Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

മദായയുടെ നിലവിളി

റഹീം ഓമശ്ശേരി

സിറിയയിലെ മദായ നഗരം ഇന്ന് ലോക മനസ്സാക്ഷിക്ക് മുമ്പില്‍ പിടയുകയാണ്. നവലോക നിര്‍മ്മിതിയില്‍ ലോക ശാക്തിക രാജ്യങ്ങള്‍ ഊറ്റം കൊള്ളുമ്പോള്‍ ഒരു നേരത്തെ പശിയടക്കാന്‍ ഗതിയില്ലാതെ പച്ചിലകള്‍ക്ക് വേണ്ടി കടിപിടികൂടുന്ന മനുഷ്യര്‍ ഈ പ്രദേശത്ത് ജീവിക്കുന്നുവെന്നത് ആരെയാണ് ലജ്ജിപ്പിക്കാത്തത്? മദായ ദാരിദ്ര്യം നിറഞ്ഞ പ്രദേശമൊന്നും ആയിരുന്നില്ല. സിറിയയുടെയും ലബനാനിന്റെയും അതിര്‍ത്തി പ്രദേശമാണിത്. അത് കൊണ്ട് തന്നെ വ്യാപാര മേഖലയിലും കാര്‍ഷിക രംഗത്തും സജീവം. പൊതുവെ സമശീതോഷ്ണ മേഖലയായതിനാല്‍ തന്നെ ഒരു കാലത്ത് സിറിയ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ പ്രദേശത്തും എത്തിയിരുന്നു. എന്നാല്‍ ഇന്ന് ഈ പ്രദേശം ലോക മനസ്സാക്ഷിക്ക് മുമ്പില്‍ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നു. സിറിയന്‍ ഭരണകൂടത്തിന്റെയും ലബനാനിലെ ഹിസ്ബുല്ലയുടെയും മനുഷ്യത്വരഹിതമായ നടപടി കാരണം ഈ പ്രദേശത്തെ ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി പുച്ചയെയും പട്ടിയെയും വരെ പിടിച്ച് തിന്നുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പച്ചിലകള്‍ക്ക് വേണ്ടി പിടിവലി കൂടുന്ന രംഗം ദൃശ്യ മാധ്യമങ്ങള്‍ പുറത്ത് വിട്ടത് നീറ്റലോടെ മാത്രമേ കാണാന്‍ കഴിയൂ.
സമുദ്ര നിരപ്പില്‍ നിന്ന് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. റീഫ് ദമശ്ക്കിലെ സബദാനിയുമായാണ് ഈ പ്രദേശം ബന്ധപ്പെട്ട് കിടക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് 45 കിലോ മീറ്റര്‍ മാത്രമാണ് ഈ പട്ടണത്തിലേക്കുള്ള ദൂരം. പ്രകൃതി രമണീയതയില്‍ സിറിയയില്‍ പ്രമുഖ സ്ഥാനമാണ് മദായക്കുള്ളത്. ബര്‍ദി പുഴയുടെ സാന്നിധ്യമാണ് ഈ പ്രദേശത്തെ കൃഷിക്ക് ഏറ്റവും അനുയോജ്യമാക്കുന്നത്. ഇതിനെ പോഷിപ്പിച്ചുകൊണ്ട് അഞ്ചിലധികം കൈത്തോടുകളും നിറഞ്ഞൊഴുകുന്നുണ്ട്. ശൈത്യ കാലത്ത് പത്ത് മുതല്‍ പൂജ്യം ഡിഗ്രി വരെയാണ് തണുപ്പ്. ഇക്കാലയളവില്‍ മഞ്ഞ് മഴ ഇവിടെ സാധാരണമാണ്. പതിനയ്യായിരമാണ് ഇവിടത്തെ ജനസംഖ്യ. ഹിസ്ബുല്ലയുടെയും സിറിയന്‍ ഭരണകൂടത്തിന്റെയും ആക്രമണം ഭയന്ന് സമീപത്തെ വലിയ നഗരമായ സബ്ദാനിയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളാണ് മദായയില്‍ അഭയാര്‍ഥികളെ പോലെ കഴിയുന്നത്. നിലവില്‍ ഇവിടെ 45000ത്തില്‍ പരം ആളുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സിറിയയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മദായ നല്ല വരുമാനം നേടിത്തരുന്നുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ആപ്പിള്‍ അടക്കമുള്ള നിരവധി പഴ വര്‍ഗ്ഗങ്ങളാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്.
2015 പകുതിയോടെയാണ് ഭരണകൂടം സബ്ദാനി നഗരത്തെ ലക്ഷ്യമാക്കി ആക്രമണം അഴിച്ച് വിട്ട് തുടങ്ങിയത്. നഗരത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. പതിനായിരക്കണക്കിന് വീടുകള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിന് പേര്‍ സബ്ദാനിയില്‍ മാത്രം മരിച്ചു. അങ്ങനെയാണ് താരതമ്യേന സുരക്ഷിതമാണെന്ന് കരുതി സബ്ദാനിയിലെ ജനങ്ങള്‍ മദായയിലേക്ക് പലായനം ചെയ്തത്. എന്നാല്‍ ലബനാനിലെ പ്രമുഖ ശീഈ പാര്‍ട്ടിയും അസദിന്റെ സംരക്ഷകരുമായ ഹിസ്ബുല്ലയും സിറിയന്‍ ഭരണകൂടവും ആധുനിക ലോകത്ത് തുല്യതയില്ലാത്ത തരത്തിലുള്ള ശിക്ഷാ രീതികളാണ് ഇവിടെ പ്രയോഗിക്കാന്‍ തുടങ്ങിയത്. ആദ്യം പ്രദേശത്തേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചു. ശേഷം പട്ടിണിക്കിട്ട് അവരെ തങ്ങളുടെ അനുകൂലികളാക്കാന്‍ ഹിസ്ബുല്ലയും ബശ്ശാര്‍ പ്രഭൃതികളും ശ്രമിച്ചു. ഇതുവരെ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. മദായക്കെതിരെ ആക്രമണം നടത്തുന്നതിനുള്ള ന്യായമായി ഭരണകൂടം പറയുന്നത് അവര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്നതാണ്.
നിരന്തരമായി ബോംബുകളും റോക്കറ്റുകളം വര്‍ഷിച്ച് ഈ പ്രദേശത്തെ തരിശ് ഭൂമിയാക്കി മാറ്റിയിരിക്കുന്നു. കൃഷി ഭൂമി ഇവിടെ കാണാന്‍ പോലും കഴിയുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞത്. കൃഷിയില്‍ നിന്നും വിനോദ സഞ്ചാരത്തില്‍നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് ഈ പ്രദേശത്തുകാര്‍ ജീവിച്ചിരുന്നത്. ഇന്ന് സഞ്ചാരികളാരും ഈ പ്രദേശത്തേക്കെന്നല്ല സിറിയയിലേക്ക് തന്നെ വരുന്നില്ല. ആഴ്ചകളോളം പട്ടിണി കിടന്ന് മെലിഞ്ഞ് വയറൊട്ടി എല്ലുന്തി ചക്രശ്വാസം വലിക്കുന്ന മനുഷ്യക്കോലങ്ങളാണ് നഗരത്തിലുള്ളത്. മുല കുടിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ മുലപ്പാലില്ലാതെ അമ്മമാര്‍ കുട്ടികളെയും കെട്ടിപ്പിടിച്ച് കരയുന്ന രംഗം ഹൃദയഭേദകമാണ്.  ഈ കൊടും ക്രൂരതയുടെ ചിത്രങ്ങള്‍ പുറത്ത് വന്ന് ആഴ്ചക്കുള്ളിലാണ് സിറിയന്‍ ഭരണകൂടത്തിന്റെ ഉപപ്രധാനമന്ത്രിയെ ഇന്ത്യ മാലയിട്ട് ദല്‍ഹിയില്‍ സ്വീകരിച്ചത്.
സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനകം ലക്ഷങ്ങള്‍ കൊല്ലപ്പെടുകയോ അതിനേക്കാളേറെ പേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ഹിംസ്, ദമസ്‌ക്കസ്, ഹലബ്, ദേര്‍സോര്‍, ഇദ്‌ലീബ്,  സബ്ദാന്‍, മദായ തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ മില്യന്‍ കണക്കിന് കെട്ടിടങ്ങളാണ് ഇതിനകം തകര്‍ക്കപ്പെട്ടത്. ബശ്ശാറിന്റെ സൈന്യം  റഷ്യന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും ബോംബ് വര്‍ഷിച്ച് തകര്‍ക്കുകയാണ്. കുട്ടികളെന്നോ സ്ത്രീകളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ഉന്മൂലനം ചെയ്യുകയെന്ന ഫാഷിസ്റ്റ്-സയണിസ്റ്റ് രീതിയാണ് ബശ്ശാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മനുഷ്യ കബന്ധങ്ങള്‍ തെരുവുകളില്‍ ചിതറി കിടക്കുമ്പോഴും ഐക്യരാഷ്ട്രസഭയടക്കമുള്ള ലോക വേദികള്‍ ഒരു തീരുമാനത്തിലുമെത്താതെ വഴിമുട്ടി നില്‍ക്കുന്നു. സാമ്രാജ്യത്വ മോഹവുമായി നടക്കുന്ന റഷ്യ ഈ പ്രതിസന്ധിയെ തങ്ങളുടെ ആയുധ കച്ചവടത്തിനുള്ള അവസരമായി കാണുകയും ചെയ്യുന്നു. പല നിലയില്‍ വെല്ലുവിളി നേരിടുന്ന റഷ്യക്ക് ലഭിച്ച പിടിവള്ളിയാണ് സിറിയ. സിറിയയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കരുത് എന്നവര്‍ ആഗ്രഹിക്കുന്നു. അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കുമാകട്ടെ, അറബ് വസന്തത്തിന്റെ അലയൊലി സിറിയയില്‍ ആഞ്ഞടിച്ചാല്‍ തങ്ങളുടെ മേധാവിത്വം ഇവിടെ നടപ്പിലാക്കാന്‍ കഴിയാതെ പോകുമോയെന്ന ആശങ്കയാണ്. ഇതിന്റെയെല്ലാം അനന്തര ഫലമോ, നിരപരാധികളായ പതിനായിരങ്ങള്‍ മരണത്തിന് മുഖാമുഖം നില്‍ക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അല്‍ജസീറ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തകളും വീഡിയോ ചിത്രങ്ങും ഏതൊരാളെയും കരയിപ്പിക്കുന്നതാണ്.

ഖാലിദ് ഇബ്‌റാഹീമിന്റെ രക്തസാക്ഷ്യം
പടിഞ്ഞാറന്‍ ദമസ്‌ക്കസില്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഹിംസ് പട്ടണം സിറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. 2011-ലെ സെന്‍സസ് പ്രകാരം ഇരുപത് ലക്ഷമാണ് ഹിംസിലെ ജനസംഖ്യ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആയിരത്തില്‍പരം കെട്ടിടങ്ങളാണ് ഹിംസില്‍ മാത്രം സൈന്യം തകര്‍ത്തെറിഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഷ്ടപ്പെടുന്നു.
കഴിഞ്ഞ ദിവസം ഹിംസില്‍ കൊല്ലപ്പെട്ട ഖാലിദ് ഇബ്‌റാഹീം അല്‍ബക്കര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ നീതി നിഷേധത്തിനും ഏകാധിപത്യത്തിനുമെതിരില്‍ യുദ്ധ പ്രഖ്യാപനം നടത്തിയ  മാധ്യമ ലോകത്തെ അവസാനത്തെ വ്യക്തിയാകാന്‍  ഇടയില്ല. 2011 മാര്‍ച്ചില്‍ ശക്തി പ്രാപിക്കുകയും വര്‍ത്തമാന കാലത്ത് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സിറിയന്‍ വസന്തത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഏറെ സഹായിച്ചത് മുപ്പത് വയസ്സ് മാത്രം പ്രായമായ അല്‍ബക്കറിന്റെ വാര്‍ത്തകളും അദ്ദേഹം പകര്‍ത്തിയ ദൃശ്യങ്ങളുമായിരുന്നു. ബശ്ശാര്‍ സൈന്യത്തിന്റെ ക്രൂരതകള്‍ ചിത്രീകരിക്കുന്ന മുന്നൂറില്‍പരം സീഡികളാണ് കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷത്തിനുള്ളില്‍ അദ്ദേഹം പുറത്തിറക്കിയത്. ലോക മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താ ചിത്രങ്ങള്‍ക്ക് പുറമെയാണിത്. ഹിംസ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച അല്‍ബക്കര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി പോരാടിയ വ്യക്തിയായിരുന്നു. ഹിംസ് പട്ടണം കേന്ദ്രമാക്കിയാണ് അദ്ദേഹം തന്റെ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നത്. ബശ്ശാര്‍ ഭരണകൂടത്തിനെതിരില്‍ ലോക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വരുന്നതില്‍  അല്‍ബക്കറിന്റെ കാമറക്കണ്ണുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് അധികാരിവര്‍ഗ്ഗം നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അല്‍ബക്കറിനെ വകവരുത്താന്‍ മാസങ്ങളായി നടത്തിയ ശ്രമമാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. ധീരോജ്ജ്വല മൃത്യുവെന്നാണ് അല്‍ജസീറയടക്കമുള്ള ചാനലുകള്‍ അദ്ദേഹത്തിന്റെ മരണത്തെ വിശേഷിപ്പിച്ചത്.
ഇദ്‌ലീബ്, ദര്‍ആ, ദേര്‍സോര്‍ തുടങ്ങിയ പ്രദേശങ്ങളുടെ അവസ്ഥയും ഭിന്നമല്ല. ബശ്ശാറിന്റെ പിതാവ് ഹാഫിസ് അല്‍ അസദിന്റെ ഭരണ കാലത്തും ഹിംസിലെ ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്ത നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന് സിറിയയില്‍ ഏറ്റവും വേരുറപ്പുള്ള പ്രദേശമാണ് ഹിംസ് എന്നത് കൊണ്ട് തന്നെ ആ പ്രദേശത്ത് നിന്ന് വരുന്ന ഏത് നീക്കവും തങ്ങള്‍ക്കെതിരിലുള്ളതായിരിക്കുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിച്ച് ശീലമുള്ള ഹിംസ് തന്നെയാണ് ഇത്തവണയും സിറിയന്‍ വസന്തത്തിന് തിരികൊളുത്തിയതെന്നത് യാദൃഛികമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍