Prabodhanm Weekly

Pages

Search

2016 ജനുവരി 15

മധുര സ്മരണകളുടെ സുഗന്ധം പരത്തി അല്‍ജാമിഅ അലുംനി സംഗമം

സാദിഖ് അല്‍മിത്ര /റിപ്പോര്‍ട്ട്

         ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ തലമുറകളുടെ സംഗമവേദി കൂടിയായി. അറുനൂറിലധികം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. വൈജ്ഞാനികവും സര്‍ഗാത്മകവും സംഘടനാപരവുമായ മേഖലകളില്‍ ജ്വലിക്കുന്ന വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത  കലാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഈ  ഒത്തുകൂടല്‍.

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. പി.കെ അബ്ദുല്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ആറ് പതിറ്റാണ്ട് മുമ്പുതന്നെ മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍  സ്ഥാപനം കാണിച്ച ശ്രദ്ധ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഹൈദറലി ശാന്തപുരം ആമുഖ ഭാഷണം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, അല്‍ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, സുഹൈര്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു. അല്‍ജാമിഅ അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ. എ.എ ഹലീം സ്വാഗതം പറഞ്ഞു. 

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് ബശീര്‍ ജുംഅയുടെ 'നമുക്കും വിജയിക്കേണ്ടേ' എന്ന പുസ്തകം ഡോ. പി.കെ അബ്ദുല്‍ അസീസ് എ. മുഹമ്മദലിക്കും, അലുംനി അല്‍ജാമിഅ ചാപ്റ്റര്‍ പ്രസിദ്ധീകരിച്ച 'സി.ടി സ്വാദിഖ് മൗലവി സ്വര്‍ഗം കിനാവുകണ്ടു നടന്ന ജീവിതം' എന്ന പുസ്തകം എം.വി മുഹമ്മദ് സലീം മൗലവി ഡോ. ടി. അഹ്മദിനും നല്‍കി പ്രകാശനം ചെയ്തു. ഡോ. പി.കെ അബ്ദുല്‍ അസീസിനുള്ള അല്‍ജാമിഅയുടെ ഉപഹാരം ഡോ. അബ്ദുസ്സലാം അഹ്മദ് സമര്‍പ്പിച്ചു.

സംഘടനാ സെഷനില്‍ ഡോ. എ.എ ഹലീം (അലുംനി സെന്‍ട്രല്‍ കമ്മിറ്റി),  സീതി പടിയത്ത് (യു.എ.ഇ), എം.എ.കെ ഷാജഹാന്‍ (ഒമാന്‍), എ. സലാഹുദ്ദീന്‍ (രിയാദ്), ടി. അബ്ദുര്‍റശീദ് (ദമ്മാം), ഹാരിസ് പടപ്പറമ്പ് (അല്‍ജാമിഅ, മലപ്പുറം), എ.കെ ഖാലിദ് (ശാന്തപുരം) എന്നിവര്‍ വ്യത്യസ്ത ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 2016-2019 കാലയളവിലേക്കുള്ള അലുംനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗും സമ്മേളനത്തില്‍ നടന്നു. 25 പേരെ ബാലറ്റ് പേപ്പറിലൂടെ അലുംനി അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്തു. അല്‍ജാമിഅ റെക്ടറും അലുംനി രക്ഷാധികാരിയുമായ അബ്ദുല്ലാ മന്‍ഹാം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. മണ്‍മറഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ അനുസ്മരിച്ച് കെ.എം ഹനീഫ പാലക്കാട് രചിച്ച ഗാനം ദില്‍വര്‍ സമാനും സംഘവും ആലപിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം മധുരസ്മരണകളും നൊമ്പരങ്ങളും അയവിറക്കി പൂര്‍വ വിദ്യാര്‍ഥികള്‍ ബാച്ചടിസ്ഥാനത്തില്‍ ഒത്തുകൂടി.

ഓപ്പണ്‍ ഫോറം സെഷന്‍ ലോക പ്രശസ്ത പണ്ഡിതനും മുഫ്തിയും ടൊറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറുമായ ശൈഖ് വി.പി അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം വി.കെ അലി അധ്യക്ഷത വഹിച്ചു. പി.പി അബ്ദുര്‍റസാഖ് പെരിങ്ങാടി, പി.കെ ജമാല്‍, എം.ടി അബൂബക്കര്‍ മൗലവി, കെ.കെ സുഹ്‌റ, കെ.ടി ഹുസൈന്‍, ശൂകൂര്‍ പത്തനംതിട്ട, സുഹൈര്‍ ചുങ്കത്തറ, ബഷീര്‍ തൃപ്പനച്ചി  ഓര്‍മകളും നിര്‍ദേശങ്ങളും പങ്കുവെച്ചു.  ശരീഫ് കൊച്ചിന്‍, അബൂബക്കര്‍ കരുവാരക്കുണ്ട് ഗാനം ആലപിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന പ്രഭാഷണം നിര്‍വഹിച്ചു. ദൈവഭക്തിയും സഹനശീലവും മുറുകെ പിടിച്ചാല്‍ മാത്രമേ സാമൂഹിക നന്മക്കായുള്ള പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാവുകയുള്ളൂയെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. വിടപറഞ്ഞവരും രോഗബാധിതരുമായ ഉസ്താദുമാര്‍ക്കുവേണ്ടി അദ്ദേഹം പ്രത്യേകം പ്രാര്‍ഥിച്ചു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍