Prabodhanm Weekly

Pages

Search

2016 ജനുവരി 15

അസംബന്ധമായി മാറുന്ന ഇന്ത്യ-പാക് ചര്‍ച്ചകള്‍

ഇഹ്‌സാന്‍

         അഫ്ഗാനില്‍ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ വിമാനമിറങ്ങുകയും നവാസ് ശരീഫിന്റെ കൊച്ചു മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തത് അല്‍പ്പമൊരു ആശങ്കയും അതിലേറെ അമ്പരപ്പുമാണ് സൃഷ്ടിച്ചത്. കാരണം മറ്റൊന്നുമായിരുന്നില്ല. ഇത്തരമൊരു സൗഹൃദാന്തരീക്ഷത്തിലേക്ക് ഇന്ത്യ ഇനിയും വളര്‍ന്നിട്ടില്ല എന്നതു കൊണ്ടു തന്നെ. പാകിസ്താന്റെ കാര്യം പിന്നെയേ വരുന്നുള്ളൂ. ലാഹോര്‍ ബസ് യാത്ര നടത്തിയ കാലത്ത് വാജ്‌പേയിക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച രാജ്യമാണത്. ഇത്തരം കൂടിക്കാഴ്ചകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്നതിന് പിന്നില്‍ ചില തയാറെടുപ്പുകള്‍ എന്നും ആവശ്യമായിരുന്നു. ഈ നടപടിക്രമങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കേണ്ട മാധ്യമങ്ങളെ പതിവുപോലെ ഇരുട്ടില്‍ നിര്‍ത്തിയാണ് മോദി കൂടിക്കാഴ്ചക്കു പുറപ്പെട്ടത്. ശരീഫിനാകട്ടെ സമയം കിട്ടിയതുമില്ല. കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത് നേപ്പാളില്‍ ഇതേ നാടകത്തിന് തിരശ്ശീല പിടിച്ച സജ്ജന്‍ കുമാര്‍ ജിണ്ടാല്‍ ആണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഒരു ഭാഗത്ത് അദാനി മുതല്‍ ജിണ്ടാല്‍ വരെയുള്ള വ്യവസായികളുടെ ഇടനിലക്കാരന്റെ പണിയെടുക്കുമ്പോഴും തങ്ങള്‍ മറ്റെന്തൊക്കെയോ ഉന്നത ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് കൂടിക്കാണുന്നതെന്ന ധാരണ പരത്താനായിരുന്നു പക്ഷേ മോദിയും ശരീഫും ശ്രമിച്ചു കൊണ്ടിരുന്നത്.

പൗരന്മാര്‍ മുതല്‍ പ്രധാനമന്ത്രിമാര്‍ വരെ അയല്‍പക്കത്തേക്ക് പോകുന്ന ലാഘവത്തില്‍ ന്യൂദല്‍ഹിയില്‍ നിന്ന് ഇസ്‌ലാമാബാദിലേക്ക് പോകുന്ന കാലം ഉണ്ടാവണമെന്നു തന്നെയാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവുക. പക്ഷേ കാലത്ത് അമൃത്‌സറില്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഉച്ചയൂണ് ലാഹോറിലോ ഇസ്‌ലാമാബാദിലോ കഴിച്ച് രാത്രിയോടെ കാബൂളില്‍ എത്തുന്ന കാലം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഒരു കവിതക്കു വിഷയമാക്കാം എന്നതിലപ്പുറം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലെ ബന്ധം ഇപ്പോഴും സാധാരണ നിലയിലല്ല എന്നതിന് ഏറ്റവും മികച്ച തെളിവാണ് ക്രിക്കറ്റ്. ശ്രീലങ്കയില്‍ പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുക്കമല്ല. എന്നല്ല വ്യക്തിതല ബന്ധങ്ങള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ വഷളാകുന്ന ചിത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍. പ്രബുദ്ധ കേരളത്തില്‍ പോലും ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കോലം കത്തിക്കുന്ന ദയനീയതയിലേക്ക് നമ്മുടെ രാഷ്ട്രീയ ബോധം 'വളരുക'യോ തളരുകയോ ചെയ്തു. ഇതിനെല്ലാം ഇത്രയും കാലം വഴിമരുന്നിട്ട് സ്വന്തം ജനതയെ വിഷം തീറ്റിച്ച രാഷ്ട്രീയക്കാരനാണ് മറുഭാഗത്ത് അവനവന്റെ സൗകര്യങ്ങളുടെ ന്യായമനുസരിച്ച് പാകിസ്താനുമായി ബന്ധം സ്ഥാപിക്കുന്നതും മറ്റൊരു സുപ്രഭാതത്തില്‍ അത് തകര്‍ക്കുന്നതും. ഇന്ത്യയിലാവട്ടെ പാകിസ്താനിലാവട്ടെ, ഇതൊക്കെ ആര്‍ക്ക് മനസ്സിലാവാനാണ്?

എന്തുകൊണ്ടാണ് നയതന്ത്രത്തിന്റെ പ്രഖ്യാപിത കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചു മാത്രം ഇന്ത്യക്കും പാകിസ്താനും എക്കാലത്തും ചര്‍ച്ചകള്‍ നടത്തേണ്ടിവരുന്നത്? അംബാസഡര്‍ തലം, അണ്ടര്‍ സെക്രട്ടറി തലം, സെക്രട്ടറി തലം, എന്‍.എസ്.എ തലം, വിദേശകാര്യ മന്ത്രി തലം എന്നിങ്ങനെ പടിപടിയായി മാത്രം മുന്നോട്ടു പോയി ഒടുവില്‍ മാത്രം ഉച്ചകോടിയിലേക്കെത്തുന്ന പതിവ് എന്തുകൊണ്ട്? എന്തു കൊണ്ട് പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയിച്ച അജണ്ടകള്‍ പ്രകാരമല്ലാതെ ഒരിക്കലും നടത്താനാവാത്തത്? ഈ തര്‍ക്കത്തില്‍ കക്ഷികളാവുന്നത് രണ്ടു രാജ്യങ്ങള്‍ മാത്രമല്ല എന്ന തിരിച്ചറിവാണ് ഇതിന്റെ പിന്നിലെ രഹസ്യം. കശ്മീര്‍ തര്‍ക്കവുമായി മാത്രം ബന്ധപ്പെട്ടാണ് ഇന്ത്യാ-പാക് ബന്ധങ്ങള്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി മുന്നോട്ടുപോകുന്നത്. മറുഭാഗത്ത് ഇതേ കശ്മീര്‍ കേന്ദ്രീകരിച്ചാണ് ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടം നടക്കുന്നത്. ദേശീയ വരുമാനത്തിന്റെ 60 ശതമാനവും ആയുധം വിറ്റ് സമ്പാദിക്കുന്ന അമേരിക്കക്കാരനും അതിലേറെ യുദ്ധസാമഗ്രികള്‍ വിറ്റ് ഇരപിടിക്കുന്ന ഇസ്രയേലുമൊക്കെ ഏതോ അര്‍ഥത്തില്‍ ഇന്ന് തര്‍ക്കത്തിലെ കക്ഷികളോ ഗുണഭോക്താക്കളോ ആണ്. ഇരു ഭാഗങ്ങളിലെയും പട്ടാളക്കാര്‍ക്കു പോലുമുണ്ട് ഈ തര്‍ക്കത്തെ ആവശ്യമുള്ളപ്പോള്‍ തളര്‍ത്താനും വളര്‍ത്താനുമുള്ള പഴുതുകള്‍. ഇതിനെല്ലാമുപരിയാണ് കശ്മീരിനു വേണ്ടി കഴിഞ്ഞ 30-ലേറെ വര്‍ഷങ്ങളായി ചോരചിന്തിക്കൊണ്ടിരിക്കുന്ന തീവ്രവാദി സംഘങ്ങളുടെ സാന്നിധ്യം. ഹുര്‍റിയത്ത് നേതാക്കളെ പാകിസ്താന്‍ സുഖിപ്പിച്ചു നിര്‍ത്തുന്നതിലും മന്‍മോഹന്‍ സിംഗിന്റെ കാലം വരെ ഇന്ത്യ ഇവര്‍ക്കു നേരെ കണ്ണടച്ചതിലും യാഥാര്‍ഥ്യ ബോധത്തിന്റെ ഘടകങ്ങളാണ് ഉണ്ടായിരുന്നത്.

ഇതിനെയെല്ലാം ഒറ്റയടിക്ക് കണ്ണടച്ചിരുട്ടാക്കിയാണ് മോദി ലാഹോറില്‍ ഇറങ്ങിയത്. TAPI ഗ്യാസ്‌ലൈനില്‍ നിന്ന് അംബാനി- അദാനിമാര്‍ക്കും അഫ്ഗാനിലെ ഉരുക്കു മാര്‍ക്കറ്റില്‍ നിന്ന് ജിണ്ടാലിനും പങ്ക് കിട്ടാനുള്ള വെറും കച്ചവടമാണ് മോദി-ശരീഫ് കൂടിക്കാഴ്ചയെന്ന് അന്താരാഷ്ട്ര മേഖലയിലെ തല്‍പ്പര കക്ഷികള്‍ക്ക് ഒരുപക്ഷേ മനസ്സിലായിട്ടുണ്ടാകാം. അതു കൊണ്ടാണ് കൂലിത്തല്ലുകാരായ ഭീകര സംഘടനകള്‍ പ്രത്യക്ഷപ്പെടാതിരുന്നത്. എന്നാല്‍ മോദിക്കും ശരീഫിനും മറുപടി നല്‍കാനായി ഇന്ത്യയുടെ മൂന്ന് സുപ്രധാന വ്യോമ കേന്ദ്രങ്ങളില്‍ ഒന്നായ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയത് ഇന്ത്യന്‍ കശ്മീരികളുടെ കൂട്ടായ്മയായ മുത്തഹിദ ജിഹാദീ കൗണ്‍സില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ നമ്മെ ആശങ്കപ്പെടുത്തുക തന്നെ വേണം. അവര്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ഒന്നു കൂടി അപകടകരമാണ് ചിത്രം. മോദിയും ശരീഫും വിചാരിച്ചാല്‍ എന്തുമാകാമെന്ന വങ്കത്തത്തിന് പാകിസ്താനിലെ സൈന്യവും ജിഹാദികളും ഒരുമിച്ചാണ് മറുപടി നല്‍കിയതെങ്കില്‍ ഇനി എന്തിന് ജനുവരിയില്‍ സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്തണം? പാക് പ്രധാനമന്ത്രിക്ക് സ്വന്തം സൈനികരെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അസംബന്ധ ചര്‍ച്ചയുടെ ആവശ്യമില്ലല്ലോ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍