Prabodhanm Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

ബഹിഷ്‌കരണവും ഊരുവിലക്കും ഏര്‍പ്പെടുത്തുന്ന മഹല്ലുകള്‍ ഇപ്പോഴുമുണ്ട്

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

ക്കം 2932-ലെ, വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും അതിന്റെ അനിവാര്യതയും ഗുണഫലങ്ങളും അപഗ്രഥിച്ചുകൊണ്ട് റശീദലി ശിഹാബ് തങ്ങളുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം ശ്രദ്ധേയവും അവസരോചിതവുമായി. തീവ്ര സുന്നി ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്ന ചില മഹല്ലുകളിലെങ്കിലും ഇന്നും 'തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും' നിലവിലുണ്ട്. രണ്ട് സുന്നി ഗ്രൂപ്പുകളും ഒരുമിച്ച് ഭരണം കൈയാളുന്ന മഹല്ലിലാണ് ഇത്തരം പ്രവണതകള്‍ ഉള്ളതെന്ന് ശ്രദ്ധേയമാണ്. ഈയിടെ കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്തിലെ കായലം പ്രദേശത്ത് പള്ളിക്കമ്മിറ്റി വക ഫ്‌ളക്‌സ് ബോര്‍ഡും മഹല്ലിലെ വീടുകളില്‍ അവര്‍ എത്തിച്ച നോട്ടീസും ശ്രദ്ധയില്‍ പെട്ടു. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ് എന്നീ 'പുത്തന്‍' പ്രസ്ഥാനക്കാരുമായി യാതൊരു  ബന്ധവും പാടില്ലെന്നും അവരുടെ മരണ, വിവാഹ ചടങ്ങുകളില്‍ സഹകരിക്കേണ്ടതില്ലെന്നും ഖബ്ര്‍ കുഴിക്കാന്‍ ഉപകരണങ്ങളോ മയ്യിത്ത് കട്ടിലോ മൂടുകല്ലോ, മറ്റു സഹായങ്ങളോ ഒന്നും നല്‍കില്ലെന്നും അവരുമായി ബന്ധം വെച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് അതില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തേ ഈ പ്രദേശത്തെ ഒരു മുജാഹിദ് അനുഭാവിയുടെ ഭാര്യ മരണപ്പെട്ടപ്പോള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മറ്റൊരാളുടെ മകന്‍ പുഴയില്‍ വീണു മരിച്ചപ്പോഴും അത്യാഹിതത്തിന്റെ വേദന പേറുന്ന ബാപ്പയെ അകറ്റിനിര്‍ത്തി മറ്റു സുന്നികളായ ബന്ധുക്കളെ കൊണ്ട് കര്‍മങ്ങള്‍ നടത്തിച്ചു. ഇങ്ങനെയുള്ള കൊടിയ പീഡനങ്ങള്‍ക്കാണ് ജമാഅത്ത്, മുജാഹിദ് പ്രവര്‍ത്തകര്‍ വിധേയരാകുന്നത്.

അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ദീനീസ്‌നേഹി വഖ്ഫ് ചെയ്തതാണ് ഇപ്പോള്‍ പള്ളിക്കുള്ള സ്വത്ത് വഹകള്‍. അദ്ദേഹം അന്നുതന്നെ തന്റെ വസ്വിയ്യത്തില്‍ ഏതൊരു മുസല്‍മാനെയും പ്രയാസമേതുമില്ലാതെ ഇവിടെ ഖബ്‌റടക്കണമെന്നും മറ്റു സഹായങ്ങള്‍ നല്‍കണമെന്നുമാണ് കുറിച്ചുവെച്ചത്.

ഇത്തരം അസഹിഷ്ണുത നിറഞ്ഞ സമീപനങ്ങള്‍ കാരണം ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ ഇപ്പോള്‍ വഖ്ഫ് ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്. സമാനമായ വിഷയങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവരാണ് പെരിങ്ങൊളം മഹല്ലിലെ ജമാഅത്ത് പ്രവര്‍ത്തകരും. അവരുടെ ബന്ധുക്കള്‍ മരണപ്പെട്ടപ്പോള്‍ കുന്ദമംഗലത്ത് നിന്ന് ഖബ്ര്‍ കുഴിക്കുന്ന ഉപകരണങ്ങളും മയ്യിത്ത് കട്ടിലും കൊണ്ടുവരേണ്ടിവന്നു സംസ്‌കരണ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍.

ഇത്തരം നിന്ദ്യവും നികൃഷ്ടവുമായ സമീപനങ്ങള്‍ കമ്മിറ്റികളില്‍ നിന്നായാലും പള്ളി ഇമാമുകളില്‍ നിന്നായാലും അതിനെതിരെ നിഷ്പക്ഷമതികള്‍ പ്രതികരിക്കേണ്ടതുണ്ട്. 

വേനല്‍ക്കാലത്തിനു മുമ്പുള്ള കരുതലുകള്‍

വേനല്‍ക്കാലമായാല്‍ നമ്മുടെ മിക്ക പള്ളികളിലെയും മിമ്പറുകളില്‍ നിന്ന് പതിവായി കേള്‍ക്കുന്ന ഖുത്വ്ബകളില്‍ ഒന്ന്, വെള്ളത്തെക്കുറിച്ചും അതിന്റെ ദുരുപയോഗത്തെക്കുറിച്ചും ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള മുന്നറിയിപ്പുകളായിരിക്കും.

എന്നാല്‍, പള്ളികളില്‍ വുദൂവിനും കാല്‍കഴുകുന്നതിനും എടുക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും വെള്ളം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും പല പള്ളിഭാരവാഹികളും വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലെന്നത് ഖേദകരമാണ്.

അമിതമായി വെള്ളം ഉപയോഗിക്കാന്‍ സാധ്യമല്ലാത്തവിധം ഉപകരണങ്ങളുടെ ഫിറ്റിംഗ്‌സ് ക്രമപ്പെടുത്തുകയും പാഴാവുന്ന ശുദ്ധജലം പള്ളികളോടനുബന്ധിച്ച് ഗ്രോബാഗുകളിലോ നിലത്തോ നട്ടുപിടിപ്പിക്കുന്ന ജൈവ പച്ചക്കറിത്തോട്ടങ്ങളിലേക്ക് തിരിച്ചുവിടാവുന്നതുമാണ്. നനക്കുന്നതിന് മനുഷ്യാധ്വാനമില്ലാതെ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റത്തിലൂടെ ഇത് ചെയ്യാവുന്നതാണ്.

അല്‍പം ശ്രദ്ധ നമുക്കുണ്ടായാല്‍ വെള്ളം പാഴാവുന്നത് ഒഴിവാക്കാനും നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാനും ഒരേസമയം കഴിയും. ഈ രീതിയില്‍ നമ്മുടെ അടുക്കളയിലും മറ്റും പാഴാവുന്ന ജലം ഫലപ്രദമായ വിനിയോഗിക്കാന്‍ വീട്ടമ്മമാരും ശ്രദ്ധിക്കണം. ഇത്തരം വിനിയോഗം പ്രവാചക വചനങ്ങളോടുള്ള നമ്മുടെ ആത്മാര്‍ഥതയുടെ കര്‍മസാക്ഷ്യമായിരിക്കും.

കെ.കെ കോയക്കുട്ടി, നരിക്കുനി

വില്‍ക്കാനുണ്ട് ഉപദേശം

സ്‌ലാമിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരേണ്ടവരാണ് പണ്ഡിതന്മാര്‍. എന്നാല്‍, അവരില്‍ വലിയൊരു വിഭാഗം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. പാണ്ഡിത്യവും സ്വയം എടുത്തണിഞ്ഞ പുരോഹിതപ്പട്ടവും പണ സമ്പാദനത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു. 'കുറുന്തോട്ടിക്ക് വാതം' എന്ന ചൊല്ല് പണ്ഡിത-പുരോഹിതന്മാര്‍ക്ക് ചേരും. തെളിഞ്ഞ തൗഹീദിന്റെ വക്താക്കളാകേണ്ടവരാണ് ശിര്‍ക്കിന്റെ കൂടാരങ്ങളും മഖാമുകളും തീര്‍ത്ത് ജനങ്ങളെ വഴിതെറ്റിക്കുന്നത്.

പള്ളികള്‍ക്കും മദ്‌റസകള്‍ക്കും പണം പിരിക്കാന്‍ പുരോഹിതന്മാര്‍ വഅ്‌ള് പരമ്പര നടത്താറുണ്ട്. കമ്മിറ്റിക്കാര്‍ക്ക് വേണ്ടി നടത്തുന്ന വാടക വഅ്‌ളിന് വലിയ കൂലി കൊടുക്കണം. ഇല്ലെങ്കില്‍ കണക്കു പറഞ്ഞ് വാങ്ങും. കമ്മിറ്റിക്കാര്‍ക്ക് നല്ല സംഖ്യ പിരിഞ്ഞു കിട്ടുകയും ചെയ്യും. ആളുകളെ നന്നാക്കലല്ല, പണമുണ്ടാക്കലാണ് വഅ്‌ളിന്റെ ലക്ഷ്യം. സ്വര്‍ഗത്തിന്റെ മഹിമകള്‍ പറഞ്ഞ് പെണ്ണുങ്ങളുടെ ആഭരണങ്ങള്‍ എത്രമാത്രം സമ്പാദിക്കുന്നു എന്നതിനനുസരിച്ചാണ് പുരോഹിതന്റെ കഴിവ് അളക്കുന്നത്. കൂടുതല്‍ പണവും പൊന്നും ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ളയാളാണ് നല്ല വാഇള്! അങ്ങനെ നാടുനീളെ ആര്‍ഭാടപൂര്‍ണമായ പള്ളികളും മദ്‌റസകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഒരു പുരോഹിതനും വഅ്‌ള് പറഞ്ഞ് പണമുണ്ടാക്കി നാട്ടിലെ പാവങ്ങള്‍ക്ക് വീടുണ്ടാക്കി കൊടുത്തതായി ചരിത്രമില്ല. വീടുണ്ടാക്കാനും പെണ്‍മക്കളെ കെട്ടിക്കാനും പള്ളിക്കമ്മിറ്റികളെ സമീപിക്കുന്ന പാവങ്ങള്‍ക്ക് കമ്മിറ്റി വക അപേക്ഷ എഴുതിക്കൊടുത്ത് അവരെ നാടുനീളെ തെണ്ടിക്കുന്നതാണ് മഹല്ല് നേതൃത്വം ചെയ്യുന്ന മഹത്തായ സേവനം! ദീനിന്റെ പേരില്‍ പാവങ്ങളെ പിഴിയുകയല്ലാതെ അവര്‍ക്ക് ഉപജീവന മാര്‍ഗമോ വീടോ ഉണ്ടാക്കിക്കൊടുക്കാന്‍ പുരോഹിതന്മാര്‍ മെനക്കെടാറില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം പാവങ്ങള്‍ക്ക് ഹറാം വിധിക്കുക, പണക്കാരന്റെ ധിക്കാരത്തിനും ധൂര്‍ത്തിനും കുട പിടിക്കുക അത്ര തന്നെ!!

സ്ത്രീയെ അംഗീകരിക്കാന്‍ പുരോഹിതന്മാര്‍ തയാറായിരുന്നില്ല. അവര്‍ക്ക് പള്ളികളും പൊതു ഇടങ്ങളും വിലക്കി. എന്നാല്‍, ഉറൂസ് പോലുള്ള അനാചാരങ്ങളിലേക്ക് സ്ത്രീകളെ തെളിച്ചുകൊണ്ടുപോയി. 'പോരിശയാക്കപ്പെട്ട കര്‍മ'മെന്ന പേരില്‍ അവരുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാനായിരുന്നു ഇത്. ദീനിന്റെ കാരുണ്യവും മാനുഷിക മുഖവും മറച്ചുവെച്ച് പുരോഹിതന്മാര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൊലിപ്പിച്ചുകാട്ടി. ദീന്‍ എന്നാല്‍ ജാറങ്ങളിലെ ഉത്സവങ്ങളും കൂട്ടക്കരച്ചിലുമാണെന്ന് വരുത്തിത്തീര്‍ത്തു. ഈ കോമാളിവേഷങ്ങള്‍ കണ്ടുമടുത്ത യുവാക്കള്‍ മതത്തെ വലിച്ചെറിഞ്ഞു. ഇസ്‌ലാമെന്നാല്‍ ക്രൂരമായ ശിക്ഷകളെ പ്രോത്സാഹിപ്പിക്കുന്ന കാടന്‍ മതമാണെന്ന തെറ്റിദ്ധാരണ പരന്നു.

കറകളഞ്ഞ ഏകദൈവവിശ്വാസത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും ഇതര മതസ്ഥരോടു പറയാനുള്ള അര്‍ഹത മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പുരോഹിതന്മാര്‍ക്ക് കൈകഴുകാനാവില്ല.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

മാഹമ്മദം 
ഒരത്ഭുത കാവ്യമാണ്

വി പൊന്‍കുന്നം സെയ്തു മുഹമ്മദ് എഴുതിയ 'മാഹമ്മദം' എന്ന കാവ്യം പ്രസിദ്ധീകരിച്ച കാലത്തുതന്നെ വായിക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് സംസ്‌കൃത വൃത്തത്തില്‍ മുഹമ്മദ് നബിയെ പ്രമേയമാക്കി പുറത്തിറക്കിയ ആ പുസ്തകത്തിന്റെ ഉള്ളടക്കം സൂക്ഷ്മമായി മനസ്സിലാക്കാനോ രചയിതാവിനെ അര്‍ഹിക്കുന്നവിധം പരിഗണിക്കാനോ ഈ സമുദായത്തിന്റെ നേതൃത്വം തയാറായില്ല. അബ്ദുല്‍ മജീദ് മരിക്കാര്‍ സാഹിബിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഈ ലേഖകന്‍ അദ്ദേഹത്തെ നേരില്‍ കാണുന്നതും ആ വലിയ മനുഷ്യന്റെ കാവ്യഹൃദയത്തെ അടുത്തറിയുന്നതും. മുത്തുനബിയെ എത്രത്തോളം നെഞ്ചോട് ചേര്‍ത്തുവെച്ചാണ് മാഹമ്മദം മഹാകാവ്യം അദ്ദേഹം രചിച്ചതെന്ന് അത് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മഹത്തായ ആ കൃതിയെ ഭംഗിയായി പരിചയപ്പെടുത്തിയ (മാഹമ്മദം ഒരു വിസ്മയ കാവ്യം, ലക്കം 2932) പി.ടി കുഞ്ഞാലിക്കും പ്രബോധനത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍

തരിശായി കിടക്കുന്ന 
വഖ്ഫ് ഭൂമി

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി എഴുതിയ വഖ്ഫുമായി ബന്ധപ്പെട്ട ലേഖനം വായിച്ചു. അദ്ദേഹം പങ്കുവെക്കുന്ന എല്ലാ വിഷയങ്ങളും ഏറെ പ്രസക്തമായവയാണ്. വഖ്ഫ് ഭൂമിയില്‍ കെട്ടിടങ്ങളുണ്ടാക്കി വരുമാനമുണ്ടാക്കുന്നതിനെ വിമര്‍ശിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. വഖ്ഫ് ഭൂമി ഫലശൂന്യവും തരിശുമായി കിടക്കുന്നത് കൊണ്ട് മസ്ജിദുകള്‍ക്കോ മദ്‌റസകള്‍ക്കോ ഒരു പ്രയോജനവും ലഭിക്കാന്‍ സാധ്യതയില്ലല്ലോ. ഈയിടെ എന്റെ അടുത്ത മഹല്ലിലെ ചില സുഹൃത്തുക്കള്‍ എന്നെ സമീപിച്ചു. അവരുടെ മഹല്ലില്‍ സ്ഥിതി ചെയ്യുന്ന തരിശായി കിടക്കുന്ന വഖ്ഫ് ഭൂമിയില്‍ കെട്ടിടമുണ്ടാക്കിയാല്‍ സ്ഥാപനത്തിനു വരുമാനമാകുമല്ലോ എന്നഭിപ്രായപ്പെടുകയും അതിന്റെ സാധ്യതയെയും നിയമത്തെയും കുറിച്ച് വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് വിവരം ശേഖരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. ഇത്തരം പ്രശ്‌നങ്ങള്‍ പല മഹല്ലുകളിലും ഉള്ളതായറിയാം. അപ്പോള്‍ തരിശായി കിടക്കുന്ന ഭൂമിയില്‍ കെട്ടിടം ഉണ്ടാക്കി വരുമാനമുണ്ടാക്കലല്ലേ ബുദ്ധി എന്ന് ആലോചിച്ചുപോകുന്നതില്‍ തെറ്റില്ലല്ലോ.

എസ്.കെ മുഹമ്മദ് പെരിങ്ങാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം