Prabodhanm Weekly

Pages

Search

2016 ജനുവരി 08

ആലുവായിലെ ഇസ്‌ലാമിക നവോത്ഥാനം വിട്ടുപോയ ചില കാര്യങ്ങള്‍

പി.ഐ അബ്ദുല്‍ ഹമീദ്, ആലുവ

ആലുവായിലെ ഇസ്‌ലാമിക നവോത്ഥാനം വിട്ടുപോയ ചില കാര്യങ്ങള്‍

പ്രബോധനം വാരികയിലെ 'ആലുവായിലെ ഇസ്‌ലാമിക നവോത്ഥാന ചൈതന്യം' എന്ന തലക്കെട്ടില്‍ (ലക്കം 2930) റഷാദ് ആലുവ എഴുതിയ ലേഖനം വായിച്ചു. ലേഖനത്തില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ആലുവാ ടൗണ്‍ ജുമുഅ മസ്ജിദിന്റെ പഴയ കെട്ടിടവും ലേഖനത്തില്‍ കൊടുത്തിരിക്കുന്ന ചിത്രവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. എന്റെ പിതാമഹനായ മര്‍ഹൂം മക്കാര്‍ സാഹിബും പിതാവായ മൂസ്സാ ഇബ്‌റാഹീമും തുടര്‍ന്ന് ഞാനും ഈ പള്ളിയില്‍ കാലങ്ങളായി കാര്യകര്‍ത്താക്കളായിരുന്നു. കൂടാതെ ഈ പള്ളിയോടനുബന്ധിച്ച മദ്‌റസയിലാണ് ഞാനും എന്റെ സഹോദരങ്ങളും ബന്ധുക്കളുമെല്ലാം മതപഠനം നടത്തിയത്. ഞങ്ങള്‍ ഒന്നും കാണാത്ത ഒരു കെട്ടിടമാണ് ആലുവാ ടൗണ്‍ പഴയ പള്ളി എന്ന സ്ഥാനത്ത് വാരികയില്‍ പ്രസിദ്ധീകരിച്ചത്. 1966-ലാണ് ഈ പള്ളി പുതുക്കിപ്പണിത് ഇപ്പോഴത്തെ രൂപത്തിലാക്കിയത്. കൊല്ല വര്‍ഷം ആയിരമാണ്ടില്‍ സ്ഥാപിച്ച പഴയ പള്ളി ഇരുനില കെട്ടിടമായിരുന്നു.

1950-ന് മുമ്പ് ആലുവായില്‍ (ടൗണില്‍) രണ്ട് പള്ളികള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് മഹല്ല് പള്ളിയായ ആലുവാ ടൗണ്‍ ജുമാ മസ്ജിദും മറ്റേത് ആലുവായുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന (വടക്കേത്താഴം) സേട്ടു പള്ളിയും. സേട്ടു പള്ളിയില്‍ ഇപ്പോള്‍ ജുമുഅ നമസ്‌കാരം ഉണ്ടെങ്കിലും നേരത്തെ നമസ്‌കാരപ്പള്ളി മാത്രമായിരുന്നു. ഏകദേശം 110 വര്‍ഷം മുമ്പാണ് ഈ പള്ളി പണി കഴിപ്പിച്ചത്. ഈ പള്ളി സ്ഥാപിക്കുന്ന കാലത്ത് ഇതിന് പിറകുവശത്തുള്ള അമ്പലം (ശ്രീകൃഷ്ണ ക്ഷേത്രം) ഉണ്ടായിരുന്നില്ല. തല്‍സ്ഥാനത്ത് അന്ന് അഞ്ചു മുറികള്‍ ഉള്ള ഒരു സത്രവും ഒരു പ്രൈമറി സ്‌കൂളും ആയിരുന്നു. തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ സുഖവാസ വസതിയായ ആലുവാ കൊട്ടാരത്തില്‍ വരുന്ന രാജകുടുംബത്തിന് തൊഴാനും മറ്റുമായി ഒരു ക്ഷേത്രം ആവശ്യമായി വന്നപ്പോഴാണ് ഗവണ്‍മെന്റ് സ്ഥലത്തെ സത്രവും സ്‌കൂളും മാറ്റി അവിടെ അമ്പലം പണിത് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയത്. പിന്നീട് 1950-ല്‍ പ്രശ്‌നം വെച്ചതില്‍ പ്രതിഷ്ഠ ശരിയാംവണ്ണം അല്ലാത്തതുകൊണ്ട് പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു. എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആനകളില്‍ ചിലത് അവിടെ ചരിഞ്ഞതുകൊണ്ടാണ് പുനഃപ്രതിഷ്ഠ വേണ്ടിവന്നത്.

ഈ അമ്പലത്തിന്റെ കവാടത്തില്‍ ആണ് എന്റെ പൂര്‍വികര്‍ക്ക് കച്ചവടം ഉണ്ടായിരുന്നത്. അമ്പല കവാടത്തിന്റെ വലതു വശം കാണുന്ന കെട്ടിടം 1980 വരെ ഞങ്ങളുടെ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. ആലുവാ മുനിസിപ്പാലിറ്റിയില്‍ സഖാവ് പി.ഡി പത്മനാഭന്‍ ചെയര്‍മാനായി വന്ന കാലത്താണ് ഈ അമ്പലത്തിലേക്കുള്ള വഴിയുടെ കവാടത്തില്‍ ഒരു ഗോപുരം പണിതീര്‍ത്തത്. അമ്പലം വരുന്നതിന് മുമ്പുള്ള സേട്ടു പള്ളി പന്നീട് 2008-ലാണ് പുനര്‍നിര്‍മാണം നടത്തിയത്. ഈ 'പള്ളി+ അമ്പല' കവാടത്തിനു സമീപത്താണ് ഞാന്‍ താമസിക്കുന്ന വീടും തറവാടും സ്ഥിതി ചെയ്യുന്നത്.

കൂടാതെ ആലുവായെ പറ്റി പറയുമ്പോള്‍ ആലുവാ ടൗണിനെ അവഗണിച്ചുകൊണ്ടും ആലുവായുടെ പരിസരത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുമുള്ള ലേഖകന്റെ അവതരണം ശരിയായില്ല. എറണാകുളത്തെപ്പറ്റി പറയുമ്പോള്‍ എറണാകുളം ടൗണിനെ അവഗണിച്ചുകൊണ്ട് തൃക്കാക്കരക്കും കളമശ്ശേരിക്കും പ്രാധാന്യം കൊടുക്കുന്നത് പോലെയാണിത്.

ആലുവായില്‍ മുക്കത്ത്, പാരിലകത്തൂട്ട്, ഞറളക്കാട്ട്, ആലുമഠത്തില്‍, കുന്നുംപുറത്ത്, തോട്ടത്തിപ്പറമ്പില്‍, ആലുംഗപ്പറമ്പില്‍, കൊല്ലം പറമ്പില്‍, പരിയാരത്ത്, പാലക്കാപറമ്പില്‍ പോലുള്ള ടൗണിലെ മുസ്‌ലിം കുടുംബങ്ങളെ അവഗണിച്ചുകൊണ്ടാണ് പ്രാന്ത പ്രദേശത്തുള്ള മറ്റു കുടുംബങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതുപോലെ ദിവംഗതരായ സാമൂഹിക പ്രവര്‍ത്തകര്‍ മക്കാര്‍ സാഹിബ്, അഹമ്മുണ്ണി സാഹിബ്, കുഞ്ഞുമരയ്ക്കാര്‍ മാസ്റ്റര്‍, ലോഡി സാഹിബ്, മൂസ്സാ ഇബ്‌റാഹീം, എം.എ ഇബ്‌റാഹീം കുട്ടി, എം.എ നൂറുദ്ദീന്‍, കൊച്ചാജി, ബീരാന്‍ ഹാജി പോലുള്ള ആലുവായുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരെ അവഗണിച്ചുകൊണ്ടുള്ള ഒരു ആലുവായെ വിഭാവന ചെയ്യാന്‍ കൂടി സാധിക്കുകയില്ല. ഇവരെപ്പറ്റിയും ഇവരുടെ പ്രവര്‍ത്തന മേഖലയെ പറ്റിയും ആരും തന്നെ രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് അവരെല്ലാം അവഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായിരിക്കാം.

പി.ഐ അബ്ദുല്‍ ഹമീദ്, ആലുവ

'പ്രവാചകന്‍ ഭര്‍ത്താവ് എന്ന നിലയില്‍'

പ്രബോധനം ലക്കം 2931-ല്‍ പ്രസിദ്ധീകരിച്ച 'പ്രവാചകന്‍ ഭര്‍ത്താവ് എന്ന നിലയില്‍' എന്ന ഫൗസിയ ഷംസിന്റെ ലേഖനം ഏറെ പഠനാര്‍ഹമായി. സമൂഹത്തിലെ പല റോളുകളിലും ഹീറോ ചമയുന്നവര്‍ കുടുംബത്തില്‍ തികച്ചും സീറോ ആകുന്ന കാഴ്ച വിരളമല്ല. അതില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു പ്രവാചകന്‍ (സ) എന്ന് ഉദാഹരണ സഹിതം  സമര്‍ഥിക്കാന്‍ ലേഖികക്ക് സാധിച്ചു. അതാണ് ഓരോ വ്യക്തിയും അനുധാവനം ചെയ്യേണ്ടതെന്നും ലേഖനം ശക്തമായി ഉണര്‍ത്തുകയുണ്ടായി. 

ഭര്‍ത്താവിനെ സംബന്ധിച്ചേടത്തോളം എല്ലാമെല്ലാമാണ് ഭാര്യ. ഒരു മനുഷ്യന് ഇഹലോകത്ത് ലഭിക്കുന്ന ഏറ്റവും വിശിഷ്ടമായ സമ്മാനം സദ്‌വൃത്തയായ ഇണയാണ്. ഭാര്യമാരോട് ഏറ്റവും മാന്യമായും സൗമ്യമായും ഏറെ പരിഗണനയോടെയുമാണ് പ്രവാചകന്‍ (സ) പെരുമാറിയിരുന്നത്. അവരുടെ മനസ്സിന്റെ തരളിതമായ ചാഞ്ചാട്ടങ്ങള്‍ പോലും കണക്കിലെടുത്ത് അങ്ങേയറ്റത്തെ ക്ഷമയോടെയും സഹനത്തോടെയും പ്രവാചകന്‍ (സ) അവരെ സമീപിച്ചു. ഒരിക്കലും അവരെ വെറുക്കുകയോ കൈവെടിയുകയോ അകാരണമായി അവരില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്തില്ല. ആഇശ(റ) പറയുന്നു: ''ഋതുമതിയായിരിക്കെ ഞാന്‍ കുടിക്കുകയും ആ പാത്രം പ്രവാചകന് കുടിക്കാന്‍ നല്‍കുകയും ചെയ്യും. ഞാന്‍ എവിടെ ചുണ്ടുകള്‍ വെച്ചോ അവിടെത്തന്നെ പ്രവാചകനും ചുണ്ടുകള്‍ വെച്ച് അത് കുടിക്കും. ഋതുമതിയായിരിക്കെ ഞാന്‍ ഒരെല്ലെടുത്ത് അതിലെ മാംസം കടിച്ചെടുത്തു കഴിക്കും. എന്നിട്ട് അത് പ്രവാചകന് നല്‍കും. ഞാന്‍ കടിച്ചിടത്തുതന്നെ അദ്ദേഹവും കടിക്കും'' (മുസ്‌ലിം).

പടിഞ്ഞാറന്‍ ദര്‍ശനങ്ങളും ഓറിയന്റലിസ്റ്റുകളും സ്ത്രീപക്ഷവാദികളും പ്രചരിപ്പിച്ചുവരുന്നതിനു നേര്‍വിപരീതമായിരുന്നു പ്രവാചക ജീവിതം. സ്ത്രീത്വത്തെ അവിടുത്തെ ജീവിതത്തിലൊരിക്കലും അവമതിക്കുകയോ അനാദരിക്കുകയോ ചെയ്തിട്ടില്ല. തന്റെ ഇണകളോട് എത്രമാത്രം കുലീനമായാണ് അവിടുന്ന് പെരുമാറിയതെന്ന് ആഇശ (റ) തന്നെ വിവരിക്കുന്നു: ''നബി തന്റെ ഭാര്യമാരിലൊരുവളെ ചുംബിക്കുകയും എന്നിട്ടു വുദൂ പുതുക്കാതെ നമസ്‌കരിക്കാന്‍ പോവുകയും ചെയ്തു'' (അബുദാവൂദ്, തിര്‍മിദി).

സ്ത്രീയെ ഒരിക്കലും മ്ലേച്ഛയായി കണ്ടിരുന്നില്ല നബി(സ).  അവരെ ആര്‍ത്തവ വേളയില്‍ പോലും കിടപ്പറയില്‍ നിന്ന് അകറ്റി നിര്‍ത്തിയതുമില്ല. ഭാര്യമാരോടുള്ള അവിടുത്തെ സ്‌നേഹം നബി(സ) മറച്ചുവെച്ചില്ല. അംറുബ്‌നുല്‍ ആസ്വ് ഒരിക്കല്‍ നബിക്ക് കൂടുതല്‍ ഇഷ്ടമുള്ള വ്യക്തി ആരെന്ന് ചോദിച്ചു. ആഇശയാണെന്നായിരുന്നു ഉത്തരം (ബുഖാരി, മുസ്‌ലിം). ഭാര്യയെ അടിമയോ ഉപകരണമോ ആയല്ല ഉറ്റ സുഹൃത്തായാണ് നബി(സ) പരിഗണിച്ചിരുന്നതെന്ന് വ്യക്തം. ആഇശ(റ) വിവരിക്കുന്നു: ''നബിയും ഞാനും ഒരേ പാത്രത്തില്‍ നിന്നു വെള്ളമെടുത്തു കുളിക്കുമായിരുന്നു'' (ബുഖാരി). പത്‌നിമാര്‍ക്കു സന്തോഷം പകരാന്‍ കിട്ടിയ ഒരവസരവും നബി(സ) പാഴാക്കുമായിരുന്നില്ല. മാന്യമായ വിനോദങ്ങളില്‍ പോലും അവരെ പങ്കാളികളാക്കിയിരുന്നു.

ഹജ്ജത്തുല്‍ വിദാഇല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്നപ്പോള്‍ തന്റെ മുമ്പില്‍ ഹാജരായ ഒരു ലക്ഷം ഹാജിമാരെ നബി(സ) ഉണര്‍ത്തി: ''അറിയുക, സ്ത്രീകളോട് നന്നായി വര്‍ത്തിക്കുക. അറിയുവിന്‍, സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക'' (മുസ്‌ലിം, തിര്‍മിദി).

ഒരു ദിവസം പ്രവാചക പത്‌നിമാരുടെ ചുറ്റും ഒരുകൂട്ടം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെപ്പറ്റി പരാതി പറയാനെത്തി. ഇതറിഞ്ഞപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റുനിന്ന് ഇങ്ങനെ പ്രസംഗിച്ചു: ''തങ്ങളുടെ ഭര്‍ത്താക്കന്മാരെപ്പറ്റി പരാതിപ്പെട്ടു ധാരാളം സ്ത്രീകള്‍ എന്റെ വീട്ടുകാരെ സമീപിച്ചിരിക്കുന്നു. നിങ്ങളില്‍ നല്ലവരല്ല അത്തരം ഭര്‍ത്താക്കന്മാര്‍'' (അബുദാവൂദ്). അവിടുന്ന് പറഞ്ഞു: ''നിങ്ങളില്‍ നല്ലവര്‍ കുടുംബത്തോട് നന്നായി വര്‍ത്തിക്കുന്നവരാണ്. ഞാന്‍ എന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവനാണ്'' (തിര്‍മിദി).

ഹാരിസ്.എം.ടി, തിരുവേഗപ്പുറ

മുഹമ്മദ് നബിയുടെ മാതൃകാ ജീവിത ചിത്രങ്ങള്‍

രു ഗ്രാമീണന്‍ വിശ്വാസികള്‍ വിശുദ്ധമായി പരിഗണിക്കുന്ന പള്ളിയില്‍ മൂത്രമൊഴിച്ചപ്പോള്‍ നബി(സ)യുടെ പ്രതികരണം എന്തായിരുന്നുവെന്ന് വരച്ചു കാട്ടുന്നതായിരുന്നു 'നബിയുടെ മാതൃകാ ജീവിത ചിത്രങ്ങള്‍' (ലക്കം 2931). ആ സദസ്സില്‍ നബി(സ) ഇല്ലായിരുന്നുവെങ്കില്‍ ആ സ്വഹാബികള്‍ ആ മനുഷ്യനെ എന്തു ചെയ്യാനാണ് മുതിരുക? പക്ഷേ, പ്രവാചകന്‍ അടക്കിനിര്‍ത്തിയത്  ആ ഗ്രാമീണന്റെ പ്രവൃത്തിക്ക് തടസ്സമുണ്ടാക്കാതെ, തന്റെ അനുയായികളുടെ രോഷപ്രതികരണത്തെ തടുത്തുനിര്‍ത്തുകയായിരുന്നു പ്രവാചകന്‍. ഇതിലപ്പുറം വലിയൊരു മാതൃക മനുഷ്യന് ആരില്‍ നിന്ന് ലഭിക്കാനാണ്! മുഹമ്മദ് നബിക്ക് തുല്യം മുഹമ്മദ് നബി മാത്രം.

ഫൈസല്‍ കാസര്‍കോട്

നുഷ്യ ജീവിതത്തെ സമ്പൂര്‍ണമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ജീവിതത്തിലൂടെ. ആത്മീയ രംഗത്ത് മാത്രമല്ല സാമൂഹിക, രാഷ്ട്രീയ, വ്യാപാര മേഖലകളിലെല്ലാം അദ്ദേഹം മാതൃക കാണിച്ചു. കുടുംബനാഥനും ഭര്‍ത്താവിനുമെല്ലാം അദ്ദേഹത്തില്‍ മാതൃകയുണ്ട്. നബി(സ)യുടെ വ്യത്യസ്ത രംഗങ്ങളിലെ മാതൃകകളെ പരിചയപ്പെടുത്തിയ പ്രബോധനം (ലക്കം 2931) ലേഖനങ്ങള്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായിരുന്നു.

ബിലാല്‍ ഇബ്‌നു അബ്ദില്ല അല്‍ജാമിഅ ശാന്തപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍