Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 22

പരിഹാരം കമ്യൂണിസത്തില്‍

മൌലാനാ മൌദൂദി

സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും-5


മേല്‍ വിവരിച്ച പ്രശ്നത്തിന് ഒരു പരിഹാര നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത് കമ്യൂണിസമാണ്. അതിങ്ങനെ: ഉല്‍പാദനോപകരണങ്ങള്‍ വ്യക്തികളുടെ കൈകളില്‍ നിന്ന് എടുത്ത് മാറ്റി സമൂഹത്തിന്റെ പൊതു ഉടമയിലാക്കണം. ഓരോ വ്യക്തിക്കും അവന് ആവശ്യമുള്ള ധനം വിതരണം ചെയ്യേണ്ടതും പൊതു ഉടമയില്‍ തന്നെ. ഒറ്റ നോട്ടത്തില്‍ ഈ പരിഹാരനിര്‍ദേശം വളരെ യുക്തിപൂര്‍ണമാണല്ലോ എന്ന് തോന്നും. പക്ഷേ, ആഴത്തിലും സൂക്ഷ്മമായും പരിശോധിച്ചാല്‍, ഏത് പ്രശ്നത്തിനാണോ നാം പരിഹാരം തേടുന്നത് ആ പ്രശ്നത്തെപ്പോലെ ദുഷിച്ചതാണ് ഈ പരിഹാരനിര്‍ദേശവും എന്ന തീര്‍പ്പില്‍ നാം എത്താതിരിക്കില്ല. പകല്‍ വെളിച്ചം പോലെ വ്യക്തമായ ഒരു കാര്യമുണ്ട്. ഉല്‍പാദനോപാധികളും ഉല്‍പന്ന വിതരണവും മൊത്തം സമൂഹത്തിന്റെയും വരുതിയില്‍ കൊണ്ടുവരുന്നു എന്നാണ് ഇതിന് നല്‍കുന്ന താത്ത്വിക വിശകലനമെങ്കിലും, പ്രയോഗത്തില്‍ വളരെ ചെറിയ ഒരു നിര്‍വാഹകസമിതി (ഋഃലരൌശ്േല ആീറ്യ)യിലേക്കാണ് ഇതൊക്കെയും എത്തിച്ചേരുന്നത്. തുടക്കത്തില്‍ ഈ സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ടാവുക സമൂഹം തന്നെയായിരിക്കും. സര്‍വ ജീവിതായോധന മാര്‍ഗങ്ങളും പിന്നീട് ഈ സമിതിയുടെ നിയന്ത്രണത്തിലേക്ക് വരും. ഈ സമിതിയുടെ കൈകളിലൂടെയല്ലാതെ വ്യക്തികള്‍ക്ക് തങ്ങളുടെ വിഹിതം കൈപറ്റാനാവില്ല എന്ന സ്ഥിതി സംജാതമാവും. ഈ സമിതിയുടെ ഉരുക്കുമുഷ്ടിയില്‍ സമുദായം ഒന്നടങ്കം നിസ്സഹായരായിരിക്കും.
ഒരാള്‍ക്കും ഈ അധികാര കേന്ദ്രത്തെ ചോദ്യം ചെയ്യാനുള്ള ത്രാണി ഉണ്ടാവില്ല. അതിനെതിരെ സംഘടിതശക്തി ഉയര്‍ത്തിക്കൊണ്ടുവരാനോ അതിനെ അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യാനോ സാധ്യമാവുകയില്ല. ഈ സമിതിയുടെ അതൃപ്തിക്ക് പാത്രമാവുന്ന ഏതൊരു വ്യക്തിയുടെയും ഉപജീവനമാര്‍ഗം തടയപ്പെടുമെന്ന് ഉറപ്പ്. കാരണം, ഉപജീവന മാര്‍ഗങ്ങളത്രയും ഈ ചെറു ഗ്രൂപ്പിന്റെ കൈയിലാണല്ലോ. തൊഴില്‍ കൊടുക്കുന്ന മാനേജ്മെന്റിനെതിരില്‍ തൊഴിലാളിക്ക് പരാതിയുണ്ടെങ്കില്‍ പണിമുടക്കാനൊന്നും അവസരമുണ്ടാകില്ല. ഈ വ്യവസ്ഥയില്‍ ഫാക്ടറി മുതലാളിമാരോ മൂലധനമിറക്കുന്ന വ്യക്തികളോ ഉണ്ടാവില്ലല്ലോ, എങ്കിലല്ലേ ഒരു മുതലാളിയെ വിട്ട് മറ്റൊരു മുതലാളിയുടെ അടുത്ത് ജോലിക്ക് ചേരാന്‍ കഴിയൂ. രാജ്യമൊട്ടുക്ക് ഒരു ഫാക്ടറി ഉടമ, ഒരൊറ്റ മുതലാളി. ഈ മുതലാളിതന്നെയാണ് രാജ്യം ഭരിക്കുന്നതും. ആ മുതലാളിക്കെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പഴുതുകളുണ്ടാവില്ല. ചുരുക്കത്തില്‍, സംഭവിക്കുന്നത് ഇത്രമാത്രമായിരിക്കും. മൂലധനക്കാരെയും വ്യവസായികളെയും ഭൂവുടമകളെയും ഇല്ലായ്മ ചെയ്ത് ഒരൊറ്റ രാക്ഷസ മുതലാളി രൂപം കൊള്ളുന്നു. സകല ഭൂവുടമകളും വ്യവസായികളും ഒരൊറ്റ ഭൂവുടമയും വ്യവസായിയുമായി ഭീമാകാരമാര്‍ജിക്കുന്നു. ആ ഭീമന്‍ മുതലാളി പറയുന്നത് ജനം കേട്ടുകൊള്ളണം. സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യവും സീസറിന്റെ സര്‍വാധിപത്യവും ഈ ഭീമന്‍ മുതലാളിയില്‍ സംഗമിക്കുന്നു.
ഇങ്ങനെ സര്‍വ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെടുന്നത് ഒരു വ്യക്തിയിലാണെങ്കില്‍ ആ വ്യക്തി ഏകാധിപതിയും സ്വേഛാധിപതിയുമായി മാറാനുള്ള പ്രലോഭനം വളരെ ശക്തമായിരിക്കും. അത് തടുക്കാനാവില്ല, ദൈവത്തിലോ വിചാരണ നാളിലോ വിശ്വാസമില്ലാത്തയാളാണ് ആ വ്യക്തിയെങ്കില്‍ പ്രത്യേകിച്ചും. ഇനി ഈ വ്യക്തിയോ വ്യക്തികളുടെ ചെറു സംഘമോ, അധികാരങ്ങള്‍ കൈയടക്കിവെക്കുന്നതോടൊപ്പം തന്നെ പരിധികള്‍ പാലിച്ചും നീതിപൂര്‍വമായും കാര്യങ്ങള്‍ നടത്തുന്നു എന്ന് തന്നെ സങ്കല്‍പിക്കുക. എങ്കില്‍ പോലും വ്യക്തികളുടെ വ്യക്തിത്വ വികാസത്തിന് ആ സംവിധാനത്തില്‍ അവസരമുണ്ടാകില്ല. കാരണം,മനുഷ്യപുരോഗതിക്ക് എല്ലാറ്റിനേക്കാളുമേറെ ആവശ്യമായിട്ടുള്ളത് സ്വാതന്ത്യ്രമാണ്. തന്റെ ഇഷ്ടത്തിനും അഭിരുചിക്കും ഒത്തവിധം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം ഓരോ വ്യക്തിക്കും ലഭിക്കുമ്പോഴേ അവനില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ വികസിപ്പിക്കാനാവുകയുള്ളൂ. ഒരു കമ്യൂണിസ്റ് ഭരണത്തില്‍ അങ്ങനെ യാതൊരു സാധ്യതയുമില്ല. ഈ സംവിധാനത്തില്‍ വ്യക്തിയുടെ കൈയില്‍ നിന്ന് എല്ലാം നേരത്തെ പറഞ്ഞ നിര്‍വാഹക സമിതിയിലേക്ക് നീക്കപ്പെടുന്നു. സമൂഹത്തിന് എന്താണ് ഉത്തമം എന്ന് ആ സമിതി തീരുമാനിക്കുന്നു. അതിനനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നു. ഈ സമിതിയുടെ തീരുമാനങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുകയല്ലാതെ വ്യക്തികള്‍ക്ക് മറ്റു മാര്‍ഗമൊന്നുമില്ല. എങ്കിലേ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. തങ്ങളുടെ യജമാനന്മാര്‍ക്ക് മനസ്സും ശരീരവും സമര്‍പ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. എന്ത് നടക്കുന്നതും യജമാനന്മാരുടെ പ്ളാന്‍ അനുസരിച്ച്. അങ്ങനെ സമൂഹത്തിലെ വ്യക്തികള്‍ പ്രയോഗത്തില്‍ വളരെക്കുറഞ്ഞ ആളുകളുടെ അടിമകളായി മാറുന്നു. അവര്‍ ആത്മാവില്ലാത്ത കേവലം അസംസ്കൃത പദാര്‍ഥങ്ങള്‍ മാത്രം. കരകൌശല വിദഗ്ധന്‍ തനിക്ക് തോന്നുംപോലെ ഉരുപ്പടികള്‍ ഉണ്ടാക്കുന്നത് പോലെ ഈ യജമാനന്മാര്‍ തങ്ങള്‍ ഉദ്ദേശിക്കും വിധം ജനങ്ങളെ വാര്‍ത്തുവിടുന്നു. സംസ്കാര നാഗരികതകള്‍ക്ക് ഇതേല്‍പിക്കുന്ന പ്രഹരം ഒട്ടും ചെറുതായിരിക്കില്ലെന്ന് വ്യക്തമാണല്ലോ.
ഇനി അവശ്യ വസ്തുക്കളുടെയും മറ്റും വിതരണം ഈ വ്യവസ്ഥക്ക് കീഴില്‍ ഏറെക്കുറെ നീതിപൂര്‍വകമായി നടന്നാല്‍ തന്നെ, അതിന്റെ മേന്മകളേക്കാള്‍ കനം തൂങ്ങുക അതിന്റെ തിന്മകളായിരിക്കും എന്ന് സ്പഷ്ടമാണ്. പലതരം കഴിവുകളുള്ള പലതരം ആളുകള്‍ക്ക് ആ കഴിവുകളൊക്കെയും വികസിപ്പിക്കാനുള്ള അവസരമുണ്ടാവുക എന്നതാണ് സംസ്കാര നാഗരികതകളുടെ വികാസത്തിന്റെ ഒന്നാമത്തെ അടിത്തറ. എന്നാല്‍ ആസൂത്രണത്തിന്റെ മൊത്തം കുത്തക ഒരു സംഘം ഏറ്റെടുക്കുന്നതോടെ ഇത് അസാധ്യമായിത്തീരുന്നു. കുറച്ച് വ്യക്തികള്‍ക്ക്, അവര്‍ എത്രമാത്രം കഴിവുറ്റവരാണെങ്കിലും മില്യന്‍ കണക്കിനാളുകളുടെ വ്യത്യസ്ത കഴിവുകളും അഭിരുചികളും കൃത്യമായി കണ്ടെത്തുക എന്നതും, എന്നിട്ടതിനനുസരിച്ച് ഓരോ വ്യക്തിക്കും വളരാനുള്ള വഴികള്‍ നിര്‍ണയിച്ചുകൊടുക്കുക എന്നതും മനുഷ്യസാധ്യമല്ല തന്നെ. വ്യക്തികളുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിലും സമൂഹത്തിന്റെ ഉത്തമ താല്‍പര്യം എന്ത് എന്ന് നിശ്ചയിക്കുന്നതിലും അവര്‍ക്ക് തെറ്റുപറ്റുമെന്ന് ഉറപ്പ്. ഇതൊക്കെ വാസ്തവമായിരിക്കെ തന്നെ, തങ്ങളുടെ ബ്ളൂപ്രിന്റനുസരിച്ച് സമൂഹത്തെ രൂപപ്പെടുത്താന്‍ അവര്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടാവും. അങ്ങനെ നാഗരികതക്ക് അവശ്യം വേണ്ട വ്യക്തിത്വ വൈവിധ്യവും വൈജാത്യവും ആത്മാവ് നഷ്ടപ്പെട്ട ഏക രൂപ(ൌിശളീൃാശ്യ)ത്തിന് വഴിമാറും. ഇത് നാഗരികതയുടെ സ്വാഭാവിക വളര്‍ച്ചക്ക് കനത്ത ആഘാതമായിരിക്കും. കൃത്രിമവും വ്യാജവുമായ ഒരുതരം വളര്‍ച്ചയാണ് പിന്നെ കാണാനുണ്ടാവുക.
അങ്ങനെ മനുഷ്യന്റെ കഴിവുകള്‍ മുരടിക്കാന്‍ തുടങ്ങുന്നു. വലിയ മാനസിക-ധാര്‍മിക പ്രതിസന്ധികളിലേക്കാവും അത് ചെന്നെത്തുക. തോട്ടക്കാരന്‍ ചെടികളെ അരിഞ്ഞും വെട്ടിയും ശരിപ്പെടുത്തുന്നത് പോലെ ഒരു നിശ്ചിത പാറ്റേണിലേക്ക് വെട്ടിയൊതുക്കാന്‍ മനുഷ്യന്‍ പുല്ലോ പച്ചക്കറിയോ ഒന്നുമല്ലല്ലോ. ഓരോ മനുഷ്യനും സവിശേഷമായ വ്യക്തിത്വമുണ്ട്. സ്വന്തം അഭിരുചികള്‍ക്കൊത്ത് അതിനെ വളര്‍ത്താനുള്ള നൈസര്‍ഗികമായ വാസനയും അവനില്‍ നിലീനമാണ്. ഈ സ്വാതന്ത്യ്രം നിങ്ങള്‍ അവന് നിഷേധിച്ചാല്‍ അവന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ വളര്‍ന്നുവരാനൊന്നും പോകുന്നില്ല. ഒന്നുകില്‍ അവന്‍ നിങ്ങള്‍ക്കെതിരെ കലാപത്തിനിറങ്ങും, അല്ലെങ്കില്‍ സര്‍ഗവാസനകളൊക്കെ നശിച്ച് എരിഞ്ഞൊടുങ്ങും.
കമ്യൂണിസത്തിന് പിണഞ്ഞ അടിസ്ഥാനപരമായ പിഴവ്, അത് സാമ്പത്തിക പ്രശ്നത്തെ കേന്ദ്രപ്രശ്നമായി കണ്ടുവെന്നതും അതിനെ അച്ചുതണ്ടാക്കി അതിന് ചുറ്റും മുഴു മനുഷ്യ ജീവിതത്തെയും കറക്കാന്‍ ശ്രമിച്ചു എന്നതുമാണ്. മനുഷ്യ പ്രശ്നങ്ങളോട് യഥാര്‍ഥ ശാസ്ത്രീയ കാഴ്ചപ്പാടല്ല അതിനുള്ളത്. സാമ്പത്തികമായ ഒരു മുന്‍വിധിയോടെയാണ് അത് എല്ലാ പ്രശ്നങ്ങളെയും നോക്കിക്കാണുക. അതിഭൌതികത, സദാചാരം, ചരിത്രം, സാമൂഹികശാസ്ത്രം എന്നു വേണ്ട സകലതിലും ഈ സാമ്പത്തിക വീക്ഷണം അട്ടിപ്പേറായി കിടക്കുന്നു. ഈ ഒറ്റക്കണ്ണന്‍ കാഴ്ച മുഴുജീവിതത്തിന്റെയും സന്തുലനം തകിടം മറിക്കുന്നു. അതിനാല്‍ കമ്യൂണിസ്റ് സിദ്ധാന്തം മനുഷ്യന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ശരിയായതോ സ്വാഭാവികമോ ആയ യാതൊരു പരിഹാരവും മുന്നോട്ട് വെക്കുന്നില്ല എന്ന് കാണാനാവും. അത് സമര്‍പ്പിക്കുന്ന പരിഹാരം പ്രകൃതിവിരുദ്ധവും കൃത്രിമവുമാണ്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം