Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

എന്തുകൊണ്ട് ഇസ്‌ലാം മാത്രം?

മുജീബ്‌

എന്തുകൊണ്ട് ഇസ്‌ലാം മാത്രം?

ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍, ജന്മസിദ്ധമായ കഴിവുകള്‍, കഴിവുകേടുകള്‍ തുടങ്ങി അനേകം ബാഹ്യ ഘടകങ്ങളുടെ സ്വാധീനത്തിന്റെ ഫലമാണ് നമ്മുടെ വ്യക്തിത്വം. നമുക്ക് യാതൊരു മുന്നറിവോ നിയന്ത്രണമോ ഇല്ലാത്ത ഇവ മൂലം ഒരാള്‍ സദ്കര്‍മിയോ ദുഷ്‌കര്‍മിയോ, വിശ്വാസിയോ അവിശ്വാസിയോ ആവുന്നതില്‍, അയാളുടെ മാത്രമായ പങ്ക് വല്ലതുമുണ്ടെങ്കില്‍ അതിനല്ലേ അയാള്‍ ഉത്തരവാദിയാകൂ? സദ്കര്‍മത്തിന് പ്രതിഫലം എത്ര ഇരട്ടി ലഭിച്ചാലും ദുഷ്‌കര്‍മങ്ങള്‍ക്ക് ശിക്ഷിക്കുകയാണെങ്കില്‍ തന്നെ അതിന് കൃത്യമായ, അര്‍ഹിക്കുന്ന അളവില്‍ മാത്രമേ അത് ഉണ്ടാവുകയുള്ളൂ എന്ന് ഖുര്‍ആന്‍ പറയുന്നു. 'എല്ലാവരും ജനിക്കുന്നത് ഒരേ ശുദ്ധ പ്രകൃതിയിലാണ്. വ്യത്യസ്ത മതക്കാരായ മാതാപിതാക്കളാണ് അവരെ അതത് മതക്കാരനാക്കുന്നത്' എന്ന് മുഹമ്മദ് നബി(സ)യും വ്യക്തമാക്കിയിട്ടുണ്ട്. 

ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ 'ദൈവത്തിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാമാണ്. അല്ലാത്തതൊന്നും പാടില്ല' എന്ന ഖുര്‍ആന്‍ വചനത്തിലെ 'ഇസ്‌ലാം' എന്ന പദം കൊണ്ടുദ്ദേശ്യം 'ദൈവത്തിന് കീഴൊതുങ്ങി ജീവിക്കുക' എന്ന ആശയം മാത്രമാണ് എന്നല്ലേ കരുതേണ്ടത്? അതല്ല, മുഹമ്മദ് നബി പഠിപ്പിച്ച എല്ലാ അനുഷ്ഠാനങ്ങളും ശരീഅത്ത് നിയമങ്ങളുമടങ്ങുന്ന സമ്പൂര്‍ണ മതം എന്ന അര്‍ഥത്തിലാണെങ്കില്‍, നബിയുടെ കാലശേഷം ഭൂമിയില്‍ ജനിച്ചിട്ടുള്ളവരെല്ലാവര്‍ക്കും 'ഇസ്‌ലാം മതത്തില്‍ ചേര്‍ന്നാല്‍ മാത്രമേ' സ്വര്‍ഗം ലഭിക്കാന്‍ സാധ്യതയുള്ളൂ, നബിയെ പിന്‍പറ്റാത്തവരെയെല്ലാം ആ ഒരു കാരണം കൊണ്ട് മാത്രം വിചാരണയില്ലാതെ നേരെ നരകത്തിലേക്ക് എറിയപ്പെടും എന്നാവില്ലേ ഫലത്തില്‍ വരിക? പ്രപഞ്ചനാഥനായ സര്‍വേശ്വരനെ ഒരു 'മുസ്‌ലിം ദൈവമാക്കി' ചെറുതാക്കലാവില്ലേ അത്?

 എം. ഖാലിദ്

എല്ലാം  ദൈവത്തിനര്‍പ്പിച്ചു ജീവിക്കുന്നതിന്റെ അറബി സാങ്കേതിക പദമാണ് ഇസ്‌ലാം. അതേ പേരില്‍ തന്നെയായിരുന്നു എല്ലാ പ്രവാചകന്മാരുടെയും കാലത്ത് ദീന്‍ വ്യവഹരിക്കപ്പെട്ടിരുന്നത് എന്നില്ല. 'എല്ലാ ഓരോ പ്രവാചകനെയും നാം നിയോഗിച്ചത് തന്റെ ജനതയുടെ ഭാഷയിലായിരുന്നു' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. ആശയമാണ് പ്രധാനം. ദൈവത്തിന്റെ ഏകത, പ്രവാചകന്മാരുടെ സത്യത, മരണാനന്തര ജീവിതം എന്നീ അടിസ്ഥാന പ്രമാണങ്ങള്‍ എല്ലാ പ്രവാചകന്മാരും ഒരുപോലെ പ്രബോധനം ചെയ്തിരുന്നതാണ്. അതേതുടര്‍ന്ന് നിര്‍ബന്ധമായി വരുന്ന നമസ്‌കാരം, വ്രതം, ദാനധര്‍മങ്ങള്‍ എന്നീ അനുഷ്ഠാനങ്ങളും എല്ലാ പ്രവാചക മതങ്ങളിലും ഉണ്ടായിരുന്നു. രൂപം, സമയം, അളവ് എന്നിവയിലൊക്കെയായിരുന്നു വൈവിധ്യങ്ങള്‍. അതുപോലെ കൊലപാതകം, വ്യഭിചാരം, പലിശ, അപവാദപ്രചാരണം, വ്യാജ സാക്ഷ്യം, മാതാപിതാക്കളെ ദ്രോഹിക്കല്‍, അനാഥകളുടെ സ്വത്തപഹരണം, മോഷണം, മദ്യപാനം, കളവ് പറയല്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അനുവദിച്ച ഒരു പ്രവാചകനും കഴിഞ്ഞുപോയിട്ടില്ല. ശിക്ഷാവിധികളില്‍ വ്യത്യാസമുണ്ടായിരുന്നിരിക്കാം. സത്യം, സാഹോദര്യം, നീതി, സഹനം, സഹിഷ്ണുത, സദാചാരം, ദയ പോലുള്ള സദ്ഗുണങ്ങളും പ്രവാചകന്മാരുടെ പൊതു അധ്യാപനങ്ങളായിരുന്നു. ഇതേപ്പറ്റിയെല്ലാം അറിവ് ലഭിച്ച ശേഷം, അതില്‍ വിശ്വസിക്കുകയും അതനുസരിച്ച് സാധ്യമായത്ര ജീവിതം ക്രമപ്പെടുത്തുകയും ചെയ്തവര്‍ ആരായാലും ഏതു കാലത്തായാലും രക്ഷപ്പെടും, സ്വര്‍ഗാവകാശികളാവും എന്നാണ് ഖുര്‍ആനില്‍ നിന്ന് വ്യക്തമാവുന്നത്. മനപ്പൂര്‍വമല്ലാതെ വീഴ്ചകള്‍ സംഭവിച്ചാല്‍ അഥവാ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിനപേക്ഷിച്ചാല്‍ അല്ലാഹു പൊറുത്തു കൊടുക്കും എന്നും ഉറപ്പ് നല്‍കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, 'അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമായ ദീന്‍ ഇസ്‌ലാം മാത്രമാണ്, ഇസ്‌ലാം അല്ലാത്ത ദീന്‍ ആര്‍ തേടിയാലും അത് സ്വീകാര്യമല്ല' എന്നീ സൂക്തങ്ങളുടെ പൊരുള്‍ ഉപര്യുക്ത തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഇതര മതങ്ങളില്‍ പ്രവാചകന്മാര്‍ക്ക് ശേഷം പുരോഹിതന്മാര്‍ കൂട്ടിച്ചേര്‍ത്തതിനാല്‍ അവ അപ്പടി സ്വീകാര്യമല്ല എന്നാണ്. ബഹുദൈവത്വം, പ്രവാചകന്മാരുടെ പേരില്‍ ദിവ്യത്വാരോപണം, പുരോഹിതന്മാരുടെ അപ്രമാദിത്തം, മരണാനന്തര ജീവിതത്തെയും സ്വര്‍ഗ-നരകങ്ങളെയും കുറിച്ച വികല സങ്കല്‍പങ്ങള്‍, ഭൗതിക ജീവിതത്തോടുള്ള സമ്പൂര്‍ണ വിരക്തി, അന്യായമായ ഹിംസ തുടങ്ങിയ പല തെറ്റായ കാര്യങ്ങളും ഇസ്‌ലാമിതര മതങ്ങളിലുണ്ട്. അവയൊക്കെ അപ്പടി ശരിവെക്കാനാണെങ്കില്‍ പിന്നെ മുഹമ്മദ് നബി ആഗതനാവേണ്ടതില്ലായിരുന്നുവല്ലോ. ഇതര മതങ്ങളിലെ നല്ലതിനെയെല്ലാം ശരിവെച്ചും, തെറ്റായതിനെ മുഴുവന്‍ തള്ളിപ്പറഞ്ഞുമാണ് അന്ത്യപ്രവാചകന്‍ നിയുക്തനായത് എന്നതിനാല്‍ അദ്ദേഹത്തിന്റെ കുറ്റമറ്റ സന്ദേശം സ്വീകരിക്കുക മാത്രമാണ് രക്ഷാമാര്‍ഗം എന്നു വരുന്നു. പ്രവാചക സന്ദേശം പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങളെ അല്ലാഹു ശിക്ഷിക്കുകയില്ല എന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (17:15). എന്തൊക്കെയായാലും വ്യക്തികളെ സംബന്ധിച്ചേടത്തോളം സ്വര്‍ഗ നരകങ്ങളുടെ തീരുമാനം അന്തിമമായി അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ഒരാള്‍ക്കും അതേക്കുറിച്ച് വിധി പുറപ്പെടുവിക്കാനാവില്ല. അല്ലാഹു ആകട്ടെ പരമകാരുണ്യവാനാണ്. അവന്‍ അകാരണമായി, വിചാരണ പോലും കൂടാതെ ഒരാളെയും നരകത്തിലേക്ക് തള്ളിവീഴ്ത്തുമെന്ന് ആശങ്കിക്കുന്നതുപോലും മഹാപരാധമാണ്. 

വിവാഹധൂര്‍ത്തിനും ന്യായീകരണം

വിവാഹ ധൂര്‍ത്തുമായി ബന്ധപ്പെടുത്തി പല ലേഖനങ്ങളും കത്തുകളും പ്രബോധനം വാരിക പ്രസിദ്ധീകരിക്കാറുണ്ട്. ഇതിന് മറുവശം ഇല്ലേ? ഒരാള്‍ തന്റെ മകളുടെ വിവാഹം മോടിയായി നടത്തിയാല്‍ ആ പണം ആ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന പല സംവിധാനങ്ങളിലേക്കുമെത്തുന്നു, അതുവഴി ഉപജീവനം നടത്തുന്ന ഒട്ടേറെ ആളുകള്‍ക്ക് അത് പ്രയോജനപ്പെടുന്നു. ഉദാഹരണത്തിന്, ആ വിവാഹത്തിന് സദ്യയൊരുക്കിയവര്‍, ഐസ്‌ക്രീം ഉല്‍പാദകരും വിതരണക്കാരും, പന്തല്‍ നിര്‍മിച്ചവര്‍, ക്ഷണക്കത്ത് അടിച്ചവര്‍, വസ്ത്ര വ്യാപാരികള്‍ എന്നിങ്ങനെ തൊഴിലാൡളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും കുറച്ച് ദിവസത്തേക്കെങ്കിലും ജോലി ഉണ്ടാക്കി കൊടുക്കുന്നു. ഇങ്ങനെയെല്ലാം ചെലവാക്കാതെ ആ പണം അദ്ദേഹത്തിന്റെ ബാങ്കില്‍ തന്നെ കിടന്നിട്ട് എന്താണ് പ്രയോജനം?

ഇനി അദ്ദേഹം ആ പണം കുറേ പേര്‍ക്ക് വെറുതെ കൊടുത്താല്‍ എന്താകും ഫലം? ഉല്‍പാദനവും സേവനവും എങ്ങനെ നടക്കും? പണം വെറുതെ കൊടുക്കുന്നത് നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കും എന്നത് ധനകാര്യ തത്ത്വമാണ്. പണക്കാരനാണ് എന്ന മിഥ്യാധാരണ ഉണ്ടാക്കാന്‍വേണ്ടി കടം വാങ്ങി ആഡംബര വിവാഹം നടത്തി നശിക്കുന്നത് മോശം പ്രവണതയും നിരുത്സാഹപ്പെടുത്തേണ്ടതുമാണെങ്കിലും പണമുള്ളവര്‍, ഒട്ടേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും ജോലിയും വരുമാനവും ലഭിക്കുന്ന ആര്‍ഭാട വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? സാമ്പത്തിക നില അനുസരിച്ച് വിവാഹത്തിന്റെ മോടി കൂട്ടുകയോ കുറക്കുകയോ ചെയ്യുക എന്ന മധ്യമ നിലപാടല്ലേ ഉപദേശിക്കേണ്ടത്?

 സക്കീര്‍ ഹുസൈന്‍ എം, ഓച്ചിറ

ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തോ പിശുക്കോ കാണിക്കാതെ, രണ്ടിനും മധ്യേയുള്ള മിത മാര്‍ഗം സ്വീകരിക്കുന്നവരാണ് യഥാര്‍ഥ ദൈവ ദാസന്മാര്‍ (25:67) എന്നും, 'നീ ധൂര്‍ത്തടിക്കരുത്, ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ കൂട്ടുകാരത്രെ' (17:26,27) എന്നും ഖുര്‍ആന്‍ സംശയാതീതമായി വ്യക്തമാക്കിയിരിക്കെ, വിവാഹാഘോഷങ്ങളിലും സല്‍ക്കാരങ്ങളിലുമൊക്കെയുള്ള ധൂര്‍ത്തോ ദുര്‍വ്യയമോ ഒരു സാഹചര്യത്തിലും ന്യായീകരിക്കപ്പെട്ടുകൂടാ. കുറെ പേര്‍ക്ക് തൊഴിലിന്റെ പ്രശ്‌നമുണ്ടെങ്കില്‍ വിഹിതമായ എത്രയെത്ര മാര്‍ഗങ്ങളുണ്ട് തൊഴിലുണ്ടാക്കാനും തൊഴില്‍ നേടിയെടുക്കാനും? തിന്മ മാത്രമായത് കൊണ്ടല്ല മദ്യവും ചൂതാട്ടവും പോലും അല്ലാഹു നിഷിദ്ധമാക്കിയത്. ഒരല്‍പം പ്രയോജനം അവയിലുമുണ്ട്, എന്നാല്‍ തിന്മയാണ് നന്മയേക്കാള്‍ വലുതായുള്ളത് എന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. സമ്പന്നര്‍ സമ്പത്ത് കൊണ്ട് ധാരാളിത്തം കാട്ടുമ്പോള്‍ സാധാരണക്കാരും പാവങ്ങളും മാനം കാക്കാന്‍ കടപ്പെട്ടും കഷ്ടപ്പെട്ടും തന്റെ ശേഷിക്കതീതമായി കല്യാണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാവുന്നതാണ് സാമാന്യ കാഴ്ച. അപ്പോള്‍ പണക്കാരുടേത് തെറ്റായ മാതൃകയായിത്തീരുന്നു. മാത്രമല്ല, അനേകം കോടി സ്ത്രീകളും കുഞ്ഞുങ്ങളും മൊത്തം മനുഷ്യരും പുല്ലോ പുഴുവോ പോലും തിന്നാനില്ലാതെ മരിച്ചുവീഴുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പിടി സമ്പന്നര്‍ മിച്ചം വരുന്ന അനേക ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കുഴിച്ചുമൂടുന്ന സംസ്‌കാരം എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക? സുഊദി അറേബ്യയില്‍ മാത്രം പ്രതിവര്‍ഷം 3500 കോടി രൂപയുടെ ഭക്ഷ്യ സാധനങ്ങളാണ് വെറുതെ കളയുന്നതെന്ന് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ കാണിക്കുന്നു. ദരിദ്ര രാജ്യമായ ഇന്ത്യയും ആപേക്ഷികമായി ഒട്ടും പിന്നിലല്ല. സ്റ്റാര്‍ ഹോട്ടലുകള്‍, സദ്യകള്‍, കല്യാണങ്ങള്‍ എന്നിവ വഴിയാണ് ഭക്ഷ്യ സാധനങ്ങളധികവും പുറംതള്ളപ്പെടുന്നതെന്ന് വ്യക്തം. വിവാഹത്തിന്റെ ക്ഷണക്കത്ത്, ആഭരണങ്ങള്‍, പന്തല്‍, ഗതാഗതം, വീഡിയോ തുടങ്ങിയവയിലൂടെ അതിസമ്പന്നര്‍ കാഴ്ചവെക്കുന്ന ധൂര്‍ത്തിന് സമാനതകളില്ല.

വിവാഹിതനാവുന്ന പുരുഷനോടാണ് നബി സദ്യ നടത്താന്‍ ഉപദേശിച്ചത്; സ്ത്രീയുടെ രക്ഷാകര്‍ത്താക്കളോടല്ല. നബി(സ)യുടെ നാല് പെണ്‍മക്കള്‍ വിവാഹിതരായപ്പോഴും നബി (സ) വലീമ നടത്തിയതിന് തെളിവില്ല. സൈനബിനെ അല്ലാഹു പ്രവാചകനു വിവാഹം ചെയ്തു കൊടുത്തപ്പോള്‍ അതു മാത്രം സദ്യ നടത്തി നബി(സ) ആഘോഷിച്ചതിന് തെളിവുണ്ട്. ഇതിന്മേല്‍ കയറിപ്പിടിച്ച് മക്കളുടെ വിവാഹാചരണം കെങ്കേമമാക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികള്‍ക്ക് വരുമാന മാര്‍ഗമാവുമെങ്കിലും നീതീകരിക്കപ്പെടില്ല. അതിസമ്പന്നര്‍ പണം ബാങ്കില്‍ കെട്ടിപ്പൂട്ടി വെക്കണമെന്നത് ഇസ്‌ലാമിന്റെ അധ്യാപനമല്ല, കണ്ണില്‍ ചോരയില്ലാത്ത മുതലാളിത്തത്തിന്റെ ദുശ്ശീലമാണ്. പണക്കാര്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങളില്‍ പണം നിക്ഷേപിക്കുകയും അപ്രകാരം അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അന്തസ്സത്ത. സ്വത്ത് സമ്പന്നര്‍ക്കിടയില്‍ കറങ്ങുന്നതാക്കി മാറ്റരുത് എന്ന് ഖുര്‍ആന്‍ അനുശാസിച്ചതാണ്.  സ്വര്‍ണവും വെള്ളിയും കൂമ്പാരമാക്കി വെക്കുകയും അത് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നരകശിക്ഷക്ക് പാത്രീഭൂതരാവും എന്നും ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുണ്ട്. സകാത്ത് കൊടുത്തു എന്ന ആശ്വസിക്കുന്നവരെ 'സ്വത്തുക്കളില്‍ സകാത്തിന് പുറമെയും ബാധ്യതയുണ്ട്' എന്ന് നബി(സ) ഓര്‍മിപ്പിച്ചിട്ടുണ്ട്. നിര്‍ധനരുടെ പാര്‍പ്പിട നിര്‍മാണം, കുടിവെള്ള സ്രോതസ്സുകളുടെയും ജന സേവന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെയും നിര്‍മിതി തുടങ്ങി ഒട്ടേറെ പേര്‍ക്ക് തൊഴില്‍ സാധ്യത കൂടി ലഭിക്കുന്ന പുണ്യകര്‍മങ്ങളെല്ലാം മാറ്റിനിര്‍ത്തി ധൂര്‍ത്ത് വ്യവസായ തൊഴിലാളികള്‍ക്ക് പണി കൊടുക്കല്‍ മാത്രമാണ് നല്ല കാര്യമെന്ന് തോന്നുന്നവരുടെ മനോനില വിചിത്രമാണ്. മദ്യനിരോധം നടപ്പാക്കണമെന്ന ആവശ്യത്തെ മദ്യ തൊഴിലാളികളുടെ തൊഴില്‍ നഷ്ടം ചൂണ്ടിക്കാട്ടി എതിര്‍ക്കുന്ന പോലെയാണിതും.  

വര്‍ഗീയതക്കെതിരെ ഐക്യം

ഇനി നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ കക്ഷികളുടെ മുന്നേറ്റ ഭീഷണിക്കു മുന്നില്‍ കോണ്‍ഗ്രസ്സും ഇടതു കക്ഷികളും യോജിച്ചു പോരാടാനുള്ള സാധ്യത (ബിഹാര്‍ മോഡല്‍) എത്രത്തോളമാണ്? കേരളത്തിലും ഇത്തരം സഖ്യത്തിന് സാധ്യതയുണ്ടോ?

 അബ്ദുല്‍ മലിക് മുടിക്കല്‍

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അനൈക്യവും ശൈഥില്യവും നേതാക്കളുടെ അധികാരപരമായ സ്വാര്‍ഥതയും തന്‍പ്രമാണിത്തവുമൊക്കെയാണ് വര്‍ഗീയ ഫാഷിസത്തിന് ഇന്ത്യയുടെ വഴി തുറന്നു കൊടുത്തതെന്ന് മന്ദബുദ്ധികള്‍ക്ക് പോലും അറിയാം. ആപത്ത് തലക്ക് മീതെ വന്നെത്തിയിട്ടും തിരിച്ചറിവിന്റെയോ വീണ്ടുവിചാരത്തിന്റെയോ ലക്ഷണമൊന്നും അവര്‍ കാണിക്കുന്നുമില്ല. ബിഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിയപ്പോഴാണ് നിയമസഭ ഇലക്ഷനില്‍ പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ച് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും യോജിച്ചു നില്‍ക്കാന്‍ തയാറായത്. അക്കൂട്ടത്തില്‍ കോണ്‍ഗ്രസ്സ് കൂടി ചേരുകയായിരുന്നു. അപ്പോഴും ഇടതു പാര്‍ട്ടികള്‍ മൂന്നാം മുന്നണി രൂപവത്കരിച്ച് പൊരുതാനിറങ്ങി. വട്ടപൂജ്യമായിരുന്നു ഫലം. എങ്കിലും മതേതര മുന്നണിക്ക് എന്‍.ഡി.എയെ തുരത്താനായി. അതേയവസരം, അതിന് മുമ്പ് ദല്‍ഹിയില്‍ ഒത്തുചേര്‍ന്ന ജനതാ ദള്‍ ഗ്രൂപ്പുകള്‍ പുനരേകീകരണം പ്രഖ്യാപിച്ചുവെങ്കിലും സംഗതി എവിടെയും എത്തിയില്ല. പശ്ചിമ ബംഗാളിലെ മമതയോ ആന്ധ്രയിലെ ടി.ഡി.പിയോ തെലുങ്കാനയിലെ ടി.ആര്‍.എസോ തമിഴ്‌നാട്ടിലെ ജയലളിതയോ ഒരുവിധ മതേതര സഖ്യത്തിലുമില്ലെന്ന് മാത്രമല്ല ടി.ഡി.പി ബി.ജെ.പി പാളയത്തിലാണ് താനും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും വഴിപിരിഞ്ഞു. ഇനിയിപ്പോള്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.പിയും ബി.എസ്.പിയും ഒന്നിക്കുന്ന പ്രശ്‌നം പോലുമില്ല എന്നതാണവസ്ഥ. വീണ്ടും ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ചിത്രം. ജനാധിപത്യമോ മത നിരപേക്ഷതയോ ദേശീയ ഐക്യമോ ഒന്നുമല്ല, സങ്കുചിത വ്യക്തിതാല്‍പര്യങ്ങളും കുടുംബ സ്‌നേഹവും പാര്‍ട്ടി പക്ഷപാതിത്വവുമാണ് പ്രഥമ പരിഗണന അര്‍ഹിക്കുന്നത് എന്നതാണ് സ്ഥിതി. എന്നാല്‍ ദല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.പിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിലും പ്രകടമായതുപോലെ ജനങ്ങളുടെ വിശിഷ്യ മതന്യൂനപക്ഷങ്ങളുടെ ജാഗ്രതയാണ് പ്രതീക്ഷ നല്‍കുന്ന പ്രധാന പ്രവണത. 

മഹല്ല് നേതൃത്വത്തില്‍ സ്ത്രീകള്‍

''കേരളത്തില്‍ പതിനായിരക്കണക്കിന് മഹല്ല് കമ്മിറ്റികളുണ്ട്. ഏതെങ്കിലുമൊരു മഹല്ല് കമ്മിറ്റി സ്ത്രീയെ പ്രസിഡന്റാക്കുമോ? ഏതെങ്കിലുമൊരു പള്ളിയില്‍ അവരെ ഇമാമാക്കുമോ? ബാങ്കുവിളിക്കാനെങ്കിലും ചുമതലപ്പെടുത്തുമോ? പള്ളികളില്‍ അടിച്ചുവാരാന്‍ പോലും സ്ത്രീകളെ ഏല്‍പിക്കില്ല. ഈ സ്ഥിതി മാറണ്ടേ?'' (ഡോ. എം.എന്‍ കാരശ്ശേരിയുടെതാണ് ഈ ചോദ്യം). സ്ത്രീ ശാക്തീകരണത്തിന് ആദ്യം ചെയ്യേണ്ടത് മഹല്ല് കമ്മിറ്റികളില്‍ പ്രാതിനിധ്യം നല്‍കലും പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യമനുവദിക്കലുമാണെന്ന് ഉല്‍പതിഷ്ണുക്കള്‍ വാദിക്കുമ്പോള്‍ മേല്‍ അഭിപ്രായത്തിന്റെ മതവിധികള്‍ വിശകലനം ചെയ്യാമോ?

 സമദ് കല്ലടിക്കോട്

മഹല്ലുകള്‍ ശരീഅത്ത് കൈയാളിയ വിഷയമല്ല. മുസ്‌ലിം നാടുകളില്‍ നമ്മുടേത് പോലുള്ള മഹല്ലുകളോ തല്‍സംബന്ധമായ പ്രശ്‌നങ്ങളോ ഇല്ല. മതേതര സമൂഹത്തില്‍ അനുവദിക്കപ്പെട്ട മത സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മുസ്‌ലിംകള്‍ ഇജ്തിഹാദിലൂടെ കണ്ടെത്തിയ ഏര്‍പ്പാടാണ് മഹല്ലുകള്‍. അവ എങ്ങനെ കൊണ്ടുനടത്തണമെന്ന് തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്. സ്ത്രീ പ്രാതിനിധ്യം ഒരാവശ്യമാണ്; ശരീഅത്തിലാവട്ടെ അതിന് പഴുതുണ്ട് താനും. കടുത്ത യാഥാസ്ഥിതികതയാണ് സ്ത്രീ പ്രാതിനിധ്യത്തിന് തടസ്സം. സ്ത്രീകളുടെ പള്ളിപ്രവേശം പോലെ മഹല്ല് ഭരണത്തിലെ സ്ത്രീ പ്രാതിനിധ്യവും ആശയ സമരത്തിലൂടെ നേടിയെടുക്കേണ്ടതാണ്. ബാങ്ക് വിളിക്കും ഇമാമത്തിനും ഖുത്വ്ബക്കും സ്ത്രീകളെ നിയോഗിക്കേണ്ട ആവശ്യം നേരിട്ടിട്ടില്ല. അവയൊന്നും തൊഴില്‍പരമായ ആവശ്യവുമല്ല. പ്രകൃതിപരമായ പരിമിതികള്‍ തദ്വിഷയകമായി സ്ത്രീകള്‍ക്കുണ്ട് താനും. ഇക്കാര്യങ്ങളില്‍ സ്ത്രീകളെ ആശ്രയിക്കേണ്ട അനുപേക്ഷ്യത വന്നാല്‍ എന്തു ചെയ്യണമെന്ന് അന്നത്തെ പണ്ഡിതന്മാര്‍ ഇജ്തിഹാദിലൂടെ തീരുമാനിക്കട്ടെ. ഫര്‍ദ് കിഫായ (സാമൂഹിക ബാധ്യത)യില്‍ ഉള്‍പ്പെടുന്ന ബാങ്ക് വിളി, ഇമാമത്ത്, ഖുത്വ്ബ എന്നിവ അത് നിര്‍ബന്ധമല്ലാത്ത സ്ത്രീകളെ ഏല്‍പിക്കേണ്ട സാഹചര്യം ഇപ്പോഴേതായാലും ഇല്ല. നമ്മുടെ ചില നവലിബറലുകളല്ലാതെ മുസ്‌ലിം സ്ത്രീകളില്‍ നിന്നാരും അങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടുമില്ല. നവലിബറലുകള്‍ക്കാകട്ടെ പള്ളിയോ നമസ്‌കാരമോ ഒന്നും ആവശ്യവുമില്ല. ആണോ പെണ്ണോ ആരു നയിച്ചാലും അവരങ്ങോട്ട് തിരിയാനും സാധ്യതയില്ല. പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്ത് കാര്യം? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം