Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

ചരിത്രത്തിന് വര്‍ത്തമാനങ്ങളോട് ചിലത് പറയാനുണ്ട്

പി. സുരേന്ദ്രന്‍/ ശൈഖ് മുഹമ്മദ് കാരകുന്ന്

നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. സുരേന്ദ്രനും ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്നും അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ബന്ധങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു ഈ സൗഹൃദ സംഭാഷണത്തില്‍.
തയാറാക്കിയത്: സമദ് കുന്നക്കാവ്

ശൈഖ്: എനിക്കും സുരേന്ദ്രനുമിടയിലുള്ള വലിയൊരു ബന്ധം നമ്മളൊരേ നാട്ടുകാരാണെന്നതാണല്ലോ. നമ്മുടെ ചെറുപ്പകാലത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക ബന്ധങ്ങളുണ്ടായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ അനുഭവങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇന്നതെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആദാനപ്രദാനങ്ങളുടേതായ ഊഷ്മളവും പശിമയുള്ളതുമായ അത്തരം ബന്ധങ്ങള്‍ ഇന്നില്ലല്ലോ? എന്റെ ഈ അസ്വസ്ഥത താങ്കള്‍ക്കുമുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.
സുരേന്ദ്രന്‍: താങ്കളുടെ ഓര്‍മക്കുറിപ്പുകള്‍ക്ക് അവതാരിക എഴുതുന്ന വേളയില്‍ ഈയൊരു ആശങ്ക എന്നെ ഗ്രസിച്ചിരുന്നു. നമ്മള്‍ രണ്ടുപേരും ഒരു ദേശക്കാരാണെന്നതും സാംസ്‌കാരികമായി നമ്മള്‍ ഒരേ ധാരയില്‍ നിലനില്‍ക്കുന്നുവെന്നതും വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ നമുക്കിടയിലുള്ള ബന്ധം മധുരമുള്ളതുമാണ്. അക്കാലത്തെ കാര്‍ഷിക ജീവിതം അതിസമ്പന്നമായിരുന്നു എന്നത് ഈ സാമൂഹിക ബന്ധങ്ങള്‍ക്ക് സഹായകമായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. മണ്ണുമായി ബന്ധപ്പെട്ട് പണിയെടുത്തപ്പോഴാണ് ആളുകള്‍ക്കിടയില്‍ ജൈവികമായ ഒരുമയും സൗഹൃദവും നിലനിന്നത്.
അടുത്ത കാലത്തായി പൊതുമണ്ഡലത്തില്‍ നിന്ന് ഞാന്‍ നേരിടുന്ന വലിയൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഞാനൊരു പ്രോ മുസ്്‌ലിം നിലപാടെടുക്കുന്നു എന്നതാണത്. മുസ്‌ലിം സമുദായത്തിലെ സംഘടനകളില്‍ പലതിനെക്കുറിച്ചും എനിക്ക് ചില വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ ചെറുപ്പകാലത്തെ ജീവിതവും എന്റെ അമ്മ എനിക്ക് പകര്‍ന്നു നല്‍കിയ പാഠവും സാമൂഹിക സൗഹാര്‍ദത്തിന്റേതാണ്. അതിനാല്‍ തന്നെ മുസ്്‌ലിംകളുമായി ഇടപഴകിയാണ് ഞാന്‍ വളര്‍ന്നുവന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അഞ്ചാം ക്ലാസില്‍ മഞ്ചേരിയില്‍ പഠിക്കുമ്പോള്‍ ഒരു വെള്ളിയാഴ്ച ആര്‍.എസ്.എസ്സിന്റെ ശാഖ നടക്കുകയാണ്. വെള്ളിയാഴ്ച മുസ്്‌ലിംകള്‍ പള്ളിയില്‍ പോകുന്നത് കാണിച്ച് ഹിന്ദു കുട്ടികള്‍ക്കിടയില്‍ ഭീതി പ്രചരിപ്പിക്കാനും ഐക്യമുണ്ടാക്കാനും വേണ്ടിയായിരിക്കണം ആ ദിവസം  തന്നെ ശാഖക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഇതൊന്നുമറിയാതെ ശാഖ നടക്കുന്ന ക്ഷേത്രത്തിനടുത്ത് പോയതിന് എന്റെ കുട്ടിമാമ എന്നെ അടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കാലം ചെല്ലുംതോറും ഞാന്‍ മനസ്സിലാക്കുന്നു, കുട്ടിമാമയുണ്ടായിരുന്ന ഈ ദേശത്ത് പുതിയ തലമുറ ഹിന്ദുക്കളെയും മുസ്്‌ലിംകളെയും വെവ്വേറെ വേര്‍പിരിച്ചിരിക്കുന്നു.
ശൈഖ്:    അന്ന് കളിക്കളങ്ങളുണ്ട്, കുളക്കടവുകളുണ്ട്, നായാട്ടു സംഘങ്ങളുണ്ട്, കാളപൂട്ട് മേളങ്ങളുണ്ട്. ഇതെല്ലാം ഒത്തുചേരലിന്റെ വലിയ സാധ്യതകളായിരുന്നു. പുതിയ കാലത്ത് ഇതെല്ലാം  കൊഴിഞ്ഞുപോയിരിക്കുന്നു. സ്വാഭാവികമായും സാമൂഹിക ബന്ധങ്ങളെയും സാംസ്‌കാരികമായ ഇഴയടുപ്പങ്ങളെയും അത് വലിയ തോതില്‍ ഗ്രസിച്ചിരിക്കുന്നു.
സുരേന്ദ്രന്‍: ഗ്രാമീണമായ ഇടങ്ങള്‍ ഇല്ലാതായി പോകുന്നതും പരസ്പരം കൂടിയിരിക്കാനുള്ള സൗഹൃദ കൂട്ടായ്മകള്‍ നഷ്ടപ്പെടുന്നതും വലിയ സാംസ്‌കാരിക ഇടിവ് തന്നെയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സംഭവിക്കുന്ന മൂല്യശോഷണത്തെക്കുറിച്ചും നാം ബോധവാന്‍മാരാവണം. വിദ്യാലയങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ രൂപപ്പെട്ട് വരുന്ന സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും മുസ്്‌ലിം സമുദായ സംഘടനകളുമെല്ലാം വെവ്വേറെ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. ഇത് മത-ജാതി സമുദായങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച വല്ലാതെ വര്‍ധിപ്പിച്ചിരിക്കുന്നു. നമ്പൂതിരി ഇല്ലങ്ങളില്‍ ചെറുമന്‍ വിഭാഗത്തില്‍പെട്ട കുട്ടിക്ക് പ്രവേശനം പോലും സാധ്യമല്ലാതിരുന്ന കാലഘട്ടം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. അന്ന് പിന്നാക്ക സമുദായത്തില്‍പെട്ട കുട്ടിക്ക് സവര്‍ണനായ മറ്റൊരു കുട്ടിയെ പേരുചൊല്ലി വിളിക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് ഇവിടത്തെ മതേതര വിദ്യാലയങ്ങളാണ്.
ശൈഖ്:    നമ്മുടെ വിദ്യാഭ്യാസം തന്നെ മാനുഷിക മൂല്യങ്ങളെ പറ്റി ശരിയാംവിധം പഠിപ്പിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സ്‌നേഹം, കാരുണ്യം, ദയ, ബഹുമാനം എന്നിവയെല്ലാം പ്രോജ്ജ്വലിപ്പിക്കുന്ന കഥകള്‍, കവിതകള്‍, നോവലുകള്‍ ഇവയെല്ലാം മാറ്റിനിര്‍ത്തപ്പെട്ടത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പകരം സ്വാര്‍ഥതയുടെ വിഷബീജങ്ങളാണ് വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇന്നുള്ളത്.
സുരേന്ദ്രന്‍: സാംസ്‌കാരികമായ പൊതുമൂല്യം വികസിപ്പിച്ചെടുക്കുന്നതിന് വിഘാതമാവുന്ന തരത്തിലാണ് ഇപ്പോഴത്തെ കരിക്കുലം. പണ്ടത്തെ പാഠപുസ്തകത്തില്‍ ഖലീഫ ഉമറിന്റെ ചരിത്രം കുട്ടികള്‍ പഠിച്ചിരുന്നു. ഇന്ന് അത്തരത്തിലുള്ള  പാഠങ്ങളില്ല. മുഹമ്മദ് നബിയെയും ബുദ്ധനെയും കുറിച്ചും വര്‍ധമാന മഹാവീരനെക്കുറിച്ചും യേശുവെക്കുറിച്ചും അവരുടെ ദര്‍ശനങ്ങളെക്കുറിച്ചും പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കേണ്ടതുണ്ട്.
ശൈഖ്:    ശരിയാണ്, അവയെല്ലാം പകര്‍ന്നു നല്‍കുന്ന മാനവിക മൂല്യങ്ങളുണ്ട്. മഹാന്മാരുടെ ജീവിതത്തില്‍ നിന്നുള്ള മാതൃകാ പാഠങ്ങളും ചരിത്ര വിവരണങ്ങളുമുണ്ട്. അത്തരം പഠനങ്ങളുണ്ടായിരുന്നെങ്കില്‍ ആളുകള്‍ക്ക് പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയുമായിരുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കപ്പെടുകയും സാംസ്‌കാരികമായ ചര്‍ച്ചകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമായിരുന്നു.  ഇന്ന് നാമേറെ സാമൂഹിക പുരോഗതി കൈവരിച്ചിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങള്‍ വികസിച്ച് അറിവെല്ലാം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, അതിന്റെ ഗുണപരമായ തിരിച്ചറിവുകള്‍ ശരിയാംവണ്ണം ഉണ്ടാകുന്നില്ല.
സുരേന്ദ്രന്‍: അതിനൊരു മാതൃകയെന്ന നിലയില്‍ ഞാന്‍ ചൂണ്ടിക്കാട്ടുക ജമാഅത്തെ ഇസ്്‌ലാമിയെയാണ്. ധാരാളം സ്‌നേഹസംവാദങ്ങളും സുഹൃദ് സംഗമങ്ങളും ജമാഅത്തിന്റെ മുന്‍കൈയില്‍ കേരളത്തിലുടനീളം നടക്കുന്നു. ആദാനപ്രദാനങ്ങള്‍ തന്നെയാണ് പ്രധാനം. കെ.പി ശശികലയുടെ സംസാരം എല്ലാവരെയും പോലെ എന്നെയും വല്ലാതെ വേദനിപ്പിക്കാറുണ്ട്. അപ്പോള്‍പോലും എനിക്ക് തോന്നാറുമുണ്ട്, അവരെ വ്യക്തിപരമായി കണ്ട് എന്തിനാണ് ഇത്ര ക്രുദ്ധയാവുന്നത് എന്ന് ചോദിക്കണമെന്ന്.
ശൈഖ്:    വ്യക്തിപരമായ ആശയവിനിമയത്തിലൂടെ ആളുകളെ സംസ്‌കരിച്ചെടുക്കാന്‍ കഴിയുമെന്ന് അനുഭവത്തിലൂടെ എനിക്ക് പറയാന്‍ കഴിയും. ജമാഅത്തെ ഇസ്്‌ലാമി ഈ മേഖലയില്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. വ്യക്തിബന്ധത്തിന് അത് വലിയ ഊന്നല്‍ നല്‍കുന്നു. ആശയങ്ങള്‍ ചിലപ്പോള്‍ ആളുകളെ സ്വാധീനിക്കില്ല. എന്നാല്‍ വ്യക്തികള്‍ക്ക് സ്വാധീനിക്കാനാവും. അതുപോലെത്തന്നെയാണ് സ്‌നേഹ സംവാദത്തിന്റെ സാമൂഹിക പ്രസക്തി. നമ്മുടേത് പോലുള്ള ബഹുസ്വര സമൂഹത്തില്‍ പരസ്പര ബന്ധങ്ങള്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണിത്. വായനാശീലമില്ലാത്തവര്‍ക്കുവരെ ഇതര മതങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും പഠിക്കാനും പരിചയപ്പെടാനും ഇതിലൂടെ സാഹചര്യമുണ്ടാകുന്നു. മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണെന്ന് പറയുന്നത് വളരെ ശരിയാണ്. സുരേന്ദ്രനെപ്പോലൊരാള്‍ ഈ കാലത്ത് മതനിരപേക്ഷമായി നിലനില്‍ക്കുന്നുവെന്നതുതന്നെ, അറിഞ്ഞു കഴിഞ്ഞാല്‍ ശത്രുത ഇല്ലാതാവും എന്നതിന് തെളിവാണല്ലോ. മുസ്‌ലിം സമൂഹം ലോകതലത്തിലും ഇന്ത്യനവസ്ഥയിലും പീഡിത സമൂഹം എന്ന നിലയില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ മുസ്്‌ലിം അനുകൂല നിലപാട് സ്വീകരിക്കുകയെന്നത് വലിയ ധീരതയാണ്. ഇതിന്റെ കാരണം സുരേന്ദ്രന്റെ വായനയാണോ ജീവിതാനുഭവമാണോ എന്നൊരു ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. സുരേന്ദ്രന്റെ വിവരണം അതിനുള്ള ഉത്തരമായിരുന്നു.
സുരേന്ദ്രന്‍: ഒരു ബഹുസ്വര സമൂഹത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ വളരെ പ്രധാനമാണ്. ഇനിയുള്ള കാലത്ത് ഇതിലൂടെയാണ് സമൂഹം നിലനില്‍ക്കുക. എന്റെ അയല്‍പക്കത്ത് മുസല്‍മാന്മാരുണ്ട്. അവര്‍ ചാക്രികമായി എല്ലാ ഋതുക്കളിലൂടെയും കടന്നുപോകുന്നു. എല്ലാ ഋതുക്കളെയും തൊട്ടുപോകുന്ന നോമ്പ് എന്ന അനുഷ്ഠാനം ഒരു മാസക്കാലം അവരെടുക്കുന്നു. ഹജ്ജ് കാലത്ത് അവര്‍ പെരുന്നാളാഘോഷിക്കുന്നു. അവരുടെ വേദഗ്രന്ഥം വേറൊന്നാണെന്ന് പറയുന്നു. എങ്കില്‍പിന്നെ എന്റെ അയല്‍ക്കാരനായ മുസ്‌ലിംകളുടെ ജീവിതത്തെയും സംസ്‌കാരത്തെയും അതിനെ രൂപപ്പെടുത്തിയിട്ടുള്ള അവരുടെ ദര്‍ശനത്തെയും കുറിച്ച് എനിക്ക് അറിയണമല്ലോ. അവരുടെ മാതൃകായോഗ്യനായ പ്രവാചകന്‍ ആരാണെന്ന് എനിക്കറിയണമല്ലോ. അങ്ങനെയറിയാനുള്ള കൗതുകമാണ് എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചത്. അഥവാ, അനുഭവമാണ് വായനയെ സാധ്യമാക്കിയതെന്നര്‍ഥം.
ശൈഖ്: അങ്ങനെയെങ്കില്‍ ആദ്യം വായിച്ച പുസ്തകത്തിന് ഇപ്പോഴും വലിയ രാഷ്ട്രീയ പ്രസക്തിയുണ്ടാകുമല്ലോ.
സുരേന്ദ്രന്‍: ഇസ്‌ലാമിനെക്കുറിച്ച് ആദ്യമറിയുന്നത് മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വായനയിലൂടെയാണ്. സ്‌കൂളില്‍ നിന്ന് സമ്മാനമായി കിട്ടിയ പുസ്തകത്തില്‍ പ്രവാചകനെക്കുറിച്ച് വിവരണമുണ്ടായിരുന്നു. പ്രവാചകനെക്കുറിച്ച് വായിച്ചപ്പോള്‍ അദ്ദേഹം വളരെ ഉദാരനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.  അപ്പോളെനിക്ക് പിന്നെയും സംശയമായി. എങ്കില്‍ പിന്നെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളൊക്കെ എങ്ങനെയാണുണ്ടായത്? അതുകൊണ്ട് പ്രവാചക കല്‍പ്പനകള്‍ മുഴുവനായും പഠിക്കണമെന്ന വാശി എനിക്കുണ്ടായി. കാരണം, ഈ വിഷയത്തില്‍ പ്രവാചകന്റെ നിലപാട് എന്താണെന്നറിയണമല്ലോ. അതറിയില്ലെങ്കില്‍ പിന്നെ മുസ്‌ലിംകളുമായി എങ്ങനെയാണ് ഡയലോഗ് സാധ്യമാകുക? മുസ്‌ലിം വിഭാഗങ്ങളിലെ തീവ്രവാദസ്വഭാവമുള്ളവരുമായി എനിക്ക് സംവദിക്കണമെങ്കിലും ഇസ്‌ലാം വായന അനിവാര്യമായിരുന്നു.
ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം, പ്രവാചകന് വ്യത്യസ്ത ഭാവങ്ങളുണ്ട് എന്നതാണ്. കുടുംബനാഥന്‍, കച്ചവടക്കാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു യോഗിവര്യനുമായിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം ഹിറാ ഗുഹയില്‍ തപസ്സനുഷ്ഠിച്ചത്. ഖുര്‍ആന്‍ ആദ്യം അവതരിക്കപ്പെടുന്നത് യുദ്ധഭൂമിയില്‍ വെച്ചല്ലല്ലോ. അദ്ദേഹം ധ്യാനാത്മക ലോകത്തായിരിക്കെയാണ് അതവതീര്‍ണമാകുന്നത്. ഇത് വളരെ പ്രധാനമായ കാര്യമാണ്. അവനവനിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് വശങ്ങള്‍ പ്രവാചക ജീവിതത്തിലുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ശൈഖ്:    പ്രവാചകന്റെ യുദ്ധപാഠങ്ങള്‍ക്ക് ഇക്കാലത്ത് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. പ്രവാചകന്‍ മക്കയില്‍ പതിമൂന്ന് കൊല്ലം ജീവിച്ചു. അക്കാലത്തൊന്നും ആയുധമെടുക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. പ്രവാചകാനുചരന്മാര്‍ പലപ്പോഴും അദ്ദേഹത്തോട് പരാതിപ്പെട്ടിരുന്നു. നമ്മള്‍ മുമ്പ് അന്തസ്സുള്ളവരായിരുന്നു. നല്ല സ്ഥാനമാനങ്ങളുള്ളവരായിരുന്നു. ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ടടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഇസ്്‌ലാം സ്വീകരിച്ചപ്പോള്‍ അതെല്ലാം കൈവിട്ടിരിക്കുന്നു. ദൈവത്തോടൊപ്പമാണ് നമ്മളുള്ളത്. പിന്നെന്തുകൊണ്ട് നമുക്ക് ആയുധമെടുത്തുകൂടാ? പ്രവാചകന്‍ അവരോട് പറഞ്ഞത്, 'മാപ്പുകൊടുക്കാനാണ് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്' എന്നാണ്. പിന്നീട് മദീനയില്‍ വരുന്നു. ഇസ്്‌ലാമിക രാഷ്ട്രം പിറവിയെടുക്കുന്നു. മദീനയില്‍ വന്നതിന്റെ രണ്ടാം വര്‍ഷം രാഷ്്ട്ര നിലനില്‍പ്പിനുവേണ്ടി പ്രവാചകനും സഖാക്കള്‍ക്കും യുദ്ധം ചെയ്യേണ്ടിവന്നു. അപ്പോള്‍ പോലും നാം മനസ്സിലാക്കേണ്ടുന്ന ഒരു യാഥാത്ഥ്യമുണ്ട്. പ്രവാചക കാലത്തുണ്ടായ യുദ്ധങ്ങളെ  മൊത്തം പഠിച്ചാല്‍ രണ്ട് കക്ഷികളില്‍ നിന്നുമായി മരണപ്പെട്ടത് ആയിരത്തി ഇരുന്നൂറില്‍ താഴെയാണ്. എല്ലാ യുദ്ധങ്ങളുടെയും സമയവും വളരെ കുറവാണ്. അറിയപ്പെടുന്ന ബദ്ര്‍ യുദ്ധം മണിക്കൂറുകള്‍ മാത്രമാണ്. പ്രചാരണത്തില്‍ പക്ഷേ, പ്രവാചകന്റെ യുദ്ധങ്ങള്‍ വല്ലാതെ പര്‍വതീകരിക്കപ്പെട്ടു. മുസ്്‌ലിം ചരിത്രകാരന്‍മാരും ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാരുമെല്ലാം ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം പ്രവാചക ജീവിതത്തിലുണ്ടായിരുന്ന ദയ, കാരുണ്യം, വിട്ടുവീഴ്ച, സ്‌നേഹം ഇതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പ്രവാചകന്റെ മക്കാവാസക്കാലത്ത് അദ്ദേഹത്തിന് സംരക്ഷണം നല്‍കിയത് അമുസ്്‌ലിംകളായിരുന്നു. ആദ്യത്തെ പത്തുകൊല്ലം പിതൃവ്യനായ അബൂത്വാലിബ്, പിന്നത്തെ മൂന്ന്‌കൊല്ലം അവിടുത്തെ ഗോത്രത്തലവന്‍ മുത്ഇമുബ്‌നു അദിയ്യ്. അതുപോലെ മദീനയിലേക്കുള്ള ഹിജ്്‌റക്ക് പശ്ചാത്തലമൊരുക്കിയ അഖബാ ഉടമ്പടിയില്‍ പ്രവാചകനെ പ്രതിനിധീകരിച്ച് സംസാരിച്ചത് മുസ്്‌ലിമല്ലാത്ത അബ്ബാസ് ആയിരുന്നു. പ്രവാചക ജീവിതത്തിലെ വിഖ്യാതമായ ഹിജ്‌റയിലെ വഴികാട്ടിയും മുസ്‌ലിമായിരുന്നില്ല. മരണ വേളയില്‍ പ്രവാചകന്റെ പടയങ്കി പണയം വെക്കപ്പെട്ടത് ജൂതസഹോദരന്റെ കൈവശമായിരുന്നു. ഇത്തരം ശോഭനമായ ചിത്രങ്ങളൊന്നും  നമ്മുടെ ചിന്തയിലും പഠനത്തിലും ഇടം നേടുന്നില്ല.
സുരേന്ദ്രന്‍: അതില്‍ എനിക്ക് മനസ്സിലായൊരു കാര്യം, മദീനയെന്ന രാഷ്ട്രം അത്യന്തം കൗതുകവും അത്ഭുതവും ജനിപ്പിക്കുന്ന ഒന്നാണെന്നാണ്. ആദ്യത്തെ സാക്ഷരതാ പ്രസ്ഥാനം മദീനയിലാണ് രൂപപ്പെട്ടത്. ജൂതന്മാരും ക്രൈസ്തവരുമെല്ലാം ചേര്‍ന്ന ബഹുസ്വര രാഷ്്രടമായിരുന്നു മദീന. ഗോത്രങ്ങളായും വംശങ്ങളായും വേര്‍പിരിഞ്ഞുനിന്നിരുന്ന ജനതയെ ഏക പൗരത്വത്തിലേക്ക് കൊണ്ടുവന്നതും അതിന്റെ സവിശേഷതയാണ്. അവിടെ എല്ലാവര്‍ക്കും ഇടമുണ്ടായിരുന്നു.
ശൈഖ്:    മദീനയുടെ അധികമാരും ശ്രദ്ധിക്കാത്തൊരു വശം അവിടെ ഇസ്്‌ലാമിക രാഷ്ട്രം രൂപപ്പെടുമ്പോള്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണന്നതാണ്. ഭൂരിപക്ഷം അവിടുത്തെ ജൂതന്‍മാരും മറ്റ് അമുസ്‌ലിംകളുമായിരുന്നു. പ്രവാചകന്‍ അവര്‍ക്ക് എഴുതിക്കൊടുത്ത കരാറുണ്ട്. അതില്‍ പകുതിയോളം ഖണ്ഡികകള്‍ അമുസ്്‌ലിംകളുടെ  അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അവര്‍ക്കുള്ള സംരക്ഷണം, സുരക്ഷ എന്നിവയൊക്കെയാണ് അത് ഉള്‍ക്കൊള്ളുന്നത്. ഇന്നത്തെ സമൂഹത്തിന് പക്ഷേ അത് ആദര്‍ശാധിഷ്ഠിതവും മാനവികവുമായ ബഹുസ്വര രാഷ്ട്രമല്ല, മതരാഷ്ട്രമാണ്.
സുരേന്ദ്രന്‍: ബുദ്ധന്‍, യേശു, മുഹമ്മദ് എന്നിവര്‍ക്കെല്ലാം ഇടയില്‍ വലിയ പാരസ്പര്യങ്ങളും സാമ്യതകളുമുണ്ട്. കാരുണ്യം അതില്‍പെട്ട ഒന്നാണ്. ഒട്ടകത്തിനോട്, ഉറുമ്പിനോട്, സസ്യങ്ങളോട്, പക്ഷികളോട്, മൃഗങ്ങളോട് എല്ലാമുള്ള കാരുണ്യത്തെക്കുറിച്ച്, അലിവിനെക്കുറിച്ച് ഇവരുടെ സാരോപദേശങ്ങള്‍ വളരെ മഹത്തരമാണ്.
ശൈഖ്:    പാമ്പുകളെക്കുറിച്ച് പ്രവാചകന്‍ നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്. കടിക്കാന്‍ വരുന്ന പാമ്പിനെ കൊല്ലാം, പക്ഷേ, മാളത്തിലേക്ക് പോകുന്ന പാമ്പിനെ കൊല്ലരുത് എന്ന് പ്രവാചകന് പറയാന്‍ കഴിയുന്നു. വൃക്ഷത്തിനെറിയുന്ന കുട്ടിയോട് പ്രവാചകന്‍ ചോദിക്കുന്നു, എന്തിനാണ് ഫലമില്ലാത്ത മരത്തിന് കല്ലെറിയുന്നത്, അതിന് വേദനിക്കില്ലേയെന്ന്.
സുരേന്ദ്രന്‍: ഇത്തരത്തിലുള്ള പഠനങ്ങള്‍ പക്ഷേ, നമുക്കിടയില്‍ എന്തുകൊണ്ട് നടക്കുന്നില്ല എന്നതാണ് അത്ഭുതം.
ശൈഖ്: സുരേന്ദ്രന് ജമാഅത്തെ ഇസ്്‌ലാമിയുമായും അതിന്റെ പോഷക സംഘടനകളുമായും നല്ല ബന്ധമുണ്ട്. അതിന്റെ കാരണമായി ഞാന്‍ മനസ്സിലാക്കുന്നത് ഞങ്ങളെക്കുറിച്ച് പഠിക്കാന്‍ അവസരം കിട്ടിയെന്നതാണ്. കേട്ടുകേള്‍വി കൊണ്ടുമാത്രമാണെങ്കില്‍ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്നത് അതുപോലെ വിഴുങ്ങി ഞങ്ങളുമായി അടുക്കാന്‍ കഴിയില്ല. അഥവാ, അനുഭവങ്ങളാണ് നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നത്.
സുരേന്ദ്രന്‍: അത് വളരെ ശരിയാണ്. അതേസമയം എനിക്ക് ജമാഅത്തെ ഇസ്്‌ലാമിയടക്കമുള്ള മുസ്്‌ലിം സംഘടനകളോട് ഒരുപാട് വിയോജിപ്പുകളുണ്ട്. ഫലസ്ത്വീനില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരമായ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ മുഴുനീള പ്രതിഷേധ സംഗമം ഇവിടെ സംഘടിപ്പിക്കപ്പെട്ടു. പക്ഷേ, ഐ.എസ് അടക്കമുള്ളവര്‍ ഇസ്്‌ലാമിനകത്ത് വിധ്വംസക ശക്തികളായി വളര്‍ന്നുവരുമ്പോള്‍ ഈയൊരു ആര്‍ജവം പലപ്പോഴും കാണിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ശൈഖ്:    അതില്‍ ചെറിയൊരു തിരുത്ത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഐ.എസിനെതിരെ ജമാഅത്ത് മുഖപത്രമായ പ്രബോധനം വാരിക ലേഖന പരമ്പര തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. ജമാഅത്ത് നെടുനായകത്വം വഹിച്ച് ഇതിനെതിരെ ശക്തമായ കാമ്പയിന്‍ പൊതുമണ്ഡലത്തില്‍ നടത്തുകയുണ്ടായി. ഐ.എസും അല്‍ഖാഇദയും ഇസ്്‌ലാമിന്റെ തെറ്റായ പ്രതിനിധാനമാണ് എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. ഏതൊരു പുസ്തകത്തിനും വ്യത്യസ്തമായ വായനകളുണ്ടാകും. അതുപോലെ ഇസ്്‌ലാമിനെക്കുറിച്ച തെറ്റായൊരു വായനയാണ് ഐ.എസ്. പക്ഷേ, ആ വായനക്ക് അവരെ പ്രേരിപ്പിച്ച കാരണവുമുണ്ട്. 1930-'40കള്‍ വരെ മുസ്്‌ലിം രാജ്യങ്ങളെല്ലാം തന്നെ സാമ്രാജ്യത്വ നുകത്തിന് കീഴിലായിരുന്നു. അധിനിവിഷ്ട രാജ്യങ്ങളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങളെല്ലാം മതാത്മകമായ ഊര്‍ജത്തില്‍ നിന്നും പ്രേരണയില്‍ നിന്നുമായിരുന്നു. കേരളത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമടക്കമുള്ളവര്‍ പോര്‍ച്ചുഗീസ് വിരുദ്ധ സമരങ്ങള്‍ക്ക് ആമുഖം രേഖപ്പെടുത്തിയത് അതിന്റെ ഭാഗമായിരുന്നു. ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായി സാമ്രാജ്യത്വ ശക്തികള്‍ പിന്‍വാങ്ങിയെങ്കിലും അവിടങ്ങളിലെല്ലാം തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ വ്യക്തികളെയും ഭരണകൂടങ്ങളെയും നിലനിര്‍ത്തിയാണ് അവര്‍ മടങ്ങിയത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലൊന്നും ജനാധിപത്യത്തിന്റെ ജീവല്‍ തുടിപ്പുകളുണ്ടായില്ല. ജനാധിപത്യവല്‍ക്കരണത്തിനായുള്ള ജനാഭിലാഷങ്ങളെ സാമ്രാജ്യത്വ ശക്തികള്‍ വെച്ചുപൊറുപ്പിച്ചതുമില്ല. തുര്‍ക്കി അതിന്റെ ഒരുദാഹരണമാണ്. പലതവണ അവിടെ ജനാധിപത്യഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അള്‍ജീരിയയിലും ഈജിപ്തിലുമെല്ലാം സമാനമായ അവസ്ഥകള്‍ ഉണ്ടായി. അതോടെ ജനാധിപത്യത്തിലും ജനകീയ ഭരണത്തിലുമുള്ള സാമാന്യ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. അതവരില്‍ നിരാശയും ഇച്ഛാഭംഗവും സൃഷ്ടിക്കാന്‍ കാരണമായി. നിരാശ പിടിപെട്ട ഈ സമൂഹത്തെയാണ് ഐ.എസും അല്‍ഖാഇദയുമെല്ലാം  സമര്‍ഥമായി ഇന്ന് ഉപയോഗപ്പെടുത്തുന്നത്. ഇവരുടെ വെല്ലുവിളി യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നേരെയാണ്. ഐ.എ.സ് അതിന്റെ ഏറ്റവും വലിയ ശത്രുവായി മുന്നില്‍ കാണുന്നത് ലോക പ്രശസ്ത പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയെയാണ്. അദ്ദേഹത്തെക്കുറിച്ച് അവരുടെ ആരോപണം കപടവിശ്വാസികളുടെ നേതാവാണെന്നതാണ്. ഐസ്, ഏറ്റവുമധികം എതിര്‍ക്കുന്ന സംഘടന ഫലസ്ത്വീനിലെ ഹമാസാണ്. കപടവിശ്വാസികളുടെ സംഘടനയായി അവരതിനെയും വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഐ.എസ് ആരാണെന്നും ഇസ്‌ലാമില്‍ അവര്‍ക്ക് വല്ല സ്ഥാനവുമുണ്ടോ എന്നും പറയേണ്ടത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തന്നെയാണ്. അതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്‌ലാമി ‘ഐ.എസ് ഇസ്‌ലാമല്ല’ എന്ന് വിളിച്ച് പറഞ്ഞത്. മുസ്‌ലിം സമൂഹത്തില്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ ബോധവല്‍ക്കരണം നടത്തുന്നു. സോളിഡാരിറ്റി അതിന്റെ നയങ്ങളിലും പോളിസിയിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിന്റെ ശരിയായ രാഷ്ട്രീയ ഉള്ളടക്കത്തെ പ്രതിനിധീകരിക്കാനും അത് പകര്‍ന്നു നല്‍കാനും ഞങ്ങള്‍ ശ്രമിക്കുന്നു.
സുരേന്ദ്രന്‍: ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ച കല്‍ബുര്‍ഗി വധം നോക്കുക. ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുകയാണ്. എന്നാല്‍, ഇത് ഇന്ത്യയിലെ മാത്രം പ്രതിഭാസമല്ല. ബംഗ്ലാദേശില്‍ അഞ്ചുപേരാണ് സമാനമായി കൊലചെയ്യപ്പെട്ടത്. ബംഗ്ലാദേശില്‍ അത് ചെയ്തവരാരോ അവരുടെ മറ്റൊരു മുഖമാണ് ഇന്ത്യയിലും നമുക്ക് കാണാന്‍ കഴിയുന്നത്. ഇടതുപക്ഷം വലിയതോതില്‍ ഇപ്പോഴിതിനെ എതിര്‍ക്കുന്നുണ്ട്. ഞാന്‍ വാദിക്കുന്നത്, ഇത് പറയാന്‍ ധാര്‍മികമായി അവര്‍ക്കെന്തവകാശം എന്നാണ്. ഒരു പഞ്ചായത്തില്‍ അവരെ ചോദ്യം ചെയ്ത മനുഷ്യനെപോലും വളരെ നീചമായി കൊന്നുകളയുകയല്ലേ അവര്‍ ചെയ്തത്! വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങളെ എടുത്തുകളഞ്ഞാല്‍ പിന്നവിടെ ഫാഷിസമായിരിക്കും ബാക്കിനില്‍ക്കുക.
ശൈഖ്: ജനാധിപത്യത്തിനുപകരം ഹിംസയുടെ വഴി തെരഞ്ഞെടുത്താല്‍ വാളെടുത്തവന്‍ വാളാല്‍ എന്നതില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ. അക്ഷരങ്ങള്‍ മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്. മനസ്സുകളെ സ്വാധീനിച്ചാല്‍ ശരീരവും മനസ്സും ഒരുപോലെ കീഴ്‌പെടും. എന്നാല്‍, ആയുധങ്ങള്‍ക്ക്  ശരീരത്തെ മാത്രമേ കീഴ്‌പെടുത്താനാവൂ. അതിനാല്‍ ആശയസംവാദങ്ങളും ചര്‍ച്ചകളും വായനയുമാണ് നാം വികസിപ്പിക്കേണ്ടത്. അതിനുപകരം ആയുധം തീര്‍പ്പുകല്‍പ്പിക്കട്ടെ എന്നുവരുമ്പോള്‍ എല്ലാം അവതാളത്തിലാകുന്നു.
സുരേന്ദ്രന്‍: ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തന്നെ പലപ്പോഴും ഹിംസയുടെ വഴികള്‍ തെരഞ്ഞെടുക്കാറുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ സന്ദര്‍ഭം നമുക്കറിയാം. അറിഞ്ഞോ അറിയാതെയോ ജനാധിപത്യപ്രസ്ഥാനങ്ങള്‍ പലതും ഹിംസയിലേക്ക് വഴിപിരിയുന്ന ഒരു ഇടമുണ്ടാകും.
ശൈഖ്:    ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്നത്തെ ഹിംസാത്മകമായ ലോക നിര്‍മിതിയില്‍ സാമ്രാജ്യത്വത്തിന് വലിയ പങ്കുണ്ട്. ഇസ്്‌ലാം അഫ്ഗാനിസ്ഥാനില്‍ വന്നത് ഹിജ്‌റ 32-ാം വര്‍ഷമാണ്. 14 നൂറ്റാണ്ട് അവരവിടെ ജീവിച്ചു. ബുദ്ധ പ്രതിമകള്‍ക്ക് ഒരു തകരാറും പറ്റിയില്ല. അത്രയും കാലം അവര്‍ ബുദ്ധ പ്രതിമകളെ സംരക്ഷിച്ചു. പക്ഷേ, താലിബാന്‍ അധികാരമേറ്റെടുത്തു. അവരത് നശിപ്പിച്ചു. അതിന്റെ കാരണം ബുദ്ധമതത്തോടുള്ള എതിര്‍പ്പല്ല. മറിച്ച്, അമേരിക്കയോടുള്ള വെറുപ്പാണ്. ഇതിനര്‍ഥം താലിബാന്റെ ചെയ്തി സാധൂകരിക്കപ്പെടണം എന്നല്ല. ചെയ്തത് വലിയ അവിവേകം തന്നെയാണ്. ഇതവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. 14 നൂറ്റാണ്ട് ഈജിപ്ത് മുസ്്‌ലിംകള്‍ ഭരിച്ചു. ഒമ്പത് ശതമാനം ഇപ്പോഴും അവിടെ കോപ്റ്റ് ക്രിസ്ത്യാനികളാണ്. ഇറാഖ്് 14 നൂറ്റാണ്ട് മുസ്്‌ലിംകള്‍ ഭരിച്ചു. അവിടെയും ക്രൈസ്തവ സഹോദരങ്ങള്‍ സുരക്ഷിതരായി ജീവിച്ചുവരുന്നു. സിറിയയില്‍ ഇപ്പോഴും 15 ശതമാനം മുസ്്‌ലിംകളല്ലാത്തവരുണ്ട്. ലബനാനില്‍ അത് 44 ശതമാനമാണ്. എന്നാല്‍, സമകാലിക ലോകത്ത് വലിയ തോതിലുള്ള അസഹിഷ്ണുത വര്‍ധിച്ചിരിക്കുന്നു. ഇതിന് കാരണം സാമ്രാജ്യത്വമാണെന്ന കാര്യത്തില്‍ സംശയമില്ല.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍