Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

പ്രതിപക്ഷ നേതാക്കളുടെ ജീവന്‍ രക്ഷിക്കാന്‍

പ്രതീക്ഷിച്ചതുപോലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ കഴിഞ്ഞ ജനുവരി 6-ന് അവാമി ലീഗ് 'സുപ്രീം കോടതി' ശരിവെച്ചു. ഏതാനും മാസങ്ങള്‍ക്കകം തന്നെ വധശിക്ഷ നടപ്പാക്കുമെന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍, പ്രതിഭാഗം സാക്ഷികള്‍, കുറ്റാരോപിതന്റെ വാദം കേള്‍ക്കല്‍, വിചാരണയുടെയും വിധിപ്രസ്താവത്തിന്റെയും സാമാന്യ മര്യാദകള്‍ പാലിക്കല്‍ എന്നിവക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത ഈ കങ്കാരു കോടതി വ്യവഹാരങ്ങളെല്ലാം എങ്ങനെ വേണമെന്ന് അധികാരികള്‍ നേരത്തേ നിശ്ചയിച്ചുറപ്പിച്ചതാണ്. തൂക്കിക്കൊല്ലേണ്ട ദിവസം വരെ വിചാരണക്ക് മുമ്പ് തന്നെ തീരുമാനിച്ചു വെച്ചിട്ടുണ്ടാവും. ഭരണകക്ഷിയായ അവാമി ലീഗ് പക്ഷപാതികള്‍ നിയന്ത്രിക്കുന്ന, യുദ്ധക്കുറ്റ വിചാരണക്കെന്ന പേരില്‍ തട്ടിപ്പടച്ചുണ്ടാക്കിയ 'ഇന്റര്‍നാഷ്‌നല്‍' ട്രൈബ്യൂണലും കീഴ്-മേല്‍ കോടതികളുമെല്ലാം ഹസീന വാജിദ് എന്ന സ്വേഛാധിപതിയുടെ ഇംഗിതം നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ മാത്രം.
തന്റെ സ്വേഛാധിപത്യം അരക്കിട്ടുറപ്പിക്കുന്നതിന് പ്രതിപക്ഷ നേതൃനിരയെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഹസീന. ഇതിനകം നാലു സമുന്നത പ്രതിപക്ഷ നേതാക്കളെയാണ് കള്ളക്കേസുകള്‍ പടച്ചുണ്ടാക്കി തൂക്കിലേറ്റിയത്. അതില്‍ മൂന്ന് പേരും ബംഗ്ലാ  ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാക്കള്‍. ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ല, സീനിയര്‍ അസി. സെക്രട്ടറി ജനറല്‍ ഖമറുസ്സമാന്‍, മുന്‍ മന്ത്രി അലി അഹ്‌സന്‍ മുജാഹിദ് എന്നിവരാണ് വധിക്കപ്പെട്ട ജമാഅത്ത് നേതാക്കള്‍. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരിയെയും കഴിഞ്ഞ നവംബറില്‍ തൂക്കിലേറ്റുകയുണ്ടായി.
ഇനി മൗലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ ഊഴമാണ്. മികച്ച പാര്‍ലമെന്റേറിയനായ അദ്ദേഹം 2001-2006 കാലയളവില്‍ കൃഷി, വ്യവസായം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. അന്താരാഷ്ട്ര വേദിയായ മുസ്‌ലിം വേള്‍ഡ് ലീഗിലെ  സ്ഥിരാംഗം കൂടിയായ അദ്ദേഹം 2009-ല്‍ ഏറ്റവുമധികം സ്വാധീനമുള്ള അമ്പത് ലോക മുസ്‌ലിം വ്യക്തിത്വങ്ങളിലൊരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 1971-ല്‍ ബംഗ്ലാദേശ് രൂപീകരണ വേളയില്‍ പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് അതിക്രമങ്ങള്‍ ചെയ്ത അല്‍ ബദ്ര്‍ എന്ന സായുധ സംഘത്തിന്റെ തലവനായിരുന്നു മുത്വീഉര്‍റഹ്മാന്‍ എന്നാണ് പ്രോസിക്യൂഷന്‍ വാദം. തെളിവുകളായി സമര്‍പ്പിച്ചതോ അക്കാലത്തെ ഏതാനും പേപ്പര്‍ കട്ടിംഗുകളും ലഘു പുസ്തകങ്ങളും! എതിരാളികള്‍ക്ക് എന്തു വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാമെന്നിരിക്കെ, കട്ടിംഗുകളും പുസ്തകങ്ങളും എങ്ങനെ തെളിവുകളാകും എന്ന് തിരിച്ചു ചോദിക്കരുത്. എന്നാല്‍ ആ കട്ടിംഗുകളില്‍ നിസാമിയുടെ പേരുണ്ടോ? അതൊട്ടില്ല താനും. മേജര്‍ റിയാസ് ഹുസൈന്‍ മാലിക്, അശ്‌റഫ് ഹുസൈന്‍ തുടങ്ങി നാലഞ്ച് വ്യത്യസ്ത പേരുകളാണ് അല്‍ ബദ്ര്‍ സ്ഥാപകനും കമാന്ററുമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആരാണ് യഥാര്‍ഥ സ്ഥാപകന്‍ എന്നു പോലും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബറില്‍ അലി അഹ്‌സന്‍ മുജാഹിദ് എന്ന ജമാഅത്ത് നേതാവിനെ തൂക്കിലേറ്റിയതും അല്‍ ബദ്ര്‍ കമാന്റര്‍ എന്നാരോപിച്ച്! ഇതാണ് 'തെളിവുകളുടെ' കഥ.
ഇത്തരം നീതിനിഷേധങ്ങളെയും ജുഡീഷ്യല്‍ കൊലപാതകങ്ങളെയും ന്യായീകരിക്കുക; അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുക. ഇതായിരുന്നു പൊതുവെ ലോക മീഡിയ, പ്രത്യേകിച്ച് ഇന്ത്യന്‍ മീഡിയ സ്വീകരിച്ചുവന്ന നിലപാട്. 'ഫണ്ടമെന്റലിസ്റ്റുകള്‍'ക്ക് എതിരായതു കൊണ്ട് മാത്രം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ വരെ സ്വേഛാധിപത്യത്തിന് ഹലേലുയ്യ പാടുന്ന കാഴ്ചയും നാം കണ്ടു. പക്ഷേ, ക്രമേണയെങ്കിലും ചിത്രം മാറിവരുന്നുണ്ട്. പ്രമുഖ ഇന്ത്യന്‍ ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന  ഡെയ്‌ലി ടെലഗ്രാഫ് പത്രത്തില്‍ എഴുതിയ ലേഖനം ('റ്റൂ ക്വയറ്റ് ഫോര്‍ കംഫര്‍ട്ട്' 2015, നവംബര്‍ 28) ഉദാഹരണം. ഏക പാര്‍ട്ടി സ്വേഛാധിപത്യത്തിന് അല്‍പായുസ്സ് മാത്രമാണുള്ളതെന്ന് അദ്ദേഹം ഹസീന വാജിദിനെ ഓര്‍മിപ്പിക്കുന്നു. നാസികള്‍ അധികാരമേറുമ്പോള്‍ പറഞ്ഞിരുന്നത് ആയിരം വര്‍ഷം തങ്ങളായിരിക്കും ഭരിക്കുക എന്നായിരുന്നു. ഭരിച്ചതോ കേവലം 12 വര്‍ഷം. ഇന്ത്യയില്‍ കോണ്‍ഗ്രസ്സും പാകിസ്താനില്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും ശ്രീലങ്കയില്‍ ഫ്രീഡം പാര്‍ട്ടിയും ഏക പാര്‍ട്ടി സ്വേഛാധിപത്യം പരീക്ഷിച്ചെങ്കിലും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം അവ നിലം പൊത്തി. തനിക്കും വരാന്‍ പോകുന്നത് ഇതേ പരിണതി തന്നെയായിരിക്കുമെന്ന് മുന്‍കൂട്ടിക്കണ്ട് സൈന്യത്തെ തന്റെ കൂടെ നിര്‍ത്താന്‍ അവര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഹസീനയെന്നും രാമചന്ദ്ര ഗുഹ എഴുതുന്നു. സൈന്യം രാഷ്ട്രത്തെ തന്നെ വിഴുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് താന്‍ നേരില്‍ കണ്ട സംഭവങ്ങളെ സാക്ഷ്യപ്പെടുത്തി അദ്ദേഹം കുറിക്കുന്നു.
സ്വേഛാധിപത്യവും ഏക പാര്‍ട്ടി ഭരണവും തകരാനുള്ളത് തന്നെയാണ്. പക്ഷേ അത് യാഥാര്‍ഥ്യമായി പുലരുമ്പോഴേക്കും രാഷ്ട്രവും ജനതയും, പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വില നില്‍കേണ്ടിവരും. ബംഗ്ലാദേശിലിപ്പോള്‍ മുഴുവന്‍ പ്രതിപക്ഷ നേതാക്കളുടെയും ജീവന്‍ അപകടത്തിലാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമിയുടെ അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമി എപ്പോള്‍ വേണമെങ്കിലും തൂക്കിലേറ്റപ്പെടാമെന്ന സ്ഥിതിയാണ്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വന്‍ ജനകീയ പ്രതിഷേധ കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു. സത്യവും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളെയും അതില്‍ പങ്കാളികളാക്കുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍