Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

തിരുകേശവും മകരജ്യോതിയും

തിരുകേശവും മകരജ്യോതിയും -

- ഞാനടക്കം ഹിന്ദു കുടുംബങ്ങളില്‍ ജനിച്ച ബഹുഭൂരിപക്ഷത്തിനും ശബരിമലയിലെ ദിവ്യാത്ഭുതം കാണാന്‍ കുതിച്ചെത്തുന്ന ആന്ധ്രയിലെയും കര്‍ണാടകയിലെയും പതിനായിരങ്ങള്‍ക്കും പൊന്നമ്പലമേട്ടില്‍ മൂന്ന്‌ വട്ടം തെളിയുന്ന `മകരവിളക്ക്‌(ജ്യോതി?)' ദിവ്യമായിരുന്നു. ആ ഒരറിവിന്റെ ബലത്തില്‍ തന്നെയാവും പ്രബോധനം എഡിറ്റോറിയലും അങ്ങനെ പരാമര്‍ശിച്ചത്‌. അതിലെ അപാകത ചൂണ്ടിക്കാട്ടി ദേവരാജന്‍ ഡോക്‌ടര്‍ എഴുതിയ കത്ത്‌ വായിച്ചു. ഒരു കാര്യം കൂടി കുറിക്കട്ടെ. കാട്ടിനുള്ളില്‍ ആരോ തെളിയിക്കുന്ന വിളക്കിന്റെ കള്ളത്തരം യുക്തിവാദികളുടെയും ആധുനിക ശാസ്‌ത്രോപകരണങ്ങളുടെയും വെളിച്ചത്തില്‍ പൊളിയുമെന്നുറപ്പായപ്പോള്‍ ഉണ്ടാക്കിയ ഒരു പുതിയ തന്ത്രമാണ്‌ വിളക്കും ജ്യോതിയും. മൂന്ന്‌ വട്ടം കത്തിക്കുന്ന ഈ വിളക്കില്‍ ദിവ്യത്വം ഇല്ലെന്ന്‌ സമ്മതിച്ചിരിക്കെ അന്നേ ദിവസവും അതിന്റെ തലേന്നും പിറ്റേന്നുമൊക്കെ ആകാശത്തില്‍ ഉണ്ടാവാറുള്ള `സിരിയൂസ്‌' നക്ഷത്രമാണോ പിന്നെ ദിവ്യജ്യോതി? അതിലെ ദിവ്യത്വം ഒന്ന്‌ വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുമോ? വളരെ ആസൂത്രിതമായി കാട്ടിനുള്ളില്‍ വിളക്ക്‌ തെളിയിച്ചു ആളുകളെ പറ്റിച്ചു നിലനിര്‍ത്തേണ്ടതല്ല വിശ്വാസം. അതുകുറച്ചു യുക്തി ഭദ്രമായാലും കുഴപ്പമൊന്നുമില്ല. സിരിയൂസ്‌ നക്ഷത്രം കാണാന്‍ (ദിവ്യജ്യോതി) ഈ തിരക്കിന്റെയും ബുദ്ധിമുട്ടിന്റെയും ആവശ്യമില്ലെന്നിരിക്കെ ആരോ കത്തിക്കുന്ന വിളക്ക്‌ തന്നെയാണ്‌ ഭക്തരുടെ ഹരം. ഈ ഹരം തന്നെയാണ്‌ ഈ വര്‍ഷം ഉണ്ടായ ദുരന്തങ്ങള്‍ക്കും കാരണം. അന്നേ ദിവസം മാത്രമായി ഒരു നക്ഷത്രവും ആകാശത്ത്‌ ഉദിക്കുന്നില്ല. മകരവിളക്ക്‌ കാലത്ത്‌എന്നും പൊന്നമ്പലമേട്ടില്‍ കാണാവുന്ന നക്ഷത്രത്തെയാണ്‌ ഇപ്പോള്‍ ദിവ്യമാക്കുന്നതെങ്കില്‍, ക്ഷമിക്കുക, ഇത്തരം സൃഷ്‌ടികള്‍ക്ക്‌ പിറകിലെല്ലാം വിളങ്ങുന്ന സ്രഷ്‌ടാവിനെ ആരാധിക്കാനുള്ള മനസ്സ്‌ ആര്‍ജിക്കാന്‍ മാത്രം യുക്തി നേടിയ ആളുകള്‍ കേരളത്തിലെങ്കിലും വര്‍ധിച്ചു വരുന്നുണ്ട്‌. ശബരിമല തീര്‍ഥാടനത്തോടല്ല, മറിച്ച്‌ അതിനു ഉണര്‍വേകുന്ന ചില തട്ടിപ്പുകളോടാണ്‌ വിയോജിപ്പ്‌ എന്ന്‌ സൂചിപ്പിക്കുന്നു. ഡോക്‌ടറുടെ കത്തില്‍നിന്ന്‌ മകരജ്യോതിക്ക്‌ എന്തോ ഒരു ദിവ്യത്വം ഉണ്ടോ എന്ന്‌ ചില വായനക്കാര്‍ക്കെങ്കിലും തോന്നിയേക്കുമോ എന്ന ആശങ്കയിലാണ്‌ ഈ കത്ത്‌. പ്രവാചക കേശം(?) വെളത്തില്‍ മുക്കി മത ബിസിനസ്സ്‌ നടത്തുന്ന മുസ്‌ലിം സാമുദായിക ശ്രമങ്ങളെ ആത്മാര്‍ഥമായി എതിര്‍ക്കുന്ന പ്രബോധനം വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം അത്‌ ഏത്‌ സമുദായത്തില്‍ നിന്നായാലും എതിര്‍ക്ക പെടേണ്ടതാണെന്ന തിരിച്ചറിവില്‍ തന്നെയാവും ആ എഡിറ്റോറിയല്‍ എഴുതിയത്‌. -

- കെ.പി പ്രസന്നന്‍ , ലക്‌ചറര്‍, ഗവ. പോളിടെക്‌നിക്‌ തൃക്കരിപ്പൂര്‍, abuhaanie@gmail.com -

- #### പള്ളിപ്പറമ്പുകളെ വെറുതെ വിടുക -

- പള്ളിപ്പറമ്പുകള്‍ കൃഷിയോഗ്യമാക്കിക്കൂടേ എന്ന്‌ ചോദിച്ചുകൊണ്ടുള്ള റഷീദ്‌ കളമശ്ശേരിയുടെയും(5.3.2011) കെ.പി കുഞ്ഞിമ്മൂസയുടെയും(19.3.2011) കത്തുകള്‍ വായിച്ചു. എല്ലാം ലാഭക്കണ്ണിലൂടെ മാത്രം കാണുന്ന മുതലാളിത്തരോഗം ഇവയില്‍ നിഴലിക്കുന്നില്ലേ? പള്ളിപ്പറമ്പുകള്‍, കേവലഭൂമി എന്നതിനേക്കാള്‍ മനുഷ്യരുടെ വൈകാരികതകളെക്കൂടി പരിഗണിക്കേണ്ട വിഷയമാണ്‌. ഉടപ്പിറപ്പുകളും രക്തബന്ധുക്കളുമൊക്കെ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തോട്‌ വൈകാരികമായ ഒരടുപ്പം സൂക്ഷിക്കുന്നവരാണ്‌ മിക്കവരും. അതുകൊണ്ട്‌ തന്നെ തലമുറകള്‍ക്ക്‌ പഴയത്‌ എന്ന്‌ പറയാനെങ്കിലും ഖബറിടങ്ങളെ നമുക്ക്‌ വെറുതെ വിടാം. രാവിലെ 7 മണിമുതല്‍ 9 മണി വരെ ക്ലാസ്‌ നടത്താന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിക്കുന്ന മദ്‌റസാ കെട്ടിടങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ബാക്കിനില്‍ക്കുമ്പോള്‍ നാം പള്ളിപ്പറമ്പുകളുടെ ആദായത്തെക്കുറിച്ച്‌ തലപുണ്ണാക്കണോ? -

- ഒ.കെ സൂപ്പി വേളം, ദോഹ, ഖത്തര്‍ -

- #### ഒരു തൊഴിലാളി സംഘടന വേണം -

- സോളിഡാരിറ്റിയും പ്രബോധനവും മനുഷ്യാവകാശങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചാലമായി സംസാരിക്കുന്നത്‌ പ്രസിദ്ധീകരണങ്ങളും പ്രവര്‍ത്തകരും വലിയ സംഭവമായി അവതരിപ്പിക്കാറുണ്ട്‌. എന്നാല്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ എന്തെങ്കിലും നേട്ടമുണ്ടായി എന്ന്‌ അവകാശപ്പെടാന്‍ കഴിയുന്ന സംഭാവനകള്‍ അര്‍പ്പിച്ചതായി സംഘടനക്ക്‌ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? നബി(സ)യുടെ അനുചരന്‍ ഉസ്‌മാന്‍(റ) ജൂതനില്‍ നിന്ന്‌ കിണര്‍ വിലയ്‌ക്ക്‌ വാങ്ങി ദാനം ചെയ്‌തു. വിയര്‍പ്പു വറ്റുന്നതിനു മുന്‍പേ കൂലികൊടുക്കുക, സകാത്തു നല്‍കുക തുടങ്ങിയ കാര്യങ്ങളാണ്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പലപ്പോഴും ആവര്‍ത്തിക്കാറുള്ളത്‌. നാട്ടിലായാലും വിദേശത്തായാലും മറ്റുള്ളവരില്‍ നിന്നാണ്‌ മാനുഷികമായ പരിഗണനകളും മാനുഷിക അവകാശങ്ങളും തൊഴില്‍ മേഖലയില്‍ അനുഭവിക്കാന്‍ സാധിക്കുന്നത്‌. മതമില്ലാത്ത യൂറോപ്യനില്‍നിന്ന്‌ ലഭിക്കുന്ന മാനുഷിക പരിഗണന മതം പറയുന്നവരില്‍നിന്ന്‌ ലഭിക്കാറില്ല എന്നുമാത്രമല്ല, തൊഴിലാളിയുടെ സല്‍സ്വഭാവം ചൂഷണം ചെയ്യപ്പെടുന്നതും സാധാരണമാണ്‌. മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും ബദലായി ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍, എന്തുകൊണ്ടാണ്‌ സ്വയം സമര്‍പ്പിക്കപ്പെട്ട ഒരു തൊഴിലാളി സംഘടന രൂപീകരിക്കാന്‍ പ്രസ്ഥാനം നേതൃത്വം നല്‍കാത്തത്‌? അവകാശങ്ങള്‍ക്ക്‌ വേണ്ടി സംഘടിക്കുന്നതിനു പകരം ജനങ്ങളോടുള്ള കടമകള്‍ നിര്‍വഹിച്ചു നീതി നടപ്പിലാക്കുന്ന ഒരു സംഘടന. രാഷ്‌ട്രീയ പാര്‍ട്ടിയേക്കാള്‍ പ്രധാനം തൊഴിലാളി സംഘടനയാണ്‌. ഒരു തൊഴിലാളിനയം രൂപകല്‍പന ചെയ്‌തു നടപ്പിലാക്കിയാല്‍ എന്തുകൊണ്ടും ഗുണകരമാകും. അടിസ്ഥാനവര്‍ഗം ഇസ്‌ലാമിന്റെ വക്താക്കളായി രംഗത്തുവരും. ഭൂരിഭാഗം വരുന്ന ചെറുകിട കര്‍ഷകര്‍ ചെറുകിട വ്യവസായങ്ങള്‍, കാര്‍ഷിക മേഖലകള്‍ തുടങ്ങിയവയിലൊക്കെ സത്യസന്ധമായ ഇടപെടല്‍ നടത്തിയാല്‍ വന്‍നേട്ടമായി അത്‌ മാറും. -

- എന്‍. മുഹമ്മദ്‌ മസ്‌ക്കറ്റ -

- #### നാദാപുരം മുസ്‌ലിംലീഗ്‌ മാത്രമാണോ പ്രതികള്‍ ? -

- ടി. മുഹമ്മദ്‌ വേളം എഴുതിയ `നാദാപുരം നടത്തേണ്ട പുനരാലോചനകള്‍'(ലക്കം: 40) വായിച്ചു. നാദാപുരത്ത്‌ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷത്തിന്‌ മുസ്‌ലിംകളും പ്രത്യേകിച്ച്‌ മുസ്‌ലിംലീഗും കാരണക്കാരാണ്‌ എന്ന്‌ പറയുന്നതില്‍ തെറ്റില്ല. അതേ സമയം ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ കാരണവും മനസ്സിലാവുന്നില്ല. ലേഖനത്തിന്റെ തുടക്കത്തില്‍ `മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഈഴവരെ നന്നാക്കുന്നില്ല' എന്ന ഒറ്റവാചകത്തില്‍ അവരെ തഴുകിയത്‌ മനസ്സിലാക്കാന്‍ പ്രയാസമുണ്ട്‌. കഴിഞ്ഞകാല സംഭവങ്ങള്‍ അപ്പാടെ തമസ്‌കരിക്കുന്ന രീതി ശരിയല്ല. നാദാപുരത്ത്‌ മുസ്‌ലിംകളില്‍ നല്ലൊരു ഭാഗം മുസ്‌ലിംലീഗുകാരും പണക്കാരുമായത്‌ തെറ്റാണെന്ന്‌ തോന്നിയിട്ടുണ്ടാവണം. അതില്‍ ലേഖകന്‌ എന്തു നഷ്‌ടമാണുള്ളതെന്ന്‌ മനസ്സിലാവുന്നില്ല. നാദാപുരത്തെ മുസ്‌ലിം ലീഗുകാരെ സാമ്പത്തികമായി തകര്‍ക്കാന്‍, കഴിഞ്ഞ കുറെ നാളുകളായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ശ്രമിക്കുന്നുണ്ട്‌. അതൊന്നും കാണാനും മനസ്സിലാക്കാനും ലേഖകന്‍ ശ്രമിക്കുന്നില്ല. -

- അബൂഷബ്‌ന തയ്യാലിങ്ങല്‍ -

- #### ഓര്‍മയുണ്ടോ സാമിരിയുടെ കുതന്ത്രം? -

- അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച്‌ സംഭാഷണത്തിനായി ധൃതിപിടിച്ച്‌ തൂര്‍ പര്‍വതത്തിലെത്തിയ മൂസാ(അ)യുടെ അഭാവത്തില്‍ സാമിരി ഇസ്‌റാഈല്യര്‍ക്കിടയില്‍ സുവര്‍ണ ഗോപ്രതിമയെ ദൈവമാക്കി ജനങ്ങളെ പൂജക്ക്‌ പ്രേരിപ്പിച്ചു. സംഭവത്തെക്കുറിച്ച തുടര്‍ വിചാരണയില്‍, തനിക്ക്‌ ബോധിപ്പിക്കാനെന്തുണ്ട്‌ എന്ന ചോദ്യത്തിന്‌ സാമിരിയുടെ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്‌ ഇങ്ങനെ: ``അവര്‍(പൊതുജനം) കാണാത്ത ഒന്ന്‌ ഞാന്‍ കണ്ടു. ദൂതന്റെ(ജിബ്‌രീലിന്റെ എന്നതിനേക്കാള്‍ നല്ല വ്യാഖ്യാനം മൂസായുടേത്‌ എന്ന്‌) കാല്‍പാടുകളില്‍നിന്ന്‌ ഞാന്‍ ഒരുപിടി മണ്ണെടുത്തു. എന്നിട്ടതിനെ ഞാന്‍ ഇട്ടു. എന്റെ മനസ്സ്‌ എനിക്ക്‌ അങ്ങനെ തോന്നിച്ചു'' (ത്വാഹാ: 96). `അവര്‍ കാണാത്ത ഒന്ന്‌ ഞാന്‍ കണ്ടു.' കൂമ്പാരമായ സ്വര്‍ണാഭരണങ്ങളുടെ മറ്റ്‌ വ്യാപാര-വിപണന സാധ്യതകള്‍, കഴുതകളായ ഈ പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്തവ, എന്റെ അതിബുദ്ധിയിലും സാമര്‍ഥ്യത്തിലും എനിക്ക്‌ ദര്‍ശിക്കാനായി. ഈ ബിസിനസ്‌ ഐഡിയ മുതലാക്കാനാണ്‌ എന്റെ മനസ്സ്‌ തീരുമാനിച്ചത്‌ എന്ന്‌ അര്‍ഥം. പ്രവാചക പാദസ്‌പര്‍ശമേറ്റ മണ്ണിനെ(അസരിര്‍റസൂല്‍) `ശിആറെ മുബാറകാ'ക്കുകയുമാകാം! അന്ന്‌ സാമിരിയുടെ `മനസ്സിനെ തോന്നിച്ച' ആ കുതന്ത്രം, സ്വാര്‍ഥലാഭത്തിനായി പ്രവാചകസ്‌നേഹത്തെ (ദൂതന്റെ കാല്‍പടിയിലെ മണ്ണ്‌) വിറ്റ്‌ മുതലാക്കുന്ന വിദ്യയായിരുന്നു. മുഖസ്‌തുതിയാല്‍ മൂസാ(അ)യെ വശത്താക്കുക എന്ന കുടിലതയും കൂടിയുണ്ട്‌. തിരുകേശമെന്ന പുകമറയില്‍ 40 കോടിയുടെ (എസ്റ്റിമേറ്റ്‌ വര്‍ധിക്കുകയല്ലാതെ കുറയുന്ന പതിവില്ലല്ലോ) പള്ളി പണിതാല്‍ കഅ്‌ബക്ക്‌ സമാനം മറ്റൊരു തീര്‍ഥാടന കേന്ദ്രം ഉയര്‍ത്താന്‍ തുനിഞ്ഞ അബ്‌റഹത്തിന്റെ ധാര്‍ഷ്‌ട്യത്തോടൊക്കുകയില്ലെങ്കിലും, തന്ത്രത്തിലെ സമാനത കണ്ടില്ലേ? മുജീബ്‌ (പ്രബോധനം, ലക്കം 41, പേജ്‌ 30) സൂചിപ്പിച്ച പോലെ കഴുതകളാകുന്നതില്‍നിന്ന്‌ പൊതുജനത്തെ തടയാന്‍ `ഒന്നടങ്കം പൊരുതിയേ മതിയാകൂ' -

- ഡോ. കെ. അഹ്‌മദ്‌ അന്‍വര്‍, പെരിന്തല്‍മണ്ണ -

- #### പണത്തിന്‌ വേണ്ടി ഇത്ര അധഃപതിക്കുമോ? -

- ഖാലിദ്‌ മൂസാ നദ്‌വിയുടെ `തിരുനബി സ്‌നേഹത്തിലെ സുന്നത്തും ബിദ്‌അത്തും' (ലക്കം 40) ചിന്തനീയം തന്നെ. ഇസ്‌ലാമിക സമൂഹത്തെ മുഖ്യധാരയില്‍ നിന്നകറ്റി, ദൈനംദിന പ്രശ്‌നങ്ങളില്‍നിന്നും വിഷയങ്ങളില്‍നിന്നുമകറ്റി ചില അയഥാര്‍ഥ ലോകങ്ങളില്‍ എത്തിക്കാനേ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയയ്യില്‍ നടക്കുന്ന കേശക്കച്ചവടത്തിന്‌ സാധിക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കേരള മുസ്‌ലിം പണ്ഡിതന്മാരിലെ മുഖ്യ ചര്‍ച്ച നബി(സ)യുടെ വിസര്‍ജ്യം `നജസ്സാ'ണോ എന്നുള്ളതായിരുന്നു. ആണെങ്കിലും അല്ലെങ്കിലും നബി(സ)യുടെ വിസര്‍ജ്യം `ഇപ്പോള്‍ ലഭ്യമാണോ' എന്ന പൊതുസമൂഹത്തിന്റെ ചോദ്യം കാരണം ആ ചര്‍ച്ച തല്‍ക്കാലം മാറ്റിവെച്ചു. തിരുകേശം(?) മുക്കിയ പുണ്യജല ബിസിനസ്‌ കോഴിക്കോട്‌ മര്‍ക്കസില്‍ മാത്രമല്ല, `മദ്‌ഹ്‌ റസൂല്‍' പാതിരാപ്രസംഗത്തിന്‌ ശേഷം പലയിടങ്ങളിലും ആയിരങ്ങള്‍ വിലപറഞ്ഞ്‌ വില്‍ക്കുന്നുമുണ്ട്‌. `മാറാരോഗങ്ങളുടെ ശമനം, കുടുംബത്തിലും കടയിലും ജോലിയിലും വരുമാനത്തിലും `ബര്‍ക്കത്ത്‌' തുടങ്ങിയ പരസ്യങ്ങളും. പണ്ഡിതവര്‍ഗം പണത്തിന്‌ വേണ്ടി ഇത്ര അധഃപതിക്കുമോ? തിരുനബി(സ)യുടെ മരണത്തിന്‌ ശേഷം അവിടുന്ന്‌ ഉപയോഗിച്ച ചുവന്ന പുതപ്പ്‌ എന്ത്‌ ചെയ്യണമെന്ന്‌ സ്വഹാബികള്‍ ആലോചിച്ചു: പ്രസ്‌തുത പുതപ്പിന്‌ ആരെങ്കിലും അവകാശവാദമുന്നയിച്ചാലോ എന്ന ഭയം കാരണം അവിടുത്തെ ഖബറില്‍ അത്‌ വിരിച്ചു. ആ വിരിപ്പിലാണ്‌ പ്രവാചകന്റെ ശരീരം വെച്ചത്‌. ആധുനിക ജാഹിലിയ്യത്തുകളെയും കല്ലുവെച്ച ഖുറാഫാത്തുകളെയും ജനസമക്ഷം തുറന്നെഴുതാന്‍ കാണിച്ച പ്രബോധനത്തിനും ലേഖകനും നന്ദി. -

- അബ്‌ദുന്നാസര്‍ പൂക്കാടംചേരി, എടത്തനാട്ടുകര -

- #### പള്ളിപ്പറമ്പിലെ കൃഷി -

- റഷീദ്‌ കളമശ്ശേരി എഴുതിയ കത്ത്‌(പള്ളിപ്പറമ്പുകള്‍ കൃഷിയോഗ്യമാക്കിക്കൂടേ -ലക്കം 38) വായിച്ചു. നല്ല ചിന്തയാണ്‌. ഭൂമി വെറുതെ തരിശാക്കി ഇടുന്നതിലും ഭേദം കൃഷിയോഗ്യമാക്കുക തന്നെയാണ്‌. പക്ഷേ, അതിനെന്താണ്‌ തടസ്സം? സന്നദ്ധതയില്ലായ്‌മ തന്നെ. ചെറുപ്പക്കാര്‍ കളിക്കളത്തില്‍. മുതിര്‍ന്നവര്‍ വഴിനടത്തത്തിലും. കരിപ്പൂരിലെ ഒരു പള്ളിക്കാര്‍ മാത്രമാണ്‌ ഇതിന്നപവാദം. അവര്‍ പള്ളിമുറ്റത്ത്‌ കൃഷി ചെയ്‌തു. അങ്ങനെ ഓരോരുത്തര്‍ മാതൃക കാട്ടട്ടെ. -

- സി. മുഹമ്മദ്‌ കരുവാരകുണ്ട്‌ -

- #### അജണ്ടയില്ലാത്ത സമുദായ രാഷ്‌ട്രീയം -

- മുസ്‌ലിംലീഗ്‌ നിലപാടില്ലായ്‌മയുടെ അനിവാര്യ ദുരന്തം എന്ന ലേഖനം(മാര്‍ച്ച്‌ 5) ചിന്താര്‍ഹവും കാലിക പ്രസക്തവുമായിരുന്നു. ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ മുസ്‌ലിംലീഗ്‌ ഇന്ന്‌ നേരിടുന്ന പ്രതിസന്ധി സ്വയം കൃതാനര്‍ഥം തന്നെയാണ്‌. മുസ്‌ലിം സാമൂഹിക രാഷ്‌ട്രീയത്തിന്‌ ഉണ്ടായിരുന്ന ഗതകാല മഹത്വം നഷ്‌ടമായതില്‍, മുസ്‌ലിംലീഗിന്‌ മുമ്പേയുണ്ടായിരുന്നതും ബാലാരിഷ്‌ടതയെന്നോണം ഇപ്പോഴും അത്‌ പേറിക്കൊണ്ടിരിക്കുന്നതുമായ അതിന്റെ ആഭ്യന്തര ജനാധിപത്യമില്ലായ്‌മക്ക്‌ പങ്കുണ്ട്‌. അപ്രിയ സത്യങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഏതൊരു പ്രസ്ഥാനത്തിനും വരാനിരിക്കുന്നത്‌ ഈ ദുരന്തം തന്നെ. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മാത്രം മതാഭിമുഖ്യവും പ്രവാചക സ്‌നേഹവും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ലീഗ്‌രാഷ്‌ട്രീയത്തെ സമുദായ സ്‌നേഹികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ദാര്‍ശനികനായ കവി അല്ലാമാ ഇഖ്‌ബാല്‍ നിരീക്ഷിച്ചതുപോലെ, യാത്രാസംഘത്തിനു ചരക്കു നഷ്‌ടപ്പെടുന്നതിനേക്കാള്‍ ഗുരതരമാണ്‌, ചരക്ക്‌ നഷ്‌ടപ്പെട്ടുവെന്ന ബോധം നഷ്‌ടപ്പെടുന്നത്‌. സ്വാര്‍ഥ മോഹികളായ സമ്പന്നന്മാരുടെയും അള്‍ട്രാ സെക്കുലറിസ്റ്റുകളുടെയും തള്ളിക്കയറ്റത്തിനിടയില്‍ ലീഗിന്‌ വിനഷ്‌ടമായതും ഈ നഷ്‌ട ബോധം തന്നെ. -

- എം.എസ്‌ സിയാദ്‌, ചങ്ങനാശേരി -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍