Prabodhanm Weekly

Pages

Search

2011 ഒക്‌ടോബര്‍ 15

യമന്‍ പണ്ഡിത സഭക്കെതിരെ ശൈഖ് ഖറദാവി


യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ നിഷിദ്ധമെന്ന് ഫത്വ ഇറക്കിയ യമന്‍ പണ്ഡിതസഭക്കെതിരെ ശൈഖ് യൂസുഫുല്‍ ഖറദാവി. ജനപക്ഷത്ത് നില്‍ക്കുന്ന, ഭരണാധികാരികളെ അവരുടെ സമഗ്രാധിപത്യ സ്വഭാവങ്ങളില്‍നിന്ന് മോചിപ്പിച്ചെടുക്കുന്ന വിപ്ളവ കര്‍മശാസ്ത്രത്തിന്റെ മുന്നില്‍  ഭരണാധികാരികളുടെ നെറികേടുകളെയും അക്രമങ്ങളെയും ന്യായീകരിച്ച് അവര്‍ക്ക് ഓശാന പാടുന്ന ജീര്‍ണ കര്‍മശാസ്ത്ര വിധികള്‍ നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. "സത്യവിശ്വാസികളേ, അല്ലാഹുവെയും പ്രവാചകനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും നിങ്ങള്‍ അനുസരിക്കുക'' എന്ന ഖുര്‍ആനിക വചനത്തെ അനവസരത്തില്‍ ഉപയോഗിക്കുന്നതിന്റെ ന്യായത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അല്ലാഹുവെയും തിരുദൂതരെയും അനുസരിക്കുകയും അല്ലാഹുവിന്റെ ശരീഅത്ത് നടപ്പിലാക്കുകയും ചെയ്യുമെന്ന് ജനങ്ങളോട് പ്രതിജ്ഞ വാങ്ങിയ ഭരണാധികാരിയെയാണ് അവര്‍ക്കനുസരിക്കാന്‍ ബാധ്യതയുള്ളത്.
ഏഴ് മാസത്തിലെറെയായി, പതിനേഴിലേറെ പ്രവിശ്യകളില്‍ പ്രസിഡന്റ് അധികാരം വിട്ടൊഴിയണമെന്ന ജനങ്ങളുടെ മുറവിളിക്ക് ചെവികൊടുക്കാന്‍ അദ്ദേഹം ഇനിയും സന്നദ്ധനായിട്ടില്ല. ജനങ്ങളുടെ ആവശ്യം തിരസ്കരിച്ചുകൊണ്ട് ഒരു ഭരണാധികാരിക്ക് എങ്ങനെ പിടിച്ചുനില്‍ക്കാനാകും? ഭരണാധികാരിയെ വധിക്കാന്‍ സായുധ നീക്കം നടത്തുന്നതാണ് ഭരണാധികാരിക്കെതിരെയുള്ള നിഷിദ്ധമായ നീക്കം. ഇതവിടെ സംഭവിച്ചിട്ടുമില്ല. എന്നല്ല നിരായുധരായ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയും അവരുടെ സമാധാനപരമായ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ നേതൃത്വം നല്‍കുകയാണ് പ്രസിഡന്റ് ചെയ്തത്. 33 വര്‍ഷക്കാലമായി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന യമന്‍ പ്രസിഡന്റിനെ പ്രതിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഇക്കാലയളവില്‍ അദ്ദേഹം നടത്തിയ അധികാര ദുര്‍വിനിയോഗത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സമാധാന പൂര്‍ണമായി സമരപരിപാടികള്‍ നടത്തുന്നതിനുള്ള ഭരണഘടനാപരമായ ജനങ്ങളുടെ അവകാശത്തെ സൌകര്യപൂര്‍വം വിസ്മരിക്കുകയാണിവരെന്നും ഖറദാവി പറഞ്ഞു.


തുനീഷ്യയില്‍ ഇസ്ലാം പുനര്‍ജീവിക്കുന്നു
അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെട്ട സൈനുദ്ദീന്‍ ബിന്‍ അലിക്ക് ശേഷം ഇസ്ലാമിന്റെ പുതുയുഗപ്പിറവിക്ക് കാതോര്‍ക്കുകയാണ് തുനീഷ്യക്കാര്‍. പള്ളികളില്‍ യഥേഷ്ടം ജമാഅത്ത് നമസ്കാരങ്ങള്‍ നിര്‍വഹിക്കാനും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഇസ്ലാമിക വസ്ത്ര ധാരണം സ്വീകരിക്കാനും ഇപ്പോള്‍ സ്വാതന്ത്യ്രമുണ്ട്. വിദ്യാര്‍ഥിനികളെ ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ക്ക് അവസരം നിഷേധിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂനിവേഴ്സിറ്റി കാമ്പസുകളില്‍ അവര്‍ക്ക് താമസം വിലക്കുക തുടങ്ങി ഹിജാബിനെതിരെ ശക്തമായ നീക്കങ്ങളാണ് ബിന്‍ അലിയുടെ കാലത്ത് അരങ്ങേറിയിരുന്നത്. ഇത്തരം നിയമങ്ങളെ പുതിയ വിപ്ളവ ഭരണകൂടം റദ്ദ് ചെയ്തിരിക്കുന്നു.
തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഹിജാബ് ധരിച്ച ഫോട്ടോ പതിക്കുന്നതിനുള്ള വിലക്കും ആഭ്യന്തര മന്ത്രാലയം നീക്കി. ഒക്ടോബര്‍ 23 ന് തുനീഷ്യന്‍ ദേശീയ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 218 അംഗങ്ങളുള്ള അസംബ്ളിയാണ് രാജ്യത്ത് പുതിയ ഭരണഘടനക്ക് രൂപം നല്‍കുക. കെയര്‍ടേക്കര്‍ ഭരണത്തിന്റെ ഗതിനിര്‍ണയിക്കുന്നതും പൊതുജനങ്ങള്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം സംബന്ധിച്ച തീരുമാനമെടുക്കുന്നതും അസംബ്ളിയിലെ അംഗങ്ങളായിരിക്കും. 27 മണ്ഡലങ്ങളിലായി 10937 സ്ഥാനാര്‍ഥികളാണ് ദേശീയ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. 111 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇപ്പോള്‍ തുനീഷ്യയില്‍ പ്രവര്‍ത്തിക്കുന്നത്. 
കെ.കെ.എ അസീസ്

 

അസദ് യുഗത്തിന്റെ അന്ത്യം സമയത്തിന്റെ മാത്രം പ്രശ്നം
സിറിയയില്‍ അസദ് കുടുംബത്തിന്റെ ഭരണം അവസാനിക്കുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് അമേരിക്ക വ്യക്തമാക്കി. പ്രതിപക്ഷ ചേരികളുടെ ഐക്യം ഈ നീക്കത്തിന് ആക്കം കൂട്ടുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയക്കകത്തും പുറത്തുമുള്ള വിവിധ പ്രതിപക്ഷ വിഭാഗങ്ങളുടെ യോഗം തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടതായും ഭരണമാറ്റത്തിന്റെ ഒരുക്കത്തിന് ദേശീയ സഭ രൂപവത്കരിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സിറിയയിലെ പ്രശ്നപരിഹാരത്തിന് വിദേശ ഇടപെടല്‍ അനിവാര്യമായി വരുമെന്നും എന്നാല്‍ അധിനിവേശമോ സായുധ ഇടപെടലോ അല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും ഇഖ്വാനുല്‍ മുസ്ലിമൂന്‍ മേധാവി എഞ്ചിനീയര്‍ മുഹമ്മദ് റിയാദ് ശഖഫ പറഞ്ഞു. ഐക്യരാഷ്ട്രസഭ കരാറിലെ ഏഴാം ഖണ്ഡിക അനുസരിച്ചുള്ള ഇടപെടലാണ് വിദേശ അധിനിവേശത്തെ എതിര്‍ക്കുന്ന സിറിയക്കാര്‍ അനുകൂലിക്കുന്നതെന്ന് ശഖഫ കൂട്ടിച്ചേര്‍ത്തു. വ്യോമ ഉപരോധം, സാമ്പത്തിക ഉപരോധം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കണം അത്.
സിറിയന്‍ ദേശീയ സഭയുടെ അടുത്ത യോഗം ഉടന്‍ ചേരുമെന്നും അത് തുര്‍ക്കിക്ക് പുറത്തുവെച്ചായിരിക്കുമെന്നും പ്രമുഖ ചിന്തകനായ ബുര്‍ഹാന്‍ ഗല്‍യൂന്‍ പറഞ്ഞു. 29 അംഗ ദേശീയ സഭക്കാണ് കഴിഞ്ഞ ദിവസം രൂപം നല്‍കിയിട്ടുള്ളത്. തലവന്‍ ആരെന്ന് നിര്‍ണയിച്ചിട്ടില്ലെങ്കിലും വിവിധ പാര്‍ട്ടികള്‍ക്കുള്ള പ്രാതിനിധ്യം തീരുമാനമായിട്ടുണ്ട്. വിവിധ ദേശീയ കമ്മിറ്റികള്‍ക്ക് ആറ്, ഇഖ്വാനുല്‍ മുസ്ലിമൂന് അഞ്ച്, ദമസ്കസ് സംഘത്തിന് നാല്, ബുര്‍ഹാന്‍ ഗല്‍യൂന്റെ നേതൃത്വത്തിലുള്ള ലിബറല്‍ കക്ഷിക്കും കുര്‍ദുകള്‍ക്കും നാല് വീതം, ക്രിസ്ത്യന്‍ വിഭാഗത്തിന് ഒന്ന്, സ്വതന്ത്രര്‍ക്ക് അഞ്ച് എന്നിങ്ങനെയാണ് ദേശീയ സഭയിലെ പ്രാതിനിധ്യം.


അല്‍ജസീറ തുര്‍ക്കി ഭാഷയില്‍
സംപ്രേഷണം ആരംഭിക്കും
പ്രമുഖ അറബ് ചാനലായ അല്‍ജസീറ അതിന്റെ തുര്‍ക്കി സംപ്രേഷണം അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് സ്ഥാനം ഒഴിഞ്ഞ മേധാവി വദ്ദാഹ് ഖന്‍ഫര്‍ വ്യക്തമാക്കി. അറബ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖന്‍ഫര്‍ ഇക്കാര്യം സൂചിപ്പിച്ചത്. വിവിധ വിദേശ ഭാഷകളില്‍ സംപ്രേഷണം ആരംഭിക്കാന്‍ അല്‍ജസീറക്ക് പദ്ധതിയുണ്ട്. അതില്‍ ആദ്യമായി ആരംഭിക്കുന്നത് തുര്‍ക്കി ഭാഷയിലായിരിക്കും. താമസിയാതെ ബല്‍ഖാന്‍ ഭാഷകളിലും അല്‍ജസീറ സംപ്രേഷണം തുടങ്ങും.
എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം താന്‍ സ്ഥാനമൊഴിഞ്ഞതില്‍ ഒരു തരത്തിലുള്ള ബാഹ്യസമ്മര്‍ദവുമില്ലെന്ന് വദ്ദാഹ് പറഞ്ഞു. ചാനലിന് സല്‍പേരുണ്ടാക്കിയതോടൊപ്പം നിരവധി പ്രേക്ഷകരെയും ഉണ്ടാക്കിക്കൊടുത്തുകൊണ്ടാണ് വിരമിക്കുന്നത് എന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിക്കിലീക്സ് പുറത്തുവിടലോ ഇഖ്വാന്‍ ബന്ധമോ രാജിക്ക് കാരണമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സദ്ദാമിനോടുള്ള സാദൃശ്യം
മുഹമ്മദ് ബിഷ്റിന് വിനയാകുന്നു
സദ്ദാം ഹുസൈനോടുള്ള രൂപ സാദൃശ്യം ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള മുഹമ്മദ് ബിഷ്റിന് വിനയാകുന്നു. സദ്ദാമിനെക്കുറിച്ച വ്യാജ ഡോക്യുമെന്ററികള്‍ നിര്‍മിക്കാന്‍ ഈജിപ്തിന് പുറത്തുള്ള പലരും, പ്രത്യേകിച്ച് ഇറാഖില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടുന്നതാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. നേരത്തെ ഒരു ചിത്രത്തില്‍ സദ്ദാമിന്റെ വേഷമിട്ടത് ബിഷ്റിന് കൂടുതല്‍ പ്രശസ്തി ലഭിക്കാനും കാരണമായി. എന്നാല്‍, സദ്ദാമിനെ മോശമായി ചിത്രീകരിക്കുന്ന അശ്ളീല ചിത്രങ്ങള്‍ നിര്‍മിക്കാനാണ് പിന്നീട് പലരും അദ്ദേഹത്തെ സമീപിച്ചത്. അതിന് വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും മുഹമ്മദ് ബിഷ്ര്‍ പറഞ്ഞു. പിതാവിന്റെ ജീവന്‍ അപകടത്തിലാണെന്ന് മകന്‍ മഹ്മൂദ് കോടതില്‍ പരാതിപ്പെട്ടിട്ടുണ്ട്. സദ്ദാമിനോടുള്ള സാമ്യം ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് താന്‍ താടി വളര്‍ത്തിയത്. എന്നാല്‍ സദ്ദാം ഒളിവില്‍ നിന്ന് പുറത്തുവന്നപ്പോള്‍ താടിക്കാരനായി പ്രത്യക്ഷപ്പെട്ടത് തനിക്ക് കൂടുതല്‍ വിനയായെന്ന് മുഹമ്മദ് ബിഷ്ര്‍ പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം