Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

ഇസ്‌ലാമിനെ ആകാശത്തേക്ക് തുറന്ന് വിടുക

ശാഫി കോയാമ്മ

സ്‌ലാമിനെ അതിന്റെ ആകാശത്തേക്ക് തുറന്ന് വിടാത്തത് എന്ത് കൊണ്ടാണ്? ആകാശമെന്ന് വിളിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് രൂപം കൊണ്ട, വളര്‍ന്ന് വികസിച്ച വെബ് ലോകത്തെ കുറിച്ചാണ്. സൈബര്‍ ലോകത്തിന്റെ സാധ്യതകളെ കുറിച്ച് വളരെ നാം പഠിക്കണം. ഇന്നും, ഈ സോഷ്യല്‍ മീഡിയ കാലത്തും നമുക്ക് മുളയരച്ചുണ്ടാക്കിയ കടലാസ് ഗ്രന്ഥത്തില്‍ ഞെരുങ്ങിക്കഴിയാനാണ് വിധി. ഇസ്‌ലാമിനെ ആകാശത്തേക്ക് കൂട് തുറന്ന് വിടേണ്ടതുണ്ട്. സൈബറാകാശത്തെ മേഘക്കൂട്ടത്തില്‍ (ക്ലൗഡ്) ഇരുന്ന് അത് അറിവിന്റെ മഴ പെയ്യിക്കണം. 

പക്ഷെ, ഇന്നും പുസ്തക കച്ചവടക്കാരാകാനാണ് നാം ശ്രമിക്കുന്നത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ 'പത്ത് പുസ്തക നിരോധം' ഓര്‍മ്മ വരുന്നു. പ്രസ്ഥാനത്തെയും, പ്രസ്ഥാന സാഹിത്യത്തെയും ഏറെ ചര്‍ച്ചക്കെടുത്ത ആ സന്ദര്‍ഭത്തില്‍, പ്രസ്തുത പത്ത് പുസ്തകങ്ങളും സൈബര്‍ ലോകത്ത് സോഷ്യല്‍ മീഡിയക്ക് ലഭ്യമാക്കണമെന്ന അപേക്ഷയോട്, 'അവര്‍ പുസ്തകം വാങ്ങി വായിക്കട്ടെ' എന്നാണ് പലരും പ്രതികരിച്ചത്.

വായിക്കുക എന്ന വാക്കിലാണ് ഖുര്‍ആന്‍ അതിന്റെ അവതരണം ആരംഭിക്കുന്നത്. വായിക്കാന്‍ എഴുത്ത് വേണം. പക്ഷെ, എഴുതി തുടങ്ങുന്നത് തന്നെ വായിക്കാന്‍ പറഞ്ഞ് കൊണ്ടായാലോ? എഴുത്തും വായനയുമുണ്ടാവുക എന്നതാണു ഒന്നാമത്തെ കല്‍പനയായി മാറുന്നത്. അന്ന് ഖുര്‍ആന്‍ പകര്‍ത്തി വെച്ചത് എല്ലില്‍ കഷ്ണത്തിലും, മൃഗങ്ങളുടെയും ചെടികളുടെയും തോലിലുമൊക്കെയായിരുന്നു. ഇന്നത്തെ പോലെ കടലാസിന്റെ ഗ്രന്ഥമുണ്ടാകുന്നത് വളരെ പിന്നീടാണ്. കടലാസിന്റെ ചരിത്രത്തെ കുറിച്ച് സൈബര്‍ ലോകത്ത് ചോദിച്ചാല്‍ മതി, നന്നെ കുറഞ്ഞത് വിക്കിപീഡിയ മറുപടി തരും. കടലാസിന്റെ പിന്‍ഗാമിയാണ്, സിലിക്കണ്‍ കണങ്ങളില്‍ പണിത സൈബര്‍ ലോകം. അത് വലിയൊരാകാശം തുറന്ന് തന്ന് അവിടെ ക്ലൗഡുകള്‍ പണിത് വെച്ചു. നാം നമ്മുടെ കയ്യിലുള്ള കടലാസ് ഗ്രന്ഥങ്ങളിലെ അറിവുകള്‍ ആ ക്ലൗഡില്‍ പകര്‍ത്തി വെച്ചാല്‍ മാത്രം മതിയാവും. പക്ഷെ, നാമത് ചെയ്യുന്നില്ല. 

നിലവില്‍ ഇസ്‌ലാമിന്റെ എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ട് എന്നതും, സൈബര്‍ ലോകത്ത് എന്തൊക്കെ സംവിധാനങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താനായി ലഭ്യമാണ് എന്നതും ചിന്താവിഷയമാണ്.  ഇസ്‌ലാമിക ലോകത്ത് എടുത്ത് പറയാനാവുന്ന സംഭാവന, വിവിധ ഖുര്‍ആന്‍ പരിഭാഷകളാണ്. അതില്‍ തന്നെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വെബ്‌സൈറ്റ് എടുത്ത് പറയേണ്ടത് തന്നെ; അതിനെന്തൊക്കെ പരിമിതിയുണ്ടെങ്കിലും. പിന്നെ, ഏതാനും ചില പുസ്തകങ്ങളുടെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള സ്‌കാന്‍ കോപ്പിയും, പുതിയ ആനുകാലികങ്ങളുടെ വെബ് സൈറ്റ് വേര്‍ഷനുകളും. ഇസ്‌ലാം ഓണ്‍ലൈവ് പോലുള്ള വെബ് പത്രങ്ങളും ലഭ്യമാണ്.  വെബ് ലോകത്ത് നമുക്കെന്തും ചെയ്യാന്‍ സാധിക്കുന്ന വിധം ഉപകരണങ്ങളൊക്കെയും ലഭ്യമാണ്. വിവിധ ഡെസ്‌ക് ടോപ്, ആന്‍ഡ്രോയിഡ്, ഐഒഎസ് തലത്തില്‍ നിന്ന് പുസ്തകം തയാറാക്കാനുള്ള മുഴുവന്‍ ടൂളുകളും ലഭ്യമാണ്. 

ഇസ്‌ലാമിക വിജ്ഞാന കോശം പന്ത്രണ്ടാം വാല്യം ഈയിടെ പുറത്തിറങ്ങി. ഈ കൊച്ചു മലയാളത്തില്‍ പന്ത്രണ്ട് വാല്യമുള്ള ബൃഹത്തായ ഇസ്‌ലാമിക വിജ്ഞാന കോശം നമ്മുടെ പക്കലുണ്ട് എന്നതിന്റെ അര്‍ത്ഥം, നാം മറ്റ് പല ഭാഷകളേക്കാളും ഗ്രന്ഥ ശേഖരങ്ങളുടെ കാര്യത്തില്‍ ഒട്ടേറെ മുന്‍പന്തിയിലാണ് എന്നാണ്. വിവിധ ചരിത്രങ്ങളും, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളും, വിവിധ ലോക ഭാഷകളില്‍ ഇറങ്ങിയ ക്ലാസിക്കുകളുടെ മലയാളം പരിഭാഷയും അടക്കം, ഐ.പി.എച്ച് പ്രസാധന ശാലക്ക് കീഴിലും അല്ലാതെയും നമ്മുടെ പക്കലുണ്ട്. 

സൈബര്‍ പുസ്തക ശാലയെ കുറിച്ചുള്ള ആശയം പങ്ക് വെക്കാനാണ് ഇത്രയും കുറിച്ചത്. മലയാളത്തില്‍ ഇത്തരം ഒരു സംവിധാനത്തെ കുറിച്ച് സൈബര്‍ ലോകത്ത് പരതിയപ്പോള്‍, എടുത്ത് പറയാനായി ആകെ കണ്ടത്, വിക്കി മലയാളത്തിന്റെ ഗ്രന്ഥപ്പുരയാണ്. അതിന്റെ പ്രധാന പരിമിതി, കോപ്പി റൈറ്റ് തത്വങ്ങളുടെ നിബന്ധന പാലിച്ച്, ഏറെ പഴക്കം ചെന്ന പുസ്തകങ്ങള്‍ മാത്രമേ അവിടെ ലഭ്യമാക്കൂ എന്നതാണ്.  

അതിനാല്‍ വേണ്ടത് പൊതു പുസ്തക ശാല തന്നെയാണ്. ഇസ്‌ലാമിക പ്രസാധന ശാലകളുടെ പ്രധാന പോരായ്മ (അതിന്റെ എത്ര തന്നെ ഗുണങ്ങള്‍ എണ്ണി പറഞ്ഞാലും) അത് പൊതു ഇടങ്ങളില്‍ നിന്ന് ഇസ്‌ലാമിക വിജ്ഞാനങ്ങളെ മാറ്റി നിര്‍ത്തി (കോര്‍ണലൈസ് ചെയ്തു) എന്നതാണ്. ഫലം, മുസ്‌ലിംകളല്ലാത്ത ഭൂരിപക്ഷം സമൂഹത്തിനും ഈ വിജ്ഞാനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ, അവരെ സംബന്ധിച്ചിടത്തോളം ഈ വിജ്ഞാനങ്ങള്‍ മുസ്‌ലിംകളുടെ കുടുംബ കാര്യമായി  കരുതപ്പെടുകയോ ചെയ്തു എന്നതാണ്. ഖുര്‍ആന്‍ പരിഭാഷയെടുക്കാം. ഒരു സാധാരണ മലയാളിയെ സംബന്ധിച്ച് (വിശിഷ്യാ, മുസ്‌ലിമല്ലാത്ത വ്യക്തിയാണെങ്കില്‍) അദ്ദേഹം ഖുര്‍ആന്‍ പരിഭാഷക്ക് ആശ്രയിക്കുക പൊതു പ്രസാധകരെയായിരിക്കും, എത്ര തന്നെ ക്വാളിറ്റിയുള്ള പരിഭാഷകള്‍ മുസ്‌ലിം പ്രസാധകരില്‍ ഉണ്ടെങ്കിലും, ഒട്ടും ക്വാളിറ്റി ശ്രദ്ധിക്കാത്ത പൊതു പ്രസാധകരുടെ കൈയില്‍ ലഭ്യമായ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ അവര്‍ ആശ്രയിക്കുന്നു. ഇത് കൂടാതെ, ഇസ്‌ലാം വിജ്ഞാനങ്ങള്‍ എന്നാല്‍ തന്നെ മുസ്‌ലിംകളുടെ കുടുംബ സ്വത്താണെന്ന ധാരണ ഇവയൊക്കെയും പരക്കെ സൃഷ്ടിച്ച് വെക്കുന്നു. ഖുര്‍ആനെയാകട്ടെ, മറ്റ് ഇസ്‌ലാമിക വിജ്ഞാനങ്ങളെയാകട്ടെ, ഏതെങ്കിലും സമുദായത്തിന്റെ കുത്തകയാക്കുന്നതിനെ വിലക്കുകയും, അവയൊക്കെയും ജനങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് പഠിപ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. സൈബര്‍ ലോകത്ത് പുസ്തക ലൈബ്രറി തുടങ്ങുമ്പോള്‍, അത് പൊതു ലൈബ്രറിയായി തുടങ്ങി, അതില്‍ ഇസ്‌ലാമിക വിജ്ഞാനങ്ങളും ലഭ്യമാക്കുക എന്നതാണ് എല്ലാ വിഭാഗത്തിലും പെട്ട പൊതു വായനക്കാരെ ആകര്‍ഷിക്കാനുള്ള വഴി. 

എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു അഡ്രസില്‍ ഒരു വെബ്ബ് തുടങ്ങുക എന്നതാണു സൈബര്‍ ലൈബ്രറിയുടെ പ്രാഥമിക ഘട്ടം. അത് തുടക്കം മുതല്‍ തന്നെ മൊബൈല്‍ കാഴ്ചയെ തൃപ്തിപ്പെടുത്തുന്നതായിരിക്കാന്‍ ശ്രദ്ധിക്കണം. വെബ് സൈറ്റില്‍, പുസ്തകങ്ങള്‍ വിഷയം തിരിച്ച് ലഭ്യമാക്കുക എന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ പുസ്തകങ്ങള്‍, സൗജന്യവും, മലയാളം യൂണി കോഡില്‍ ഫോര്‍മാറ്റ് ചെയ്തതുമാകണം. അവ പേജും, തലക്കെട്ടും, വിഷയ കുറിപ്പും എല്ലാമുള്ള, പുസ്തക രൂപത്തില്‍ വായിക്കാന്‍ കഴിയുന്ന രൂപത്തില്‍ വെബ് ഡിസൈന്‍ ചെയ്ത് എടുക്കാവുന്നതാണ്. സോഷ്യല്‍ മീഡിയ കാലത്ത്, ലൈബ്രറി ചര്‍ച്ചകളും പുസ്തക ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ സാധിക്കും വിധം വെബ്‌സൈറ്റ് വിപുലീകരിക്കുക എന്നത് മൂന്നാം ഘട്ടമായി ചെയ്യാവുന്നതാണ്. നാലാം ഘട്ടമായി, മൊബൈല്‍ ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ആപ്ലിക്കേഷനുകളിലൂടെ, ലൈബ്രറി കൂടുതല്‍ പേരിലേക്ക് കൂടുതല്‍ സൗകര്യത്തോടെ ലഭ്യമാക്കുകയും ചെയ്യാം. 

ഇന്ന് വരെ നിലനിന്നിരുന്ന, ഇനിയും തുടര്‍ന്നേക്കാവുന്ന, സൈബര്‍ ലോകത്തെ കുറിച്ചുള്ള നമ്മുടെ മുന്‍വിധികളും, സൈബര്‍ ലോകത്തിന് നാം നല്‍കുന്ന മുന്‍ഗണനാ ക്രമത്തിലെ മുന്‍ഗണനയില്ലായ്മയും തന്നെയാണ് സൈബര്‍ ലൈബ്രറി നേരിടുന്ന ഒന്നാമത്തെ പ്രശ്‌നം. ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പ്രധാന ദൗത്യമായ പ്രബോധന നിര്‍വഹണത്തിന് സമൂഹത്തെ എജുക്കേറ്റ് ചെയ്യിക്കുക എന്ന ഉത്തരവാദിത്തം എത്ര പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയുക എന്നത് മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാര മാര്‍ഗം. ഇസ്‌ലാമിക പ്രസ്ഥാനത്തിനല്ലാതെ ഇത് ഏറ്റെടുക്കാന്‍ സാധിക്കില്ല. നന്നെ കുറഞ്ഞത് പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു ഘടകം (വിശിഷ്യ ഗള്‍ഫ് ഘടകങ്ങളില്‍ എതെങ്കിലും ഒന്നോ, കൂട്ടായോ) ഇത് ഏറ്റെടുക്കുക എന്നതും ഒരു പരിഹാര മാര്‍ഗമാണ്.  വിക്കി പുസ്തകശാലയെ കുറിച്ച് പറഞ്ഞപ്പോള്‍ സൂചിപ്പിച്ച കോപ്പി റൈറ്റ് ആണ് സൈബര്‍ പുസ്തക ശാലയുടെ മറ്റൊരു പ്രശ്‌നം. വിക്കി ഗ്രന്ഥ ശാലയില്‍ തന്നെ സൗജന്യമായി ലഭ്യമായ പുസ്തകങ്ങള്‍ തുടക്കത്തില്‍ ഉപയോഗിക്കാമെങ്കിലും, പിന്നീട്, പ്രശസ്ത പുസ്തകങ്ങളും സമകാലിക പുസ്തകങ്ങളും ഗ്രന്ഥ ശാലയില്‍ ഉള്‍പ്പെടുത്താതെ മുമ്പോട്ട് പോകാന്‍ സാധിക്കുകയില്ല. പരിഹാര മാര്‍ഗം, വിക്കി ഗ്രന്ഥശാലയിലെ പുസ്തകം തുടക്കത്തില്‍ ഉപയോഗപ്പെടുത്തുക എന്നതാണ്. പിന്നീട്, വിവിധ ഗ്രന്ഥകാരന്മാരെ സമീപിച്ച്, അവരുടെ കൈയില്‍ നിന്ന് കോപിറൈറ്റ് സ്വതന്ത്രമാക്കാനുള്ള ശ്രമം നടത്തുക (വിശിഷ്യ, നിലവില്‍ അച്ചടിയില്‍ ഇല്ലാത്ത പുസ്തകങ്ങള്‍, അറിവിന്റെ സൗജന്യവല്‍ക്കരണത്തെ കുറിച്ച് ഗ്രന്ഥകാരനെ ബോധ്യപ്പെടുത്തി സമ്മതം നേടുക എന്നത് അത്ര ദുഷ്‌കരമാവുകയില്ല). 

മനസ്സില്‍ ഒരു പബ്ലിക്ക് ലൈബ്രറി കരുതുക. ഏറ്റവും പ്രഫഷണല്‍ രീതിയില്‍ നടത്തുന്ന ലൈബ്രറി. വിവിധ ശാസ്ത്ര, സാങ്കേതിക വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഒരു ഭാഗത്ത്. വിവിധ കലാസാഹിത്യ വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍ മറുഭാഗത്ത്. വിവിധ സാമൂഹിക പഠന രംഗത്തുള്ള പുസ്തകങ്ങള്‍ വേറൊരു ഭാഗത്ത്. വിവിധങ്ങളായ ഗവേഷണ പഠനങ്ങളടങ്ങുന്ന പുസ്തകങ്ങള്‍ വേറൊരു ഭാഗത്ത്. എല്ലാം നല്ല അടുക്കും ചിട്ടയിലും, വൃത്തിയിലും. ആളുകള്‍ ചിലത് എടുത്ത് വായിക്കുന്നു. ചിലര്‍ അതെടുത്ത് രേഖപ്പെടുത്തി വെച്ച ശേഷം കൊണ്ട് പോകുന്നു. ഒരു ഭാഗത്ത് ചിലര്‍ ചില പുസ്തകങ്ങളെ കുറിച്ച് ഒറ്റക്കും കൂട്ടായുമിരുന്ന് സംഭാഷണങ്ങളിലേര്‍പ്പെടുന്നു. ചിലര്‍ കുറിപ്പ് എടുക്കുന്നു. ചിലര്‍ ഗവേഷണ പഠനങ്ങളില്‍ മുഴുകുന്നു... ഇനിയിതൊക്കെയും സൈബര്‍ ലോകത്തേക്ക് മാറ്റി വരച്ച് നോക്കൂ. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ആളുകള്‍ ഈ ഗ്രന്ഥ ശാലയില്‍ കടന്ന് വന്ന് മുകളില്‍ പറഞ്ഞ ഈ പ്രവര്‍ത്തനങ്ങളില്‍ ഒക്കെയും ഏര്‍പ്പെടുന്നത്... അറിവിനെ നാം കുപ്പി വെള്ളം പോലെ ബോട്ടിലിലാക്കി വില്‍ക്കാനാണു ശ്രമിച്ചത്. എന്നാലത്, മേഘങ്ങളില്‍ നിന്ന് മനസ്സുകളിലേക്ക് പെയ്തിറങ്ങട്ടെ... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍