Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

മതനിഷ്ഠയുള്ള മാതാപിതാക്കളുടെ വിവരക്കേടുകള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

രുകുന്ന ഹൃദയം ഉള്ളിലൊതുക്കി, കണ്ണീരിന്റെ നനവുള്ള മുഖം മെല്ലെ ഉയര്‍ത്തി ആ യുവാവ് എന്നോട് പറഞ്ഞു തുടങ്ങി: ''ഭയഭക്തിയോടെ നമസ്‌കരിക്കണമെന്നും റമദാനിലെ രാവുകളില്‍ ഭക്തരായ വിശ്വാസികള്‍ വിലപിച്ച് സ്രഷ്ടാവിന്റെ സന്നിധിയില്‍ സങ്കടങ്ങള്‍ സമര്‍പ്പിക്കുന്നത് പോലെ കരഞ്ഞ് പ്രാര്‍ഥിക്കണമെന്നും എനിക്ക് മോഹമുണ്ട്.''

സംസാരം തുടര്‍ന്ന് പിന്നെയും ആ യുവാവ്: ''ഞങ്ങള്‍ വീട്ടില്‍ മൂന്ന് സഹോദരങ്ങളാണ്. നടുവിലത്തെ മകനാണ് ഞാന്‍. നമസ്‌കാരത്തിന്റെ പേരില്‍ ഞങ്ങളുടെ പിതാവ് ഞങ്ങളെ അടിക്കുമായിരുന്നു. കര്‍ക്കശ സ്വഭാവക്കാരനാണ് അദ്ദേഹം. ഉറങ്ങുന്ന ഞങ്ങളെ പ്രഭാത നമസ്‌കാരത്തിന് അടിച്ചാണ് അദ്ദേഹം എഴുന്നേല്‍പിക്കുക. ഒരു 'ഹൊറര്‍ ഫിലിം' കണ്ട് ഞെട്ടിയുണരുന്നത് പോലെ ഉറക്കത്തില്‍ നിന്ന് പേടിച്ച് ഞങ്ങള്‍ ഉണരും. ഞാനും എന്റെ സഹോദരങ്ങളും പിതാവിനെ പേടിച്ച് വുദൂ പോലും എടുക്കാതെ നമസ്‌കാരത്തിന് പുറപ്പെടും. കാലമേറെ കഴിഞ്ഞിട്ടും നമസ്‌കാരത്തിന് നടന്നു നീങ്ങുമ്പോള്‍ വെറുപ്പിന്റെ വികാരമാണ് മനസ്സില്‍ മുന്നിട്ടുനില്‍ക്കുക. പിതാവില്‍ നിന്ന് കിട്ടിയ കനത്ത അടിയുടെ പാടുകള്‍ മനസ്സില്‍ നിന്ന് മായാത്തതാണ് കാരണം.''

രണ്ടാമത്തെ കഥയിലെ യുവാവ് പറഞ്ഞതിങ്ങനെ: ''എന്റെ പിതാവ് എല്ലാ ദിവസവും എന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചിട്ട് ചോദിക്കും: ഇതില്‍ നഗ്ന ചിത്രങ്ങളോ അശ്ലീല ഫിലിമുകളോ ഉണ്ടോ? ഇല്ലെന്ന് ഞാന്‍ എത്ര സത്യം ചെയ്ത് പറഞ്ഞാലും പിതാവ് വിശ്വസിക്കില്ല. ഫോണ്‍ വീണ്ടും പരിശോധിച്ച് വിശ്വാസം വരാതെ ഏറെ നേരം പരിശോധന തുടരും. പിതാവ് ഈ വിധത്തില്‍ പെരുമാറ്റം തുടര്‍ന്നപ്പോള്‍, പ്രതികാരമെന്നോണം താല്‍പര്യമില്ലാതിരുന്നിട്ടും ഞാന്‍ അശ്ലീല സിനിമകള്‍ കണ്ടുതുടങ്ങി. ഇതാ, ഈ നിമിഷം വരെ ഞാന്‍ അവ കണ്ടുകൊണ്ടിരിക്കുന്നു.''

നമ്മുടെ മക്കളെ ആരാധനകളുടെ ആത്മാവില്ലാത്ത ആചരണത്തിന് പ്രേരിപ്പിക്കുകയാവരുത് നമ്മുടെ ഉന്നം. അങ്ങേയറ്റത്തെ താല്‍പര്യത്തോടെയും ഹൃദയ സാന്നിധ്യത്തോടെയും അവര്‍ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരാവണം. മത ശിക്ഷണ മേഖലയില്‍ നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണിത്. നമ്മുടെ മക്കളെ ആരാധനാ കര്‍മങ്ങളുടെ കേവലാനുഷ്ഠാനത്തിന്നപ്പുറം, അവയോട് അദമ്യമായ താല്‍പര്യവും അഭിനിവേശവുമുള്ളവരാക്കി മാറ്റുകയെന്ന യത്‌നം നൈപുണിയും വൈദഗ്ധ്യവും വേണ്ട മേഖലയാണ്.

മൂന്നാമത്തേത് ഒരു യുവതിയുടെ കഥയാണ്. അവള്‍ നെറ്റിലൂടെയും ഫോണിലൂടെയും സ്ഥിരമായി ഒരു ചെറുപ്പക്കാരന് ഫോട്ടോകള്‍ അയച്ചുകൊണ്ടിരിക്കും. ചാറ്റ് ചെയ്യും. കാരണം തിരക്കിയപ്പോള്‍ അവളുടെ മറുപടി: ''എന്നോട് എന്റെ ഉമ്മയുടെ സമീപനത്തിനും പെരുമാറ്റത്തിനും തിരിച്ചടി നല്‍കുകയാണ് ഞാന്‍. മതനിഷ്ഠയുള്ള ഉമ്മ എനിക്ക് എന്നും ഉപദേശങ്ങള്‍ നല്‍കും. അത് എനിക്ക് മനസ്സിലാവും. പക്ഷേ, എപ്പോഴും എന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പരിശോധിക്കണമെന്ന് വെച്ചാല്‍? എന്നെ വിശ്വാസമില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ധരിക്കുകയുമില്ല.''

നാലാമത്തേത് മുപ്പത് വയസ്സ് പിന്നിട്ട യുവാവിന്റേതാണ്. ''എന്റെ പിതാവ് കാരണമാണ് ഞാനൊരു മുഴുസമയ പുകവലിക്കാരനായിത്തീര്‍ന്നത്.''

''എന്നു വെച്ചാല്‍?'' -ഞാന്‍

''എനിക്ക് അന്ന് പന്ത്രണ്ട് വയസ്സാണ്. പുകവലിക്കാരായ സ്‌നേഹിതന്മാരുണ്ടെനിക്ക്. പുകവലിക്കുന്ന അവരുടെ സമീപത്തിരിക്കുന്ന എന്റെ വസ്ത്രത്തില്‍ സിഗരറ്റിന്റെ മണമുണ്ടാവും. ഞാന്‍ പുകവലിക്കില്ല. പുകവലി എനിക്ക് ഇഷ്ടവുമല്ല. വീട്ടില്‍ തിരിച്ചെത്തിയാല്‍ വസ്ത്രത്തില്‍ നിന്ന് വമിക്കുന്ന സിഗരറ്റിന്റെ ഗന്ധം കാരണം പിതാവ് എന്നെ തല്ലും, പുകവലിക്കരുതെന്ന് ഉപദേശിക്കും. ഞാന്‍ പുകവലിക്കാറില്ല. ഗന്ധം പുകവലിക്കാരായ ചങ്ങാതിമാരുടെ സിഗരറ്റിന്റേതാണെന്ന് എത്ര പറഞ്ഞു നോക്കിയാലും പിതാവ് വിശ്വസിക്കില്ല. പിന്നെ ഞാന്‍ ഒരു തീരുമാനമെടുത്തു. പുകവലി തുടങ്ങുക. ഏതായാലും പിതാവിന്റെ അടികിട്ടും. കള്ളം പറഞ്ഞാലും നേര് പറഞ്ഞാലും പിതാവിന് ഒരുപോലെയാണ്. എന്നാല്‍ പിന്നെ പുകവലിച്ചിട്ടാവട്ടെ ശിക്ഷ. ഇപ്പോള്‍ എനിക്ക് വയസ്സ് മുപ്പത്. പുകവലിയോട് വെറുപ്പാണെങ്കിലും പിതാവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഞാന്‍ പുകവലിച്ചുകൊണ്ടേയിരിക്കുന്നു.''

എന്റെ നേരിട്ടുള്ള അനുഭവങ്ങളില്‍ ചിലതാണിവ. മക്കളെ മതനിഷ്ഠയുള്ളവരാക്കി വളര്‍ത്താനുള്ള മാതാപിതാക്കളുടെ നിര്‍ബന്ധബുദ്ധിയാണ് ഈ കഥകള്‍ക്കെല്ലാം പിന്നിലെ പൊതുവികാരം. ലക്ഷ്യം നല്ലതുതന്നെ. നാമോരോരുത്തരുടെയും ആഗ്രഹവും പ്രാര്‍ഥനയുമാണിത്. മതനിഷ്ഠയുടെയും സദാചാരബോധത്തിന്റെയും അടിസ്ഥാനത്തില്‍ മക്കളെ വളര്‍ത്തണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ രംഗത്തുള്ള വിവരക്കേടിന്റെ പ്രതിഫലനമാണ് ഓരോ കഥയിലും പ്രതിഫലിക്കുന്നത്. ശിക്ഷണ ശീലങ്ങള്‍ ക്രമപ്രവൃദ്ധമായി വേണം എന്ന അറിവിന്റെ അഭാവമാണ് ഒരു കാരണം. ക്ഷമ, വിശാല വീക്ഷണം, അയവുള്ള സമീപനം എന്നിവ ആവശ്യമായ രംഗമാണ് ഇതെന്ന അറിവില്ലായ്മയാണ് മറ്റൊരു കാരണം. നബി(സ) പറഞ്ഞുവല്ലോ, 'ഈ മതം കുറച്ചു കട്ടിയാണ്. സൗമ്യമായി വേണം നിങ്ങള്‍ അതിലേക്ക് കടക്കാന്‍.' ആഴവും പരപ്പും വിശാലതയുമുള്ള മതത്തോടുള്ള സമീപനം ലീനതയുടെയും സൗമ്യതയുടെയും സഹനത്തിന്റേതുമാവണം എന്നാണ് നബി(സ) സൂചിപ്പിച്ചത്. അടിയും ഇടിയും പരുക്കന്‍ പെരുമാറ്റവും അവിടെ പറ്റില്ല.

ആരാധനാ കര്‍മങ്ങളുടെ ആത്മാവില്ലാത്ത ആചരണമാവരുത് മക്കളില്‍ നിന്ന് നാം തേടുന്നത്. പൊരുളറിഞ്ഞ് ആത്മാര്‍ഥതയോടെ അവ നിര്‍വഹിക്കാന്‍ മക്കളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

നാം സൂപിപ്പിച്ച അനുഭവങ്ങള്‍ എല്ലാ വീട്ടിലും ഏറിയോ കുറഞ്ഞോ ഉണ്ട് എന്നതാണ് നേര്. നിഷേധ ഫലങ്ങള്‍ ഉളവാക്കുന്ന ഈ ശിക്ഷണ രീതി പരുഷമായ പരുക്കന്‍ രീതിയില്‍ നിന്ന് ഉണ്ടാവുന്നതാണ്. നമ്മുടെ അയവില്ലാത്ത കര്‍ശന സമീപനങ്ങള്‍ മക്കളില്‍ വെറുപ്പ് സൃഷ്ടിക്കും, ക്രമേണ അവര്‍ മതത്തില്‍ നിന്നും മതവൃത്തത്തില്‍ നിന്നും അകലുകയാവും അതിന്റെ ഫലം. നബി(സ)യെ അല്ലാഹു ഉണര്‍ത്തിയല്ലോ: ''അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം മൂലമാണ് നീ അവരോട് സൗമ്യമായി പെരുമാറുന്നത്. നീ കഠിനഹൃദയനും പരുഷ സ്വഭാവിയും ആയിരുന്നെങ്കില്‍ അവര്‍ നിന്റെ പരിസരത്ത് നിന്ന് എന്നോ പിരിഞ്ഞുപോയേനേ!'' നമ്മുടെ ചുറ്റില്‍നിന്നും നമ്മുടെ മക്കള്‍ ഒഴിഞ്ഞുപോകുന്നത് കണ്ടിട്ട് നാം വിലപിക്കുകയാണ്. ''മക്കളെങ്ങനെ ഞങ്ങളുടെ വാക്കുകള്‍ കേട്ടു അനുസരണം ഉള്ളവരായിത്തീരും?''

ഉത്തരം ലളിതമാണ്. നാം മക്കള്‍ക്ക് നിര്‍ഭയത്വവും സുരക്ഷിതത്വബോധവും നല്‍കണം. അവരുടെ കാര്യത്തില്‍ ചുഴിഞ്ഞുനോട്ടം പാടില്ല. ചാരപ്പണി നടത്തരുത്. അവരെ വിശ്വാസത്തിലെടുക്കണം. സൗമ്യമായും ആദരവോടെയും അവരോട് പെരുമാറണം. ഇങ്ങനെയാവുമ്പോള്‍ അവര്‍ നമ്മെ ഓര്‍ക്കും; അനുസരിക്കും. അടിച്ചും പരുഷമായി പെരുമാറിയും അനുസരിപ്പിക്കാന്‍ ആയേക്കും. പക്ഷേ, അത് എന്നെന്നും നിലനിന്ന് കൊള്ളണമെന്നില്ല. അവരുടെ സ്വത്വത്തെ അടിച്ചമര്‍ത്തിയും സ്വഭാവത്തെ നശിപ്പിച്ചും അവരുടെ മൂല്യങ്ങളെ ഇല്ലാതാക്കിയും നേടുന്ന താല്‍ക്കാലിക വിജയം വലിയ നേട്ടമായി നാം കൊണ്ടാടും. അത് ശരിയായ ശിക്ഷണ രീതിയാണെന്ന നമ്മുടെ ധാരണ വ്യര്‍ഥവിചാരമാണ്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍