Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

അതിജീവനത്തിന്റെ മരുഭൂമികള്‍

ബെന്യാമിന്‍ /ശഫീഖ് പരപ്പുമ്മല്‍

സമകാലിക മലയാള സാഹിത്യലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് ബെന്യാമിന്‍. ബഹ്റൈനില്‍ പ്രവാസിയായി കഴിയുന്ന ബെന്നി ഡാനിയല്‍ എന്ന ബെന്യാമിന്‍ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത ആടുജീവിതം പാഠപുസ്തകമായും ചലച്ചിത്രമായും ഉയരങ്ങള്‍ കീഴടക്കുകയാണ്. അബൂദബി മലയാളി സമാജം കഥാപുരസ്കാരം നേടിയ യൂത്തനേസിയ, പെണ്‍മാറാട്ടം എന്നീ കഥാ സമാഹാരങ്ങളും അബീശഗീര്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിലെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയ നോവലുകളുമടക്കം നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. 
ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം 'പ്രവാസം: ജീവിതത്തിന്റെ കരുതിവെപ്പിന്' എ.വൈ.എ കാമ്പയിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിന്തകള്‍ പ്രബോധനവുമായി പങ്കുവെച്ചു.

 ബെന്യാമിന്‍ എന്നു കേട്ടാല്‍ ഏതൊരാളുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് 'ആടുജീവിത'മാണ്. പ്രവാസ ജീവിതത്തിന്റെ തുറന്നെഴുത്തെന്ന പ്രശംസയും 'ആടുജീവിത'ങ്ങളുടെ കേട്ടെഴുത്തെന്ന വിമര്‍ശവും വായനക്കാരില്‍നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ താങ്കള്‍ രണ്ടും ഒരുപോലെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹകീമിന്റെ മരണവും നജീബിന്റെ ചില ജീവിത സന്ദര്‍ഭങ്ങളും ഭാവനയില്‍ സൃഷ്ടിച്ചെടുത്ത താങ്കള്‍ യഥാര്‍ഥ അനുഭവങ്ങളില്‍ മായം ചേര്‍ത്തുവെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ചിലരുയര്‍ത്താറുണ്ട്.
ആടുജീവിതം ഒരു ജീവചരിത്രമല്ല എന്ന് നാം മനസ്സിലാക്കണം. നജീബ് എന്ന യാഥാര്‍ഥ്യവും ബെന്യാമിന്റെ ഭാവനയും ചേര്‍ന്നാണ് ആടുജീവിതം എന്ന നോവല്‍ രൂപപ്പെട്ടത്. നോവലില്‍ നജീബ് ഒരു കഥാപാത്രമാണ്; അതുപോലെ മറ്റുള്ളവരും. യഥാര്‍ഥ നജീബ് എങ്ങനെ ജീവിച്ചു എന്നതിനപ്പുറത്ത് ആയിരക്കണക്കിന് നജീബുമാര്‍ മസറകളില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ പൊതുകാഴ്ചപ്പാടില്‍ നിന്നാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. രണ്ടാമത് ഹകീം എന്ന വ്യക്തി മരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ല. മരുഭൂമികളില്‍ മരിച്ചുപോയ ഒരുപാട് ഹകീമുമാര്‍ ഉണ്ട്. അവരെ ഓര്‍മിക്കാതെ ഈ നോവല്‍ അവസാനിപ്പിക്കുകയെന്നത് അവരോടു ചെയ്യുന്ന അപരാധമാണ്. അതിനാല്‍ കഥയിലെ ഹകീം അവിടെ മരിക്കുക തന്നെ വേണം. ഒന്നു കൂടി വ്യക്തമാക്കിയാല്‍, മരുഭൂമിയെ അതിജീവിച്ച ഒരു നജീബിന്റെ മാത്രം കഥയല്ല ആടുജീവിതം; അവിടെ പരാജയപ്പെട്ടുപോയ അനേകം ഹകീമുമാരുടെ കഥ കൂടിയാണ്. അതുകൊണ്ടുതന്നെ ഇത്തരം വിമര്‍ശനങ്ങള്‍ കേവലം എളിയ വായനയില്‍നിന്നുണ്ടാവുന്നത് മാത്രമാണെന്ന് ഞാന്‍ കരുതുന്നു.
 
 സ്വന്തം സിനിമകള്‍ പലതും തനിക്ക് കണ്ടുതീര്‍ക്കാന്‍ കഴിയാറില്ലെന്ന്  പ്രശസ്ത ചലച്ചിത്രകാരന്‍ ലോഹിതദാസ് പറഞ്ഞതായി കേട്ടിട്ടുണ്ട്. 'ആടുജീവിത'ത്തിന്റെ വായനാനുഭവം താങ്കളെ എത്രമാത്രം അസ്വസ്ഥപ്പെടുത്താറുണ്ട്?
ഒരു കൃതി രചിക്കുമ്പോള്‍ രചയിതാവ് കഥാപാത്രങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്ന്, അവരുടെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങളാക്കി അവരോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. ആടുജീവിതത്തില്‍ ഞാനും ഇതേപോലെ നജീബിനും ഹകീമിനുമൊപ്പം മസറകളില്‍ ജീവിച്ചിട്ടുണ്ട്. ഹകീമെന്ന കഥാപാത്രം മരിക്കുമ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു രാത്രി എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഹകീം മരിക്കരുതെന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ, ഞാന്‍ മുമ്പ് പറഞ്ഞ പോലെ മരിച്ചുപോയ ഹകീമുമാരെ മറന്നുകൊണ്ടൊരു എഴുത്തും എനിക്ക് സാധ്യമായിരുന്നില്ല. ഏതു രചനയിലും അവയുടെ പിന്നീടുള്ള വായനയിലും അതതു കഥാപാത്രങ്ങളുടെ തമാശകള്‍ ആസ്വദിച്ചും ദുഃഖങ്ങള്‍ പങ്കുവെച്ചും അവരുമായി ഞാന്‍ താദാത്മ്യം പ്രാപിക്കാറുണ്ട്. ഇങ്ങനെയല്ലാതെ കഥാപാത്രങ്ങളില്‍നിന്ന് മാറിനിന്ന് നോവല്‍ രചിച്ചാല്‍ ആ അകല്‍ച്ച വായനക്കാരന്നും എളുപ്പം അനുഭവവേദ്യമാകും.
 
 ഈ നോവല്‍ വഴി പ്രശസ്തനായ നജീബിനെ അടുത്തറിയാന്‍ വായനക്കാര്‍  താല്‍പര്യമെടുത്തുകാണുമല്ലോ. ആടുജീവിതം നയിച്ച നജീബിന്റെ ജീവിതത്തെ നോവല്‍ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?
നോവല്‍ ഇറങ്ങിയപ്പോള്‍ നജീബിനെ കാണാനും സംസാരിക്കാനും താല്‍പര്യമെടുത്ത് പലരും എന്നെ സമീപിച്ചിരുന്നു. ചെറിയ സഹായങ്ങള്‍ ചിലരില്‍നിന്ന് ലഭിച്ചു എന്നതൊഴിച്ചാല്‍ അവനെ ഒരു കൌതുക വസ്തുവാക്കി മാറ്റാനായിരുന്നു അധികപേര്‍ക്കും താല്‍പര്യം. സഹായിക്കപ്പെടാന്‍ യോഗ്യതയുള്ള അവനെ മിക്ക ആളുകളും അവഗണിച്ചു എന്നതാണ് സത്യം.
 
 ഗള്‍ഫുകാരനെ പ്രവാസി എന്ന് വിളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന്  ബെന്യാമിന്‍ പറഞ്ഞിട്ടുണ്ട്. വിശദീകരിക്കാമോ?
പ്രവാസം എന്ന് പറയുന്ന അവസ്ഥ ശരിക്കും തിരസ്കരിക്കപ്പെട്ടവന്റെ വിലാപവും വീടില്ലാത്തവന്റെ കണ്ണീരും കുടിയിറക്കപ്പെട്ടവന്റെ വേദനയുമൊക്കെയാണ്. അങ്ങനെ യഥാര്‍ഥ പ്രവാസം അനുഭവിക്കുന്ന അനേകായിരങ്ങള്‍ ലോകത്ത് ജീവിക്കുമ്പോള്‍, ധനസമ്പാദനത്തിന് ഗള്‍ഫിലേക്ക് കുടിയേറിയ 'സാമ്പത്തിക കുടിയേറ്റക്കാരായ' നമ്മെ നമ്മള്‍ തന്നെ പ്രവാസികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കരുത് എന്നാണ് എന്റെ നിലപാട്. തിരിച്ചുചെല്ലാന്‍ ഒരു ഭൂമിയും സാമൂഹിക സാഹചര്യങ്ങളും നമുക്കുണ്ട്. ഇതൊന്നുമില്ലാത്ത അരക്ഷിതരായ ജനതയെയാണ് പ്രവാസികള്‍ എന്ന് വിളിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.
 
 ഗള്‍ഫ് പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ 'പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പിന്' എന്ന കാമ്പയിന്‍ ഈയിടെ നടത്തിയിരുന്നു. ഗള്‍ഫ് ജീവിതം കരുതിവെക്കാനാകാതെ പോകുന്നവര്‍ക്ക് കാമ്പയിന്‍ പുനര്‍വിചിന്തനത്തിനു അവസരമൊരുക്കി.
നിങ്ങളുടെ കാമ്പയിനുകള്‍ തികച്ചും കാലികപ്രസക്തവും അര്‍ഥപൂര്‍ണവുമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഗള്‍ഫുകാരന്‍ ജീവിതത്തെ എങ്ങനെ കരുപ്പിടിപ്പിക്കണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണകളും സൂചനകളും ഓരോ കാമ്പയിനിലൂടെയും നിങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്നുണ്ട്. കരുതിവെപ്പുകള്‍ തീരെ കുറഞ്ഞുപോകുന്ന ഒരു സമൂഹമാണ് ഗള്‍ഫുകാര്‍. ദിനം ദിനം ജീവിതം കഴിഞ്ഞുപോവുന്നു എന്നതിനപ്പുറം എന്ത് ബാക്കിവെച്ചു എന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരുടെയും മറുപടി നാളെ വീണ്ടും ഇവിടേക്ക് തിരിച്ചുവന്നേ പറ്റൂ എന്നാവും. അങ്ങനെയൊരു സമൂഹത്തിനു മുമ്പില്‍ കരുതിവെപ്പിന്റെ സാമ്പത്തികശാസ്ത്രമടക്കം പകര്‍ന്നുനല്‍കാനുള്ള ശ്രമങ്ങള്‍ തികച്ചും ശ്ളാഘനീയമാണ്, ഇനിയും തുടരേണ്ടതുമാണ്. ഗള്‍ഫ് ജീവിതം ചോദ്യചിഹ്നമായി മാറിയ വര്‍ത്തമാനകാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
 
 സാമ്പത്തിക കരുതിവെപ്പുകള്‍ക്കപ്പുറം പ്രവാസിക്ക് സ്വന്തത്തെ നിര്‍വചിക്കാന്‍ അവസരമൊരുക്കുക കൂടിയായിരുന്നു കാമ്പയിന്റെ ലക്ഷ്യം. ഗള്‍ഫുകാരനെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്  രൂപവത്കരിക്കുന്നതില്‍ പ്രവാസിയുടെ പങ്കും ഒപ്പം അവരെ കുറിച്ചുള്ള കേരളീയ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടും ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്.
ഗള്‍ഫ് മലയാളിയെ കേരള സമൂഹം വല്ലാതെ ചൂഷണം ചെയ്യുന്നുണ്ട്. അവന്റെ എല്ലാ ഊര്‍ജവും ഊറ്റിയെടുത്ത ശേഷം വലിച്ചെറിയുന്ന പ്രവണതയാണ് നാട്ടില്‍ നാം കാണുന്നത്. അവനെ പുനരധിവസിപ്പിക്കാനോ  അവിചാരിതമായ തിരിച്ചുചെല്ലലില്‍ സാന്ത്വനിപ്പിക്കാനോ അവന് ആവശ്യമായ സ്നേഹം കൊടുക്കാനോ മലയാളി മടികാണിക്കുന്നുണ്ട്. അവന്‍ കേവലം കറവപ്പശുവായി മാറുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് മലയാളി പൊതുസമൂഹം തിരുത്തേണ്ടതുണ്ട്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ചോര നീരാക്കി ഒന്നുമില്ലാതെ മടങ്ങിവരുന്നവര്‍ക്ക് അര്‍ഹമായ ജീവിതസാഹചര്യമൊരുക്കാനുള്ള പദ്ധതികള്‍ക്ക് സാമൂഹിക സംഘടനകളും മതസംഘടനകളും രൂപം നല്‍കേണ്ടതുണ്ട്.
 
 മിക്ക പ്രവാസികളും നാട്ടില്‍ നടക്കുന്ന ജനകീയ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും പുഛത്തോടെയാണ് പൊതുവെ കാണാറുള്ളത്. താങ്കളുടെ പ്രതികരണം?
ഗള്‍ഫ് മലയാളികള്‍ കേരള പൊതുസമൂഹത്തിന്റെ ഭാഗം തന്നെയാണ്. നാട്ടില്‍ നടക്കുന്ന സമരങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി മനസ്സിലാക്കാന്‍ ഒരുപക്ഷേ അവര്‍ക്ക് കഴിയുന്നുണ്ടാവില്ല. ഗള്‍ഫുകാരന്റെ സേവനമനസ്സിനെ, കാരുണ്യത്തെ, സഹാനുഭൂതിയെ മുതലെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ  സാമൂഹിക-സേവന സംഘടനകളും കേരളത്തില്‍ ധാരാളമുണ്ട്. അവരില്‍ പലരും ഇവിടെ നിന്ന് പണം പിരിച്ചുകൊണ്ടുപോയി ചെലവഴിക്കുന്ന ഇടങ്ങളെ കുറിച്ച് നാം പലപ്പോഴും അറിയാറില്ല. ആ പണമൊക്കെ എത്തേണ്ടിടത്ത് എത്തിക്കാനുള്ള വഴികളും നമുക്കില്ല. ഈയൊരവസ്ഥയില്‍, എവിടെയാണോ ആവശ്യങ്ങളുള്ളത് അവിടങ്ങളില്‍ സഹായങ്ങളെത്തിക്കാന്‍ നിങ്ങളുടേതു പോലുള്ള സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്. നാം ചെലവഴിക്കുന്ന പണം കൃത്യമായി എത്തേണ്ടിടത്ത് എത്തുന്നുണ്ട് എന്ന് നമുക്ക് ബോധ്യം വരേണ്ടതുണ്ട്.

 ഇത്തരം സംഘടനകളില്‍ വ്യതിരക്തമായ സംഘടനയാണ് സോളിഡാരിറ്റി. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ കൈവിട്ട മേഖലകളില്‍ സ്തുത്യര്‍ഹമായ പോരാട്ട-സേവനപ്രവര്‍ത്തനങ്ങളുമായി ജനപക്ഷത്തുനിന്ന് അവര്‍ മുന്നോട്ടു പോവുമ്പോള്‍ അനാവശ്യ വിവാദങ്ങളുയര്‍ത്തി അവരെ ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെ ഏതു രീതിയില്‍ നോക്കിക്കാണുന്നു?
മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഇടങ്ങളില്‍ പുതുമുഖങ്ങള്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ അജണ്ടകളുണ്ടാവും. അവ പൊളിക്കപ്പെടുന്നു എന്ന് തോന്നുമ്പോള്‍, അവരുടെ നീക്കങ്ങളിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ കള്ളങ്ങളുമായി അവര്‍ ജനങ്ങളിലേക്ക് ഇറങ്ങും. ഇപ്പോള്‍ ലോകത്തിന്റെ തന്നെ പൊതു അവസ്ഥ, ജനങ്ങള്‍ അവരുടെ സമരങ്ങള്‍ സ്വയം ഏറ്റെടുക്കുകയും അവര്‍ക്ക് സഹായം എത്തിക്കുന്നതിന് മുഖ്യധാരക്ക് പുറത്തുള്ള സംഘടനകള്‍ എത്തുകയും ചെയ്യുന്നു എന്നതാണ്. മുഖ്യധാരാ പാര്‍ട്ടികളോടും അവരുടെ പ്രവര്‍ത്തങ്ങളോടുമുള്ള എതിര്‍പ്പ് ജനങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

 അപ്പോള്‍ അവര്‍ നിലനില്‍പ്പിനു വേണ്ടി പുതിയ കള്ളങ്ങള്‍ അവതരിപ്പിക്കുന്നു എന്നത് സ്വാഭാവികമാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കുക എന്നത് സാഹിത്യകാരന്മാരുടെ കൂടി ഉത്തരവാദിത്വമാണ്. മലീമസമായ നമ്മുടെ രാഷ്ട്രീയ പരിസരങ്ങളുടെ ശുദ്ധീകരണത്തിന് ധാര്‍മിക ബോധമുള്ളവരുടെ ഇടപെടലുകള്‍ എത്രമാത്രം ഉപകാരപ്പെടും?
കേരളീയ സമൂഹത്തിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവോ ആത്മീയ ആചാര്യനോ ഒരു വ്യക്തിത്വമോ പോലും ഇല്ല എന്നതാണ് സത്യം. ആരാലാണ് നാം വഞ്ചിക്കപ്പെടാന്‍ പോകുന്നതെന്ന ഭയമാണ് ഓരോ മലയാളിയെയും വേട്ടയാടുന്നത്. ഇന്ന് വാഴ്ത്തപ്പെടുന്നവന്‍ നാളെ കള്ളനായോ കപടനായോ ആണ് പുറത്തുവരുന്നത്. എല്ലാറ്റിനെയും സംശയത്തോടെ നോക്കിക്കാണുന്ന അവസ്ഥയില്‍ സമൂഹം എത്തപ്പെട്ടിരിക്കുന്നു എന്ന് സാരം. ഇവടെ വേണ്ടത്, കപടമായ മത ഉണര്‍വുകളല്ല, മറിച്ച് യഥാര്‍ഥ ആത്മീയ ഉണര്‍വാണ്.

 ബെന്യാമിന്റെ ആത്മീയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാമോ?
എന്റെ ആത്മീയത പ്രപഞ്ചശക്തിയിലുള്ള വിശ്വാസമാണ്. മത ആത്മീയതയെ ഞാന്‍ അധികം പിന്‍പറ്റുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്രപഞ്ചത്തിന്റെ ഒരു നിയന്താവിനെയും ആ ശക്തി മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും ഞാന്‍ വിശ്വാസമായി കൊണ്ടുനടക്കുന്നു. എന്നെ മനുഷ്യനായി ജീവിക്കാന്‍, അന്യരോട് സഹാനുഭൂതി തോന്നാന്‍ പ്രേരിപ്പിക്കുന്ന  ഒരു ആത്മീയതയുണ്ട്. ആ ആത്മീയതയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ തന്നെ ഒരു അദൃശ്യമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. മരണത്തിന്റെ വക്കില്‍നിന്ന് എന്നെ രക്ഷിച്ചതും എഴുത്തുകാരനല്ലാത്ത എന്നെ സാഹിത്യകാരനാക്കിയതും ആ അദൃശ്യ ഇടപെടല്‍ തന്നെയായിരിക്കണം.

 സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ പുതുതലമുറ തയാറാവുന്നുണ്ട്. എന്നാല്‍ അരാഷ്ട്രീയതയുടെ വളര്‍ച്ചയാവും ഇതിന്റെ അനന്തര ഫലമെന്ന മറുവാദവുമുണ്ട്.
ഗള്‍ഫ്നാടുകളിലെ മലയാളികളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ പൊതുസമൂഹം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വളരെ പിന്നിലാണ്. പക്ഷേ, വരുംകാലത്ത് നമ്മുടെ നാട്ടിലും ഇതൊക്കെ വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുമ്പോള്‍ ഒരു പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവരും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ തന്നെ ചില രാഷ്ട്രീയ കക്ഷികള്‍ ഇന്റര്‍നെറ്റ് ലോകത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരാന്‍പോകുന്ന മാറ്റം അരാഷ്ട്രീയത ആയിരിക്കില്ല. അല്ലെങ്കിലും പുതിയ രാഷ്ട്രീയ ഉണര്‍വിലേക്കുള്ള ഒരു കാലഘട്ടത്തെ അരാഷ്ട്രീയത എന്നു വിളിക്കരുത്. ഫേസ്ബുക്ക് ഉപയോഗിച്ച് ആശയപ്രചാരണം നടത്തിയവരോടുള്ള നിലപാട് ഇതുവരെ നിങ്ങളുടേത് അരാഷ്ട്രീയതയാണ്, അതുകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല എന്നായിരുന്നു. പക്ഷേ, ഈജിപ്ത് ഇതിനെയെല്ലാം അപ്രസക്തമാക്കിയില്ലേ? പഴയ രാഷ്ട്രീയ സങ്കല്‍പങ്ങള്‍ മനസ്സില്‍ വെച്ച് പഴയ രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്ന ഒരു ആരോപണമായേ ഇതിനെ ഞാന്‍ കാണുന്നുള്ളൂ.

 ഗള്‍ഫില്‍ പഠിച്ചു വളരുന്ന തലമുറ രാഷ്ട്രീയ  പൊതുബോധത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലല്ലേ?
നാട്ടിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വളരുന്ന കുട്ടികള്‍, പൊതുബോധമോ സാമാന്യ ബോധമോ തീരെയില്ലാത്തവരാണെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.  നാട്ടിലെ പൊതുഘടകങ്ങളില്‍നിന്ന് ആര്‍ജിക്കേണ്ട ജ്ഞാനം ലഭിക്കാന്‍ അവര്‍ക്ക് സാഹചര്യമില്ല. ഫ്ളാറ്റുകള്‍ക്കുള്ളില്‍ വളരുന്ന ഒരു കുട്ടിയുടെ അറിവിന്റെ മേഖല വളരെ ചെറുതാണ്. നാളെ നാട്ടിലേക്ക് തിരിച്ചു ചെന്നാല്‍ അവന്‍ മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയാണ്. പൊതുപരീക്ഷയില്‍ പോലും അവന്‍ പുറന്തള്ളപ്പെട്ടേക്കാം. നാട്ടിലെ പല സ്കൂളുകളും ഗള്‍ഫിലെ കുട്ടിയെ വേണ്ട എന്നു പറയുന്നിടത്ത് കാര്യങ്ങളെത്തിയിരിക്കുന്നു. അവിടെയുള്ള കുട്ടികളുടെ നിലവാരത്തിലേക്ക് ഇവര്‍ എത്തുന്നില്ല എന്നതുതന്നെ കാരണം. ഇത്തരമൊരു അവസ്ഥയില്‍ ഈ കുട്ടികളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധ്യാപകരോ രക്ഷിതാക്കളോ മാത്രം വിചാരിച്ചാല്‍ മതിയാവില്ല. അവിടെ സാമൂഹിക സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണ്. അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പൊതുബോധവും ആന്തരിക കഴിവുകളും വളര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തങ്ങള്‍ സംഘടനകള്‍ക്ക് നടത്താന്‍ പറ്റും.

 ഗള്‍ഫ് സ്കൂളുകളുടെ പഠന നിലവാരത്തെ എങ്ങനെ കാണുന്നു?
ഖേദകരമെന്നു പറയട്ടെ, പരിജ്ഞാനം കുറഞ്ഞ അധ്യാപകര്‍ കാരണം ഇന്ത്യന്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ നിലവാരം തീരെ കുറവാണ്. ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന അധ്യാപകരില്‍ പലരും വീട്ടമ്മമാരായി ഇവിടെയെത്തിയവരാണ്. ലേബര്‍ക്ക് കിട്ടുന്ന ശമ്പളം പോലും ലഭിക്കാത്ത വിഭാഗമായി അധ്യാപകര്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവും പ്രാപ്തിയുമുള്ളവര്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ മടി കാണിക്കുന്നു. ഗള്‍ഫിലെ സ്ഥാപനങ്ങള്‍ നാട്ടില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ പോലും അറിയുന്നില്ല എന്നതാണ് വസ്തുത. ഒരു ചടങ്ങ് പോലെ പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങുന്നതിനപ്പുറത്ത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും മറ്റും സ്കൂളുകളുടെ ശ്രദ്ധ വളരെ കുറവാണെന്നാണ് അനുഭവം. രക്ഷിതാക്കളുടെ ജീവിത സാഹചര്യം കാരണമോ മറ്റോ കുട്ടിയുടെ പഠന കാര്യങ്ങളില്‍ ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടാവുന്നില്ല. പഠന സൌകര്യങ്ങള്‍ക്ക് അനുസൃതമായ വിദ്യാഭ്യാസം വിദ്യാര്‍ഥിക്ക് ലഭിക്കാന്‍, മികച്ച ശമ്പളം നല്‍കി കഴിവുള്ള അധ്യാപകരെ നിയമിക്കാനും നിലവിലുള്ള അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും ബന്ധപ്പെട്ടവര്‍ തയാറാവണം. മറ്റു രാജ്യങ്ങളിലെ സംസ്കാരങ്ങളെ അടുത്തറിയാന്‍ അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള അറിവും  നല്‍കാന്‍ നാം ശ്രദ്ധിക്കണം. അങ്ങനെ വളരുന്ന ഒരു തലമുറക്ക് മാത്രമേ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം