Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം

ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം -

- 'ജമാഅത്തെ ഇസ്ലാമിക്ക് ഇരട്ടമുഖമാണുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ പറഞ്ഞു. തങ്ങള്‍ മതേതരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുമ്പോഴും മതരാഷ്ട്രവാദത്തിന്റെ അടിത്തറയെ ജമാഅത്തെ ഇസ്ലാമി നിഷേധിക്കുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത മൌദൂദിയെ മുറുകെ പിടിക്കുകയും ജനാധിപത്യവാദികളാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത് പറയുമ്പോള്‍ തനിക്ക് പല നഷ്ടവും വന്നേക്കാം. എന്നാല്‍ അതിന്റെ പേരില്‍ വരുന്ന നഷ്ടം കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ആധികാരിക പുസ്തകമാണ് 'ദൈവത്തിന്റെ രാഷ്ട്രീയം' - ഡോ. എം.കെ മുനീര്‍ പറഞ്ഞു'' (മാതൃഭൂമി ദിനപത്രം മാര്‍ച്ച് 15). മുജീബിന്റെ പ്രതികരണം? -

- മുഹമ്മദ് കുനിങ്ങാട്, ബാംഗ്ളൂര്‍ -

- ഹമീദിന്റെ പുസ്തകമോ മുനീറിന്റെ പ്രകാശന പ്രസംഗമോ ചടങ്ങില്‍ യുക്തിവാദി സംസ്ഥാന പ്രസിഡന്റ് കലാനാഥന്‍, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്തലി എന്നിവരുടെ സാന്നിധ്യമോ ഒന്നും യാദൃഛികമോ പുതിയ കാര്യമോ അല്ല. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും തദ്വാരാ ഇസ്ലാമിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്ന ശക്തികള്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഒത്തുചേര്‍ന്നുവെന്നേയുള്ളു. ഒരേ തൂവല്‍ പക്ഷികള്‍. ചിലര്‍ പ്രത്യക്ഷത്തില്‍ തന്നെ നാസ്തികരും മതവിരുദ്ധരുമാണെങ്കില്‍ മറ്റുള്ളവര്‍ പരോക്ഷമായി അതേ ദൌത്യം ഏറ്റെടുത്തവരാണെന്നതാണ് വ്യത്യാസം. ഈ രാജ്യത്ത് ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനും പ്രബോധനം ചെയ്യാനും പ്രതിജ്ഞാബദ്ധമായ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും അന്യായമായും ദുരാരോപണങ്ങളില്‍ പൊതിയുന്നതും അത് തന്നെ ജീവിത ദൌത്യമായി തെരഞ്ഞെടുത്തതും യഥാര്‍ഥത്തില്‍ ഇസ്ലാമിനോടു തന്നെയുള്ള ശത്രുതയായിട്ടേ സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയൂ. ജനരോഷം ഭയന്ന് അവരത് നിഷേധിച്ചേക്കാമെങ്കിലും. ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഒരു മതേതര പ്രസ്ഥാനമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല. ജമാഅത്തിന് എന്നും ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് ഇസ്ലാമിന്റെ മുഖമാണ്. മതം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ ആവാം എന്നു സിദ്ധാന്തിക്കുന്ന മതേതരത്വവും മനുഷ്യനെ ആമൂലാഗ്രം നിയന്ത്രിക്കേണ്ടത് ദൈവിക സന്മാര്‍ഗമാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എങ്ങനെ പൊരുത്തപ്പെടാനാണ്? എന്നാല്‍ ഇസ്ലാം തന്നെ അനുശാസിക്കുന്ന ജനാധിപത്യവും പരമത സഹിഷ്ണുതയും സമാധാനപരമായ സഹവര്‍ത്തിത്വവുമുണ്ട്. അത് സെക്യുലറിസത്തിന്റെ അപേക്ഷയില്ലാതെത്തന്നെ അവതരിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിയും. ഇത് മതേതരത്വത്തിന്റെ പൊയ്മുഖമാണെന്ന് വാദിക്കുന്നത് വിവരക്കേടാണ്. മതരാഷ്ട്രവാദത്തെ മുച്ചൂടും തള്ളിപ്പറഞ്ഞ മൌദൂദി ധാര്‍മികാടിത്തറകളില്‍ പണിതുയര്‍ത്തിയ ഒരു ദൈവരാജ്യത്തിന്റെ രൂപരേഖയാണവതരിപ്പിച്ചത്. അത് മനസ്സിലാക്കാതെയോ മനസിലാക്കിയിട്ടും നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് എന്തസംബന്ധവും എഴുതാം, പറയാം. ഇസ്ലാമിക പ്രസ്ഥാനം ഇതുപോലുള്ള വ്യാജപ്രചാരണങ്ങളെ അതിജീവിച്ചു തന്നെ മുമ്പോട്ട് പോവും. മുനീര്‍ വോട്ട് നഷ്ടത്തെപ്പറ്റി പറഞ്ഞു. പ്രത്യക്ഷത്തില്‍ ഒരു മതേതര വാദിയുടെ ധീരമായ വാക്കുകള്‍. സത്യമോ? ജമാഅത്തിന്റെ വോട്ടുകള്‍ ഏതായാലും തനിക്ക് ലഭ്യമാകുകയില്ലെന്നുറപ്പിച്ച മുനീര്‍ മതേതരത്വത്തിന്റെ ചാവേര്‍ ചമഞ്ഞു ആ വകയില്‍ കിട്ടാവുന്ന പ്രസിദ്ധിയും വോട്ടും ലാക്കാക്കിയാണ് പ്രസംഗിച്ചത്. മതയാഥാസ്ഥിതികരുടെ എതിര്‍പ്പ് ഭയന്ന് മരുന്നിനു പോലും ഒരു സ്ത്രീയെ ഇലക്ഷന്‍ കളത്തിലിറക്കാത്ത പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തിരുന്നാണ് മുനീറിന്റെ മതേതരത്വ ഗീര്‍വാണം! #### നൂറ്റൊന്നാവര്‍ത്തിച്ച നുണപല്ലവി -

- 1975ലെ അടിയന്തരാവസ്ഥയാണ് സന്ദര്‍ഭം. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയുമടക്കം ഏതാനും സംഘടനകള്‍ അക്കാലത്ത് നിരോധിക്കപ്പെട്ടു. ആ സംഘടനകളുടെ നേതാക്കളും കമ്യൂണിസ്റുകാരും സോഷ്യലിസ്റുകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇന്ദിരാ ഭരണകൂടം ജയിലിലടച്ചു. ജയിലല്ല, കഴുമരം തന്നെ അടിച്ചേല്‍പിച്ചാലും തങ്ങളുടെ ആദര്‍ശങ്ങള്‍ കൈവെടിയാന്‍ കമ്യൂണിസ്റുകാരോ സോഷ്യലിസ്റുകാരോ ആര്‍.എസ്.എസുകാരോ ജനസംഘക്കാരോ തയാറായിരുന്നില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ തടവറയില്‍ തുടര്‍ന്നു. നമ്മുടെ 'ആദര്‍ശ പ്രസ്ഥാന'ക്കാരോ? രണ്ടേ രണ്ടു ദിവസം ജയിലിലെ ഗോതമ്പുണ്ടയും കൊതുകുകടിയും രുചിച്ചപ്പോള്‍, മേലില്‍ തങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാവില്ലെന്ന് സത്യവാങ്മൂലം നല്‍കി ജമാഅത്ത് നേതാക്കള്‍ തടവറകളില്‍നിന്ന് തടിയൂരി! ആദര്‍ശപ്രസ്ഥാനക്കാര്‍ സ്വന്തം ആദര്‍ശത്തെ മാത്രമല്ല, പ്രസ്ഥാനത്തെപ്പോലും തള്ളിപ്പറയുന്ന കാഴ്ചയാണ് അടിയന്തരാവസ്ഥക്കാലത്തു കണ്ടത്.'' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം? -

- റഹ്മ ടി. ഹംസ, കളമശ്ശേരി -

- 1965ലെ ഇന്ത്യ-പാക് യുദ്ധവേളയിലാണ് ആദ്യമായി കേരള അമീര്‍ കെ.സി അബ്ദുല്ല മൌലവി ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കളെ ജയിലിലടച്ചത്. ഒരാളും ഒന്നും സര്‍ക്കാറിനോ കോടതികള്‍ക്കോ എഴുതിക്കൊടുത്തില്ല. യുദ്ധം കഴിഞ്ഞ് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരെയും മോചിപ്പിച്ചു. രണ്ടാമത്തെ സംഭവം 1975ലെ അടിയന്തരാവസ്ഥയിലാണ്. ജമാഅത്തെ ഇസ്ലാമിയെ അന്യായമായി നിരോധിച്ചു രാജ്യത്തുടനീളം പ്രവര്‍ത്തകരെ ജയിലിലടച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു, സംഘടനകളുടെ നിരോധം റദ്ദാക്കി. ജമാഅത്ത് പ്രവര്‍ത്തകര്‍ ജയില്‍ മോചിതരുമായി. കേരളത്തില്‍, നിരോധിക്കപ്പെട്ട സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ് ചെയ്തിരുന്നത്. കോടതിയിലെത്തിയപ്പോള്‍ പക്ഷേ, സംഘടനയെ നിരോധിച്ചതിനു ശേഷം അതിനായി പ്രവര്‍ത്തിച്ചു എന്ന ആരോപണം തെളിയിക്കാന്‍ പോലീസിനോ സര്‍ക്കാറിനോ സാധിച്ചില്ല. ജമാഅത്ത് നേതാക്കള്‍ ബോധിപ്പിച്ച സത്യവാങ്മൂലത്തിലും നിരോധിക്കപ്പെട്ട ശേഷം സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രവര്‍ത്തിക്കുകയില്ലെന്നും ബോധിപ്പിച്ചിരുന്നു. കാരണം നിരോധം നിലനില്‍ക്കുവോളം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുക ജമാഅത്തിന്റെ നയമല്ല, അന്നും ഇന്നും. മുസ്ലിംകളെന്ന നിലയില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വേറെ കാര്യം. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റുകള്‍ ഒന്നും നടന്നിരുന്നില്ല. എന്നിട്ടും നേതാക്കളോ പ്രവര്‍ത്തകരോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതാണ് മാപ്പെഴുതി ഒപ്പിട്ടു പുറത്തുപോന്നു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ. #### അറബ് ലോകത്തെ വിപ്ളവങ്ങളുടെ പിതൃത്വം -

- "കേരളത്തിലെ മുതലാളിത്ത മാധ്യമങ്ങളും മുസ്ലിം തീവ്രവാദ ജിഹ്വകളും അറബ്-വടക്കന്‍ ആഫ്രിക്കന്‍ മുന്നേറ്റങ്ങളെ ഉപയോഗിച്ച് ഇവിടെ പ്രചരിപ്പിക്കുന്ന ഒരു വന്‍നുണ മുളയിലേ നുള്ളേണ്ടതുണ്ട്. അവരുടെ കണ്ണില്‍ ഈ ജനമുന്നേറ്റങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ സാമ്രാജ്യത്വത്തിന്റെ പരസ്യ പിന്തുണയോടെ മുന്‍സോഷ്യലിസ്റ് രാജ്യങ്ങളില്‍ നടന്ന കമ്യൂണിസ്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം ഈ ജനമുന്നേറ്റങ്ങളെ കമ്യൂണിസ്റ് വിപ്ളവങ്ങള്‍ കാലഹരണപ്പെട്ടതിന്റെ തെളിവായും അവതരിപ്പിക്കുന്നു. എന്താണ് വസ്തുത? തീര്‍ച്ചയായും കമ്യൂണിസ്റ് പാര്‍ട്ടികളോ സംഘടിത തൊഴിലാളി വര്‍ഗങ്ങളോ ആയിരുന്നില്ല ഈ മുന്നേറ്റങ്ങളുടെ ചാലകശക്തി. പ്രക്ഷോഭകാരികള്‍ ഉയര്‍ത്തി പിടിച്ച അപൂര്‍വം ചിത്രങ്ങളില്‍ ഒന്ന് അനശ്വരനായ ചെയുടേതായിരുന്നു എന്നതിലും അമിതമായ അര്‍ഥം കല്‍പിക്കേണ്ടതില്ല. എന്നാല്‍, ജനപഥങ്ങള്‍ തിങ്ങിനിറഞ്ഞ പ്രകടനക്കാരില്‍നിന്ന് തക്ബീര്‍ വിളികള്‍ മുഴങ്ങിയില്ല എന്നതിന് രാഷ്ട്രീയ അര്‍ഥമാനങ്ങളില്ലേ? മതവ്യത്യാസമില്ലാതെ ആണും പെണ്ണും തൊഴിലാളികളും തൊഴില്‍ രഹിതരും കൈകോര്‍ത്ത് പാട്ടുപാടിയും നൃത്തം ചവിട്ടിയും രാത്രികള്‍ വെളുപ്പിച്ചപ്പോള്‍ ഏത് ഇടുങ്ങിയ മതതത്ത്വശാസ്ത്രമാണ് എടുക്കാ ചരക്കായി മാറിയത്?'' അറബ്-ആഫ്രോ ജനമുന്നേറ്റങ്ങളെ വിശകലനം ചെയ്ത് പ്രമുഖ 'പിണറായി ലൈന്‍' മാര്‍ക്സിസ്റ് പത്രപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി എഴുതിയ 'ചിറകെട്ടാനാകാത്ത അറേബ്യന്‍ കാറ്റ്' എന്ന ലേഖനത്തില്‍ നിന്ന് (ദേശാഭിമാനി ദിനപത്രം മാര്‍ച്ച് 3). ഇപ്പോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്ക് 'എടുക്കാചരക്കായ' മതദര്‍ശനത്തിന് പങ്കൊന്നുമില്ലേ? -

- പാക്കത്ത് മുഹമ്മദ്, അലനല്ലൂര്‍ -

- തുനീഷ്യയില്‍ നിന്നാരംഭിച്ചു ഈജിപ്തിലൂടെ കടന്ന് ലിബിയയിലും യമനിലും സിറിയയിലും എത്തി നില്‍ക്കുന്ന ജനകീയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പിതൃത്വം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കവകാശപ്പെടാനാവാത്ത പോലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനാവില്ല. എന്നാല്‍, ഈ രാജ്യങ്ങളിലെല്ലാം മുസ്ലിം ബ്രദര്‍ഹുഡ്ഡോ സമാനമനസ്കരായ സംഘടനകളോ ജനകീയ വിപ്ളവത്തില്‍ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് നിഷേധിക്കാനുമാവില്ല. പ്രക്ഷോഭകാരികള്‍ തക്ബീര്‍ മുഴക്കിയാല്‍ മാത്രമേ ഇസ്ലാമിന്റെ പങ്ക് വ്യക്തമാവൂ എന്ന വീക്ഷണം വിവരക്കേടും മൌഢ്യവുമാണ്. ഈ രാജ്യങ്ങളിലൊക്കെ മനുഷ്യാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്യ്രങ്ങളും സംരക്ഷിക്കണമെന്നതാണ് എല്ലാ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും പൊതുവായ ആവശ്യം. ആ ആവശ്യത്തിനായി തെരുവിലിറങ്ങിയവരില്‍ മുസ്ലിംകളും ക്രൈസ്തവരും ഇസ്ലാമിസ്റുകളും ഇടതുപക്ഷക്കാരും എല്ലാമുണ്ട്. ഒരിക്കല്‍ യഥാര്‍ഥ ജനാധിപത്യം സ്ഥാപിതമാവുകയും സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യ്രം കൈവരികയും ചെയ്താല്‍ പിന്നീടുള്ള മാറ്റം ആശയസമരത്തിലൂടെ നേടിയെടുക്കേണ്ടതാണ് എന്നതാണ് ഇസ്ലാമിസ്റ് കാഴ്ചപ്പാട്. അത്തരമൊരു ആശയ സമരത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്, വിശിഷ്യാ ഈജിപ്തിലും തുനീഷ്യയിലും. മൂടുറച്ച പോയ ഏകാധിപത്യങ്ങള്‍ക്ക് നേരെയാണ് ജനകീയ വിപ്ളവകാരികളുടെ പോരാട്ടം. സോവിയറ്റ് യൂനിയനിലും ഇതര കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലും നടന്ന പോരാട്ടം സമഗ്രാധിപത്യത്തിന്നെതിരെയായിരുന്നു. ആ നിലക്ക് രണ്ടിനും തമ്മില്‍ സാമ്യതയുണ്ട്. എന്നാല്‍, രണ്ടും തമ്മില്‍ മൌലികമായ വ്യത്യാസങ്ങളുണ്ട്. കമ്യൂണിസ്റ് നാടുകളിലെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ആ നാടുകളില്‍ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്. മതം പൂര്‍ണമായി അടിച്ചമര്‍ത്തപ്പെടുകയും കമ്യൂണിസ്റ് പാര്‍ട്ടികളൊഴിച്ചു മറ്റൊരു പാര്‍ട്ടിക്കും തല ഉയര്‍ത്താന്‍ പോലും സാധ്യമല്ലാതിരിക്കുകയും ചെയ്ത മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കെ മറ്റൊരു ബദല്‍ ഉദയം ചെയ്യുമായിരുന്നില്ല. എന്നാലും, വികലമെങ്കിലും മതവിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിനും മുന്‍ കമ്യൂണിസ്റ് നാടുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട് എന്ന വസ്തുത കാണാതിരുന്നുകൂടാ. #### മുജാഹിദ് പണ്ഡിതന്റെ സംശയങ്ങള്‍ -

- "ഇന്നത്തെ അറബി ലോകത്തെ കലാപത്തെ നിരൂപണ വിധേയമാക്കുമ്പോള്‍ ഒരു സത്യം വ്യക്തമാകുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍, ശീഅ, ഹമാസ്, ഹിസ്ബുല്ല എന്നീ പ്രസ്ഥാനങ്ങള്‍ ഒരു പ്രത്യേക ചിന്താരീതിയും രാഷ്ട്രീയ സമീപനവും സ്വീകരിക്കുന്നവയാണ്. ലോകത്ത് വേറെ പേരുകളിലും ഇവയുടെ മാര്‍ഗം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും സംഘടനകളുമുണ്ട്. സലഫികളെന്ന് അവകാശപ്പെടുന്നവരിലും മിതവാദികളും തീവ്രത പുലര്‍ത്തുന്നവരുമായ രണ്ട് വിഭാഗമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇഖ്വാനുല്‍ മുസ്ലിമീനെ ന്യായീകരിച്ച് ഗ്രന്ഥമെഴുതിയ ഡോ. യൂസുഫുല്‍ ഖറദാവി തഹ്രീര്‍ ചത്വരത്തില്‍ എത്തി വിപ്ളവകാരികളെ അഭിവാദ്യം ചെയ്തു. വിപ്ളവത്തില്‍ അണിചേരാന്‍ ലിബിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. വിപ്ളവത്തിന് പ്രേരിപ്പിച്ച കാരണങ്ങളും അതിന് സ്വീകരിച്ച മാര്‍ഗങ്ങളും അതിന്റെ അനന്തരഫലങ്ങളും വിലയിരുത്തിയാണ് അതിന്റെ ശരിതെറ്റുകള്‍ നിര്‍ണയിക്കുക. അറബി ഭരണാധികള്‍ ഇതിന് മാത്രം അക്രമം അവിടുത്തെ ജനങ്ങളോട് കാണിച്ചിട്ടുണ്ടോ? തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പ്രചാരണങ്ങളെയും തടയുന്നത് സ്വാതന്ത്യ്ര നിഷേധമായി കണക്കാക്കാമോ? ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യമല്ലാത്ത മറ്റ് ഭരണരീതികളെല്ലാം ഇസ്ലാമിന് വര്‍ജ്യമാണോ?'' 'വിപ്ളവത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന തലക്കെട്ടില്‍ പി. മുഹമ്മദ് കുട്ടശ്ശേരി ചന്ദ്രിക (2011 മാര്‍ച്ച് 7)യില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലത്തെ വരികള്‍. അറബ് ലോകത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇസ്രയേലിനെ സന്തോഷിപ്പിക്കും എന്നും ഈ ലേഖനത്തില്‍ കാണാം. മുജീബിന്റെ പ്രതികരണം? -

- എന്‍.കെ.പി ഷാഹുല്‍ ഹമീദ് ദുബൈ -

- അറബ് ലോകത്തെ ഒടുവിലത്തെ സംഭവവികാസങ്ങളെക്കുറിച്ചും അതില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമൊക്കെ സ്വാഭാവികമായും അഭിപ്രായന്തരങ്ങളുണ്ടാവാം. സലഫി പണ്ഡിതനായ മുഹമ്മദ് കുട്ടശ്ശേരിയും അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ സംഭവങ്ങളെ നോക്കിക്കണ്ടതിലും തെറ്റില്ല. എന്നാല്‍ വസ്തുനിഷ്ഠമല്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ. ശീഅ, ഹമാസ്, ഇഖ്വാനുല്‍ മുസ്ലിമീന്‍, ഹിസ്ബുല്ല എന്നിവയെ ഒരേ ചരടില്‍ കോര്‍ത്തതില്‍ തന്നെയുണ്ട് തികഞ്ഞ അപാകത. ശീഅ വിഭാഗം ഇസ്ലാമില്‍ ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ പ്രവാചക കുടുംബത്തോടുള്ള അമിത സ്നേഹത്തിന്റെ ഭൂമികയില്‍ രൂപം കൊണ്ടതാണ്. പില്‍ക്കാലത്ത് മിതവാദികളും തീവ്രവാദികളുമായി അവര്‍ സ്വയം പലതായി. ഇമാമിയ്യ വിഭാഗം ശിയാക്കളുടെ സംഘടനയാണ് ലബനാനിലെ ഹിസ്ബുല്ലാഹ്. സുന്നികളുമായി അവര്‍ക്ക് മൌലികമായ വിയോജനങ്ങളുണ്ട്. ബഹ്റൈനിലെ പ്രക്ഷോഭങ്ങളില്‍ ശിയാ വിഭാഗത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആ രാജ്യത്തും പുറത്തുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അതേപ്പറ്റി കരുതലോടെ മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍, മുസ്ലിം ബ്രദര്‍ഹുഡ്ഡോ ഫലസ്ത്വീനിലെ ഹമാസോ വിഭാഗീയതയില്‍ നിന്ന് തീര്‍ത്തും മുക്തമായ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. സ്വേഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെയാണ് അവരുടെ പോരാട്ടം. ഇതില്‍ ഇസ്രയേല്‍ സന്തോഷിക്കുന്ന പ്രശ്നമേയില്ലെന്നത് പോകട്ടെ, അവര്‍ക്കെതിരെയാണ് ഇസ്രയേലിന്റെ എല്ലാ നീക്കങ്ങളും. ഈജിപ്തില്‍ ഇഖ്വാന്‍ സ്വാധീനമുള്ള സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്രയേല്‍ കടുത്ത ആശങ്കയിലാണ്. തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നി മുബാറകും സിറിയയിലെ ശിയാ അലവി വിഭാഗക്കാരനായ പ്രസിഡന്റ് ബശ്ശാറുല്‍ അസദും തികഞ്ഞ സ്വേഛാധിപത്യമാണ് തങ്ങളുടെ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ചതെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ലിബിയയിലെ ഖദ്ദാഫിയാകട്ടെ, സുന്നത്തിന്റെ ആധികാരികത പോലും നിഷേധിക്കുന്ന, നബി(സ)യുടെ വഫാത് മുതല്‍ കാലഗണന നടപ്പാക്കിയ, തോന്നിയതൊക്കെ വിളിച്ചു പറയുന്നതിന്റെ പേരില്‍ 'ഭ്രാന്തന്‍' എന്ന പേര്‍ സമ്പാദിച്ച ഭരണാധികാരിയാണ്. ഇവര്‍ക്കെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ജനതകള്‍ പാര്‍ലമെന്ററി ജനാധിപത്യം തന്നെ വേണം എന്ന ശാഠ്യക്കാരല്ല. ജനാധിപത്യത്തിന്റെ ഏത് രൂപമായാലും ജനങ്ങള്‍ക്ക് പറയാനുള്ളത് പറയാനും അത് കേള്‍ക്കാനും സ്വതന്ത്രമായി പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവസരവും സ്വാതന്ത്യ്രവും വേണമെന്നേ വിപ്ളവകാരികള്‍ക്കുള്ളൂ. 'വിധ്വംസകനായ ഭരണാധികാരിയുടെ മുമ്പാകെ സത്യം തുറന്നുപറയുന്നതാണ് ശ്രേഷ്ഠമായ ജിഹാദ്' എന്ന് പഠിപ്പിച്ചത് റസൂല്‍(സ) ആണ്. തിരുമേനി പഠിപ്പിച്ചതല്ലാത്ത ഒരു ഇസ്ലാം വേറെയുണ്ടെങ്കില്‍ അതാണറിയേണ്ടത്. #### ദേവസ്വവും വഖ്ഫ്ബോര്‍ഡും -

- പ്രധാനപ്പെട്ട അമ്പലങ്ങളിലെ വരുമാനം മുഴുവനും ദേവസ്വം ബോര്‍ഡ് വഴി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയും രാജ്യത്തെ എല്ലാവര്‍ക്കും അതിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍നിന്ന് സര്‍ക്കാരിലേക്ക് ഒരു പ്രയോജനവും ഇല്ലെന്നും വഖ്ഫ് ബോര്‍ഡ് പോലും അവരുടെ അധീനതയിലുള്ള സമ്പത്ത് മുസ്ലിംകളുടെ ആവശ്യത്തിന് മാത്രമാണ് ചെലഴിക്കുന്നത് എന്നും ഒരു ആര്‍.എസ്.എസ് കാരനായ സ്നേഹിതന്‍ പറയുകയുണ്ടായി. എന്താണിതിന്റെ യാഥാര്‍ഥ്യം? ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാരിന്റെ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാണോ? -

- അല്‍ത്താഫ് പത്താംകല്ല് -

- ദേവസ്വം ബോര്‍ഡുകള്‍ക്ക് ക്ഷേത്രങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ക്ഷേത്രജീവനക്കാരുടെ ക്ഷേമത്തിനും തന്നെയാണ് ഉപയോഗിക്കുന്നത്. സര്‍ക്കാറിന്റെ പൊതു ആവശ്യങ്ങള്‍ക്കോ പൊതുജനക്ഷേമത്തിനോ അല്ല. വഖ്ഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം വഖ്ഫ് ബോര്‍ഡുകളുടെ നടത്തിപ്പിനും ഭാഗികമായി മുസ്ലിം സ്ഥാപനങ്ങളുടെയും മതസ്ഥാപന ജീവനക്കാരുടെ ക്ഷേമത്തിനും ഉപയോഗിക്കുന്നു. ക്രിസ്തീയ സഭാ സ്വത്തുക്കളുടെ മേല്‍ സര്‍ക്കാറുകള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്നാണറിവ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍