Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

ഇസ്‌ലാമിക പാരമ്പര്യമറിയുന്ന സാമൂഹിക ശാസ്ത്രജ്ഞര്‍ കടന്നുവരട്ടെ

ഡോ. മുഖ്തദര്‍ ഖാന്‍

പറയുക: അറിവുള്ളവരും ഇല്ലാത്തവരും സമന്മാരാണോ?'' (ഖുര്‍ആന്‍ 39:9).
പൊതുവെ അറിവുള്ളവരെന്ന് കരുതപ്പെടുന്നവര്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒരു ശാക്തീകരണ ചിന്താപദ്ധതിയും സമ്മാനിച്ചില്ല എന്നതാണ് മുസ്‌ലിം ഉമ്മത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥക്ക് കാരണം. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജ്ഞാനപാപ്പരത്തമാണ്, ഭൗതിക വിഷയങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ പരാജയത്തിന്റെയും  അടിസ്ഥാന കാരണം. എന്നിട്ടും സമുദായത്തെ ശാക്തീകരിക്കാന്‍ ശേഷിയുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാരെ അരികുവത്കരിക്കുന്ന അവസ്ഥാവിശേഷം നിലനില്‍ക്കുകയും ചെയ്യുന്നു.
മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ അവഗണിച്ചത് സാമൂഹികശാസ്ത്രത്തെയായിരുന്നു. അമേരിക്കന്‍ മുസ്‌ലിംകള്‍ 1980-കളുടെ തുടക്കത്തില്‍ ആരംഭിച്ച വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമീകരണം എന്ന പദ്ധതിയും American Journal of Islamic Social Sciences-ഉം മാറ്റി നിര്‍ത്തിയാല്‍ സാമൂഹിക ശാസ്ത്രത്തെ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങള്‍ തീരെയുണ്ടായിരുന്നില്ല എന്നു തന്നെ പറയേണ്ടിവരും. സാമൂഹിക ശാസ്ത്രം അടിസ്ഥാനപരമായി പ്രായോഗികതയിലാണ് ഊന്നുന്നത്.  ലോകം എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പത്തിനുപരി, നിലനില്‍ക്കുന്ന സാഹചര്യത്തെ മനസ്സിലാക്കാനാണ് സാമൂഹിക ശാസ്ത്രം കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യകാലഘട്ടത്തിലെ മുസ്‌ലിംകള്‍, ലോകം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുമ്പോള്‍ നിയമജ്ഞരെ പരിശീലിപ്പിക്കാനോ ലോക സാഹചര്യം മനസ്സിലാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ മുന്‍കൈയെടുത്തിരുന്നില്ല. ലോകം എങ്ങനെയായിരിക്കണം എന്ന പണ്ഡിതന്മാരുടെ ചര്‍ച്ചകള്‍ സമകാലിക യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാത്തതിനാല്‍ അര്‍ഥശൂന്യവും നിഷ്ഫലവുമായിരുന്നു. ലളിതമായി പറഞ്ഞാല്‍, എങ്ങോട്ട് പോകണമെന്നതിനെക്കുറിച്ച് നീ പൂര്‍ണ ബോധാവാനാണെങ്കിലും ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നറിയാതെ ഒരടി മുന്നോട്ടുപോകാന്‍ നിനക്ക് കഴിയില്ല.
അതുകൊണ്ടുതന്നെ നമ്മള്‍ എവിടെയാണ് നിലകൊള്ളുന്നത് എന്നറിയാനും മത വിജ്ഞാനീയങ്ങളെ നന്നായി ഉപയോഗപ്പെടുത്താനും സാമൂഹിക ശാസ്ത്രം ഏറെ അനിവാര്യമാണ്. സാമൂഹിക ശാസ്ത്രത്തിന്റെ അഭാവത്തില്‍ പാരമ്പര്യ ഇസല്മിക വിജ്ഞാനീയങ്ങള്‍ തന്നെ അപ്രസക്തമായിത്തീരും.  ഒരു സാമൂഹിക ശാസ്ത്രജ്ഞനു നിര്‍വഹിക്കാനുള്ള  പരമപ്രധാനമായ ദൗത്യം, സമുദായ നേതൃത്വത്തിനും പൊതുസമൂഹത്തിനും നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുക എന്നതാണ്. നമ്മള്‍ എവിടെയാണ് നിലകൊള്ളുന്നതെന്ന് ശരിയായി വിശകലനം ചെയ്യാതെ ഫലപ്രദമായ പരിഹാര നയനിലപാടുകള്‍ രൂപപ്പെടുത്താനാവില്ല. കാര്യഗൗരവമുള്ള തീരുമാനമെടുക്കുന്നതിന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ അനിവാര്യമായ വിശകലനം കൂടിയേ തീരൂ.
സാമൂഹിക ശാസ്ത്രം ഇന്ന് ഏറെ വൈവിധ്യപൂര്‍ണവും സങ്കീര്‍ണവും കൂടുതലായി വികസിച്ചുകൊണ്ടിരിക്കുന്നതുമായ ശാസ്ത്രശാഖയാണ്. സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ടു നയിക്കാന്‍ ദൈവിക രീതികളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാരാണാവശ്യം; ജീവിക്കുന്ന ലോകത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ഉലമാക്കളെയല്ല.
പാരമ്പര്യ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ അടിസ്ഥാനമാക്കിയും, അതേസമയം അവയെ വിമര്‍ശിച്ചു കൊണ്ടും സാമൂഹികശാസ്ത്രം ഉദാത്തവും ഏറെ ശാക്തീകരണശേഷിയുള്ളതുമായ ഒരു ഇസ്‌ലാമിക പഠനശാഖ വികസിപ്പിച്ചു കൊണ്ടുവരുന്നുണ്ട്. ഇന്ന് നൂതന ജ്ഞാന ശാസ്ത്രത്തിലും ഇസ്‌ലാമിക പാരമ്പര്യ വിജ്ഞാനീയങ്ങളിലും ഒരുപോലെ അവഗാഹമുള്ള ധാരാളം മുസ്‌ലിം സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ മര്‍മപ്രധാനമായ പല വിഷയങ്ങളിലും സജീവമായ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. മുസ്‌ലിം സമൂഹം ഇവരില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ സമുദായത്തിന്റെ  പുനരുത്ഥാനത്തില്‍ ഈ പണ്ഡിതസമൂഹത്തിന് കാര്യമായ പങ്കുവഹിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
മുസ്‌ലിം സമൂഹത്തിന് സമകാലീന വിജ്ഞാനശാസ്ത്രത്തോടുള്ള വിരക്തിയെക്കുറിച്ചാണെന്ന് തോന്നുന്നു, ജലാലുദ്ദീന്‍ റൂമി ഇങ്ങനെ പറഞ്ഞത്: ''വാതിലുകള്‍ മലക്കെ തുറന്നിട്ടിട്ടും, നീ എന്തുകൊണ്ടാണ് തടവറയില്‍ തന്നെ നില്‍ക്കുന്നത്?''
 
വിവ: അസീസ് വാളാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍