Prabodhanm Weekly

Pages

Search

2016 ജനുവരി 15

യു.പി ഭരണം പിടിക്കാന്‍ വീണ്ടും വര്‍ഗീയ കാര്‍ഡ്

         അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും വര്‍ത്തമാനങ്ങള്‍ നിറഞ്ഞതായിരുന്നു പോയ വര്‍ഷത്തെ ഇന്ത്യ. ഈ അന്തരീക്ഷം മനഃപൂര്‍വം സൃഷ്ടിച്ചെടുത്തതാണെന്നും ഇന്ത്യയെ സാമുദായികമായി ധ്രുവീകരിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും പ്രതിപക്ഷവും ബുദ്ധിജീവികളും എഴുത്തുകാരും പ്രതികരിക്കുമ്പോള്‍, അവയെ കേവലം ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയാണ് സംഘ്പരിവാറും കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും. അങ്ങനെയല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അയോധ്യയില്‍ തകര്‍ക്കപ്പെട്ട മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാനെന്ന പേരില്‍ വിശ്വഹിന്ദു പരിഷത്ത് രണ്ട് ട്രക്ക് കല്ലിറക്കിയത്. രാജസ്ഥാനില്‍ നിന്നാണ് കല്ലുകള്‍ കൊണ്ട് വന്നിട്ടുള്ളത്. ഇങ്ങനെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ കൊണ്ടുവരുമെന്നും വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സംഘ്പരിവാര്‍ എറക്കുറെ പൂര്‍ണമായ മൗനത്തിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ പ്രശ്‌നം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാതിരിക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ശ്രമിച്ചത്. മുസഫര്‍ നഗറില്‍ കുത്തിപ്പൊക്കിയ കലാപം മതിയാവും യു.പിയില്‍ ജയിക്കാന്‍ എന്ന കണക്കുകൂട്ടലിലായിരുന്നു. കണക്കുകൂട്ടല്‍ തെറ്റിയില്ല. വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട യു.പിയില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ മിക്കതും ബി.ജെ.പി പിടിച്ചെടുത്തു.

മുസഫര്‍ നഗറും ദാദ്രിയും ഇപ്പോഴും നീറിനില്‍ക്കുന്നുണ്ടെങ്കിലും, 2017-ല്‍ നടക്കാന്‍ പോകുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ അവ മതിയാവില്ലെന്ന കണക്കുകൂട്ടലിലാണ് ഇപ്പോഴേ അയോധ്യയിലെ ക്ഷേത്ര നിര്‍മാണ വിഷയം കത്തിച്ച് നിര്‍ത്താന്‍ ബി.ജെ.പി തന്ത്രം മെനയുന്നത് എന്നു വേണം മനസ്സിലാക്കാന്‍. പതിവുപോലെ ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത് വിശ്വഹിന്ദു പരിഷത്തിനെ തന്നെ. മുമ്പത്തേക്കാള്‍ എത്രയോ അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന വ്യത്യാസവുമുണ്ട്. കേന്ദ്ര മന്ത്രിമാര്‍ വരെ 'അബദ്ധ'ത്തിലാണെങ്കിലും ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നു.

അയോധ്യ പ്രശ്‌നം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. സംസ്ഥാന സര്‍ക്കാറിന് ഇത് നിയമപരമായിത്തന്നെ നേരിടാം. എന്നാല്‍ ഇക്കാര്യത്തില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. അയോധ്യയിലെ റാംസേവക് പുരത്ത് വി.എച്ച്.പി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കല്ലുകള്‍ കൊണ്ടുവന്നിറക്കിയപ്പോള്‍ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ യാതൊന്നും ചെയ്തില്ല. മുന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ബാബരി മസ്ജിദ് വിഷയത്തില്‍ കാണിച്ച ഉദാസീനത തുടരുകയാണെന്നര്‍ഥം. മസ്ജിദില്‍ രഹസ്യമായി വിഗ്രഹം കൊണ്ട് വെച്ചതും ശിലാന്യാസം നടത്തിയതും ഒടുവില്‍ മസ്ജിദ് തകര്‍ക്കപ്പെട്ടതും സംസ്ഥാന സര്‍ക്കാറുകളുടെ പിടിപ്പുകേടു കൊണ്ട് കൂടിയാണ്. പല ഭാഗങ്ങളില്‍ നിന്ന് കൂട്ടം കൂട്ടമായെത്തിയ കര്‍സേവകരെ അയോധ്യയില്‍ കടക്കാന്‍ അനുവദിച്ചത് കൊണ്ടാണല്ലോ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇപ്പോഴിതാ കല്ലുകള്‍ കൊണ്ട് വന്നിറക്കാനും അനുവാദം കൊടുത്തിരിക്കുന്നു. സംഭവം വിവാദമായപ്പോള്‍ അഖിലേഷ് യാദവ് ഗവണ്‍മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നെ മിണ്ടാതിരുന്നു. യാതൊരു നടപടിയും ഇതെഴുതും വരെ സ്വീകരിച്ചിട്ടില്ല. 1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സര്‍ക്കാറിന്റെ ഉദാസീനതയെയും ഒളിച്ചുകളിയെയും ഓര്‍മിപ്പിക്കുന്നുണ്ട് ഇതെല്ലാം.

മുസഫര്‍ നഗര്‍ വര്‍ഗീയ കലാപം വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ആസൂത്രണം ചെയ്യപ്പെട്ടത് തന്നെയായിരുന്നു അത്. ഫാഷിസ്റ്റ് ശക്തികള്‍ക്ക് അത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. മുസ്‌ലിംകളുടെ സ്വത്തുവഹകള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. പലര്‍ക്കും നഗരം വിട്ട് പലായനം ചെയ്യേണ്ടിവന്നു. കലാപം താണ്ഡവമാടുമ്പോള്‍ ഒന്നും ചെയ്യാതിരുന്ന സംസ്ഥാന ഭരണകൂടം സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞപ്പോള്‍ മുസ്‌ലിംകളുടെ രക്ഷക വേഷം കെട്ടിയാടുന്നതാണ് പിന്നീട് കണ്ടത്. ഇത് സാമുദായിക ധ്രുവീകരണത്തെ ഒന്നുകൂടി ശക്തിപ്പെടുത്തി. സമാജ്‌വാദ് പാര്‍ട്ടിയുടെ ഇത്തരം അവസരവാദ നിലപാടുകളും മുസ്‌ലിംകള്‍ക്ക് തന്നെയാണ് ഒടുവില്‍ വിനയായത്. വര്‍ഗീയ ശക്തികളെ മാത്രമല്ല കാപട്യം മുഖമുദ്രയാക്കിയ ഇത്തരം രാഷ്ട്രീയക്കാരെയും പാഠം പഠിപ്പിക്കാനുള്ള അവസരമായി വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനെ യു.പിയിലെ മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. സര്‍ക്കാര്‍ കണക്ക് പ്രകാരം പത്തൊമ്പത് ശതമാനമാണ് യു.പിയിലെ മുസ്‌ലിംകള്‍. സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളില്‍ 53-ലും, 403 അസംബ്ലി മണ്ഡലങ്ങളില്‍ 312-ലും ഏറിയോ കുറഞ്ഞോ അളവില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കും. വര്‍ഗീയ രാഷ്ട്രീയത്തെയും അവസരവാദ രാഷ്ട്രീയത്തെയും തള്ളി പുതിയൊരു രാഷ്ട്രീയ സമവാക്യം എഴുതിച്ചേര്‍ക്കാന്‍ വരും തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സാധിച്ചാല്‍ ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്ന ഒന്നായി അത് മാറിക്കൂടായ്കയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍