Prabodhanm Weekly

Pages

Search

2016 ജനുവരി 15

സി.ടി സ്വാദിഖ് മൗലവി സ്വര്‍ഗം കിനാവു കണ്ടുനടന്ന ജീവിതം

ടി.ഇ.എം റാഫി വടുതല /പുസ്തകം

         സ്വാദിഖ് മൗലവിയുടെ ജീവിതത്തിന് അവതാരിക എഴുതാന്‍ മാത്രം യോഗ്യത എനിക്കില്ലെന്ന് നന്നായറിയാം. എന്നിട്ടും ഞാനെന്തൊക്കെയോ കുറിക്കുന്നത് ആ വലിയ മനുഷ്യനോടുള്ള ആദരം പ്രകടിപ്പിക്കാന്‍ മാത്രമാണ്''- സി.ടി സ്വാദിഖ് മൗലവി സ്വര്‍ഗം കിനാവു കണ്ടുനടന്ന ജീവിതം എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. കൂട്ടില്‍ മുഹമ്മദലി കുറിച്ചിട്ട അയോഗ്യത അംഗീകരിച്ചുകൊണ്ടു മാത്രമേ മൗലവിയെ സംബന്ധിച്ച പുസ്തകം പരിചയപ്പെടുത്താന്‍ ഈയുള്ളവനും സാധിക്കുകയുള്ളൂ. ആര്‍ഭാടവും പുരോഗമനവും അലങ്കാരമാക്കിയ ആധുനിക സമൂഹത്തില്‍ ത്യാഗത്തെ അറബിത്തട്ടം കൊണ്ട് മറച്ചുപിടിച്ച മഹാ മനീഷിയായിരുന്നു സ്വാദിഖ് മൗലവി. ഭൗതിക വിരക്തിയും ലാളിത്യവും ജീവിതത്തിന്റെ ധന്യതയായി സ്വയം മുറുകെ പിടിച്ചപ്പോഴും ഒരു വലിയ സമൂഹത്തെയും പ്രസ്ഥാനത്തെയും നിലാവഴകുള്ള പുഞ്ചിരികൊണ്ട് പ്രകാശമാനമാക്കി ആ മഹദ് വ്യക്തിത്വം.

പച്ച പുതച്ച തോട്ടങ്ങള്‍ക്കു നടുവില്‍ വലിയ വലിയ സൗധങ്ങള്‍ തലയുയര്‍ത്തിയ ആര്‍ഭാട നഗരം വിട്ട് റബ്ദ എന്ന കുഗ്രാമത്തില്‍ ലാളിത്യം അലങ്കാരമാക്കി ജീവിച്ച അബൂദര്‍റുല്‍ ഗിഫാരിയെയാണ് മൗലവിയുടെ ജീവിതം വായിക്കുമ്പോള്‍ ഓര്‍മ വരിക. സമ്പത്തിനേക്കാള്‍ ആദര്‍ശത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച് പ്രവാചകാനുചരന്മാരുടെ പേരുകള്‍ തന്നെ മക്കള്‍ക്ക് നല്‍കിയതും ഉള്ളില്‍ സൂക്ഷിച്ച ജീവിത വീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണമാകാം.

ലാളിത്യമായിരുന്നു സ്വാദിഖ് മൗലവിയുടെ മുദ്ര. സ്വഭാവത്തില്‍, ശീലങ്ങളില്‍, ഭക്ഷണത്തില്‍, യാത്രാ സൗകര്യങ്ങളില്‍, പെരുമാറ്റത്തില്‍ എല്ലാം ലാളിത്യം കൊണ്ട് മഹത്വം കൈവരിക്കാന്‍ സ്വാദിഖ് മൗലവിക്ക് സാധിച്ചു എന്ന ടി. ആരിഫലിയുടെ വിലയിരുത്തല്‍ മൗലവിയുടെ ജീവിതത്തെ സംബന്ധിച്ച സംക്ഷിപ്ത വചനമാണ്. യതിവര്യന്റെ ലാളിത്യവും താപസന്റെ ജീവിത വിശുദ്ധിയും തുഷാര ബിന്ദുവിന്റെ മനോനൈര്‍മല്യവും പോരാളിയുടെ കര്‍മോത്സുകതയും ജ്ഞാനിയുടെ വിനയവുമായി അല്ലാഹുവിലേക്ക് നടന്നു നീങ്ങിയ സൗമ്യ സാന്നിധ്യമായിരുന്നു എന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. ബിസിനസ്സുകാരനായിരുന്ന പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, എറണാകുളം ജില്ലയില്‍ നാസിമായി പിച്ച വെച്ചപ്പോള്‍ തന്റെ കൈപിടിച്ചു മുന്നില്‍ നടന്ന ഗുരുനാഥനായിരുന്നു മൗലവിയെന്ന് അനുസ്മരിക്കുന്നു.

ശാന്തപുരം കോളേജിന്റെ ക്ലാസ് റൂമില്‍ നിന്ന് തൗഹീദും കര്‍മപഥത്തില്‍നിന്ന് 'ഫീല്‍ഡ് ആക്ടിവിസവു'മാണ് സ്വായത്തമായത് എന്ന് വിദ്യാര്‍ഥിയും സഹയാത്രികനുമായിരുന്ന ശഹീര്‍ മൗലവി. ഉമ്മയെന്ന വിളക്കണഞ്ഞപ്പോഴും വീട്ടില്‍ പ്രസ്ഥാനത്തിന്റെ മാര്‍ഗത്തിലെ വിയര്‍പ്പുതുള്ളികളാല്‍ ദിശാബോധം നല്‍കിയ വെളിച്ചമായിരുന്നു ഞങ്ങളുടെ പിതാവെന്ന് പുത്രന്‍ അബൂദര്‍റ്. ദുന്‍യാവിന്റെ കാര്യത്തില്‍ വേവലാതി ഇല്ലാത്ത, ആഖിറത്തിന്റെ കാര്യത്തില്‍ അനാസ്ഥ കാണിക്കാത്ത 'സ്വാദിഖായ' മൗലവി എന്ന് ഹംസ മൗലവി ഫാറൂഖി. 'ഇസ്‌ലാം മത'ത്തിന്റെ വരികള്‍ക്കിടയില്‍ ശാന്തപുരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ നിറച്ച ഹൃദ്യാനുഭവമായിരുന്നു ഗുരുനാഥനെന്ന് ശിഷ്യന്‍ വി.എം ഇബ്‌റാഹീം.

ദക്ഷിണ കേരളത്തിന്റെ സമതലങ്ങളും ഗിരിമലകളും താണ്ടികടന്ന മുഹാജിറിന്റെ കിതപ്പും കുതിപ്പും. വാക്കുകള്‍ക്ക് കര്‍മസാക്ഷ്യം വിരിയിച്ച് ശാന്തപുരത്തെ മാതൃകാ മഹല്ലാക്കി ജ്വലിപ്പിച്ച ഖാദി. മക്കളെ ശാന്തപുരം കോളേജിനു സമര്‍പ്പിച്ച പിതാവായിരുന്നു എന്ന് പുത്രന്‍ സുഹൈബ്. പ്രവര്‍ത്തകരെ സ്‌നേഹം പകര്‍ന്ന് കൂടെ നിര്‍ത്തിയ മുറബ്ബിയായിരുന്നു മൗലവിയെന്ന് അദ്ദേഹത്തിന്റെ മധുരജീവിതം നുകര്‍ന്നെടുത്ത അനുയായികള്‍. വീടകത്തെ സൗഹാര്‍ദ കശപിശയെ ചെറു പുഞ്ചിരികൊണ്ട് പരിഹരിച്ച പിതാവ്. ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകളില്‍ മക്കളും സഹോദരനും പ്രസ്ഥാന നേതാക്കളും ശിഷ്യന്മാരും മൗലവിയുടെ വേറിട്ട ജീവിതം കുറിച്ചിടുന്ന ഹൃദ്യമായ വായനാനുഭവം.

ശമീം ചൂനൂര്‍ എഡിറ്റ് ചെയ്ത് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം മൗലവിയുടെ ജീവിതം പോലെ തന്നെ ലളിതം, മനോഹരം. വിളക്കുമാടങ്ങള്‍ നിഷ്പ്രഭമാകുന്ന ഘനാന്ധകാര കാലത്ത് ആദര്‍ശ ജീവിതത്തിന്റെ പാദമുദ്രകള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നാഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പാഥേയം തന്നെയാണ് ആദ്യാവസാനം വരെ ഈ പുസ്തകം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍