‍ക്കുന്നതിന്റെ ചുമതല അബ്ദുക്കക്കായിരുന്നു. എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും സബ് ഓഫീസുകള്‍ ഉണ്ടായിരുന്നു. ചാവക്കാട്ടും പരിസരത്തും കുടില്‍ വ്യവസായങ്ങളായും തിരുനെല്‍വേലിയില്‍ രാജവല്ലി കമ്പനി എന്ന പേരിലും ബീഡി ഉല്‍പാദനം നടന്നു. രാജാ അബ്ദുല്‍ ഖാദര്‍ ഹാജിയായിരുന്നു അതിന്റെയെല്ലാം ഉടമസ്ഥന്‍. അദ്ദേഹം മുസ്‌ലിം സമുദായത്തിന് ചെയ്ത സേവനങ്ങള്‍ നിരവധിയാണ്. അയ്യന്തോള്‍ പള്ളിയും ചേറൂര്‍ എം.ഇ.എ മസ്ജിദും ശാന്തപുരം ലോഡ്ജും ഫറൂഖ് കോളേജിന്റെ രാജകീയമായ ഗേറ്റും രാജാ റസിഡന്‍ഷ്യല്‍ സ്‌കൂളും (ചാത്തമംഗലം) മുതുവട്ടൂര്‍ ബോയ്‌സ് ഹോസ്റ്റലും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് മക്കളാണ്. അല്ലാഹു അവര്‍ക്കെല്ലാം നല്ല പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. 

അക്കൗണ്ടന്‍സിയും ഓഡിറ്റിംഗും പഠിക്കാന്‍ അബ്ദുക്ക എന്നെ പ്രോത്സാഹിപ്പിച്ചു. നാല് സ്ഥാപനങ്ങളുടെയും ചുമതല എനിക്കായിരുന്നു. അതിന്റെയെല്ലാം കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ എനിക്കു കഴിഞ്ഞു. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമായിരുന്നു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടാനും സെയില്‍സ് ടാക്‌സ്, ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സ്ഥാപനങ്ങളുമായി ഇടപഴകാനും എനിക്ക് അവസരങ്ങളുണ്ടായി. 

ഉമാ പ്രിന്റേഴ്‌സില്‍നിന്നാണ് സി.എന്നിന്റെ ഖുര്‍ആന്‍ പരിഭാഷ രണ്ട് വാള്യങ്ങളിലായി എന്‍.ബി.എസ് മുഖേന പ്രസിദ്ധീകരിച്ചത്. പാളയം ഇമാമായിരുന്ന മുഹമ്മദ് കുട്ടി മൗലവിയാണ് അതിന്റെ അറബി മൂലം തയാറാക്കിയത്. പരിഭാഷയുടെ മലയാള പ്രൂഫ് സാഹിത്യകാരനായ കാര്‍ത്തികേയനാണ് പരിശോധിച്ചത്. മലര്‍വാടിയുടെ ആദ്യ പ്രസിദ്ധീകരണവും ഉമ പ്രിന്റേഴ്‌സില്‍ നിന്നായിരുന്നു. 

ഫ്രൈഡേ ക്ലബ്ബ്

1962 മുതലാണ് തൃശൂരില്‍ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുഞ്ഞീന്‍, എന്‍.പി അഹമ്മദ്, വഹാബ് റാവുത്തര്‍, ഹുസൈന്‍ ഭായ്, തിരൂര്‍ കോയാമ്മു, ഷുക്കൂര്‍, കുഞ്ഞാമ്മു തുറവൂര്‍, കുഞ്ഞുമുഹമ്മദ് ഒരുമനയൂര്‍, കെ.സി ഹൈദ്രോസ്, വി.എ ലത്വീഫ്, അബ്ദുല്‍ അസീസ് എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. പല നാടുകളില്‍നിന്ന് വന്ന് തൃശൂരില്‍ ജോലി ചെയ്യുന്നവരായിരുന്നു അവര്‍. എന്‍.എ മുഹമ്മദ്, വി.എ ലത്വീഫ്, നൈസാം, ഖയ്യൂം എന്നിവര്‍ക്ക് ഞാന്‍ ട്യൂഷന്‍ എടുത്തിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന അവര്‍ക്ക് ആഴ്ചയിലൊരു ദിവസം ഇസ്‌ലാം മതവും പഠിപ്പിച്ചിരുന്നു.

1964-65 കളില്‍ ഫ്രൈഡേ ക്ലബ്ബ് രൂപംകൊണ്ടു. കാജാ സ്റ്റോര്‍ ആയിരുന്നു അതിന്റെ ആദ്യവേദി. ആലുവാക്കാരനായ എം.കെ അബ്ദുല്ല സാഹിബ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി തൃശൂരില്‍ ചാര്‍ജെടുത്ത നാളുകള്‍. എറണാകുളത്ത് ഫ്രൈഡേ ക്ലബ്ബ് രൂപീകരിച്ച ശേഷമാണ് അദ്ദേഹം തൃശൂരില്‍ എത്തുന്നത്. തൃശൂരിലെത്തുന്ന ഉദ്യോഗസ്ഥന്മാരും സമുദായ പ്രമുഖരും വ്യാപാരി-വ്യവസായികളും പരസ്പരം ബന്ധപ്പെടുന്നതിനും ഒത്തൊരുമിക്കുന്നതിനുമുള്ള വേദിയായിട്ടാണ് ഫ്രൈഡേ ക്ലബ്ബ് രൂപംകൊണ്ടത്. പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ പ്രസിഡന്റും സി.എ അബ്ദു സെക്രട്ടറിയുമായി ഫ്രൈഡേ ക്ലബ്ബ് നിലവില്‍ വന്നു. മാസംതോറും വെള്ളിയാഴ്ച രാത്രികളില്‍ യോഗം ചേര്‍ന്നു. സജീവരായ അമ്പതോളം അംഗങ്ങള്‍ ഉള്‍പ്പെട്ട ക്ലബ് യോഗങ്ങളില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എ.പി.എം.സി അബ്ദുറഹ്മാന്‍ (മാനേജര്‍, ഡി.എസ്.പി ഓഫീസ്), ഡി.വൈ.എസ്.പി അബൂബക്കര്‍ ഹാജി (ആമിന ബുക്ക് സ്റ്റാള്‍), വി. കുഞ്ഞിമൊയ്തീന്‍ ഹാജി (അലങ്കാര്‍), അലി (ജില്ല ട്രഷറി ഓഫീസര്‍), മീര്‍ ഹുസൈന്‍ (ഇന്‍കം ടാക്‌സ് ഓഫീസര്‍), അസ്മത്തുല്ലാ ഖാന്‍, അഡ്വ. എ. റസാഖ് ഖാന്‍, എസ്. ശൈഖ് മൊയ്തീന്‍ (ഡെപ്യൂട്ടി കലക്ടര്‍) എന്നിവരായിരുന്നു ക്ലബ്ബിലെ പ്രധാനികള്‍.

അയ്യന്തോള്‍ കലക്‌ട്രേറ്റിന് മുന്‍വശത്ത് പത്ത് സെന്റ് സ്ഥലം എം. കൃഷ്ണന്‍ എം.എല്‍.എ മുഖേന ഫ്രൈഡേ ക്ലബ്ബിന് ലഭിച്ചു. അങ്ങാടിപ്പുറം ക്ഷേത്രസമരം നടക്കുന്ന കാലം. മുസ്‌ലിംപള്ളിക്ക് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചെന്നായിരുന്നു മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട്. അബൂബക്കര്‍ ഹാജിയുടെ പേരിലായിരുന്നു സ്ഥലം രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനാമിയായിട്ടാണ് സ്ഥലം വാങ്ങിയതെന്നും പള്ളിക്ക് വേണ്ടി വാങ്ങിയതാണെന്നും ഹാജിയില്‍ നിന്ന് അപ്പോള്‍ തന്നെ രേഖ വാങ്ങിയിരുന്നു. രാജാ അബ്ദുല്‍ഖാദര്‍ ഹാജി മുഖേന പള്ളി നിര്‍മാണം നടന്നു. ജുമുഅയും തുടങ്ങി. കലക്‌ട്രേറ്റില്‍ വരുന്ന വ്യവഹാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ ഉപകാരപ്രദമാണ് പള്ളി. 

'67-68 കാലത്ത് കൊക്കാലെ മുസ്‌ലിം ജമാഅത്തില്‍ എന്നെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൃശൂരിലെ ഏക മുസ്‌ലിം മഹല്ല് ജമാഅത്തായിരുന്നു കൊക്കാലെ പള്ളി. ചന്ദനക്കുടം നേര്‍ച്ച ഇവിടത്തെ വലിയൊരു അനാചാരമായിരുന്നു. തൃശൂര്‍, കാളത്തോട് ഭാഗങ്ങളില്‍ നിന്നായി ആനകള്‍ കൊല്ലംതോറും ചന്ദനക്കുടം ഏന്തി മുല്ലക്കരക്ക് പോകുമായിരുന്നു. ഇതിനെതിരെ അഞ്ച് പള്ളികളിലെ ഇമാമുകളില്‍ നിന്ന് ഫത്‌വ വാങ്ങി 'ചന്ദനക്കുടം നേര്‍ച്ച ഉപേക്ഷിക്കുക' എന്ന പേരില്‍ നോട്ടീസ് ഇറക്കി. ടൗണ്‍ ഹനഫീ സുന്നത്ത് ജമാഅത്ത് പള്ളി, അയ്യന്തോള്‍ മസ്ജിദ്, കൊക്കാലെ പള്ളി എന്നിവിടങ്ങളിലെ ഖത്വീബുമാരും മുദര്‍രിസ് കുഞ്ഞുമുഹമ്മദ് മൗലവിയും അബ്ദുസ്സലാം മൗലവിയും ചേര്‍ന്ന് ഇറക്കിയതായിരുന്നു ഫത്‌വ. നാട്ടില്‍ കുറച്ച് ഒച്ചപ്പാട് ഉണ്ടായെങ്കിലും ചന്ദനക്കുടം നേര്‍ച്ച ആ വര്‍ഷം ഉണ്ടായില്ല. അടുത്ത വര്‍ഷങ്ങളില്‍ കാളത്തോട് പള്ളിയിലും ചന്ദനക്കുടം നേര്‍ച്ച നിര്‍ത്തലാക്കി. മുല്ലക്കര ചന്ദനക്കുടം ഒരു കെട്ടുകഥയുടെ സൃഷ്ടിയാണ്. ഒരു പുലയന്‍ തങ്ങള്‍ കണ്ട സ്വപ്നമാണ് ആ അന്ധവിശ്വാസത്തിന്റെ പിറവിക്ക് കാരണമായത്. മുല്ലക്കരയില്‍ കച്ചവടക്കാരും അന്ധവിശ്വാസികളായ ജനങ്ങളും ചൂഷക പുരോഹിതന്മാരും ആ ഉത്സവത്തില്‍ നിന്ന് മുതലെടുക്കുകയായിരുന്നു. തീവ്ര യാഥാസ്ഥിതിക വിഭാഗം കൂടുതല്‍ ആനകളെ എഴുന്നള്ളിച്ച് 'സിയാറത്തി'ന് മാറ്റു കൂട്ടി. മുല്ലക്കര മഹല്ല് നിവാസികള്‍ ഉദ്ബുദ്ധരാകുന്നതോടെ ആ മേളയും ഇല്ലാതായേക്കാം-ഇന്‍ശാ അല്ലാഹ്.

സംഘടിത സകാത്ത്

1972-ല്‍ 'തൃശൂര്‍ സകാത്ത് കമ്മിറ്റി' എന്ന പേരില്‍ സകാത്തിന്റെ സംഘടിത ശേഖരണവും വിതരണവും ആരംഭിച്ചു. 4700-ഓളം രൂപയാണ് ആദ്യവര്‍ഷം ലഭിച്ചത്. തൃശൂരിലെ സമ്പന്നരില്‍ അധികപേരും ഈ സംരംഭത്തോട് സഹകരിച്ചു. പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയും പി.എ കോയക്കുട്ടി ട്രഷററും പി.എസ് ഹംസ ഓഡിറ്ററുമായി ആദ്യ കമ്മിറ്റി രൂപം കൊണ്ടു. '27-ാം രാവിന്റെ പൈസ'ക്കായി തൃശൂരിന്റെ നാനാഭാഗത്തു നിന്നും സ്ത്രീകളും കുട്ടികളും സമ്പന്നരുടെ വീടുകളിലേക്ക് ഒഴുകുമായിരുന്നു. മഹല്ല് ഭാരവാഹികളില്‍ ചിലര്‍ സംഘടിത സകാത്ത് സംരംഭത്തില്‍ പങ്കാളികളായതോടെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ക്ക് ഇതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ കഴിയാതായി. വര്‍ഷംതോറും സകാത്ത് ഫണ്ടിലേക്കുള്ള സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. വിതരണത്തിലെ ആസൂത്രണവും സദ്ഫലങ്ങളുടെ അനുഭവങ്ങളും കൂടുതല്‍ സകാത്ത് ദായകരുടെ സഹകരണത്തിന് കാരണമായി. 15 ലക്ഷത്തിലധികമാണ് 2014-'15-ല്‍ വിതരണം ചെയ്തത്. തൃശൂരിനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ തുലോം കുറവാണ്. ഇപ്പോള്‍ സകാത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.വി മുഹമ്മദ് സക്കീറും സെക്രട്ടറി കെ.എ മുഹ്‌യിദ്ദീനുമാണ്. കാളത്തോട് മഹല്ലിലും മുല്ലക്കര മഹല്ലിലും ചേറൂരും പള്ളി കേന്ദ്രീകരിച്ചും സകാത്തിന്റെ സംഭരണവും വിതരണവും വേറെ തന്നെ നടന്നുവരുന്നു. ബൈത്തുസ്സകാത്തിനും മറ്റു റിലീഫ് സംഭാവനകള്‍ക്കും പുറമെയാണിത്. സകാത്ത് കമ്മിറ്റിയെ ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. പുതിയ കമ്മിറ്റി രൂപീകരണ വേളയില്‍ കൈയേറ്റ-അട്ടിമറി ശ്രമങ്ങളും നടക്കുകയുണ്ടായി. വൈലിത്തറ കുഞ്ഞുമുഹമ്മദ് മൗലവിയുടെയും മറ്റു പ്രഭാഷകരുടെയും വഅ്‌ള് പരമ്പരകളും ലഘുലേഖാ വിതരണവും സംഘടിത സകാത്തിനെതിരെ നടന്നിട്ടുണ്ട്. പക്ഷേ പ്രസ്ഥാന നിയന്ത്രണത്തിലുള്ള അഞ്ച് മിമ്പറുകളില്‍ നിന്നുള്ള ഉല്‍ബോധനങ്ങള്‍ അവയെ എല്ലാം നിഷ്പ്രഭമാക്കി. ഇങ്ങനെ ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച്, കൊക്കാലെ ജമാഅത്തില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് എനിക്കെതിരില്‍ 170 പേര്‍ ഒപ്പിട്ട മാസ് പെറ്റീഷന്‍ വരുന്നത്. എന്നെ സെക്രട്ടറി ചുമതലയില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു ആവശ്യം. നാല് ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

1. സകാത്ത് കമ്മിറ്റി രൂപീകരണം.

2. സ്ത്രീകള്‍ക്ക് പള്ളി പ്രവേശത്തിന് അനുമതി നല്‍കി. 

3. ഖുത്വ്ബ മലയാളത്തില്‍ നടത്തുന്നു.

4. ഖുത്വ്ബയിലെ ദുആ. 

പള്ളിക്കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നു. മഹല്ലിലെ രണ്ട് പണ്ഡിതന്മാരെയും ക്ഷണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. രണ്ട് പേരും ഹാജറായി. നാല് ആരോപണങ്ങളും ശരിയല്ലെന്ന് അവര്‍ സമര്‍ഥിച്ചു. കുഞ്ഞുമുഹമ്മദ് മൗലവിയാണ് വിശദീകരണത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം ഉദാഹരണ സഹിതം ഉദ്ധരണികളിലൂടെ ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കി. പക്ഷേ കമ്മിറ്റിക്ക് തൃപ്തിയായില്ല. മാസ് പെറ്റീഷന്‍ ആയതിനാല്‍ എന്നെ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മിറ്റി തീരുമാനിച്ചു. കാരണം പറയാതെ എങ്ങനെയാണ് ഒഴിവാക്കുക? പണ്ഡിതന്മാര്‍ എന്നെ അനുകൂലിച്ചിരിക്കുന്നു. ദീനീ നിയമത്തില്‍ തെറ്റായതൊന്നും ഞാന്‍ ചെയ്തിട്ടില്ല. വ്യക്തമായ കാരണം പറയാതെ ഒഴിവാക്കുന്നതും ശരിയല്ല. അവസാനം പുറത്താക്കാന്‍ പറയാവുന്ന കാരണവും ഞാന്‍ തന്നെ പറഞ്ഞുകൊടുത്തു. സെക്രട്ടറി മിനുട്‌സില്‍ ഇങ്ങനെ എഴുതി: ''ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിന്‍മാറുന്നതല്ലെന്നും പ്രസ്താവിച്ചതുകൊണ്ട് ജമാഅത്ത് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നു.''  

പിറ്റേദിവസം 'പുറത്താക്കി' എന്ന തലക്കെട്ടില്‍ ഒരു നോട്ടീസിറക്കി. അതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും അതിന്റെ അര്‍ഥവും വിശദീകരണവും കൊടുത്ത ശേഷം അതില്‍ നിന്ന് പിന്‍വാങ്ങാത്തത് കൊണ്ടാണ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ ആദര്‍ശത്തെയും ലക്ഷ്യത്തെയും കൂടുതല്‍ അറിയാനും മനസ്സിലാക്കാനും പലരെയും സഹായിച്ചു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍