Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

ചാനല്‍, സിനിമ: കാഴ്ചയുടെ ഇസ്‌ലാമിക പക്ഷം-2

സുഹൈല്‍ ഹിദായ ഹുദവി

സിനിമയുടെ മതപക്ഷ വായനയില്‍ അഭിനയ- സംഗീതത്തെക്കാള്‍ പ്രധാനമാണ് സ്ത്രീകളുടെ ചിത്രീകരണം. സ്ത്രീകളെ മാറ്റിനിര്‍ത്തി പൂര്‍ണമായും പുരുഷകേന്ദ്രീകൃതമായ ചലച്ചിത്ര ആവിഷ്‌കാരങ്ങള്‍ക്ക് മതിയായ രീതിയില്‍ സമൂഹത്തെ സ്വാധീനിക്കാനാവില്ലെന്നതു തീര്‍ച്ചയാണ്. സമൂഹത്തിന്റെ നേര്‍പാതിയാണ് സ്ത്രീയെന്നതു തന്നെ കാരണം. ചലച്ചിത്ര മേഖലയില്‍ പെണ്‍വിഭാഗത്തിനു ഭ്രഷ്ട് കല്‍പിക്കുന്നതിനു പകരം അനുവദനീയ ചിട്ടവട്ടങ്ങളോടെ, ഉചിതമായ രീതിയില്‍ അവരുടെ ചിത്രീകരണം നടത്തുകയാണ് ഇവ്വിഷയത്തില്‍ ഇസ്‌ലാമിക ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളത്.
വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന കഥാവിഷ്‌കാരങ്ങളിലെല്ലാം സ്ത്രീകള്‍ക്കു ശ്രദ്ധേയ സ്ഥാനം നല്‍കിയതായി കാണാം. ആദംനബിയോടൊപ്പം ഹവ്വ ബീവിയെയും ആവിഷ്‌കരിച്ചു തുടങ്ങുന്ന ഖുര്‍ആനിക കഥാവതരണങ്ങള്‍ നൂഹ് നബിയുടെ ഭാര്യ, ബില്‍ഖീസ് രാജ്ഞി, മൂസാ നബിയുടെ മാതാവും സഹോദരിയും, ഫിര്‍ഔന്‍ പത്‌നി, ശുഐബ് നബിയുടെ പെണ്‍മക്കള്‍, ഇംറാന്‍ പത്‌നി, മര്‍യം ബീവി എന്നിവരിലൂടെ പ്രവാചക പത്‌നിമാരിലെത്തുന്നു. അഹ്‌സനുല്‍ ഖസ്വസ്വ് (അത്യുത്തമ കഥാവിഷ്‌കാരം) എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന യൂസുഫ് നബിയുടെ ചരിത്രത്തില്‍ അസീസിന്റെ പത്‌നി സുലൈഖയും തോഴിമാരും നിറഞ്ഞുനില്‍ക്കുന്നു. ഇത്തരം ചരിത്രങ്ങള്‍ ദൃശ്യഭാഷയിലേക്കു പകര്‍ത്തുമ്പോഴൊന്നും ഉടലെടുക്കാത്ത ശാഠ്യങ്ങള്‍ പെണ്‍ചിത്രീകരണത്തില്‍ മാത്രം വെച്ചുപുലര്‍ത്തുന്നതിന്റെ മതപക്ഷം വിശകലനം ചെയ്യപ്പെട്ടേ തീരൂ.
മുഖ്യധാരാ ചലച്ചിത്രങ്ങളിലെ വര്‍ത്തമാന പെണ്‍സാന്നിധ്യങ്ങളില്‍ മിക്കതും നഗ്നതാപ്രദര്‍ശനങ്ങളായി അധഃപതിച്ചവയാണ് എന്നതുകൊണ്ടു മാത്രം സ്ത്രീചിത്രീകരണത്തിന്റെ ഇസ്‌ലാമിക മാനം ഒറ്റവാക്കില്‍ നിഷിദ്ധമെന്നു തീര്‍ച്ചപ്പെടുത്താവതല്ല. സ്ത്രീകളുടെ ഔറത്ത്, അവര്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ശരീരഭാഗങ്ങള്‍, അയഥാര്‍ത്ഥമായ ബിഗ് സ്‌ക്രീനില്‍ അവ കാണുന്നതിന്റെ വിധി എന്നിവ അപഗ്രഥനം ചെയ്ത ശേഷമേ ഇവ്വിഷയകമായ തീര്‍പ്പുകള്‍ക്കു പ്രസക്തിയുള്ളൂ. കാടടച്ചു വെടിവെക്കുന്ന നടപ്പുരീതിക്കു പകരം ഇസ്്‌ലാമികമായൊരു മുന്‍ഗണനാക്രമം ഇവ്വിഷയകമായി രൂപപ്പെടുത്താന്‍ ഇത്തരമൊരു വിശകലനം തീര്‍ച്ചയായും ഗുണം ചെയ്യും.
ചാനലുകളിലും ചലച്ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന സ്ത്രീ ശബ്ദത്തിന്റെ മതവിധിയും ഇവിടെ പ്രസക്തമാണ്. പെണ്‍ശബ്ദം ഔറത്തിന്റെ പരിധിയില്‍ വരില്ലെന്നതാണ് ഇവ്വിഷയത്തിലെ പ്രബലമായ പണ്ഡിതമതം. ലൈംഗികോത്തേജനം സാധ്യമാക്കുന്നുണ്ടെങ്കില്‍ മാത്രമേ സ്ത്രീശബ്ദം ശ്രവിക്കുന്നത് ഹറാമിന്റെ പരിധിയില്‍ പെടുകയുള്ളൂ (ഫത്ഹുല്‍ മുഈന്‍). വിപത്ത് ഭയപ്പെടുന്നില്ലെങ്കില്‍ സ്ത്രീകളുടെ ഗാനാലാപനം ശ്രവിക്കുന്നത് അനുവദനീയമാണെന്ന് ശാഫിഈ ഗ്രന്ഥങ്ങളായ ശര്‍വാനിയിലും ഹാശിയതുല്‍ ജമലിലും കാണാം. സ്ത്രീശബ്ദം ശ്രവിക്കുന്നത് നേരിട്ടു തന്നെ അനുവദനീയമാണെങ്കില്‍ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള അവയുടെ സാധുത ആശങ്കപ്പെടേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍, പലരും ധരിച്ചുവശായ പോലെ സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള സിനിമാ ചിത്രീകരണങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിരാകരിക്കുന്നില്ലൊരിക്കലും ഇസ്്‌ലാമിക കര്‍മശാസ്ത്രം. പല ഇറാനിയന്‍ ചിത്രങ്ങളിലും പ്രകടമാകുന്ന രീതിയില്‍, മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കൃത്യമായി മറച്ച്, ലൈംഗിക ചേഷ്ടകള്‍ ഒഴിവാക്കിയുള്ള, മാന്യമായ പെണ്‍ അഭിനയങ്ങളെ മതം അംഗീകരിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രചോദിതമായ നന്മകള്‍ പ്രേക്ഷകരിലേക്കു പ്രസരണം നടത്തുക എന്ന നിയ്യത്ത് (അടിസ്ഥാന ലക്ഷ്യം) കൂടിയാവുമ്പോള്‍ ഇത്തരം സര്‍ഗപ്രവര്‍ത്തനങ്ങള്‍ പ്രതിഫലാര്‍ഹമായ ആരാധന കൂടിയായി മാറും എന്നതാണ് വസ്തുത.

സിനിമ മുസ്‌ലിംലോകത്ത്
പാശ്ചാത്യ വ്യവസായവത്കരണവുമായി (Western Industrialization) സജീവമായ ബന്ധം കാത്തുസൂക്ഷിച്ചാണ് ജനകീയമാധ്യമം എന്ന നിലയില്‍ സിനിമ വളര്‍ന്നുവന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും മധ്യവര്‍ഗ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന വാണിജ്യ- വിനോദ സംരംഭങ്ങളായിരുന്നു ആദ്യകാല ചലച്ചിത്രങ്ങളെന്നതിനാല്‍ ഈ കലാമേഖലയുടെ തന്നെ പൊതുവായ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഇത് നിര്‍ണായകമായിത്തീര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ഇസ്്‌ലാമിക രാജ്യങ്ങളിലും സിനിമ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. 1905-ല്‍ ഇറാനിലെ ടെഹ്‌റാനിലും തുര്‍ക്കിയിലെ ഇസ്തംബൂളിലും നടന്ന സിനിമാ പ്രദര്‍ശനങ്ങള്‍ ഈ ഗണത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1908ല്‍ സിറിയയിലെ അലെപ്പോയിലും അടുത്ത വര്‍ഷം ബഗ്ദാദിലും സിനിമാ പ്രദര്‍ശനങ്ങള്‍ നടന്നതോടെ നവീനമായൊരു കലാരീതി എന്ന നിലയില്‍ ഇസ്്‌ലാമിക ലോകത്തുടനീളം സിനിമ സ്വാധീനമുറപ്പിച്ചു തുടങ്ങി.
കേവല വിനോദം ലക്ഷ്യം വെച്ചുള്ള പാശ്ചാത്യ സിനിമാ വ്യവസായത്തിന്റെ അതേ മാതൃകയിലായിരുന്നു മുസ്‌ലിം രാജ്യങ്ങളിലും ചലച്ചിത്രരംഗം വികാസം പ്രാപിച്ചത്. തുനീഷ്യ, ഇറാന്‍, ഈജിപ്ത്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ന്നുവന്ന സിനിമാമേഖലയുടെ മുഖ്യധാര ഇസ്‌ലാമിക മൂല്യങ്ങളെയും ധാര്‍മികവിചാരങ്ങളെയും തൃണവത്ഗണിക്കുന്നതായിരുന്നു. അനന്തരഫലമെന്നോണം, ഇസ്‌ലാമിക മൂല്യങ്ങള്‍ക്കു വിലകല്‍പിക്കുന്ന വലിയൊരു വിഭാഗം ജനത ഇവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇസ്്‌ലാമിക പണ്ഡിതര്‍ ഇവ നിഷിദ്ധമാണെന്ന് മതവിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്തുടനീളം നിലനിന്നിരുന്ന കോളനിവിരുദ്ധ പൊതുബോധവും സിനിമക്കു നേരെ പ്രതിഫലിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് സിനിമാ മേഖലയിലേക്കുള്ള ഗൗരവമായ ഇസ്്‌ലാമിക ചുവടുവെപ്പുകള്‍ സംഭവിച്ചുതുടങ്ങുന്നത്. പാശ്ചാത്യ സിനിമകളുടെ അതിപ്രസരത്തില്‍ ഇസ്‌ലാമിക പ്രതിനിധാനങ്ങള്‍ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും വന്‍ അപചയമേല്‍ക്കുന്നതിന് തടയിടാന്‍ സിനിമയിലൂടെത്തന്നെ മറുപടി നല്‍കണമെന്ന ബോധ്യം ഒരുപറ്റം മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ ബലപ്പെട്ടുവന്നത് ഈ ഘട്ടത്തിലായിരുന്നു.
മുഹമ്മദ് നബിയുടെ ജീവിതവും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉത്ഭവ ചരിത്രവും ആധുനികലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ ദ മെസേജ് (The Message) ചിത്രമാണ് ലോകശ്രദ്ധ നേടുന്ന ഇസ്‌ലാമിക പ്രേരിതമായ ആദ്യസിനിമ. 200 ഡോളറും വിശുദ്ധ ഖുര്‍ആന്‍ പ്രതിയും കൈയില്‍ കരുതി സിറിയയില്‍ നിന്ന് അമേരിക്കയിലേക്ക് വിമാനം കയറിയ മുസ്ത്വഫ അക്കാദ് (1930-2005) സംവിധാനം ചെയ്ത ഈ ഹോളിവുഡ് ചിത്രം 1976-ലാണ് പുറത്തിറങ്ങിയത്. മുഹമ്മദ് നബിയെ ഒരിടത്തും നേരിട്ടു ചിത്രീകരിക്കാത്ത സിനിമ അദ്ദേഹത്തിന്റെ ശബ്ദവും കേള്‍പ്പിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. സ്വഹാബി പ്രമുഖരായ ഹംസ, ബിലാല്‍, സൈദ്, അബൂസുഫ്‌യാന്‍, ഭാര്യ ഹിന്ദ് എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രവാചക ജീവിതം ചിത്രത്തില്‍ പുരോഗമിക്കുന്നത്.
ഒരു മാധ്യമമെന്ന നിലയില്‍ ചലച്ചിത്ര മേഖലയോടു തന്നെ ഇസ്്‌ലാമിക ലോകം പൊരുത്തപ്പെടാതിരുന്നൊരു കാലത്ത് മുഹമ്മദ് നബിയുടെ ജീവചരിത്രം അഭ്രപാളിയിലെത്തിക്കാന്‍ സംവിധായകന്‍ മുസ്ത്വഫ അക്കാദിന് വലിയ ത്യാഗങ്ങളാണ് സഹിക്കേണ്ടി വന്നത്. സിനിമയുടെ ചരിത്രപരമായ ആധികാരികത ഉറപ്പുവരുത്താന്‍ ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാല, മക്കയിലെ റാബിത്വതുല്‍ ആലമില്‍ ഇസ്്‌ലാമി എന്നിവിടങ്ങളിലെ മതപണ്ഡിത പ്രമുഖരെ അക്കാദ് സമീപിച്ചെങ്കിലും അല്‍അസ്ഹര്‍ മാത്രമേ അദ്ദേഹത്തോട് സഹകരിച്ചുള്ളൂ. ആന്റണി ക്വിന്‍, ഐറിന്‍ പാപസ് ഉള്‍പ്പെടെ ഹോളിവുഡിലെ മികച്ച നടീനടന്മാരെ അണിനിരത്തിയുള്ള 178 മിനിറ്റ് സിനിമ സാമ്പത്തികമായും വിജയമായിരുന്നു. ചരിത്രപ്രധാനമായ ഈ ചിത്രത്തിലൂടെ ഒട്ടേറെപ്പേര്‍ ഇസ്്‌ലാമിലേക്കു കടന്നുവന്നെന്നാണ് തദ്വിഷയകമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലിബിയന്‍ വിമോചന നായകന്‍ ഉമര്‍ മുഖ്താറിന്റെ ജീവിതകഥ അധികരിച്ച് അക്കാദ് സംവിധാനം ചെയ്ത ലയണ്‍ ഓഫ് ദ ഡെസേര്‍ട്ട് (Lion of the Desert, 1981) മികച്ച ചിത്രങ്ങളിലൊന്നാണെങ്കിലും സാമ്പത്തികമായി പക്ഷേ, പരാജയമായിരുന്നു.
ഇസ്‌ലാമിക ചലച്ചിത്രാവിഷ്‌കാരങ്ങളില്‍ ആഗോളതലത്തില്‍ തന്നെ വാഴ്ത്തപ്പെട്ടതാണ് ഇറാനിയന്‍ സിനിമകള്‍. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ നിന്നു മാറി ആര്‍ട്ട് ഫിലിം മേഖലയില്‍ ഇറാന്‍ കൈവരിച്ച നേട്ടം തുല്യതയില്ലാത്തതാണ്. മുഖ്യധാരാ സിനിമകളൊന്നടങ്കം അധാര്‍മികതയുടെയും വഴിവിട്ട ജീവിതത്തിന്റെയും വിളനിലങ്ങളായി തുടരുമ്പോള്‍ അനിതര സാധാരണമായ ലാളിത്യവും തന്മയത്വവും ധര്‍മബോധവും വഴി ഇറാനിയന്‍ സിനിമകള്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. 1979-ലെ വിപ്ലവത്തിനു ശേഷം സിനിമാ മേഖലയില്‍ ഇറാന്‍ നടത്തിയ സമൂലമായ ഉടച്ചുവാര്‍ക്കലാണ് ചലച്ചിത്രരംഗത്തെ ഇറാനിയന്‍ മോഡല്‍ രൂപപ്പെടുത്തിയതെന്ന വസ്തുത ഇസ്്‌ലാമിക സിനിമ എന്ന സങ്കല്‍പത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. മതപരവും രാഷ്ട്രീയവുമായ നിബന്ധനകളും ചട്ടക്കൂടുകളും ഇറാനിയന്‍ ചിത്രങ്ങളെ ലളിതവും സുന്ദരവുമാക്കി. വിശ്വാസപരമായി ശീഈ ധാരയെ പ്രതിനിധാനം ചെയ്യുന്നതാണെങ്കിലും ഇസ്്‌ലാമിക തനിമ കാത്തുസൂക്ഷിക്കുന്നവയാണ് ഒട്ടുമിക്ക ഇറാനിയന്‍ ചിത്രങ്ങളും. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സിനിമ ചെയ്യുമ്പോഴും ഭാവനാസമ്പന്നമായൊരു സംവിധായക ശ്രേണിയുണ്ടെങ്കില്‍ ലോകോത്തര സിനിമകള്‍ നിര്‍മിക്കാമെന്ന് അനുഭവപാഠത്തിലൂടെ ഇറാന്‍ തെളിയിക്കുന്നു. അബ്ബാസ് കിരോസ്തമി, ജാഫര്‍ പനാഹി, മജീദ് മജീദി, മുഹ്‌സിന്‍ മഖ്മല്‍ബഫ്, അബുല്‍ ഫസ്ല്‍ ജലീലി, അസ്ഗര്‍ ഫര്‍ഹാദി തുടങ്ങി വര്‍ത്തമാനലോകത്തെ നല്ലൊരുഭാഗം വിശ്വോത്തര സംവിധായകര്‍ ഇറാനില്‍ നിന്നുള്ളവരാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ മഹദ്്‌വ്യക്തിത്വങ്ങളുടെ ജീവചരിത്രം അനിമേഷന്‍ രൂപത്തിലൂടെ ചിത്രീകരിക്കുന്ന സിനിമാ സംരംഭങ്ങള്‍ ഒട്ടേറെയുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ മുഹമ്മദുല്‍ ഫാതിഹിന്റെ ജീവചരിത്രം അപഗ്രഥിക്കുന്ന ഫാതിഹ് സുല്‍ത്താന്‍ മുഹമ്മദ് (1983) ഈ ഗണത്തിലെ ആദ്യസംരംഭങ്ങളിലൊന്നാണ്. ടര്‍ക്കിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അനിമേഷന്‍ സിനിമയുടെ ഇംഗ്ലീഷ് വിവര്‍ത്തനവും പുറത്തിറങ്ങിയിട്ടുണ്ട്. റിച്ചാര്‍ഡ് റിച്ച് സംവിധാനം ചെയ്ത് ബദ്ര്‍ ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ Muhammad: The Last Prophet (2002) പ്രവാചകത്വകാലം മുതല്‍ മക്കാവിജയം വരെയുള്ള പ്രവാചക ജീവിതം ചിത്രീകരിക്കുന്നു. സിനിമയുടെ മുന്നോടിയെന്നോണം, പ്രവാചക ജനനത്തിനു മുമ്പുള്ള അറേബ്യയെക്കുറിച്ച ധാരണ ലഭിക്കാന്‍ Before the Light, Salman the Persian, Great Women of Islam എന്നിങ്ങനെ മൂന്നു ചിത്രങ്ങളും റിച്ച് തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. സ്റ്റീവ് ബ്രിസ്‌റ്റോ സംവിധാനം ചെയ്ത് മലേഷ്യയില്‍ റിലീസ് ചെയ്ത സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ചുള്ള അനിമേഷന്‍ സീരിയലും (2004) ഈ ഗണത്തില്‍ പ്രസ്താവ്യമാണ്.
ഇസ്്‌ലാമിക സിനിമാ സംരംഭങ്ങളിലെ ഏറ്റവും പുതിയ ചിത്രമാണ് മജീദ് മജീദിയുടെ മുഹമ്മദുന്‍ റസൂലുല്ലാഹ് (Muhammad: The Messenger of God).  നാലുകോടി യു.എസ് ഡോളര്‍ ചെലവിട്ടു നിര്‍മിച്ചിരിക്കുന്ന ചിത്രം ഇറാനിയന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംരംഭമാണ്. അബ്‌സീനിയന്‍ രാജാവ് അബ്രഹത്തിന്റെ നേതൃത്വത്തില്‍ കഅ്ബാലയം തകര്‍ക്കാന്‍ ശത്രുസേന വരുന്നതുമുതല്‍ മുഹമ്മദ് നബിയുടെ ജനനം, കുടുംബം, ബാല്യം (പന്ത്രണ്ടാം വയസ്സു വരെ) എന്നിവയാണ് സിനിമയിലെ പ്രതിപാദ്യവിഷയം. ഇറാന്‍ നഗരമായ ഖുമ്മില്‍ പ്രവിശാലമായ നൂറ് ഹെക്ടര്‍ സ്ഥലത്ത് ആറാം നൂറ്റാണ്ടിലെ മക്ക നഗരം നിര്‍മിച്ചാണ് ചിത്രത്തിന്റെ നല്ലൊരുഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആനക്കലഹവും അനുബന്ധദൃശ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ വെച്ചു പൂര്‍ത്തിയാക്കി. 2015 ആഗസ്റ്റില്‍ റിലീസായ ചിത്രത്തിന്റെ തുടര്‍ച്ചയെന്നോണം രണ്ടു സിനിമകള്‍ കൂടി പുറത്തിറക്കാന്‍ മജീദിക്കു പദ്ധതിയുണ്ട്. പ്രവാചകന്റെ കൗമാര കാലം മുതല്‍ നാല്‍പതാം വയസ്സുവരെയുള്ള ജീവിതം രണ്ടാം ഭാഗത്തിലും, നാല്‍പതു മുതല്‍ പ്രവാചകത്വപൂര്‍ത്തീകരണം വരെയുള്ള ജീവിതം മൂന്നാം ഭാഗത്തിലും ചിത്രീകരിക്കുന്നു. പ്രവാചക വിരുദ്ധ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന്റെ നടപടിയും, അതേതുടര്‍ന്നുണ്ടായ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ തുടര്‍ന്ന് മുസ്‌ലിം എന്ന നിലയില്‍ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവവുമാണ് മുഹമ്മദുന്‍ റസൂലുല്ലാഹ് സിനിമയെ കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്ന്  വ്യക്തമാക്കുന്നുണ്ട് മജീദ് മജീദി. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ റഹ്മാനെതിരെ മുംബൈയിലെ റസാ അക്കാദമി പുറപ്പെടുവിച്ച ഫത്‌വയോട് വികാരഭരിതനായി അദ്ദേഹം നടത്തിയ പ്രതികരണം മതകീയ പ്രചോദിതമായിരുന്നു തന്റെ ഈ ഉദ്യമമെന്ന് വ്യക്തമാക്കുന്നതാണ്. 
ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മൊത്തക്കുത്തക ഇസ്്‌ലാമിനു മേല്‍ ചാര്‍ത്തുന്ന ഹോളിവുഡ് സിനിമകള്‍ ഒരു വശത്ത് അരങ്ങുതകര്‍ക്കുമ്പോള്‍ അതേ നാണയത്തില്‍ തന്നെ പ്രതികരണം നിര്‍വഹിക്കാന്‍ ഇസ്്‌ലാമിക പക്ഷത്തുനിന്നുള്ള സജീവമായ സിനിമാ നിര്‍മാണം അനിവാര്യമാണ്. ഭീകരവാദം, സെമിറ്റിക് വിരോധം, സ്ത്രീവിരുദ്ധത എന്നിവയുടെ വിളനിലമായി ഇസ്്‌ലാമിനെ ചിത്രീകരിക്കുന്ന ഫിത്‌ന (2008), പ്രവാചകനെ നിന്ദ്യമായി അവതരിപ്പിക്കുന്ന ഇന്നസന്‍സ് ഓഫ് മുസ്്‌ലിംസ് (Innocence of Muslims) (2012) തുടങ്ങിയവയോട് സ്‌ക്രീനിലൂടെത്തന്നെ പ്രതികരിക്കുന്നതിനു പകരം തെരുവില്‍ അരാജകത്വം സൃഷ്ടിച്ചും നിരപരാധികളുടെ ജീവനെടുത്തും ചിലര്‍ പ്രതിഷേധിച്ചത് ന്യായീകരിക്കാനാവില്ല. ഇസ്്‌ലാമികവിരുദ്ധ ചിത്രീകരണങ്ങളുടെയും വാര്‍പ്പുമാതൃകകളുടെയും കാര്യത്തില്‍ ഹോളിവുഡില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ബോളിവുഡ് എന്നത് ഈ രംഗത്ത് നമ്മുടെ ഇടപെടല്‍ അനിവാര്യമാക്കുന്നു.
ജാതി- മത- പ്രായ- ഭാഷാ ഭേദമന്യേ മനുഷ്യസമൂഹത്തോടൊന്നടങ്കമാണ് ദൃശ്യമാധ്യമങ്ങള്‍, വിശിഷ്യ സിനിമ സംവദിക്കുന്നത്. അതിരുകളില്ലാത്ത അവസരങ്ങള്‍ ഇക്കാരണത്താല്‍ തന്നെ മതപ്രബോധകര്‍ക്കുമുന്നില്‍ വെച്ചുനീട്ടുന്നുണ്ട് ഈ നവീനമാധ്യമം. ധാര്‍മികതയിലും മൂല്യബോധത്തിലുമൂന്നിയ ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് മതപരമായ പശ്ചാത്തലമൊരുക്കുന്നതിനെപ്പറ്റി നമ്മുടെ മതനേതൃത്വവും മത കലാലയങ്ങളും ബുദ്ധിജീവികളും ഗൗരവമായിത്തന്നെ വിചാരപ്പെട്ടു തുടങ്ങണം. നിഷിദ്ധമെന്നു മുദ്രകുത്തി കൊട്ടിയടക്കുന്നതിനു പകരം, കാഴ്ചയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനായില്ലെങ്കില്‍ വലിയ വിലയായിരിക്കും നാമതിനു നല്‍കേണ്ടി വരിക.

(ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യയില്‍ ഖുര്‍ആനിക് സ്റ്റഡീസിലെ പി.എച്ച്.ഡി ഗവേഷകനാണ് ലേഖകന്‍)

റഫറന്‍സ്:

Postcolonialism and Islam: Theory, Literature, Culture, Society and Film; Geoffrey Nash (ed.), 2014
The Oxford Encyclopedia of the Islamic World; John L Esposito (ed.); Vol.1, 2009
Women, Islam and Cinema; Gonul Donmez Colin, 2004
Shi'i Islam in Iranian Cinema: Religion and Spirituality in Film; Nacim Pak-Shiraz, 2011
അല്‍മക്തബതുശ്ശാമില
അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ
ഡോ. യൂസുഫുല്‍ ഖറദാവി, ഫതാവാ മുആസ്വിറഃ
ഡോ. അബ്ദുല്ലാഹ് ബിന്‍ യൂസുഫ് അല്‍ജുദൈഅ്, അല്‍മൂസീഖാ വല്‍ഗിനാ ഫീ മീസാനില്‍ ഇസ്്‌ലാം.
തെളിച്ചം മാസിക, 2008 ഏപ്രില്‍.
ബോധനം ത്രൈമാസിക, 2015 ജൂലൈ
http://www.wikipedia.org
http://www.qaradawi.nte

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍