Prabodhanm Weekly

Pages

Search

2016 ജനുവരി 15

പ്രസ്ഥാന പ്രതിബദ്ധതയുടെ അറുപത് വര്‍ഷങ്ങള്‍

എ.ആര്‍ /സ്മരണ

         യുവത്വത്തിലേക്ക് കാലെടുത്ത് വെച്ചതു മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തോട് അഗാധ പ്രതിബദ്ധത പുലര്‍ത്തിവന്ന, ഉത്കൃഷ്ട സംസ്‌കാരത്തിന്റെയും പെരുമാറ്റത്തിന്റെയും ആള്‍രൂപമായ, വായനക്കും ചിന്തക്കും പ്രഥമ പരിഗണന നല്‍കിയ സവിശേഷ വ്യക്തിത്വമാണ് 2016 ജനുവരി 4 തിങ്കളാഴ്ച സായാഹ്നത്തില്‍ നമ്മോട് വിടചൊല്ലിയ പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബ്. ഫാറൂഖ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചു വൈകാതെ ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ അധ്യാപകനായി ചേര്‍ന്നത് മുതല്‍ ഞാനടക്കമുള്ള തലമുറയുടെ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയ ഗുരുവര്യനായിരുന്നു അദ്ദേഹം. അന്ന് മദ്‌റസാ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന ഇംഗ്ലീഷും മലയാളവും സാമൂഹിക ശാസ്ത്രവും -ഗണിതശാസ്ത്രം പോലും- അദ്ദേഹം വശ്യമായ ഭാഷയില്‍ പഠിപ്പിച്ചുതന്നു. രണ്ട് വര്‍ഷക്കാലം അദ്ദേഹം ചേന്ദമംഗല്ലൂരില്‍ അക്ഷരാര്‍ഥത്തില്‍ സേവനം ചെയ്ത കാലത്ത് പരേതരായ കെ. മൊയ്തു മൗലവി, എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി തുടങ്ങിയവരായിരുന്നു സഹാധ്യാപകര്‍. മദ്‌റസയുടെ സുവര്‍ണകാലവും അതു തന്നെ. മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയ ഞങ്ങള്‍ ഒന്നും രണ്ടും ബാച്ചുകള്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ തുടര്‍ പഠനത്തിന് ചേര്‍ന്നപ്പോള്‍ അവിടെയും റഹീം സാഹിബിനെ ഗുരുവായി കിട്ടിയത് മഹാ ഭാഗ്യമായി. കുമാരനാശാന്‍, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ തുടങ്ങിയവരുടെ കവിതകളും കുട്ടികൃഷ്ണ മാരാരുടെ 'മലയാള ശൈലി'യും ഡോ. ഭാസ്‌കരന്‍ നായരുടെ ശാസ്ത്ര സാഹിത്യ കൃതികളുമൊക്കെയായിരുന്നു മലയാള ഭാഷാഭ്യസനത്തിന് അദ്ദേഹം സെലക്ട് ചെയ്തു തന്നിരുന്നത്. അക്കാരണത്താല്‍ ഇന്നും ഓര്‍മയില്‍ തങ്ങുന്ന കാവ്യശകലങ്ങളും ഗദ്യപാഠങ്ങളും പ്രസ്തുത ഗ്രന്ഥങ്ങളില്‍ നിന്നുള്ളതാണ്. മധ്യകാല യൂറോപ്പിലെ ക്രൈസ്തവ രാജാക്കന്മാരും പുരോഹിത മേധാവികളും ഫലസ്ത്വീന്‍ പിടിച്ചെടുക്കാന്‍ നടത്തിയ 300 വര്‍ഷത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ നേര്‍ ചിത്രം, ശ്രമകരമായ റഫറന്‍സിലൂടെ റഹീം സാഹിബ് ക്രോഡീകരിച്ചു തയാറാക്കിയ നോട്‌സ് മദ്‌റസാ പഠനകാലത്തെ അവിസ്മരണീയമായ ഓര്‍മയാണ്. 'ഈസാ(അ)ക്ക് ശേഷം മുഹമ്മദ് നബി മാത്രമാണ് അറിയപ്പെട്ട ചരിത്രത്തിലെ രേഖപ്പെട്ട പ്രവാചകന്‍' എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ നോട്ട്‌സ് ഇന്നും അയവിറക്കാറുണ്ട് എന്റെ സതീര്‍ഥ്യന്‍ സി.കെ അബ്ദുല്ല ഫാറൂഖി. ഞങ്ങളുടെ അനാസ്ഥയും ദീര്‍ഘദൃഷ്ടിയില്ലായ്മയും കാരണമായി റഹീം സാഹിബിന്റെ കുരിശുയുദ്ധ നോട്ട്‌സ് നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ അത് തദ്വിഷയകമായി മലയാളത്തിലെ അമൂല്യ റഫറന്‍സ് ഗ്രന്ഥമായേനെ.

വിദ്യാര്‍ഥികളുടെ പഠന വിഷയങ്ങളില്‍ മാത്രമല്ല അദ്ദേഹം ശ്രദ്ധിച്ചത്. പൊതു വിജ്ഞാനവും വായനാ ശീലവും നന്നായി പരിപോഷിപ്പിക്കാന്‍ ഉതകിയ സാഹിത്യ സമാജങ്ങളും മോക് പാര്‍ലമന്റുകളും അദ്ദേഹം അതീവ താല്‍പര്യത്തോടെ കൃത്യമായി സംഘടിപ്പിച്ചു. കൈയെഴുത്തു മാസികകള്‍ക്ക് മതിയായ പ്രോത്സാഹനവും പിന്തുണയും നല്‍കി. ചേന്ദമംഗല്ലൂരില്‍ മദ്‌റസക്ക് പുറത്തുള്ള യുവാക്കളെ ലക്ഷ്യമാക്കി ഒരു ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിന് രൂപവും ജീവനും നല്‍കിയത് അദ്ദേഹമായിരുന്നു. ഒരുവേള അദ്ദേഹം സ്വയം പ്രസംഗിച്ചു ശീലിച്ചതും അതിലൂടെ തന്നെ. പഠനാര്‍ഹങ്ങളായിരുന്നു സവിശേഷ ശൈലിയിലുള്ള റഹീം സാഹിബിന്റെ പ്രസംഗങ്ങള്‍. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ടി.കെ അബ്ദുല്ല സാഹിബും റഹീം സാഹിബുമായിരുന്നു മുഖ്യ പ്രസംഗകര്‍. ടി.കെയുടെ പ്രസംഗം പതിവിന്‍പടി ഉജ്ജ്വലവും ആസ്വാദ്യവുമായിരുന്നപ്പോള്‍ റഹീം സാഹിബിന്റേത് അതേവരെ ഉറ്റ അയല്‍ക്കാരായിരുന്ന ഇന്ത്യയും ചൈനയും എന്തുകൊണ്ട് പരസ്പരം സായുധരായി ഏറ്റുമുട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. പ്രസംഗത്തേക്കാള്‍ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. ആര്‍.കെ കരിഞ്ചിയയുടെ ബ്ലിറ്റ്‌സ് (ബോംബെ), എടത്തട്ട നാരായണന്റെ ലിങ്ക് (ദല്‍ഹി), മലയാളത്തിലെ ഇടതുപക്ഷ ടാബ്ലോയ്ഡ് പ്രപഞ്ചം എന്നിവയിലൊക്കെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ഇടയ്ക്കിടെ രൂക്ഷ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അവയ്‌ക്കെല്ലാം റഹീം സാഹിബ് വസ്തുനിഷ്ഠമായ മറുപടി നല്‍കി. കൈയില്‍ ഏതെങ്കിലും ഒരു ആനുകാലിക പ്രസിദ്ധീകരണമില്ലാതെ റഹീം സാഹിബിനെ കാണുക അപൂര്‍വമാണ്. കെ.എം മുന്‍ഷിയുടെ ഭവന്‍സ് ജേര്‍ണലായിരുന്നു പതിവ് വായനാ വിഭവങ്ങളിലൊന്ന്. ഹൈന്ദവ ദാര്‍ശനിക ലേഖനങ്ങളായിരുന്നു ഭവന്‍സ് ജേര്‍ണലിന്റെ ഉള്ളടക്കത്തില്‍ മുഖ്യം. ഞങ്ങള്‍ മദ്‌റസ വിദ്യാര്‍ഥികളായിരുന്ന അമ്പതുകളില്‍ വായനാശീലം ഉത്തേജിപ്പിക്കാന്‍ മലയാള മനോരമ ആഴ്ചപ്പതിപ്പ് വാങ്ങി കൊണ്ടുവന്നു അദ്ദേഹം. ഞങ്ങളാകട്ടെ ചുരുങ്ങിയ കാലത്തിനകം അതിന്റെ അഡിക്ടുകളായി മാറുകയും ചെയ്തു. പ്രബോധനം പാക്ഷികത്തില്‍ ഹ്രസ്വകാലം പണിയെടുത്ത കാലത്ത് വൈജ്ഞാനിക-സാമൂഹിക രംഗങ്ങളില്‍ ഏറെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കെ എഴുപതുകളില്‍ കുവൈത്തില്‍ തൊഴില്‍ തേടിപ്പോയി.

മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതകാലത്ത് പണം വാരിക്കൂട്ടാന്‍ കഠിനാധ്വാനം ചെയ്ത അബ്ദുര്‍റഹീമിനെയല്ല കാണാനായത്. സാമാന്യ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ പെയിന്റിംഗും ഡ്രൈവിംഗും വരെ പരീക്ഷിച്ച ആ സ്ഥിരോത്സാഹി കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗത്ത് അനുജന്‍ കെ.എം രിയാലുവുമൊത്ത് മക്തബതുല്‍ യഖ്ദ എന്ന പേരില്‍ ബുക് സ്റ്റാള്‍ സ്ഥാപിക്കുന്നതോടെയാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നും മറ്റും വിതരണത്തിനെത്തുന്ന പത്രങ്ങളും ആനുകാലികങ്ങളുമായിരുന്നു ബുക്സ്റ്റാളിലെ മുഖ്യ വില്‍പന വസ്തുക്കള്‍. സഫാത്ത് പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ സ്ഥിതി ചെയ്തിരുന്ന യഖ്ദ ഇന്ത്യക്കാരുടെ ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു എന്ന് കുവൈത്ത് സന്ദര്‍ശിച്ചപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. വാരാന്ത ഒഴിവ് ദിവസത്തില്‍ പരസ്പരം പരിചയപ്പെടാനും സൗഹൃദം പങ്കിടാനും വിവരങ്ങള്‍ കൈമാറാനുമെത്തുന്ന സ്ത്രീ-പുരുഷന്മാര്‍ അത്താണിയായി കണ്ടു റഹീം സാഹിബിന്റെ സ്ഥാപന പരിസരത്തെ. തിരക്കേറിയ ജോലിക്കിടയിലും സാംസ്‌കാരിക, പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും നിര്‍ണായക പങ്ക് വഹിക്കാനും അദ്ദേഹം സമയം കണ്ടു. കുവൈത്ത് ജംഇയ്യത്തുല്‍ ഇസ്‌ലാഹിന്റെ ആജീവനാന്ത പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായിരുന്ന അബൂബദ്ര്‍ എന്ന അലി അബ്ദുല്ലാ അല്‍ മുതവ്വ, ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരി, സകാത്ത് ഹൗസിന്റെ ദീര്‍ഘകാല മേധാവി അബ്ദുല്‍ ഖാദര്‍ അല്‍ അജീന്‍, മതകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആദില്‍ ഫലാഹ്, ജനസേവന പ്രവര്‍ത്തനങ്ങളില്‍ നോബല്‍ സമ്മാനം ലഭിക്കേണ്ടിയിരുന്ന ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്ത് തുടങ്ങിയ മഹാ വ്യക്തികളുമായി ഹൃദയ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ പ്രയോജനം ഏറെ ലഭിച്ചത് ശാന്തപുരം, ചേന്ദമംഗല്ലൂര്‍, തിരൂര്‍ക്കാട്, ഓമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്കാണ്. പതിറ്റാണ്ടുകളോളം പരസേവനം ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തിയ അബ്ദുര്‍റഹീം ഒടുവില്‍ തന്റെ നാട്ടിലും ഒരു വനിതാ വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് തീരുമാനിച്ചതിന്റെ സാക്ഷാത്കാരമാണ് പെരിങ്ങാടി ദാറുല്‍ ഫലാഹ്. അതിനിടയില്‍ കേരളത്തിലെ ഇസ്‌ലാമിക സാമൂഹിക പ്രവര്‍ത്തനങ്ങളെയും അദ്ദേഹം മറക്കുകയോ അവഗണിക്കുകയോ ചെയ്തില്ല. 1987 ജൂണില്‍ പ്രസിദ്ധീകരണമാരംഭിച്ച മാധ്യമം പത്രം സ്ഥാപിച്ച ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റില്‍ അംഗമായിരുന്നു അദ്ദേഹം. അറുപതുകളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മജ്‌ലിസ് ശൂറയില്‍ അദ്ദേഹം അംഗമായിരുന്നല്ലോ. കുവൈത്ത് കേരള ഗ്രൂപ്പിന്റെ തലപ്പത്ത് രണ്ട് പതിറ്റാണ്ട് കാലം തുടര്‍ന്നു. മലയാളി സമാജത്തിന്റെയും, 20 മലയാളി സംഘടനകളുടെ പൊതുവേദിയായ യു.എം.ഒയുടെയും പ്രസിഡന്റായും അദ്ദേഹത്തെ  ജാതി മത ഭേദമന്യേ മലയാളികള്‍ തെരഞ്ഞെടുത്തു. കര്‍മനിരതമായ തന്റെ ജീവിതത്തിനിടയില്‍, പത്ര പ്രവര്‍ത്തന, പ്രസിദ്ധീകരണ രംഗങ്ങളില്‍ സജീവരായ ഞാനുള്‍പ്പെടെയുള്ള തന്റെ ശിഷ്യ ഗണങ്ങളെ ഗുണദോഷിക്കാനും തിരുത്താനും അദ്ദേഹം നേരം കണ്ടെത്തിയെന്നത് മറക്കാനാവാത്ത അനുഭവമാണ്. വ്യക്തിപരമായി, വിദ്യാരംഭം മുതല്‍ എനിക്ക് അദ്ദേഹം നല്‍കിയ വാത്സല്യവും മാര്‍ഗദര്‍ശനവും ശാസനകളും പ്രോത്സാഹനവും രോഗശയ്യയില്‍ കിടക്കുമ്പോഴും തുടര്‍ന്നു. അതിന് പത്തിലൊരംശം തിരിച്ചുകൊടുക്കാന്‍ കഴിയാതിരുന്ന ദൗര്‍ബല്യം എന്റെ സ്വകാര്യ ദുഃഖമാണ്. അനേകശ്ശതം ശിഷ്യരുടെയും സഹപ്രവര്‍ത്തകരുടെയും പ്രസ്ഥാന ബന്ധുക്കളുടെയും ഹൃദയപൂര്‍വമായ പ്രാര്‍ഥനകള്‍ മാത്രം മതി സമാദരണീയനായ ആചാര്യന്റെ പാരത്രിക മോക്ഷത്തിന് എന്ന് വിശ്വസിക്കുകയും ജഗന്നിയന്താവിനോട് അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

ഭാര്യ: പെരിങ്ങാടിയിലെ കച്ചേരി വളപ്പില്‍ സൈനബ. മക്കള്‍: ഡോ. അബ്ദുല്‍ ഫത്താഹ് (കുവൈത്ത്), അബ്ദുല്‍ ബാസിത്ത് (ഖത്തര്‍), തസ്‌നീം, തസീന, ഹിബ, പരേതയായ മുനീറ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍