Prabodhanm Weekly

Pages

Search

2011 മെയ് 7

രാഷ്ട്രീയ പ്രസ്ഥാനമോ?

രാഷ്ട്രീയ പ്രസ്ഥാനമോ? -

- പൊതുജീവിതത്തെ ഇസ്ലാമിക രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന പ്രസ്ഥാനം ആയിരുന്നു ജമാഅത്ത് എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമാണ് അതെന്നും 2010 ഡിസംബര്‍ 4-ലെ പ്രബോധനത്തില്‍ ഒരു ചോദ്യത്തിന് മുജീബ് മറുപടി നല്‍കി. ഇസ്ലാമിക പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് എന്നു വിലയിരുത്തുമ്പോള്‍ സ്വാഭാവികമായും ചില സംശയങ്ങളുണ്ട്. ഇസ്ലാമില്‍ രാഷ്ട്രീയം കൂടിയുണ്ട് എന്ന് പറഞ്ഞതിനാണ് ജമാഅത്തിനെ മുജാഹിദുകള്‍ ഇസ്ലാമിനെ രാഷ്ട്രീയവത്കരിച്ചവര്‍ എന്ന് ആരോപിക്കുന്നതെന്ന് മറുപടിയായി ജമാഅത്ത് പറയാറുണ്ട്. എന്നാല്‍, രാഷ്ട്രീയ പ്രസ്ഥാനം എന്നു സ്വയം വിശേഷിപ്പിക്കുമ്പോള്‍ രാഷ്ട്രീയം അതിന്റെ ഒരു മുഖ്യ അജണ്ടയാവുന്നു എന്നു വരുന്നില്ലേ? വാസ്തവത്തില്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ മുഴുരംഗങ്ങള്‍ക്കും തുല്യപ്രാധാന്യമല്ലേ ഇസ്ലാം കല്‍പിച്ചത്. ഏതെങ്കിലും ഒരു മേഖലക്ക് അമിത പ്രാധാന്യം നല്‍കുന്നത് ഇസ്ലാമികമാണോ? അതിന് പ്രവാചകനില്‍ മാതൃകയുണ്ടോ? രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് സമ്മതിക്കുന്നതിലൂടെ ജമാഅത്ത്, ഇഖ്വാന്‍ എന്നീ പ്രസ്ഥാനങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാം, ഇസ്ലാമിസം എന്നിവയുടെ വക്താക്കളാണ് എന്ന മതേതര-പാശ്ചാത്യ ആരോപണങ്ങളെ പരോക്ഷമായി അംഗീകരിക്കുകയല്ലേ? -

- എ.പി ഖലീലുര്‍റഹ്മാന്‍ ദുബൈ -

- രാഷ്ട്രീയം, രാഷ്ട്രീയ പ്രസ്ഥാനം എന്നീ സംജ്ഞകളുടെ അര്‍ഥവ്യാപ്തിയെപ്പറ്റി ശരിയും കൃത്യവുമായ ധാരണ ഇല്ലാതെ പോയതാണ് ചോദ്യകര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുടെ സംശയങ്ങള്‍ക്ക് ആധാരം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഒരു രാഷ്ട്രീയമുണ്ട്, മതത്തിന് പോലും. നിങ്ങള്‍ ദൈവാരാധന നടത്തുന്നത് മതമാണ്. എന്നാല്‍ ആരാധന എപ്പോള്‍, എവിടെ, എങ്ങനെ നിര്‍വഹിക്കണമെന്ന പ്രശ്നം വരുമ്പോള്‍ അക്കാര്യങ്ങളില്‍ ഒരു നിലപാടെടുക്കേണ്ടിവരും. അത് അതിന്റെ രാഷ്ട്രീയമാണ്. നിങ്ങള്‍ക്ക് കുടിവെള്ളമോ ആഹാരമോ പാര്‍പ്പിടമോ വസ്ത്രമോ വേണമെന്നത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാല്‍, കുടിവെള്ളം എത്രത്തോളം ശുദ്ധമാവണം, എത്രയളവില്‍ ലഭ്യമാവണം, അതിനെന്ത് ചെലവ് വരും, ദിനേന ഉപയോഗിക്കുന്ന വെള്ളത്തിന്റെ ബില്‍സംഖ്യ എത്ര എന്നീ പ്രശ്നങ്ങള്‍ തീരുമാനിക്കേണ്ടിവരുമ്പോള്‍ കുടിവെള്ളത്തിന്റെ രാഷ്ട്രീയം രൂപപ്പെടുന്നു. ആഹാരം വ്യക്തിനിഷ്ഠമായിരിക്കെ, അതിന്റെ അളവും തോതും ഗുണവും ഉല്‍പാദനവും സംഭരണവും വിതരണവുമെല്ലാം രാഷ്ട്രീയമായി തീരുമാനിക്കപ്പെടേണ്ട കാര്യങ്ങളാണ്. വിവാഹം തീര്‍ത്തും വ്യക്തിപരമായ കാര്യമായിരിക്കെ തന്നെ, വിവാഹപ്രായം, രജിസ്ട്രേഷന്‍, ബഹുഭാര്യാത്വം, ജീവനാംശം, സന്താനങ്ങളുടെ എണ്ണം, വിവാഹമോചനം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നിയമനിര്‍മാണം വഴി നിയന്ത്രിക്കപ്പെടുമ്പോള്‍ നിശ്ചയമായും അത് രാഷ്ട്രീയമായി. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, കൃഷി, കച്ചവടം, വ്യവസായം, ധനസമ്പാദനം, അനന്തരസ്വത്ത് തുടങ്ങി എല്ലാ വ്യവഹാരങ്ങളും നിയന്ത്രിക്കുന്നത് രാഷ്ട്രീയമായി രൂപപ്പെടുന്ന നിയമനിര്‍മാണങ്ങളിലൂടെയാണ്. അതിനാല്‍ ഇക്കാര്യങ്ങളിലൊക്കെ വ്യക്തവും കണിശവുമായ കാഴ്ചപ്പാടും വ്യവസ്ഥകളുമുള്ള ഇസ്ലാമില്‍ കേവലം രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞാല്‍ പോരാ, സമഗ്രമായ രാഷ്ട്രീയ ദര്‍ശനവും വ്യവസ്ഥയുമുള്ള ആദര്‍ശമാണ് ഇസ്ലാം എന്നുതന്നെ പറയേണ്ടിവരും. ആ ഇസ്ലാമിനെ സ്ഥാപിക്കാന്‍ പണിയെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനമെന്നും വിശേഷിപ്പിക്കേണ്ടിവരും. ഇത് പൊളിറ്റിക്കല്‍ ഇസ്ലാമല്ല. സുന്നി, മുജാഹിദ് സംഘടനകള്‍ക്കും ഈയര്‍ഥത്തില്‍ രാഷ്ട്രീയ വീക്ഷണവും നിലപാടും ഉണ്ട്. രാഷ്ട്രീയത്തില്‍ ഏത് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് തീരുമാനിക്കുന്നതും രാഷ്ട്രീയം തന്നെയാണല്ലോ. ഇസ്ലാമിന് സാമൂഹിക മാനങ്ങള്‍ ഉണ്ടെന്നത് അനിഷേധ്യ സത്യമാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ഇസ്ലാമിന് വിശുദ്ധ ഖുര്‍ആന്റെയോ പ്രവാചക ചര്യയുടെയോ ഖുലഫാഉര്‍റാശിദുകളുടെയോ അംഗീകാരമില്ല, സാധുതയുമില്ല. സാമൂഹിക ജീവിതം തീര്‍ത്തും അന്യമായ സൂഫിസത്തിലൂടെയാണ് ഇസ്ലാമിന്റെ അരാഷ്ട്രീയവത്കരണം ആരംഭിക്കുന്നത്.#### തീവ്രവാദത്തിന്റെ വിവക്ഷ -

- "തീവ്രവാദം നടത്തുന്നവനും പ്രചരിപ്പിക്കുന്നവനും എന്നില്‍ പെട്ടവനല്ല എന്ന നബിവചനം ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ഓര്‍ക്കുന്നത് നന്ന്'' (ചന്ദ്രിക ദിനപത്രം, നിസാര്‍ ഉളവണ്ണ, എപ്രില്‍ 15), ഞാന്‍ മനസ്സിലാക്കിയേടത്തോളം ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ പറയുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. ഭരണഘടനാപരമായ അവകാശമുള്ളതിനാല്‍ ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്ത്യാനികളും ഹിന്ദുരാജ്യത്തെക്കുറിച്ച് ഹിന്ദുത്വരും കമ്യൂണിസ്റ് രാജ്യത്തെക്കുറിച്ച് കമ്യൂണിസ്റുകളും പറയുന്നു. ഇത് തീവ്രവാദമാണെന്ന് ഭരണഘടനയും സുപ്രീം കോടതിയും പറയുന്നില്ല. ദൈവരാജ്യത്തെക്കുറിച്ച് പറയുന്നത് തീവ്രവാദമെന്ന് മുസ്ലിംകളുടെ പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ടോ? അതല്ല പെണ്ണു കേസില്‍ കുടുങ്ങുമ്പോള്‍ ഇരകള്‍ക്ക് കാശ് കൊടുത്ത് മൊഴിമാറ്റി കേസില്‍ നിന്ന് തന്ത്രപരമായി രക്ഷപ്പെടുന്നവനാണ് എന്നില്‍ പെട്ടവന്‍ എന്ന് നബി പഠിപ്പിക്കുന്നുണ്ടോ? ഇത്തരം സദാചാര ജീര്‍ണതകളെ ഉള്‍ക്കൊള്ളുന്നത് മുസ്ലിംകളുടെ ആദര്‍ശ പാപ്പരത്തമല്ലേ? -

- സി. ഗോപാലകൃഷ്ണന്‍ നായര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം -

- തീവ്രവാദമെന്നത് ഓരോ പാര്‍ട്ടിയും സംഘടനയും അവരുടെ പ്രതിയോഗികള്‍ക്ക് നേരെ ഒരു മാന്യതയും തത്ത്വദീക്ഷയുമില്ലാതെ പ്രയോഗിക്കുന്ന ശകാരപദമായിത്തീര്‍ന്നിരിക്കുന്നു. അനേകരുടെ ജീവന്‍ അപഹരിച്ച അഞ്ച് ഭീകര സ്ഫോടനങ്ങള്‍ക്കുത്തരവാദിയായ ഹിന്ദുത്വ സംഘടനയുടെ ദൃഷ്ടിയില്‍ അത് കേവലം ദേശസ്നേഹപരമായ കൃത്യം; അതിനിരകളായവര്‍ തീവ്രവാദികളും. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കെ അഞ്ച് മുസ്ലിം യുവാക്കളെ കുരുതി കൊടുത്ത മുസ്ലിം ലീഗിന്റെ കണ്ണില്‍ അത് വെറും ആത്മരക്ഷാര്‍ഥമുള്ള കര്‍മം; തീവ്രവാദമെന്നത് സമാധാനവും ധാര്‍മികതയും ഉദ്ഘോഷിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ എഴുതിവെച്ചതും! ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് ദൈവിക സന്മാര്‍ഗത്തിന്റെ സമഗ്രമായ പ്രബോധനവും സംസ്ഥാപനവുമാണ്. സ്വാഭാവികമായും ഈയത്നം സഫലമായാല്‍ സമാധാനവും സമ്പല്‍സമൃദ്ധിയും സമത്വവും കളിയാടുന്ന ദൈവരാജ്യം നിലവില്‍ വരും. എല്ലാ മതവിശ്വാസികളും കൊതിക്കുന്ന അത്തരം ഒരു ദൈവരാജ്യത്തെ ക്രിമിനലുകളും താന്തോന്നികളും ചൂഷകരും മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. ദൈവരാജ്യം ഒരിക്കലും പ്രായോഗികമാവാന്‍ പോവുന്നില്ല എന്നതാണ് പലര്‍ക്കുമുള്ള നൈരാശ്യമെങ്കില്‍ അത് പ്രശ്നം വേറെ. ചുരുങ്ങിയത് സുന്ദര സ്വപ്നങ്ങളെ ആരും ഭയപ്പെടുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടതില്ലല്ലോ. മുസ്ലിം ലീഗിന്റെ തീവ്രവാദ ആരോപണത്തിനടിസ്ഥാനം, അധികാര പങ്കാളിത്തം മാത്രം ലാക്കാക്കി ആ പാര്‍ട്ടി കാലാകാലങ്ങളില്‍ സ്വീകരിച്ചുവന്ന അധാര്‍മികവും തത്ത്വരഹിതവുമായ നടപടികളെ ജമാഅത്തെ ഇസ്ലാമി വിമര്‍ശിച്ചതും ഇപ്പോഴും വിമര്‍ശിക്കുന്നതുമാണ്. ലീഗിന്റെ ന്യായീകരണമില്ലാത്ത നിലപാടുകളെ എതിര്‍ക്കാന്‍, മുസ്ലിം ലീഗിലൂടെ ചില താല്‍പര്യങ്ങള്‍ നേടിയെടുക്കാമെന്ന് കരുതുന്ന മതസംഘടനകള്‍ക്ക് സാധ്യമല്ല. അങ്ങേയറ്റം അപലപനീയമായ തെറ്റുകളുടെ നേരെ പോലും അവര്‍ മൌനമവലംബിക്കുകയും അതോടൊപ്പം അപലപിക്കുന്നവരെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നത് അതുകൊണ്ടാണ്. അതിന്റെ ഭാഗമാണ് ചോദ്യകര്‍ത്താവ് ഉദ്ധരിച്ച നബിവചനം. പക്ഷേ, യഥാര്‍ഥത്തില്‍ അങ്ങനെ ഒരു നബിവചനം പ്രാമാണികമായി തെളിയിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനും പ്രവാചകനും തീവ്രവാദത്തെ തീര്‍ത്തും നിരാകരിക്കുന്നു എന്നത് വേറെ കാര്യം.#### ഷാനവാസിനെ പിന്തുണച്ചത് -

- ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീറിന്റെ ആവശ്യപ്രകാരമാണ് വയനാട് പാര്‍ലമെന്റ് സീറ്റ് എം.ഐ ഷാനവാസിന് ലഭിച്ചത് എന്ന് തെരഞ്ഞെടുപ്പ് ദിവസം ഇന്ത്യാ വിഷനില്‍ നടന്ന ചര്‍ച്ചയില്‍ അഡ്വ. ജയശങ്കര്‍. പ്രതികരണം? -

- പി.കെ അബ്ദുല്‍ കരീം ചെറുവറ്റ -

- ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന ഘടകങ്ങള്‍ ആരെ പിന്തുണക്കുന്നതും ജമാഅത്തെ ഇസ്ലാമി കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. പാര്‍ലമെന്റിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം തീര്‍ത്തും അപര്യാപ്തമായതിനാല്‍ ആ പ്രാതിനിധ്യം മെച്ചപ്പെടുത്താന്‍ ജമാഅത്തിന്റെ പിന്തുണ ഉണ്ടാകണമെന്നത് സംഘടനയുടെ പൊതു നിലപാടാണ്. തദടിസ്ഥാനത്തിലാണ് ഷാനവാസിനെയും പിന്തുണച്ചത്.#### യാഥാസ്ഥിതിക സംഘടന? -

- 'ഇന്ത്യയിലെ മുസ്ലിം വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന അലീഗഢ് സര്‍വകലാശാല ഉദാഹരണമായി എടുക്കാം. തബ്ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി പോലുള്ള തീരെ യാഥാസ്ഥിതികമായ ചിന്താധാരകളുടെ പിടിക്കു കീഴിലാണത്. ഈ യൂനിവേഴ്സിറ്റിയിലെ മുസ്ലിം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഈ രണ്ട് സംഘടനകളിലേതെങ്കിലുമൊന്നില്‍ അംഗങ്ങളോ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇവ രണ്ടും ഏറ്റവും പരമ്പരാഗതവും പുരോഗമന കാഴ്ചപ്പാടില്ലാത്തവയുമാണ്. ഈ പരിസരത്തില്‍ വളര്‍ന്നുവരുന്ന, ഇവയുടെ സ്വാധീനവലയത്തില്‍ പെട്ട മധ്യവര്‍ഗത്തിന് സാമൂഹിക പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുക?' (അഭിമുഖം: അസ്ഗറലി എഞ്ചിനീയര്‍, ശബാബ് വാരിക 2011 മാര്‍ച്ച് 25). ഇസ്ലാമിക പ്രസ്ഥാനത്തെപ്പറ്റി ദേശീയതലത്തില്‍ അറിവുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തെപ്പറ്റി എന്തു പറയുന്നു? -

- കെ.കെ.എം എളേറ്റില്‍ -

- അസ്ഗറലി എഞ്ചിനീയര്‍ ശീഈ ബോറ സമുദായത്തില്‍ പെട്ട പരിഷ്കര്‍ത്താവായാണ് അറിയപ്പെടുന്നത്. അദ്ദേഹം മാര്‍ക്സിസ്റ് ചിന്തകനാണ്. സ്വാഭാവികമായും പുരോഗമന ചിന്തകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടിലെ പുരോഗമനമാവില്ല. എന്നാല്‍, മുമ്പ് ഇസ്ലാമിനെ തന്നെ തള്ളിപ്പറയുകയും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി എതിര്‍ക്കുകയും ചെയ്ത അസ്ഗറലി എഞ്ചിനീയറുടെ ചിന്താഗതിയില്‍ അടുത്ത കാലത്തായി മാറ്റം പ്രകടമാണ്. ചില കാര്യങ്ങളില്‍ ജമാഅത്തിനോട് സഹകരിക്കാന്‍ അദ്ദേഹത്തിനിപ്പോള്‍ വൈമനസ്യമില്ല; സംഘടനയെ പഴയതുപോലെ വിമര്‍ശിക്കാറുമില്ല. അലീഗഢ് സര്‍വകലാശാല ഒരു കാലത്ത് മാര്‍ക്സിസ്റ് ബുദ്ധിജീവികളുടെ നിയന്ത്രണത്തിലായിരുന്നു. വിദ്യാര്‍ഥികളിലും ഗണ്യമായ ഭാഗം ഇടതുപക്ഷത്തായിരുന്നു. ഇന്ന് സ്ഥിതി മാറി. തബ്ലീഗുകാരും ജമാഅത്ത് അനുഭാവികളും സലഫി സഹയാത്രികരുമൊക്കെ വിദ്യാര്‍ഥികളിലുണ്ട്. ഓരോരുത്തരും എത്ര ശക്തമാണെന്ന് പറയാനാവില്ല.#### ചിത്രരചന -

- ഞാന്‍ ഒരു വിദ്യാര്‍ഥിനിയാണ്. എനിക്ക് ചിത്രം വരക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ, എന്റെ മദ്റസയിലെ ടീച്ചര്‍ പറയുന്നു എല്ലാ ചിത്രം വരക്കുന്നവരും നരകത്തിലാണെന്ന്. ഇത് ശരിയാണോ? -

- പി. അസ്ന പച്ചാട്ടിരി -

- ജീവികളുടെ കോലങ്ങള്‍ നിര്‍മിക്കുന്നത് നബി(സ) നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ആരാധനയിലേക്ക് നയിക്കാവുന്ന ചിത്ര രചനകളാണ് നിരോധിക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ചെടി, പൂവ്, നദി പോലുള്ള വസ്തുക്കളുടെ ചിത്രരചന അനുവദനീയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം